June 22, 2021

ജീവിതനാടകം : വിദ്വാൻ പി കേളുനായരുടെ ഡയറിക്കുറിപ്പുകൾ

 


ഡയറിക്കുറിപ്പുകൾ ഉടമസ്തനു പ്രയോജനമില്ലാത്ത നിധിപോലെയാണ്. മറ്റാരോടുമല്ല, സ്വന്തം മനസ്സിനോട് സംസാരിക്കാനാണ് അതെഴുതുന്നത്. എന്നാൽ ഉപയോഗിക്കുന്നത് മറ്റാരെങ്കിലുമായിരിക്കും. ഡയറിയെഴുത്തിന് മറ്റൊരു പ്രശ്നമുണ്ട് തനിക്കുമാത്രം അറിയാവുന്ന ഗൂഢമായ ചിലവാക്കുകളും പ്രയോഗങ്ങളും അതിലുണ്ടാവും. പല സംഭവങ്ങളും വികാരത്തിന്റെ ചൂടാറുന്നതിനു മുൻപെഴുതുന്നതാകയാൽ മനസ്സിന്റെ ഭാഷയ്ക്കൊപ്പം ഭാവവും കൂടിക്കലരും. മറ്റൊരു കാലത്തും അവസ്ഥയിലുമിരുന്ന് വ്യക്തി മനസ്സിലേക്ക് ഒളിഞ്ഞു നോക്കുന്ന വായനക്കാർക്ക് അതു പെട്ടെന്ന് പിടികിട്ടണമെന്നില്ല. നേരത്തെ അറിഞ്ഞു വച്ചിരിക്കുന്ന വ്യക്തിത്വത്തിന്റെ നിറം കൂട്ടാനോ അഴിക്കാനോ ആയിരിക്കും ഡയറിയെഴുത്തുകളുടെ വായന ഒരാളെ സഹായിക്കുക. എന്നാലും വ്യക്തിപരമായ അനുഭവത്തിന്റെ ഏറ്റവും സൂക്ഷ്മമായ രൂപം എന്ന നിലയ്ക്ക് അനുഭവിക്കാനിരിക്കുന്നവരുടെ മുന്നിൽ ചിലപ്പോൾ  അവ എഴുതിയ മനുഷ്യൻ ജീവിച്ചിരുന്ന കാലഘട്ടത്തെ മറ്റൊന്നുമതുവരെ ആവിഷ്കരിച്ചിട്ടില്ലാത്ത വിധത്തിൽ തുറന്നു വയ്ക്കാനും മതി.

