December 31, 2007

ചന്ദ്രനെ മോഷ്ടിക്കുവാന്‍ ആര്‍ക്കു കഴിയും?


ഒന്ന്
ഒരു ഭ്രാന്തന്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്കു ചെന്നിട്ട് പറഞ്ഞു: “സൂര്യനേക്കാള്‍ മനുഷ്യന്മാര്‍ക്ക് പ്രയോജനമുള്ളത് ചന്ദ്രനെക്കൊണ്ടാണ്. “ ആളുകള്‍ അന്തംവിട്ടു. “രാത്രിയാണല്ലൊ നമുക്ക് വെളിച്ചത്തിന്റെ ആവശ്യം“ ! (മുല്ലാ നസറുദീന്‍) ഭ്രാന്തിന് വെളിപാടെന്നാണ് സര്‍ഗാത്മക മനസ്സുകള്‍ പറയുക. അവര്‍ വേറെയേതൊക്കെയോ കാഴ്ചകളിലൂടെ അറിവുകളിലൂടെ കടന്നു പോകുകയാണ്. നമ്മുടെ ചിന്താമണ്ഡലത്തിന്റെ പരിധിയിലൊന്നും അല്ലാത്തതിനാല്‍ വിഡ്ഢി ചിരി ചിരിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല നമുക്ക്. അതു കാണുന്ന നമ്മുടെ തരക്കാര്‍ നമ്മള്‍ ബുദ്ധിശാലികളാണെന്നു വിചാരിച്ചു കൊള്ളും. കൂടെ ചിരിച്ച് അവരും ബുദ്ധിശാലിത്തം നടിച്ചോളും.

രാത്രിയിലെ വെയിലാണ് നിലാവ് എന്നു പറയപ്പെടുന്നു. താവോയുടെയും സെന്നിന്റെയും ഹൈക്കുവിന്റെയും വഴികളിലെമ്പാടും ചന്ദ്രനും നിലാവും കറുപ്പിലും വെളുപ്പിലും ചിത്രങ്ങള്‍ വരച്ച് കൂടെയുണ്ട്. സത്യത്തില്‍ അവിടെ കൂടെയുള്ളത് പ്രകൃതിയാണ്, എന്നാലും നിലാവുപെയ്യുന്ന രാത്രി, ബോധോദയത്തിന്റെ പ്രതീകമായതുകൊണ്ടാവണം സൂര്യനേക്കാള്‍ ശക്തമായ സാന്നിദ്ധ്യമാവുന്നത്. ജാപ്പാനിസ് കവികളില്‍ പ്രമുഖനായ മാറ്റ്‌സുവോ ബാഷോ (1644- 1694) തന്റെ ആദ്യ കവിതാസമാഹാരമായ ‘സയോനോ നാകയാമഷു’വിലെഴുതി,
“ചന്ദ്രന്‍ എന്റെ വഴികട്ടി ഈ വഴിയ്ക്കു വരൂ വീട്ടില്‍ എന്നു സ്വാഗതമോതുന്നു സത്യത്തിലൊരാതിഥേയന്‍.”
ചന്ദ്രന്‍ വഴികാട്ടുന്ന വീട് ആത്മജ്ഞാനത്തിന്റെ വീടാണ്. സെന്നിന്റെ ഭാഷയില്‍ ബോധോദയം. ഇരുട്ടില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള വെളിച്ചത്തിന് മറ്റൊരുചിതമായ പ്രതീകം പ്രകൃതിയില്‍ നിന്ന് കണ്ടെടുക്കാനാവില്ല, ചന്ദ്രനെപ്പോലെ. അതു ഇരുട്ടിനെ മാറ്റിക്കൊണ്ട് വരികയല്ല. ഇരുട്ടില്‍ തന്നെ നിലകൊള്ളുകയാണ് ചുറ്റും പ്രകാശം പൊഴിച്ചുകൊണ്ട്. മറ്റൊന്ന് അതിന്റെ പൂര്‍ണ്ണതയാണ്. ഒത്ത വൃത്തം മനസ്സില്‍ സൃഷ്ടിക്കുന്നത് സമഗ്രതയെക്കുറിച്ചുള്ള ബോധമാണ്. ഒപ്പം ചന്ദ്രന്‍ നിരന്തരമായ അന്വേഷണവുമാണ്. ഒരിക്കല്‍ പൂര്‍ണ്ണതയിലെത്തിയാല്‍ അതുപേക്ഷിച്ചിട്ട് പിന്‍ മടങ്ങുകയും വീണ്ടും പൂര്‍ണ്ണത്തിലെത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രതിഭാസമായതുകൊണ്ടും കൂടിയാവണം നിരന്തരാന്വേഷിയായ പരിവ്രാജകന്‍ സാകൂതം അതിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ബാഷോ എഴുതുന്നു :
“കുയിലിന്റെ കളകൂജനം മുളങ്കാട്ടില്‍ ഉയരുന്ന പൂര്‍ണ്ണേന്ദു പൊട്ടക്കുളത്തിലേയ്ക്കെടുത്തുചാടുന്ന പച്ചത്തവള പ്ലാപ്പ്..”

ബാഷോ വലിയ പണ്ഡിതനായിരുന്നു. സെന്‍ ബുദ്ധിസത്തില്‍ ആകൃഷ്ടനായി അദ്ദേഹം ഗുരുവായ തക്വാനെ സന്ദര്‍ശിച്ചു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. കഠിനങ്ങളായ സൂത്രങ്ങള്‍ ഉദ്ധരിച്ചു. അവസാനം ഗുരു പറഞ്ഞു:
‘ശരി നിങ്ങള്‍ വലിയ പണ്ഡിതനാണ്. വലിയ മനുഷ്യന്‍. എല്ലാം മറ്റുള്ളവരുടെ വാക്കുകള്‍. നിങ്ങളുടെ സ്വന്തമായ ഒരു വാക്യമെങ്കിലും പറയുക.‘
ബാഷോ നിശ്ശബ്ദനായി. പിന്നെയാണ് മേല്‍പ്പറഞ്ഞ കവിത ചൊല്ലിയത്.
ഗുരു ഉറക്കെ ചിരിച്ചു. ‘ഇപ്പോള്‍ ശരി.’
ആ നിമിഷം ബാഷോവിന് ബോധോദയമുണ്ടായി.

ഒരു സെന്‍ മൊഴി ഇങ്ങനെയാണ് :
ജലം കൈയിലെടുക്കുക. ചന്ദ്രനതാ നിങ്ങളുടെ കൈവെള്ളയില്‍ !
സെന്‍ എന്താണെന്നറിയാന്‍ വളരെക്കാലമായി ഒരു ഗുരുവിന്റെ ആശ്രമത്തില്‍ താമസിച്ചു പഠിച്ചു വന്ന ഒരു പെണ്‍കുട്ടി ഒരു രാത്രി മരത്തൊട്ടിയില്‍ വെള്ളം ചുമന്നുകൊണ്ടു വരികയായിരുന്നു. കാലില്‍ കല്ലു തട്ടി അവള്‍ കമിഴ്ന്നടിച്ച് വീണു. മരത്തൊട്ടി തകര്‍ന്ന് നിലത്ത് പരന്നൊഴുകിയ വെള്ളത്തില്‍ പൂര്‍ണ്ണചന്ദ്രന്‍! അതോടെ അവള്‍ക്കു ബോധോദയം സിദ്ധിച്ചു. ഒരു മലയുടെ അടിവാരത്തില്‍ കൊച്ചുകുടിലില്‍ താമസിച്ചിരുന്ന റിയോകാന്‍ എന്ന സന്ന്യാസിയുടെ ആശ്രമത്തില്‍ കള്ളന്‍ കയറി. അവിടെ ഒന്നും ഇരിപ്പില്ലെന്നു കണ്ട് പോകാന്‍ തുടങ്ങിയ കള്ളനെ പിടിച്ചു നിര്‍ത്തി ഗുരു തന്റെ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞു നല്‍കി. രാത്രി തണുപ്പത്ത് പൂര്‍ണ്ണ നഗ്നനായി വിറച്ചുകൊണ്ട് വെളിയിലിറങ്ങി നിന്നപ്പോള്‍ ആകാശത്ത് നിറചന്ദ്രന്‍ പുഞ്ചിരി തൂകി അങ്ങനെ നില്‍ക്കുന്നു. ഉടനെ ഗുരു :‘പാവം മനുഷ്യന്‍ ! അയാള്‍ക്ക് ഈ ചന്ദ്രനെകൂടി കൊടുത്തയയ്ക്കാന്‍ എനിക്കു കഴിയുന്നില്ലല്ലോ !

