September 10, 2024

കയറ്റത്തിനും ഇറക്കത്തിനും സാധ്യമല്ലാത്ത കെണികൾ

 



ഫ്രാൻസിസ് നൊറോണയുടെ ‘നിറം പിടിപ്പിച്ച കഥ’ (102:22) യുടെ തുടക്കത്തിൽ ചാത്തൂനാര് കുട്ടികളോട് പറഞ്ഞുകൊടുക്കുന്ന കുരങ്ങന്റെ വാല് ആപ്പിലായിപോകുന്ന തമാശയ്ക്ക് കഥയിൽ രണ്ടു പിരിവുകൾ കണ്ടെത്താവുന്നതാണ്. അവയിലൊന്ന്  സായ്പ്പിന്റെ കൂടെ തോക്കു ചുമന്ന് നടന്ന് മുതല കടികൊണ്ട് സ്വന്തം കാലു നഷ്ടമായ മൂപ്പനാരുടെയാണ്. കാലിനും വാലിനുംതമ്മിലുള്ള ഭാഷാപരമായ സാമ്യവും അവിടെ സാധൂകരിക്കപ്പെടും. കഥയിലെ മുഖ്യ കഥാപാത്രമായ ശശിയുടേത് അതേ കഥയുടെ രണ്ടാമത്തെ പാഠഭേദത്തിന്റേതാണ്. അയിത്തവും ശുദ്ധവുമൊന്നും നോക്കാതെ, മണ്ണാറത്തറയിലെ ‘ഓൾഡസ്റ്റ് ദ്രവീഡിയൻസിനോട്’ ഇടപെടാൻ മടിക്കാത്ത എമ്മ, വംശശുദ്ധിയെപ്പറ്റിയുള്ള വിചാരത്താൽ ശശിയിൽനിന്നു കുട്ടികൾ വേണ്ട എന്നെടുക്കുന്ന തീരുമാനത്തിലുള്ളത് ആ കെണിയാണ്.  ചീലാന്തിത്തടാകത്തിൽ എമ്മ ഫ്ലൂവിക്കിനടുത്തേക്ക് നീന്തിയടുക്കുന്ന  ശശിയെ ‘കോരുവലയിലേക്ക് കണ്ണടച്ച് കയറുന്ന മുഷിയായി’ ഉപമിക്കുന്ന വരിയും കെണിയുടെ സങ്കല്പത്തെ ഉറപ്പിക്കുന്നു.  അടിമത്തെയും ശുദ്ധാശുദ്ധത്തെയും ജാതിവിവേചനത്തെയും സംബന്ധിക്കുന്ന പ്രകടനങ്ങളെ കൂടുതൽ ഉള്ളിലേക്ക് ചുഴിഞ്ഞിറങ്ങി വിചാരത്തിനു വിധേയമാക്കുന്നു എന്നതാണ് കഥയെ ശ്രദ്ധേയമാക്കുന്ന ഭാഗം. ‘നിറം പിടിപ്പിച്ച കഥ’ എന്ന പേരുതന്നെ നോക്കുക. ചിത്രകാരനായ ശശിയുടെ  കഥയെന്ന നിലയ്ക്ക് മാത്രമല്ല, ഇരയുടെ ഭാഗത്തുനിന്നുള്ള ജാതിസംബന്ധമായ അനുഭവാഖ്യാനങ്ങളിലെല്ലാം  വൈകാരികമായ അതിശയോക്തിയുടെ നിറം പകർന്നിട്ടുണ്ടാകുമെന്ന പൊതുബോധത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ശീർഷകമാണത്.  കറുപ്പും വെളുപ്പും പോലെയുള്ള വിപരീതദ്വന്ദ്വങ്ങളിൽ കൂടുതൽ ശരിയുടെ പക്ഷം പിടിച്ചു മുന്നേറുന്നതല്ല കഥാകൃത്തിന്റെ സമീപനം. ആർ ആർ ജി ആർട്സ് സ്കൂളിൽ ചിത്രം വര പഠിക്കാൻ പോയ ശശിയെ അവിടത്തെ കുട്ടികൾ ക്രൂരമായി അപമാനിച്ചതിന്റെ പക, ശശി പിന്നീട് എമ്മയോടാണ് തീർക്കുന്നത്.  ‘ബ്രഷിന്റെ കട’ എന്ന രൂപകം ഉപയോഗിച്ചുകൊണ്ട് ഈ രണ്ടു സന്ദർഭങ്ങളെയും കഥാകൃത്ത് സമീകരിക്കുന്നത്. അപ്പോൾ എമ്മയെ അടിമയെന്നുതന്നെ തന്റെ ഭാഷയിൽ അയാൾ വിളിക്കുന്നു.

