September 12, 2007

തീവ്രവാദിനി !


ലിനാ മക്‍ബൂലിന്റെ സ്വീഡിഷ് ഡോക്യുമെന്ററി തുടങ്ങുന്നത് യാതൊരു അസാധാരണത്വവും ഒറ്റനോട്ടത്തില്‍ തോന്നാത്ത ഒരു മദ്ധ്യവയസ്കയെ കാണിച്ചുകൊണ്ടാണ്. ഒരു വിമാനത്താവളത്തില്‍ ഏകാകിയായി ട്രോളി തള്ളിക്കൊണ്ടു പോകുന്ന സ്ത്രീ നമ്മെ നോക്കുന്ന ദൃശ്യത്തില്‍ ഫ്രീസു ചെയ്തിട്ട് സംവിധായിക ചോദിക്കുന്നു ‘ഇവരാണെന്ന് മനസ്സിലായോ..?ഇതാണ് ലൈലാ ഖാലിദ്. വിമാനം തട്ടിയെടുത്ത് ലോകശ്രദ്ധയെ തന്നിലേയ്ക്കു തിരിച്ചു വച്ച ആദ്യ വനിത”.

1969 ആഗസ്റ്റ് 29 നായിരുന്നു സംഭവം. റോമിലെ ലിയനാഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടില്‍ നിന്നും ടെല്‍ അവീവിലേയ്ക്കു പോകുകയായിരുന്ന TWA 840 വിമാനത്തെ രണ്ടു ഗ്രനേഡുകളും ഒരു കൈത്തോക്കുമുപയോഗിച്ച് ലൈല റാഞ്ചി ഡമാസ്ക്കസിലേയ്ക്കു കൊണ്ടു പോയി. അന്നവര്‍ക്ക് പ്രായം 24. PFLP (പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പാലസ്തീന്‍)യുടെ സജീവ പ്രവര്‍ത്തകയായിരുന്നു അവര്‍. 1948-ല്‍ ഇസ്രയേല്‍ രൂപീകൃതമായതോടെ ഹൈഫയിലെ സ്വന്തം വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം ഒഴിഞ്ഞു പോകേണ്ടി വന്നതാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ച സംഗതി എന്ന് ലൈല പറയുന്നു. സ്വന്തം ദേശത്തു നിന്നും കുടിയിറക്കപ്പെട്ടവളായി പ്രവാസിയും ആലംബഹീനയുമായി കുറേക്കാലം കഴിഞ്ഞു. ലൈലയുടെ കൌമാര മനസ്സില്‍ തിരിച്ചുപോക്കിനെക്കുറിച്ചുള്ള നിറം പതിച്ച സ്വപ്നം വീണ്ടും പാറി വീണത് ഈജിപ്‌ഷ്യന്‍ പ്രസിഡന്റായ ഗമാല്‍ അബ്ദുള്‍ നാസ്സറിന്റെ പ്രസംഗങ്ങള്‍ കേട്ടതോടേയാണ്. പക്ഷേ രാഷ്ട്രീയത്തിന്റെ പുറമ്പൂച്ചുകള്‍ക്ക് അധികം ആയുസില്ല. തന്നോടൊപ്പം വളര്‍ന്ന സ്വപ്നങ്ങള്‍ കണ്മുന്നില്‍ തകര്‍ന്നടിയുന്നത് കണ്ടപ്പോള്‍ ലൈല സ്വയം ഇറങ്ങി അസാധാരണമായ ഒരു പോരാട്ടത്തിന്.