ചന്ദ്രന്‍ സര്‍ഗാത്മകയുടെ വഴി തുറന്നിടുന്നതെങ്ങനെയാണ് എന്നു വെളിവാക്കുന്ന ഒരു ഹൈക്കുവുണ്ട് .
“നിലാവു കണ്ട് കള്ളന്‍ തെല്ലിട നിന്നു, പാടുവാന്‍....”(ബാഷോ)

ബാഷോയ്ക്കും ആരാധ്യനായിരുന്ന കവി സെയ്ഗ്യോയ്ക്കും (പന്ത്രണ്ടാം നൂറ്റാണ്ട്) ചന്ദ്രന്‍ അടങ്ങാത്ത പ്രചോദനമായിരുന്നു.
“വാടാത്ത മലരെവിടെ മൂടാത്ത വിഹായസ്സും മാറാത്ത ചന്ദ്രികയും അവിടെയെന്റെ ആനന്ദം.”

മറ്റൊരു കവിതയില്‍ സെയ്ഗ്യോ എഴുതുന്നു :
“മേഘമൊഴിഞ്ഞുപോയ് എന്നിട്ടും ആകാശം അവ്യക്തദുഃഖം പോലെ ചന്ദ്രന്‍ ശയിക്കുന്നു, വാസന്ത മഞ്ചലില്‍.”
പൂക്കാലം വന്നപ്പോള്‍ പകലൊക്കെ ഉത്സാഹം ശരത്കാലം വന്നപ്പോള്‍ ചന്ദ്രികയിലാറാട്ട്” എന്ന് മറ്റൊരു കവിതയില്‍.

നിരന്തരപരിണാമിയായ ചന്ദ്രനെപ്പോലെ തന്നെയാണ് മനസിന്റെ ഭാവമാറ്റവും. ആഹ്ലാദിച്ചും വിഷാദിച്ചും നൊന്തും, അതീവ വൈരാഗിയായ കവിയാണ് ഇങ്ങനെ ഇന്ദ്രിയാരാമനായി തീരുന്നത്. അതു താവോ മാര്‍ഗത്തില്‍ സാദ്ധ്യമാണത്രേ. “പ്രകൃതിയെ അറിയുക’ എന്നതാണ് മോക്ഷത്തിന്റെ ആദ്യപടി. ഉള്‍ലിലും പുറത്തും ജലവുമായി ജീവിക്കുന്ന മത്സ്യത്തെപ്പോലെയാണ് മനുഷ്യന്റെ ജീവിതം. എന്നിട്ട് ജലമെവിടെ എന്ന്വേഷിച്ച് വെറുതേ ദുഃഖിക്കും! ഭൂമിയിലെ ഇരുട്ടുമാറ്റാന്‍ ആകാശത്തിലേയ്ക്കു നോക്കുക എന്നതായിരുന്നു സെന്‍ ഗുരുക്കന്മാരുടെ നടപടി. ഭൂമിയിലെ പൂക്കളെ അവര്‍ ചന്ദ്രന്റെ രോമാഞ്ചങ്ങളായി കരുതി. ചന്ദ്രന്‍ ഒന്നേയുള്ളൂ എങ്കിലും അതിനെത്ര ഭാവങ്ങളാണ്, എത്ര മുഖങ്ങളാണ് എന്നു പറഞ്ഞാണ് അവര്‍ ആശ്ചര്യപ്പെടുന്നത്. അതുകൊണ്ടാണ് ചന്ദ്രനെന്ന പ്രതീകം, വെളിപാടുകൊണ്ട കവികളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത്. പക്ഷേ ഇങ്ങനെയല്ല ഈ കവിതകള്‍ വായിക്കേണ്ടത് എന്ന് ആര്‍ എച്ച് ബ്ലിന്ത് പറയും. ‘മനസ്സിന്റെ നിറം കലരാതെ, മനസ്സുകൊണ്ട് വികലമാക്കാതെ, വസ്തുക്കളെ അതായിത്തന്നെ അവതരിപ്പിക്കുകയാണത്രേ ഇവിടെ. അതു മനസ്സിലാക്കണമെങ്കില്‍ അങ്ങനെയൊരു മനസ്സു വേണം. മനസ്സില്‍ ഒരു ചന്ദ്രന്‍ ഉദിച്ചു നില്‍ക്കണം. അനുക്ഷണജീവിതമാണ് കവിതയിലുള്ളത്‍. പൂവിരിയുന്നത് ഒരു സെന്‍ കവി വര്‍ണ്ണിക്കുന്നത് ആസ്വദിക്കണമെങ്കില്‍ ഇതളുകള്‍ക്കുള്ളില്‍ ജീവിക്കണം. അതെങ്ങനെയാണാവോ തനി ലൌകികനായ ഒരാളെങ്ങനെ അറിയാന്‍.. എങ്കിലും ഒരു കാര്യം പെട്ടെന്ന് തലയിലുദിക്കുന്നു, ചന്ദ്രോദയം പോലെ തന്നെ. . നമുക്ക്, ഭാരതീയര്‍ക്ക് ചന്ദ്രോദയം രതിയുമായി ബന്ധപ്പെട്ട കാര്യമാണ്. അച്ചീചരിതങ്ങളില്‍ മാഞ്ഞുപോകാത്ത എത്ര ചന്ദ്രോദയ വര്‍ണ്ണനകള്‍‍. ഉണ്ണുനീലിയിലെ ആ രാത്രി വര്‍ണ്ണന മൂടല്‍മഞ്ഞത്തൂടെ നടത്തിയ ദൂരമെത്ര! (ചെറുശ്ശേരി കണ്ടത് ഇലക്ട്രിക് ലൈന്‍ കമ്പികള്‍ക്കിടയിലൂടെയുള്ള ചന്ദ്രനെയല്ല. വിക്ടര്‍ യൂഗോ കണ്ടതു പോലെ അഴുകിയ കണ്ണുകളുള്ള ചന്ദ്രനെയുമല്ല). കാലഘട്ടത്തിനു പോലും ചില സാമ്യങ്ങളുണ്ട്. എന്നാല്‍ സെന്‍ കവികളില്‍ അതു തനി ആദ്ധ്യാത്മികതയും.

