February 18, 2015

കളിമണ്ണും ദാരുശില്പങ്ങളും



- എനിക്കെല്ലാം മനസ്സിലായി.
വീട് അനങ്ങുകയാണ് - (വീടുകൾക്കും ജീവനുണ്ട്)


    സ്വയം തീർപ്പുകളെടുത്ത് ഭീതിദമാവുന്ന വീടുകൾ ഒരു ഭ്രമകൽ‌പ്പനയല്ല. സർവഥാ സുരക്ഷിതം എന്നു ബഹുഭൂരിപക്ഷവും കരുതിവരുന്ന ഒരു സങ്കല്പത്തെ തിരിച്ചിട്ട കാഴ്ചയാണത്. “നമ്മുടെ വീട്ടിനകത്തെന്നും ഇരുട്ടായിരുന്നല്ലോ ജബ്ബാർ? അതിനകത്തെ മനുഷ്യർക്കൊക്കെ വിശപ്പും കലിയുമായിരുന്നല്ലോ?”എന്നാണ് ‘റോത്ത്മാൻസിന്റെ ചാരം’ എന്ന കഥയിൽ ശിഹാബുദ്ദീൻ എഴുതുന്നത്. “ഞാൻ മാത്രം ഇരുട്ടിന്റെ വന്യമായ ഗുഹാമുഖത്തേയ്ക്ക് മടങ്ങുന്നു. അതിനു വീടെന്നു പേര്” എന്നുമുണ്ട് ‘ജീവിതം അതൊന്നുമാത്രം’ എന്ന കഥയിൽ. ഇളകിയ ചുവരുകൾക്കുള്ളിൽ ദാരിദ്ര്യവും പീഡകളും ഇരുട്ടും കൂടി എരിച്ചു തീർത്ത ജീവിതത്തെക്കുറിച്ചുള്ള പേടിയുണ്ട്, ആഞ്ഞ് ശ്വാസം വലിക്കുകയും ചോര കുടിക്കുകയും ചെയ്യുന്ന വീടെന്ന രൂപകത്തിന്റെ പിന്നിൽ. എങ്കിലും അതവിടെ ഒതുങ്ങുന്നില്ല. ശിഹാബിന്റെ കഥകളിലെ മനുഷ്യരുടെ അശരണമായ ആശങ്കകളെ നിർമ്മിച്ചുകൂട്ടുന്നത് വീടാണ്. യാത്രകളെല്ലാം അവിടേയ്ക്കുള്ളതും അവിടെനിന്നുള്ളതും ആണ്. വീടിനെക്കുറിച്ചുള്ള പ്രത്യക്ഷപരാമർശം ഇല്ലാതെ തന്നെ വീട് പല രൂപത്തിൽ കഥകളിൽ അവതരിക്കുന്നു. പ്രതികൂലാവസ്ഥകൾ നിർമ്മിക്കുന്നു. ഇറക്കി വിടുന്നു (തുരുമ്പു മുള്ളാണിയുടെ ഹൃദയം). അവിടേയ്ക്ക് തിരിച്ചു കയറുന്നതിൽ നിന്ന് തടയുന്നു (കരിമ്പുലി). അപരിചിതമായ അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ട് അതിലെ വാസികളെ അന്യരാക്കി തീർക്കുന്നു (തൊട്ടു പിറകിൽ). ‘ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്’ എന്ന കഥയിൽ അതൊരു തീവണ്ടി നിലയമാണ്.  ‘മലബാർ എക്സ്പ്രസ്സിൽ’ അതൊരു തീവണ്ടിയാണ്. ‘താജ്‌മഹലിലെ തടവുകാരിൽ’ ചരിത്രസ്മാരകമാണ്. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി കഞ്ഞിവച്ചും ഭോഗിച്ചും വ്യാകുലപ്പെട്ടും കഴിഞ്ഞുപോകാനുള്ള കൂട് എന്ന നിലയ്ക്ക് മാത്രമല്ല വീട് ഇവിടങ്ങളിൽ പ്രത്യക്ഷമാവുന്നത്. അത് തന്റേതായ ഒരിടം കൂടിയാണ്. ശിഹാബിന്റെ കഥകളിൽ എല്ലായ്‌പ്പോഴും പുറത്തു വ്യക്തമായി കാണാവുന്ന കൊമ്പു പോലെ മുഴച്ചു നിൽക്കുന്ന ‘മനുഷ്യന്റെ’ ഇടമാണത്. അയാളുടെ സ്വകാര്യമോ സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ പ്രവൃത്തിസ്ഥലങ്ങളെല്ലാം വീടെന്ന രൂപകത്തിന്റെ നാനാവിധമായ അർത്ഥപരിധിയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് കഥകൾക്ക് പശ്ചാത്തലമണയ്ക്കുന്നത്. ആഗ്രഹത്തിനനുസരിച്ച് അഭയവും സംരക്ഷണവും സുഖങ്ങളും മാന്യതയും നൽകേണ്ട തിണകളാണ് മിക്കപ്പോഴും അവരുടെ നിവൃത്തിസ്ഥലം കൂടിയാകുന്നത് ; ആഗ്രഹങ്ങൾക്കും സാമാന്യധാരണയ്ക്കും എതിരെ നിലകൊള്ളുന്നത്. അവ സ്വയം തീരുമാനങ്ങളെടുക്കുകയും കലഹിക്കുകയും ചെയ്യുന്നതിന്റെ അസ്വസ്ഥതകൾ ശിഹാബിന്റെ കഥകളിലുണ്ട്. നീതി, കാരുണ്യം തുടങ്ങിയ മൂല്യസഞ്ചയങ്ങളെക്കുറിച്ചുള്ള കഠിനമായ ആശങ്കകൾ കുഴമറിഞ്ഞ് പ്രവർത്തിക്കുന്നുണ്ട് വീടിന്റെ രൂപകങ്ങളിൽ. ‘കാട്ടിലേയ്ക്ക് പോകല്ലേ കുഞ്ഞേ’ എന്ന കഥയിലെ സ്നേഹമയിയായ ഉമ്മയെ എടുക്കുക. കഥാന്ത്യത്തിലെ ‘ന്റെ മക്കളെ ഞാൻ  നീന്തൽ പഠിപ്പിച്ചില്ലല്ലോ‘ എന്ന ഉള്ളുലയ്ക്കുന്ന നിലവിളിയിൽ തെളിയുന്നത് മരിച്ച മൂന്നു കുഞ്ഞുങ്ങളുടെ ദേഹങ്ങളാണ്.  ഉമ്മയുടെ സ്നേഹത്തിനു പോലും കാക്കാൻ പറ്റാത്ത എന്തോ ഒന്ന് വിധിയായി ചുറ്റിതിരിയുന്നുണ്ട് വീടുകളിൽ. അതാണ് വീടുകളുടെ സ്വേച്ഛയായി ദുരന്തങ്ങളുടെ വായ്ത്തല മിനുക്കുന്നത്. അവയുടെ മച്ചുകളിൽ നിന്ന് ചോരതുള്ളികളെ പെയ്യിക്കുന്നത്.

