January 7, 2008

ഈയാഴ്ചത്തെ ഫലം, വാരഫലം!



ഇമെയിലില്‍ വന്നതോ ഏതോ റിഫ്രെഷര്‍ കോഴ്സില്‍ ചോദിച്ചതോ ആണ്. എന്തായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അതിസാധാരണമായ ചില വീട്ടുകാര്യങ്ങള്‍. നോക്കുക.
.
1. കുഞ്ഞു കരയുന്നു
2. ഫോണ്‍ ബെല്ലടിക്കുന്നു
3. കോളിംഗ് ബെല്ലു കേള്‍ക്കുന്നു
4. പൈപ്പില്‍ നിന്നും വെള്ളം അനാവശ്യമായി പുറത്തേയ്ക്കു പോകുന്നു
5. മഴപെയ്യാന്‍ തുടങ്ങി, പുറത്ത് ഉണങ്ങിയ വസ്ത്രങ്ങള്‍ കിടക്കുകയാണ്.

ഇത്രയും കാര്യങ്ങള്‍ ഒരേസമയം നടക്കുകയാണെങ്കില്‍ നിങ്ങള്‍ എങ്ങനെ, ഏതു ക്രമത്തില്‍ ഇവയെ പരിഗണിക്കും എന്നു സത്യസന്ധമായി ആലോചിച്ചു പറഞ്ഞാല്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ /മനസ്സിന്റെ ഘടന പിടികിട്ടും എന്നാണ് പറയുന്നത്. ഏതുതരം വ്യക്തിയാണ് നിങ്ങള്‍ എന്നു മനസ്സിലാക്കാന്‍ നിലവിലുള്ളതില്‍ വച്ച് ഏറ്റവും ലളിതമായ ഉപായം ! ഒന്നാലോചിച്ചു നോക്കുക തന്നെ.

ഇതിതുവരെ കേട്ടിട്ടില്ലാത്തവര്‍ സ്വന്തം ‘പ്രിഫറന്‍സ്‘ എന്താണെന്നും എങ്ങനെയാണെന്നും ഒന്ന് ആലോചിച്ചു വച്ചേക്കുക., നമ്മളിതില്‍ ഏതു കാറ്റഗറിയില്‍ വരുമെന്ന് ചുമ്മാ ചിന്തിച്ചു നോക്കാമല്ലോ.. യേത്..? മാത്രവുമല്ല, ഇനിയുള്ള തര്‍ക്കങ്ങള്‍ക്ക് അതു വല്ലാതെ ഉപകരിച്ചേക്കും.

കുഞ്ഞ് ആദ്യപരിഗണനയില്‍ വരികയാണെങ്കില്‍ നിങ്ങള്‍ ഒരു കുടുംബജീവിയാണ്. സ്വന്തം കുടുംബത്തെ കഴിഞ്ഞേയുള്ളൂ നിങ്ങള്‍ക്കെന്തും. ഭദ്രമായ കുടുംബജീവിതത്തിനു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ മടിക്കുന്നയാളല്ല നിങ്ങള്‍. കാമുകനെ/കാമുകിയെക്കുറിച്ച് നിങ്ങള്‍ ഓര്‍ക്കാറേയില്ല. അത് അദ്ദേഹത്തിന്റെ/അവളുടെ മനസ്സു തകര്‍ക്കുമെന്നു നിങ്ങള്‍ക്ക് നന്നായി അറിയാം. അതു നിങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല. ക്ഷമയാണ് നിങ്ങളുടെ മുഖമുദ്ര. ത്യാഗമാണ് ലക്ഷ്യം. മെഴുകുതിരിയാണ് അടയാളവാക്യം. കുടുംബജീവിതം നിങ്ങളുടെ കൈയില്‍ സുരക്ഷിതമായിരിക്കും. അതെന്നും പൊടിതുടച്ചു നിങ്ങള്‍ സൂക്ഷിക്കുന്നു, ഒരു പോറല്‍ പോലും പറ്റാതെ.

ഫോണ്‍ബെല്ലിനെ പ്രധാനമായി കരുതുന്ന വ്യക്തി ജീവിതത്തില്‍ ജോലിയുടെ പ്രാധാന്യത്തെ നന്നായി തിരിച്ചറിയുന്ന ആളാണ്. ജോലി മുഖ്യമായി കരുതുന്ന മറ്റെല്ലാരെയും പോലെ കുടുംബജീവിതത്തില്‍ ഇത്തരക്കാര്‍ പരാജയപ്പെടാനോ പെടാതിരിക്കാനോ സാദ്ധ്യതയുണ്ട്. ഓഫീസില്‍ ബോസ്സിനു പ്രിയപ്പെട്ടവനായിരിക്കുമെന്നും അക്കാരണത്താല്‍ ചില മേല്‍ഗതികള്‍ ഉണ്ടാവുമെന്നും ഏതാണ്ടുറപ്പിക്കാം. സഹപ്രവര്‍ത്തകരുടെ നീരസം ആ വഴിയ്ക്കു പിടിച്ചുപറ്റാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.

കുഞ്ഞിനെയും ഫോണിനെയും അവഗണിച്ച് വാതില്‍ക്കല്‍ നില്‍ക്കുന്ന ആള്‍ ആര് എന്നറിയാന്‍ തിടുക്കപ്പെടുന്ന വ്യക്തി സാമൂഹികജീവിതത്തിനു മറ്റെന്തിനേക്കാളും ഊന്നല്‍ നല്‍കുന്ന വ്യക്തിത്വത്തിനുടമയാണ്. മനുഷ്യന്റെ പുരോഗതിയുടെ തുടക്കം അവന്‍/അവള്‍ കൂട്ടമായി താമസിക്കാന്‍ തുടങ്ങിയതോടെയാണെന്നും സഹജാതരുടെ മൊഴി സംഗീതമായി കരുതണമെന്നുമുള്ള സദ്വാര്‍ത്തകള്‍ ഇവരുടെ ഉദ്ധരണി പുസ്തകത്തില്‍ കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല. കൂട്ടുകാരുടെ ഇടയില്‍ സ്വയം മറന്നുപോകുന്ന ഇവര്‍ തമാശപ്രിയരും നല്ലവാക്കുകള്‍കൊണ്ട് ദുഷ്ടന്റെ പോലും മനസ്സിലെ മാലിന്യത്തെ ഡൈല്യൂട്ട് ചെയ്യുന്നവരും നല്ല മനസ്സിനുടമകളുമായിരിക്കും. കൂട്ടുകാര്‍ക്ക് ഇവരും ഇവര്‍ക്ക് കൂട്ടുകാരും പ്രിയങ്കരരായിരിക്കുന്നതില്‍ അദ്ഭുതം കൂറേണ്ട ഒരു കാര്യവുമില്ല.

