അക്കാദമിക
ചിട്ടവട്ടങ്ങളുടെ വലയത്തിലൂടെ നോക്കിയാൽ പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ്
ജീവചരിത്രശാഖ ഗൗരവമുള്ള സാഹിത്യഗണമായി തീരുന്നത്. വൈതാളിക സാഹിത്യവും
സ്തുതിഗീതങ്ങളും വീരാപദാനങ്ങളും അതിനു മുൻപേയുണ്ട്. പ്രത്യേകവ്യക്തികളുടെ
ജീവിതത്തിന്റെ ചരിത്രമെന്നും (ഡ്രൈഡൻ)
കഥാപുരുഷന്റെ ബാഹ്യപ്രവർത്തനങ്ങളും ആന്തരികപ്രവണതകളും കലാസുഭഗമായി ആവിഷ്കരിക്കുന്ന ഒരു ജീവിതപുനഃസൃഷ്ടിയെന്നും (കെ
എം ജോർജ്ജ്) സംഭവങ്ങളെയും വസ്തുതകളെയും അടുക്കോടെ
കാലക്രമം അനുസരിച്ച് വസ്തുനിഷ്ഠമായി പ്രതിപാദിക്കുകയാണെന്നും (ജി കുമാരപിള്ള) അതിനു
നിർവചനങ്ങളുണ്ടായി. ശ്രദ്ധിച്ചാൽ ആഖ്യാനരീതിയെ ‘ചരിത്ര’വുമായി ബന്ധിപ്പിക്കാനുള്ള നിർബന്ധത്തിനു
പിന്നിൽ വ്യക്തിയെ വസ്തുതകളായി അരിച്ചെടുക്കാനുള്ള വ്യഗ്രതയുണ്ട്. ഏതു
നിലയ്ക്കായാലും എഴുത്ത്, ആത്മനിഷ്ഠമായ ഘടകങ്ങളെകൂടി മഷിക്കൂട്ടിൽ ചാലിക്കുന്ന
പ്രക്രിയയായതുകൊണ്ട് ആരാധനയോ ബഹുമാനമോ അത്യുക്തിയോ മറ്റൊരുതരത്തിൽ വെറുപ്പോ
നിന്ദയോ ന്യൂനോക്തിയോ കലർന്നു രചന കലുഷിതമാകാതിരിക്കാനുള്ള മാർഗനിർദ്ദേശങ്ങളിലൊന്നാണെന്നു
കാണാം, ഈ വസ്തുനിഷ്ഠതാശാഠ്യം. പണ്ഡിതോചിതമായ ഒരുതരം ശുദ്ധതാവാദം.
ഒരാൾ
മറ്റൊരാളിന്റെ ചരിത്രമെഴുതുമ്പോൾ അതിൽ അയാൾ മാത്രമല്ല ഉള്ളതെന്ന് ആവർത്തിച്ചു
പറഞ്ഞുകൊണ്ടിരുന്നത് കേസരി ബാലകൃഷ്ണപിള്ളയായിരുന്നു. ഒരു വ്യക്തി ഏതു നിലയ്ക്കായാലും
മറ്റുള്ളവരുടെ സൃഷ്ടിയാണ്. ചുറ്റുപാടുകളോട്
സംവദിച്ചുകൊണ്ടും ചുറ്റുപാടുകൾ അയാളോട് പ്രതികരിച്ചുകൊണ്ടും ഉണ്ടായി വരുന്നതാണ് വ്യക്തിത്വം.
അപ്പോൾ വസ്തുനിഷ്ഠത, നിർമമ്മത തുടങ്ങിയ സവിശേഷ ഗുണങ്ങൾ രചനയുടെ ശുദ്ധാവസ്ഥയെ
എത്രത്തോളം സഹായിക്കും? ജീവനോടെയിരിക്കുമ്പോഴും സ്മാരകങ്ങൾക്കപ്പുറവും ഒരാൾ
എന്തായിരുന്നു എന്ന് ഔത്സുക്യത്തോടെ തപ്പി നടക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്, തങ്ങളുടെ പൊതുവായ ജീവിതത്തിനും അയാളുടെ പ്രത്യേക
ജീവിതത്തിനും തമ്മിലുള്ള പൊരുത്തക്കേടുകൾ കാണാനുള്ള വ്യഗ്രതയാകുന്നു.
ജീവിതവിജയങ്ങളെ, അവ ഏതു നിലയ്ക്ക് നേടിയെടുത്തതായാലും ശരി, മഹത്ത്വാകാംക്ഷകളായി
കാണുക എന്നതാണ് നമ്മുടെ പതിവ്. അങ്ങനെയല്ലാതെ പറ്റില്ല. ജീവിതത്തിൽ വിജയിച്ചവരുടെ വീരഗാഥകൾ
പഠിച്ചു വേണം സന്തതികൾ നല്ലവരായി പുലരാൻ എന്ന നിഷ്കർഷയോടെ എഴുതി ചേർത്ത
മഹദ്ചരിതങ്ങൾ നൂറ്റാണ്ടിന്റെ തുടക്കംമുതൽ പാഠപുസ്തകങ്ങളിൽ ഉണ്ട്. ദശാബ്ദങ്ങളോളം
അതെല്ലാം വിളക്കുവച്ചു പഠിച്ചിട്ടും നമ്മൾ ഒന്നടങ്കം ആദർശാത്മകമായ സമൂഹമായി
വളർന്നില്ലെന്നത് വേറെ കാര്യം.
