February 25, 2015

യുക്തിബോധത്തെ വൈറസു ബാധിക്കുമ്പോൾ





നൂറുകോടിയോളം രൂപ ചെലവിട്ട്  2 വർഷവും 8 മാസവുമെടുത്ത് ഷങ്കർ എന്ന ഹിറ്റ് സംവിധായകൻ ഒരുക്കിയ എന്ന  ചലച്ചിത്രവും പറയുന്നത് ജനപ്രിയ സിനിമകളുടെ പതിവനുസരിച്ച്, ലക്ഷ്യപ്രാപ്തിയിലെത്തുന്ന പ്രതികാര നിർവഹണത്തിന്റെയും  ആദർശ നിർഭരമായ പ്രണയ സാഫല്യത്തിന്റെയും കഥയാണ്. കാഴ്ചയ്ക്കുള്ള വിഭവങ്ങൾ വാരി നിറയ്ക്കുന്നതിൽ പ്രണയവും പ്രതികാരവും പോലെ സാധ്യതകൾ തുറന്നിടുന്ന ചേരുവകൾ ഇനിയും ഇന്ത്യൻ ചലച്ചിത്രങ്ങൾ കണ്ടെത്താനിരിക്കുന്നതേയുള്ളൂ. വിദേശങ്ങളുൾപ്പടെയുള്ള ലൊക്കേഷനുകളിലെ ഗാനചിത്രീകരണവും സംഘടനങ്ങളും പരസ്യമോഡലുകളുടെ ജീവിത പശ്ചാത്തലവും  കോടികൾ ചെലവിട്ട് തയാറാക്കിയ കൃത്രിമ സെറ്റുകളും അന്തർദ്ദേശീയ നിലവാരമുള്ള ചമയവും വസ്ത്രാലങ്കാരങ്ങളും ഗ്രാഫിക്സുകളുടെ ധാരാളിത്തവും ചേർന്ന് ആകാശഗംഗയ്ക്കും വെളിയിലുള്ള ഏതോ മായിക ലോകത്തിന്റെ മുന്നിൽ എന്നപോലെ പ്രേക്ഷകരെ അമ്പരപ്പിച്ചു പിടിച്ചിരുത്തുന്ന സിനിമയാണിത്. 188 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം എന്നുപോലും അറിയാതെ.  ചലച്ചിത്രങ്ങൾ കാഴ്ചയുടെ ആഘോഷങ്ങളായതുകൊണ്ട്, കാണിയുടെ ഇമ ഒരു പ്രാവശ്യം പോലും ചിമ്മാതെ നിലനിർത്താൻ വേണ്ട ചേരുവകൾ വാരിനിറയ്ക്കാൻ അറിയാവുന്ന സംവിധായകൻ ഇരുട്ടുമുറിയിലിരുന്ന് വിങ്ങുന്ന കാണികളുടെ മിടിപ്പറിയാവുന്ന മർമ്മജ്ഞനുംകൂടിയായിരിക്കും. അക്കാര്യത്തിൽ ഷങ്കർ ജനത്തെ നിരാശനാക്കിയിട്ടില്ല എന്നതിനു തെളിവുംകൂടിയാണ് ആദ്യദിവസം തന്നെ ചിത്രത്തിന് പിരിഞ്ഞു കിട്ടിയ 35 കോടി.
ചെന്നൈയിലെ ഉൾനാടൻ പ്രദേശത്ത് മിസ്റ്റർ ഇന്ത്യയാവുക എന്ന സ്വപ്നവും ദിയ (അമി ജാക്സൺ) എന്ന താരത്തോടുള്ള ആരാധനയുമായി നടന്ന ലിംഗേശൻ (ചിയാൻ വിക്രം) എന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ ആഗോളമോഡലായി  തീരുന്നതാണ് കഥാതന്തു. പ്രണയമാണ് അയാളുടെ ഉയർച്ചയ്ക്ക് കാരണമാവുന്നതെങ്കിൽ, അതേ പ്രണയം തന്നെയാണ് മന:പൂർവമല്ലാതെ, അയാളുടെ സൌന്ദര്യത്തെ കെടുത്തി വികൃതമാക്കി വിലകെട്ടതാക്കി മാറ്റുന്നതും. ശരീരസൌന്ദര്യത്തിൽനിന്നു തുടങ്ങി പ്രണയം, നേരെ താഴേയ്ക്ക് വന്ന് മാംസനിബദ്ധമല്ലാത്ത ആദർശത്തിന്റെ കരങ്ങളിൽ ആശയും അഭയവും തേടി ചരിതാർത്ഥമാകുന്നതോടെ സിനിമ ശുഭപര്യവസായിയായി തീരുന്നു. ശരീരം നല്ലൊരു കാഴ്ചാവിഭവമാണ്. അതിന്റെ സൌന്ദര്യാത്മകവും വൈരൂപ്യാത്മകവുമായ രണ്ടു സാധ്യതയും യിൽ സംവിധായകൻ ഉപയോഗിക്കുന്നുണ്ട്. ലിംഗേശന്റെ ബോഡി ബിൽഡറിൽനിന്ന് മോഡലിലേയ്ക്കുള്ള ലാവണ്യപരമായ പരിണാമമാണ് അവയിലൊന്ന്. പ്രാദേശികമായ അളവുകളിൽനിന്ന് അന്തർദ്ദേശീയമായ മാതൃകയിലേയ്ക്കാണ് അയാളുടെ വളർച്ച. അതിന്റെ ലാവണ്യപരമായ സ്വീകാര്യതയ്ക്ക് നേരെ വിപരീത ദശയിലാണ് H4N2 വൈറസ് ബാധിച്ച് വാർദ്ധക്യം, കൂന്, മുരടിപ്പ്,  മാംസവളർച്ച എന്നിവയാൽ കോലംകെട്ട രൂപത്തിലേയ്ക്കുള്ള അയാളുടെ മാറ്റം. ഇതേ സാധ്യത തന്നെ മറ്റു കഥാപാത്രങ്ങളുടെ കാര്യത്തിലും സംവിധായകൻ പ്രാവർത്തികമാക്കിയിരിക്കുന്നു. സിനിമയിൽ  കൊഴുപ്പിന്റെയും വലിപ്പത്തിന്റെയും മൂർത്തികളായിട്ടാണ്, ലിംഗേശനെതിരെ അണിനിരക്കുന്ന ബോഡി ബിൽഡർ രവി (എം കാമരാജ്) ഒസ്മാ ജാസ്മിൻ (ഓജസ് രജനി), മോഡൽ ജോൺ (ഉപൻ പട്ടേൽ) വ്യവസായി ഇന്ദ്രകുമാർ (രാം കുമാർ ഗണേശൻ) ഡോ. വാസുദേവൻ (സുരേഷ് ഗോപി)എന്നിവരെ ചിത്രീകരിച്ചിരിക്കുന്നത്.  അവരുടെ ശരീരത്തെ പലതരത്തിൽ വികൃതമാക്കിക്കൊണ്ടാണ് ലിംഗേശൻ തന്റെ പ്രതികാരം നിർവഹിക്കുന്നത്. അന്ന്യനിൽ അമ്പി എന്ന മനോരോഗിയായ കഥാപാത്രം ശിക്ഷകൾക്ക് പുരാണങ്ങളെയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ ഇവിടെ ലിംഗേശൻ ശാസ്ത്രീയമായഅറിവുകളെ കൂട്ടുപിടിക്കുന്നു. വൈറസ് ആക്രമണത്താൽ കോടിപോയ തന്റെ ശരീരത്തെ പൂർവസ്ഥിതിയിലാക്കാൻ ആയുർവേദം സഹായത്തിനെത്തുന്ന കാര്യംകൂടി സിനിമ അവസാനം പറഞ്ഞുവയ്ക്കുന്നുണ്ട്. ആധുനിക യാന്ത്രികതയുടെയും നവീനശാസ്ത്രത്തിന്റെയും ദുരുപയോഗത്തിൽനിന്നുള്ള പിന്മടക്കം പാരമ്പര്യസമ്പത്തുകളെ എത്തിപ്പിടിച്ചുകൊണ്ടാവണം എന്ന കാര്യത്തിൽ ഇന്ത്യൻ തുടങ്ങിയുള്ള ഷങ്കർ സിനിമകളുടെ നിരയിലാണ്  യുടെയും സ്ഥാനം.  