മറ്റെന്തു ഭൂകമ്പമുണ്ടായാലും വെള്ളം അനാവശ്യമായി ഒഴുകിപോകുന്ന പൈപ്പടച്ചിട്ടേയുള്ളൂ കാര്യം എന്നും വച്ച് ശപിച്ചും കൊണ്ട് കുളിമുറിയിലേയ്ക്കോടുന്ന വ്യക്തി സംശയിക്കേണ്ട പിശുക്കിന്റെ ആള്‍‌രൂപമാണ്. ചോര്‍ന്നുപോകുന്ന വെള്ളം കണ്ടു നില്‍ക്കാനാകായ്ക, ഒരു സാമൂഹികപ്രശ്നമല്ലേ എന്നും പ്രതിബദ്ധതയല്ലേ എന്നും സംശയിക്കാവുന്നതാണ്. എന്നാല്‍ സ്വന്തം വീട്ടിലെ ടാപ്പില്‍ നിന്നുമുള്ള വെള്ളം ചോരുന്നത് സഹിക്കാനാവാതെ വരുന്നതാണ് ഇവിടെ ഒരു വ്യക്തിയുടെ മനസ്സിലേയ്ക്കുള്ള വഴി വെട്ടി തുറക്കുന്നത്. ജലദൌര്‍ലഭ്യം, ജലചൂഷണം, വരള്‍ച്ച, ക്ഷാമം തുടങ്ങിയ വിപത്തുകളെ ഇവിടെ കണക്കിലെടുത്തിട്ടില്ല. ഇഷ്ടമ്പോലെ ലഭിക്കുന്നതും താരതമ്യേന കുറഞ്ഞ വിലമാത്രം ഈടാക്കി വരുന്നതുമായ കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി ഏരിയകളിലെ മദ്ധ്യവര്‍ഗജീവിതപ്രതിനിധിയായ ഒരാള്‍ ഇമ്മാതിരി പെരുമാറുമ്പോള്‍ അയാള്‍ കണക്കുകളുടെ കടുത്ത ആരാധകന്‍ തന്നെയാണെന്നു വേണം മനസ്സിലാക്കാന്‍. ‘സംഭാവനകള്‍ അസോസിയേഷന്‍ മുഖേനമാത്രം’ എന്ന ബോഡുവയ്ക്കാന്‍ അയാള്‍ക്കു സന്തോഷമേയുണ്ടാവുകയുള്ളൂ. യാചകനിരോധിതമേഖലകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പത്രാധിപര്‍ക്ക് കത്തെഴുതുന്നത് ഈ മാന്യദേഹമാണ്. അടിയ്ക്കടി കൂടിവരുന്ന വിലവര്‍ദ്ധനവിനെപ്പറ്റി വല്ലാതെ ഉത്കണ്ഠപ്പെട്ടാണ് ഇയാളുടെ ദേഹം ഇങ്ങനെ ചീര്‍ക്കുന്നത്. ലക്കും ലാഗാനുമില്ലാത്തതിന് വീട്ടുകാര്‍ നിരന്തരം ഇയാളുടെ നോട്ടപ്പുള്ളിയാവാറുണ്ട്.

മഴ പെയ്യും മുന്‍പേ തുണിയെടുക്കാന്‍ ഓടുന്ന ആളാണ് അവസാനം. അതാണ് ഒരാള്‍ പരമപ്രധാനമായി കണക്കാക്കുന്നതെങ്കില്‍, സംശയിക്കേണ്ട ജീവിതത്തില്‍ എന്തിനെക്കാളും സെക്സിന് വിലകൊടുക്കുന്നയാളാണ് അത്. പ്രായോഗികജീവിതത്തിന്റെ ഉസ്താദായിരിക്കുമീകക്ഷി. എങ്ങനെ മറിഞ്ഞു വീണാലും തനിക്കു സുഖം ലഭിക്കണമെന്ന ചിന്തയാണ് ബസ്സില്‍ ഇയാളെ സ്ത്രീകളുടെ ഭാഗത്ത് നിന്ന് മാറാന്‍ കൂട്ടാക്കാതെ നിലനിര്‍ത്തുന്നത്. ഒരവസരവും പാഴാക്കിക്കളയരുത് എന്നാണ് ഇയാള്‍ നിരന്തരം സംസാരിക്കുന്നവര്‍ക്ക് നല്‍കുന്ന ഉപദേശം. സ്വന്തം വീരകൃത്യങ്ങള്‍ വിശദീകരിക്കാനും ചിലപ്പോള്‍ ഇയാള്‍ തയ്യാറായേക്കും. വസ്ത്രം അലക്കുന്നതിന്റെയും പിഴിയുന്നതിന്റെയും വിലയാണ് ഉണങ്ങി അയയില്‍ കിടക്കുന്ന തുണിയുടെ വെടിപ്പ്. അതു നഷ്ടപ്പെടുത്താന്‍ എന്തായാലും അയാള്‍ തയ്യാറല്ല. പൂച്ച എങ്ങനെ വീണാലും നാലുകാലില്‍ എന്നപോലെ ഏതു പരിചയവും അയാള്‍ കട്ടിലില്‍ കൊണ്ടെത്തിച്ചേ പിന്മാറുകയുള്ളൂ.. ഹൌ ! എന്തൊരു ജീവിതം!

