January 3, 2008
കരിമലകയറ്റം കഠിനമെന്റയ്യപ്പാ...
ടി വി സീരിയലുകള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇപ്പഴും കണ്ണു നിറയുന്നവരുണ്ട്. അത്രയ്ക്ക് കരച്ചിലാണവയ്ക്കകത്ത്. കരയിക്കുന്നതിനുള്ള കലാപരതയില്‍ അസാമാന്യവൈദഗ്ധ്യം നേടിയവരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍. വെറുതെ കരയിക്കുകയല്ല, അടക്കിപ്പിടിച്ച് വീര്‍പ്പുമുട്ടിച്ചങ്ങനെ നിര്‍ത്തും, അടുത്ത 24 മണിക്കൂര്‍. വേദി കുടുംബസദസ്സുകളായതു കൊണ്ട്, അതാണ് അനുയോജ്യമായ മാര്‍ഗം എന്ന് ഗവേഷണം നടത്താതെ കണ്ടു പിടിച്ച മഹാമനീഷികളാണ് സംഗതികള്‍ പത്തും നൂറും എപ്പിസോഡുകളില്‍ നിര്‍ത്താതെ നീട്ടിക്കൊണ്ടു പോയത്. പ്രേതസീരിയലുകളുടെ അയ്യാം കളിയായിരുന്നു ഒരിടയ്ക്ക്. ക്രൈം, വാസ്തവാന്വേഷണം, കറുപ്പും വെളുപ്പും എന്നൊക്കെ പറഞ്ഞ് തെളിഞ്ഞതും തെളിയാത്തതുമായ കൊലപാതങ്ങള്‍ക്കും കാണാതെപോക്കുകള്‍ക്കുമിടയില്‍ ആര്‍ത്തനാദം പോലെ ടി വി ചാനലകള്‍ പായുന്നതായിരുന്നു പിന്നത്തെ കാഴ്ച. ചിലതിന്റെയൊക്കെ ഹാങ്‌ഓവര്‍ മാസങ്ങള്‍ നീളും. കള്ളിയങ്കാട്ടു നീലി കണ്ണുതുറുപ്പിച്ച് ലേസര്‍ രശ്മി പായിക്കുന്നുണ്ട് സൂര്യയില്‍. പഴയതിന്റെ തുടര്‍ച്ചയാണ്. ഒന്നും അങ്ങനെയങ്ങ് പാടേ മാഞ്ഞുപോകില്ല ചെല്ലപ്പന്‍ പിള്ളേ..
അടുത്തകാലത്തായി എന്താണെന്നറിയില്ല, കരച്ചിലു സീരിയലുകള്‍ സമയം ഇത്തിരി നേരത്തെയാക്കി നടു നിവര്‍ക്കുന്നുണ്ട്. രാത്രി സ്പെഷ്യല്‍ കൂട്ടു രസായനമാണ്. ഭക്തി ! എട്ടുകഴിഞ്ഞാല്‍ ശ്രീകൃഷ്ണലീല, സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍, അയ്യപ്പനും വാവരും, മുണ്ഡകോപനിഷത്ത്, സമ്പൂര്‍ണ്ണഗീതാജ്ഞാനയജ്ഞം, ആഴ്ചതോറും വേളാങ്കണ്ണി മാതാവ്. ചിട്ടപ്പടി പ്രഭാതത്തിലെ ഭക്തിഗാന,പ്രഭാഷണ പരമ്പരകള്‍ക്കു പുറമേയാണിവ. സ്വാമി അയ്യപ്പന്‍ കഴിഞ്ഞ മണ്ഡലക്കാലത്തു തുടങ്ങിയ സീരിയലാണ്. രണ്ടരമണിക്കൂറില്‍ കഷ്ടി പണ്ടു സുബ്രഹ്മണ്യം പാട്ടും നൃത്തവും കിടുപിടിയും എല്ലാം ചേര്‍ത്ത് പറഞ്ഞു വച്ച സാധനം ഇപ്പോള്‍ അരമണിക്കൂര്‍ വീതം ദിവസവും ഒരാണ്ട് തികച്ചിട്ടും അടുത്തൊന്നും തീരുന്ന ലക്ഷണം കാണുന്നില്ല. ഇത്രമാത്രം പറയാന്‍ നമുക്ക് അയ്യപ്പനെപ്പറ്റി എന്താണ് അറിയാവുന്നത്? ഒന്നുമില്ല. സത്യത്തില്‍ ആരാണ് അയ്യപ്പന്‍ എന്നു കൂടി അറിയില്ല. പുരാണത്തിലോ ഇതിഹാസത്തിലോ എവിടെയാണ് ഈ ദൈവത്തിന്റെ സ്ഥാനമെന്നും. എങ്കിലും ഏറ്റവും നടവരവുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. കോടികളാണ് ദര്‍ശനത്തിനെത്തുന്നത്. കോടികളാണ് ഭണ്ഡാരത്തില്‍ വീഴുന്നത്. ജലപാനമില്ലാതെ 20 മണിക്കൂറുകള്‍ കാത്തും പതിനെട്ടാം പടി ലക്ഷങ്ങള്‍ കാത്തുനില്‍ക്കുന്ന ഇടം. ആരുടെ ശുഷ്കാന്തിയോ? രാഷ്ട്രീയം ആവുംവിധം കൈത്താങ്ങ് നല്‍കുന്നതു കൊണ്ട് കാര്യങ്ങള്‍ മുറപോലെ തകരാറു പിടിച്ചമട്ടില്‍ അവിടെ നടന്നുപോകുന്നുണ്ട്. ജനത്തിന്റെ സഹനശക്തിയുടെ മീറ്ററായി ഭക്തി പലതലങ്ങളില്‍, പല രൂപങ്ങളില്‍.
അതിലൊന്നായി കാണാം ഈ അയ്യപ്പന്‍ സീരിയലിനെയും. ഇടക്കാലത്തു വന്ന ‘കായകുളം കൊച്ചുണ്ണി’ എന്ന ജനപ്രിയ തുടരന്‍ നിരവധി സമകാലികപ്രശ്നങ്ങളെ സ്വാംശീകരിച്ച് അന്ന് നടന്നതെന്ന മട്ടില്‍ അവതരിപ്പിച്ചിരുന്നു. മതസൌഹാര്‍ദ്ദമാണ് അവയില്‍ മുഖ്യം. വാമൊഴിവഴക്കങ്ങളിലുണ്ടായിരുന്ന കഥകള്‍, പ്രാദേശിക, സാംസ്കാരിക, മതഭേദങ്ങളെ റദ്ദുചെയ്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടു, അതില്‍. എല്ലാം കൂടി കൂട്ടിക്കുഴച്ച് മറ്റൊരു വിഭവം. ചരിത്ര-ഐതിഹ്യ സീരിയലുകളുടെ പൊതുസ്വഭാവം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. സ്വാമി അയ്യപ്പന്‍ അക്കാര്യത്തില്‍ ഒരപവാദമല്ല. സമകാലികപ്രശ്നങ്ങളെയും ‘അയ്യപ്പന്‍‘ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അവകാശപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അല്ലാതെന്തു ചെയ്യും. ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന മേഖല. ഒരു ഭാഗവും വ്യക്തമല്ല. മഹാഭാരതകാലത്തെ, ഗുപ്തകാലത്തിലേയ്ക്കിറക്കി നിര്‍ത്തി മഹാഭാരതത്തെ പുതിയ ദൃശ്യാനുഭവമാക്കിയ ശ്യാം ബനഗലിന്റെയോ എന്തിന് ‘കാഞ്ചനസീത’ നിര്‍മ്മിച്ച അരവിന്ദന്റെയോ മേധാശക്തി ഉണ്ണിത്താനില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ അയ്യപ്പസ്വാമിപോലും പൊറുക്കാത്ത തെറ്റാവും അത്. എന്തിന്, ജനങ്ങള്‍ക്ക് വിശ്വാസമാണ് പ്രധാനം യുക്തിയല്ല. (കഥ കാണാനല്ല, അതിന്റെ അവസാനം എഴുതിക്കാണിക്കുന്ന സന്ദേശം കാണാനാണ് ജനം ടി വിയ്ക്കുമുന്നില്‍ ഭയഭക്തി ബഹുമാനങ്ങളോടെ ഇരിക്കുന്നതെന്ന് ഒരു മതപ്രഭാഷണത്തില്‍ കേട്ടു. എങ്ങനെ ജീവിക്കണം എന്നുപദേശിക്കുകയാണ് ദിവ്യപുരുഷന്മാരുടെ കഥകള്‍. അതിലാണ് ശ്രദ്ധ നല്‍കേണ്ടത്. അല്ലാതെ നടന്‍ ഇട്ടിരിക്കുന്നമാതിരി ഒരു ഷാള്‍ പന്തളം രാജകുമാരന്മാര്‍ ഇട്ടിരുന്നോ എന്നു തിരക്കുന്നതിലല്ല) വലിയ ചരുവത്തില്‍ കര്‍പൂരമിട്ട് കത്തിച്ച് ഉയര്‍ത്തിക്കാണിക്കുന്നതാണ് മകരവിളക്കെന്ന് യുക്തിവാദികള്‍ എത്രപ്രാവശ്യം ആണയിട്ടിട്ടെന്ത്? ആളുകളെ ചവിട്ടിക്കൊന്നിട്ടായാലും വേണ്ടില്ല, വിളക്കു കണ്ട് നാലു ശരണം വിളിക്കുന്നതിന്റെ തൃപ്തി, സാക്ഷാല്‍ ദൈവം തന്നെ മുന്നില്‍ വന്നു നിന്ന് തോണ്ടി വിളിച്ചിട്ട് ചിരിച്ചു കാണിച്ചാല്‍ പോലുമുണ്ടാവൂല.
ഒരിക്കല്‍ നോക്കുമ്പോള്‍, വിഷ്ണു പറഞ്ഞിട്ട് നാരദന്‍, അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു പാടുകയാണ്. സുന്ദരസംസ്കൃതം. എഴുതിയത് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാക്ഷാത് ശങ്കരാചാര്യര്‍. ശങ്കരാചാര്യര്‍ക്കു ശേഷമാണ് പന്തളം രാജാവും ഹരിഹരസുതനുമൊക്കെ ജീവിച്ചിരുന്നത്. ശരി. അപ്പോള്‍ വിഷ്ണുവോ? വൈകുണ്ഠത്തില്‍ ഇപ്പോള്‍ ശങ്കരാചാര്യര്‍ കൃതികളാണോ പതിവ്? മറ്റൊരു സീരിയലില്‍ ജ്ഞാനപ്പാന എന്നും പറഞ്ഞ് പൂന്താനം പാടിയത് കൃഷ്ണഗാഥയായി പോയത് ഇടയ്ക്ക് ഒരു വിവാദമാവാന്‍ നോക്കിയെങ്കിലും എങ്ങും എത്തിയില്ല ! ചരിത്രവും ഐതിഹ്യവും ആത്മീയതയും വൈദികജ്ഞാനവുമെല്ലാം ഇവിടെക്കിടന്ന് ചക്ക കുഴയുന്നതുപോലെ കുഴയുകയാണ്. വ്യക്തതയ്ക്കുവേണ്ടി ആരോടു ചോദിക്കാന്‍?
വെള്ളിയൂരും മധുരയിലുമായി രണ്ടായി പിരിഞ്ഞ് ഭരണം നടത്തിയിരുന്ന പാണ്ഡ്യരാജകുടുംബത്തില്‍ ചെന്നുപറ്റിയ തേജസ്വിയായ മലയാളി യുവാവായിരുന്നു അയ്യപ്പന്‍. കൊട്ടാരം ഉപജാപകസംഘം രാജ്ഞിയെ കൂട്ടുപിടിച്ച് അദ്ദേഹത്തെ പുറത്താക്കി. കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്ന അയ്യപ്പനെ, കണ്ട ഒരു സ്വപ്നത്തെ ആധാരമാക്കി പന്തളം രാജാവ് കൂട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കുകയായിരുന്നു. വളരെ പ്രചാരമുണ്ടായിരുന്ന ഈ കഥയ്ക്ക് ഇന്നു വന്നിരിക്കുന്ന പരിണാമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന്റെ മറ്റൊരു