 ചങ്ങമ്പുഴയുടെ ഡയറി അങ്ങനെയൊന്നാണ്.  1961 -ൽ സ്വരരാഗസുധ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, ചങ്ങമ്പുഴയുടെ  ‘തുടിക്കുന്ന താളുകൾ’ എന്ന ആത്മകഥയുടെ കൂടെ അദ്ദേഹം എഴുതിയിരുന്ന ചില ദിവസത്തെ ഡയറിക്കുറിപ്പുകളും കൊടുത്തിട്ടുണ്ട്. ഗർഭിണിയായ ഭാര്യ മാമ്പഴം തിന്നാൻ പാടില്ലെന്നു വിലക്കിയിട്ടും അവരത് ഒളിച്ച് കഴിച്ചതറിഞ്ഞ് വഴക്കുപറഞ്ഞതും വാശികൊണ്ട് അന്ന് ഒന്നും കഴിക്കാതെ കിടന്ന ഗാർഹിക ജീവിതവും  കൂട്ടുകാരൊന്നിച്ച് ‘വാരാംഗനകളുടെ’ കളി നോക്കി നടന്നതിനെപ്പറ്റിയുള്ള ബാഹ്യ ജീവിതവും ആസകലം പ്രണയത്തിൽ മുങ്ങി നിവരുന്ന സ്വകാര്യ ജീവിതവും  അതിലൊന്നിച്ചു വായിക്കാം. ചങ്ങമ്പുഴ പ്രഭാകരനാണ് അതിന്റെ പ്രസാധകൻ. പാൽക്കുളങ്ങരയിൽ താമസിച്ചിരുന്ന പട്ടം ജി രാമചന്ദ്രൻ നായർ, സ്ഥലവാസിയായിരുന്ന കെ സരസ്വതിയമ്മയുടെ ഡയറി കണ്ടെടുത്ത് ‘ഇരമ്പുന്ന നൊമ്പരങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു സരസ്വതിയമ്മയ്ക്ക്. എഴുത്തിന്റെ പ്രതിഫലക്കണക്കുകൾ,  ഭൂനികുതിയടച്ചത്, കോവിലിൽ വച്ച കണ്ണാടി വിളക്കിന്റെ വില, അങ്ങനെ അങ്ങനെ. കുറച്ചു ദീർഘമാണ് അവരുടെ എഴുത്തുകൾ.  ആധാരം ഉൾപ്പടെ എല്ലാം എഴുതി വച്ചിട്ട് മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. “എല്ലാ ഉത്തരവാദിത്തവും തീർത്തു. ഭഗവാനേ എന്നെ രക്ഷിക്കൂ, ഇനിയൊട്ടും താമസിക്കരുതേ” എന്ന പ്രാർത്ഥന തുടർച്ചയായിട്ടുണ്ട് ഡയറി താളുകളിൽ. എല്ലാം അടുക്കും ചിട്ടയോടെയും ചെയ്തിട്ടും അവരുടെ മരണത്തിനു ശേഷം സ്വത്തിനെപ്പറ്റി സംഘർഷം ഉണ്ടായി. സാഹിത്യകാരുപോലും അവഗണിച്ചു എന്ന് പട്ടം ജി രാമചന്ദ്രൻ എഴുതുന്നു. 1973 മുതൽ 1975 വരെയുള്ള എഴുത്തുകളാണ് പുസ്തകത്തിലുള്ളത്. 1975 ഡിസംബർ 26 നു അവർ മരിച്ചു. തുടിക്കുന്ന താളുകളിലുള്ള ചങ്ങമ്പുഴയുടെ ഡയറിക്കുറിപ്പുകൾ 1942 സെപ്റ്റംബർ മുതൽ 1944 നവംബർ വരെയുള്ളതാണ്.