അഞ്ചുചോദ്യങ്ങള്‍ കൊണ്ട് അയ്യായിരത്തിലധികം മനസ്സുകളെ നാം വിശകലനവിധേയമാക്കിക്കഴിഞ്ഞു. എങ്കിലും ചോദ്യങ്ങളെ ഒന്നുകൂടി ചുഴിഞ്ഞു നോക്കുക. അഞ്ചിലും ഊന്നല്‍ സ്ത്രീകളിലല്ലേ? കുഞ്ഞു കരയുന്നതും തുണിയെടുക്കാനോടുന്നതും വാതിലു തുറന്ന് അതിഥിയെ ആനയിക്കുന്നതും ഫോണിനു മറുപടി പറയുന്നതും ഗൃഹോപജീവികളായ സ്ത്രീകളാണ്. അതാണ് കേരളീയമായ വഴക്കം. നമ്മളായിട്ട് എന്തിന് അതു തെറ്റിക്കുന്നു? അങ്ങനെയെങ്കില്‍ ഇത് ആരുടെ മനസ്സളക്കാന്‍, ആരുണ്ടാക്കിയ തന്ത്രം? സംശയമെന്ത്, എറ്റവും നിഗൂഢമായ സ്ത്രീമനസ്സിനെ പിടിച്ച്കൂട്ടിലിട്ടെന്ന് തണ്ടു പറയാന്‍ പുരുഷനുണ്ടാക്കിയ സ്കെയിലു തന്നെ. അങ്ങനെയെങ്കില്‍ ചോദ്യം കൊണ്ട് സ്ത്രീയുടെ മനസ്സല്ല, അവള്‍ എങ്ങനെയാണെന്നറിയാന്‍ വേണ്ടി ഈ ചോദ്യങ്ങള്‍ പടച്ചുണ്ടാക്കിയ ആണ്‍ മനസ്സാണ് വിശകലനം ചെയ്യേണ്ടത് എന്നു സാരം. അവിടെ തെളിയുന്ന ഒരു സ്ത്രീ എന്തായിരിക്കണം എന്ന മുന്‍‌വിധിയാണ്. വിധി അല്ലാതെന്തു പറയാന്‍ ! ചക്കിനു വച്ചത് ബൂമാറാങ്ങുപോലെ തിരിഞ്ഞു കൊള്ളുന്നത് കൊക്കിന്!

അപ്പന്‍ഡിക്സ് 1
മനസ്സു വെളിപ്പെട്ടുകിട്ടാന്‍ വേണ്ടിയുള്ള മറ്റൊരു ചോദ്യം. (ഇതു ഇ മെയിലില്‍ തണുത്തു കിടന്നതാണ്, സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നു തോന്നുന്നു. എങ്കിലുമെന്ത് ?)
കാമുകന്റെ /കാമുകിയുടെ കയ്യില്‍ നിന്നും നിങ്ങള്‍ സ്വീകരിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സമ്മാനം ഏതായിരിക്കും?
1. മനോഹരമായ ഒരു പൂവ്.
2. നിങ്ങളെക്കുറിച്ചെഴുതിയ കവിത.
3. വിലപിടിപ്പുള്ളതും കുസൃതിത്തരങ്ങള്‍ കിന്നരിയിട്ടതുമായ അടിയുടുപ്പ്.

33 comments:

  1. അപാര ജ്ഞാനി തന്നെ! ഇനി ഈ “അപ്പ്അന്‍ഡിക്സിന്റെ ഓപ്പറേഷന്‍ന്റെ ഫലം കൂടി ഒന്നറിയാന്‍ കാത്തിരിക്കുകയാണു!

    ReplyDelete
  2. സ്ത്രീമനസ്സ് അതിനിഗൂഡമെന്നും പിടികിട്ടാത്തതെന്നും പറഞ്ഞ് പരത്തിയതും പരത്തുന്നതും സ്ത്രീകളല്ലല്ലോ. ഇനി ഒരു സ്ത്രീ അതൊന്നു ക്ലൈം ചെയ്താലോ? അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനാണ് ഇത്തരം മനസ്സളക്കല്‍ വേലകള്‍.

    ReplyDelete
  3. @Daly

    ഉവ്വ.. പറഞ്ഞതും പരത്തിയതും ഒന്നും പെണ്ണുങ്ങളല്ല. ‘നീങ്ങള്‍ക്കിതൊന്നും മനസ്സിലാവില്ല’ എന്ന് ദിവസം നൂറുതവണ പറയും കെട്ടിയോനോടുള്‍പടെ മിക്കപെണ്ണുങ്ങളും ;)

    ******

    ഈ അഞ്ചുംകൂടിയമുക്കില്‍ പെട്ടുപോകാന്‍ ഇടയുള്ള മനുഷ്യജീവികള്‍ പെണ്ണുങ്ങളാണെന്നത് വേണാട്ടൂപ്രജ അഴിച്ചുവച്ചിട്ടില്ലാത്ത മുന്‍‌വിധി അല്ലേ? ഈ ഈ-മെയില്‍ സ്വാഭാവികമായും പടിഞ്ഞാറെവിടെയോ ഉണ്ടായതാകാന്‍ ഇടയുണ്ട്. പ്രവാസികുടുംബങ്ങള്‍ ഉള്‍പടെ ഭര്‍ത്താവും ഭാര്യയും ജോലിക്കാരായ ചെറിയകുടുംബങ്ങളില്‍ രണ്ടുപേരിലാരായാലും ചെന്നുപെടാവുന്ന അവസ്ഥതന്നെ ഇത്. അതിനു പടിഞ്ഞാറാവണം എന്ന് നീര്‍ബന്ധവും ഇല്ല. ഇന്ത്യയില്‍ തന്നെയുള്ള വന്‍‌‌നഗരങ്ങളിലും ഇതൊക്കെ തന്നെ അവസ്ഥ.

