December 30, 2013

ഏറ്റവും ചൂടുള്ള നിറം


പെട്ടെന്നുള്ള സ്ഥലംമാറ്റത്തിൽ‌പ്പെട്ട്, കഴിഞ്ഞ തവണത്തെ ചലച്ചിത്രോത്സവം മുടങ്ങിയത്, അതിന്റെ എല്ലാ വൈകാരിക ഉള്ളടക്കങ്ങളോടെയും ഉള്ളിലുണ്ട്. അതുല്യയിൽ സിനിമ കാണാൻ പോകുന്നതിനിടയിലായിരുന്നു അത് എന്നുള്ളതുകൊണ്ട്, ആദ്യത്തെ സിനിമ ഏതെന്നല്ല,  അവിടുന്നു തന്നെ വേണം തുടർച്ച എന്ന വാശിയാണ് തിരശ്ശീലയ്ക്കിപ്പുറത്തെ നാടകീയത. 

 നമ്മുടെ താത്പര്യങ്ങളിൽ നിന്ന് വലിച്ചെറിയപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, പറഞ്ഞു ബോധ്യപ്പെടുത്താൻ ഒരു വസ്തുവും കയ്യിലില്ലെന്നു വരുമ്പോൾ...ചില അസാധാരണമായ പെരുമാറ്റങ്ങളൊക്കെയുണ്ട്. അതായിരിക്കും, ഹണ്ടിലെ ലൂക്കാസ്, കുട്ടികൾ ക്വയർ പാടുന്ന പള്ളിയിൽ, ക്രിസ്മസ് തലേന്നു സന്ധ്യയ്ക്ക് ചെയ്തത്. ലൂക്കാസിനേക്കാൾ മാരകമായ ഒരു പൊട്ടിത്തെറിയാണ് ജിയാ ഷ്വാങ്കെയുടെ ‘ടച്ച് ഓഫ് സിൻ’ ലെ ചൈനീസ് തൊഴിലാളിയെയും കൊലയാളിയായി മാറ്റുന്നത്. വെടിവച്ചിടുന്ന മാനുകളെപ്പോലെ  പാവങ്ങളിൽ പാവങ്ങളായ മനുഷ്യർ, പാവത്തത്തെ കുടഞ്ഞു കളയാനുള്ള പെരുമാറ്റത്തിലൂടെ കൂടുതൽ ഇരയായി തീരാം. തന്റെ സൈക്കിൾ മോഷ്ടിച്ചു പോയതിനു പകരം, കഴിവില്ലാത്ത പണിയായ മോഷണത്തിനു പോയ  പഴയ ‘ബൈസിക്കിൾ തീവ്സി‘ലെ റിച്ചി എന്തൊരപമാനമാണ് ക്ഷണിച്ചു വരുത്തിയത്. അതും മകന്റെ മുന്നിൽ വച്ച്. തോമസ് വിന്റെർബെർഗിന്റെ ‘ദ ഹണ്ടി’ലെ മാഡ്സ് മൈക്കൽ‌സെന്നിന്റെ ലൂക്കാസിനെകാണുമ്പോൾ റിച്ചിയെ ഓർക്കുന്നത് വെറുതെയല്ല. ഇവിടെയും ഉണ്ട് ഒരു മകൻ. പിതാവിനു വന്ന അപമാനത്തെ തുടച്ചുകളയാൻ ദുർബലമായി ശ്രമിക്കുന്നവൻ. എറാൻ കോലിറിന്റെ ദ ബാൻഡ്സ് വിസിറ്റിലെ ആ കേണലിനെ ഓർമ്മയുണ്ടോ? കേണൽ തൌഫീക് സക്കറിയ. അയാൾ മകനെ, സ്വന്തം പെരുമാറ്റവൈകല്യത്താൽ മരണത്തിനു വിട്ടു കൊടുത്തവനാണ്. ആ വഴിയ്ക്ക് ഭാര്യയെയും. ആ കുറ്റബോധത്തിന്റെ നീറ്റലിനിടയിൽ സിനിമ ഒരു ബന്ധത്തെ നിലനിർത്തി. ഓർക്കസ്ട്രാ ടീമിലെ താന്തോന്നിയായ ഹാലീദിനെയും തൌഫീക്കിനെയും വച്ച്. ഇറാക്കി നടൻ സാസ്സൺ ഗബായിയാണ് തൌഫിക്കായി അഭിനയിച്ചത്. പാലസ്തീനിയനായ സാലേ ബക്രി ഹാലിദായും. ക്യാമറാഫീൽഡിനകത്തു വച്ചുള്ള അഭിനേതാക്കളുടെ പെരുമാറ്റങ്ങളിൽ വെറും അഭിനയശേഷിമാത്രമല്ല ഉള്ളത്. മനുഷ്യന്റെ അവസ്ഥകളെക്കുറിച്ചുള്ള ആഴക്കാഴ്ചകൾ അവരെ പ്രകടനക്കാർ എന്ന നിലയിൽ നിന്നും മാറ്റിമറിക്കുന്നു. അതുകൊണ്ടാണ് വികാരങ്ങൾ പെയ്തൊഴിയാത്ത മുഖങ്ങളുടെ അടുപ്പക്കാഴ്ചകൾ പിന്നെയും പിന്നെയും ഏകാന്തവേളകളിലൊക്കെ വന്നു തൊടുന്നത്. ഹൃദയം പൊട്ടി ഒഴുകുന്നതുപോലെ ഒരുപാട് വിരാമസ്ഥാനങ്ങളുള്ള ഒരു പാട്ട് നമ്മുടെ ഇരിക്കപ്പൊറുതിയില്ലായ്മകൾക്ക് ശ്രുതി പിടിക്കുന്നത്.  ഇരയാക്കൽ പ്രക്രിയ സാർവകാലികമാണെന്ന് യൂറി ബൈക്കോവിന്റെ റഷ്യൻ ചിത്രം, ‘ദ മേജറും‘ പറയുന്നത്. പോലീസ് മേജറിന്റെ കാറ്‌ കയറി മരിച്ചു പോയ കൊച്ചു കുട്ടിയുടെ അമ്മയെയും അച്ഛനെയും കൂടി സർവാധികാരവ്യവസ്ഥയ്ക്ക് കൊല്ലാതിരിക്കാൻ കഴിയില്ല.  കുറ്റം ചെയ്തത് അധികാരസ്ഥാനത്തുള്ള ഒരാളാണെങ്കിൽ ഇരകളുടെ ഏതു പിടച്ചിലും അവരുടെ തന്നെ ദുരന്തത്തെ ഒന്നു കൂടി തീവ്രമാക്കുകയേ ഉള്ളൂ.. കാരണം അധികാരത്തിനു പിന്നെയും നില നിന്നേ മതിയാവൂ. അതുകൊണ്ടാണ് അത് എഴുന്നു നിൽക്കുന്നത്.  ഹണ്ടിലെ ലൂക്കാസിനെ വേട്ടയാടുന്നത് സദാചാരത്തെപ്പറ്റിയുള്ള സാമൂഹികധാരണകളാണ്. അയാൾ മരിക്കുന്നില്ല. മരിക്കുന്നതുപോലെ ജീവിക്കുന്നതേയുള്ളൂ, സിനിമ തീരുമ്പോഴും. അയാൾക്കു വേണ്ടി മാത്രം കാത്തു വച്ച ഒരു കല്ല്, ഏതു നിമിഷവും പൊട്ടാവുന്ന ഒരു തോക്ക്, അങ്ങനെ മുന കൂർത്ത സാമൂഹിക ബോധത്തിന്റെ കത്തിമുനയ്ക്കു മുന്നിൽ നിസ്സഹായനായി അയാൾക്കു ഇനി ജീവിക്കണം. എന്തൊരു ഗതികേട് !   സത്യത്തിൽ അയാൾ ചെയ്ത തെറ്റ് എന്താണ്?