ജീവചരിത്രരചനയുടെ
പരമ്പരാഗത ഇംഗിതങ്ങളെ പ്രശ്നാത്മകമാക്കുന്ന രചനയാണ് കെ രഘുനാഥന്റെ ‘മുക്തകണ്ഠം വി
കെ എൻ.’ മൂന്നു ബിന്ദുക്കൾ അതിൽ സന്ധിക്കുന്നുണ്ട്. അതികായത്വവും വികടത്വവും വ്യുല്പത്തിയും
സ്വകാര്യദുഃഖങ്ങളും പാകപ്പെടുത്തിയ വികെഎന്റെ സാഹിതീയ വ്യക്തിത്വം,
ജനിതകപാരമ്പര്യത്തെ വെറുക്കുകയും ജ്യോതിഷം പഠിച്ച് ദേവസ്വം കാര്യസ്ഥനായി ജോലി നോക്കി
പിന്നെ കോയമ്പത്തൂർ വഴി ഡെൽഹിവരെ പോയി തിരിച്ചു വന്ന് തിരുവില്വാമലയിലെ
വീട്ടിലൊതുങ്ങിക്കൂടിയ ഒറ്റയാൻ വ്യക്തിത്വം, ഈ രണ്ടു ജീവിതങ്ങൾക്കിടയിലെ
സാമാന്യമല്ലാത്ത പിളർപ്പിനെ സാഹിതീയമായ
കൗതുകം കൊണ്ടു നോക്കിക്കാണുന്ന നോവലിസ്റ്റായ കെ രഘുനാഥന്റെ വ്യക്തിത്വം. ‘മുക്തകണ്ഠം
വികെയെനിന്റെ’ രചയിതാവായ കെ രഘുനാഥൻ പുസ്തകത്തിലെ ആദ്യാവസാനക്കാരനാണ്. അരങ്ങിലും
അണിയറയിലും അദ്ദേഹമുണ്ട്. സൂത്രധാരന്റെ വേഷത്തിൽ വേണ്ടിടത്ത് ഇടപെടുന്നുമുണ്ട്.
ഇരട്ടവര ജീവിതങ്ങൾക്കപ്പുറത്തേക്ക് പോകുന്ന ചാലകത്വമാണ് ഭാവനായാഥാർത്ഥ്യങ്ങളുടേത്.
അതുകൊണ്ടാവാം താൻകൂടി പങ്കാളിയായ ഒരു
ജീവിതരേഖയെ എഴുത്തുകാരൻ ചരിത്രമെന്ന വസ്തുനിഷ്ഠവ്യവഹാരത്തിന്റെ ഗണത്തിൽനിന്ന്
മാറ്റി പകരം നോവലുകൾക്കുള്ള ആദ്യകാല
വിളിപ്പേരായ ‘ആഖ്യായിക’യിൽ ചേർത്തുവച്ചത്. എഴുത്തുകാരൻ മുഖവുരയിൽ ആവർത്തിക്കുന്ന കാര്യം ‘മുക്തകണ്ഠം വികെഎൻ’
ഭാവനാത്മക ജീവചരിത്രവിഭാഗത്തിൽപ്പെടുന്ന രചനയാണെന്നാണ്. വ്ലാദിമിർ
നബകോവിന്റെ ‘സെബാസ്റ്റ്യൻ നൈറ്റിന്റെ യഥാർത്ഥ ജീവിതം’, തോമസ് മാൻ എഴുതിയ ‘ഡോക്ടർ
ഫൗസ്റ്റ്’ തുടങ്ങിയവ പ്രസിദ്ധങ്ങളായ ‘കല്പിതജീവചരിത്ര’ങ്ങളാണ് (fictional
biography). ഇർവിങ് സ്റ്റോൺ എഴുതിയ വാൻഗോഗിന്റെ
ജീവിതകഥ ’ജീവിതാസക്തി’യും (Lust
for Life) രഞ്ജിത്ത് ദേശായിയുടെ രാജാരവിവർമ്മയും
ജീവചരിത്രനോവലെന്ന ഗണത്തിലാണു വരിക. ദുരൂഹമായ വിടവുകളെ ഭാവനയുപയോഗിച്ച്
അടയ്ക്കാനുള്ള സാഹസികതയെ ജീവചരിത്രനോവലുകളും ജീവചരിത്രത്തിന്റെ ആഖ്യാനസമ്പ്രദായമുപയോഗിച്ച്
ഭാവനാസൃഷ്ടിയെ വിശ്വസനീയമാക്കാനുള്ള സാഹിതീയപ്രയത്നമാണ് കല്പിതജീവചരിത്രങ്ങളും
പരിപാലിക്കുന്നു. എന്നാൽ ഇവിടെയുള്ളത് വടക്കേ കൂട്ടാല
നാരായണൻ നായരെന്ന പേരിൽ നമുക്കിടയിൽ ജീവിച്ചു കടന്നു പോയ ഒരു യഥാർത്ഥമനുഷ്യന്റെ അസാധാരണമായ
ജീവിതമാണ്. കഥകളിലുള്ള അത്രപോലും അതിവാസ്തവികത ആ ജീവിതാഖ്യാനത്തിലില്ല. അത് അത്രയ്ക്കു പച്ചയാണ്.
ജീവചരിത്രത്തെ
നോവലിനോട് അടുപ്പിച്ചു നിർത്താനുള്ള രഘുനാഥന്റെ ശ്രമം ഒരർത്ഥത്തിൽ പുസ്തകത്തിന്റെ വേറിട്ട
ആഖ്യാനരീതിയിലേക്ക് നേരിട്ട് കയറിവരാനായുള്ള
ക്ഷണപത്രംകൂടിയാകുന്നു. നോവലുപോലെ
വായിച്ചു പോകാവുന്ന ഒരു പുസ്തകം എന്നത് ഒരു വെറും വാക്കല്ല. വി കെ എൻ എന്ന മാനസികാവസ്ഥയാണ് അതിന്റെ
വൈകാരികാന്തരീക്ഷത്തെ സൃഷ്ടിക്കുന്നത്. വികെയെന്റെ രചനാവ്യക്തിത്വം നോവലിനുമാത്രം
ആവിഷ്കരിക്കാൻ സാധ്യമായ വിധത്തിൽ അവ്യവസ്ഥാരൂപിയാണെന്ന അർത്ഥംകൂടിയാണ് സംഗതിവശാൽ
അതിനുള്ളിൽ സ്ഥിതി ചെയ്യുന്നത്.