    ‘താജ്‌മഹലിൽ’ ആ ചരിത്രസ്മാരകത്തിന്റെ നിഴലിൽ നിന്ന് വഴക്കടിക്കുന്ന ഷാജഹാനും മുംതാസും അവരുടെ അവസാനത്തെ വീടും നഷ്ടപ്പെടുത്തിയ ദുരന്താത്മാക്കളാണ്. ‘താജ്‌മഹൽ കാണേണ്ടിയിരുന്നില്ലെന്ന് അതെങ്കിലും ബാക്കി വയ്ക്കാമായിരുന്നു’വെന്ന് ഉറക്കമില്ലായ്മയ്ക്കിടയിൽ ഷാജഹാൻ ചിന്തിക്കുന്നതു കാണാം. ഉടലുമായി നിരന്തരമായി നിരന്തരം വഴക്കിടുന്ന തലയും (തല) തലയിൽ നിന്ന് തെറിച്ചു പോയ കണ്ണും ( ആർക്കും വേണ്ടാത്ത ഒരു കണ്ണ്) സന്ദേഹിയായ കുറുക്കനും (മരമില്ലിലെ കുറുക്കൻ) മലബാർ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ മാറിക്കയറിയ ആയിരം കളത്തിൽ ഗോവിന്ദനും (മലബാർ എക്സ്പ്രസ്) വീടിന്റെ അഭാവത്തെ അനുഭവിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. സ്ഥലപരമായ അസ്തിത്വത്തെ നിർണ്ണയിച്ചു തരുന്നതിൽ ഉടലിനുള്ള അനിഷേധ്യമായ സ്ഥാനത്തെക്കുറിച്ച് ‘തല’ ബോധവാനാണ്. ‘തലയ്ക്ക് ഉടലിനോട് പിതൃസഹജമായ സ്നേഹനോവാണ് തോന്നിയത്’ എന്ന് കഥയിലൊരിടത്ത് പറയുന്നുണ്ട്. വ്യക്തിവാദപരമായ മുഴച്ചുനിൽ‌പ്പുണ്ട് ഈ പിതൃനിർവിശേഷത്തിൽ. ആശ്രയിയെന്നു നാം വിചാരിക്കുന്ന വകകൾ അലോസരം മുഴക്കി എഴുന്നേൽക്കുമ്പോൾ തകരുന്ന തരത്തിൽ കനം കുറഞ്ഞതാണ് ഈ മുഴകൾ. അതുകൊണ്ട് ഏതു കലഹവും അവസാനം രഞ്ജിപ്പിലെത്താതെ വയ്യ. അതുതന്നെയാണ് അടുത്ത നെഞ്ചെരിപ്പിനുള്ള കാരണവും. വീട് ഒരു വിഷമവൃത്തമാകുന്നത്, ഈ ചക്രം ചുറ്റലിലാണ്. 

