September 5, 2007

എന്തുകൊണ്ട് കെ ഇ എന്‍ ?

ഷിബു മുഹമ്മദ് പുതിയ മാധ്യമത്തിലെഴുതിയ ഒരു ലേഖനത്തിന്റെ ഹെഡ്ഡാണിത്. ഷിബുവിനെ ആദ്യം കണ്ടത് (അതോ ശ്രദ്ധിച്ചതോ) ‘പുരയ്ക്കുമേല്‍ ചാഞ്ഞ മരം‘ എന്ന ചിന്ത പുറത്തിറക്കിയ പുസ്തകത്തിലെ ലേഖകന്മാരുടെ കൂട്ടത്തിലാണ്. പുസ്തകം മറ്റൊന്നിനെക്കുറിച്ചുമല്ല, കാറ്റും വെളിച്ചവും പറഞ്ഞ് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയ്ക്ക് അനഭിമതനായ എം എന്‍ വിജയനെപ്പറ്റിയാണ്. സൈദ്ധാന്തിക വിശകലനത്തില്‍ അദ്ദേഹം എങ്ങനെ പിന്തിരിപ്പനാവുന്നു എന്നു കൂലംകഷമായി അണികളെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ടിയുണ്ടാക്കിയത്.
ഇപ്പോള്‍ ഷിബു പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കെ ഇ എന്നിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ്. നിഗ്രഹവും അനുഗ്രഹവും. കാന്തപുരം മുസ്ല്യാര്‍ ലേഖനം, ഗുജറാത്ത് ലേഖനം, വിവാദ ഓണം ലേഖനം, അച്ചുതാനന്ദ-ആള്‍ദൈവ ലേഖനം, (പിണറായി-സുധാകരന്‍) വാമൊഴിവീണ്ടെടുപ്പ് ലേഖനം തുടങ്ങിയവയിലൂടെ സമീപകാലത്ത് വിവാദവ്യവസായ രംഗത്ത് സുപ്രതിഷ്ഠി നേടിയ കെ ഇ എന്‍ എന്ന മഹാ മനീഷയെ എങ്ങനെ കേരളീയ ബുദ്ധിജീവികള്‍ കോര്‍ണര്‍ ചെയ്യുന്നു എന്നു വിശദമായി പ്രതിപാദിക്കുന്നതാണ് ലേഖനം. കെ ഇ എന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തിലെ പരമ്പരാഗത വലതന്മാരും ഇടതു തീവ്രക്കാ‍രും സംഘപരിവാരക്കാരും മുസ്ലീം മതമൌലികവാദികളും മാധ്യമലോകത്തെ പൈങ്കിളികളും അരാഷ്ട്രീയ അക്കാദമീഷ്യന്മാരും പരദൂഷണക്കാരും ഒക്കെയുണ്ട്. പാവം കെ ഇ എന്‍-ന്റെ കൂടെയോ? ആരുമില്ല പാര്‍ട്ടിയിലെ ഒരു വിഭാഗം മാത്രം!
പക്ഷേ ഷിബു പറയുന്നതുപോലെ കെ ഇ എന്‍ വാദങ്ങളും ‘പാളയത്തില്‍ കയറി അടിക്കലുകളും‘ അത്ര നിര്‍ദോഷങ്ങളാണോ? അത് പൊതു സമൂഹത്തിന്റെ നന്മയെയോ ജനാധിപത്യമൂല്യങ്ങളെയോ ലാക്കാക്കിയുള്ളതല്ലെന്നറിയാന്‍ ചുവപ്പുകണ്ണട ഊരിമാറ്റാതെ ധരിച്ചു നടക്കുന്നവര്‍ക്കൊഴികെ ഏതു പൊട്ടക്കണ്‍നനും മനസ്സിലാവും. കെ ഇ എന്റെ ലേഖനങ്ങള്‍ മാത്രമല്ല, അവയെന്തോ ഭയങ്കര സംഭവങ്ങളാണെന്നു പറഞ്ഞു കൊണ്ട് കെ ഇ എന്നെ വെള്ളപൂശാന്‍ രചിച്ച ഷിബുവിന്റെ ഈ ലേഖനം പോലും കൃത്യമായ അജണ്ടയുടെ ഭാഗമാണ്. കെ ഇ എന്‍ ശൈലി അതേ പടിയുണ്ട് ഈ ലേഖനത്തിലും.(ചില ഉദാ- “..അതിവൈകാരികസീനുകള്‍ ഉണ്ടാക്കി വീട്ടിലേയ്ക്ക് മടങ്ങിപ്പോയ പെറ്റിബൂര്‍ഷാ രാഷ്ട്രീയഭാവുകത്വത്തിന് ഫാഷിസത്തിന്റെ കവിളില്‍ കള്ളിപ്പെണ്ണേ എന്നു പറഞ്ഞ് ഒരു നുള്ളുകൊടുക്കാന്‍ മാത്രമേ കെല്‍പ്പുണ്ടായിരുന്നുള്ളൂ”. “വര്‍ഗസമരമെന്നാല്‍ കച്ചവടസിനിമകളില്‍ കാണുന്നതുപോലെ തൊഴിലാളിയും തൊഴിലാളിയും തമ്മിലുള്ള ‘തല്ലും പിടിയും’ ആണെന്ന് ധരിച്ചവര്‍ക്കാണ് ....”, “ഈയൊരു മാനസികാവസ്ഥ കേരളത്തിന്റെ സാംസ്കാരിക ശരീരത്തില്‍ പരുവായി ഉരുണ്ടുകൂടി പാഠം മാസികയിലൂടെ പരുവായി പൊട്ടിയൊലിക്കുകായിരുന്നു”.) ഈ ആലങ്കാരിക പ്രഭാഷണശൈലി ഒരേ സ്കൂളില്‍ പഠിച്ചവരായതുകൊണ്ട് കിട്ടിയതാനെന്നു നമുക്കു വെറുതേ സമാധാനിക്കാം. പക്ഷേ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാസ്തവം നമുക്ക് തിരിഞ്ഞുകിട്ടുന്നത് ഇതിലെമ്പാടും അതീനെക്കുറിച്ചു പരയുന്നതു കൊണ്ടല്ല. ഇത് എന്തിനു വേണ്ടി രചിക്കപ്പെട്ടു എന്ന് ആലോചിക്കുമ്പോഴാണ്..