പിതാവും പുത്രനും ഒരു സംസ്കാരത്തിന്റെ ധമനികളിൽ നിലയ്ക്കാത്ത ധ്വനികൾ മീട്ടിക്കൊണ്ടിരിക്കുന്നതിന്റെ വെളിപ്പെടലുകളായി ആണും ആണത്തങ്ങളും പ്രശ്നവിഷയമാകുമ്പോൾ അപ്പുറത്ത്, ലൈംഗികന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്നമല്ലാതെ സ്വവർഗ ആകർഷണങ്ങൾ പച്ചപിടിച്ചു നിൽ‌പ്പുണ്ട്. സിനിമയിൽ, കലകളിൽ ന്യൂനപക്ഷങ്ങളില്ല. വ്യക്തിപരമായ പ്രശ്നങ്ങളുടെ പോലും സാധാരണീകരണത്തിൽ ചെന്നു തൊട്ടാലേ കല വിജയിക്കൂ. അതുകൊണ്ട് അതു നടന്നതല്ല, നടക്കുന്നതാണ്. ‘ഫിലിം ഫെസ്റ്റിവൽ സാംസ്കാരികാപചയത്തിനുള്ളതോ‘ എന്നു ചോദിച്ച് ചിന്താകുലനായി മാതൃഭൂമിയ്ക്ക് കത്തെഴുതിയ വിദ്വാനെപോലെ സിനിമ തീരുന്നതിനു മുൻപ് തിയേറ്റർ വിട്ടു പോയ ആളുകൾ കാമത്തിന്റെ നിറത്തെ പച്ചയായല്ല, നീലയായി കണ്ടാണ് അശ്ശശ്ശോ വച്ചത് ! അബ്ദലാതിഫ് കെച്ചിച്ചേയുടെ ‘നീലയാണ് ഏറ്റവും ചൂടുള്ള നിറം‘ എന്ന സിനിമയിൽ 15 വയസ്സുകാരിയായ സ്കൂൾകുട്ടി അഡലേയും ആർട്ട് സ്റ്റുഡന്റായ എമ്മയും തമ്മിലുള്ള ബന്ധത്തെ കട്ടിലിൽ മാത്രം കണ്ടായിരിക്കണം ആളുകൾ പ്രകോപിതരായത്. പക്ഷേ മൂന്നുമണിക്കൂർ നീണ്ട സിനിമ അവരെ കുടുംബത്തിലും വിദ്യാലയങ്ങളിലും പണിയിടത്തിലും പൊതുയിടങ്ങളിലും വച്ച് വിശകലനം ചെയ്തു. പുറത്തെടുത്താൽ സ്വീകാര്യതയോ ചാരുതയോ ലഭിക്കാത്ത ഭാവങ്ങളെ, അത് എത്ര പ്രിയപ്പെട്ടതായാലും ഒളിച്ചുവയ്ക്കാൻ തത്രപ്പെടുന്ന മനുഷ്യന്റെ ആന്തരസംഘർഷങ്ങൾക്ക് കലാമൂല്യമുണ്ട്. അഡലെയുടെ താത്പര്യങ്ങൾക്ക് അവൾ ജീവിക്കുന്ന സമൂഹത്തിൽ കിട്ടാത്ത അതേ അസ്വീകാര്യതയാണ് കാണികളും വച്ചുനീട്ടിയത്.  നമുക്കു പരിചയമുള്ളത് പിങ്കുകളെയാണ്.. നീലയാവട്ടെ, ചതഞ്ഞ ചോരയുടെ ഓർമ്മയുണർത്തുന്ന വേദന കട്ടിപ്പിടിച്ചു കിടക്കുന്ന നിറമാണ്. അതത്ര പിങ്കല്ല.