    ********

    OFF: കഴിഞ്ഞപോസ്റ്റില്‍ കഷ്ടപ്പെട്ടൊരു കമ്മന്റെഴുതിയത് രണ്ടുതവണയും കണക്ഷന്‍ പ്രശ്നത്തില്‍ ഒലിച്ചുപോയി. ശാസ്താവാരാ മോന്‍!!

    ReplyDelete
  4. ശരിയാണു എല്ലാം സ്ത്രീയാണു, എല്ലാത്തിനും സ്ത്രീ വേണം. ആണിനെഴുതാനും സ്ത്രീ തന്നെ വേണം വിഷയായിട്ട്. വേശ്യയാവാന്നും സ്ത്രീ തന്നെ വേണം.

    ReplyDelete
  5. ഗുപ്താ, “നീങ്ങള്‍ക്കിതൊന്നും മനസ്സിലാവില്ല’ എന്ന് ദിവസം നൂറുതവണ പറയും കെട്ടിയോനോടുള്‍പടെ മിക്കപെണ്ണുങ്ങളും ;)“ ഈ പറച്ചിലില്‍ സ്ത്രീ മനസ്സ് അതി നിഗൂഡമെന്ന് പ്രതിഫലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു നോക്കിക്കേ. എന്നെ മനസ്സിലാവില്ല നിനക്ക് അതിനു നീയൊരു അച്ഛനാവണം എന്ന് അച്ഛന് മകനോടും എന്നെ മനസ്സിലാക്കാന്‍ നീ അമ്മയാവണം എന്ന് അമ്മ മകളോടും എന്നെ ആര്‍ക്കും മനസ്സിലാവുന്നില്ല എന്ന ഒരു വ്യക്തിയുടെ ആത്മഗതത്തോടും സമാനമായ ഒരു ടോണ്‍ അല്ലേ ദിവസം പലതവണ പറയുന്ന “നീങ്ങള്‍ക്കിതൊന്നും മനസ്സിലാവില്ല’ വാചകത്തിലുള്ളൂ. അതിനുപകരം ദൈവത്തിനു പോലും മനസ്സിലാവത്തതാണു സ്ത്രീമനസ്സിന്റെ അതിനിഗ്ഗൂഡത എന്ന് എഴുതിയതും പ്രചരിപ്പിച്ചതും ആരാണ്? സ്ത്രീകളോ? അതിനൊരു ലോജിക്കില്ലല്ലോ ഗുപ്താ.

    വെള്ളെഴുത്ത് ധരിച്ചതില്‍ അത്ര ശരികേടില്ല എന്ന് പറയേണ്ടി വരും. കാരണം ഈ 5 ചോദ്യം ആദ്യം വായിച്ചപ്പോ എനിക്കു തോന്നിയത് എന്തു അസംബന്ധമാണീ ചോദ്യങ്ങള്‍, ഒരു സ്ത്രീ ആദ്യം പോയി കരയുന്ന കുഞ്ഞിനെ അല്ലെ എടുക്കൂ. (അങ്ങനെ അല്ലാത്തവരും വളരെ ചെറിയൊരു ശതമാനം ഉണ്ടാകാം) അപ്പോ ആണിനേം പെണ്ണിനേം അളക്കാന്‍ എങ്ങനെ ഈ 5 ചോദ്യങ്ങള്‍ മത്യാവും എന്നായിരുന്നു.

    ReplyDelete
  6. ഈ 5 ചോദ്യം ആദ്യം വായിച്ചപ്പോ എനിക്കു തോന്നിയത് എന്തു അസംബന്ധമാണീ ചോദ്യങ്ങള്‍, ഒരു സ്ത്രീ ആദ്യം പോയി കരയുന്ന കുഞ്ഞിനെ അല്ലെ എടുക്കൂ....


    പൂരുഷന്‍ മറിച്ചെന്തെങ്കിലും ആയിരിക്കും ചെയ്യുന്നത് എന്നും കൂടിയാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം അല്ല്യോ....


    ചോദ്യം സ്ത്രീയെ അളക്കാന്‍ തന്നെ --പുരുഷന്റെ കാര്യം വിട്- സഫിഷ്യന്റ് ആണോ എന്നത് വേറേ ഒരു ചോദ്യം. ആര്‍ക്ക് വേണ്ടി ആരു ഡിവൈസ് ചെയ്തു എന്നത് വേറേഒരു ചോദ്യം.

    ഈ പെണ്മനസ്സിന്റെ പുറകെ മെനക്കെട്ട് നടക്കുന്നവര്‍ -- ഗവേഷകരായാലും ചുമ്മാ എഴുത്തുകാരാണേലും -- കൂടുതല്‍ ആണുങ്ങളാണോ പെണ്ണുങ്ങളാണോ വെള്ളെഴുത്തുമാഷേ... അതിനുത്തരം പറഞ്ഞാല്‍ ഞാന്‍ ഡാലിക്കിട്ട ആ‍ദ്യകമന്റിനുള്ള കറക്റ്റ് ഫോക്കസ് ആവും.

    ReplyDelete
  7. ഗുപ്താ, മൂത്രമൊഴിച്ചോ, അപ്പിയിട്ടീട്ടോ ആണ് കുഞ്ഞ് കരയുന്നതെങ്കില്‍ ഫോണ്‍ ബെല്ല് കേട്ടില്ലെങ്കില്‍ പോലും ഭൂരിപക്ഷം പുരുഷന്മരും രണ്ടാമതൊന്നാലോചിക്കും കുഞ്ഞിനെ എടുക്കാ‍ാന്‍. മഹാഭൂരിപക്ഷവും വിളിച്ച് പറയും “ടീയേ, ഓടി വന്നേ കുഞ്ഞപ്പീട്ടു.“

    അവസാന ചോദ്യത്തിന്റെ ഉത്തരം കിട്ടീട്ട് ബാക്കി എഴുതാം.

    ReplyDelete
  8. ഗുപതാ, പെണ്ണുങ്ങള്‍ടെ സ്വഭാവമുള്ള ആണുങ്ങള്‍ടെ സെന്‍സസില് എവിടെ പെടുത്തും.