വിമാനറാഞ്ചല്‍ ഉണ്ടാക്കിയ വലിയ നേട്ടങ്ങളിലൊന്ന്, പാലസ്തീന്‍ പ്രശ്നത്തെ ലോകസമക്ഷം കൊണ്ടു വന്നു എന്നുള്ളതാണ്. വെറും തെരുവു ലഹളയായി ലോക മാധ്യമങ്ങള്‍ അവഗണിച്ചിട്ടിരുന്ന സംഗതി അതോടെ വലിയ വാര്‍ത്തകളായി എമ്പാടും നിറഞ്ഞു. ഒരു ദിവസം കൊണ്ട് ഇരുണ്ട നിറവും നീണ്ട കണ്ണുകളും വശ്യമായ പുഞ്ചിരിയുമുള്ള അറബി പെണ്‍കുട്ടി പത്രങ്ങളുടെ മുന്‍ പേജുകളില്‍ സ്ഥാനം പിടിച്ചു, അപകടകാരിയായൊരു തീവ്രവാദിയായി. ലിനാ ഇന്റെര്‍വ്യൂ ചെയ്ത, ഇസ്രയേല്‍ വിമാനത്തിന്റെ പൈലറ്റ് അക്കാര്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. വീടും ദേശവും നഷ്ടപ്പെട്ട 8 മില്യനോളം വരുന്ന പാലസ്തീനികള്‍ക്ക് ലൈല സ്വാതന്ത്ര്യ സമര സേനാനിയാണ് അവരുടെ അഭിമാനപാത്രം.

1970-ല്‍ മറ്റൊരു വിമാനറാഞ്ചല്‍ കൂടി ലൈല ആസൂത്രണം ചെയ്തതാണ്. പൈലറ്റും യാത്രികരും ചേര്‍ന്ന് അത് പരാജയപ്പെടുത്തി. ബ്രിട്ടനില്‍ വച്ച് ലൈല അറസ്റ്റു ചെയ്യപ്പെട്ടു. വിവാദങ്ങള്‍ ഏറെ ഉണ്ടായെങ്കിലും സര്‍ക്കാരിന് അവരെ വിട്ടു കൊടുക്കേണ്ടി വന്നു. ബ്രിട്ടനില്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ലൈല പറഞ്ഞു. “പഠിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമുള്ള പണിയാണ് വിമാനം റാഞ്ചല്‍. കുട്ടികളോട് മിണ്ടാതിരിക്കാന്‍ നിങ്ങള്‍ ഒരുപാട് പ്രാവശ്യം ആക്രോശിക്കണം. ഇവിടെ എനിക്ക് ഒരു പ്രാവശ്യമേ പറയേണ്ടി വന്നുള്ളൂ.” ലൈലയ്ക്ക് പ്രണയമുണ്ടോ, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വന്ന പത്രക്കാരുടെ വായടച്ചത് ഈ മറുപടിയാണ്. ഒരു കൊടും ഭീകരിയായി വാര്‍ത്തകളില്‍ നിറയാന്‍ ഇതും ഒരു കാരണമായിട്ടുണ്ടെന്ന് ലൈല ചിരിക്കുന്നു.

14 പ്രാവശ്യം അവര്‍ക്ക് മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഭര്‍ത്താവിനോടും രണ്ടു കുട്ടികളോടുമൊപ്പം അമ്മനില്‍ ഒരു സാധാരണ ജീവിതം നയിക്കുന്നു. എന്നെങ്കിലും പാലസ്തീന്‍ സ്വതന്ത്രമാവുമെന്നും അന്ന് ഹൈഫയിലുള്ള തന്റെ വീട്ടില്‍ മടങ്ങി പോകാമെന്നും സ്വപ്നം കണ്ടു കൊണ്ട്. വെറുതെ സ്വപ്നം കാണുക മാത്രമല്ല. അതിനായി തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടു തന്നെ ജീവിക്കുന്നു അമനിലും. ലൈല വിശ്രമിക്കുന്ന ഒരു ഷോട്ട് തനിക്കെടുക്കണമെന്ന് സംവിധായികയായ ലിന ആവശ്യപ്പെടുന്നുണ്ട്. അതു വേണ്ടെന്നാണ് അവരുടെ അഭിപ്രായം. ലൈല വിശ്രമിക്കുകയാണെന്ന് ഈ സിനിമകാണുന്ന ആരും വിചാരിക്കാന്‍ പാടില്ല. എങ്കിലും ലിന നല്‍കുന്ന സമ്മാനം- ഹൈഫയില്‍ ലൈല താമസിച്ചിരുന്ന ആ പഴയ വീട്ടില്‍ നിന്നും ഇളക്കിക്കൊണ്ടു വന്ന ഒരു ടൈല്‍‌സ്- അവരുടെ എല്ലാ ദുഃഖങ്ങളെയും പുറത്തു കൊണ്ടു വരുന്നത് നാം‍ കാണുന്നു. അസാധാരണമായ കരുത്തുള്ള ഒരു സ്ത്രീ കൊച്ചുകുട്ടിയെപ്പോലെ നിരവധി ഓര്‍മ്മകളാല്‍ വിങ്ങി വിങ്ങിക്കരയുന്നു.