വ്യാസൻ
മാത്രമല്ല സ്വയം കഥാപാത്രമായി സ്വന്തം കൃതിയിൽ അവതരിക്കുന്നത്. വടക്കേ കൂട്ടാല
നാരായണൻ നായരും വികെയെന്റെ കഥാപാത്രമാണ്. ആത്മാംശങ്ങൾ
കലരുന്ന കഥാപാത്രങ്ങളെപ്പോലെയല്ല ഇത്. യുദ്ധത്തിനായി രാമേശ്വരമെന്നു വിചാരിച്ച്
വഴി തെറ്റി പാലക്കാടെത്തിയ അലാവുദീൻ ഖിൽജി ‘വികെഎൻ’ എന്ന പേരുകേട്ട് പേടിച്ചോടി
മരിച്ചുപോകുന്നു, ചിത്രകേരളം എന്ന കഥയിൽ. എം കൃഷ്ണൻ നായരെയും ഓ വി വിജയനെയും
മറ്റും നേരിട്ടും പിന്നെ കുറച്ചുപേരെ പേരു വയ്ക്കാതെയും അദ്ദേഹം കഥാപാത്രങ്ങളാക്കിയിട്ടുണ്ട്.
സുകുമാർ അഴിക്കോടിന്റെ തത്ത്വമസിക്ക് ഇനി ഇംഗ്ലീഷ് പരിഭാഷയുടെ ആവശ്യം ഇല്ലെന്നും
അതിന്റെ ഇംഗ്ലീഷിലുള്ള മൂലം താൻ കണ്ടു പിടിച്ചെന്നും വി കെ എൻ അവകാശപ്പെടുന്ന
സന്ദർഭം ഉണ്ട് (സെൻട്രൽ ഹോട്ടൽ അഴീക്കോട്,
മാക്സ് മുള്ളർ). എഴുത്തുകാർ മാത്രമല്ല, നെഹ്രുവും ശങ്കറുമൊക്കെ കഥാപാത്രങ്ങളാണ് ആ
ലോകത്തിൽ. വിശാലമായ അർത്ഥത്തിൽ വികെയെന്നും ഫിക്ഷനെന്ന പേരിൽ ജീവിതാഖ്യായികകൾ
ചമയ്ക്കുകയായിരുന്നില്ലേ? ഓരോതരം മാനസികാവസ്ഥകളുടെ മൂർത്തരൂപങ്ങളാണല്ലോ
കഥാപാത്രങ്ങളെല്ലാം.
ചില
സ്ഥലങ്ങളിൽ രഘുനാഥന്റെ എഴുത്തുകൾ തുറന്നെഴുത്തുകളാണ്. മുഖവുരയിൽ വികെഎന്നുമായി ബന്ധമുണ്ടായിരുന്ന എന്നാൽ
പുസ്തകരചനാസംരംഭത്തോട് സഹകരിക്കാൻ താത്പര്യം കാണിക്കാത്ത ഒരു പ്രസാധകന്റെയും എഴുത്തുകാരുടെയും പേരുകൾ മറച്ചുവച്ചിട്ടുണ്ടെന്നതൊഴിച്ചാൽ (അവർക്ക്
അവരുടേതായ ന്യായങ്ങൾ ഉണ്ടാവും) പുസ്തകത്തിൽ ‘പ്രമുഖനെന്നോ മിസിസ് എക്സ്’ എന്നോ ഉള്ള
സർവനാമങ്ങളോ ചൂണ്ടെഴുത്തുകളോ ഇല്ല. ‘ചിരിയുടെ ചുറ്റികപ്രയോഗവും അതീതമാനങ്ങൾ
കൈയടക്കുന്നതുമായ’ വികെഎൻ ഭാഷ പോകെപോകെ
ആഖ്യാനഭാഷയാകുന്ന വിസ്മയവും പുസ്തകത്തിൽ അനുഭവിച്ചറിയാം. (ചേനകൊണ്ട് സ്വഭാവദൂഷ്യമില്ലാത്ത മൊളൂഷ്യം,
കോഴി ആടാദികളില്ലാതെ കോഴിമുട്ട, മീൻ, ബീഫ്
എന്നിവ വികെഎൻ സാഹിത്യത്തിൽ അപൂർവമാണ്, ഗാലിയാവുന്ന ഗുഫികൾ....) അദ്ധ്യായങ്ങളുടെ ശീർഷകങ്ങളിൽത്തന്നെയുണ്ട് വികെഎൻ കൃതികൾ
നിരന്തരവായിച്ചതിന്റെ സ്പർശം. അദ്ദേഹത്തിന്റെ ഏകാകിതയെ രഘുനാഥൻ “ആദിമധ്യാന്തങ്ങളില്ലാത്ത ഒറ്റപ്പെടൽ എന്നാണ്
വിളിക്കുന്നത്. തിരുവില്വാമലയിലേക്കുള്ള
തിരിച്ചുവരവിനെ, ‘പുറപ്പെടാത്തിടത്തേയ്ക്കുള്ള മടക്കം’ എന്നും. ജീവചരിത്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത
അതിർത്തി രേഖകൾ മായ്ചുകളയുന്ന ഘടകങ്ങൾ എന്ന നിലയ്ക്കല്ല, ആഖ്യാനത്തിന്റെ ഗതിവേഗത്തിൽ വിഷയവും വിഷയിയും ഒന്നിച്ചു
ലയിച്ചു ചേരുന്ന കല്പനായാഥാർത്ഥ്യം എന്ന നിലയ്ക്കാണ് ഇതെടുത്തെഴുതിയത്.