11 comments:

  1. കെ.ഇ.എന്‍ എന്നാല്‍ മാര്‍ക്സിസത്തിനും മൌദൂദിസത്തിനും ഇടയിലുള്ള ഒരു പാലമാണെന്ന്‌ ഇടത്തു നിന്നു തന്നെ ചില തല്പരകക്ഷികള്‍ പറഞ്ഞതായിക്കേട്ടിട്ടുണ്ട്‌. പുഴവറ്റി രണ്ടു കരകളും ഒന്നായിക്കൊണ്ടിരിക്കെ ഇനി പ്രത്യേകിച്ചെന്തിനൊരു പാലം എന്നൊരു മറുകൂക്ക്‌ പിന്നാലെയും!

    ഇതൊക്കെ മറ്റുള്ളവരുടെ അഭിപ്രായങ്ങളാണേ. ഈ ബ്ലോഗ് അല്പം കൂടി അകലമിട്ടും ഖണ്ഡിക തിരിച്ചും എഴുതിയാല്‍ വായന കുറേക്കുടി ആയാസരഹിതമാവും എന്നു പറയാന്‍ മാത്രമാണ് വന്നത്‌. കൂട്ടത്തില്‍ ഓര്‍ത്തപ്പോള്‍ പറഞ്ഞെന്നേയുള്ളൂ..

    ReplyDelete
  2. പ്രതിപാദിത ലേഖനം വായിച്ചിട്ടില്ല അതുകൊണ്ടു അഭിപ്രായം പറയുന്നില്ല.എന്തായാലും താങ്കളുടെ ചിന്തകളുടെ തനതുനില്‍പ്പില്‍ സന്തോഷം.
    കഴിയുമെങ്കില്‍ ആ ലേഖം കൂടി സ്കാന്‍ ചെയ്തിടൂ.

