കുറച്ചു വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. കരമനയിലെ പെൺകുട്ടികളുടെ സ്കൂളിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കാമെന്നു സമ്മതിച്ചിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന് നിയമസഭ നടക്കുന്ന സമയമായിരുന്നതിനാൽ പങ്കെടുക്കാനായില്ല. താൻ വരുന്നില്ലെന്ന് അദ്ദേഹം അറിയിക്കുന്നത്, അദ്ദേഹം പുറപ്പെട്ടോ എന്നറിയാനായി ഫോൺ അങ്ങോട്ടു വിളിച്ചപ്പോൾമാത്രമാണ്. അപ്പോഴേക്കും കുട്ടികൾ ബെഞ്ചെല്ലാം പുറത്തു പിടിച്ചിട്ട് ഇരുന്നു കഴിഞ്ഞിരുന്നു. തൊട്ടടുത്ത് ഷൂട്ടിങ് നടക്കുന്നുണ്ട്. അവിടെനിന്ന് ആരെയെങ്കിലും കിട്ടുമോ എന്നു നോക്കിയിട്ടും നടന്നില്ല. സ്കൂളിലെ സദസ്യർ കുട്ടികളാണ്. പ്രസംഗകർക്കും വിശിഷ്ടാതിഥികൾക്കും അവരത്ര പ്രധാനപ്പെട്ട ശ്രോതാക്കളല്ല. പൂവച്ചൽ ഖാദർ അടുത്തല്ലേ താമസം, ക്ഷണിച്ചാലോ എന്നാരോ ചോദിച്ചു. തുടങ്ങാൻ ഏതാനും മിനിട്ടുകൾ മാത്രം ഉള്ള പരിപാടിയിലേക്ക് അങ്ങനെ ഒരു എഴുത്തുകാരൻ വരുമോ എന്നു സംശയമുണ്ടായിരുന്നു. വിവരം അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, “കുളിച്ചിട്ടുപോലും ഇല്ല. കുറച്ചൊന്നു വെയിറ്റു ചെയ്യാമോ, ഇപ്പോൾ ഇറങ്ങിയേക്കാം..”
നല്ല പ്രഭാഷകനുമായിരുന്നു പൂവച്ചൽ ഖാദർ. വേറെ ഏത് അതിഥി വന്നാലും ലഭിക്കാത്ത ധന്യത ചടങ്ങിനുണ്ടായി. കവിതയും പാട്ടുകളും മലയാളത്തിന്റെ പരമ്പര്യവുമായി പ്രസംഗം ഒരു ഗാനാലാപനത്തിന്റെ ഭാവഭംഗി കൈക്കൊണ്ടു. മറ്റാർക്കോ വേണ്ടി കാത്തിരുന്ന കുട്ടികളുടെ മുന്നിലേക്ക് യാതൊരുവിധ ആലഭാരങ്ങളുമില്ലാതെ വരാൻ തയ്യാറായ ഉദാരതമായ മനസിന്റെ സാന്നിദ്ധ്യവും അതിന്റെ ഭാഗമാണ്. പക്ഷേ അതുമാത്രമല്ല, അതിനു മുൻപ്, സ്കൂളിൽ അധികം ആരോടും സംസാരിക്കാത്ത, പലവിധ രോഗങ്ങളും പ്രയാസങ്ങളും കഷ്ടപ്പെടുത്തിയിരുന്ന പ്രായമായ ഒരു ടീച്ചർ കാറിൽ നിന്നിറങ്ങിയ അന്നത്തെ പ്രത്യേക അതിഥിയെ കണ്ട് സന്തോഷം കൊണ്ട് അയ്യോ എന്നു വിളിച്ചുകൊണ്ട് ഓടിവന്നു. അവരുടെ ഒരു സ്വകാര്യസന്തോഷവും ആശ്രയവുമായിരുന്നത്രേ പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ. നേരത്തെ നിശ്ചയിച്ചുവച്ചതിൽനിന്നു വ്യത്യസ്തമായി സ്വാഗതം പറയുന്ന ജോലി അവർ സ്വയം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയുള്ള സഞ്ചാരം ഒരർത്ഥത്തിൽ തൊട്ടടുത്ത തലമുറ ഉള്ളിൽകൊണ്ടുനടന്ന സ്വകാര്യസ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും ചലച്ചിത്രഗാനങ്ങളിലൂടെ രൂപം നൽകിയ മനുഷ്യനെ അടുത്തറിയാനുള്ള സൗകര്യംകൂടി കുട്ടികൾക്ക് ഒരുക്കിക്കൊടുക്കുന്നതായിരുന്നു ആ സ്വാഗതഭാഷണം. അവരത് എന്തായാലും നേരത്തെ തയ്യാറാക്കി വച്ചതായിരുന്നില്ല. ഓ എൻ വി കുറുപ്പ് പറഞ്ഞതുപോലെ ‘സിനിമാപ്പാട്ടുകൾ പ്രായോഗിക കവിതകളാണ്’ സാധാരണമനുഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ വൈകാരികജീവിതത്തിന്റെ രൂപമില്ലായ്മയ്ക്ക് കണ്ണാടി പിടിച്ചുകൊടുക്കുന്നത് ചലച്ചിത്രഗാനങ്ങളാണ്. ഏതുസന്ദർഭത്തിനും ഇണങ്ങിയവ അവിടെയുണ്ട്. പ്രിയപ്പെട്ട കവികളെന്നപോലെ ഓരോ മനുഷ്യർക്കും പ്രിയപ്പെട്ട ഗാനരചയിതാക്കളും ഉണ്ട്. അതിനർത്ഥം അവർ, ആളുകളുടെ മനസ്സിനടുത്തുനിന്ന് അവരുടെ ആത്മരഹസ്യങ്ങൾ പാട്ടിലൂടെ പറയുന്നു എന്നതാണ്.
തകരയിലെ (1980) ‘മൗനമേ...നിറയും മൗനമേ...’ എന്ന ഗാനം പൂവച്ചൽ ഖാദറിനുമാത്രം എഴുതാൻ പറ്റുന്നതായിരുന്നു എന്നു തോന്നാറുണ്ട്. ‘കല്ലിനുപോലും ചിറകുകൾ നൽകി കടന്നുപോയ കന്നിവസന്തത്തെപ്പറ്റി ഒരു പരാമർശമുണ്ട് ആ പാട്ടിൽ. ആത്മരേഖയാണത്. മാറി നിന്ന് നോക്കിക്കൊണ്ടിരിക്കുക എന്ന മട്ടിൽ, അത്രയ്ക്ക് നിശ്ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. പൊതുപരിപാടികളിൽ അധികം ഉണ്ടായിരുന്നില്ല. അവാർഡുകളുടെ വലിയ നിരയും ഇല്ല. 365 ചലച്ചിത്രങ്ങളിൽ പാട്ടുകളെഴുതി. ആൽബങ്ങളിലേതുൾപ്പടെ ആയിരത്തിൽ കവിയും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പട്ടിക. കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ കവിതാ സമാഹാരങ്ങളുമുണ്ട്. മലയാള സംഗീതം ഡേറ്റാ ബെയിസിൽ രസകരമായ ഒരു കണക്കുണ്ട്. പി ഭാസ്കരൻ 305 സിനിമകളിലും ഓ എൻ വി കുറുപ്പ് 254 വയലാർ രാമവർമ്മ 244 സിനിമകളിലും യൂസഫലി കേച്ചേരി 139 സിനിമകളിലുമാണ് പാട്ടുകൾ എഴുതിയിട്ടുള്ളതെന്നാണ്. വിശ്വസിക്കാൻ പ്രയാസം തോന്നും, അധികം പുറത്തു വെളിപ്പെടാതെ, ഒച്ചയനക്കങ്ങളില്ലാതെ, ഖാദർ ഒരാവരണം സ്വയം പുതച്ചിരുന്നു. ‘മൗനമേ... എന്ന പല്ലവി ഉച്ചസ്ഥായിയിലായതിനെപ്പറ്റി ദേവരാജൻ വിമർശനമുന്നയിച്ചിരുന്നു എന്നൊരു കഥയുണ്ട്. അതിനു സംഗീതം നൽകിയ എം ജി രാധാകൃഷ്ണനെതിരെയായിരുന്നു, അതിലെ സാഹിത്യത്തെപ്പറ്റിയായിരുന്നില്ല ആരോപണമെങ്കിലും ‘നിറയുകയും