രണ്ട്
ഇതിപ്പോള്‍ 2007-ലെ അവസാന രാത്രിയാണ്. ഇനി ഈ രാത്രി ആവര്‍ത്തിക്കില്ല. ഈ തണുപ്പും കാറ്റും വിളക്കുകള്‍ അണഞ്ഞതുകാരണം ചുറ്റും പെയ്യുന്ന ഇരുട്ടും ആവര്‍ത്തിച്ചേക്കും. ആകാശം നിറയെ നക്ഷത്രങ്ങള്‍. പക്ഷേ ചന്ദ്രന്‍ ഇതുവരെ എത്തിയിട്ടില്ല. “വെളിച്ചത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാദ്ധ്യമല്ല,“ ഓഷോ പറഞ്ഞു : “എന്നാല്‍ ഇരുട്ടിനെ മാറ്റാം, ഒരു ചെറു തിരി കൊണ്ട്.” ചന്ദ്രന്‍ വരും.

മൂന്ന്
സെംഗ്‌സാന്‍ എന്ന ഗുരു ശിഷ്യനോട് പറഞ്ഞു : ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യാവൂ. ആഹാരം കഴിക്കുമ്പോള്‍ ആഹാരം കഴിക്കുക. പത്രം വായിക്കുമ്പോള്‍ പത്രം വായിക്കുക.
ഒരുനാള്‍ ഗുരു ആഹാരം കഴിക്കുന്നതും ഒപ്പം പത്രം വായിക്കുന്നതും ശിഷ്യന്‍ കണ്ടു. “നേരത്തേ നല്‍കിയ ഉപദേശത്തിനു വിരുദ്ധമായ കാര്യമല്ലെ അങ്ങിപ്പോള്‍ ചെയ്യുന്നത്? “ ശിഷ്യന്‍ ചോദിച്ചു.
ഗുരു പറഞ്ഞു :
“ആഹാരം കഴിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ ആഹാരം കഴിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക. മറ്റൊന്നും ചെയ്യരുത്.

നാല്
ഇനി എനിക്കുള്ള ഉപദേശം സെന്‍ ഗുരുവില്‍ നിന്ന്. “തെരെഞ്ഞെടുക്കലും പെറുക്കിയെടുക്കലും മതിയാക്കുക.” - സെങ്-ത്‌സാന്‍

13 comments:

  1. ഇതു വായിച്ചപ്പൊ ഒരു ചന്ദ്രനെ കാ‍ണാന്‍ തോന്നുന്നു. മുക്കാല്‍ വളര്‍ന്ന ഒരു ചന്ദ്രനെ രണ്ടുദിവസം മുന്‍പ് മാനത്തു കണ്ടതേയുള്ളൂ.