    എന്നാലും, അമേരിയ്കന്‍ കമ്പനീടെ സെന്സ് ഫൊറ് വേള്‍ഡ് എന്ന ബുക്കിലോ മറ്റേ വായിച്ചത് ഓര്‍ക്കുന്നു, ആണിന്റെ എണ്ണത്തിനേക്കാളും ഒരു പെണ്ണു എണ്ണത്തില്‍ കൂടുതലുണ്ടാവുമെന്ന് .

    :) സ്മൈലിയിട്ടാല്‍ അന്ത്യോണീസ് പുണ്യാളനു തിരികത്തിക്കുമ്പോലെയാണു, കമ്പ്ലീറ്റ് ഇറിറ്റേഷനും ഉരുകി പോക്കോണം.

    ഞാന്‍ പോണ്, വേഗം പോയില്ലെങ്കില്, ‍അമ്മ, ഏതാണിനോടാടീ മിണ്ടിയ്കോണ്ട് നിരങ്ങി വന്നേന്ന് ചോദിയ്കും.

    ReplyDelete
  9. ചോദ്യം സ്ത്രീകളോടാണ്. സത്യം!
    ആണുങ്ങളേ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ടിവീടേ റിമോട്ട് കണ്ട്രോള്‍ എവിടെ വെയ്ക്കും എന്നൊരു ഓപഷനും ഉണ്ടായേനെ. :)

    ReplyDelete
  10. ഇഞ്ചി പറഞ്ഞതില്‍ പോയിന്റുണ്ട്... ഒള്ളതുപറഞ്ഞാല്‍.... (ഈശ്വരാ പിന്നേം... :p)


    ഡാലി ..ഈ അപ്പി ഇപ്പി എന്നൊക്കെ പറഞ്ഞുവരുമ്പം....

    ശ്ശോ.... എനിക്കിപ്പഴാ ഓര്‍മവന്നെ.. മുതിര്‍ന്നവരുടെ വിഷയത്തില്‍ ഇടപെടരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ദേവേട്ടാ..കൈപ്പള്ളിമാഷേ.. [അങ്ങനെ വരി വരിയായി അപ്പി ഹിപ്പിമാരാകാന്‍ യോഗം കിട്ടിയ എല്ലാ പുരുഷന്മാരുമേ....] ഈ പെണ്ണുങ്ങള്‍ ദേ ഏതാണ്ട് പറയണ്‌ണ്ട്... ഓടിവരൂ...

    അതുല്ല്യേച്ചീ നിക്ക് ഞാന്‍ കൂടെ വരണ്‌ണ്ട്....


    ( ഈ കെണിവച്ചെന്നെ പിടിച്ചീ പെണ്ണുങ്ങള്‍ടെ മുന്നിലിട്ടിട്ടു കൂളായിട്ടു മുങ്ങിയ വേണാട്ടു പ്രജേ... ഞാന്‍ തിരുവനന്തപുരത്തുവരും.... ജാഗ്രതൈ...)

    ReplyDelete
  11. You won't understand it honey, its a girly thing. എന്ന് തരം കിട്ടിയാല്‍ പറയുന്നത് നമ്മള്‍ ഒരു അപാരസംഭവമാണ് അണ്ണാ അണ്ണനെകൊണ്ട് കൂട്ടിയാല്‍ കൂടൂല എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. എന്നിട്ട് ലോകതത്വം ആണുങ്ങള്‍ എഴുതുന്നതല്ലേ എന്ന് ചോദ്യവും.

    റിക്കിപോണ്ടിങ് സ്ലെഡ്ജിങ്ങിനെ പറ്റി മാച്ച് റെഫറിയോട് കമ്പ്ലൈന്റ് ചെയ്യും പോലെ. ഉവ്വ. :-)

    ReplyDelete
  12. ഗുപ്താ, ഇവിടെ പറഞ്ഞവരോടൊക്കെ ഒന്നു ചോദിച്ചു വന്നേ? എത്ര തവണ അപ്പി കഴുകീട്ടുണ്ടെന്ന്. അവരുടെ ഭാര്യമാരോടും ആ ചോദ്യം ചോദിക്കണം. ഉത്തരം അനുസരിച്ചു ഞാന്‍ കോമ്പ്രൊമൈസ് ആവാം :)

    ദില്‍ബാ, ഗേളി തിങ് മനസ്സിലാവില്ല എന്ന് പറയണപോലെ ആണോ പെണ്‍മനസ്സ് നിഗൂഡമാണെന്ന് പറഞ്ഞ് പരത്തുന്നത്? അങ്ങനെ എങ്കില്‍ ആണുങ്ങളുടെ എത്രേങ്കിലും കാര്യങ്ങള്‍ പാവം ഹണിയ്ക്ക് മനസ്സിലാകാതിരിക്കുന്നു? ഒരു ഉദാഹരണം ഇവിടെ.
    ഇത്തരം മനസ്സിലാവായ്മകള്‍ക്ക് പകരം വയ്ക്കാന്‍ പറ്റുന്ന ഒന്നാണൊ ദൈവത്തിനു പോലും പിടികിട്ടാത്ത പെണ്മനസ്സ്?!!

    ReplyDelete
  13. അതു കൊള്ളാമല്ലോ മാഷേ...