കവിയുകയും ചെയ്യുന്ന മൗനത്തിന്റെ’ ഒച്ച എന്ന അവസ്ഥയ്ക്ക് സാഹിത്യപരമായ ഒരവസ്ഥയും ഉണ്ടല്ലോ. ‘കാറ്റിലും പൂവിലും വസന്തത്തിലുമെല്ലാം നിറമായി ഒഴുകുന്ന ദുഃഖത്തെ’ അതിലെ വരികൾ അഭിസംബോധന ചെയ്യുന്നു. ‘നാഥന്റെ കാലൊച്ച കേൾക്കാനായുള്ള കാതോർത്തുള്ള ഇരിപ്പിലുള്ളതും’ (ചാമരം -1980) ഒരുതരം മൗനമാണ് ചിറകു വിരിക്കുന്നത്. ചാമരത്തിലെ മറ്റൊരു പാട്ടിൽ മൗനത്തെ അദ്ദേഹം നിർവചിക്കുന്നത്, ‘മൗനങ്ങൾ ഹൃദയനിലതൻ ജ്വലനചലനം’ എന്നാണ്. നവംബറിന്റെ നഷ്ടത്തിലെ (1982) ‘ഏകാന്തതേ.. ’ എന്ന പാട്ടിൽ അദ്ദേഹം എഴുതി : ‘വാക്കുകൾ തേടുന്ന മൗനം, സാന്ദ്രത കൂടുന്ന മൗനം....’ എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകലുടെ തുടക്കത്തിലുമായി സമൂഹത്തെ ആവേശിച്ചിരുന്ന ഏകാന്തദുഃഖത്തിന്റെ പാട്ടുകാരനായി പൂവച്ചൽ ഖാദർ അവരോധിക്കപ്പെടുകയായിരുന്നു എന്നു പറയാം. യേശുദാസിന്റെ ഉടമസ്ഥതയിലായിരുന്ന തരംഗിണിയുടെ ‘വിഷാദഗാനങ്ങൾ’ രണ്ടാം വാള്യം പൂവച്ചൽ ഖാദറിന്റെയായിരുന്നു.
ഗാനരചയിതാവെന്ന നിലയിൽ പൂവച്ചൽ ഖാദറെ സഹൃദയലോകത്തിനു പരിചയപ്പെടുത്തിയ കാറ്റുവിതച്ചവൻ (1973) എന്ന സിനിമയിലെ, ‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു, മണി മുകിൽ തേരിലിറങ്ങി’ എന്ന ഗാനം പോലെതന്നെ പ്രസിദ്ധമാണ് അതിലെ മേരി ഷൈല പാടിയ, ‘നീയെന്റെ പ്രാർത്ഥന കേട്ടു’ എന്ന ക്രിസ്ത്രീയ ഭക്തിഗാനവും. മൗനത്തിന്റെയും ദുഃഖത്തിന്റെയും തൊട്ടടുത്ത സ്ഥാനമുണ്ട്, ആത്മീയതയ്ക്ക്. തുറമുഖത്തിലെ (1979) ‘ശാന്തരാത്രി തിരുരാത്രി, പുൽക്കുടിലിൽ പൂത്തൊരു രാത്രി’ അതുപോലെ പ്രചാരം ലഭിച്ച മറ്റൊരു ക്രിസ്തീയഭക്തിഗാനമാണ്. തുറമുഖത്തിനു വേണ്ടിയാണ് ‘രാവിനിന്നൊരു പെണ്ണിന്റെ നാണം, തേൻ കടലില് ബൈത്തിന്റെ ഈണം’ എന്ന പ്രസിദ്ധമായ മാപ്പിളപ്പാട്ടിന്റെ ശീലിലുള്ള വരികളും ഖാദർ എഴുതിയത്. പതിനാലാം രാവിലെ (1979) കെ രാഘവന്റെ സംഗീതസംവിധാനത്തിലുള്ള ‘അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത് ദുആ ശെയ്ത് കരം മൊത്തി തെളിന്ത് റബ്ബേ’ എന്ന ഗാനം ഈണത്തിൽ മാത്രമല്ല സാഹിത്യപരമായും മാപ്പിളപ്പാട്ടുശൈലിയെ അനുവർത്തിക്കുന്നതാണ്. ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ഈറ്റപ്പുലിയിൽ (1983) ഉമ്മറിന്റെ കഥാപാത്രം പാടുന്ന, ‘പടച്ചോന്റെ സൃഷ്ടിയിൽ എല്ലാരുമൊന്നേ’ എന്ന ഗാനം ഇസ്ലാമികമായ സമത്വവീക്ഷണകോടിയിൽനിന്നു പിറവികൊണ്ടതാണ്. ‘ശബരി ഗിരീശാ, ശ്രീമണികണ്ഠാ ശരണം താവക ശരണം, ഈശ്വരാ ജഗദീശ്വരാ ഈ വിളി കേൾക്കൂ സർവേശ്വരാ’ (ശ്രീ അയ്യപ്പനും വാവരും -1982) ചർന്ദ്രാർക്ക വർണ്ണേശ്വരി ദേവീ, ചന്ദ്രാംശു ബിംബാധരീ..’ (അമ്മേ നാരായണാ -1984) എന്നിവകൂടി അദ്ദേഹത്തിന്റെ മതേതര ആദ്ധ്യാത്മികസൗഹൃദഭാവനയുടെ കൂട്ടത്തിൽ ചേർത്തു വയ്ക്കേണ്ടവയായി ഉണ്ട്. അറബിമലയാളം പാരമ്പര്യവഴിക്കു കൈവന്ന തമിഴ്ഭാഷാ സ്വാധീനം മലങ്കാറ്റിലെ (1980) ‘കുങ്കുമപ്പൊട്ട് പോടമ്മ, മംഗലക്കൊട്ട് കൊട്ടുങ്കളയ്യാ’ എന്ന ആദിവാസിപ്പാട്ടിൽ പ്രകടമാണ്.
കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കായലും കയറും (1979) എന്ന ചലച്ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ് പ്രണയകാല്പനികമായ ഭാവതരളതയെ അന്നത്തെ യൗവനങ്ങളിൽ പ്രതിഷ്ഠിച്ചത്. നിശ്ശബ്ദവും തീർത്തും സ്വകാര്യവുമായ ശാരീരികപ്രണയാകാംക്ഷകളാണ്, കെ വി മഹാദേവന്റെ സംഗീതസംവിധാനത്തിലുള്ള ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ, എന്ന് ചിറയിൻകീഴിലെ പെണ്ണിനോടുള്ള അപേക്ഷയിലും, ‘ശരറാന്തൽ തിരി താണു മുകിലിൻ കുടിയിൽ, മൂവന്തി പെണ്ണുറങ്ങാൻ കിടന്നു’ എന്ന പ്രകൃതി വർണ്ണനയിലും ഇതൾവിടർത്തുന്നത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘ഈ നീലിമതൻ ചാരുതയിൽ നീന്തിവരൂ..’ (ആരാത്രി-1983) രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ, ‘ഋതുമതിയായ് തെളിവാനം..’ (മഴനിലാവ് -1983), ‘ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ..’ (തമ്മിൽതമ്മിൽ -1985) എന്നിവകളിലെത്തുമ്പോൾ കുറച്ചു കൂടി പക്വമാകുന്നതു കാണാം. പ്രകൃതിയെ പശ്ചാത്തലമെന്ന നിലയ്ക്കല്ല, പരസ്പരം സംവദിക്കാനുള്ള സത്തയെന്ന നിലയിലാണ് ഖാദർ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള ഗാനങ്ങളധികവും സംബോധനകളിലോ ചോദ്യങ്ങളിലോ ആരംഭിക്കുന്നത് വെറുതെയല്ല. ‘സിന്ദൂരസന്ധ്യയ്ക്കു മൗനം, മന്ദാരക്കാടിനു മൗനം’ (ചൂള -1979), ‘പൂമാനമേ ഒരു രാഗമേഘം താ..’ (നിറക്കൂട്ട് -1985), അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ (ഒരു കുടക്കീഴിൽ-1985), ‘മന്ദാരചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമതിയേ..’ (ദശരഥം -1989). തുടങ്ങിയവ നോക്കുക.
പിന്നെയും പൂക്കുന്ന കാട് എന്ന സിനിമയിൽ ശ്യാം സംഗീതം നൽകിയ ‘എന്താണു ചേട്ടാ നെഞ്ചിളകും നോട്ടം, എന്ന ആദ്യവരി ‘നെഞ്ചിലൊരു നോട്ടം’ എന്ന നിലയ്ക്കാണ് പ്രചരിച്ചത്. അതിനാൽ സദാചാരപരമായ വിവാദം അതുകെട്ടിയുയർത്തി. തെരുവുനൃത്തത്തിന്റെ പശ്ചാത്തലത്തിലുള്ളതാണെങ്കിലും ആ പാട്ടിന്റെ വരികളിൽ അശ്ലീലാർത്ഥത്തിൽ ഒന്നുമില്ലെന്ന് നോക്കിയാലറിയാം. അതുപോലെയാണ് ആട്ടക്കലാശത്തിലെ (1983) ‘നാണമാവുന്നോ മേനി നോവുന്നോ’ എന്ന പ്രണയഗാനവും. സമാഗമശൃംഗാരത്തിന്റെ അനുരണനങ്ങളെ പിടിച്ചുപറ്റാനുള്ള ശ്രമമല്ലാതെ അവയിൽ ശ്ലീലമല്ലാത്ത കല്പനയോ പദപ്രയോഗമോ കണ്ടെടുക്കുക പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗാനങ്ങളെ ജനകീയമാക്കാൻ സാധാരണ കവികൾ പ്രയോഗിച്ചു പോരുന്ന രചനാതന്ത്രമായ ദ്വയാർത്ഥംപോലും പൂവച്ചൽ ഖാദറിന്റെ പാട്ടുകൾക്ക് അന്യമാണ്. എൺപതുകളിൽ ചലച്ചിത്രമേഖലയൊട്ടാകെ മൃദുലൈംഗികതയെ ആവേശത്തോടെ പുണർന്നപ്പോൾ അത്തരം ചിത്രങ്ങൾക്ക് കൂടുതലായി പാട്ടുകളെഴുതാൻ പൂവച്ചൽ ഖാദർക്ക് അവസരങ്ങളൊത്തുവന്നത് ചലച്ചിത്രമേഖലയിലെ സൗഹൃദങ്ങളുടെ ഭാഗമായി ആയിരിക്കാം. അഞ്ചരയ്ക്കുള്ള വണ്ടി, പ്രായപൂർത്തിയായവർക്കു മാത്രം, മിസ് പമീല, കാട്ടിലെ പെണ്ണ് തുടങ്ങി അനേകം ചിത്രങ്ങൾക്ക് ഖാദർ പാട്ടുകൾ രചിച്ചു. പൂവച്ചൽ ഖാദറിലെ കവിയെ മാറ്റി നിർത്താൻ ഒരു പരിധിവരെ ഫോർമുല ചിത്രങ്ങൾ സഹായിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. പ്രത്യേകിച്ചു സാഹിത്യഭംഗിയോ ലീനമായ ധ്വനികളോ ആവശ്യമില്ലാത്ത, സംസാരഭാഷയുമായി അടുത്തുനിൽക്കുന്ന ഗാനങ്ങളാണ് അവയ്ക്കു വേണ്ടിയിരുന്നത്. തിരിഞ്ഞു നോക്കിയാൽ വാമൊഴിയുമായി അടുത്തുനിൽക്കുന്ന ഗാനഭാഷ പൂവച്ചൽ ഖാദറിനു