ഒരു
അവധി ദിവസം (2004 ജനുവരി 25, ഞായറാഴ്ച,) വി കെ എൻ മരിച്ചു. മരണം
അന്വേഷിച്ചെത്തുന്ന ആരെയും ബുദ്ധിമുട്ടിക്കാതെ. റിപ്പബ്ലിക് ദിവസമായതിനാൽ പിറ്റേന്നും
അവധി. അവിടെനിന്നാണ് തിരിച്ചിട്ട ക്രമത്തിൽ ‘മുക്തകണ്ഠം വികെഎൻ’ എന്ന ജീവിതാഖ്യായിക
ആരംഭിക്കുന്നത്. അതിന് 9 വർഷങ്ങൾക്കു മുൻപ് (1995-ൽ) പത്രമാപ്പീസിലേക്ക് ആരോ
വിളിച്ചു പറഞ്ഞ വി കെ എന്റെ ആകസ്മിക മരണത്തെപ്പറ്റിയുള്ള വ്യാജവാർത്തയെപ്പറ്റി
പറഞ്ഞുകൊണ്ടാണ് 89 അദ്ധ്യായങ്ങളുള്ള ജീവിതകഥ രഘുനാഥൻ അവസാനിപ്പിക്കുന്നത്. ഒപ്പം
നമ്പൂതിരിയുടെ ഹൃദയഹാരിയായ അവതാരികയും വിശദമായ ആമുഖക്കുറിപ്പും, അനുബന്ധ
ചിത്രങ്ങളും. അവയ്ക്കിടയിൽ എഴുത്തുകാരൻ അവതരിപ്പിക്കുന്ന ജീവിതം, ‘എന്തും
കിട്ടുന്ന സൂപ്പർമാർക്കെറ്റാ’ണെന്ന് വി കെ എൻ സാഹിത്യത്തെപ്പറ്റി പറയുന്നതുപോലെ
ബഹുതലസ്പർശിയാണ്. അതിനുള്ളിൽ ആ കൃതികളെപ്പറ്റിയുള്ള അവലോകനങ്ങളും, വിമർശനങ്ങളുടെ
വിമർശനങ്ങളും, വികെ എൻ എന്ന വ്യക്തിയുടെ സഞ്ചാരവും ബന്ധങ്ങളും മദ്യപാനവും
സ്വകാര്യദുഃഖങ്ങളും, ചില്ലറ ആഹ്ലാദങ്ങളും രോഗവും ചതിയും നഷ്ടവും നൊസ്സും
ന്യായീകരണങ്ങളും എല്ലാം കൂടിച്ചേരുന്നു.
വികെയെന്നെപ്പറ്റിയുള്ള
വലിയ ആരോപണങ്ങളിലൊന്ന് കൃതികളിലെ ഗർവിഷ്ഠമായ ആണത്തഘോഷങ്ങളാണ്. മറ്റൊന്ന് അത്
സവർണ്ണപുരുഷന്റെ വികാരസാമ്രാജ്യമാണെന്നുള്ളതുമാണ്. ഹിംസാത്മകത്വവും കനമില്ലായ്മയും
അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ പ്രത്യേകതകളാണെന്നുള്ള മറ്റു കണ്ടെത്തലുകളുമുണ്ട്. പിന്തിരിപ്പൻ മൂല്യങ്ങൾ ചേർന്ന വി കെ എൻ
സാഹിത്യം ആസ്വാദ്യകരമായി തീർന്നതിന് കേരളീയ സമൂഹത്തിന്റെ ഫ്യൂഡൽ മിച്ചങ്ങളിലാണ്
നിരൂപകർ കാരണം കണ്ടെത്തിയത്. എന്നാൽ രഘുനാഥൻ ഹ്യൂമറിസത്തെയും ഹ്യൂമനിസത്തെയും
ചേർത്തുവച്ച് ഈ വിമർശനങ്ങളെ ഖണ്ഡിക്കുന്നു. പരിഹാസത്തിൽ ഒരു ഇര എപ്പോഴും
സന്നിഹിതമായിരിക്കുമെന്നതിനാൽ അതിനു പൂർണ്ണമായ അർത്ഥത്തിൽ മാനവികമായിരിക്കാൻ
എപ്പോഴും സാധ്യമല്ല. അരിസ്റ്റോട്ടിൽ എഴുതാതെ പോയ (അതോ എഴുതി നഷ്ടപ്പെട്ടു പോയതോ
ആയ) കോമഡിയെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഉംബെർട്ടോ എക്കോ
പറയുന്ന ഒരു കാര്യമുണ്ട്. ചിരി മനുഷ്യനു മാത്രമായുള്ള പ്രത്യേകതയാവുന്നത് മരണത്തെപ്പറ്റിയുള്ള
ബോധമുള്ളതുകൊണ്ടാണെന്ന്. മരണത്തോടുള്ള സാരവത്തായ
പ്രതികരണമാണ് ചിരി. മരണത്തെപ്പറ്റിയും ദുരന്തത്തെപ്പറ്റിയും
ഇച്ഛാഭംഗങ്ങളെപ്പറ്റിയും പറഞ്ഞുകൊണ്ടാണ് വി കെ എൻ ചിരിച്ചതെന്ന് ഓർത്താൽ
അദ്ദേഹത്തിന്റെ മാനവികത വേറെ ആവൃത്തിയിലാണ് സഞ്ചരിച്ചതെന്ന് മനസിലാവും. നമ്മുടെ
വിമർശകരിൽ ഭൂരിപക്ഷത്തിനും ഇല്ലാതെ പോയ ഗുണമാണ് ചിരി.
