September 3, 2007

കടലും ചൂണ്ടയും

മലയാളം മൂവി റിവ്യൂ എന്നൊരു ബ്ലോഗുണ്ടല്ലോ.. സത്യത്തില്‍ ഇങ്ങനെയൊരു ബ്ലോഗു തുടങ്ങാന്‍ പരോക്ഷ കാരണം പ്രസ്തുത ബ്ലോഗാണ്. ഞാനും ഒരു സിനിമാപ്രേമിയാണ്. ആദ്യദിവസം, അല്ലെങ്കില്‍ അടുത്ത ദിവസം കൊള്ളാമെന്നു തോന്നുന്ന സിനിമ കണ്ടില്ലെങ്കില്‍ എന്തോ പോലെയാണ്. ശ്യാമപ്രസാദിനെക്കുറച്ച് ഇഷ്ടമായതു കൊണ്ട് ഒരേകടല്‍ എന്ന സിനിമയുടെ റിവ്യൂ മേല്‍പ്പറഞ്ഞ ബ്ലോഗില്‍ വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.. അപ്പോഴാണ് ഞാന്‍ അജ്ഞാതനാ‍ണെന്നു മനസ്സിലായത്.. ഉടന്‍ ബ്ലോഗു തുടങ്ങി മേല്‍ വിലാസവുമായി ചെന്ന് ഇന്നലെ പോസ്റ്റിട്ടു. ആത്മനിഷ്ഠതയുടെ അന്തര്‍ദാഹം കൊണ്ട്, അതിനു വല്ല മറുപടിയുമുണ്ടോ എന്നു തിരക്കുമ്പോള്‍ കാണാം, ആ പോസ്റ്റവിടെ കാണാനില്ല. എന്തു കഷ്ടം.
ഇനി ഞാന്‍ എന്താണു സിനിമയെക്കുറിച്ചു പറഞ്ഞത് എന്ന്..
1. സാഹിത്യകൃതിയുമായി എത്രത്തോളം ഒത്തു പോകുന്നുണ്ട് സിനിമ എന്ന് ഒരു നിരൂപകന്‍ അന്വേഷിക്കേണ്ടതില്ല, കാരണം രണ്ടും വ്യത്യസ്തമാദ്ധ്യമങ്ങളാണ്. ദൃശ്യസംസ്കാരവും വായനാനുഭവവും രണ്ടാണ്.. പ്രേക്ഷകന്റെയും വായനക്കാരന്റെയും ഡെപ്തിനനുസരിച്ച് അഭിപ്രായങ്ങള്‍ മാറും.
2. മുറിയില്‍ കോണ്ടം സൂക്ഷിച്ചുകൂടായിരുന്നോ എന്ന മട്ടിലുള്ള നിരൂപണങ്ങള്‍ വെറും സല്ലാപങ്ങളെ ആകൂ.. നിരൂപണം ആവില്ല. രണ്ടാമത്തെകുട്ടി നാതന്റേതാണെന്ന് ദീപ്തി പറയുന്നില്ല. ബേലമാത്രം അതിന്റെ സാദ്ധ്യത പറയുന്നു എന്നു മാത്രം.. അപ്പോള്‍ അത് അങ്ങനെയാനെന്ന മട്ടില്‍ വര്‍ക്ക് ചെയ്തിരിക്കുന്നതിനൊരു സൌന്ദര്യമുണ്ട്. ധ്വനി..
3. ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് കെസ്ലോവ്സ്കി സിനിമകളുമായി ട്രീറ്റ്മെന്റില്‍ നല്ല അടുപ്പമുണ്ട്. അകലെയ്ക്ക് ‘ബ്ലൂ’വുമായും കടലിന് 'ഡെക്കലോഗു’മായും ചില സാമ്യങ്ങള്‍ ഉണ്ട്. അത്തരം കാര്യങ്ങളുടെ വിശകലം.. സിനിമയെ, പ്രത്യേകിച്ചും ഗൌരവമുള്ള സിനിമയെ-അത് അപൂര്‍വ സംഭവമാണ് മലയാളത്തില്‍‌-കൂടുതല്‍ ആസ്വാദ്യമാക്കും. അതും കൂടി വേണ്ടേ നമുക്ക് നിരൂപണം എന്ന പേരില്‍
4. ബംഗാളി നവോഥാന നോവലുകളുടെ ആദ്യകാല പശ്ചാത്തലം, കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ പുറത്തു വരാന്‍ തുടങ്ങി എന്നതാണ്..ടാഗോറിന്റെ ഘരേബായിരേ, മേഘേ ദാക്കേ താരാ(ശക്തി പദരാ‍ജഗുരു)രാത്രിഭൊരെ ബൃഷ്ടി(ബുദ്ധദേവ് ദാസ്)അങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍.. കുടുംബത്തിനുള്ളിലെ ലൈംഗികാതൃപ്തികള്‍ ഇവര്‍ കുറ്റബോധമില്ലാതെ പുറത്തു പറയാന്‍ തുടങ്ങുന്നു എന്നിടത്ത് ഒരു വലിയ വിപ്ലവമുണ്ട്. മുപ്പതോ നാല്പതോ വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രമേയം വര്‍ത്തമാനകാല മലയാള സമൂഹത്തിലെയ്ക്ക് കൊണ്ടു വരുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. സ്ത്രീയുടെ ലൈംഗികതയെ സംബന്ധിക്കുന്നതാണ് അത്. നായകനു കല്യാണം കഴിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വിവാഹം കഴിഞ്ഞാലും നായിക കന്യകയായി തന്നെയിരിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുന്ന നാടാണ് നമ്മുടേത്.. (ചന്ദ്രോത്സവം)
5. മമ്മൂട്ടി എന്ന താരത്തിനു ചുറ്റും കറങ്ങുന്ന ഒരു സ്വഭാവം അതീവ ഗൌരവം പുലര്‍ത്തുമ്പോഴും സിനിമയ്ക്കു വന്നു പോയില്ലേ...
6. ബൌദ്ധികതയുടെയും വൈകാരികതയുടെയും വടംവലിയെക്കുറിച്ചാണ് സിനിമ. അതില്‍ സംവിധായകന്റെ പക്ഷപാതം എത്രത്തോളം സാധൂകരിക്കാവുന്നതാണ്.. ?
-ഇങ്ങനെ ചില അന്വേഷണങ്ങള്‍ക്കുള്ള വഴിയാണ് കമന്റു പോയതിലൂടെ നഷ്ടമായിപ്പോയത്... :(
സാരമില്ല.. എനിക്കിവിടെ എഴുതാമല്ലോ.. ഓ.. ഞാന്‍ എഴുതിയല്ലോ!!

