September 16, 2007

കാട്ടുനീതികള്‍....?

ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ പത്തു നാടോടി വിഭാഗത്തില്‍പ്പെടുന്ന യുവാക്കളെ മോഷണക്കുറ്റം ആരോപിച്ച് ജനം കയ്യില്‍ കിട്ടിയതെല്ലാം വച്ച് തല്ലിക്കൊന്നത് സെപ്റ്റംബര്‍ പതിമൂന്നിന്. മോഷണക്കുറ്റത്തിന്റെ പേരില്‍ തന്നെയാണ് പോലീസ് ബൈക്കില്‍ അതിനും ഒരാഴ്ചയ്ക്കു മുന്‍പ് ഒരു യുവാവിനെ കെട്ടി വലിച്ചതു്. റിപ്പോര്‍ട്ട് ചെയ്ത സമാനമായ സംഭവങ്ങള്‍ വേറെയുമുണ്ട്. (ആരും ഇനിയും അറിഞ്ഞിട്ടില്ലാത്തവകള്‍ വേറേ!) കൂട്ടക്കൊല നടത്തിയതും കുടിലുകത്തിച്ചതുമായ സംഭവങ്ങള്‍. കണ്ണു ചൂഴ്ന്നെടുത്തതും കെട്ടിയിട്ട് തൊലിയുരിച്ചതുമായ സംഭവങ്ങള്‍. സ്ത്രീകളെ നഗ്നകളാക്കിയും കൂട്ട ബാലാത്സംഗത്തിനു വിധേയമാക്കിയും ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇപ്പോഴും ശിക്ഷകള്‍ നടപ്പാക്കുന്നു. പത്രങ്ങള്‍ വിശേഷിപ്പിക്കുന്നതു പോലെ കാട്ടുനീതി! നമ്മുടെ ഇവിടെ, -ദൈവമറിയാതെ അദ്ദേഹത്തിന്റെ പേരില്‍ നാം വില്ലെഴുതി വച്ചിരിക്കുന്ന നാട്ടില്‍ -നടക്കുന്നില്ലേ സമാനമായ സംഭവങ്ങള്‍? വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതിയ്ക്ക് നാം പറഞ്ഞു പഠിച്ചു വച്ച നിയമങ്ങളുമായി ഒരു ബന്ധവുമില്ല. (മാധ്യമം ലക്കം 496, ഗീഥ എഴുതിയ ‘വിശപ്പെന്ന കുറ്റം’) ഒന്‍പതാം ക്ലാസ്സിലെ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആട്ടോറിക്ഷയില്‍ വന്ന 4 യുവാക്കളെ ജനം കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. ഭാഗ്യം ആരെയും തല്ലിക്കൊന്നില്ല. പക്ഷേ അതിലൊരാള്‍ താന്‍ നിരപരാധിയാണെന്നു പറഞ്ഞ് തൂങ്ങി മരിച്ചു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് പുറത്തു വന്നു. അപ്പോള്‍ കുറ്റം എന്ത്? ജനത്തിനു തോന്നിയ ചില സംശയങ്ങള്‍. പക്ഷേ ഒരു തൂക്കിക്കൊല നടന്നു കഴിഞ്ഞിരിക്കുന്നു.