    ReplyDelete
  3. യാഥാസ്ഥിതിക മാര്‍ക്സിസത്തെ, ഇസ്ലാമിക സ്വത്വവാദത്തെ അങ്ങനെ തുറന്ന് വിമര്‍ശിക്കാനാവില്ല എന്നതാണ് ഇന്നത്തെ കേരളീയാന്തരീക്ഷം. കാവിപ്പടയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ രസീറ്റുകുറ്റിയുമായി നില്‍ക്കുകയാണ്‍ ആളുകള്‍. വ്യക്തിപരമായൊ കേള്‍ക്കുന്ന (അവയില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു പ്രത്യേകിച്ച് അന്വേഷിക്കണം) കഥകളും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അത്ര നിരുപദ്രവപരമല്ല പല നിരീക്ഷണങ്ങളും.
    അകലമിട്ട് എഴുതുന്നത് എങ്ങനെയെന്ന് തിരിഞ്ഞിട്ടില്ല.. ഖണ്ഡികാകരണം തീര്‍ച്ചയായും ശ്രദ്ധിക്കാം.
    പാര്‍ട്ടിക്കാര്‍ഡുള്ളവരുടെ ലേഖനങ്ങള്‍ക്കൊക്കെയുള്ള ജഡതയുണ്ടല്ലോ.. അതു ഷിബുവിന്റെ ലേഖനത്തിലുമുണ്ട്.. മാത്രമല്ല..ദീര്‍ഘവുമാണ്.. അതുകൊണ്ട് സ്കാന്‍ ചെയ്തിടുന്നതിനോട് മനപ്പൊരുത്തം തോന്നുന്നില്ല. ആദ്യം അതില്‍ പറഞ്ഞകാര്യങ്ങള്‍ പോയിന്റുകളാക്കി തിരിച്ച് എഴുതാമെന്നാണ് വിചാരിച്ചത്. അക്ഷരത്തെറ്റുകള്‍ തിരുത്താനായാണെങ്കിലും വലുതായി എടുത്തു കൊടുക്കരുത് എന്നൊരു പ്രൈമറി സ്കൂള്‍ പാഠമുണ്ട്..നെഗറ്റീവ് ഫലമായിരിക്കും ചെയ്യുക എന്നതിനാല്‍!നല്ല ലേഖണങ്ങള്‍ തീര്‍ച്ചയായും സ്കാന്‍ ചെയ്തിടാം..

    ReplyDelete
  4. >> യാഥാസ്ഥിതിക മാര്‍ക്സിസത്തെ, ഇസ്ലാമിക സ്വത്വവാദത്തെ അങ്ങനെ തുറന്ന് വിമര്‍ശിക്കാനാവില്ല എന്നതാണ് ഇന്നത്തെ കേരളീയാന്തരീക്ഷം. കാവിപ്പടയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ രസീറ്റുകുറ്റിയുമായി നില്‍ക്കുകയാണ്‍ ആളുകള്‍.

    കാവിപ്പട എന്നുദ്ദേശിച്ചത്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ആണെങ്കില്‍, അവയില്‍ രസീതു കുറ്റിയുടെ ഏര്‍പ്പാടുള്ളത്‌ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്കു മാതമാണ്. അവരെത്തന്നെയാണുദ്ദേശിച്ചതെങ്കില്‍, മുകളില്‍പ്പറഞ്ഞതിന്റെ നേര്‍വിപരീതവശം കൂടി പരിഗണിക്കണമെന്നാണെനിക്കു പറയാനുള്ളത്‌. വിമര്‍ശിക്കപ്പെടേണ്ട പലതും വിമര്‍ശിക്കപ്പെടാതെയിരിക്കുകയും മറുവശത്ത്‌ ആക്രോശം തകര്‍ക്കുകയും ചെയ്യുന്നത്‌ കുറേ നാള്‍ കണ്ടു മനം മടുത്തു കഴിയുമ്പോള്‍ രസീത് അങ്ങോട്ടെഴുതിക്കൊടുത്ത്‌ പലരും ചെന്നെന്നിരിക്കും. ഇത്‌ ഞാന്‍ നേരിട്ടു കണ്ടു മനസ്സിലാക്കിയൊരു കാര്യമാണ്.