    കലാകാരന്റെ ഏകാകിതയും സ്വത്വബോധവുമായി ചാർച്ചയുള്ള ഒന്നായി വായിച്ചുതള്ളാവുന്ന വിധത്തിലല്ല ഈ സംഘർഷങ്ങളുടെ ഒത്തിരിപ്പ്. ഈ ലോകവുമായി തനിക്കുള്ള ഇടംചെറുപ്പുകൾ,  തനിക്കെതിരെ ഗൂഢാലോചന നടത്തുന്ന സമൂഹം എന്നിങ്ങനെയുള്ള വിചാരധാരകളിൽ നിന്നും ആത്മാവിഷ്കാരങ്ങളിൽ നിന്നും ഇവയ്ക്കുള്ള വ്യത്യാസം തന്നെ രൂപകങ്ങൾക്ക് കൈവരുന്ന നീട്ടിയെടുക്കാവുന്ന അർത്ഥധ്വനികളാണ്. വ്യക്തിഗതമായ കുടുസ്സിൽ കറങ്ങാതെ ശിഹാബിന്റെ കഥകൾ രക്ഷപ്പെടുന്നത് അതിലാവിഷ്കൃതമാവുന്ന സൂക്ഷ്മതരമായ രാഷ്ട്രീയത്തിന്റെയും ചരിത്ര-പ്രത്യയശാസ്ത്രാവബോധങ്ങളുടെയും തിരിനാളങ്ങളാലാണ്. അധികാരഘടനയോടും പ്രതിരോധത്തോടും ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഇടമാണ് കഥകളിലെ സ്ഥലം. ‘മലബാർ എക്സ്‌പ്രസ് ’പോലെ കാലികരാഷ്ട്രീയസൂചനകൾ ഉള്ള കഥകൾ ശിഹാബുദ്ദീൻ അധികം എഴുതിയിട്ടില്ല. എങ്കിലും അധികാരപ്രയോഗത്തിന്റെ ഏറ്റവും ചെറിയ ഏകകം എന്ന നിലയ്ക്ക് വീടുകളിലെ സംഘർഷങ്ങളെ ഉള്ളടക്കുന്ന വ്യക്തികളുടെ വിഹ്വലതകൾക്ക് അതിനപ്പുറത്തേയ്ക്ക് നോട്ടമയക്കുന്ന കാഴ്ചകളുണ്ട്. കർതൃത്വങ്ങൾക്ക് പശ്ചാലമൊരുക്കിക്കൊണ്ട് അരു നിൽക്കേണ്ട ഭൂമിക ഇളകുകയും തുള്ളുകയും രക്തം കുടിക്കുകയും ഇംഗിതം അറിയിക്കുകയും ചെയ്യുന്നതായുള്ള അതിവാസ്തവകൽ‌പ്പനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന അബോധം ഭൂമികകളുടെ രൂപപ്പെടലിന്റെക്കുറിച്ചുള്ള വേവലാതിയാണ്. അതങ്ങനെ വെറുതെ സ്ഥായിയായും നിർമമമായും ഇടപെടലുകളില്ലാതെ കർമ്മങ്ങളിൽ നിലനിൽക്കുന്ന ഒന്നല്ലെന്ന സംത്രാസമാണ് ശിഹാബിന്റെ കഥകളിൽ കൂടുതൽ ഇരുണ്ട നാട്ടുവഴികളെ സൃഷ്ടിച്ചു വിടുന്നത്.


“നിനക്കിതാരു തന്നു മോനേ,
നിന്റെ ജിന്നാണോ?”  (തുരുമ്പുമുള്ളാണിയുടെ ഹൃദയം)


     ആർക്കും വേണ്ടാത്ത ഒരു കണ്ണ് എന്ന കഥയിലെ ‘കണ്ണ്’സ്ഥലപരമായ ഒത്തുതീർപ്പില്ലാതെ അനാഥമാക്കപ്പെട്ട കർതൃത്വമാണ്. ശരീരത്തിൽ നിന്നുമുള്ള ഇറങ്ങിപ്പോക്കോ പുറത്താക്കലോ ആണ് അതിന്റെ ദുരന്തം. ‘അബ്ദുൾ മുത്തലിബ് ’ വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നു. ‘മഞ്ഞുകാല’ത്തിലെ അസൈനാർക്ക ഇടയ്ക്കിടയ്ക്ക് വീടു വിട്ടു പോകുന്നു. മൂന്നുമാസം ഭ്രാന്തിലും ഒൻപതുമാസം സമനിലയിലും ജീവിച്ചയാൾ എന്നാണ് അസ്സൈനാർക്കയെക്കുറിച്ച് പറയുന്നത്. സമനില ജീവിതം ഒരു തരം ആപേക്ഷികതയാണ്. അതായത് കൂട്ടത്തോടെയുള്ള അസ്വാഭാവികത സാധാരണക്കാര്യമാകും. ഒറ്റ തിരിഞ്ഞുള്ള സാധാരണത്വം ഉന്മാദമായി ഭ്രാന്താശുപത്രിയിലെത്തിക്കുകയും ചെയ്യും. മനുഷ്യന്റെ സ്വാസ്ഥ്യത്തെക്കുറിച്ച് കാതലായ സംശയം അലട്ടുന്ന സംവേദനത്തെ കഥാകൃത്ത് പല തരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പാളങ്ങളിൽ നിന്നുള്ള വിടുതിയെയാണ് ഭ്രാന്തെന്നു പറയുന്നത്. ആവിഷ്കാരത്തിനു വെമ്പുകയും എന്നാൽ അതിന് യാതൊരു പഴുതും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ഭ്രാന്താണ്.  ‘തുരുമ്പുമുള്ളാണിയുടെ ഹൃദയത്തിലെ’ മമ്മുമുക്രിയുടെ ചിത്രം വര അയാളെ എത്തിക്കുന്നത് ഭ്രാന്താശുപത്രിയിലാണ്. തുരുമ്പിച്ചഭാഷയുടെ വിനിമയത്തിനകത്താണ് മമ്മുമുക്രി കിടന്ന് പിടച്ചത്. ‘മഴ നനഞ്ഞ ഒരു വാച്ചി’ലെ സ്ഥിതിയും മറിച്ചല്ല. മുതിർന്നവരുടെ നിഷ്ഠകൾ ഞെരിച്ചുകളഞ്ഞ ജീവനാണതിൽ പിടയ്ക്കുന്നത്.  മനസ്സിൽ അനിർവചനീയമായ തീനാമ്പുകൾ മുളച്ചപ്പോൾ അതിനെ ഒതുക്കാൻ ഉണ്ണിക്കുട്ടൻ ചിത്രം വരയ്ക്കുകയാണ് ചെയ്തത്. ചതുരവും വൃത്തവുമായ ചിത്രങ്ങൾ. ‘പരിണാമദിശയിലെ ഒരേടി’ൽ ആവിഷ്കാരത്തിനായി വെമ്പുന്ന നോവുകളുണ്ട്. ആശയങ്ങളുണ്ട്, ഭാഷയില്ല എന്നതാണ് പ്രതിസന്ധി. താൻ പറയുന്നതൊന്നും മറ്റൊരാൾക്ക് മനസ്സിലാവുന്നില്ലെന്നു വരുന്ന അവസ്ഥയും പാളങ്ങളിൽ നിന്ന് വഴി തെറ്റിക്കുന്നു.