സ്ത്രീകളോടും
പാർശ്വവത്കൃതരായ മനുഷ്യരോടും ‘ഒരു നമ്പൂതിരിപ്പാടകലം’ പാലിച്ചിരുന്ന
മനുഷ്യനായിരുന്നോ വികെഎൻ എന്ന് ചുഴിഞ്ഞാലോചിക്കേണ്ട വകയാണ്. ഗോഡ്‌മദർ എന്ന
അദ്ധ്യായത്തിൽ ‘സാക്ഷാൽ വികെഎനോട് ഒപ്പത്തിനൊപ്പം നിന്ന നാക്കായി’ വല്യമ്മയായ
പാറുകുട്ടിയെ ലേഖകൻ അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് റാക്കുമായി ചങ്ങാത്തം കൂടി
തറുതല പറഞ്ഞു നടന്ന നാരായണൻ കുട്ടിയെ ഉപദേശിച്ചു നന്നാക്കാനുള്ള ഉത്തരവാദിത്തം
ഏറ്റെടുത്ത് അവരു ചോദിക്കുന്നത് “ –നാരണുട്ട്യേ- നെനക്ക് ശർദ്ദി തൊടങ്ങീന്ന്
കേട്ടൂലോ, ഗർഭാ? എന്നാണ്. ചാർളി ചാപ്ലിൻ
കൊച്ചുകുട്ടികളെപോലെ സംസാരിക്കുന്ന ജിപ്സി
സ്വഭാവമുണ്ടായിരുന്ന, അദ്ദേഹത്തിന് ആറുവയസ്സുണ്ടായിരുന്നപ്പോൾ മരിച്ചു പോയ
മുത്തശ്ശിയെപ്പറ്റി തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. ചാപ്ലിന്റെ പ്രസിദ്ധ
കഥാപാത്രമായ ഊരുതെണ്ടിയുടെ (Tramp) മൂലകങ്ങൾ കുടുംബാലമാരയിലെ അസ്ഥികൂടം പോലെ രഹസ്യമായി സൂക്ഷിച്ചിരുന്ന
മുത്തശ്ശിയുടെ ജിപ്സി സ്വഭാവത്തിന്റെ ബോധപൂർവമല്ലാത്ത വിപുലനമാണെന്ന് തിരിച്ചറിയാൻ
എന്താണ് പ്രയാസം? ചില പാരമ്പര്യവഴക്കങ്ങൾ
വേറിട്ട തലപ്പൊക്കങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ എന്നതിനുദാഹരണങ്ങൾ ഈ
ജീവിതരേഖകളിലുണ്ട്. വികെഎൻ പ്രതിഭാസത്തെ മൂന്നു വ്യത്യസ്തകാലങ്ങളിലായി
രൂപപ്പെടുത്തിയ സ്ത്രീസ്വത്വങ്ങളിൽ
ആദ്യത്തേതാണ് പാറുക്കുട്ടിയമ്മ, രണ്ടാമത്തേയാൾ വികെയെനെ വിശ്വസാഹിത്യത്തിലേക്ക് വഴിതിരിച്ചു
വിട്ട ഗോമതീമണിയാണ്. കോയമ്പത്തുരിൽവച്ച് കൂട്ടുകാരിയായ അവർ അകാലത്തിൽ മരിക്കുകയും
ചെയ്തു. ഡെൽഹിവാസത്തിനിടയിൽ പരിചയപ്പെട്ട രാഷ്ട്രീയ
വൃത്തങ്ങളിൽ സ്വാധീനശേഷിയുണ്ടായിരുന്ന കവയിത്രി ഷൈലാ ഗുജ്റാളാണ് അടുത്തയാൾ.
എഴുത്തുകാരും
അല്ലാത്തവരുമായ ആണുങ്ങളോടുണ്ടായിരുന്ന കേവല ചങ്ങാത്തമല്ല ഇവരുമായുണ്ടായിരുന്നതെന്നു
വ്യക്തം. മാർഗദർശികളോ (മെന്റേഴ്സ്) കൈത്താങ്ങുകാരോ (സ്കഫോൾഡേഴ്സ്) ഒക്കെയാണിവർ. പയ്യൻസ്,
ചാത്തൻസ്, കുഞ്ഞൻ മേനോൻ, രാമൻ നമ്പൂതിരി തുടങ്ങിയ അതിനായകന്മാരായ ആൺ
കഥാപാത്രങ്ങൾക്കൊപ്പം നർമ്മബോധവും ബുദ്ധിശക്തിയുംകൊണ്ടു ഒപ്പത്തിനൊപ്പം പിടിച്ചു
നിൽക്കുന്നവരാണ് ലേഡി ഷാറ്റും സുനന്ദയും ചീതക്കുട്ടിയും രേണുവും എല്ലാം.
ചന്ദ്രോത്സവ കാലഘട്ടം മനസിൽകൊണ്ടുനടക്കുന്ന പ്രൗഢസ്ത്രീകളാണധികവും എന്ന് രഘുനാഥൻ
എടുത്തെഴുതുന്നു. സ്വന്തം പൈതൃകം പ്രേതബാധപോലെ അസ്വാസ്ഥ്യജനമായിരുന്ന വികെഎന്റെ
അബോധമനസ്സ് സാഹിത്യത്തിലേക്ക് പുരഃക്ഷേപണം
ചെയ്ത പിതൃരൂപങ്ങളാണ് അതി(ധി)നായകരായ കഥാപാത്രങ്ങൾ. പിതാവിനെ കൊന്ന് തന്നെ അതിലും
വലുതായി പ്രതിഷ്ഠിക്കലാണത്. എന്നതുപോലെ സ്വന്തം അധികാരപരിധിയിൽ സ്വയം ഭരണം
നടത്തുന്ന മാതൃരൂപങ്ങളാണ് ആ സാമ്രാജ്യത്തിലെ സ്ത്രീപാത്രങ്ങൾ. എന്നാൽ ഡോ.
ലീലാവതിയുമായി ഉണ്ടായിരുന്ന (ജോണി ലൂക്കോസുമായുള്ള അഭിമുഖത്തിൽ അവർ ആ കാര്യം
തുറന്നു പറഞ്ഞിട്ടുണ്ട്) പ്രശ്നത്തെ വികെഎൻ സാധൂകരിക്കുന്ന രീതി അത്ര
വിശ്വാസയോഗ്യമോ യുക്തിസഹമോ അല്ല എന്നുകൂടി കൂട്ടിച്ചേർക്കണം.