ലിംഗേശന്റെ പ്രേമത്തെ ദിയ ആദ്യം നിരസിച്ചതാണ്. പ്രണയ തിരസ്കാരങ്ങൾ വേറെയുമുണ്ട് സിനിമയിൽ. ജോണിന്റെ അഭ്യർത്ഥനകൾ ദിയയ്ക്ക് ഒരു ശല്യമായാണ് അനുഭവപ്പെടുന്നത്. അതേ അവസ്ഥയാണ് വിമതലൈംഗികത്വമുള്ള (ആൻഡ്രോജിനിയസ്) ഒസ്മായുടെ ലിംഗേശനോടുള്ള പ്രണയവും, ദിയയുടെ രക്ഷാകർത്താവെന്ന നിലയിൽ പ്രത്യക്ഷപ്പെടുന്നുവെങ്കിലും അവളോട് ഗൂഢമായ രതി ഉള്ളിൽ സൂക്ഷിക്കുന്ന ഡോ. വാസുദേവിന്റെ പ്രകടനങ്ങളും. പ്രണയത്തിന്റെ താത്കാലികതയല്ല, സ്ഥിരതയാണ് ആദർശവത്കരിക്കപ്പെടുന്നത് എപ്പോഴും. ഇണയോടുള്ള അഭിലാഷം പച്ചയ്ക്ക് പ്രകടിപ്പിക്കുന്നത് കുറ്റകൃത്യമാവുകയും നിരസ്സിക്കപ്പെടുകയും അതിനുമേലുള്ള കാൽപ്പനികതയും വച്ചുകെട്ടും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഘടനയാണ് ചലച്ചിത്രവും സ്വീകരിക്കുന്നത്.  പൂക്കൾ വിരിഞ്ഞു നിറഞ്ഞു നിൽക്കുന്ന ഏകാന്തമായ സ്ഥലത്തുള്ള വീട്ടിൽ താനും ലിംഗേശനും മാത്രമായി ജീവിക്കുന്നതിനെക്കുറിച്ച് ആവർത്തിച്ചു വരുന്ന ദിയയുടെ പരാമർശം, ഭാവനയിൽ മാത്രം ആദർശം നിറഞ്ഞതും  എന്നാൽ ജീവിതഗന്ധിയുമല്ലാത്ത ഒരു ഒറ്റപ്പെട്ട ലോകത്തെ സ്വപ്നത്തിലെന്നവണ്ണം മുന്നിൽ വച്ച് പ്രലോഭിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. ചില പ്രണയാഭ്യർത്ഥനകൾ തിരസ്കരിക്കപ്പെടേണ്ടതാണെന്ന വാസ്തവത്തെ സിനിമ യുക്തികൊണ്ടല്ല അടയാളപ്പെടുത്തുന്നത്. സാമാന്യബോധംകൊണ്ടാണ്. യിലെ പ്രണയം,  സുന്ദരിയും വന്യജീവിയും (ബ്യൂട്ടി ആൻഡ് ബീസ്റ്റ്), നോത്ര്ദാമിലെ കൂനൻ തുടങ്ങിയ ക്ലാസിക്കു് കൃതികളിലെ രംഗങ്ങളെ സിനിമ അഭിമാനപൂർവം കൂട്ടുപിടിച്ചിട്ടുണ്ടെന്നു കാണാൻ പ്രയാസമില്ല. പക്ഷേ ഓർമ്മയിൽ അവയിലെ ക്ലാസിക്കൽ അംശങ്ങൾ  പങ്കുവച്ച വൈകാരികമായ ആഴത്തെയല്ല മറിച്ച് കാഴ്ചയുടെ പൊലിമയെയാണ് അപ്പോഴും സിനിമ ഉറ്റുനോക്കുന്നത്.  