‘പരിണാമദിശയിൽ നിന്നൊരേടി’ൽ വാസ്തവത്തിൽ നമ്മുടെ ആവേഗങ്ങൾ മുന്നിലേയ്ക്കോ പിന്നിലേയ്ക്കോ എന്നറിയാതെ കുഴങ്ങുന്ന ബോധത്തിന്റെ ഒരു പരിഹാസ്യതയുണ്ട്. ‘ആർക്കും വേണ്ടാത്ത കണ്ണ്’ അതിന്റെ പിന്നിലെ നന്മയോടെ പങ്കുവയ്ക്കുന്ന സത്യം, അങ്ങനെയൊരു കണ്ണിന് ലോകത്തിൽ ഒരു സാദ്ധ്യതയുമില്ലെന്നാണ്. അതേ സാധ്യതയില്ലായ്മ അസൈനാർക്കയും മമ്മുമുക്രിയും ഉണ്ണിക്കുട്ടനും അബൂട്ടിയും ( ഉപ്പുനഞ്ഞുള്ള കൈപ്പാടം) ദിവാകരനും (ചികിത്സയുടെ അവസാനം) മറ്റും മറ്റും നിരന്തരമായി പങ്കു വയ്ക്കുന്നു.


“ഇതിന്നിപ്പോൾ എത്രാമത്തെ
രാത്രിയാണ് ഒന്നുറങ്ങിയിട്ട്?” (ചൂണ്ടുവിരൽ)


    ഭ്രാന്തിലേയ്ക്കുള്ള വഴിയിലെ നിഴലുകളായി ഉറക്കക്കുറവ് ശിഹാബിന്റെ കഥകളിൽ നിരന്തരം വളരുന്നതു കാണാം. ഉറക്കമില്ലായ്മ  ഒരു ഒഴിയാബാധപോലെയുണ്ട് പല കഥകളിലും. ‘ഈയിടെയായി എനിക്ക് ഉറക്കം കിട്ടുന്നില്ല’ എന്ന് ‘ഭൂപടത്തിൽ കാണാത്ത ദ്വീപി’ൽ,  ‘ഇരുട്ടിൽ അയാൾ മാത്രം ഉറങ്ങാതെ കിടന്നു’ എന്ന് ‘താജ്‌മഹലിലെ തടവുകാരിൽ’. ഭ്രാന്തിനെപ്പറ്റിയെന്ന പോലെ ‘ഉറക്കം’ എന്ന പേരിലും ഒരു കഥയുണ്ട്. ഉറക്കം അതിൽ മൂർത്തരൂപമാർജ്ജിച്ച് സംവാദത്തിനായെത്തുകയാണ്. അനുക്ഷണം മൂർച്ചയേറി ദാരുണമാവുന്ന ജീവിതത്തിന്റെ തിളങ്ങുന്ന വായ്‌ത്തലകളാണ് സംവേദനക്ഷമമായ മനസ്സുകളിൽ നിന്ന് ഉറക്കം വറ്റിച്ചു കളയുന്നത്. യാഥാര്‍ത്ഥ്യത്തിനും മതിഭ്രമത്തിനും ഇടയില്‍ വഴുക്കുന്ന അനുഭവം സ്വാസ്ഥ്യക്കുറവിന്റെ പ്രത്യക്ഷലക്ഷണമാണ്. ഒരു സമൂഹം ഒന്നിച്ച് ദുഃസ്വപ്നങ്ങളില്‍ പിടയുന്നത് മന്ദത പിടിച്ച കാലത്തില്‍ ജീവിക്കുന്നതിന്റെ സൂചനയാണെന്ന അര്‍ത്ഥത്തില്‍ വോൾ‍ട്ടയര്‍ കുറിച്ചിട്ടിട്ടുള്ളതോര്‍ക്കുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ കടന്നു പോകുമ്പോൾ  ഉറക്കച്ചടവോടെ തുറിച്ചു നോക്കുകയും കോട്ടുവായിടുകയും ചെയ്യുന്ന തകരാറു പിടിച്ച ഇതേ കാലത്തെയാണു നാം അഭിമുഖീകരിക്കുന്നത്. ഉറക്കം ശരിയാവാത്തത് നമുക്കോ അവർക്കോ? ഉണരാത്തത് അവരോ നമ്മളോ എന്നൊരു സംത്രാസം ശിഹാബിന്റെ കഥകൾ ഉണർത്തിവിടുന്നുണ്ട്. ഉറക്കക്കുറവിനും സ്വന്തമായ സാമ്രാജ്യമുണ്ടെന്നു നാം മനസ്സിലാക്കുന്നു. അവിടെ മായക്കാഴ്ചകൾ യാഥാർത്ഥ്യവും അതിയാഥാർത്ഥ്യവുമായി നില നിൽക്കുന്നുണ്ടെന്നും അവയുടെ പിടിയിൽ നിന്ന് പിടഞ്ഞോടുക എളുപ്പമല്ലെന്നും മനസ്സിലാക്കുന്നു. അല്ലെങ്കിൽ തന്നെ ആരു തീരുമാനിക്കുന്നതാണ് യാഥാർത്ഥ്യം? ഉറക്കമില്ലായ്മയിൽ നിന്ന് ഭ്രാന്തിലേയ്ക്കും തിരിച്ചുമുള്ള സുഗമമായ ഊടുവഴികളുടെ സിരാപടലമാണ്, ശിഹാബിന്റെ കഥകളുടെ ഭൂപടം.


