July 30, 2011
കഥകളതിസാദരം...
ഒരിക്കൽ റാബിയ ബസ്‌രിയും ഹസൻ ബസ്‌രിയും സംസാരിച്ചു നിൽക്കുകയായിരുന്നു. റാബിയ ചോദിച്ചു : “അല്ലാഹു, ധിഷണയെ എങ്ങനെയാണ് മനുഷ്യർക്കിടയിൽ വീതിച്ചു നൽകിയത്?”
“ധിഷണയെ ദൈവം പത്തുഭാഗങ്ങളാക്കി. ഹസൻ പറഞ്ഞു. അതിൽ ഒമ്പതും പുരുഷനു നൽകി. ഒന്ന് സ്ത്രീയ്ക്കും കൊടുത്തു”.
“ശരി. എന്നാൽ ലൈംഗികതയെ എങ്ങനെയാണ് അവൻ ഓഹരി വച്ചത്?” റാബിയ വീണ്ടും ചോദിച്ചു.
“ലൈംഗികതയെ പത്തുഭാഗങ്ങളാക്കി. അതിൽ ഒൻപതു ഭാഗവും സ്ത്രീയ്ക്കു നൽകി. ഒന്ന് മാത്രം പുരുഷനും.”
ഹസന്റെ മറുപടി കേട്ട റാബിയ പറഞ്ഞു :“ താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അതിൽ ഒരു കാര്യമുണ്ട്. ധിഷണയുടെ ഒൻപതുഭാഗവും ലഭിച്ചിട്ടും ഒരു ഭാഗം ലൈംഗികതയെ ജയിക്കാനാവാതെ അലയുകയാണ് പുരുഷൻ. എന്നാൽ ലൈംഗികതയുടെ ഒൻപത് ഭാഗം അലയടിച്ചു വരുമ്പോഴും ധിഷണയുടെ ഒരുഭാഗം കൊണ്ട് അവയെ നിയന്ത്രിച്ചു നിർത്തുന്നവളാണ് സ്ത്രീ. ഇതാണ് സ്ത്രൈണതയുടെ അതിമഹത്തായ ആന്തരികശക്തി.”
സ്ത്രീ മഹത്വത്തിന്റെ ഉദ്ഘോഷണമാണെന്നു ഭാവിക്കുന്നുണ്ടെങ്കിലും ഈ സൂഫി കഥ ഒരു പാട് സംശയങ്ങൾ ഒറ്റയടിയ്ക്ക് മുന്നിലേയ്ക്കു നീക്കി വയ്ക്കുന്നുണ്ട്. അതിലൊന്ന് ദൈവം വഴി കിട്ടുന്ന ശേഷികൾ അമർത്തിവയ്ക്കാനുള്ളതാണെന്ന പറച്ചിലാണ്. അടച്ചു വയ്ക്കലിലാണ് മഹത്തായ ശക്തി കുടിയിരിക്കുന്നതെന്ന തോന്നലിന്റെ വഴിയിലിരുന്ന് ഇക്കാലമത്രയും നമ്മളെത്ര പൊതിച്ചോറുണ്ടതാണ്! വീണ്ടും ചോദിക്കാം, ആണോ? അടക്കി വയ്ക്കേണ്ടത് ജീവിതത്തിലെ തരം മുന്തിയ അടക്കമില്ലായ്മയായ കാമവികാരമായതുകൊണ്ട് അതെയെന്നു തന്നെ ഉത്തരം കിട്ടും. മാറ്റൊലികളോടെ, ഉറക്കെ. ഇന്നും. ലൈംഗികത, സ്ത്രീയെമാത്രം കൂടുതൽ സംബന്ധിക്കുന്നതാണെന്ന ധ്വനിയുണ്ട് കഥയിൽ. ധിഷണയിൽ പുരുഷൻ മുൻപന്തിയിലായിരിക്കുന്നതുപോലെ കാമത്തിൽ പെണ്ണാണ് ചക്രവർത്തിനി എന്ന സാമാന്യധാരണ ഒരു സൌകര്യമാണ്. അവൾക്കുവേണ്ട സേവനമാണ് ബസ്സിലും തിയേറ്ററിലും ഇരുട്ടു മുറിയിലും വച്ച് തരാതരം പോലെ ആണ് ചെയ്തുകൊടുക്കുന്നത് എന്നിടത്തോളം നീട്ടികൊണ്ടു പോകാം ഈ വസ്തുതയെ. പെണ്ണിന്റെ ശക്തി അവളുടെ അടക്കത്തിലായതിനാൽ അവളുടെ കാമ ഓഹരിയിലെ സിംഹഭാഗത്തെ അവൾ ആവശ്യപ്പെടാതെ തന്നെ (ഇരു ചെവിയറിയാതെ) തന്റെ ഓഹരിയിലെ ഒരു ഭാഗം കൊണ്ട് വെറും നിവൃത്തിച്ചുകൊടുക്കുന്ന പുരുഷനാണ് യഥാർത്ഥ ഹീറോ. പരോപകാരി. പെൺബുദ്ധി, പിൻബുദ്ധിയാണെന്ന വിശ്വാസത്തിന്റെ തിടമ്പു നൃത്തമാണ് മൂന്നാമത്തേത്, പല്ലുകൾ മുപ്പത്തിരണ്ടും അവൾക്കുകൊടുക്കാത്തതു പോലെ, ഒരു വാരിയെല്ലും, ഉള്ളൻ പാദത്തിലെ കുറച്ചു മാംസവും കുറച്ചു കൊടുത്തതുപോലെ, 9 ബുദ്ധിയുടെയും വിഹിതത്തിന്റെ പക്ഷപാതം ഇവിടെ ആണിനാണ്. മിച്ചം വന്ന ആ ഒന്നു വച്ചാണ് പെണ്ണിന്റെ ആയുഷ്കാല കളി. അല്ല ചോദിക്കട്ടേ ഈ ബുദ്ധിയെന്നത് കാമത്തെ അടച്ചു വയ്ക്കാൻ വേണ്ടി മാത്രമുള്ളതാണോ, ടിയാനെക്കൊണ്ട് മറ്റു പല ഉപയോഗങ്ങളുമില്ലേ ജീവിതത്തിൽ? പെണ്ണിനെ ഈ പക്ഷപാതം കൊണ്ട് എല്ലാത്തിൽ നിന്നും അകറ്റിയില്ലേ? കഥയിൽ മറന്നു വച്ചു പോയ ഒരു താക്കോലുണ്ട്. അത് ഈ “ഒരു ബുദ്ധി” പെണ്ണിന്, അവൾക്കുകിട്ടിയ മറ്റൊരു ശേഷിയായ ഒൻപതോഹരി ലൈംഗികത്തെ അടിച്ചമർത്തിവയ്ക്കാൻ മാത്രമാണ് പ്രയോജനപ്പെടുന്നതെങ്കിൽ അതൊരു അനുഗ്രഹമേ ആയിരുന്നില്ലല്ലോ എന്ന സത്യമാണ്. മാത്രമല്ല മറ്റൊരു രീതിയിൽ ‘ഈ ബുദ്ധി ഒരു ബുദ്ധി’ മാത്രമായിപ്പോയതുകൊണ്ടാണ് അവൾക്കു കിട്ടിയ ശേഷി തന്നെയും ഉപയോഗിക്കാൻ കഴിയാതെ വന്നതെന്നല്ലേ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന സത്യം?
ഉത്തമസ്ത്രീകളുടെ വാർപ്പു മാതൃകകളിലെ സ്ത്രീ, നിർജ്ജീവയും വിചാരശീലയും ശരീരം മാത്രമായവളും ബുദ്ധിയ്ക്കുപകരം ഹൃദയവും യുക്തിയ്ക്കുപകരം വികാരവും ഉള്ളവളും എപ്പോഴും രക്ഷാകർത്താവു വേണ്ടവളും ആണ്. അവൾ ദുർബലയും മൃദുവും ആയിരിക്കുന്നിടത്തോളം ധിഷണയുടെ ഓഹരി വിഹിതം കൂടിയ മനുഷ്യന് തന്റെ കാമത്തിന്റെ കുറഞ്ഞ വിഹിതത്തെ പരമാവധി പൂർണ്ണതയിൽ ആസ്വദിക്കാം. എന്നാൽ പദ്മനാഭസ്വാമിക്ഷേത്രനിലവറയിലെ മഹാനിധിപോലെ കിട്ടിയ സൌഭാഗ്യത്തെ നിലവറയിലിട്ടു പൂട്ടാനാണ് പെണ്ണിന്റെ വിധി. ‘വിധിക്കുണ്ടോ എന്തെങ്കിലും പ്രതിവിധി?’ എന്തൊരു ഭാഗ്യമാണ് ആണായതുകൊണ്ട് മാത്രം കിട്ടിയിരിക്കുന്നത്! കിട്ടിയ ഒൻപതു ബുദ്ധിയും ഉപയോഗിച്ച് ശുഷ്കശുഷ്കമായിരിക്കുന്ന കാമം എന്ന അനുഗ്രഹത്തെയും അഹോരാത്രം ആസ്വദിക്കാം. എന്നിട്ട് അതേ ധിഷണ വച്ച് ഇമ്മാതിരി കഥകളും ഉണ്ടാക്കി പെണ്ണുങ്ങളെ കേൾപ്പിക്കാം. അതിബുദ്ധിശാലിയായ സൂഫി സന്ന്യാസിനി റാബിയ ഹസ്സന്റെ വാക്കുകളിൽ സന്തോഷിക്കുന്നതായാണ് കഥയിൽ. റാബിയ അത്ര ബുദ്ധിശാലിയാണോ? താൻ ഒരു പുരുഷൻ നിർമ്മിച്ചു വച്ചിരിക്കുന്ന വട്ടക്കോട്ടയിലാണെന്ന് പാവം വരികൾക്കിടയിൽ പോലും