സംസ്കൃതത്തിന്റെ വഴി പിന്തുടര്‍ന്ന് ദീര്‍ഘകാവ്യങ്ങള്‍ക്ക് (കഥാകാവ്യങ്ങള്‍ക്ക്) നാലുവരിയായിരുന്നു നമ്മുടെ പതിവ്. ചിലപ്പോള്‍ ആശയങ്ങള്‍ നാലും കടന്ന് എട്ടിലെത്തും. അവയെയാണ് നാം യുഗ്മകമെന്നു വിളിക്കുന്നത്. എഴുത്തച്ഛനും രാമപുരത്തു വാര്യരും കുമാരനാശാനും ഈരടികളിലും കഥാകാവ്യങ്ങള്‍ ഭാവാത്മകത ചോരാതെയെഴുതാം എന്ന് മലയാളിയ്ക്കു പറഞ്ഞു തന്നു. എങ്കിലും മൂന്നു വരിയില്‍ ഭാവപ്രപഞ്ചം തീര്‍ക്കുന്ന തച്ച് മലയാളത്തില്‍ അധികമാരും പരീക്ഷിച്ചു നോക്കിയിട്ടില്ല. ഒരാളൊഴിച്ച്, ഒളപ്പമണ്ണ.
സംസ്കൃതത്തിലെ ഗായത്രി ഛന്ദസ്സുമായി അടുപ്പമുള്ള ശീലില്‍ (മൂന്നു വരി) മലയാളത്തില്‍ ഒരു ദുരന്തകാവ്യം ഒളപ്പമണ്ണ എഴുതിയിട്ടുണ്ട്. നങ്ങേമക്കുട്ടി എന്നാണതിന്റെ പേര്. പ്രസിദ്ധീകരിച്ച വര്‍ഷം 1967. മലയാളികളുടെ പ്രിയപ്പെട്ട കാവ്യം ‘രമണന്‍’ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ 31-ാം വര്‍ഷത്തില്‍. പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടി ട്യൂഷന്‍ പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകനാല്‍ ഗര്‍ഭിണിയായി, ഭ്രഷ്ടയും നിന്ദ്യയുമായി തെരുവില്‍ കൈക്കുഞ്ഞുമായി അലഞ്ഞു തിരിഞ്ഞൊടുവില്‍ കുളത്തില്‍ വീണു ജീവനൊടുക്കുന്നതാണ് നങ്ങേമക്കുട്ടിയിലെ കഥ. അതങ്ങ് വെറുതേ പറഞ്ഞു പോവുകയല്ല, ഒതുക്കിപ്പിടിച്ച വിഷാദത്തിന്റെ സ്ഥായിയില്‍ വളരെ കുറച്ചു വാക്കുകള്‍ മാത്രം ഉപയോഗിച്ച് ജീവിതം വരയ്ക്കുകയാണ്. രമണനിലെ കാല്‍പ്പനികവും വിചിത്രവുമായ (കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത അജപാലകരും കോറസ്സും കാനനഛായയിലെ ഓടക്കുഴല്‍ വായനയും....) ലോകമല്ല ഇതിലുള്ളത്. കുടുംബം പടിയടച്ച് പിണ്ഡം വച്ച കൌമാരപ്രായത്തിലുള്ള ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതകഥ ദേവകി നിലയങ്ങോട് എഴുതിയിട്ടുണ്ട്. വിശപ്പുകാരണം അവള്‍ കൈനീട്ടി യാചിച്ചു കൊണ്ട് സ്വന്തം വീട്ടു നടയില്‍ എന്നും വരുമായിരുന്നത്രേ. അവസാനം മാനക്കേടു കരുതി ആങ്ങളമാര്‍ തന്നെ കുഞ്ഞുപെങ്ങളെ അടിച്ചു കൊന്ന് കുളത്തിലിട്ടു. അത് അന്നത്തെ സമൂഹം. അങ്ങനെ എത്ര പെണ്‍കുട്ടികള്‍! (അത് ഇന്നത്തെ സമൂഹം കൂടിയല്ലേ? ശാരി... അനഘ.....) സമൂഹത്തിന്റെ നേര്‍ യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിച്ചിട്ടും പണിക്കുറതീര്‍ത്ത് വാര്‍ത്തെടുത്ത മുമ്മൂന്നു വരികളുടെ തച്ചില്‍ പരത്തിപ്പറയാതെ ദുഃഖത്തിന്റെ അഗ്നികുണ്ഡം തന്നെ ഒരുക്കി വച്ചിട്ടും രമണനോളം ജനപ്രിയത നങ്ങേമക്കുട്ടി നേടിയില്ല. പ്രണയലോലുപനായ ഒരു ചപലയുവാവിന്റെ ആത്മഹത്യ, തന്റേതല്ലാത്ത തെറ്റിനു ഒരു പതിനാലുകാരികുടിച്ചു തീര്‍ത്ത ദുരന്തങ്ങളേക്കാള്‍ വലുതായി നമുക്കു തോന്നി എന്നര്‍ത്ഥം.
എന്തുകൊണ്ട്?
ഇനി നങ്ങേമക്കുട്ടിയിലെ ചില വരികള്‍
“ചില നാള്‍ പുസ്തകത്തിന്റെ
താളു പോലെ മറിഞ്ഞു പോയ്
കാറ്റത്തിട്ടൊരു പുസ്തകം.”
“പക്ഷേ വീഴാതെ നില്‍ക്കുന്നു
നാത്തുമ്പത്തുള്ള വാചകം
നാളത്തില്‍ സ്നേഹബിന്ദു പോല്‍”
“ശ്രീലകത്തന്നു നേദിച്ചീ-
ലന്നു കോതീല കുന്തളം.
ഇതോ നേദിച്ചതിന്‍ ഫലം?”
“നിങ്ങള്‍ക്കു പുരുഷന്മാരേ
നേരമ്പോക്കാണു ജീവിതം
തീയുകൊണ്ടുള്ളൊരിക്കളി”
“കരയാന്‍ വേണ്ടിയാണല്ലോ
കുഞ്ഞേ പിറവി ഭൂമിയില്‍
നിനക്കുമറിയാം കഥ!“
ചിലതരം നൊമ്പരങ്ങള്‍ക്ക് എന്തിനാണ് കൂടുതല്‍ വ്യാഖ്യാനങ്ങള്‍.....?
“കരയാന്‍ വേണ്ടിയാണല്ലോ
ReplyDeleteകുഞ്ഞേ പിറവി ഭൂമിയില്‍
നിനക്കുമറിയാം കഥ!“
:)
raവെള്ളെഴുത്തേ, നല്ല ശ്രമം.
ReplyDeleteനന്നായി.
ReplyDeleteനല്ല അവതരണശൈലി...:)
ReplyDeletevalare nannaavunnund ividuthe postukal.. ini sthiram kaanum. ullathokke copy cheythondu ponu...
ReplyDeleteവൃത്തം:- ‘വേദഗായത്രം‘
ReplyDeleteകവിത വായിച്ചിട്ടുണ്ട്, ഈ കുറിപ്പും ഇഷ്ടമായി.
ReplyDelete:(
ReplyDelete