“ഭ്രാന്താണ്. തുണിയുരിഞ്ഞുകളയും.
മൂത്ത അമ്മാവൻ രണ്ടു തവണ കീടനാശിനി
കലക്കി കൊടുത്തു. മരിച്ചില്ല.” (ആകാശപേടകം)

   
    ശിഹാബിന്റെ കഥകളിലെ സംഭാഷണങ്ങളിൽ കലവറയില്ലാതെ ആവർത്തിക്കുന്ന വാക്കാണ് ഭ്രാന്ത്. കഥാപാത്രങ്ങളിൽ നല്ലവരും ചീത്തയായവരും ഒരു പോലെ ഉന്മാദത്തിന്റെ നോവുകൾ അവകാശമാക്കുന്നു. ‘ഡ്രാക്കുള’യിലെ സെയ്താലിക്കയെയും ‘തുരുമ്പു മുള്ളാണി’യിലെ മമ്മുമുക്രിയെയും ചേർത്തുവച്ചാൽ ഇക്കാര്യം വെളിവാകും. ഇല്ലാത്ത പുലിയുടെ കഥ പറഞ്ഞ് മകനെ വീട്ടിൽ വരുന്നതിൽ നിന്നും അകറ്റുന്ന ‘കരിമ്പുലി’യിലെ അമ്മയ്ക്കും ‘കാട്ടിലേയ്ക്ക് പോകല്ലേ കുഞ്ഞേ’ യിലെ ഉമ്മാക്കും നൊസ്സാണ്. എവിടെനിന്നെന്നറിയാതെ പണം മാത്രം ഉണ്ടാക്കുകയും മനുഷ്യസഹജമല്ലാത്ത ഭാഷ സംസാരിക്കുകയും ചെയ്യുന്ന ‘പണം പെയ്യുന്ന യന്ത്ര’ത്തിലെ കുട്ടി ഭ്രാന്തനാണ്. ഇരയായ മൃഗത്തിനു കഴുത്തു നോവാതിരിക്കാനായി പ്രാർത്ഥിക്കുന്ന ‘അറവുമൃഗ’ത്തിലെ  ഇറച്ചിവെട്ടുകാരനും ആരും തിരിച്ചറിയാതിരിക്കാൻ ഉള്ളിൽ ഒരു ദ്വീപായി പുലരുന്ന ‘അയാളും’ (ഭൂപടത്തിൽ കാണാത്ത ദ്വീപ്) ഭ്രാന്തരാണ്. സെവെൻ‌ത് സീലിലെ ചൂതുകളിക്കാരൻ മരണത്തെപ്പോലെ ഭ്രാന്തിനെ മൂർത്തമായി നമുക്ക് കാണാവുന്ന ഒരു കഥയുണ്ട്, ‘കത്തുന്ന തലയണ’. “നീ യുക്തി വിചാരമുള്ള കാലത്തിലാണിപ്പോഴും. വരൂ നിന്റെ പാദങ്ങളിൽ നിന്ന് കാലത്തെയും ശരീരത്തിൽ നിന്ന് സ്വയം ബോധത്തെയും കുടഞ്ഞെറിയൂ” എന്നാണ് അതിലെ ഭ്രാന്ത് ആഖ്യാതാവിനോട് ആവശ്യപ്പെടുന്നത്. ഒടുവിൽ ഒളിച്ചിരിക്കുന്ന ദൈവത്തെ തേടുന്ന യുക്തിയ്ക്കു മുന്നിൽ ഭ്രാന്ത് ഒഴിഞ്ഞു പോകുന്നതായിട്ടാണ് കഥയിൽ. പക്ഷേ അതെങ്ങോട്ടു പോകാൻ? സാത്താന്റെ ഉപദേശം നമ്മളെ വഴി നടത്തുന്നതുപോലെ ഭ്രാന്തിന്റെ കനികൾ നാം നിരന്തരം തിന്നുക തന്നെയാണ്.