ലോകത്തിന്റെ മുകൾപ്പരപ്പിലെ പൌരിയായ അഡലേ അനുഭവിക്കുന്ന ആന്തരസംഘർഷത്തിന്റെ മൂല്യത്തെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പുഴുക്കളെപ്പോലെ ഒരു പക്ഷേ അതിലും നികൃഷ്ടമായി ജീവിക്കുന്ന മനുഷ്യരുടെ നിലനിൽ‌പ്പിനുവേണ്ടിയും ജീവനുവേണ്ടിയുമുള്ള അവസാനിക്കാത്ത പ്രശ്നങ്ങളുമായി ചേർത്തു വയ്ക്കുപ്പെടുമ്പോൾ,  അത്രയൊന്നും പരിഷ്കൃതരാകാത്ത, ബഹുഭൂരിപക്ഷം ഇന്നും ദാക്ഷണ്യമില്ലാതെ ഇരയാക്കലിനു വിധേയമായിക്കൊണ്ടിരിക്കുന്ന, ദരിദ്രക്കുഞ്ഞികളായ നമ്മുടെ മയ്ക്കണ്ണുകൾ  ഏതിനു വിലയിടും? അതൊരു വേതാളപ്രശ്നമാണ്. 

‘ബ്ലു ഈസ് ദ വാമെസ്റ്റ് കളറി‘ന്റെ അവസാനം ശ്യാമപ്രസാദിന്റെ ‘ആർട്ടിസ്റ്റു‘മായി എന്തൊക്കെയോ സാമ്യം തോന്നിച്ചിരുന്നു. ചിത്രപ്രദർശനം, ഒറ്റപ്പെടൽ, ഇറങ്ങി നടപ്പ്.. എന്തിന് ആ നിറം, പേർഷ്യൻ ബ്ലൂ വിൽ തീർത്ത ചിത്രം പോലും. സാമ്യങ്ങളല്ല, കലാപരമായ ചില സമാനതകളാണവയെങ്കിൽ ആഷിക്കിന്റെ 22 വയസ്സുള്ള കോട്ടയം ഫീമെയിലിന് തെക്കൻ കൊറിയയിൽ നിന്നുമുള്ള വ്യാഖ്യാനമാണ് കിം കി ഡുക്കിന്റെ മൊയിബസ്. ലിംഗഛേദമാണ് രണ്ടിലെയും വിഷയം. ബലാത്‌സംഗത്തിനു വധശിക്ഷപോലെ ആഷിക് ഒരു ശിക്ഷ വിധിച്ചു, ഒറ്റതീർപ്പുകൾ! എങ്കിൽ കിംകിഡുക്ക് അതനുഭവിപ്പിക്കുകയായിരുന്നു, ലിംഗം നഷ്ടപ്പെട്ടവന്റെ മൂർച്ഛകൾ അന്വേഷിക്കുകയായിരുന്നു. അതാണ് വ്യത്യാസം. അമത് എസ്കലാന്റയുടെ ‘ഹേലി’ എന്ന ചിത്രത്തിലെ ഭീകരമായ പീഡനദൃശ്യങ്ങളിൽ ഒന്ന് യുവ പോലീസുകാരന്റെ ലിംഗത്തിൽ പെട്രോളൊഴിച്ച് കത്തിക്കുന്നതാണ്. സദാചാരപരമോ കാരുണ്യപരമോ ആയ ഒരു മറവുമില്ലാതെ. കഴിഞ്ഞ വർഷത്തെ സിനിമ, വോൺ ട്രയറുടെ ആന്റി ക്രൈസ്റ്റിലെ ഭഗശിശ്നികാ (കന്ത് - നല്ല വാക്കുപോലും ഇല്ല മലയാളത്തിൽ ഇതിനൊന്നും !) ഛേദത്തെ ഒപ്പം വച്ച് വായിക്കാം. മൈക്കൽ ഹനേക്കയുടെ പിയാനോ ടീച്ചറിലുമുണ്ടായിരുന്നു, പെൺജനനേന്ദ്രിയത്തെ മുൻ‌നിർത്തി ബ്ലെയിഡ് കൊണ്ടുള്ള കുത്തിവര. ലൈംഗികമായ കുറ്റഭാരങ്ങൾ ഒരു വശത്തുമാത്രം കെട്ടിക്കിടക്കുന്ന ഒന്നല്ലെന്ന് തിരിച്ചറിയാൻ ഇത്രയും മതി.  അപാരമായൊരു കുറ്റബോധം, ആദിപാപത്തിന്റെ കാലം പിന്നിട്ട് വർഷങ്ങൾ നീങ്ങിയിട്ടും ഒഴിഞ്ഞുപോയിട്ടില്ല മനുഷ്യമനസ്സാക്ഷിയിൽ നിന്ന്.. രതിമൂർച്ഛകൾ നിരുപദ്രവകാരികളല്ല, അതിനു വില കൊടുക്കണം, വില കൊടുക്കണം എന്ന് നമ്മുടെ കലാരൂപങ്ങൾ ഒരേ സ്വരത്തിൽ പാടുന്നു.