ബഷീറിനെയും
സഞ്ജയനെയും കുഞ്ചൻനമ്പ്യാരെയുമൊക്കെ വിശകലനം ചെയ്തവർ കണ്ടെടുത്തതുപോലെ
പുറത്തെടുക്കാനാവാത്ത തീവ്രവേദനകളാണ് വികെയെന്നിലേയും ചിരിക്കുന്ന മുഖാവരണത്തിനു
പിന്നിലെ വാസ്തവം. കണ്ണീർ പുറത്തു വരാതിരിക്കാൻ ഒരിക്കൽ പയ്യൻസ്
ചിരിക്കുന്നതുപോലെയാണത്. അവയിൽ ഏറ്റവും കഠിനമായ സ്വകാര്യ ദുഃഖങ്ങളിലൊന്ന് മകനാണ്. മൂത്തമകൻ
ബാലചന്ദ്രൻ മുപ്പതിയൊൻപതാം വയസ്സിൽ താൻ ഈ ലോകത്തിനു പറ്റിയവനല്ലെന്ന്
പ്രഖ്യാപിക്കുമ്പോലെ ആത്മഹത്യ ചെയ്തു. പഠിക്കുന്ന
സമയത്ത് ഒറ്റപ്പാലം എൻ എസ് എസിലെ ഇലക്ഷൻ പ്രചരണത്തിനിടയ്ക്ക് രണ്ട് ആനകളുമായി
കോളേജിലെത്തി സസ്പെൻഷൻ വാങ്ങിക്കുകയും
ഫ്രഞ്ച് നേവിക്കപ്പലിലെ ജോലിക്കിടയിൽ ലോകയാത്ര നടത്തുകയും ഒരിടത്തും ഉറച്ചു
നിൽക്കാതെ വെറുതേ അലഞ്ഞു തിരിയുകയും ചെയ്ത ബാലചന്ദ്രനിൽ ഒരു വികെഎൻ സാഹചര്യം മുഴുവനായും
കുടിയിരിക്കുന്നുണ്ട്. വികെയെന്നും അങ്ങനെ അലഞ്ഞു നടന്നിരുന്ന കഥ വേദവതി
പറയുന്നുണ്ട്. മകൻ കൈവിട്ടുപോയതുപോലെ 21 കൃതികളുടെ പകർപ്പവകാശം ആജീവനാന്തമായി
കൊടുത്ത് കൈയൊഴിഞ്ഞു പോയ കഥയും രഘുനാഥൻ വിശദമായി എഴുതിയിട്ടുണ്ട്. (ആ ഇരുപത്തൊന്ന്
കൃതികൾ) വികെഎൻ എഴുതിയ ആ ഏക വിൽപ്പത്രം
മാത്രമാണ് ഊർജ്ജവും മന്ദഹാസവും പുരളാത്ത ഏക സാഹിത്യസൃഷ്ടി എന്ന് നിവൃത്തികേടിന്റെ
ആ തീറെഴുത്തിനെയും രഘുനാഥൻ വേദനയോടെ വിലയിരുത്തിയിട്ടുണ്ട്. ആകാശവാണി നടത്തിയ ഒരു
അഭിമുഖം ആദ്യപ്രക്ഷേപണത്തിനുമുൻപ് കാലദോഷം പോലെ പൂർണ്ണമായി നഷ്ടപ്പെട്ടു പോയതിന്റെ
വിവരണവും ഇതിനുള്ളിൽ വായിക്കാം. തന്റെ ശബ്ദം കേൾക്കാനുള്ള കൊതി തീരെ
ഇല്ലാതിരിന്നതുകൊണ്ട് അത്തരം നഷ്ടങ്ങളൊന്നും വികെഎൻ വകവച്ചിട്ടില്ല. അഭിമുഖകാരനായ
രഘുനാഥ് സ്വകാര്യമായ സൂക്ഷിച്ച ടേപ്പിലൂടെ വീണ്ടെടുത്ത ആ അഭിമുഖത്തിന്റെ പൂർണ്ണമായ
രൂപം പുസ്തകത്തിൽ കാണാം. (തറ്റിനൊക്കുമോ കൗപീനം? എന്ന അദ്ധ്യായം)
വികെഎൻ
കൃതികളുടെ വായനാനുഭവത്തെ അവിസ്മരണീയമാക്കുന്നത് അദ്ദേഹത്തിന്റെ ഭാഷയുടെ ശില്പഭംഗികളിലൂടെയുള്ള യാത്രയാണ്. ‘ശൈലിയാണ് മനുഷ്യൻ’ എന്നെ നിർവചനം
വികെയെന്നെപോലെ അപൂർവം ചിലർക്കേ യോജിക്കൂ. പഠനപ്രബന്ധത്തിന്റെ ഗൗരവത്തോടെ
ആഴത്തിലും എന്നാൽ ആർക്കും മനസിലാവുന്ന രീതിയിലും രഘുനാഥൻ ആ ഭാഷാവിശേഷങ്ങളെ
വിശദമായി പരിശോധിക്കുന്നു. പരസ്പരം പ്രാസബന്ധമുള്ള അസംബന്ധങ്ങൾ ചേർന്നു വരുമ്പോൾ ആശയത്തിന് ഉണ്ടാകുന്ന
അതിയാഥാർത്ഥ്യവും അധികമാനവുമാണ് അതിലൊന്ന്. – (‘അശ്വഹൃദയം വശമുണ്ടായിരുന്ന അദ്ദേഹം
അശ്വഗന്ധാരിഷ്ടം കഴിച്ച് അശ്വത്തിനു പോകാവുന്നിടത്തെല്ലാം ചുറ്റിയടിച്ചു’.) ‘പയ്യൻസും
കൾസും ഡ്രൈവനും മോൺസ്റ്ററും, കുളി ‘ഫിറ്റു‘ ചെയ്യലും’പോലെ നവമാധ്യമങ്ങളുടെ കാലത്തെ
സംസാരശൈലി തുടങ്ങി വച്ചത് വികെയെന്റെ പേനയാണ്. ‘കാതുകൂർപ്പിക്കാൻ പിശ്ശാങ്കത്തിയോ