7 comments:

  1. വായിച്ചു. nalla സിനിമയെക്കുറിച്ച് സീരിയസ് ആയി പോസ്റ്റുകള്‍ ഇടുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ?

    ReplyDelete
  2. ലേഖനം ഒരാളുടെ അഭിപ്രായമല്ലേ ആകൂ മൂര്‍ത്തീ. ചര്‍ച്ചയ്ക്ക് മറ്റൊരു ഭംഗിയുണ്ടായിരുന്നു. അതിനുള്ള സാദ്ധ്യത നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ചാണ് എന്റെ വിഷമം..

    ReplyDelete
  3. ഇത്രയെങ്കിലും എഴുതിയതിന് തന്നെ നന്ദി.വരാനിരിക്കുന്ന ഒറ്റ ജീവിതങ്ങളുടെ കാലത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് ഒരേ കടല്‍ തോന്നിയത്.കയ്യൊപ്പിന് ശേഷം കണ്ട നല്ലൊരു സിനിമ.ശ്യാമപ്രസാദില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല :).

    http://robykurian.blogspot.com/ ഇത് കണ്ടിരിക്കുമെന്ന് കരുതുന്നു.

    ReplyDelete
  4. ഇതു കാണാന്‍ സാധിച്ചില്ല. റിലീസായപ്പോള്‍ ഞാന്‍ ഇവിടെ യു.എസില്‍ എത്തിയിരുന്നു. കാണണമെന്ന ആഗ്രഹമുണ്ട്.

