ലോകസിനിമയുടെ
ഈറ്റില്ലവും കളിത്തൊട്ടിലുമൊക്കെയായ അമേരിക്കയെയും യൂറോപ്പിനെയും ഏഷ്യയിൽനിന്ന്
ചെന്ന് ഞെട്ടിച്ച സംവിധായകനാണ് അക്കിര കുറോസാവ. 30 ചിത്രങ്ങൾ
അദ്ദേഹം സംവിധാനം ചെയ്തു. 1998 -ൽ, എൺപത്തിയെട്ടാമത്തെ
വയസ്സിൽ ലോകത്തോട് യാത്രപറഞ്ഞ അദ്ദേഹം അതിനു ഏതാണ്ട് 20
വർഷംമുൻപ് ഷാങ് റെന്വയർ എന്ന സംവിധായകനിൽനിന്ന് പ്രചോദനംകൊണ്ടിട്ട്, ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. തന്റെ കഥയെഴുതാൻ ഒട്ടും
താത്പര്യമില്ലാതിരുന്ന അദ്ദേഹം, സ്വന്തം ജീവിതകഥയ്ക്ക്,
ആത്മകഥപോലെ (Something Like an Autobiography) എന്നാണ് പേരു കൊടുത്തത്. ശീർഷകത്തിൽ കാണുന്ന ഉൾവലിയുന്ന സ്വഭാവവും വിനയവും
ആ പുസ്തകത്തിൽ ഉടനീളം കാണാം.
അക്കിരയുടെ
ബാല്യകാലം അത്ര നല്ലതായിരുന്നില്ല. വീട്ടുകാരും സ്കൂളിലെ അദ്ധ്യാപകരും അദ്ദേഹം ഒരു
ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടിയാണെന്ന് എന്നു സംശയിച്ചിരുന്നു. കാര്യങ്ങൾ മനസിലാക്കാൻ
സമയം എടുക്കുന്നതിനാൽ മിടുക്കന്മാരായ മറ്റു കുട്ടികളുമായി ഇടപഴകാതിരിക്കാൻ ക്ലാസിൽ
അദ്ദേഹത്തെ മാറ്റിയിരുത്തിയിരുന്നു. പെട്ടെന്ന് കരയുന്ന സ്വഭാവമുള്ളതിനാൽ ‘കോൺബെട്ടോ സാൻ’ (ക്രൈ ബേബി) എന്നു വിളിച്ച് കൂട്ടുകാർ കളിയാക്കിയിരുന്നു. ഇങ്ങനെ
അപമാനത്തിന്റെയും വിവേചനത്തിന്റെ അന്തരീക്ഷത്തിൽനിന്നു വളർന്ന് ലോകത്തിന്റെ
നെറുകയിലെത്തിയതിന് സഹായിച്ച മൂന്ന് നിഗൂഢശക്തികളെപ്പറ്റി അക്കിറ ആത്മകഥയിൽ
എഴുതുന്നുണ്ട്.
1. അക്കിറയുടെ 4 വയസ്സോളം മൂപ്പുള്ള ചേട്ടനാണ് അവയിലാദ്യത്തേത്. ഒന്നിച്ചു സ്കൂളിലേക്ക് പോകുന്നവഴി അക്കിറയെ
അയാൾ വല്ലാതെ കളിയാക്കുകയും ശകാരിക്കുകയും
അവഹേളിക്കുകയും ചെയ്യുമായിരുന്നു. ആരും കേൾക്കാതെ ശബ്ദം താഴ്ത്തിയാണ്
അങ്ങനെ ചെയ്തിരുന്നത്. വീട്ടിൽ പറഞ്ഞാൽ കൂടുതൽ കളിയാക്കുമെന്ന്
ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തിരിച്ചൊന്നും പറയാനോ എതിർക്കാനോ വീട്ടിൽ
പറയാനോ അക്കിരയ്ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സ്കൂളിൽ ചേട്ടൻ മറ്റൊരാളാണ്.
അവിടത്തെ ഹീരോ ആയ അയാൾ മറ്റു കുട്ടികളുടെ കളിയാക്കലിൽനിന്നും
അപകടങ്ങളിൽനിന്നുമെല്ലാം അക്കിറയെ രക്ഷപ്പെടുത്താൻ കൃത്യസമയത്ത് എത്തുകയും
ചെയ്യും. ഒരിക്കൽ നീന്താൻ പോകുമ്പോൾ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന
അക്കിരയെ ആഴമുള്ള സ്ഥലത്ത് അയാൾ
പിടിച്ചിട്ടു. വെള്ളം കുടിച്ച് ആകെ നനഞ്ഞു തൂങ്ങിയിരുന്ന അക്കിറയോട് അയാൾ പറഞ്ഞത് ‘മുങ്ങിച്ചാവുമ്പോൾ പുഞ്ചിരിച്ചുകൊണ്ടാണ് ഒരാൾ മരിക്കുന്നത്, നീ ചെയ്തതുപോലെ’ എന്നാണ്.