    ഒന്നില്‍ക്കൂടുതല്‍ പേരെ ഒരുമിച്ചെതിര്‍ക്കണമെങ്കില്‍ "right balanace" കണ്ടു പിടിക്കുക എന്നതു ശ്രമകരം തന്നെയാണ്.

    ReplyDelete
  5. വെള്ളെഴുത്തേ, കെ എ എന്നിനെ കുറിച്ചുള്ള ലേഖനം തപ്പിയെടുത്ത് വായിച്ചു.
    കെ ഇ എന്നിന്റെ വാദങളെ പറ്റി താങ്കള്‍ എങിനെ എഴുതുന്നു: “അത് പൊതു സമൂഹത്തിന്റെ നന്മയെയോ ജനാധിപത്യമൂല്യങ്ങളെയോ ലാക്കാക്കിയുള്ളതല്ലെന്നറിയാന്‍ ചുവപ്പുകണ്ണട ഊരിമാറ്റാതെ ധരിച്ചു നടക്കുന്നവര്‍ക്കൊഴികെ ഏതു പൊട്ടക്കണ്‍നനും മനസ്സിലാവും”. ചുവപ്പ് കണ്ണട എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് സി പി എം അനുഭാവം ആണെന്ന് കരുതുന്നു. ഞാന്‍ ഒരു സി പി എം അനുഭാവിയല്ല, എനിരിക്കിലും, കെ ഇ എന്‍ ഉന്നയിക്കുന്ന വാദങള്‍ താങ്കള്‍ പറയുമ്പോലെ ജനാധിപത്യ മൂല്യങള്‍ക്ക് നിരക്കാത്താതാണെന്ന് എനിക്ക് തോന്നിയിട്ടില്ല, എന്ന് മാത്രം പറയട്ടെ. മറിച്ച് സി പി എമ്മും ഇന്ത്യയിലെ “ഔദ്യോഗിക മാര്‍ക്സിസവും” പിന്‍ തുടര്‍ന്നിരുന്ന, ഒരു തരം വള്‍ഗര്‍ മാര്‍ക്സിസ്റ്റ് രീതികളെ ചോദ്യം ചെയ്യുന്ന, ദളിതുകളുടെയും, മറ്റ് പാര്‍ശ്വവല്‍ക്കൃത വിഭാഗങളുടെയും വിമര്‍ശനങളെ അഭിമുഖീകരിക്കാന്‍ കെ ഇ എന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ തോന്നല്‍.

    ReplyDelete
  6. മറിച്ച് സി പി എമ്മും “ഇന്ത്യയിലെ “ഔദ്യോഗിക മാര്‍ക്സിസവും” പിന്‍ തുടര്‍ന്നിരുന്ന, ഒരു തരം വള്‍ഗര്‍ മാര്‍ക്സിസ്റ്റ് രീതികളെ ചോദ്യം ചെയ്യുന്ന, ദളിതുകളുടെയും, മറ്റ് പാര്‍ശ്വവല്‍ക്കൃത വിഭാഗങളുടെയും വിമര്‍ശനങളെ അഭിമുഖീകരിക്കാന്‍ കെ ഇ എന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നുണ്ട്“
    ഡോഗ്മാറ്റിസത്തിന്റെ ഭാഷ പിന്തുടരാതെ ഇക്കാര്യം ആരെങ്കിലും വിശദീകരിച്ചു തരേണ്ടതായിട്ടുണ്ട്..അതാണ്‍` എന്റെ ആഗ്രഹവും..ഷിബുവിന്റെ സാക്ഷിമൊഴി മാത്രമല്ല... മുന്‍പ് പറഞ്ഞ പല ലേഖനങ്ങളും കൂട്ടി വായിക്കണം..കാന്തപുരത്തെ പോലെ ഒരാളെ കെ ഇ എന്‍ പിന്താങ്ങുന്നതും ഹമീദിനെ പോലെയൊരാളെ ഒഴിവാക്കുന്നതും എന്തിനെന്നറിയണം. ഐ എസ് എസ് നിരോധിച്ചപ്പോള്‍ മദനി ദലിത് കൂട്ടു തേടിയതില്‍ നിന്ന് എന്തു വ്യത്യാസമാണ് പുതിയ ‘ഇര“(മാനിഫെസ്റ്റോ)കള്‍ക്കുള്ളതെന്നറിയണം.
    പലസിദ്ധാന്തങ്ങളും കെ ഇ എന്‍ രൂപപ്പെടുത്തിയെടുക്കുന്നത് വ്യ്ക്തിപരമായ അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ്..അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിവാദമാകുന്നതില്‍ ആര്‍ക്കാണു ഉത്കണ്ഠ? അദ്ദേഹത്തെ ചിന്തകനാകിയേ പറ്റൂ എന്ന ശാഠ്യം ആര്‍ക്കാണിപ്പോള്‍ കേരളത്തിലുള്ളത്? ചര്‍ച്ചകളൊന്നും കൂടാതെ അദ്ദേഹത്തെ സ്വീകരിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്? ഇതൊക്കെയാണ് എന്റെ സംശയങ്ങള്‍..