ഇല്ലാത്ത കാലിനറ്റത്ത് ചാത്തൂനാർക്ക് അനുഭവപ്പെടുന്ന ചൊറിച്ചിലും വേദനയും, പുറമേ പ്രത്യക്ഷമല്ലാത്ത ജാതിവിവേചനങ്ങൾ അനുഭവിക്കുന്ന പീഡനാത്മകമായ അപമാനാവസ്ഥയല്ലാതെ മറ്റൊന്നുമല്ല. എമ്മയുമായുള്ള വിവാഹക്കാര്യം ശശി പറയുമ്പോൾ  മുറിഞ്ഞു പോയ കാലിനറ്റത്ത് നീറുറവയുടെ തണുപ്പനുഭവിക്കുന്നതിലൂടെ മുറിച്ചു മാറ്റപ്പെട്ടെങ്കിലും നിലനിൽക്കുന്ന സാമൂഹികമായ സംവേദനാവയവമായി ജാതി കഥയിൽ മാറുന്നു. എമ്മയുടെ അയിത്തവും ശുദ്ധവുമൊന്നും നോക്കാതെയുള്ള ഇടപെടലിൽ സന്തോഷക്കണ്ണീരും അദ്ഭുതവും അയാൾക്കുണ്ടാകുന്നതിന്റെ കാരണവും അത്തരമൊരു സൗഹൃദാനുഭവത്തിന്റെ  അപൂർവതയാണ്. (ഇവിടെ ചെറിയ ഒരു നോട്ടപ്പിശകുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കഥയിൽ, മുതല കടിച്ചെടുത്ത  കാലുകൾതമ്മിൽ മാറിപ്പോയിട്ടുണ്ട)

ലോകവും  അതിനെപ്പറ്റിയുള്ള അവബോധവും ഒരുപാട് മാറിയെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യരുടെ ജനിതക അപകർഷങ്ങൾക്ക് ഒരു പ്രദേശത്തെയോ ദേശത്തെയോമാത്രം ആസ്പദമാക്കിനിൽക്കുന്ന ഉപസ്ഥിതികളല്ല ഉള്ളത് എന്നാണ് കഥ തെളിച്ചു പറയുന്നത്.  എമ്മ ആധുനിക ലോകബോധത്തിന്റെ പ്രതിനിധിയാണ്. എന്തും തുല്യമായി ഷെയർ ചെയ്യുക എന്ന അവളുടെ പ്രായോഗികത നോക്കുക. ജീവശാസ്ത്രപരവും ലിംഗപരവും ദേശപരവും സാമ്പത്തികവുമായ വിവേചനങ്ങളൊന്നും പ്രത്യക്ഷത്തിൽ അവളെ ബാധിക്കുന്നവയല്ല.  എന്നാൽ ആ അവബോധത്തിൽനിന്നുള്ള മുന്നോട്ടു പോക്കല്ല, ശശിയിൽനിന്നുള്ള കുട്ടികളെ സംബന്ധിച്ച വീക്ഷണത്തിൽ പ്രതിഫലിക്കുന്നത്. അവിടെ അവളുടെ താത്പര്യകേന്ദ്രം ആര്യന്മാരുടെ കലർപ്പില്ലാത്ത രക്തത്തിന്റെ ചരിത്രമാണ്. ശശിയുടെ ഭാഗത്തേയ്ക്കു കണ്ണയച്ചാൽ, നൂറ്റാണ്ടുകളായി ഖനീഭവിച്ച അപമാനത്തിന്റെയും അപകർഷത്തിന്റെയും കെണിക്കുള്ളിലാണെങ്കിലും പുറത്തു ചാടാനായി പതിയിരിക്കുന്ന പക അയാൾക്കുള്ളിലും ചുരമാന്തുന്നതായി കാണാം. പുറത്തും ഭാഷയിലും അയാൾ വിനയാന്വിതനാണ്. എന്നാൽ ഉള്ളിലെ ലാവ പൊട്ടിയൊലിക്കുന്നത് അയാളെ ഉപദ്രവിച്ച ജാതീയവും രാഷ്ട്രീയവുമായ പദവിസ്ഥാനങ്ങളുള്ള മനുഷ്യരുടെ നേർക്കല്ല, മറിച്ച് തന്നെ വിവാഹം ചെയ്ത സ്ത്രീയുടെ നേർക്കാണ്. നേരത്തെ പറഞ്ഞതുപോലെ എമ്മയുമായുള്ള ബന്ധം ശശിയെ അകപ്പെടുത്തുന്നത് ഒരു കെണിയിലാണ്. കഥയിലൊരിടത്ത് വിവാഹാചാരത്തിന്റെ ഭാഗമായി പന്നിയെ വേട്ടയാടി ചുമലിൽചുമന്നുകൊണ്ടുവരുന്ന ശശിയെ പന്നിയുടെത്തന്നെ ചോരയൊലിക്കുന്ന ശരീരത്തുടർച്ചയായി എമ്മ കാണുന്ന കാഴ്ചയുണ്ട്. അതുപോലെ തിരിച്ച് എമ്മയുടെ ശരീരത്തെ മണ്ണാറത്തറയിലെ ആളുകൾ കുളിപ്പിച്ചു വെടിപ്പാക്കിയ ശീമപ്പന്നിയായിട്ടാണ് കാണുന്നത്. ശശിയുടെ പദാവലിയിൽ അവൾ ഒരിടത്ത് പഞ്ഞിപ്പുഴുവും കാലുമകത്തി കിടക്കുന്ന ചത്തു മലച്ച മരത്തവളയുമാണ്.  