കൂട്ടം കൂടുന്നവരുടെ മനസ്സിന്റെ സ്ഥായി ഒരു പ്രത്യേക വിധമായിരിക്കും. പ്രാകൃതത്വം ഉയിര്‍ത്തെഴുന്നേല്‍ക്കും. താനല്ല എന്ന ബോധമുള്ളതുകൊണ്ട് കുറ്റബോധത്തിന്റെ ആഘാതം കുറവായിരിക്കും. ഓരോ പൌരന്റെയും സ്വത്തും ജീവനും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായി അധികാരത്തിലേറുന്നവരുടെ മനോനിലയോ? ബീഹാറില്‍ ഇനി ആള്‍കൂട്ടനീതി ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും 5000 രൂപവീതം പിഴയിടാനാണ് മുഖ്യമന്ത്രി നീതിഷ്‌കുമാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചിരിക്കുന്നത്. 90% ദാരിദ്ര്യരേഖയ്ക്കു താഴെക്കഴിയുന്ന (ഇഴയുന്ന) ഭാരതീയഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ ഗ്രാമത്തിലെ താന്‍പോരിമക്കാരായ പത്തോ പതിനഞ്ചോക്രിമിനലുകള്‍ ചെയ്യുന്ന താന്തോന്നി തരത്തിന് ഇനി മുതല്‍ ‘സെസ്സ്‘ കൊടുക്കണം. ഇതാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളുടെ കൂട്ടക്കൊലയുടെ മാതൃക. പ്രബുദ്ധത തന്നെ. പല ആക്രമണങ്ങളും സംഭവിക്കുന്നത് പോലീസിന്റെ ഒത്താശയോടെയാണ്. ഇവിടെയും അവര്‍ നിഷ്ക്കളങ്കരായി മാറി നില്‍ക്കുന്നു. എന്തൊരു നീതിന്യായ വ്യവസ്ഥ! ജാനാധിപത്യമാവുമ്പോള്‍ ഇങ്ങനെയൊക്കെ വേണം. ഇങ്ങനെ കുറ്റങ്ങള്‍ക്ക് പിരിച്ചെടുക്കുന്ന തുക വച്ചു് നേതാക്കള്‍ക്ക് കുറേക്കൂടി കാര്യക്ഷമമായി അടിച്ചുപൊളിക്കാം! ഹെലികോപ്റ്ററില്‍ നിയോജകമണ്ഡലത്തില്‍ ചുറ്റി ക്രമസമാധാനം നിരീക്ഷിക്കാം.
വാല്‍ക്കഷ്ണം
1. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ സംഘടിത ആക്രമണത്തിനു വിധേയരാവുകയാണെന്ന് യു.എസ് ‘ആഗോള മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടി‘ല്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ഇന്ത്യന്‍ പോലീസ് ശുഷ്കാന്തി കാട്ടാറില്ല. സിഖ്, ഗുജറാത്ത് കലാപങ്ങളില്‍ ഒട്ടേറെ കേസുകള്‍ തീര്‍പ്പാവാതെ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഗുജറാത്തും ഛത്തെസ്‌ഗഢും മദ്ധ്യപ്രദേശും പാസ്സാക്കിയ മതനിരോധന നിയമങ്ങള്‍ മത സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്നവയുമാണ്.

2. പ്രവാചകനായ നബിയെ കാര്‍ട്ടൂണ്‍ വരച്ച് അവഹേളിച്ച സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്സിനെ വധിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളറ് നല്‍കാമെന്ന് അല്‍ ഖായിദയുടെ ഇറാക്കി തലവന്, അബു ഒമര്‍ അല്‍ ബഗ്‌ദാദി‍. ആടിനെക്കൊല്ലുന്നതുപോലെ, വിശുദ്ധമാസത്തില്‍ തന്നെ കൊല്ലാന്‍ കഴിഞ്ഞാല്‍‍ സമ്മാനത്തുക ഒന്നരലക്ഷം ഡോളറാണ് !

3. അടുത്ത കാലത്ത് ജൂതമതത്തിലേയ്ക്ക് മാറിയ മഡോണയെയും പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിനെയും കൊല്ലാന്‍ പാലസ്തീനിലെ പോപ്പുലര്‍ റസിസ്റ്റന്‍സ് സമിതിയുടെ കീഴിലുള്ള തീവ്രവാദി സംഘടന തീരുമാനമെടുത്തിട്ടുണ്ട്. മരണശിക്ഷയില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രണ്ടുപേരും ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് സംഘടന വക്താവ് മുഹമ്മദ് അബ്ദില്‍ അല്ലിന്റെ മുന്നറിയിപ്പ്.

ഈ പ്രാകൃതനീതികളെ കാട്ടുനീതിയെന്നെങ്ങെനെ വിളിക്കും?

4 comments:

  1. കൂട്ടം കൂടുന്നവരുടെ മനസ്സിന്റെ സ്ഥായി ഒരു പ്രത്യേക വിധമായിരിക്കും. പ്രാകൃതത്വം ഉയിര്‍ത്തെഴുന്നേല്‍ക്കും. താനല്ല എന്ന ബോധമുള്ളതുകൊണ്ട് കുറ്റബോധത്തിന്റെ ആഘാതം കുറവായിരിക്കും

    ശരിയാണു. മോബ് സൈക്കോളജിക്കു പിന്നില്‍ വികാരം മാത്രമാണുതാനും. യുക്തിക്കവിടെ സ്ഥാനമില്ല. മതത്തെ അധികാരത്തിനായ് ഉപയോഗിക്കുന്നവര്‍ ഇതു നല്ലവണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. മതവികാരം വൃണപ്പെടാന്‍ മുട്ടി നില്‍ക്കുന്നതും ഈ തിരിച്ചറിവിനെ പിന്‍‌പറ്റിയാണു താ‍നും.
    ലാര്‍സ് വില്‍ക്സ്, ഹുസൈന്‍, നസ്രീന്‍, മീരാ നായര്‍, റുഷ്ദി, അയോദ്ധ്യ എന്നു വേണ്ട ഇപ്പോ രാമ സേതു.. ഒരു പറ്റം ചെന്നായ്ക്കള്‍ തീരുമാനിക്കുന്നു മതവികാരം എപ്പോള്‍ വൃണപ്പെടണമെന്നും വേണ്ടന്നും..

    ReplyDelete
  2. സമാന സംഭവങ്ങള്‍ തന്നെയാണ്‍ കണ്ണൂരിലെപാര്‍ട്ടി ഗ്രാമങ്ങളീലും നടക്കുന്നതു്‌. പക്ഷെ പ്രത്യയ(അ)ശാസ്ത്രങ്ങള്ക്കും, മതശാസനകള്‍ക്കും അടിമപ്പെട്ടാല്‍ അതിലെ തെറ്റും ശരിയും തിരിച്ചറിയാനാകില്ല. നയിക്കുന്നവര്‍ അതിനൊട്ട് സമ്മതിക്കുകയുമില്ല. ബിഹാരികള്‍ ചെയ്താല്‍ തെറ്റ്, നമ്മുടെ പാര്ടി ചെയ്താല്‍ ശരി...ക്ളാസ്റൂമിലിട്ട് വിദ്യാര്ഥികളുടെ മുന്നിലിട്ട് അദ്യാപകനെ വെട്ടിക്കൊന്ന പ്രതികളെ വീരൊചിതം സ്വീകരിച്ചതും കേരളത്തില്ത്തന്നെ. ഇതില്നിന്നും മനസ്സിലാക്കുന്നത് ആരുംസമൂഹം നന്നക്കാനൊന്നുമല്ല,അവനവന്റെ ഭാഗം(തെറ്റ്)ന്യായീകരിക്കാനാണ്‍ മതതിനെയും, രാഷ്ട്രീയത്തെയും കോട്ടുപിടിക്കുന്നതു എന്നാണ്. ഞങ്ങളുടെ മതത്തിന്റെ പേരുതന്നെ സമാധാനമണെന്ന് പറയുന്നവരും,ജീവികളെ കൊന്നു തിന്നരുതെന്നു പരയുന്ന മതമായലും, കാര്‍ടൂണ്‍ കാണുംബൊഴേകും ഹാലിളകുന്നു. എന്നിട്ടും വീര വാദങ്ങള്ക്ക് ഒരു കുറവുമില്ല.

    ReplyDelete
  3. ഇതില്നിന്നും മനസ്സിലാക്കുന്നത് ആരുംസമൂഹം നന്നക്കാനൊന്നുമല്ല,അവനവന്റെ ഭാഗം(തെറ്റ്)ന്യായീകരിക്കാനാണ്‍ മതതിനെയും, രാഷ്ട്രീയത്തെയും കോട്ടുപിടിക്കുന്നതു എന്നാണ്

    എനിക്കും ശരിപോലെ തോന്നുന്നു :)

    അധികാരമാണ് മൂലകാരണം-വികാരങ്ങളെ ചൂഷണം ചെയ്യുന്നതും. അതിന് ചിലര്‍ മതത്തെ കൂട്ടുപിടിക്കുന്നു, ചിലര്‍ പ്രത്യയശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു, ചിലര്‍... മതത്തെ കൂട്ടുപിടിക്കുന്നവര്‍ സ്കോര്‍ ചെയ്യുമോ എന്ന് തോന്നുമ്പോള്‍ മതത്തെ അധികാരത്തിനായി ഉപയോഗിക്കുന്നു എന്ന് പറയും. പക്ഷേ പറയുന്നവരും പിന്നാമ്പുറത്തുകൂടെ അതുപോലൊക്കെ തന്നെ ചെയ്യുകയും ചെയ്യും. അതിനൊരു പ്രത്യയശാസ്ത്രവ്യാഖ്യാനം കൊടുക്കാനും മറക്കില്ല. അല്ലെങ്കിലൊരു വിശകലനം.

    മതവികാരം, ദാരിദ്ര്യം എല്ലാം ചൂഷണം ചെയ്യപ്പെടും, അധികാരം കിട്ടാനായി. ചിലര്‍ സൌകര്യം പോലെ ചിലതിനെ മാത്രം കുറ്റപ്പെടുത്തും-അത്രമാത്രം.

    എല്ലാവരും ഒരുപോലെ വിചാരിച്ചെങ്കിലേ ഇതിനൊരു അറുതി വരൂ. അല്ലെങ്കില്‍ മറ്റവര്‍ മുതലെടുക്കുമോ എന്ന് ഭയന്ന് അതിനുമുന്‍പ് തന്നെ സ്കോര്‍ ചെയ്യാന്‍ നോക്കും.

    ReplyDelete
  4. സൌകര്യം കിട്ടിയാൽ എല്ലാവരും വീട്ടിൽക്കൂടി കാട്ടു നീതി നടപ്പിലാക്കും.....അപ്പോൾ പിന്നെ..

    ReplyDelete