    ഭ്രാന്തു മാത്രമല്ല രോഗം. സ്വാര്‍ത്ഥതയും പ്രായോഗികതയും കെടുകാര്യസ്ഥതയും ആര്‍ത്തിയും അതുപോലെ സാംക്രമിക രോഗങ്ങളാണ്. ആത്മാര്‍ത്ഥതയും സത്യസന്ധതയും നിഷ്കപടതയും നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്താന്‍ ശക്തിയുള്ള വിധം മാരകമായി തീര്‍ന്നുകൊണ്ടിരിക്കയല്ലേ സമൂഹത്തില്‍? ജീവിതത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ പകയോടെ വലയം ചെയ്യുന്ന പ്രായോഗികതയുടെ പദ്മവ്യൂഹങ്ങൾ‍ ഭേദിക്കാനാവാത്തവിധം കരുത്തുള്ളതാണെന്നെന്ന തിരിച്ചറിവില്‍ നിന്നു വരുന്നതാണ് ശിഹാബിന്റെ ഉരുവങ്ങൾ‍ സാക്ഷ്യപ്പെടുത്തുന്ന നിസ്സഹായത എന്നു തോന്നുന്നു. ‘നല്ല അയല്‍ക്കാരനില്‍’ നേരത്തെ പറഞ്ഞതുപോലെ പേരില്‍ തന്നെ കൊളുത്തിയിട്ടിരിക്കുന്ന പരിഹാസ ചിരിയ്ക്കപ്പുറം അച്യുതന്‍ മാഷ് എന്ന നന്മയുടെ വാരിയെല്ല് ഞെരിയുന്നത് അനുഭവേദ്യമാണ്. പുതിയ അയല്‍ക്കാരായ തോമസുകുട്ടിയും ശ്രീധരനും അയാളെ കൊണ്ടെത്തിക്കുന്ന പരിണതി അതാണ്. പ്രായോഗിക ജീവിതത്തിനു മുന്നില്‍ തികഞ്ഞ പരാജയമാണയാൾ‍. ദാസനാണ് മുടന്തുന്ന ജീവിതത്തെ ഒരിടത്തുമെത്തിക്കാനാവാതെ കുഴഞ്ഞുവീഴുന്ന മറ്റൊരു ദയനീയന്‍ (ദാസന്റെ ചെരിപ്പുകൾ‍) എന്നാല്‍ ഈ ചിറകു തളര്‍ച്ച, മുസ്തഫാകമാലിനെയും ഡോ. സാമുവല്‍ ഈപ്പനെയും ഡോ. ഗോപാല്‍ ഭട്ടിനെയും പോലുള്ള പ്രായോഗികവാദികളില്‍ നാം കാണുന്നില്ല. (ആലി വൈദ്യന്‍) മരക്കച്ചവടക്കാരായ കലന്തനാജിയിലും ഹസനാജിയിലുമില്ല. (ഈര്‍ച്ച) ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിത്തൊടുവിക്കാന്‍ കഴിയാതെ മുടന്തുന്ന ഇരുകാലികളാണ് തലക്കടിയേറ്റ് വീഴുന്നത്. വീഴുന്നേടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല. ജീവിതങ്ങളെ ഇങ്ങനെ നെടുവേ പിളര്‍ത്തുകയും മൂല്യവിചാരം ചെയ്യാന്‍ നിരന്തരം മുഖാമുഖം നിര്‍ത്തുകയും പ്രകടമായ പക്ഷപാതിത്വത്തോടെ തീര്‍പ്പുകൾ‍ പുറത്തിടുകയും ചെയ്യുന്നത് സ്വാര്‍ത്ഥതയും ലാഭവിചാരങ്ങളും ഉത്കൃഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക വഴിയാണ്. ഈ നോവുന്ന നേരില്‍ നിന്നാണ് കാഴ്ചകൾ‍ മതിഭ്രമത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള പരിണാമവഴിയിലെല്ലാം ഇത്തരം കുഴമറിച്ചിലുകൾ‍ക്ക് മനുഷ്യനു വിധേയനാവേണ്ടി വന്നിട്ടുണ്ട്.

    ഉറക്കച്ചടവുകൾ ഈ ലോകത്തെക്കുറിച്ചുള്ള വീണ്ടു വിചാരങ്ങളുമായി ബോധത്തെ ഇവിടെ തറച്ചു നിർത്തുമ്പോൾ ഭ്രാന്ത് ചോരയൊലിക്കുന്ന മുറിവാകളിൽ നിന്ന് രക്ഷപ്പെടുത്തുകയാണ്. 


“ഈ ഉത്തരത്തിനു ഭാഷയില്ല.
ഇതിന്റെ ഭാഷ ഭാവിയിൽ പിറക്കാനുള്ളതാണ്. 
അതിനെച്ചൊല്ലി ഇവിടെ ഒരു മനുഷ്യൻ തീ തിന്നുകയാണ്.”

 (പരിണാമദിശയിൽ നിന്ന് ഒരേട്)

    എങ്ങോട്ടേയ്ക്കും നീങ്ങാനില്ലാതെ വട്ടം ചുറ്റുകയും ചുരുണ്ടുകൂടുകയും ചെയ്യുന്ന മനുഷ്യര്‍ പലവിധത്തില്‍ ശിഹാബിന്റെ കഥകളില്‍ എമ്പാടും അണിനിരന്നിട്ടുള്ളവരാണ്. ‘അറവുമൃഗം’ എന്ന കഥയിലെ ഇറച്ചിവെട്ടുകാരന്റെ പ്രാർത്ഥനയിൽ നിന്നും അയാൾക്കു വേണ്ടതിനായല്ല അയാളിത്രയും അലഞ്ഞത് എന്നു നാം മനസ്സിലാക്കുന്നു. എഴുത്തുകാരൻ ഇറച്ചിവെട്ടുകാരനാവുന്ന വൈപരീത്യങ്ങളാണ് ആത്മാവിഷ്കാരങ്ങളുടെ തൊണ്ടയ്ക്കു കുരുക്കിടുന്നത്. ആവിഷ്കാരത്തിനുള്ള സാധ്യതയില്ലായ്മ ഒന്നിനെ മറ്റൊന്നായി പരിണമിപ്പിച്ചുകൊണ്ടിരിക്കുകയും ആ പരിണാമഗതി അയാൾക്ക് തന്നെ പേടിസ്വപ്നമായി മാറുകയും ചെയ്യുന്ന അവസ്ഥയെ ഉണ്ടാക്കി വയ്ക്കുന്നു. ആലോചിച്ചാൽ ‘പരിണാമദിശയിൽ നിന്ന് ഒരേട്’ വെറുമൊരു പേരു മാത്രമല്ലെന്നു മനസ്സിലാവും.‘മരമില്ലിലെ സന്ദേഹിയും ചിന്താമഗ്നനുമായ കുറുക്കനും ആ ഏടിനെ പിൻ‌പറ്റുന്നുണ്ട്.  ഈ കുഴമറിച്ചിലാണ് ശിഹാബിന്റെ കഥകളെ മൊത്തത്തിൽ ഫാന്റസികഥകളുടെ സമാഹാരമാക്കി മാറ്റുന്നത്. (ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക് എന്ന കൃതി മലയാളത്തിലെ ആദ്യത്തെ ഫാന്റസി കഥകളുടെ സമാഹാരം എന്ന ലേബലോടെയാണ് പുറത്തിറങ്ങിയത്) കഥകളെല്ലാം തന്നെ പ്രതീതിയാഥാർത്ഥ്യങ്ങൾക്കു മേലുള്ള വച്ചുകെട്ടലുകളായതുകൊണ്ട് അങ്ങേയറ്റം വാസ്തവമായ അനുഭവകഥനവും ഒരു ‘ഫാന്റസി’യാണ്. സ്വപ്നങ്ങളെക്കുറിച്ച് പറയുന്ന കുട്ടി നുണയൻ ആവുകയില്ല.