    :)

    ReplyDelete
  14. ആദ്യവും അവസാനവും രണ്ടു ചവിട്ടുകള്‍. ഒന്ന് അര്‍ത്ഥം അറിഞ്ഞ്, രണ്ടാമത്തേത് അറിയാതെ..ബാക്കി ചര്‍ച്ചകളിലൊന്നും ഇടപെടുന്നില്ല.. ഏയ് ഓട്ടൊയില്‍ എഴുതി വച്ചിരിക്കും പോലെ ഈ പാവം പൊയ്ക്കോട്ടെ!
    ശ്രീ ആരെയാണ് തോളില്‍ തട്ടി അഭിനന്ദിച്ചത്? എന്നെയോ ഡാലിയെയോ ഡാലി പറഞ്ഞ കവിതയെയോ ? (മൂന്നും ഒന്നുപോലെ അഭിനന്ദനം അര്‍ഹിക്കുന്നു.....ഹാ)
    റെജി, സമയം കിട്ടിയാല്‍, സമയം കിട്ടിയാല്‍ മാത്രം പോസ്റ്റുകളൊക്കെ ഒന്നു വായിച്ചു നോക്കണേ! ഒത്താല് ഒന്നുകൂടി ഇതും.. സമയനഷ്ടം തന്നെ പക്ഷേ എന്തുചെയ്യാം...
    വണ്ടികളൊക്കെ ഏഴരയ്ക്കു തന്നെ സ്റ്റേഷന്‍ വിട്ടല്ലോ.. എന്റീശ്വരാ....

    ReplyDelete
  15. യിതാണ് ആന്റി ക്ലൈമാക്സ് ... ആന്റി ക്ലൈമാക്സ്* എന്ന് പറയുന്നത്.. വേണാട്ടുകാരാ... ആണ്‍‌വര്‍ഗത്തെ മൊത്തമായിട്ടൊറ്റി അല്ലേ... അവിവാഹിതന്‍ എന്ന ബയോഡേറ്റാ ഡീറ്റൈല്‍ ഞങ്ങള്‍ പുനഃപരിശോധനക്ക് വയ്ക്കുന്നു.

    *********
    (*ആ സ്വാളോയെങ്ങാനും കണ്ടാല്‍ അമ്മായീടെ പരിണാമഗുപ്തി എന്നു പരിഭാഷിച്ചുകളയും. എന്നെ പഴിക്കരുത്. ഇംഗ്ലീഷ് തന്നെ വായിച്ചാല്‍ മതി)

    ReplyDelete
  16. 1. കുഞ്ഞു കരയുന്നു
    2. ഫോണ്‍ ബെല്ലടിക്കുന്നു
    3. കോളിംഗ് ബെല്ലു കേള്‍ക്കുന്നു
    4. പൈപ്പില്‍ നിന്നും വെള്ളം അനാവശ്യമായി പുറത്തേയ്ക്കു പോകുന്നു
    5. മഴപെയ്യാന്‍ തുടങ്ങി, പുറത്ത് ഉണങ്ങിയ വസ്ത്രങ്ങള്‍ കിടക്കുകയാണ്.

    ഒന്നിനുമല്ലാത്ത ഒരു ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഗാനം പോലെ ഒരു വെള്ളിയാഴ്ച്ചയോ, നാട്ടിലെ ഞായറാഴ്ച്ചയോ വന്ന് നില്‍ക്കും പോലെ.

    എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ എല്ലാം ചെയ്യണം. എന്തായാലും ഒരു സിഗരറ്റിനുള്ള ഗാപ്പില്ല.

    കുഞ്ഞിനെ എടുത്ത് തുണിയെടുക്കാന്‍ പോകുന്ന കുലീനയാം ഭാര്യ തീര്‍ച്ചയായും പിറന്നാളിന് ഒരു സാരി അര്‍ഹിക്കുന്നുണ്ട്.

    മറ്റ് മൂന്ന് കാര്യങ്ങളും ചെയ്യുന്ന സ്മാര്‍ട്ടായ ഭാര്യ എന്തെല്ലാം അര്‍ഹിക്കുന്നുവോ ആവോ ?

    കിന്നരിയിട്ട അടിവസ്ത്രമോ ? ദൈവമേ ജീവിക്കാന്‍ പിന്നെയും ഒര് നൂറ്റാണ്ട് വേണ്ടി വരുമല്ലോ ?

    ReplyDelete
  17. വാഹ് താജ്..
    ഗുപ്താ.. കുഴൂരേ.. ഇതാണ്‍` കമന്റ് ! ഞാനിതാ തലകറങ്ങി താഴെ വീഴുന്നു.... ആ പ്രച്ഛന്ന, പപ്രച്ഛ വേഷക്കാരന്‍ റെജിയൊഴിച്ച് ആരു പിടിച്ചാലും ഞാന്‍ താഴെ വീഴും. ഒറപ്പ്!

    ReplyDelete
  18. 1. കുഞ്ഞു കരയുന്നു
    2. ഫോണ്‍ ബെല്ലടിക്കുന്നു
    3. കോളിംഗ് ബെല്ലു കേള്‍ക്കുന്നു
    4. പൈപ്പില്‍ നിന്നും വെള്ളം അനാവശ്യമായി പുറത്തേയ്ക്കു പോകുന്നു
    5. മഴപെയ്യാന്‍ തുടങ്ങി, പുറത്ത് ഉണങ്ങിയ വസ്ത്രങ്ങള്‍ കിടക്കുകയാണ്


    ഇത്രയും കാര്യങ്ങള്‍ ഒരേ സമയം നടക്കുകയാണെങ്കില്‍ സിദ്ധാര്‍ഥന്‍ ആ നിമിഷം ബുദ്ധനായി ഇറങ്ങിത്തിരിച്ചിരിക്കും.

    യശോധരയുടെ കാര്യം കഷ്ടം തന്നെ, അവള്‍ക്കു കുഞ്ഞിനെ എടുക്കണം തുണിയും എടുക്കണം ;)

    ReplyDelete
  19. മൂവിംഗ് ഫ്രെയ്മിന് എല്ലാം പിടികിട്ടി. ഒരുകാര്യം ഒഴികെ. യശോധരയുടെ കാര്യം കഷ്ടം അല്ല. അതാണവളുടെ ‘മോക്ഷമാര്‍ഗം’. :)


    (ശ്രീ പദ്മനാഭാ നീയേ തൊണ..... )

    ReplyDelete
  20. കുഴൂരിന്റെ കമന്റ് ഇപ്പഴേ കണ്ടുള്ളൂ... വേണാട്ടുകാരനു ബോധം പോയതിന്റെ കാര്യം മനസ്സിലായി.. :)

    പറഞ്ഞതൊക്കെ ശരി. എന്നാലും ‘കുഞ്ഞിനെ എടുത്ത് തുണിയെടുക്കാന്‍ പോകുന്ന കുലീനയാം ഭാര്യ തീര്‍ച്ചയായും പിറന്നാളിന് ഒരു സാരി അര്‍ഹിക്കുന്നുണ്ട്.’ ഇതു കക്ഷീടെ പിറന്നാള്‍ ഫെബ്രുവരി 29 ആണെങ്കില്‍ മതീട്ടോ.