    മലയാളം മൂവി റിവ്യു എഴുതുന്നയാള്‍ വളരെ peripheral ആയാണു എഴുതുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. പിന്നെ റിവ്യു ചെയ്യുന്നതില്‍ ഭൂരിഭാഗം സിനിമകളും ഇയാള്‍ എന്തിനു കാണുന്നു എന്നു ഞാന്‍ അതിശയിച്ചിട്ടുണ്ട്.

    ReplyDelete
  5. സിനിമ മമ്മൂട്ടിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടെന്ന് എനിയ്ക്കും കൂടി മനസ്സിലായി.....ബാക്കിയൊക്കെ വായിച്ചപ്പോൾ ഇത്രയും എഴുതിയത് നന്നായി എന്നും തോന്നി.

    ReplyDelete
  6. ഒരേ കടൽ കാണുന്ന കാലത്ത് ഞാനൊരു കൊച്ചുകുട്ടിയൊന്നുമായിരുന്നില്ലെങ്കിലും അന്നെനിക്ക് "ദഹിക്കാനാവാതെ" പോയ ഒരു സിനിമയായിരുന്നു അത്. പിന്നീട് സുഹൃത്തുക്കളോടൊത്ത് സിനിമ ചർച്ച ചെയ്യുമ്പോൾ അതിലെ പല സീനുകളും മനസ്സിൽ വീണ്ടം വീണ്ടും കടന്ന് വരാറുണ്ട്. എപ്പോഴെങ്കിലും ഇനിയും കാണണം എന്ന് ഉറപ്പിച്ചിട്ടുണ്ട്.

    മലയാളം മൂവീ റിവ്യൂ എന്ന ബ്ലോഗ്‌ കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. ഇത്രയും points ഉള്ള ഒരു കമന്റ്‌ ഡിലീറ്റ് ചെയ്തു എന്നത് കേട്ടിട്ട് വിഷമം തോന്നി. എന്റെ പഴയ ബ്ലോഗിലും കമന്റ്‌ moderation ഉണ്ടായിരുന്നു. സ്വന്തം പേരും ഫോട്ടോയും ഇട്ട ബ്ലോഗിൽ തെറി വിളികളെ ഭയന്നാണ് കമന്റ്‌ moderation വച്ചത്. എന്നാലും ഇത് വരെ spam അല്ലാതെ ഒരു കമന്റ്‌ പോലും ഡിലീറ്റ് ചെയ്തിട്ടില്ല. ഈ ബ്ലോഗ്‌ വായിച്ചപ്പോൾ അക്കാര്യത്തിൽ ഒരു സന്തോഷം തോന്നി.

    ഒരു സ്ത്രീയായത് കൊണ്ടാണോ എന്നറിയില്ല. ഒരേ കടൽ എന്ന സിനിമ മനസ്സിൽ വരുംബോൾ മമ്മൂട്ടിയുടെ മുഖമല്ല കേട്ടോ എനിക്കാദ്യം ഓർമ വരുന്നത്. മീര ജാസ്മിന്റെ മുഖമാണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്. ഒരു സാധാരണ മലയാളി കുടുംബിനിയായിരുന്ന കാലത്ത് സിനിമ കണ്ടത് കൊണ്ടാവാം നരേന്റെ മുഖവും, രമ്യാ കൃഷ്ണന്റെ മുഖവും അവർ ചെയ്ത കഥാപാത്രങ്ങളുമൊക്കെ ഒക്കെ ഒരേ പോലെ മനസ്സിൽ നിൽക്കുന്നുണ്ട്. അത് കൊണ്ട് പോയിന്റ്‌ 5 നോട് ഒരു വിയോജിപ്പ് തോന്നി.
    പോയിന്റ്‌ ആറ് - അതെന്താ അങ്ങനെ തോന്നാൻ എന്ന് മനസ്സിലായില്ല കേട്ടോ. സംവിധായകന് ഒരു പക്ഷപാതം ഉണ്ടായിരുന്നോ? സിനിമ ഒന്ന് കൂടി കണ്ടിട്ട് ഈ ബ്ലോഗ്‌ വീണ്ടും വായിക്കാം - ഈ കമന്റിന് മറുപടിയില്ലെങ്കിൽ. :)

    ReplyDelete