പരിണതി, അയ്യപ്പന് ശാസ്താവായിമാറിയെന്നതാണ്. ഭാഗവതത്തിലും സ്കന്ദപുരാണത്തിലുമുള്ള ശാസ്താവിന് ഭാര്യമാര്‍ രണ്ടുപേരാണ്, പൂര്‍ണ്ണയും പുഷ്കലയും. ഒരു മകനുമുണ്ട്, സത്യകന്‍. ക്ഷേത്രങ്ങളിലെ ചുമര്‍ചിത്രങ്ങളില്‍ ശാസ്താവ് ധാരാളമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അയ്യപ്പനുമായി ലയിച്ചുച്ചേര്‍ന്ന മറ്റൊരു ദിവ്യപുരുഷന്‍ വേട്ടയ്ക്കൊരുമകനാണ്. ശരണം വിളിയും കാട്ടിനുള്ളിലെ താമസവും ജാതിമതഭേദമില്ലയ്മയും ഇരിപ്പിന്റെയും മുടികെട്ടിന്റെയും പ്രത്യേകതയും ഒക്കെ വച്ചു നോക്കുമ്പോള്‍ അയ്യപ്പന്‍ ബുദ്ധനാണെന്നും അഭിപ്രായമുണ്ട്. ശക്തമായ എതിര്‍വാദങ്ങളുമുണ്ട്. 1125-1225 A.D യാണ് അയ്യപ്പന്റെ ജീവിതകാലം എന്ന് ഏകദേശകണക്കുണ്ട്. പരശുരാമന്‍ ഇന്ത്യയൊട്ടാകെ പണിത 64 ക്ഷേത്രപ്രതിഷ്ഠകളിലൊന്നാണ് ശബരിമലയിലേത് എന്നു പറയപ്പെടുന്നു. എന്തായാലും അയ്യപ്പ കഥയില്‍ ഒരുപാട് സങ്കീര്‍ണ്ണതകള്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ശിവ-വിഷ്ണു സംയോഗത്തിന്റെ സന്തതിയായി അയ്യപ്പന്‍ അവതരിക്കപ്പെടുമ്പോള്‍ സങ്കീര്‍ണ്ണത വീണ്ടും അഗാധമാവുന്നു.
ഒരുവര്‍ഷമല്ല, അനേകം വര്‍ഷം വിവിധവീക്ഷണക്കോണിലൂടെ നോക്കിക്കാണാനും അവതരിപ്പിക്കാനുമുള്ള വസ്തുതകള്‍ അയ്യപ്പ കഥയില്‍ നിഹിതമാണ് എന്നാണ് ഇതിനൊക്കെയര്‍ത്ഥം. എന്നാല്‍ നമ്മുടെ സീരിയല്‍ നീണ്ടു പോകുന്നത് ഇതൊന്നും പരിഗണിച്ചിട്ടൊന്നുമല്ല. അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും അവരുടെ എട്ടാവെട്ടത്തൂടെ പോയിട്ടില്ല. കഥാപാത്രങ്ങളുടെ കോലവും അവരുടെ വസ്ത്രധാരണവും സംസാരഭാഷയും പാച്ചൊട്ടിക്കാന്‍ വേണ്ടി റബ്ബറു പോലെ വലിച്ചു നീട്ടുന്ന ‘സംബവഗതികളും’ അതൊക്കെ ശ്വാസം പിടിച്ചിരുന്നു കാണുന്ന കുടുംബസദസ്സിലെ എ മുതല്‍ എസെഡ് വരെയുള്ള അംഗങ്ങളുടെ സാമാന്യബുദ്ധിയെ നോക്കി ഡെയിലി കാട്ടിക്കൊണ്ടിരിക്കുന്ന കൊഞ്ഞനം പരിഗണിക്കുമ്പോള്‍, ഇപ്പോള്‍ ശബരിമലയില്‍, രാഷ്ട്രീയക്കാരും ദേവസ്വം ബോര്‍ഡു മെമ്പറന്മാരും ദേവപ്രശ്നങ്ങളും കണ്ഠരുരുകളും അരവണയും മറ്റും മറ്റും കൂടിയുണ്ടാക്കുന്നു എന്നു പറയപ്പെടുന്നതെന്തെങ്കിലും ‘പ്രശ്നം’ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ളതെന്തെങ്കിലുമാണോ? ങേ..? ആണോ?