ഈ രണ്ട് ഡയറിക്കുറിപ്പുകളിൽനിന്ന് വ്യത്യസ്തമാണ്, ഇ പി രാജഗോപാലൻ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച,  വിദ്വാൻ പി കേളുനായരുടേത്. ‘ജീവിതനാടകം’ എന്ന പേരാണ് അതിനു നൽകിയിരിക്കുന്നത്. ചങ്ങമ്പുഴയും സരസ്വതിയമ്മയും രോഗങ്ങൾ കാരണമാണ് മരിച്ചതെങ്കിൽ കേളുനായർ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും അനുഭവിച്ച ആത്മസംഘർഷങ്ങളിൽ കാണുന്ന സമാനത മനുഷ്യരുടെ വ്യക്തിജീവിതത്തിനും സാമൂഹിക ജീവിതത്തിനും ഇടയിലെ സമ്മർദ്ദങ്ങളുടെ ഫലമായി രൂപപ്പെടുന്നതാണെന്നതിനു ചില നിദർശനങ്ങൾ പൊതുവേയുണ്ട്. സരസ്വതിയമ്മയെപ്പോലെ ചെലവു കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. കേളുനായരെ ഗാന്ധിയൻ സദാചാരബോധവും ആദർശനിഷ്ഠയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടായിരുന്നു. സന്താന ഉത്പാദനത്തിനല്ലാതെ ഭാര്യയെ സമീപിക്കുക തെറ്റാണെന്നും  ഇടയ്ക്ക് അറിയാതെ ഉണ്ടായിപോകുന്ന കാമോദ്ദീപനം പാപമാണെന്നും കുറ്റബോധസ്വരത്തിൽ അദ്ദേഹം സ്വയം പറഞ്ഞു മനസ്സിലാക്കിക്കുന്നുണ്ട്.  ശാരീരികമായ ആനന്ദനിഷേധം, പക്ഷേ കഥകളി, തുള്ളൽ, തെയ്യം, നാടകം, സർക്കസ്, യക്ഷഗാനം, മാജിക് ഷോ, ബയോസ്കോപ്പ്, സിനിമ തുടങ്ങിയ ദൃശ്യകലകൾ ആസ്വദിക്കാൻ അദ്ദേഹത്തിനു തടസ്സമാവുന്നില്ല. മാത്രമല്ല അവയിൽ ആണ്ടു മുഴുകുന്നുമുണ്ട്. ഇതിലൊരു വൈരുദ്ധ്യമുണ്ട്. സാമൂഹികപ്രതിബദ്ധതയെപ്പറ്റിയുള്ള രൂക്ഷവിചാരത്താൽ ഇന്ദ്രിയ നിഗ്രഹം ചെയ്ത് (ഗാന്ധിയൻ സ്വാധീനമാണ് കാരണം) ശാരീരികമായ ആനന്ദത്തിൽനിന്നു വിട്ടു നിൽക്കുന്ന 20 -കളിലുള്ള ഒരു ചെറുപ്പക്കാരന് ദൃശ്യകലകളും മറ്റൊരു തരത്തിൽ ഇന്ദ്രിയാനന്ദത്തിന്റെ  ഉപാധിയാണെന്ന് തോന്നുന്നില്ല. ഒരു പക്ഷേ ഇതിനെ മറികടക്കാനായിരിക്കും കലകളിലെ സദാചാരത്തെപ്പറ്റി സ്വയം ബോധ്യം നടത്താൻ അദ്ദേഹം ശ്രമിക്കുന്നത്. (സിനിമയെപ്പറ്റിയുള്ള നിരൂപണം നോക്കുക) ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാളുടെ മനസിന്റെ ഗതിവിഗതികൾ പൂർണ്ണമായും അപഗ്രഥിക്കുക എളുപ്പമല്ല. എങ്കിലും ഇത്തരം സംഘർഷങ്ങളും കാരണവഴിയിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് അറിയാൻ കൂടുതൽ മനശ്ശാസ്ത്രപരമായ അന്വേഷണങ്ങൾ ആവശ്യമാണ്. ആത്മഹത്യോപാധികളെ തിരഞ്ഞെടുക്കുന്നതിൽ എന്തിനു വേണ്ടിയാണ് സ്വന്തം വിധി ശരീരത്തിനു മേൽ നടപ്പാക്കുന്നതെന്നതിനെ സംബന്ധിച്ച തീർപ്പുകൾ അപൂർവം ചിലരുടെ കാര്യങ്ങളിൽ ശരിയായിവരുന്നതു കാണാം. കേളുനായർ അവീൻ എന്ന മയക്കുമരുന്നാണ് മരിക്കാനായി തെരഞ്ഞെടുത്തത്.

കേളുനായർ കണ്ട സിനിമകളായി ധൈര്യശാല, ഗ്രാമീണസുന്ദരി, രാധാ എന്നിവയുടെ  പേരുകൾ കുറിപ്പിലുണ്ട്.  മംഗലാപുരത്തെ കദരി ഹിൽസിൽ കുട്ടികളുമൊന്നിച്ച്  ബയോസ്കോപ്പുകാണാൻ പോയ കാര്യവും എഴുതിയിട്ടുണ്ട്. 1929 മാർച്ച് 22 നു ക്രൗൺ തിയറ്ററിൽ പോയി ഒരു സിനിമ കണ്ടുഎന്നും അതേ ദിവസം തന്നെ രാധ സിനിമ നോക്കിയെന്നും കാണാം. ചെലവായ തുക എഴുതുന്ന കൂട്ടത്തിൽ സിനിമയ്ക്ക് 1-2-0 എന്നും 0-8-0 എന്നും രണ്ടായി തിരിച്ച് എഴുതിയിട്ടുമുണ്ട്.  ഒരു ദിവസം തന്നെ രണ്ടു സിനിമ കണ്ടു എന്നാണല്ലോ അതിനർത്ഥം. മലയാളത്തിൽ സിനിമയെന്നത് സംഭവിച്ചിട്ടില്ലാത്ത കാലത്താണ് സിനിമയോട് ഈ ആവേശം ഒരാൾ കാണിച്ചതായി വ്യക്തമാക്കുന്ന ഒരു കുറിപ്പ് മുന്നിൽ വരുന്നത്. പ്രാധാന്യം തോന്നുന്ന മറ്റൊരു വസ്തുത, 1929 ഏപ്രിൽ 7 നു (മരിക്കുന്നതിന് 11 ദിവസം മുൻപ്) കണ്ട ഒരു സിനിമയെപ്പറ്റിയുള്ള വിവരമാണ്.