അറിയുന്നില്ലല്ലോ. സ്വയം മഹത്തായ ശക്തിയുള്ളവളാണെന്ന് ധരിച്ച് പകരം ആണിന്റെ വാക്കിന് ടീക്ക നിർമ്മിക്കുകയല്ലേ, അവസാനം? കഥയും ഭാഷ്യവും ആണിന്റെയാവുമ്പോൾ പെണ്ണിന്റെ നാവ് പുരുഷസ്വരത്തിലേ സംസാരിക്കൂ. സ്ത്രീയെ കൂട്ടു വിളിക്കുന്ന ഏതു കഥയിലും പുരുഷൻ ഒരു ഒളിഞ്ഞുനോട്ടക്കാരനാണ്. രതിച്ചേച്ചിയെ പാമ്പു കടിച്ചതിന് അവൻ സാക്ഷിയാണ്. വീണ്ടും വീണ്ടും മാരകവിഷമുള്ള പാമ്പ് കാവിൽ വരുന്നത് വർഷങ്ങൾക്കുശേഷവും കൂവലും വിളിയുമായിരുന്ന് ഒളിഞ്ഞു നോക്കുന്നു. കാട്ടാളന്റെ കാമം പൂക്കുന്നതിനു മുൻപ് ദമയന്തിയെ പാമ്പു പിടിച്ചിരുന്നു. അറിവിന്റെ മരക്കൊമ്പിൽ ഊർദ്ധ്വമുഖനായിക്കിടന്ന് ഏദൻ തോട്ടത്തിലെ പാമ്പ് ഔവ്വയോടു മാത്രമാണ് സംസാരിച്ചത്. എന്തുകൊണ്ടാണ് ‘ഈ പാമ്പുകളെല്ലാം കൂടി പെണ്ണിനെമാത്രം തിരഞ്ഞെത്തുന്നത്?’ നമുക്കു കണ്ടു രസിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെന്തിന്?
ആഫ്രിക്കയിൽ പണ്ട് ആകാശം കൈയെത്തി തൊടാവുന്ന അകലത്തിലായിരുന്നു. അത് സ്വാദിഷ്ടമായ വിഭവവുമായിരുന്നു. അതുകൊണ്ട് വിശക്കുമ്പോഴും അല്ലാത്തപ്പോഴും ആളുകൾ കൈയെത്തി ആകാശം യഥേഷ്ടം പൊട്ടിച്ചു തിന്നു. പക്ഷേ മിച്ചം വന്ന് ആളുകൾ വലിച്ചെറിഞ്ഞ ആകാശക്കഷണങ്ങൾ യാതൊരു പരിഗണനയുമില്ലാതെ അവിടെയും ഇവിടെയും കിടന്ന് ചീഞ്ഞ് നാറിയപ്പോൾ വിശാലമാണെങ്കിലും തന്റെ ഭാഗങ്ങൾ ഇങ്ങനെ പാഴായി പോകുന്നതിൽ മനം നൊന്ത് ആകാശം ആളുകളുമായി ഉടമ്പടിവച്ചു. ആവശ്യമുള്ളത്രമാത്രം പൊട്ടിച്ചെടുക്കുക. അല്ലങ്കിൽ താൻ ഇനി ആർക്കും തൊടാനാവാത്ത ഉയരത്തിലേയ്ക്ക് പോകും. എല്ലാവരും സമ്മതിച്ചു. പക്ഷേ ഒരിക്കൽ ഒരു സ്ത്രീയാണ് ഈ ഉടമ്പടി തെറ്റിച്ച് ആകാശത്തെ പിണക്കിയത്, ജനങ്ങളെ എന്നെന്നേയ്ക്കുമായി പട്ടിണിക്കാരാക്കിയത്. അവൾ വാക്കുതെറ്റിച്ച് കുറേയധികം ആകാശത്തെ ഒരിക്കൽ പറിച്ചെടുത്തു. തിന്നിട്ട് മിച്ചം വന്നത് ഭർത്താവിനും പിള്ളേർക്കും കൊടുത്തു. എന്നിട്ടും ബാക്കിയായവ അവിടെയും ഇവിടെയുമൊക്കെയായി വാരി വിതറി. ആകാശത്തിന് ഈ കാഴ്ച സഹിച്ചില്ല. അതു പിണങ്ങി ഏണി വച്ചാലും തൊടാനാവാത്ത ഉയരത്തിലേയ്ക്ക് പോയി. കഥയെന്തോ ആകട്ടെ, ആഫ്രിക്കൻ ഭൂഖണ്ഡം ഇപ്പോഴും വിശന്നു കരയുന്നു, തളർന്നു വീഴുന്നു, വയറൊട്ടി മരിക്കുന്നു. ഒക്കെ ഒരു സ്ത്രീയുടെ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തിയുടെ പരിണതഫലങ്ങൾ!