    ReplyDelete
  21. ഗുപ്തന്‍ വിളിച്ചോ?
    എന്റെ പേരു ഞാന്‍ ഫില്‍ടറിട്ടിരിക്കുബാ വിളിപ്പുറത്ത് അവതരിക്കും

    എന്തായിപ്പോ ഇവിടെ? അവതരിക്കണോ?

    ReplyDelete
  22. ഉവ്വ വിളിച്ചല്ലാ... :)

    (അവതാരം കൂമ്പാളത്തൊപ്പി ഒക്കെ അഴിച്ചുവച്ച് പാളത്താറുടുത്തുവാ‍.. ച്ചീച്ചിപ്പണിയാ..)

    അഖിലലോക അപ്പിവാരല്‍ സ്റ്റാറ്റിറ്റിക്സില്‍ (ന്നു വച്ചാല്‍ സ്വന്തം പ്രജകള്‍ടെ മാത്രം അപ്പി) മുന്‍പന്തിയില്‍ പെണ്ണുങ്ങളാണെന്ന് ഡാല്യാര്‍...

    എണ്ണത്തില്‍ കൂടുതല്‍ സ്ത്രികളാണേലും കാര്യത്തില്‍ കട്ടക്ക് കട്ടക്ക് നില്‍ക്കുന്ന പുരുഷന്മാരും ഉണ്ടാവും എന്ന് ഞാന്‍ :p

    ഒരു ടെസ്റ്റിമണിയണ്ണന്‍ ആയിക്കോട്ടേന്ന് വിചാരിച്ചിട്ടല്ല്യോ.. :)

    അപ്പം എല്ലാം പറഞ്ഞപോലെ... ഞാന്‍ വണ്ടിവിട്ട്..

    ReplyDelete
  23. മഴ പെയ്യും മുന്‍പേ തുണിയെടുക്കാന്‍ ഓടുന്ന ആളാണ് അവസാനം. അതാണ് ഒരാള്‍ പരമപ്രധാനമായി കണക്കാക്കുന്നതെങ്കില്‍, സംശയിക്കേണ്ട ജീവിതത്തില്‍ എന്തിനെക്കാളും സെക്സിന് വിലകൊടുക്കുന്നയാളാണ് അത്. പ്രായോഗികജീവിതത്തിന്റെ ഉസ്താദായിരിക്കുമീകക്ഷി



    ഹഹഹ! എനിക്ക് വയ്യ.. എന്താ ഒരു ഡെഫനിഷന്‍ ;)

    ReplyDelete
  24. ഹി ഹി ഞാനൊരു കു‌ട്ടം പറഞ്ഞോട്ടെ.
    കണ്ടിട്ട ചത്ത എലിയെ തട്ടി കളിക്കുന്ന പു‌ച്ചകളെ പോലെ തോന്നുന്നു.
    പിണങ്ങാന്‍ വരട്ടെ ....ഞാന്‍ ഓടി :)

    ReplyDelete
  25. അതെ ദീപു. ഈചത്ത എലി തന്നെ ആണ് പ്രശ്നം.

    ഗൌരവമായി ചര്‍ച്ച ചെയ്യാവുന്ന ഒരു വിഷയം വാല്‍ക്കഷണം പോലെ ഏച്ചു പിടിപ്പിച്ച രാഷ്ട്രീയവര്‍ഗീകരണത്തില്‍ മാത്രം ശ്രദ്ധിച്ച് ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുക. ചര്‍ച്ച പോകുന്ന വഴികണ്ട് എഴുത്തുകാരന്‍ വിഷം വാങ്ങാനായി പാഞ്ഞു നടക്കുക.

    ഡെവിള്‍സ് അഡ്വക്കേറ്റിന്റെ വേഷം ഞാന്‍ അറിഞ്ഞുകൊണ്ടു കെട്ടിയതാണ്. അതില്ലായിരുന്നെന്ന്കിലും ഈ പോസ്റ്റ് ഇതിനപ്പറം വായിക്കപ്പെടുകയില്ലായിരുന്നു എന്ന് ഉറപ്പ്. ഇത് ബ്ലോഗിലെ ചര്‍ച്ചകളുടെയൂം വായനയുടെയും ബലഹീനതയ്ക്ക് ഉദാഹരണമായി ഇവിടെ കിടക്കട്ടെ.


    ഒരു മൈനര്‍ ക്രൈസിസില്‍ ഒരാള്‍ എങ്ങനെ പ്രതികരിക്കും എന്ന് വാക്കാല്‍ കൊടുക്കുന്ന ഉത്തരം വച്ച് ഒരു വ്യക്തിയെ അളക്കാന്‍ ആവുമോ? ഉത്തരം വെള്ളെഴുത്തിട്ട ചോദ്യം തന്നെ മനുഷ്യസ്വഭാവത്തെ അമിതമായി സാമാന്യവല്‍ക്കരിക്കുന്ന, ലളിതവല്‍ക്കരിക്കുന്ന ആരോ സൃഷ്ടിച്ചതാണെന്നാണ്. The question is so superfluous that my choice in the same situation could vary every time I come to the same ‘crisis': it should vary in reference to other more/equally important concerns of the moment.

    പട്ടുകൊണ്ട് കോണകം കെട്ടി വാലുപുറത്തിടുന്നതുപോലെ പോസ്റ്റിന്റെ ആസനത്തില്‍ (കഥ അറിഞ്ഞുതന്നെ ആവണം) എഴുത്തുകാരന്‍ തൂക്കിയിട്ട അടുത്ത സാമാന്യവല്‍ക്കരണത്തില്‍ നിന്നേ ചര്‍ച്ച തുടങ്ങിയുള്ളൂ. അതാകട്ടെ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയും ചെയ്തു.