“ഭാര്യയും പെങ്ങളും’ എന്ന അതിവിശേഷമായ ഇന്ത്യൻ ഫിലിം (സിനിമ) കണ്ടു. ജനങ്ങൾക്കു കൃത്യബോധവും ദേശാഭിമാനവും ഉണ്ടാക്കുന്ന ഇത്തരം ചിത്രങ്ങളാണ് വേണ്ടതെന്നും മൂരിശൃംഗാരം മുഴപ്പിക്കുന്ന ഇംഗ്ലീഷു ചിത്രങ്ങളപ്പാടെ കടലിൽ മുക്കിക്കളയേണമെന്നും എനിക്കെന്നപോലെ അവിടെ കൂടിയവർക്കെല്ലാം തോന്നിപ്പോയി.”

 കേളുനായരുടെ ഡയറിക്കുറിപ്പുകൾ എഡിറ്റുചെയ്ത ഇ പി രാജഗോപാലൻ,  കേളുനായരുടെ ഡയറിയിൽ “പ്രാധാന്യത്തോടെ ചലച്ചിത്രകാര്യങ്ങൾ വരുന്നുണ്ടെന്നും ഇന്ത്യയിൽ ഉണ്ടാവേണ്ട സിനിമയുടെ പ്രത്യയശാസ്ത്രമെന്ത് എന്ന് സൂചിപ്പിക്കുന്നിടത്തോളം  എത്തുന്നുണ്ട് ഒരു സിനിമ കണ്ടതിന്റെ കുറിപ്പെന്നും വ്യക്തമാക്കുന്നു. ‘നാട്ടിലുണ്ടാകേണ്ട ചലച്ചിത്രത്തെക്കുറിച്ചുള്ള ഒരു ആദ്യകാല നിരൂപണം എന്ന പ്രാധാന്യം ഈ ഒറ്റവാക്യത്തിനുണ്ടെന്ന്’  എഡിറ്ററുടെ അടിക്കുറിപ്പും താഴെയായി കൊടുത്തിട്ടുണ്ട്. കേളുനായരുടെ ജീവിതത്തിൽ പുലർത്തിയ ആദർശത്തിന് യോജിച്ച നിരീക്ഷണമാണിതെന്ന നിലയ്ക്ക് മാത്രമല്ല, ആദ്യകാല മലയാളചലച്ചിത്രാവലോകനങ്ങൾ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഒരാശയത്തിന്റെ ബീജരൂപത്തിലുള്ള ആവിഷ്കരണമാണ് ഈ കുറിപ്പിലുള്ളത് എന്നതുംകൂടിയാണിതിനെ ശ്രദ്ധേയമാക്കുന്നത്.  