അപരിചിതമായിരുന്നില്ലെന്നു മനസിലാക്കാം. ‘സന്ദർഭത്തി’ലെ (1984) ‘ഡോക്ടർ സാറേ എന്റെ ഡോക്ടർ സാറേ’, ‘പണ്ടൊരു കാട്ടിലൊരാൺ സിംഹം മദിച്ചു വാണിരുന്നു’ (സംഗീതം ജോൺസൺ) എന്നീ ഗാനങ്ങൾ അവയുടെ പൂർവഗാമികളാണ്. കയത്തിലെ (1982) ‘കായൽക്കരയിൽ തനിച്ചു വന്നതു കാണാൻ നിന്നെ കാണാൻ’ എന്ന പാട്ടിൽ കാമുകനും കാമുകിയും തമ്മിലുള്ള സാധാരണ സംഭാഷണത്തിന്റെ ഘടനയിലുള്ളതാണ്. ഈ പ്രത്യേകതയാവാം കാവ്യഭംഗിയോ സാഹിത്യമേന്മയോ ആവശ്യമില്ലാത്ത പശ്ചാത്തല ഗാനങ്ങളുടെ ആവശ്യക്കാരെ അദ്ദേഹത്തിന്റെ അടുക്കലെത്തിച്ചത്.
70-കളുടെ തുടക്കംമുതൽ ഈ നൂറ്റാണ്ടിന്റെ ആദ്യദശകംവരെ പൂവച്ചൽഖാദർ സജീവമായിരുന്ന ചലച്ചിത്രഗാനമേഖല പരിശോധിക്കുന്ന വ്യക്തിയ്ക്കു് അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പരിണാമചരിത്രം നമ്മുടെ ചലച്ചിത്രങ്ങളുടെ പ്രമേയപരമായ പരിണാമത്തിന്റെകൂടി ചരിത്രമാണെന്ന് തിരിച്ചറിയാൻ പറ്റും. വിഷാദവും ഭക്തിയും പ്രണയവും ഉല്ലാസങ്ങളും ചേർന്ന ജീവിതത്തിന്റെ ഭാവവൈവിധ്യങ്ങളെ ഋജുവായും സരളമായും ഗാനരചനയിൽ ആവാഹിച്ചു, അദ്ദേഹം. ആദ്യചിത്രമായ കവിതയിൽ (1971) കവിതകളുമായിട്ടാണ് പൂവച്ചൽ ഖാദർ കടന്നുവന്നത്. അതിലൊന്നിൽ ‘ജീവിതാർത്തിയുടെ ഭാവജ്വാലകളുമായി ഓടി മരുഭൂമിയിൽ തളർന്നു വീഴുന്ന മാനിന്റെ അടുത്തുവന്ന് ഗർജ്ജിക്കുന്ന നിമിഷാങ്കുരത്തെ’പ്പറ്റിയൊരു കല്പനയുണ്ട്. ജീവിതത്തിന്റെ തീവ്രവും അനിവാര്യവുമായ നിമിഷങ്ങളെ മാറിനിന്നു കാണുക എന്ന കാഴ്ചപ്പാട് അവിടെ നിന്ന് ആരംഭിക്കുന്നതാണ് എന്നർത്ഥം. ഒരുതരത്തിൽ നിറഞ്ഞു കവിയുന്ന മൗനത്തെ കാതോർത്തു നിൽക്കാനുള്ള സിദ്ധിയുടെ ആരംഭമുഹൂർത്തം എന്നും പറയാം.
This comment has been removed by the author.
ReplyDelete