2. രണ്ടാമത്തെ ശക്തി, തച്ചിക്കാവാ സെർജി എന്ന അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ ക്ലാസിൽ
കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രം വരയ്ക്കാം. അങ്ങനെ വരച്ച ചിത്രങ്ങൾ ബോർഡിൽ
തൂക്കിയിട്ട് അദ്ദേഹം സംസാരിക്കും. ഒരിക്കൽ
അക്കിറ വരച്ച ആകെ മെനകേടായ ചിത്രം കണ്ട് കുട്ടികൾ ആർത്തു ചിരിച്ചപ്പോൾ അവരെ
ശാന്തരാക്കിക്കൊണ്ട് അദ്ദേഹം അതിനെ വാനോളം പുകഴ്ത്തി. ചായം പടർന്ന മൂന്ന് ഭാഗങ്ങൾ
ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തി ചിത്രത്തിന്റെ പ്രത്യേകത കുട്ടികളെ
ബോധ്യപ്പെടുത്തി. അതോടെ താൻ ആർട്ട് ക്ലാസുകൾ കാത്തിരിക്കാൻ തുടങ്ങിയെന്ന് അകിര
എഴുതുന്നു. അധികകാലം തച്ചിക്കാവ ആ സ്കൂളിൽ തുടർന്നില്ല.
3. കുട്ടികൾ
കളിയാക്കുമായിരുന്ന, പിൻവലിയുകയും കരയുകയും ചെയ്യുന്ന
സ്വഭാവമുള്ള (ക്രൈ ബേബി) കൂടെ പഠിച്ച യുകുസ കെയനോയെയാണ് മൂന്നാമത്തെ നിഗൂഢശക്തിയെന്ന് അക്കിര
വിളിക്കുന്നത്. തന്റെതന്നെ സ്വഭാവമാണ് അക്കിര യുകുസയിൽ കണ്ടത്. അതുകൊണ്ട്
പലപ്പോഴും അയാളെ മനസിലാക്കാനും അയാൾ വിഷമിക്കുമ്പോൾ ആശ്വസിപ്പിക്കാനും അക്കിരയ്ക്കു
കഴിഞ്ഞു. അതു രണ്ടുപേർക്കും പരസ്പരം സഹായകമായി.
1920 കാലഘട്ടത്തിലായിരുന്നു അക്കിരയുടെ
പ്രൈമറി വിദ്യാഭ്യാസം. തന്റെ ജീവിതത്തിലെ മൂന്ന് നിഗൂഢശക്തികൾ എന്ന് അക്കിര
വിളിക്കുന്ന മൂന്ന് വ്യക്തികളെ അടുത്തു പരിശോധിച്ചാൽ അദ്ദേഹത്തിന്റെ പിൽക്കാല
ജീവിതത്തെ ആ സംഭവങ്ങൾ എങ്ങനെ സഹായകകരമായി തീർന്നു എന്നതിന്റെ ഏകദേശ ധാരണ ലഭിക്കും.
അദ്ദേഹത്തിന്റെ ചേട്ടൻ വിമർശനദൗത്യമാണ്
നിർവഹിച്ചിരുന്നത്. അയാൾ നല്ല മനുഷ്യനാണ്. മന്ദനായി തൂങ്ങിക്കൂടിയിരിക്കുന്ന
സ്വഭാവം വിട്ട് ആലോചിക്കാൻ തുടങ്ങാൻ അക്കിരയെ പരോക്ഷമായി പ്രേരിപ്പിച്ചത് ചേട്ടനാണ്.