ഇറാക്കിന്റെ രണ്ടു ചിത്രങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. പറഞ്ഞു വരുമ്പോൾ ഇറാക്കിന്റെയല്ല, മറ്റു രാജ്യങ്ങൾ ഇപ്പോൾ ഓരോ രാജ്യത്തിന്റെ പേരു പറഞ്ഞ് അവിടത്തെ ഒരു യശപ്രാർത്ഥിയെക്കൊണ്ട് പടം പിടിപ്പിച്ച് ലോക വിപണിയിൽ എത്തിക്കുന്ന പണി സാർവത്രികമായിട്ടുണ്ട്, കണ്ടത് ചാഡിന്റെയാണോ ഫ്രാൻസിന്റെയാണോ എന്നൊക്കെ സംശയം കൊണ്ട് അളം മുട്ടിപ്പോകും. രണ്ടാമത്തെ പ്രശ്നം കഥാചിത്രവും ആധാരചിത്രവും തമ്മിലുള്ള വരമ്പ് ആരോ (ക്കെയോ) അടുത്തകാലത്തായി ഊതിക്കളഞ്ഞതാണ്.. ഇതു പറയുമ്പോൾ തോന്നും ഭയങ്കര സർഗാത്മകതവന്ന് അളം മുട്ടിക്കുകയാണെന്ന്. ഒന്നുമല്ല. ആധാരചിത്രത്തിന്റെ വിവരസമഗ്രതയിൽ നിന്ന് ചുളുവിന് രക്ഷപ്പെടാം, ഇത് അതാണോ ഇതാണോ എന്ന് സംശയത്തിനിട നൽകിയാൽ. ഒന്ന്  ഹിനർ സലീമിന്റെ ‘മൈ സ്വീറ്റ് പെപ്പർലാൻഡാ‘ണ്. രണ്ടാമത്തേത്, താഹാ കരിമിയുടെ സിനിമ, 1001 ആപ്പിൾ.  രണ്ടിന്റെയും ഭാഷ കുർദ്ദിഷ്. പക്ഷേ ചലച്ചിത്രങ്ങളുടെ രാജ്യം ചികഞ്ഞാൽ ഫെസ്റ്റിവൽ ബുക്കിൽ ഒന്ന് ഇറാന്റെ ചെലവിലാണ്; മറ്റേത് ഫ്രാൻസിന്റെയും. (ബുക്കിന്റെ കാര്യം ഒന്നും പറയണ്ട, 1974 ലെ ഇന്ത്യൻ സിനിമ ‘ഗരം ഹവ’ ഫെസ്റ്റിവൽ ബുക്കിലെ രാജ്യത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിൽ ‘ഉർദു’ എന്നൊരു രാജ്യത്തിന്റെ ചിത്രമാണ് ! ഇന്ത്യൻ ചിത്രമേ അല്ല. അങ്ങനെ ഒരു രാജ്യം !!) ഇറാക്കിന്റെ മുഴുവൻ ഭാരവും ഏറ്റെടുക്കാൻ ഫെസ്റ്റിവൽ ഭാരവാഹികൾ പോലും തയാറാവുന്നില്ല. 1998 ൽ കുർദിഷ് മേഖലയിൽ സദാം ഹുസ്സൈന്റെ ബാത്ത് പാർട്ടി നടത്തിയ കൂട്ടക്കൊലയാണ് 1001 ആപ്പിളിലെ വിഷയം. കൂട്ടക്കൊലയെ അതിജീവിച്ച് അമേരിക്കയിൽ എത്തിയ ഫരാദ്, അന്നത്തെ കൊലയിൽ മരിച്ച കുടുംബങ്ങളിൽ ആപ്പിളുകളും അവ അലങ്കരിക്കാൻ ഗ്രാമ്പുവും എത്തിക്കുന്നതാണ് പ്രമേയം. ആപ്പിൾ കിട്ടുന്നവർ അന്നത്തെ ദാരുണാവസ്ഥയും പീഡനവും ഓർക്കുന്നു. ഇടയ്ക്ക് ഗ്രാമ്പൂക്കളാൽ അലങ്കരിച്ച ആപ്പിളുകളുടെ വിഷ്വലുകളുണ്ട്, കഥാചിത്രമല്ലെന്ന് എങ്ങനെ പറയും? ആളുകൾ പഴയ കാര്യം പറയുകയാണ്, സംഭവം നടന്നതു തന്നെ.. കുഴിയിൽ നിന്ന് തലയോട്ടികളും വസ്ത്രങ്ങളും കാണിക്കുന്നുണ്ട്.. സംഭവം ഡോക്യുമെന്ററി അല്ലെന്ന് എങ്ങനെ പറയും? മറ്റൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലെങ്കിൽ പോലും ഗ്രാമ്പൂവിന്റെ സുഗന്ധവും ( അത് കണ്ടും അനുഭവിക്കാം) ആപ്പിളിന്റെ നിറവും കൊണ്ട് അലങ്കരിച്ച ഇറാക്കിയൻ പശ്ചാത്തലദൃശ്യങ്ങൾ അങ്ങനെ തങ്ങി നിൽക്കുന്നു.. ആപ്പിളിനും ഗ്രാമ്പൂവിനും തമ്മിൽ രുചിയിൽ ഒരു ചേർച്ചയുണ്ട്. അതു കണ്ടെത്താൻ വംശഹത്യയെക്കുറിച്ചുള്ള ഒരു സിനിമ വരെ പോകേണ്ടി വന്നു എന്നൊരു പ്രശ്നമുണ്ട്!!! എങ്കിലും മറ്റൊന്നും നമുക്ക് ഈ ലോകത്തിനു നൽകാൻ കഴിയില്ല അതുകൊണ്ട് കുറച്ച് സുഗന്ധം നൽകിയേക്കുക എന്ന അറബ് വിചാരധാരയുടെ തിരിച്ചിട്ട രൂപമുണ്ട്, ഗ്രാമ്പൂക്കളാൽ അലങ്കരിച്ച ആപ്പിളുകൾക്ക്.

പാരീസുകാരുടെ നിർമ്മാണത്തിൽ റിതി പാൻ സംവിധാനം ചെയ്ത ‘മിസിംഗ് പിക്ചറിൽ‘ ആധാരങ്ങളൊന്നുമില്ലാത്തതുകൊണ്ട് പ്രതിമകൾ വച്ചാണ് കമ്പോഡിയയിലെ പോൾ പോട്ട് നടത്തിക്കൂട്ടിയ കൂട്ടക്കൊലയെയും നുണപ്രചരണത്തെയും തുറന്നു കാട്ടുന്നത്..മതങ്ങൾ മാത്രമല്ല, പ്രത്യയശാസ്ത്രങ്ങളും മനുഷ്യന് വേണ്ടത്ര ദുരിതങ്ങൾ അയഞ്ഞ് നൽകിയിട്ടുണ്ട്.  നടുക്കുന്ന അനുഭവം നൽകുന്ന ഒരു ഡോക്യുമെന്ററി ചിത്രം, 1965-66 വർഷത്തിൽ, ഇന്തൊനേഷ്യൻ സർക്കാരിനു വേണ്ടി, പ്രജകളെ (അവരിൽ  ചൈനീസ് വംശജരായ വയറ്റിപ്പിഴപ്പുകാരും പെടും) പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്ത അൻ‌വർ കോംഗോയുടെയും കൂട്ടാളികളുടെയും നേർച്ചിത്രമായ ‘ആക്ട് ഓഫ് കില്ലിങാ‘ണ്. മൂന്നുപേർ ചേർന്നാണ് ആ സിനിമയെടുത്തത്. ജോഷുവ ഓപ്പൻഹൈമെർ, ക്രിസ്റ്റൈൻ സൈൻ, മൂന്നാമത്തെയാൾ അജ്ഞാതനാണ്. അൻ‌വർകോംഗോ ഒറ്റയ്ക്ക് ഏതാണ്ട് 1000 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. വെറും കൈകൊണ്ടാണ് കൊല. സമീപത്തെ ഏതെങ്കിലും പോസ്റ്റിൽ ചെറിയ ഒരു കമ്പിയുടെ ഒരറ്റം കെട്ടുക.  കൈയും കാലും കെട്ടി നിലത്തിരുത്തിയിരിക്കുന്ന ഇരയുടെ കഴുത്തിൽ ചുറ്റി ഇങ്ങേയറ്റം മുറുക്കെ പിടിച്ചു വലിക്കുക. അപ്പോൾ മനുഷ്യൻ ഉണ്ടാക്കുന്ന ശബ്ദങ്ങളൊക്കെ അയാൾ അഭിനയിച്ചു കാണിക്കുന്നുണ്ട്. ഇത്രയും ലളിതമായ മാർഗത്തിന് മറ്റൊരു സൌകര്യം കൂടിയുണ്ട്, ചോരയൊഴുക്കുകൊണ്ടുള്ള മെനക്കേടില്ല. സിനിമാടിക്കറ്റ് കരിഞ്ചന്തയിൽ നിന്നു തുടങ്ങിയ അൻ‌വർ സർക്കാറിന്റെ മരണസേനയിൽ അംഗമായി ഉയർത്തപ്പെടുക മാത്രമല്ല, സർക്കാറിന്റെ അർദ്ധസൈനികസേനയായ ‘പ്രമുദ പാങ്കസില‘യുടെ സ്ഥാപകപിതാവും ആയി അറിയപ്പെടുന്നു. ഭരണകൂടങ്ങളാണ് സ്പോൺസർ ചെയ്യുന്നതെങ്കിൽ കൊലയ്ക്ക് മഹത്വം കൂടും. അൻ‌വർ, കുഞ്ഞുകുട്ടി പരാതീനങ്ങളൊക്കെയായി, അവരോട് പഴയ വീരകഥകളൊക്കെ പറഞ്ഞ് ജീവിക്കുന്ന വളരെ സന്തുഷ്ടനായ മനുഷ്യനാണ് ഇപ്പോഴും. 

 ഇരയെ തേടുന്നവനും ഒരു ഇരയാണ്. ഇരയാവുക എന്നത് തുടർച്ചയായ പ്രക്രിയയാണ്. കണ്ണാടിയ്ക്കുമുന്നിൽ കണ്ണാടി പിടിക്കുന്നതുപോലെയും ഒരു ചീട്ട് തൊട്ടിരിക്കുന്ന ചീട്ടുകളെ നിലമ്പരിശാക്കുന്നതുപോലെയും ഒന്ന് മറ്റൊന്നിനെയും കൂടെ കടപുഴക്കിക്കൊണ്ട് അനന്തമായി സന്നിഹിതമാവുന്നു. എത്രയൊക്കെ കാറിയാലും കലയിൽ വക്രീകരിച്ച വാസ്തവങ്ങളെയുള്ളൂ. യഥാർത്ഥ്യം എന്നു തെറ്റിദ്ധരിച്ച് അനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടിരുന്ന കാലത്തെ ആ ചോദ്യം - നിങ്ങൾക്കൊക്കെ അനുഭവമുണ്ടോ?