ശാസ്ത്രത്തിന്റെ വിപരീതപദമായി മതത്തെ വച്ചുകൊണ്ട് ക്രിയ ചെയ്യുമ്പോൾ തോൽക്കുന്നത് എപ്പോഴും വിശ്വാസമായിരിക്കുമോ?
- ഛെ, ചോദ്യം ശരിയായില്ല. കാര്യം പറയാം എന്നിട്ട് ഒന്നുകൂടി ആവർത്തിക്കാം. ഇടമറുകിന്റെ ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകത്തിലാണ് യേശുജീവിച്ചിരുന്നു എന്നതിന്റെ വിലപ്പെട്ട ഒരു തെളിവായ ടൂറിനിലെ ശവക്കച്ച വ്യാജമാണെന്ന് പരാമർശമുണ്ടായിരുന്നത് എന്നാണ് ഓർമ്മ. പിന്നെയും മറ്റെവിടെയോ അതു വായിച്ചു. രണ്ടു എതിർ വാദങ്ങളാണ് ഓർമ്മയുള്ളത്. ഒന്ന് കച്ചയിലെ രക്തം പിന്നീടു നടത്തിയ പരീക്ഷണങ്ങളിൽ രക്തമല്ലെന്നു തെളിഞ്ഞിട്ടുണ്ട്. രണ്ട്, കാർബൺ ടെസ്റ്റിലൂടെ തുണിയുടെ പഴക്കം പരിശോധിച്ചപ്പോൾ ഏഴുന്നൂറ് എണ്ണൂറ് വർഷങ്ങൾക്കപ്പുറം അതിനു പഴക്കമുണ്ടായിരുന്നില്ല. (മസ്ലിൻ എന്നു പരാമർശം ഉണ്ടെങ്കിലും മീൻ മുള്ളിന്റെ ആകൃതിയിൽ നെയ്ത ലിനൻ തുണി യേശുവിന്റെ കാലത്ത് അത്ര സാധാരണമായിരുന്നില്ല. )സ്വാഭാവികമായും ശാസ്ത്രം ജയിച്ചു പതിവുപോലെ മതം തോറ്റു.
ജർമ്മൻകാരനായ ഹോൾഗർ കേസ്റ്റർക്ക് മതത്തെ ജയിപ്പിക്കണമെന്നില്ല, പക്ഷേ ക്രിസ്തു കുരിശിൽ മരിച്ചിരുന്നില്ലെന്ന് തെളിയിക്കണം എന്നുണ്ട്. അതുകൊണ്ട് കച്ചയ്ക്കു പിന്നാലെ പോയി. ബൈബിളിൽ ഈ കച്ചയുണ്ട് :
“ ശതാധിപനിൽ നിന്ന് വിവരമറിഞ്ഞപ്പോൾ ശരീരം ജോസഫിനു വിട്ടുകൊടുത്തു. ജോസഫ് ഒരു തുണിവാങ്ങി അവനെ താഴെയിറക്കിഅതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയൊരുക്കിയ കല്ലറയിൽ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതിൽക്കൽ ഒരു കല്ല് ഉരുട്ടി വയ്ക്കുകയും ചെയ്തു” - മാർക്കോസ്
ജോസഫ് വാങ്ങിച്ച തുണിയാണ് ടൂറിനിലെ കച്ച എന്നാണ് വിശ്വാസം. മുൻപ് ഗ്രീക്ക് ദൈവങ്ങളുടെ മാതൃകയിൽ ചിത്രീകരിച്ചു വന്നിരുന്ന യേശു, ( അത്തരമൊരു ചിത്രം കേസ്റ്ററുടെ പുസ്തകത്തിലുണ്ട്) പിരിഞ്ഞ താടി രോമങ്ങളും വകഞ്ഞിട്ട മുടിയുമുള്ള ഗംഭീരപ്രഭാവനായ ഒരാളായി ചിത്രീകരിക്കപ്പെടാൻ തുടങ്ങിയത് കച്ചയിൽ രക്തം കൊണ്ടു പതിഞ്ഞ രൂപത്തിന്റെ ഛായ സങ്കൽപ്പമായി പരന്നതോടെയാണ്. ഫ്രാൻസിലെ ചാംബറിലെ ഒരു ചാപ്പലിൽ 48 ആയി മടക്കി വെള്ളിപ്പേടകത്തിൽ സൂക്ഷിച്ചിരുന്ന കച്ച, 1532 -ൽ ഒരു തീപ്പിടിത്തത്തിൽപ്പെട്ടു. തീയുടെ ചൂടിൽ പേടകത്തിന്റെ ഒരു വശം ഉരുകി ദ്രവരൂപത്തിലായ വെള്ളി കച്ചയിൽ പാടുകൾ തീർത്തിട്ടുണ്ട്. ഇതിലെ ചിത്രം മനുഷ്യനിർമ്മിതമല്ലാത്തത് എന്ന വിശ്വാസം