ഓണപ്പതിപ്പുകളേക്കാൾ വായിക്കാനുള്ളത് ഇത്തവണത്തിലെ മാധ്യമത്തിലാണല്ലോ എന്നു തോന്നി. (27:1387) വിജു വി നായരുടെ പംക്തി, ഒറ്റാലും തെറ്റാലിയും ഈ ലക്കം മുതലാണ് ആരംഭിക്കുന്നത്. മാധ്യമം പത്രത്തിലെ വിജുവിന്റെ പഴയപംക്തിയുടെ പേരായിരുന്നു വെള്ളെഴുത്ത്. അങ്ങനെയൊന്ന് ഉണ്ടെന്നറിയുന്നത്, വളരെ കഴിഞ്ഞിട്ടാണ്. മാധ്യമം പത്രം കയ്യിൽ കിട്ടിയിരുന്നില്ല എന്നതാണ് കാരണം. സാഹിത്യേതരമായ പുസ്തകങ്ങളിലെ ആശയങ്ങളെ സമകാലിക സാമൂഹികസംഭവങ്ങളുമായി ചേർത്ത് അവതരിപ്പിക്കുന്ന ലേഖനങ്ങളായിരുന്നു, കലാകൗമുദിയുടെ സുവർണ്ണകാലത്തുള്ള വായനാനുഭവങ്ങളിലൊന്ന്. സാങ്കേതികമായ എഴുത്തുകൾ വരുന്നതിനു മുൻമ്പ് ഇംഗ്ലീഷ് കൂട്ടിക്കലർത്തിയ മിശ്രഭാഷയായിരുന്നു വിജുവിന്റെ എഴുത്തിന്റെ തനിമ. അതുമാത്രമല്ല. അതിന്റെ വേഗതയാണ് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന മറ്റൊരു പ്രത്യേകത. കൂടെ പിടിക്കാവുന്ന ഒഴുക്കല്ല അതിനുള്ളത്. അദ്ഭുതകരമായ കാര്യം, ഇപ്പോഴും മിശ്രതയ്ക്ക് കുറവുവന്നിട്ടുണ്ടെങ്കിലും എഴുത്തിന്റെ വേഗത്തിന് ലവലേശം മാറ്റമുണ്ടായിട്ടില്ലെന്ന് 'ഉദകപ്പോള' തെളിവു നൽകുന്നു. അപായഭീതി എങ്ങനെസാമൂഹികമാധ്യമങ്ങളെ സമ്പർക്കത്തിൽ നിർത്താൻ വ്യക്തിയെ സഹായിക്കുന്നു എന്ന് എന്നിതിൽ ബിജു വിശദീകരിക്കുന്നു. 'തൃപ്തിപ്പെടുത്തലും മതിയാകലും' കൂട്ടിച്ചേർത്ത് ഹെർബർട്ട് സൈമൺ ദൃഷ്ടിച്ച പുതിയ (കാലത്തിന്റെ) വാക്ക് 'സാറ്റിസ്ഫൈസ്' പുതിയ ഏകാകി സമൂഹങ്ങൾക്കും സമൂഹാംഗങ്ങൾക്കുമുള്ള ഭരതവാക്യമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു. രണ്ടാം ലോകയുദ്ധത്തിൽ പ്രതിയോഗികളായിരുന്ന റഷ്യയുടെയും ജർമ്മനിയുടെയും കാര്യത്തിൽ വേണ്ടതിലധികം ആയുധസാമഗ്രികളുണ്ടായിരുന്ന ജർമ്മനിയുടെ വിജയസാധ്യത റഷ്യയ്ക്കുമുന്നിൽ തകർന്നടിഞ്ഞതെങ്ങനെയെന്ന് ചരിത്രകാരനായ റിച്ചാർഡ് ഓവറിയുടെ വസ്തുതാന്വേഷണത്തെ വച്ചുകൊണ്ട് എത്തിച്ചേരുന്ന നിഗമനം 'തൃപ്തിയായത്രമതി'യെന്നാമ്മ്ണ്. വ്യക്തിക്കുമാത്രമല്ല, രാഷ്ട്രങ്ങൾക്കും ബാധകമാണ് ഈ നിർദ്ദേശം.
പത്തു കവിതകളാണ് മറ്റൊരു ആകർഷണം. കളത്തറ ഗോപന്റെയും എ കെ റിയാസ് മുഹമ്മദിന്റെയും സുകുമാരൻ ചാലിഗദ്ധയുടെയും ഉദയ പയ്യന്നൂരിന്റെയും ശ്രീകാന്ത് താമരശ്ശേരിയുടെയും ഹരീഷ് ശക്തിധരന്റെയും കവിതകൾ പ്രത്യേകം പ്രത്യേകം വായന ആവശ്യപ്പെടുന്നതാണ്. ജയശ്രീ പള്ളിക്കലിന്റെ ഫിസ്ക്വിന എന്ന കവിതാശീർഷകത്തിന്റെ അർത്ഥം ഫിന്നിഷിലാണ് അന്വേഷിക്കേണ്ടത്, മീൻകാരിയെന്നാണ്. ബൈബിളിലെ പ്രേതാവിഷ്ടനായ ലെഗിയോന്റെ പേരാണ് ബാബു സക്കറിയയുടെ കവിതയ്ക്ക്. വൈകാരികതയ്ക്കൊപ്പം കവിത ബൗദ്ധികതയിലേക്കുകൂടി കൂടുമാറുന്നതിന്റെ ലക്ഷനങ്ങൾ കവിതകൾക്കുണ്ട്. അതുകൊണ്ട് സമകാലികമായ സമൂഹത്തിന്റെയും ലോകത്തിന്റെയും സാംസ്കാരികതയുടെയും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത സ്വഭാവം ഏറ്റുവാങ്ങുന്ന സമാഹാരമായി ഈ പത്തു കവിതകളുംകൂടി ആഴ്ചപ്പതിപ്പിനെ മാറ്റുന്നു എന്നു പറഞ്ഞാലും ശരിയാവും.