    ReplyDelete
  7. നിഷ്പക്ഷ സദസുകളീല്‍ ഞാന്‍ സി പി എം അനുഭാവിയല്ല എന്നൊരുത്തന്‍ ആവര്‍ത്തിച്ചു പറയുന്നെങ്കില്‍ ഉറപ്പിച്ചോളൂ, അത് പക്കാ ചുവപ്പു കണ്ണാടിക്കാരനാണെന്ന്... cpmകാര്‍ സദസുകളില്‍ ഇടം നേടുന്നതും ഇങ്ങനെയാണ്. മേലെയൊരാള്‍ ഞാന്‍ അനുഭാവിയല്ലാന്ന് കുന്പസാരിച്ച്കണ്ടാപ്പോള്‍ എഴുതിപ്പൊയതാണെ.

    ReplyDelete
  8. പി.കുഞ്ഞിരാമന്നായര്‍ ഫാസിസ്റ്റ് ആണെന്നു കെ.ഇ.എന്നോ,ചുള്ളിക്കാടോ ഒരിക്കലും ആരോപിച്ചിട്ടില്ല. അദ്ദേഹം തന്റെ കൃതികളില്‍ സവര്‍ണ്ണഹിന്ദുക്ഷേത്രങ്ങളെയും മഹാവിഷ്ണു,മൂകാംബിക, രാമന്‍ തുടങ്ങിയ സവര്‍ണഹിന്ദു ദൈവങ്ങളെയും,വേദങ്ങളെയും യജ്ഞം,യാഗം തുടങ്ങിയ ബ്രഹ്മണാനുഷ്ഠാനഗ്ഗളെയും സവര്ണ്ണഹിന്ദുരാജാക്കന്മാരെയും പ്രകീര്‍ത്തിക്കുന്നു എന്നാണു തെളിവുസഹിതം അവര്‍ ചൂണ്ടിക്കാട്ടിയത്.ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ആ സത്യത്തിനുമുന്നില്‍ സമനിലതെറ്റിയ ആത്മവഞ്ചകരായ സവര്‍ണ്ണ പക്ഷപാതികള്‍ കെ.ഇ.എന്നെയും ചുള്ളിക്കാടിനെയും പുലഭ്യം പറയുന്നു.

    ReplyDelete
  9. കെ.ഇ.എന്‍ കാന്തപുരത്തെ പ്രകീര്‍ത്തിച്ചെഴുതിയെന്ന് ഒരാള്‍....അതില്‍ അല്‍ഭുതപ്പെടാനെന്ത്, മാര്ക്‌സിസത്തിനും മൌദൂദിസത്തിനുമിടയിലെ പാലമല്ലേ കെ.ഇ.എന്‍ എന്ന് ഒരു നരേന്ദ്ര മോഡിസ്റ്റ്!