 കഥയുടെ തുടക്കത്തിൽ എന്നപോലെ അവസാനവും ചാത്തൂനാരുടെ വെളിപാടുണ്ട്. ഇങ്ങോട്ടു കയറിവരുന്നതുപോലെ ഇവിടുന്നുള്ള ഇറക്കവും പാടാണ് എന്ന്. അന്യാപദേശകഥ ഒരവസ്ഥയുടെ വർണ്ണനയായിരുന്നെങ്കിൽ ഈ നിഗമനം അതിന്റെ വിശകലനമാണ്. പരിണമിക്കാനാവാത്ത അകപ്പാടുകൾ ഇരുട്ടിൽത്തന്നെയാണ് ചുറ്റിത്തിരിയുന്നത്.  ഇരുട്ടിനാണ് വെളിച്ചത്തേക്കാൾ ശക്തികൂടുതലുള്ളത് എന്ന് അഗമ്പൻ വ്യക്തമാക്കുന്നു. സ്വന്തം കാലത്തിൽനിന്നും  തനിക്കു നേരെ വരുന്ന ഇരുട്ടിന്റെ കിരണങ്ങളിൽ കണ്ണുതട്ടി നിൽക്കുന്ന വ്യക്തി ആരാണോ അയാളാണ് സമകാലികൻ എന്ന്  ‘എന്താണ് സമകാലികത?’ യിൽ അദ്ദേഹം എഴുതുന്നു. പുരോഗമനപരവും ജനാധിപത്യപരവുമായ പ്രകടനപരതയ്ക്കപ്പുറത്ത് കുടിയിരിക്കുന്ന പ്രാക്തനബോധങ്ങൾ ഒരു കെണിയാണെന്നും അതിന്റെ ആന്തരിക ജീവിതം ഏതെങ്കിലും ഒരു പ്രദേശത്തിന്റേയോ വർഗത്തിന്റെയോമാത്രമായി പരിമിതപ്പെട്ടുകിടക്കുന്നതല്ലെന്നും വ്യക്തമാക്കുന്ന ഒരു രേഖയാണ് ‘നിറം പിടിപ്പിച്ച കഥ’. എന്നുവച്ചാൽ നമ്മുടേതല്ലാത്ത കാരണങ്ങളാൽ നമ്മെ മൂടിയിരിക്കുന്ന ഇരുട്ടിനെ കഥകൾ കൂടുതലായി പിടിച്ചെടുക്കുന്നു  എന്നുതന്നെയല്ലേ അർത്ഥം. 

 
2024

No comments:

Post a Comment