കുടിയിറക്കപ്പെട്ടവരുടെ മേല്‍‌വിലാസം ഇതൊക്കെയാണ്.

ചിത്രീകരണത്തിനു ശേഷം സ്വീഡനില്‍ നിന്ന് ലിന, ഫോണില്‍ ലൈലയെ വിളിക്കുന്നുണ്ട്. പലപ്രാവശ്യം ചോദിക്കണമെന്നു വിചാരിച്ചെങ്കിലും കഴിയാതെ മാറ്റി വച്ച ഒരു ചോദ്യം അവര്‍ ചോദിക്കുന്നു : “പാലസ്തീനെ ഒരു ഭീകരരാഷ്ട്രമായി ചാപ്പകുത്താന്‍ ലോകത്തിന് അവസരം നല്‍കുകയല്ലേ, സത്യത്തില്‍ ‍ലൈലയുടെ വിമാനറാഞ്ചല്‍ ചെയ്തത്...?” അതിന്റെ മറുപടി ലൈല പറയുന്നില്ല.. ആ നിശ്ശബ്ദതയിലാണ് സിനിമ അവസാനിക്കുന്നത്.

“Leila Khalid Hijacker"
Sweden/2005/58 mins
Dir. Lina Makboul

10 comments:

  1. Nice one.. Thanks for the informative post.

    ReplyDelete
  2. ഈ ലേഖനവും നന്നായി.എന്നെ സംബന്ധിച്ച് പുതിയ വിവരങ്ങളായിരുന്നു.

    ReplyDelete
  3. എനിക്കും ഇത് പുതിയ അറിവ്. നന്ദി

    ReplyDelete
  4. ഈ അറിവു പങ്കു വച്ചതിനു നന്ദി.
    :)

    ReplyDelete
  5. വെള്ളെഴുത്തേ നിന്‍ കണ്ണട മനോഹരം.

    ReplyDelete
  6. നല്ല ലേഖനം.
    കഴിഞ പോസ്റ്റില്‍ വിഷ്ണു പ്രസാദ് പറഞ്ഞതുപോലെ, എന്നും ഇവിടെ വന്നു നോക്കേണ്ടിവരും

    ReplyDelete
  7. കലാഭവനില്‍ ‘ഫിലിംസ് ഒഫ് ഡിസെയറില്‍’ വെച്ചാണോ ഇത്‌ കണ്ടത്? ‘ദി റോക്ക് സ്റ്റാര്‍ ആന്‍ഡ് ദി മുല്ലാ’ കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതണം.

    ReplyDelete
  8. :) അതെ..റോക്ക് സ്റ്റാര്‍ കാണണം എന്നു വിചാരിക്കുമ്പോഴേയ്ക്കു അതിന്റെ പ്രദര്‍ശനം കഴിഞ്ഞു പോയി...:(

    ReplyDelete
  9. സിനിമ കണ്ടിട്ടില്ല, വെള്ളെഴുത്തേ. പക്ഷെ, ലൈലയെക്കുറിച്ച് വായിച്ചിട്ടുണ്ട്.

    ReplyDelete
  10. നല്ല പരിചയപ്പെടുത്തൽ. ഇത്തരം documentaries ഒക്കെ എവിടുന്നാ കാണുന്നത് എന്ന് കൂടി ഒരു നോട്ട് ഇട്ടാൽ നമ്മളെ പോലുള്ളവർക്കൊരു സഹായമായിരുന്നു. :)

    ReplyDelete