    ഇയാള്‍ക്ക് മൌദൂദിസത്തേയോ മാര്‍ക്സിസത്തേയോ കുറിച്ച് വല്ലതും അറിയോ?....കെ.ഇ.എന്‍ തന്നെ മൌദൂദിസത്തെക്കുറിച്ച് എന്തെഴുതി എന്നറിയാന്‍ "ഖുതുബുദ്ദീന്‍ അന്‍സാരി" മാത്രം വായിച്ചാല്‍ മതി. മനുഷ്യരെ മതം പറഞ്ഞ് വേര്‍തിരിച്ചു നിര്‍ത്തി കൂട്ടക്കൊല ചെയ്യുന്ന തെമ്മാടിത്തത്തെ ന്യായീകരിക്കാന്‍ വേണ്ടി മാത്രം ബ്ലോഗെഴുതുന്ന ഒരാള്‍ക്ക് കടിച്ചു കീറാന്‍ വേണ്ടിയാണെങ്കില്‍ പോലും കെ.ഇ.എന്നിനെവായിക്കാം!

    ReplyDelete
  10. കെ.ഇ.എന്നിന്റെ ആശയങ്ങതലങ്ങളില്‍ വിയോജിപ്പുകളുള്ള ഒരാള്‍ തന്നെയാണ്‌ ഞാന്‍. എങ്കില്‍ പോലും ഫാസിസത്തിനും, മത മൗലീകവാദത്തിനും എതിരെ അദ്ധേഹം ഉയര്‍ത്തുന്ന ചില നിലപാടുകളും ചോദ്യങ്ങളും പ്രസക്തം എന്നു തന്നെയാണ്‌ കാവി കണ്ണട വെക്കത്തവന്‌ തോനുകയുള്ളൂ എന്നാണ്‌ എന്റെ കണ്ടെത്തല്‍. പിന്നെ ഉദാസീനതയോടെ ഫാസിസത്തിന്റെ കൈകളിലേയ്ക്ക്‌ അമര്‍ന്നു കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കാവിമനസ്സിനെതിരെയുള്ള വിളിച്ചുപറയലുകളില്‍ താങ്കള്‍ നീരസം അനുഭവപ്പെട്ടുവെങ്കില്‍ അതിന്‌ ഷിബു മുഹമ്മദിന്റെ ലേഖനം തേടി പോകേണ്ടതുണ്ടായിരുന്നൊ എനെന്നില്‍ സന്ദേഹമുണര്‍ത്തുന്നു, തങ്കള്‍ എന്തുകൊണ്ട്‌ ആ ലേഖനം ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ മടിക്കുന്നു എന്നുള്ള കാരണം താങ്കളുടെ പോസ്റ്റില്‍ നിന്നു തന്നെ തെളിയുന്നുണ്ട്‌. താങ്കളുടെ മനസ്സും ഇവിടെ തുറന്നു കാട്ടപ്പെടുന്നുണ്ട്‌, തീര്‍ച്ചയായും ആ കാഴ്ചയുടെ ഞെട്ടലിന്റെ ആശങ്ക ഞാനിവിടെ പങ്കുവെക്കട്ടെ. പ്രസ്തുത ലേഖനം ഞാന്‍ വായിച്ചത്‌ തന്നെയാണ്‌ . എനിക്ക്‌ അത്‌ നല്ല ഒരു മനസ്സിന്റെ ഇടപെടലായി തന്നെയാണ്‌ അന്ന് തോന്നിയത്‌.

    ഒന്നേ എനിക്ക്‌ ഓര്‍മ്മപ്പെടുത്താനുള്ളൂ ഈ കാറ്റിനുശേഷം കൊയ്യാനിരിക്കുന്ന കൊടുങ്കാറ്റില്‍ നിന്ന് അര്‍ക്കെല്ലാം മാറിനില്‍ക്കാന്‍ കഴിയും എന്ന്

    ReplyDelete
  11. ലേഖൻ വായിച്ചിട്ടില്ല, ഈ പോസ്റ്റ് വായിച്ചു. അഭിപ്രായം പറയാൻ മാത്രം വിവരം പോരാ എന്നു തോന്നുന്നു.

    ReplyDelete