നിലനിന്നു പോന്നതിനാൽ വലിയ പ്രാധാന്യമാണൂള്ളത്. പെയിന്റ് ബ്രെഷ് വരകൾ രേഖകൾ എന്നിങ്ങനെ കച്ചയിൽ ചിത്രം വരച്ചതാണെന്നുള്ളതിനു തെളിവില്ലത്രേ. രക്തത്തിലെ ചുവന്ന പിഗ്മെന്റായ ഹീമോഗ്ലോബിന്റെ ചെറിയ കണികപോലും ഹൈഡ്രജൻ പെറോക്സൈഡിൽ നിന്ന് ഓക്സിജൻ പുറപ്പെടുവിക്കുകയും അതിന്റെ ഫലമായി നിറമില്ലാത്ത ബേസിക് റീ ഏജന്റ് ബെൻസിഡിൻ ഓക്സിഡൈസ് ചെയ്ത് നീല നിറത്തിലാവുകയും ചെയ്യും. ഹീമോഗ്ലോബിനും അതിന്റെ വിശ്ലേഷണോത്പന്നമായ ഹീമും ദൃഢമായ തൻമാത്രകളായതിനാൽ നൂറ്റാണ്ടുകൾ കഴിഞ്ഞാലും പരീക്ഷണം സാധ്യമാണ്. ഇറ്റലിയിലെ രണ്ടു പരീക്ഷണശാലകളിൽ നടത്തിയ പരീക്ഷണങ്ങളും പരാജയമായിരുന്നു. കച്ചയിൽ നിന്ന് സൂക്ഷ്മമായി ഇഴപിരിച്ചെടുത്ത നൂലുകളിൽ രക്തമല്ലെന്നായി. പക്ഷേ ഈ പരീക്ഷണങ്ങൾക്ക് പിന്നെ കച്ചയിൽ കാനുന്നത് ഏതു പദാർത്ഥമാണെന്ന് പറയാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. അതു മറച്ചു പിടിക്കുകയും ചെയ്തു. സംഭവിച്ചത് ഇതാണെന്ന് കേസ്റ്റർ പറയുന്നു. വളരെ ഉയർന്ന താപത്തിൽ ഹീം വിശ്ലേഷിക്കപ്പെടും. കച്ച വൻചൂടിനിരയായ കാര്യം വ്യക്തമാണ്.1978 ൽ വമ്പിച്ച സന്നാഹങ്ങളോടെ കച്ച വീണ്ടും ശാസ്ത്രീയ പരീക്ഷണത്തിനും നിരീക്ഷണത്തിനും ഇടയാക്കിയത്രേ. എക്സ് റേ ഫ്ലൂറസന്റ് സ്പെക്ട്രോ അനാലിസിസ് കച്ചയിൽ നേരിട്ട് നടത്തിയപ്പോൾ ഉയർന്ന തലത്തിലുള്ള റേഡിയേഷൻ കൊണ്ട് ഓരോ തന്മാത്രയും അതിന്റേതായ വേറിട്ട രീതിയിൽ തിളങ്ങുകയും അങ്ങനെ ഹീമോഗ്ലോബിന്റെ പ്രധാനഘടകമായ ഇരുമ്പ് വലിയ അളവിൽ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
1988 ലായിരുന്നു കച്ചയുടെ കാർബൺ കാലനിർണ്ണയനം. സൂറിച്ച്, ഓക്സ്ഫോർഡ്, ടുക്സോൺ എന്നിവിടങ്ങളിൽ തപാൽ സ്റ്റാമ്പിന്റെ വലിപ്പത്തിൽ മുറിച്ച കച്ചക്കഷണങ്ങൾ നൽകിയാണ് പരീക്ഷണങ്ങൾ നടന്നത്. ഫലം വിശ്വാസികളെ നിരാശപ്പെടുത്തുന്നതായിരുന്നു. കച്ചയുടെ കാലം 1260 നും 1390 നും മധ്യേയാണെന്ന് മൂന്നു പരീക്ഷണശാലകളും നിസ്സംശയം വ്യക്തമാക്കി. ഇതു വിശ്വാസത്തിനും അപ്പുറം പോകുന്ന വിശ്വാസം കളിച്ച തിരിമറിയാണെന്നാണ് കേസ്റ്റർ പറയുന്നത്. പരീക്ഷണഫലങ്ങളെ പിന്തുടരാൻ തീരുമാനിച്ച അദ്ദേഹം കണ്ടെത്തിയത് പരീക്ഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് എന്തോ മൂടി വയ്ക്കാനുണ്ടായിരുന്നു എന്നാണ്. പരീക്ഷണശാലകളിലേയ്ക്ക് അയച്ചു കൊടുത്ത തുണിക്കഷണങ്ങളുടെ ഫോട്ടോഗ്രാഫുകൾ സംഘടിപ്പിച്ച് പരിശോധിച്ച കേസ്റ്റർ കണ്ടത് യഥാർത്ഥ കച്ചയുടെ കഷ്ണങ്ങളായിരുന്നില്ല പരിശോധിക്കപ്പെട്ടത് എന്നായിരുന്നു! തെക്കൻ ഫ്രാൻസിലെ സെന്റ് മാക്സിമിനിലെ ബസിലിക്കയിൽ സൂക്ഷിച്ചിരുന്ന സെന്റ് ലൂയി ദ അൻജോയുടെ വസ്ത്രത്തിൽനിന്നെടുത്ത കഷണങ്ങളാണ് റേഡിയോ കാർബൺ വിദ്യവഴി കാലനിർണ്ണയം ചെയ്യപ്പെട്ടത്. കുരിശിൽ യേശു മരിച്ചതിനു ശേഷമുള്ള രക്തമൊഴുക്കിനെ സംബന്ധിച്ച് ( യഥാർത്ഥത്തിൽ യേശു മരിച്ചിരുന്നില്ലത്രേ) ഉണ്ടായിരുന്ന വിവാദങ്ങളുടെ വായടയ്ക്കുക എന്നതായിരുന്നു ക്രൈസ്തവസഭയുടെ ലക്ഷ്യം. (ഇപ്പോൾ മറ്റൊരു ന്യായീകരണമുള്ളത് കച്ച റിപ്പയർ ചെയ്യുന്നതിന്റെ ഭാഗമായി മധ്യകാലത്ത് മറ്റു നൂലുകളും അതിനോട് ചേർത്തിരിക്കാമെന്നാണ്.)
മറ്റൊരുതരത്തിൽ വിപ്ലവകരമായേക്കാമായിരുന്ന ഒരു കണ്ടു പിടിത്തം വ്യാജമാക്കുന്നതിനു ശാസ്ത്രത്തെ കൂട്ടുപിടിക്കുകയായി
കാര്യങ്ങൾ ഇങ്ങനെയായിരിക്കേ, യേശുവിന്റെ കുരിശാരോഹണത്തിനു മുൻപും പിൻപുമുള്ള ജീവിതം വിവരിക്കുന്ന, കേസ്റ്ററുടെ പുസ്തകം ‘ യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു’ വിന്റെ പുറംതാളിൽ പുസ്തകത്തിലെ പ്രധാന ചർച്ചാ വിഷയങ്ങൾ ബുള്ളറ്റിട്ട് കൊടുത്തിരിക്കുന്നതിലൊന്ന് ഇങ്ങനെ “ ടൂറിനിലെ ശവക്കച്ച വ്യാജമാണ്.’ പുസ്തകം എഴുതിയ ആൾ നെറ്റി വിയർത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്നതൊന്ന്. പിന്താൾ കുറിപ്പെഴുതുന്നവൻ കുറിച്ചു വയ്ക്കുന്നത്, തനി വിപരീതമായി മറ്റൊന്ന്.
വിശ്വാസമല്ലേ എല്ലാം !
ചിത്രം : ടെലിഗ്രാഫ് . കോ. യുകെ
We, Invite all of you to Submit Your Work And Win Prize!!!
ReplyDeleteWe will publish all your entries in our site.
Submit works to Email: [www.sarbath.com@gmail.com]
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.
Thank You,
Admin
(If you have any question, please send to the above mail id)
ആന്നു വെള്ളെഴുത്തേ... വിശ്വാസം, മുന്‍ വിധി, ഇതൊക്കെയാ സത്യം.. ഇനി ഇതു കളവാന്ന് തെളിഞ്ഞാല്‍ ശാസ്ത്രം കൊണ്ട് സത്യാക്കി മാറ്റും.. എല്ലാ വിശ്വാസത്തിലും ഈ പരിപാടി ഉണ്ട്..
ReplyDeleteവിശ്വാസത്തിന് കണ്ണും മൂക്കുമില്ല, യുക്തിയുമില്ല
ReplyDeleteവിശ്വാസികള്‍ക്കു വേണ്ടതു വിശ്വാസികളും, ശാസ്ത്രത്തിനു വേണ്ടതു അവരും ഉണ്ടാക്കും, ഒന്നിനു തെളിവും യുക്തിയും ഉണ്ട്, മറ്റൊന്നിനു വിശ്വാസം മാത്രമേ ഉള്ളൂ..വിശ്വാസം അതെന്നെ എല്ലാം!
ReplyDelete