    ‘പണം പെയ്യുന്ന യന്ത്രത്തിലെ’ മകന്റെ ഭാഷാരാഹിത്യവും ‘റോത്ത്‌മാൻസിന്റെ ചാരത്തിലെ’ പണക്കാരനായ കൂട്ടുകാരന് എഴുത്തുകാരനോടുള്ള അവജ്ഞയും ആശയവിനിമയങ്ങളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെയാണ് അവതരിപ്പിക്കുന്നത്. കാലികതയും (കാലത്തിനു മുൻപോ പിൻപോ പിറന്നുപോയെന്ന നിസ്സഹായത) ബന്ധങ്ങളിലെ നിസ്സഹായതയും ക്രൂരതയും ഒക്കെ ഈ ആശയവിനിമയസമ്പ്രദായങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന വസ്തുതയാണ്. അതുകൊണ്ടാണ് ‘പരിണാമദിശയിൽ നിന്ന് ഒരേടിൽ’ ഭാവിയിൽ പിറക്കാനുള്ള ഒരു ഭാഷയെച്ചൊല്ലി ഒരാൾ തീ തിന്നുകയാണെന്ന് കഥാകൃത്ത് എഴുതിയത്. രചനയെ തന്നെ പ്രമേയമാക്കുന്ന കഥകളെടുത്താൽ ഈ സത്യം കുറേക്കൂടി വ്യക്തമാകും. ‘ഹംസ വക്കീല്‍ പറഞ്ഞ കഥ’യില്‍ ബന്ധങ്ങളുടെ വിരോധാഭാസമുണ്ട്. പിതാവിനോടുള്ള വാശിയാണ്, കെട്ടിലകത്ത് മമ്മൂഞ്ഞി ഹാജിയുടെ മകൾ‍ സീനത്തിന്റെ അരിപ്പീടികയിലെ കണക്കെഴുത്തുകാരനായ അബ്ദുവിന്റെ അരികത്ത് എത്തിക്കുന്നത്. അയാൾ‍ക്ക് ഭാര്യയോട് തോന്നുന്ന സംശയം, ഭാര്യയ്ക്ക് അയാളെ തിരിച്ച് സംശയിക്കാനും അങ്ങനെ ജീവിതം തന്നെ കഠിനമായി പോകാനുമുള്ള ആയുധമായി തീരുന്നു. ജീവിതം കണക്കിനു കിഴുക്കിവിടുന്ന അബ്ദുവിന്റെ പരിഹാസ്യതയെ, പ്രശ്നങ്ങളെ വൈകാരികമായല്ലാതെ നോക്കിക്കാണുന്ന ഹംസ വക്കീലിനെക്കൊണ്ട് അവതരിപ്പിച്ചാണ് കഥയെഴുത്തിന്റെ സങ്കീര്‍ണ്ണതയെ ഈ രചന സങ്കേതമാക്കുന്നത്. കഥയ്ക്കുള്ളില്‍ കഥ കൊരുക്കുമ്പോൾ‍ അനുഭവങ്ങളുടെ നിറം സ്വന്തം ദേഹത്തു പുരളാതെ ആഖ്യാതാവിനു മാറി നിന്നു ചിരിക്കാം. (പക്ഷേ അതൊരു നാട്യം മാത്രമല്ലേ?) ‘അതിര്‍ത്തിമുള്ളുകളില്‍’ കഥയ്ക്കും ജീവിതത്തിനുമിടയിലെ, സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളിലെ ഇടര്‍ച്ചകൾ‍ ദുരന്താനുഭവമായി മാറുന്നു. എഴുത്തുമുറിയ്ക്കു പുറത്ത് ആര്‍ക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ജനക്കൂട്ടമുണ്ട്. കഥയെക്കുറിച്ചുള്ള പ്രത്യക്ഷ പരാമര്‍ശമില്ലെങ്കിലും ‘കാവല്‍പ്പുരയിലെ’ വിരസതയില്‍ നിന്ന് കമര്‍ രക്ഷപ്പെടുന്ന ‘മഞ്ഞിലഞ്ചേരിയും’ അവിടത്തെ ‘നജ്മയും’ എഴുത്തുകാരന്റെ ഏകാന്തവാസത്തിന്റെയും (ഉറക്കമില്ലായ്മ)  മായികദര്‍ശനത്തിന്റെയും (ഭ്രാന്ത്) പ്രതീകം തന്നെയാവുന്നു. 