ഡോ. വാസുദേവും മറ്റു നാലംഗങ്ങളുടെ സഹായ സഹകരണ സംഘങ്ങളും  ചേർന്ന് ചതിയിലൂടെ ശരീരത്തിൽ കയറ്റി വിട്ട വൈറസ് നൽകിയ അകാലവാർദ്ധക്യവും വൈരൂപ്യവുംകൊണ്ട് വലയുമ്പോൾ തന്നെയാണ് ലിംഗേശൻ പ്രതികാരദാഹിയായി ശത്രുക്കളെ മുച്ചൂടും നശിപ്പിക്കുന്നത്. ജോണിനെ അയാൾ വൈകൃതത്തിനിരയാക്കുന്നത് അതിശക്തമായ വൈദ്യുതാഘാതം ഏൽപ്പിച്ചിട്ടാണ്. ഓടുന്ന തീവണ്ടിയിലൂടെ ജോണിന്റെ പിന്നാലെ പാഞ്ഞ് യന്ത്രത്തിനു പോലും അസാധ്യമായ വിധത്തിൽ  കൃത്യതയോടെ അയാൾ പണി തീർക്കുന്നു. ഒസ്മായുടെ ശരീരത്തിൽ മുഴുവൻ രോമം വളർത്താൻ, മുടിവളരാനുള്ള മരുന്നുകൾ ചേർത്ത് പ്രത്യേക കൂട്ടാണ് അയാൾ ഒരുക്കുന്നത്. ശരീരം വീങ്ങി തടിക്കാൻ ഡോക്ടർക്ക് നൽകുന്ന മരുന്നും സ്വന്തം കണ്ടു പിടിത്തമാണ്. ചുരുക്കത്തിൽ വൈറസ് ബാധ ലിംഗേശന്റെ രൂപത്തെ ബാധിച്ചെങ്കിലും ശാരീരിക ക്ഷമതയെയോ ബുദ്ധിശക്തിയെയോ ബാധിച്ചിട്ടില്ലെന്ന വിശ്വാസദാർഢ്യം സിനിമ മുഴുവൻ കണ്ടുതീർക്കാൻ അത്യാവശ്യമാണ്. മറുകണ്ടം ചാടിയാൽ ലിംഗേശന്റെ ശാരീരിക ക്ഷമതയും ബുദ്ധി ശക്തിയും വൈറസ് ബാധിച്ചതിനു ശേഷം കൂടി ! 5 പ്രതിനായകരുംകൂടി എത്ര കിണഞ്ഞിട്ടാണ് ലിംഗേശന് വൈകൃതം സമ്മാനിച്ചത്, എന്നിട്ടോ അതിന് പരിഹാരവുമുണ്ടെന്ന മട്ടിലാണ് സിനിമ അവസാനിക്കുന്നത്. തിരിച്ച് അയാൾ വികൃതമാക്കിവിട്ടത് 5 എണ്ണത്തിനെയാണ് ഒരെണ്ണം പോലും സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുമെന്നും തോന്നുന്നില്ല. അപ്പോൾ വൈറസ് നല്ലതിന് എന്ന് നമ്മൾ പറയണം !
  സമൂഹത്തിലെ വിവിധതുറയിലുള്ളവരെ ഉൾക്കൊള്ളാൻ തക്കവണ്ണം അതിരുവിസ്താരമുള്ള  ബ്രഹ്മാണ്ഡപ്പടപ്പുകളിൽ കഥയിൽ ചോദ്യമില്ലെന്ന പഴയ യുക്തിയൊഴിച്ച് മറ്റൊന്നിനെയും അന്വേഷിക്കുന്നതിൽ കാര്യമില്ല. എങ്കിൽ പോലും ആധുനികമായ സാങ്കേതികമികവുകളെ കൂട്ടുപിടിച്ചുകൊണ്ട്,, സിനിമപോലെയൊരു നൂതനവും കാലികവുമായ കലാരൂപം കാട്ടിക്കൂട്ടുന്നത് പരിണാമചരിത്രത്തിന്റെ വഴികളിലൂടെ നാം ആർജ്ജിച്ചെടുത്ത മുഴുവൻ കാര്യകാരണബന്ധങ്ങളെയും നോക്കി കൊഞ്ഞനം കാണിക്കുന്നതരത്തിലുള്ള വിക്രിയകളാണെങ്കിൽ അതിനെക്കുറിച്ച് അല്പം ചിന്താവശരാവുന്നതിൽ തകരാറൊന്നുമില്ല.

(Janayugam varanthyam)

1 comment:

  1. വൈറസ് താരമായപ്പോള്‍ ഇങ്ങനെ കഥയുണ്ടായി!!

    ReplyDelete