    എലി ചത്തില്ലെങ്കില്‍ പോസ്റ്റ് ചുടണം. :)

    ReplyDelete
  26. ചത്ത എലിയോ? ഹും.. ‘മൃതിയുടെ മുലപ്പാല്‍‘ എന്നു കേട്ടിട്ടില്ലേ? നന്ദി ഗുപ്താ, നന്ദി..

    ReplyDelete
  27. അപ്പോള്‍ കളി കഴിഞ്ഞു അല്ലേ. അടുത്ത തവണ ഈ കളി കളിക്കുമ്പോള്‍ റ്റൈറ്റില്‍ മനസ്സിലായില്ലെങ്കില്‍ പോസ്റ്റ് ചര്‍ച്ചചെയ്യരുത് എന്ന് ഒരു അടിക്കുറിപ്പുകൂടി... പ്ലീസ്.

    ReplyDelete
  28. ഗുപ്തന്‍ പറഞ്ഞത് തന്നെയാണ് ഞാന്‍ ഉദേശിച്ചതും.

    ReplyDelete
  29. ഗുപ്തനെ, പ്രകോപിപ്പിക്കരുത് :). അമിതമായ സാമാന്യവത്കരണം കൊണ്ട് രണ്ട് സമൂഹങ്ങള്‍ നിത്യജീവിതത്തില്‍ എങ്ങനെ അളക്കപ്പെടുന്നു എന്ന് ഇവിടെ കാണുന്നില്ലേ. വെള്ളെഴുത്ത് ഈ പോസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ സാമാന്യവത്ക്കരിക്കപ്പെട്ടീട്ടാണ് മല്ലൂ സൈക്കി കിടക്കുന്നത് എന്നറിയുമ്പോള്‍ ഇത്തരം ഇമെയില്‍ സൈക്കോ അനാലിസിസ് കണ്ട് അമ്പരക്കാന്‍ പോലും കഴിയില്ല. അതോ‍ണ്ട് എലി ചത്തുകിടക്കുന്നതാ നല്ലത്.

    ReplyDelete
  30. ഒറ്റച്ചോദ്യം വച്ചുള്ള മനശാസ്ത്രവിശകലനം വാരഫലം പോലെ വിഡ്ഢിത്തമാണെന്നും അത് പുരുഷമനസ്സ് കണ്ടുപിടിച്ച യാഥാര്‍ത്ഥ്യബോധം ഇല്ലാത്ത കുറുക്കുവഴി ആയിരിക്കണം എന്നും സൂചിപ്പിച്ചിട്ട ഒരു പോസ്റ്റും അവിടെ കാണുന്ന psyche -യും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ ഡാലീ.

    ********

    ആ പോസ്റ്റിനെക്കുറിച്ച് ഇവിടെ അഭിപ്രായം പറയുന്നത് ‘എല്ലാ കമന്റും ഓഫാണ്’ രാംമോഹന്‍ സിദ്ധാന്തത്തിന്റെ ഉദാഹരണമായി കിടക്കുന്ന ഈ പോസ്റ്റില്‍ പൊന്നിന്‍‌കുടത്തിനു പൊട്ടുകുത്തിയതുപോലെ അഹങ്കാരം ആയിപ്പോവും എന്നതുകൊണ്ട് മുകളില്‍ ഇട്ട കമന്റ് ഒഴിവാക്കുന്നു.

    ReplyDelete
  31. സാമാന്യവത്ക്കരണം ഏതളവ് വരെ പോകുന്നതും മല്ലു സൈക്കിയുടേയും സാധാരണ ജീവിതത്തിന്റേയും ഭാഗമണെന്നേ ആ പോസ്റ്റ് ലിങ്ക് ചെയ്തത് കൊണ്ട് ഉദ്ദേശിച്ചത്. (അതുകൊണ്ട് തന്നെ വാരഫലങ്ങള്‍ ഇല്ലാത്ത ഞാറാഴ്ച പതിപ്പുകള്‍ ഇല്ലാത്തതും, വായിച്ച് ആ നിമിഷം തന്നെ മറക്കാന്‍ വേണ്ടിയെങ്കിലും എല്ലാ ഞാറാഴ്ചയും തപ്പി പിടിച്ച് വായിക്കുന്നതും.)
    സാരി ഉടുക്കുന്ന സ്ത്രീകളെല്ലാം ശാലീനസ്വഭാവക്കാര്‍ എന്ന മല്ലുസൈക്കിയും ആദ്യം കുഞ്ഞിനെ എടുക്കാന്‍ പോകുന്ന സ്ത്രീ കുടുംബജീവിയെന്ന ഇവിടത്തെ അനാലിസിസും തമ്മില്‍ ഒരു ബന്ധവുമില്ലേ ഗുപ്തന്‍സ്?

    ReplyDelete
  32. ooh ithippazhaa kande !

    Shankar is again on the cocunut tree :)

    ReplyDelete
  33. ഇതിപ്പോ ആ വാലറ്റവും കമന്റും കണ്ടില്ലെന്കില് ഇതില് ഒന്നും ചിന്തിക്കാതെ ഉത്തരം പറയാം. ഞാന് എന്റെ സുഹൃത്തിനോട് (ആണ്) ചോതിച്ച്പ്പോ അവന് പറഞ്ഞു കുഞ്ഞിനെ നോക്കും ആദ്യം എന്ന്. ഇതു ആ സ്ത്രി പുരുഷ ചിന്തയുടെ ഒരു കണക്കു പറയാതെ പോസ്റിയിരുന്നെങ്കില് ആരും അങ്ങനെ ഒരു കാഴ്ച്ചപ്പാടിലേക്ക് പോകാതെ ഉത്തരം പറഞ്ഞേനെ. ഇല്ലേ?

    ReplyDelete