മറ്റോ വേണോ?’ എന്നു ചോദിക്കുന്നതും ‘പാഞ്ചാലി മടിക്കുത്തിൽനിന്ന് അല്പം
കടുകെടുത്ത് കണ്ണിനെക്കൊണ്ട് വറുത്ത് അഞ്ചു പുരുഷന്മാരുടെയും കരളിൽ
കോരിയിടുന്നതും’ ഭാഷയിലെ പഴഞ്ചൻ ശൈലികളെ
കായകല്പം കൊടുത്ത് പുതുക്കക്കാരായി മാറ്റുന്ന വിസ്മയമാണ്. ‘വിക്ടർ ഹ്യുഗോ പറഞ്ഞ മാതിരി ഞാനൊരു പാവമാണ്’
എന്നു തീരെ പ്രസക്തമല്ലാത്ത രണ്ടു സാഹിത്യസാഹചര്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന
മായാജാലവും smoking or
nonsmoking എന്നതിന് ‘മുറുക്കോ സംഭാരമോ’ എന്ന മട്ടിലുള്ള സ്വകീയ വിവർത്തനങ്ങളും അവിടെ കാണാം. ഭൂതഭാവികളെ റദ്ദാക്കിക്കൊണ്ടുള്ള
ചരിത്രത്തിന്റെ ചാഞ്ചാട്ടമാണ് മറ്റൊരു അദ്ഭുതം. ‘ദ്രോണര് അർജ്ജുനനുകൊടുത്ത
ആണവവരമാണ് പിന്നീട് പൊഖറാനിൽ പരീക്ഷിക്കാനിരിക്കുന്നത്’ എന്നാണ് ഒരു പരാമർശം.
അലാവുദീൻ ഖിൽജി വി കെ എൻ എന്ന പേരുകേട്ട് ഓടി കണ്ടം മറിഞ്ഞ് അവസാനം ആർക്കാട്
വിമാനം ഇറങ്ങിയപ്പോഴേക്കും ചത്തു പോയ’ വിവരം മുകളിൽ എഴുതിയതാണല്ലോ. പത്താം
ക്ലാസുകാരന്റെ പുസ്തകശേഖരംപോലും സ്വന്തമായി ഇല്ലാതിരുന്ന വികെഎൻ ഓർമ്മയിൽ നിന്ന്
എടുത്തെഴുതിയാണ് പൗരാണിക സന്ദർഭങ്ങളെയും പ്രാചീന ശ്ലോകങ്ങളെയും കഥാഖ്യാനത്തിൽ
വർത്തമാന സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നത്. ‘നാക്കിൽ കേറി കൂക്കു വിളിക്കുന്ന
രുചി, ട്രേയിൽ ഹാങ് ഓവർ വച്ചു നീട്ടുന്ന പ്രഭാതം, ഇലത്തലപ്പത്ത് വിളമ്പിയ
ഉപ്പുമാങ്ങയുടെ വിപ്ലവത്തിന്റെ നിറം, ശേേേേ... എന്ന് പഞ്ചകല്യാണി രാഗത്തിൽ ദോശക്കല്ലിൽ
പരക്കുന്ന മാവ്’ എന്നിങ്ങനെയുള്ള വികെഎൻ
ശൈലികളുടെ അനന്യത്വത്തെ വിശകലനം ചെയ്യാനും ഉദാഹരിക്കാനുമായി 15 അദ്ധ്യായങ്ങൾ
രഘുനാഥൻ നീക്കി വച്ചിട്ടുണ്ട്. കൃതിയൊട്ടാകെ
ചിതറിക്കിടക്കുന്ന ഉദ്ധരണികൾക്കും അല്ലാതെ ഇഴുകിചേരുന്ന വാക്യബന്ധങ്ങൾക്കു
പുറമേയാണിത്.
`വാക്കുകളുടെയും വിവരണങ്ങളുടെയും കാര്യത്തിൽ ലക്കില്ലാതെ
പാഞ്ഞ പ്രതിഭയുടെ ധാരാളിത്തം മാത്രമല്ല, പല സന്ദർഭങ്ങളിലും അദ്ദേഹം ജീവിതത്തിൽ
അവലംബിച്ച മൗനവും നിഷ്ക്രിയതയും ചേർന്നാണ് വികെഎൻ എന്ന പ്രഹേളിക
പൂർത്തിയാക്കുന്നത്. കൂസലില്ലായ്മയുടെ ഒരു വശമാണ് പിടികൊടുക്കായ്ക.
നിർവചനങ്ങളിൽനിന്നെപ്പോഴും പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥ. (‘മരണത്തിലും
വികെയെൻ അവർക്ക് പിടികൊടുത്തില്ലെന്ന്’ ആ
കൂസലില്ലായ്മയെ ചൂണ്ടി ആദ്യ അദ്ധ്യായത്തിൽ തന്നെ രഘുനാഥൻ എഴുതി) യൂറോപ്യൻ സാഹിത്യ
അവാർഡ് കിട്ടിയ അവസരത്തിൽ ഫ്രെഞ്ച്-റൊമേനിയൻ എഴുത്തുകാരൻ യൂജിൻ അയനസ്കോയ്ക്കു സ്വീകരണം
നൽകാനും ആദരിക്കാനുമായി നോർമണ്ടിയിൽ
അക്കാദമിക്കുകളും സാഹിത്യപ്രേമികളും ചേർന്നു ഒരു സമ്മേളനം കൂടിയിരുന്നു.