    നല്ല എഴുത്ത് വെള്ളെഴുത്തേ. പുതുവത്സരാശംസകള്‍.

    ReplyDelete
  2. Inspiring.

    ബാഷോവിന്റെ ആ ഹൈക്കു ഇങ്ങനെയല്ലേ?

    Hear the sweet cuckoo
    Through the big bamboo thicket
    The fullmoon filters

    യതിയുടെ പ്രേമവും ഭക്തിയും എന്ന കൃതിയില്‍ നിന്ന് ഇത്രയേ ലഭിച്ചുള്ളൂ, ഉത്തരപാദത്തിനു നന്ദി.

    ReplyDelete
  3. നന്ദി വെള്ളെഴ്ത്തേ...നവവത്സരാശംസകള്‍..

    മൂന്നാമത്തെ ഭാഗം വായിച്ചപ്പോല്‍ മറ്റൊരു കഥ ഓര്‍മ വന്നു..
    സെന്‍ ഗുരു ഒരു ബുദ്ധപ്രതിമക്കു മുന്നിലിരുന്ന് ധ്യാനിക്കുകയായിരുന്നു..രാവിലെ മുതല്‍..വെള്ളം പോലും കുടിക്കാതെ..ശിഷ്യന്‍ ഗുരുവിന്റെ ഭക്തി കണ്ട് അത്ഭുതം പൂണ്ടിരിക്കുകയായിരുന്നു. രാത്രിയായി..ഭയങ്കര തണുപ്പ്..ഗുരു ആ വിഗ്രഹം എടുത്ത് വെട്ടിപ്പൊളിച്ച് തീ കാഞ്ഞു തുടങ്ങി..ശിഷ്യന്‍ ചോദിച്ചു..
    “ഗുരോ ഇത് ശരിയോ? ഇത്ര നേരം ധ്യാനിച്ചുകൊണ്ടിരുന്ന ബുദ്ധനെ ഇങ്ങനെ ചെയ്യുന്നത് ശരിയോ?“
    ഗുരു തിരിച്ച് ചോദിച്ചു
    “ ബുദ്ധനോ? ഏത് ബുദ്ധന്‍?”...

    ReplyDelete
  4. ഇരുട്ടിന്റെ സ്വിച്ച് ആരെങ്കിലും കണ്ടുപിടിച്ചെങ്കില്‍ എന്ന് ചില പകത്സമയങ്ങളില്‍ തോന്നിയിട്ടുണ്ട്.രാത്രിയില്‍ വെളിച്ചത്തിനു സ്വിച്ചിടുമ്പോലെ ഒരു സ്വിച്ചിട്ട് ചില സമയങ്ങളെ ഇരുട്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തു നന്നായിരുന്നു.

    ReplyDelete
  5. പുതു വര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നല്ലതു വരുത്തട്ടെ.

    ReplyDelete
  6. വെളിച്ചവും ഇരുട്ടും നിമിഷങ്ങളില്‍ തന്നെ ഒളിച്ചിരിക്കുന്നു.അതിനെ താഴെ എറിഞ്ഞ്‌ പൊട്ടിച്ച്‌ നോക്കുക.

    നന്ദി.ഇനി ഞാന്‍ ചന്ദ്രനെ പഴയ്ത്‌ പോലെ കാണുകയില്ല.

    ReplyDelete
  7. ഇന്നു ഞാന്‍ ചന്ദ്രനെ കീഴടക്കി!
    ചില നിമിഷങ്ങളെങ്കിലും.
    വായനയുടെയും തീക്ഷ്ണചിന്തയുടെയും പ്രഭാപൂര്‍ണതയെ ഇങ്ങനെ കണ്ടിരിക്കുമ്പോള്‍ മറവിവരെയെങ്കിലും ഒരു നിലാവ്
    എന്നിലുദിച്ചുകഴിഞ്ഞിരിക്കുന്നു.
    വളരെ നന്ദി.
    ആശംസകള്‍.

    ReplyDelete
  8. “സൂര്യനേക്കാള്‍ നല്ലതു് ചന്ദ്രനാണു്: ചന്ദ്രന്‍ ഇരുട്ടുള്ളപ്പോള്‍ പ്രകാശിക്കുന്നു.‍ സൂര്യനോ‍ വെളിച്ചമുള്ളപ്പോഴും.“ ഐന്‍സ്റ്റൈന്‍ പറഞ്ഞ ഒരു വളിപ്പായി എവിടെയോ വായിച്ചതാണു്. ഇനി, ഇതിന്റെ copyright ഐന്‍സ്റ്റൈനോ ആ ഭ്രാന്തനോ, എന്നു് ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും.