ചലച്ചിത്രപ്രദർശനങ്ങളെയും ഇടങ്ങളെയും പറ്റിയുള്ള വിവരം ചലച്ചിത്രപ്രദർശനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചകാലം മുതൽ പത്രങ്ങളിലും ആനുകാലികങ്ങളിലും കടന്നു വരുന്നുണ്ടെങ്കിലും കണ്ട സിനിമയെപ്പറ്റിയുള്ള അഭിപ്രായക്കുറിപ്പെന്ന നിലയിൽ ഈ പരാമർശത്തിനു പ്രാധാന്യമുണ്ട്.  ആധുനിക ദൃശ്യകലാരൂപങ്ങളോട് ആസ്വാദനപരമായ താത്പര്യം കാണിച്ച വ്യക്തിയെന്ന നിലയിൽ  പരിശോധിക്കുമ്പോൾ 1928 നവംബർ 7 -നു തിരുവനന്തപുരത്ത് പ്രദർശിപ്പിച്ചു എന്നു പറയപ്പെടുന്ന വിഗതകുമാരനെപ്പറ്റിയോ അതിന്റെ നിർമ്മാണത്തെപ്പറ്റിയോ ഉള്ള ഒരു സൂചനയും ഇക്കാലയളവിലെ അദ്ദേഹത്തിന്റെ കുറിപ്പുകളിൽ കാണുന്നില്ല.  നിരന്തരം പത്രങ്ങളും ആനുകാലികങ്ങളും പുസ്തകങ്ങളും  വായിക്കുന്നതിനെപ്പറ്റിയുള്ള സൂചനയുള്ള സമൂഹവും ആളുകളുമായി ഇടപഴകി ജീവിച്ച കലാകാരൻ അതറിയാതെ പോകാൻ തക്കവണ്ണം അകലം കാസർക്കോടും  തിരുവനന്തപുരവുമായി ഉണ്ടായിരുന്നു എന്നും ന്യായമായി സംശയിക്കാവുന്നതാണ്. അതിനേക്കാൾ സാധ്യത ആസമയത്തായിരുന്നില്ല, മലയാളത്തിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത് എന്നാകുന്നു. എങ്കിലും ആ അഭാവവും കുറിപ്പുകളിൽ ശ്രദ്ധിക്കേണ്ടതാകുന്നു.

ഇ പി രാജഗോപാലിന്റെ എഡിറ്റിംഗും ‘കാലപ്രമാണ’മെന്ന അവതരണക്കുറിപ്പുമാണ് പുസ്തകത്തെ ആകർഷകവും വായിപ്പിക്കുന്നതുമാക്കുന്ന പ്രധാന ഘടകം.  നാൾവഴിക്കുറിപ്പുകൾ എന്ന നിലയ്ക്ക് അതിവേഗം വായിച്ച് പ്രത്യേകിച്ചു പ്രാധാന്യമൊന്നും തോന്നാതെ അവഗണിച്ചേക്കാവുന്ന വിവരങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ അടിക്കുറിപ്പ് എഴുതി ചേർത്തതുകൊണ്ട് എങ്ങനെയാണ് ഈ കുറിപ്പുകൾ വായിക്കേണ്ടതെന്നതിനെപ്പറ്റി ഒരു മാർഗനിർദ്ദേശം ലഭിക്കും. നൂറോളം വർഷങ്ങൾക്കപ്പുറത്ത് ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആർക്കും വായിക്കാനല്ലാതെ കുറിച്ചിട്ട ദിനസരികളിൽ, ചില വാക്കുകളും വസ്തുതകളും ചൂണ്ടിക്കാട്ടി, അവയുടെ അർത്ഥവും ആശയവുമെന്താണെന്ന് കുറിച്ചു വച്ചുകൊണ്ട്, എങ്ങനെ കേളുനായർ എന്നു പേരുള്ള, അകാലത്തിൽ പൊലിഞ്ഞ ഒരു കാസർകോടുകാരനായ യുവാവ്, കലാകാരൻ, കലാസ്വാദകൻ, സാമൂഹികപ്രവർത്തകൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ കാലത്തിനും പ്രാദേശിക ഭൂമിശാസ്ത്രത്തിനും അപ്പുറം കണ്ടു ജീവിച്ച മനുഷ്യനായത് എന്നാണ് എഡിറ്ററുടെ അടിക്കുറിപ്പുകൾ സാക്ഷ്യപ്പെടുത്തി തരുന്നത്. ഈ സ്വകാര്യക്കുറിപ്പുകളെ അനുഭവമൂല്യവും ചരിത്രമൂല്യവും രാഷ്ട്രീയമൂല്യവും ഒത്തിണങ്ങിയ വ്യവഹാരരൂപമാക്കി അവതരിപ്പിക്കുന്നതിലൂടെ ഇ പി രാജഗോപാലൻ ഡയറിക്കുറിപ്പുകളുടെ വായനയെ സാഹിത്യനിരൂപണത്തിന്റെ  ഭാഗമാക്കി മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ അവതാരികയും അടിക്കുറിപ്പുകളും ചേർന്ന് നിർവഹിക്കുന്ന ധർമ്മം അതാണ്.

No comments:

Post a Comment