പ്രസംഗത്തിന് എഴുതി തയ്യാറാക്കിയ കുറിപ്പ് കോട്ടിന്റെ പോക്കറ്റിലിട്ട് അദ്ദേഹം മറന്നുപോയി.
സമയത്തിനു നോക്കിയപ്പോൾ പേപ്പറു കിട്ടത്തതതുകൊണ്ടോ എന്തോ അസംബന്ധങ്ങളുടെ ചക്രവർത്തിയായ
അയനസ്കോ സമയമായപ്പോൾ മൈക്കിനടുത്തുവന്ന്, ആകാംക്ഷാഭരിതരായിരിക്കുന്ന ആളുകളെ
നോക്കി ‘എനിക്കു നിങ്ങളോട് പറയാനുള്ളത്,
എനിക്ക് നിങ്ങളോടൊന്നും പറയാനില്ല എന്നു മാത്രമാണെന്ന്‘ പറഞ്ഞിട്ട് തിരിച്ചു വന്ന്
കസേരയിലിരുന്ന് ഉറങ്ങി എന്നൊരു കഥയുണ്ട്. തിരുവില്വാമല ക്ഷേത്രത്തിനടുള്ള ഹാളിൽ
കൂട്ടുകാർ ചേർന്ന് ഒരുക്കിയ സ്വീകരണ
യോഗത്തിൽ വി കെ എൻ അയനസ്കോയുടെ അത്രപോലും
പോയില്ല. മൈക്കിനു മുന്നിൽ വന്നു നിന്ന് ചിരിച്ചതേയുള്ളൂ. ലോകചരിത്രത്തിലെ ഏറ്റവും
ചെറിയ, വാക്കുകളില്ലാത്ത മറുപടി പ്രസംഗം അധികം ആരും അറിയാതെ അവിടെ അവസാനിച്ചു.
വികെഎൻ
സാഹിത്യം ജനപ്രിയതയുടെ ചേരുവകൾ ഉള്ളടക്കിയവയല്ല. ലളിതമായി വായിച്ചുപോകാവുന്ന
തരത്തിൽ ഋജുവുമല്ല അവയുടെ ആഖ്യാനപരവും പ്രമേയപരവുമായ ഗതികൾ. വയലാർ, വള്ളത്തോൾ
എഴുത്തച്ഛൻ, ഓടക്കുഴൽ പോലുള്ള ശ്രേഷ്ഠപുരസ്കാരങ്ങൾ ഒന്നും വികെയെനിന്
ലഭിച്ചിട്ടില്ല. അക്കാദമികമായി വളരെയൊന്നും ബഹുമാനിക്കപ്പെട്ടിട്ടില്ല. (75
വർഷത്തെ ജീവിതത്തിൽ ആകെ കിട്ടിയത് 5 അവാർഡുകൾമാത്രം) എന്നാലും ജനപ്രീതിതന്നെയാണ് ആ
രചനകളെ പ്രസക്തമാക്കുന്നത്. ഒരു മാനസികാവസ്ഥ എന്നതുപോലെ വികെഎൻ ഒരു
സാഹിത്യസാഹചര്യവുമായിരുന്നില്ലേ? ‘വികെയെൻ സാഹചര്യം’ എന്ന് ഓ വി വിജയൻ അനുസ്മരണക്കുറിപ്പിൽ
പ്രയോഗിക്കുന്നുണ്ട്. ജീവിതവും ചരിത്രവും തമ്മിൽ ആകസ്മികമായി കൂട്ടിയിടിക്കുന്ന മുഹൂർത്തങ്ങളിൽ
നിന്നാണ് ആ തിളക്കമുള്ള സന്ധികൾ ഉടലെടുക്കുന്നത്. വർഷങ്ങൾക്കിപ്പുറംനിന്ന് നോക്കുമ്പോഴും നമ്മൾ
തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും പ്രാദേശിത്വം വിട്ടുയരുന്ന ഘടകങ്ങൾ അദ്ദേഹത്തിൽ
സജീവമായിരുന്നു. ഒരു പക്ഷേ അവ കൂടുതലായി തെളിയിച്ചെടുക്കാനുള്ള ബാധ്യത വരുംകാലങ്ങൾ
ഏറ്റെടുക്കുമായിരിക്കും. ‘മുഖവുരയിൽ രഘുനാഥൻ അവകാശപ്പെടുന്നതുപോലെ ഇവിടെ ‘വികെയെനെ
വിഗ്രഹവത്കരിക്കുന്നില്ല’. എന്നാൽ സാഹിതീയവും ഭൗതികവുമായ ജീവിതപ്രതിബിംബങ്ങൾക്കിടയിലെ
ഇരുട്ട് തെളിയിച്ചെടുക്കാനുള്ള ശ്രമം, അതിന്റെ ആത്മാർത്ഥതകൊണ്ട്, ജനനംമുതൽ
മരണംവരെയുള്ള ഒരു നാൾവഴി ചരിത്രമാവാൻ കൂട്ടാക്കാതെ, സമഗ്രമായ ഒരു വികെഎൻ
അനുഭവമായി വായനയിൽ പരിണമിക്കുകയാണ് ചെയ്യുന്നത്.
സമകാലികമലയാളം ആഴ്ചപ്പതിപ്പ്, 2020 ഏപ്രിൽ 20
മികച്ച അവലോകനം
ReplyDeleteആശംസകൾ
ഒന്നു രണ്ട് തവണ നേരിട്ട് പോയി
ReplyDeleteകണ്ടിട്ടുള്ള ,എന്റെ ഇഷ്ട്ടപ്പെട്ട സാഹിത്യകാരന്റെ
ജീവചരിത്രം ഇതുവരെ വായിച്ചിട്ടില്ല ..
നല്ല അവലോകനം ,ഇതിനെക്കുറിച്ചുള്ള അഷ്ടമൂർത്തിയുടെ അവലോകനവും വായിച്ചു