നല്ല ലേഖനം. ഈ സീരിയലിലെ വസ്ത്രധാരണരീതികളും മറ്റും കഥ നടന്നിരിക്കാവുന്ന കാലവുമായി എന്തെങ്കിലും ബന്ധമുണ്ടൊ എന്നു ഞാന്‍ ഇത് കാണാറുള്ളപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. (ആ പ്രശ്നം കടമറ്റത്തു കത്തനാരിലും കായംകുളം കൊച്ചുണ്ണിയിലുമൊക്കെ ഉണ്ട്. കടമറ്റത്തു കത്തനാരെ ബ്രിട്ടീഷുകാരുടെ തൊപ്പിയൊക്കെ വച്ച് ചിത്രീകരിച്ചിരിക്കുന്നത് തികച്ചും ആഭാസമാണ്‍.)
ReplyDeleteഅയ്യപ്പന്‍ ഒരു ബുദ്ധമത ദിവ്യനോ മറ്റോ ആണെന്നാണ്‍ എനിക്ക് തോന്നുന്നത്. ശരണം വിളിയുടെ ഉത്ഭവം അതില്‍ നിന്നാവില്ലേ?
അതുപോലെ മുസ്ലീമായ വാവരുമായി ബന്ധിപ്പിച്ചുള്ള കഥ. അതു ശരിയാണെങ്കില്‍ മുസ്ലീങ്ങള്‍ ഉണ്ടായ ശേഷമേ അയ്യപ്പന്‍ ഉണ്ടാവാന്‍ തരമുള്ളൂ.അപ്പോള്‍ അദ്ദേഹത്തെ പുരാണകഥാപാത്രമാക്കുന്നതില്‍ വലിയ അടിസ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല.
http://vellezhuth.blogspot.com ഇവിടെ വേറൊരു വെള്ളെഴുത്ത്...ഇരട്ട പെറ്റതാണോ? :)
ReplyDeleteqw_er_ty
"ആളുകളെ ചവിട്ടിക്കൊന്നിട്ടായാലും വേണ്ടില്ല, വിളക്കു കണ്ട് നാലു ശരണം വിളിക്കുന്നതിന്റെ തൃപ്തി, സാക്ഷാല്‍ ദൈവം തന്നെ മുന്നില്‍ വന്നു നിന്ന് തോണ്ടി വിളിച്ചിട്ട് ചിരിച്ചു കാണിച്ചാല്‍ പോലുമുണ്ടാവൂല." You said it!
ReplyDeleteകഥയില്‍ ചോദ്യമില്ല, full stop!
ജനങ്ങള്‍ക്ക് വിശ്വാസമാണ് പ്രധാനം യുക്തിയല്ല. ശരിയാണ് വിശ്വസിക്കാനെന്തെങ്കിലും വേണം . അത്രയേയുള്ളൂ .
ReplyDeleteഈ വിഷയത്തില്‍ കുറെ പുസ്തകങ്ങളുണ്ടെന്നറിയാം പക്ഷേ സമാന്തര പ്രസിദ്ധീകരണങ്ങളുടേതായതുകൊണ്ട് കിട്ടാന്‍ വിഷമമാണ്. അവയുടെ അന്വേഷണത്തിലാണ് ഞാന്‍. ഭക്തിമാര്‍ഗത്തിലുള്ള ഗ്രന്ഥങ്ങള്‍ പക്ഷേ ധാരാളം കിട്ടാനുണ്ട്. അയ്യപ്പസ്തുതികളും.വാവരുടെ റിക്കോര്‍ഡുകള്‍ കടുത്തസ്വാമിയുടെ റിക്കോര്‍ഡുകള്‍ മാളികപ്പുറം റിക്കോറ്ഡുകള്‍ എന്നിവയുണ്ട്. പഴയ ദേവസ്വം രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഗൌരവമുള്ള ഗവേഷണങ്ങള്‍ക്ക് ദേവാലയങ്ങളെയും വിധേയമാക്കേണ്ടതുണ്ട്.. മതം സരവതിനെയും നിഗൂഢവത്കരിച്ച് അപഗ്രഥിക്കാന്‍ കഴിയാതെ ആക്കുന്നതിനു മുന്‍പ്.
ReplyDeleteമൂര്‍ത്തി, മറ്റൊരു ‘വെള്ളെഴുത്ത്‘ ഞാനും കണ്ടു. അത് മറ്റാരുടേയോ ആണ്.
നല്ല ലേഖനം.
ReplyDelete