ബി രാജീവൻ അദ്ദേഹത്തിന്റെ അഭിമുഖത്തിനെപ്പറ്റി കത്തെഴുതിയ സൗരത്ത് പി കെയ്ക്ക് നൽകുന്ന മറുപടിയിൽ "മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ എല്ലാ ആന്തരിക സ്വകാര്യതകളിൽനിന്നും മുക്തമായ തികച്ചും യുക്തിബദ്ധമായ ഒരു ആധുനിക പൗരസമൂഹപൊതുമണ്ഡലസങ്കല്പവും അതിന്റെ ശുദ്ധരാഷ്ട്രീയവും" അപ്രായോഗികമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ജാതിയെമുൻനിർത്തിയുള്ള നീക്കുപോക്കുകളുടെ പേരിൽ ശുദ്ധ ആദർശവാദികൾ ഉണ്ടാകുന്ന മാറ്റത്തെ അവഗണിക്കുന്നതിലും ആദർശാത്മകമായ ലോകം ആകാശർത്തുനിന്ന് ഇറങ്ങിവരുന്നത് കാത്തിരിക്കുന്നതിലുമുള്ള അസംബന്ധത്തെ ഒന്നുകൂടി ഊന്നി പറയുകയാണ് രാജീവൻ. ദെല്യൂസിന്റെ കീഴാളരാഷ്ട്രീയ സങ്കല്പത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ എന്നപോലെ മലയാള ഭാഷയുടെയും പശ്ചാത്തലത്തിൽ കൂടുതൽ വികസിച്ചു വരികയാണ് രാജീവന്റെ വാക്കുകളിലൂടെ എന്നാണ് " ലിബറൽ സെക്കുലറിസത്തിന്റെ കീഴാളവിരുദ്ധത" വായിച്ചപ്പോൾ അനുഭവപ്പെട്ടത്.
അബ്ദുൽ അലി ജാമൂസ് ഫലസ്തീൻ കവിയായ മഹ്മൂദ് ദർവീശിനെപ്പറ്റി നടത്തിയ അഭിമുഖം, എം ജി രാധാകൃഷ്ണന്റെ സീതാറാം യെച്ചൂരി അനുസ്മരണം. സിദ്ധാന്തങ്ങളുടെ വരവിനെപ്പറ്റി ഡോ. സി ഗോപിനാഥപിള്ളയുടെ ലേഖനം, മാർക്സ് അംബേദ്കർ ആശയപ്പൊരുത്തത്തെപ്പറ്റിയുള്ള പി പി സത്യൻ കാലോചിതമായ ആലോചന, എന്നിങ്ങനെ വായനയ്ക്ക് അനുഭവം പകരുന്ന മറ്റു വിഭവങ്ങളെപ്പറ്റിയും പറയാം.
സുഭാഷ് ഒട്ടുപുറത്തിന്റെ കഥയ്ക്ക് സലീം റഹ്മാൻ വരച്ച ചിത്രമാണ് കവർ. എഴുത്തുകാരന്റെ ചിത്രം കൊടുക്കുക എന്ന പതിവിൽനിന്നു വ്യത്യസ്തമാണിത്. സ്വാഭാവികമായും പത്രാധിപർ ഒരു കഥയെ ആഴ്ചപ്പതിപ്പിന്റെ മുഖ്യവിഭവമായി അവതരിപ്പിക്കണമെങ്കിൽ അതിൽ കഥയ്ക്കൊപ്പം കാര്യവും ഉണ്ടാവണമല്ലോ. 'ധൃതരാഷ്ടം' രാഷ്ട്രീയകഥയാണ്. മാതൃഭൂമിയിൽ അശോകൻ ചരുവിൽ എഴുതിയ 'ഫാസിസത്തിനെതിരെ ഒരു നാടകവും' കൈകാര്യം ചെയ്യുന്നത് സമകാലിക ദേശീയ രാഷ്ട്രീയത്തെയാണ്. അശോകൻ ചരുവിലിന്റെ കഥയിലെന്നപോലെ പ്രാദേശികമായി ആ വിഷയത്തെ സുഭാഷ് ചാലിച്ചെടുക്കുന്നില്ല. പകരം സമാനമായ ആശങ്കയെ രൂപകാത്മകവുമാക്കി അവതരിപ്പിക്കുകയാണ്. അതുകൊണ്ട് കഥയുടെ ഒച്ച സൗമ്യമാണ്. ചരുവിലിന്റെ കഥയിൽ ഫാസിസം പരിചിതമായ ഒരനുഭവമാണ്. അനുഭവങ്ങൾക്കു മേലുള്ള ഏകപക്ഷീയമായ കടന്നുകയറ്റമാണ്. അത് കൂടുതൽ വിവൃതമാണ്. അതിന്റെ ദിശ സൂക്ഷ്മവും പലതായി ചിതറുന്നതുമാണ്. സുഭാഷിന്റേത് സാമാന്യവത്കരിക്കാൻ പറ്റാത്ത തരത്തിലുള്ള അപരിചിതവും അപൂർവവുമായ അനുഭവാഖ്യാനമാണ്. അതിനു മൂർച്ചയേറിയ ഒറ്റക്കൊമ്പാണുള്ളത്. അതാണു വ്യത്യാസം.
മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബർ 7, 2024