അദ്ധ്യാപകൻ രക്ഷാകർത്തൃദൗത്യമാണ് നിർവഹിച്ചത്. താൻ വ്യത്യസ്തനാണെന്നും തനിക്ക്
മറ്റുള്ളവർക്കില്ലാത്ത കഴിവുകളുണ്ടെന്നും ബോധ്യപ്പെടുത്തിയത് തച്ചിക്കാവയുടെ
പ്രോത്സാഹനമാണ്. അക്കിരാ കുറോസാവയിലുള്ള ജീനിയസ്സിനെ അന്നേ കണ്ടറിയാൻ കഴിഞ്ഞു
എന്നതാണ് മറ്റ് അദ്ധ്യാപകരിൽനിന്ന് തച്ചിക്കാവയെ മാറ്റി നിർത്തുന്നതും
അനുസ്മരിക്കപ്പെടുന്നതുമായ ഘടകം. കൂട്ടുകാരൻ യുകുസയുമായുള്ള ഇടപഴകൽ നിർവഹിച്ചത്
ആശ്രിതന്റെ ദൗത്യവുമാണ്. വിമർശനങ്ങളോട് സഹിഷ്ണുവാകാനും അതിനനുസരിച്ച് തന്റെ
ചിന്താപദ്ധതികളെ തിരുത്താനും ആസൂത്രണം ചെയ്യാനും അക്കിരയെ സഹായിച്ചത് ചേട്ടന്റെ
സാന്നിദ്ധ്യവും സമാനമനസ്കരുടെ കൂട്ടുചേർന്നുള്ള പ്രവർത്തനം രണ്ടു പേരുടെയും
ഉത്കർഷത്തിനു കാരണമാവുമെന്ന പാഠം അകിരയ്ക്ക് ലഭിച്ചത് സഹപാഠിയായ യുകുസയുടെ
ചങ്ങാത്തത്തിലൂടെയുമാണ്. യുകുസ പിന്നീട് നോവലിസ്റ്റായി. അക്കിരയെ തിരക്കഥകളിൽ സഹായിച്ചു. അവരു തമ്മിൽ
പ്രൈമറി സ്കൂളിൽ തുടങ്ങിയ ബന്ധം ആയുഷ്കാലം നീണ്ടു നിന്നു.
30 വയസ്സെത്തിയാൽ മനുഷ്യൻ ഒന്നിനും കൊള്ളില്ലെന്ന തത്ത്വശാസ്ത്രം മുറുകെ പിടിച്ച് ചേട്ടൻ ആത്മഹത്യ ചെയ്തു. ജീവിച്ചിരുന്നെങ്കിൽ ലോക സിനിമയിൽ ഏത്രയോ വലിയ പ്രതിഭാശാലിയാകുമായിരുന്നു ചേട്ടൻ എന്ന് അക്കിര എഴുതുന്നു. ശരിയായിരിക്കും. യുകുസു എഴുതി അകിര കുറോസാവ സംവിധാനം ചെയ്ത സിനിമ കാണാൻ വൃദ്ധനായ തച്ചിക്കാവ സെർജി മാസ്റ്റർ വന്നിരുന്നു. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർ സ്കൂൾ കാലത്തിലെന്നപോലെ തൊഴിൽ രംഗത്തും ഒരുമിച്ച് നിൽക്കുന്നത് ക്രെഡിറ്റിൽ കണ്ട് കരഞ്ഞുകൊണ്ട് അക്കിറയ്ക്ക് ഒരു കാർഡെഴുതിയിരുന്നു.. പിന്നീട് രണ്ടു പേരും കൂടി ചേർന്ന് മാസ്റ്റർക്ക് ഒരു വിരുന്നു നൽകി.
കൂട്ടുകാരനെപ്പറ്റി അക്കിര മനസിൽ തട്ടുംവിധം എഴുതുന്നു : “കെയ്ച്ചൻ നീ ദേഷ്യപ്പെടരുത് (നിന്നെക്കുറിച്ച് എഴുതിയതുകൊണ്ട്) അന്നു നാം ക്രൈ ബേബികളായിരുന്നു. അല്ലേ? പിന്നീടാണ് നീ പ്രേമത്തിന്റെ ക്രൈ ബേബിയും ഞാൻ മാനവികതയുടെ ക്രൈ ബേബിയും ആയി മാറിയത്?”
കൂട്ടുകാരനെപ്പറ്റി അക്കിര മനസിൽ തട്ടുംവിധം എഴുതുന്നു : “കെയ്ച്ചൻ നീ ദേഷ്യപ്പെടരുത് (നിന്നെക്കുറിച്ച് എഴുതിയതുകൊണ്ട്) അന്നു നാം ക്രൈ ബേബികളായിരുന്നു. അല്ലേ? പിന്നീടാണ് നീ പ്രേമത്തിന്റെ ക്രൈ ബേബിയും ഞാൻ മാനവികതയുടെ ക്രൈ ബേബിയും ആയി മാറിയത്?”
കുട്ടിക്കാലത്തെ അനുഭവങ്ങൾ അത്ര നിസ്സാരമല്ല, ആരുടെ ജീവിതത്തിലും !
(ഭാഷാധ്യാപകവേദി. ബ്ലോഗ്‌സ്പോട്ട്.കോം )
അക്കിര കുറോസാവയെ
ReplyDeleteശരിക്കും പരിചയപ്പെടുത്തുന്ന പുസ്‌തകം