    യാഥാര്‍ത്ഥ്യം എന്താണെന്നറിയാതെ കുമറുന്ന ആളുകൾ‍ കൂടുതല്‍ പരിഹാസ്യരും അനുകമ്പാര്‍ഹരുമായി തീരുന്ന അവസ്ഥയുണ്ട്, ‘ആലിവൈദ്യ’നില്‍. ‘അതിര്‍ത്തിമുള്ളു’കളിലെ മുനാഫ് എന്ന കഥാകാരനും ‘കാവല്‍പ്പുര’യിലെ കമറും മിഥ്യാലോകത്തിന്റെ അതിരും തലയ്ക്കല്‍ കുതറുന്നതുപോലെ തന്നെ ‘ആലിവൈദ്യൻ‍’ എന്ന രചനയിലെ ഡോക്ടര്‍മാരും മരുന്നുവ്യാപാരിയും അടങ്ങുന്ന സമൂഹത്തിലെ എലൈറ്റ് ക്ലാസും അവാസ്തവികമായ ഒരു ലോകത്തില്‍ നിന്നുകൊണ്ട് കിതയ്ക്കുകയും പകയ്ക്കുകയും ചെയ്യുന്നുണ്ട്. വാറുണ്ണി എന്ന സാധാരണക്കാരനായ ഒരു ചായക്കച്ചവടക്കാരന്റെ കവിളിലെ മുഴുത്ത മറുക്,  പിടി കൊടുക്കാതെ വഴുതിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഇലാസ്തികതയ്ക്ക് യോജിച്ച രൂപകവേഷമാണ്. അപ്പോൾ‍ മായാകല്‍പ്പന എന്ന ആഖ്യാനസമ്പ്രദായം അനുകമ്പാര്‍ഹമായ ജീവിതങ്ങളുടെ വിയര്‍പ്പാറ്റാന്‍ സാമ്പ്രദായിക രീതിയില്‍ കഥാകൃത്ത് തണലായി പിടിച്ച മരച്ചില്ലയല്ല. മറിച്ച് കാഴ്ചകൾ‍ ഉറയ്ക്കാതെ അവതാളത്തിലായിക്കൊണ്ടിരിക്കുന്ന ബോധത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളാണ്. മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയും സംക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രോഗത്തെപ്പറ്റിയുള്ള പ്രമാണപത്രങ്ങളായി വേണം ഇവയെ മനസ്സിലാക്കാൻ‍.

        പലതരത്തിലുള്ള രോഗാവസ്ഥകൾ‍, അമര്‍ഷം, നിസ്സഹായത, ഉന്മാദം, ആത്മഹത്യ, മരണം..... ശിഹാബിന്റെ രചനകളിലെ കഥാപാത്രങ്ങൾ‍ കടന്നു പോകുന്ന അവസ്ഥാന്തരങ്ങൾ‍, മനുഷ്യത്വത്തോടുള്ള ആസക്തിയുടെ പ്രച്ഛന്നരൂപങ്ങളാണ്. എഴുത്തുകാരന്‍ ഭൌതികതലത്തില്‍ തന്റെ കഥാപാത്രങ്ങളില്‍ നിന്ന് എത്ര പിണങ്ങിപ്പിരിഞ്ഞു നിന്നാലും ആഴങ്ങളില്‍ അയാളുടെ സ്വത്വരാശി രൂപപ്പെടുത്തിയെടുക്കുന്നതാണല്ലോ, അവയുടെ മണ്ണ്. വൈകല്യങ്ങൾ‍ക്കു നേരെയുള്ള അമര്‍ത്തിച്ചിരിയും കണ്ണു നിറയ്ക്കലും വ്യക്തമായ നിലപാടുകളുടെ പ്രകടനപത്രികയായല്ല, പ്രകോപനപരമായ സന്ദേഹമായും മനസ്സിലാക്കാവുന്നതാണ്. ആ നിലയ്ക്ക് കാഴ്ചകളുടെ ഇരട്ടവരയില്‍ നിന്ന് നിസ്സഹായരായി കുതറുന്നവര്‍ വെറും സഹതാപം മാത്രമര്‍ഹിക്കുന്ന പേക്കോലങ്ങളല്ലെന്നും കാഴ്ചയെ തന്നെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഒരിടപെടലിനുള്ള കരുക്കളാണെന്നും തിരിച്ചറിയുന്നതിലാണ് കാര്യം.

സര്‍ഗാത്മകപ്രതികരണമെന്ന നിലയ്ക്ക് ശിഹാബിന്റെ എഴുത്ത് സ്വന്തം ഇടം കണ്ടെത്തുന്ന ഒരു രീതിയാണത്. മാനസികജാഗ്രതകൾ‍ക്ക് ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ആവിഷ്കാരങ്ങൾ‍ സര്‍ഗാത്മകമായ വിശകലനങ്ങൾ‍ക്കു വിധേയമാകുന്ന രീതിശാസ്ത്രം പ്രത്യേകം പഠിക്കേണ്ടതുണ്ട്. വാതില്‍പ്പുറക്കാഴ്ചക്കൾ‍ക്കപ്പുറത്തുള്ള ചില വെളിപാടുകൾ‍ പുറപ്പെട്ടു വരുന്നത് അവിടെ നിന്നാകാം എന്നുള്ളതുകൊണ്ടാണങ്ങനെ.

No comments:

Post a Comment