- മറ്റൊരു തരത്തിൽ തിരിഞ്ഞു കൊത്താൻ തുടങ്ങിയിട്ടുണ്ട്. അനുഭവം എന്നാൽ...? ഒരേ സ്ക്രീനിൽ പല രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചകൾ തുടർച്ചയായി മിന്നിമിന്നി മാഞ്ഞുപൊയ്ക്കൊണ്ടിരിക്കെ, അനുഭവങ്ങളെക്കുറിച്ചുള്ള  ബോധങ്ങൾ തിരമറിയുന്നു. സ്ഥലംമാറ്റത്തിന്റെ വേവലാതിയിൽ ഇരിക്കപ്പൊറുതിയില്ലാതെ നടക്കുന്നവന് അഡലേയുടെ, ലൂക്കാസിന്റെ, ചൈനീസ് തൊഴിലാളിയുടെ, ഹേലിയുടെ, കാമിലയുടെ, ജെപ് ഗാമ്പർഡെല്ലയുടെ ഗ്ലോറിയയുടെ, അമ്മ മരിച്ചപ്പോൾ അതു കഴിഞ്ഞു എന്നും പറഞ്ഞ് നിരത്തിലേയ്ക്ക് ഇറങ്ങി നടക്കുന്ന 5 വയസ്സുകാരൻ കുട്ടിയുടെ ഒക്കെ അനുഭവങ്ങളുമായി തട്ടിച്ചു നോക്കാൻ എന്തു സാമ്യമാണുള്ളത്? (സിനിമകളിൽ പലതും വാസ്തവകഥകളെ ആധാരമാക്കിയവയാണ്. വെറും യാദൃച്ഛികത ഏട്ടിലെ പുല്ലാണ്!) അതിവാസ്തവികക്കാഴ്ചകളുടെ പ്രഹരങ്ങൾക്കുശേഷം തിരിച്ച് നാം എത്തുന്നത് എവിടെയാണ്, ഈ കാഴ്ചകളും അതു നൽകുന്ന ആഘാതങ്ങളും വികാരങ്ങളും അസ്വസ്ഥതകളും സുഖങ്ങളും ഒക്കെ ചേർന്ന് ഒരുക്കുന്ന വേറൊരു പരപ്പ് അപരിചിതമായ ഒരു സ്ഥലമാണ്.  പഴയ ആളായിതന്നെ നിലനിന്നാൽ പോലും ഇങ്ങോട്ട് വലിച്ചെറിയപ്പെട്ട എന്തൊക്കെയോ എത്ര തുടച്ചാലും പൂർണ്ണമായി പോയിക്കിട്ടാത്ത ഒരു അസ്വസ്ഥത ഇനിയും ബാക്കിയാണ്. ഇതാണ് അഡ്ജസ്റ്റ്മെന്റ് പ്രോബ്ലം ! ഇരുട്ടുമുറിയിൽ ഇരുന്ന്, വെളിച്ചത്തിലേയ്ക്ക് ഇമവെട്ടാതെ നോക്കി പൂതലിച്ച കണ്ണുകളുമായി  പുറത്തിറങ്ങുമ്പോൾ കഴിഞ്ഞ മണിക്കൂറിലെ ആ ലോകം ദാ അതുപോലെതന്നെ  അവിടുണ്ട്. അവർ നമ്മളെ സാധാരണക്കാരെ പോലെ തന്നെ നോക്കുന്നുണ്ട്. അവർക്കറിയാമോ അങ്ങോട്ട് പോയ ആളല്ല, ഈ തിരിച്ചു വരുന്നത് എന്ന്? തിയേറ്റർ വിട്ട് പുറത്തിറങ്ങിയ ഈ ആൾ, ഗോദാർദ്ദിന്റെയും കൂടിയായ 3 X 3D യിൽ പറയുന്ന ‘സിനിസാപ്പിയൻസ്’ എന്ന മറ്റൊരു വിഭാഗത്തിലെ കണ്ണിയാണ് എന്ന്. ഇനി (സിനിമകൾ കണ്ട് ഇറങ്ങിവരുന്ന) ഈ വകകളുമായി വേണം നിങ്ങൾക്ക് ജീവിക്കാൻ  എന്ന് !

No comments:

Post a Comment