    മൂര്‍ത്തിയുടെ കഥയോടു് ഏകദേശ സാമ്യമുള്ള ഒരു ബൈബിള്‍ ഭാഗം:

    ഒരു ശബ്ബത്തുദിവസം വിളഭൂമിയിലൂടെ പോയപ്പോള്‍ വിശപ്പുമൂലം ശിഷ്യന്മാര്‍ കതിര്‍ പറിച്ചു് തിന്നു. ശബ്ബത്തില്‍ വിഹിതമല്ലാത്ത ഈ പ്രവൃത്തിയെ
    പരീശന്മാര്‍ ചോദ്യം ചെയ്തപ്പോള്‍ യേശുവിന്റെ മറുപടി:

    "ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ദേവാലയത്തില്‍ ചെന്നു് പുരോഹിതന്മാര്‍ക്കു് മാത്രമല്ലാതെ മറ്റാര്‍ക്കും തിന്നാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നില്ലയോ?"

    ReplyDelete
  9. എല്ലാവര്‍ക്കും തിരിച്ചും ആശംസകള്‍ ..(ആഹാ അത്രയ്ക്കായോ..!)
    മൂര്‍ത്തി പറഞ്ഞ കഥയുടെ മട്ടില്‍ സാബുവിന് ഒരു മറുപടി :
    “കുടുംബമോ.. ? ഏതു കുടുംബം..?“
    പെരിങ്, ചില വരികള്‍ യതിയുടെ കലാസപര്യ എന്ന പുസ്തകത്തില്‍ നിന്നാണ്. സനാതനാ.. നമ്മുടെ നാട്ടില്‍ പൌര്‍ണ്ണമിരാത്രികളില്‍‍, അറിയാമല്ലോ, അസുഖം കൂടും എന്നൊരു വിശ്വാസമുണ്ട്. “വെളിച്ചത്തിനെന്തൊരു വെളിച്ചം“ എന്നു പറഞ്ഞയാള്‍ക്ക് തോന്നാത്ത കാര്യമാണിത്.. ഇരുട്ടാക്കേ...%$^&$#@!* !
    ബാബു, മുല്ലാകഥകളിലുള്ളതാണ് അത്.. ഒരു പക്ഷേ ഐന്‍സ്റ്റീന്‍ തമാശയ്ക്ക് എടുത്തുപയോഗിച്ചതാവും. മുല്ലയാണല്ലോ കൂടുതല്‍ പ്രാചീനന്‍. പടിഞ്ഞാറ്റേലുള്ളവര്‍ അതു കണ്ടിരിക്കണമെന്നില്ല. ദീപു, ജ്യോനന്വന്‍..!

    ReplyDelete
  10. വളരെ നല്ല കുറിപ്പ്.


    വെയിലു നനഞ്ഞ പുഴ
    രാത്രി നിലാവില്‍
    ഹൈക്കുവിനെ ഉണക്കിയെടുത്തു.

    (ഇതൊരു ഹൈക്കു ആവുമോ? ആവുമെങ്കിലും ഇല്ലെങ്കിലും ഹൈക്കു എന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെക്കൊണ്ട് ഈ പാതകം ചെയ്യിച്ചതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ് , നിങ്ങള്‍ക്ക് മാത്രമാണ് ,നിങ്ങള്‍ക്ക് തന്നെയാണ്...:))

    ReplyDelete
  11. ആദ്യവരി വസ്തുതാപരാമര്‍ശം, അടുത്ത വരി അതുമായി ബന്ധമില്ലാത്ത മറ്റൊരു പരാമര്‍ശം, മൂന്നാമത്തെ വരികൊണ്ട് ആദ്യ രണ്ടിനെയും കൂട്ടിയിണക്കുമ്പോള്‍ ആകെകൂടി ചന്ദ്രനുദിക്കും..അങ്ങനെയെന്തോ ഒരു സംഭവമാണ് ഹൈക്കു..
    നിലാവു കണ്ട് കള്ളന്‍
    തെല്ലിട നിന്നു
    പാടുവാന്‍....

    ReplyDelete
  12. നല്ല കുറിപ്പും നല്ല കമന്റുകളും...

    ReplyDelete
  13. നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.

    ReplyDelete