ഉരലിടിക്കുന്ന പെണ്ണുങ്ങൾ കലപിലകൂടി, അതു മൂത്ത് പൊക്കിയിടിച്ച ഉലക്കകൊണ്ട് നൊന്താണ് ആകാശം അകലേയ്ക്ക് അകലേയ്ക്ക് പോയതെന്ന് ഈ കഥയ്ക്ക് ഒരു പാഠാന്തരമുണ്ട്. ദിൽക്കുഷ് പോലെ പൊട്ടിച്ചെടുത്തു തിന്നാവുന്ന ആകാശമായാലും ധാന്യങ്ങൾ ഉരലിലിടിക്കുമ്പോഴത്തെ കാര്യമായാലും ആഹാരവുമായി ഏതൊക്കെയോ തലങ്ങളിൽ ഈ വാമൊഴികഥയും ബന്ധപ്പെടുന്നുണ്ട്. ഔവ്വ വച്ചു നീട്ടിയ ആപ്പിളിൽ പല രൂപകങ്ങൾ കണ്ടെങ്കിലും എന്തുകൊണ്ടോ ഒരു വിശപ്പ് കാണാൻ കഴിയാതെ പോയി, നമുക്ക്. ഉണ്ടിരിക്കുന്ന നായർക്കാണല്ലോ വിളി തോന്നുക. അന്നും അതെ. ഇന്നും അതെ. അതിൽ സ്ത്രീമാത്രമായെന്തു പിഴച്ചു? വെള്ളം കലക്കിയത് ആട്ടിങ്കുട്ടിയാണെന്ന ചെന്നായയുടെ നയമല്ലേ നമ്മുടെ കഥകൾക്ക്? ഇറച്ചിത്തുണ്ടുകൾ ഉണക്കാനിട്ട് കാവലിരിക്കുമ്പോഴാണ് ഇന്ദ്രപുത്രൻ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയുടെ മുലകൾ കൊത്തിപ്പറിച്ചത്. ഭാഷ അബോധവും അബോധം ഭാഷയുമായതുകൊണ്ട് അമൂർത്തമായതിനെ പുതയ്ക്കാൻ വാക്കുകൾ കൊണ്ട് കളിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. അതുകൊണ്ടാണ് ആപ്പിൾ ഒരു രൂപകമായത്. ആകാശം രൂപകമായത്. എല്ലാം തീറ്റിപ്പണ്ടങ്ങൾ. വാ കീറിയ ദൈവം ഇര തരും എന്നാണ് വിശ്വാസം. ആ ഇര മുകളിൽ നിന്നാണ് വീണു കിട്ടേണ്ടത്. അങ്ങനെ ആകാശവും രൂപകമായി. കൃത്യസമയത്ത് ഇര കിട്ടുക, വിശപ്പടങ്ങുക എന്നത് ഒരു വിധിവിഹിതമാണ്. ഔവ്വ വച്ചു നീട്ടിയതും ന്യൂട്ടന്റെ തലയിൽ വീണതും കരടിയുമായി മുള്ളൻ പന്നി പങ്കുവച്ചതും (മുകളിൽ നിന്നും വീണു കിട്ടിയ) ആപ്പിളുകളാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലായിടത്തും വിശപ്പാണ്. ന്യൂട്ടന്റെ തലയിൽ വീണപ്പോൾ അതിനു പിന്നീട് മഹത്വമുണ്ടായെങ്കിലും ഔവ്വ വച്ചു നീട്ടിയപ്പോൾ അതിനു യാതൊരു മാന്യതയുമില്ലായിരുന്നു. കുട്ടിക്കഥയിൽ അത് വിശപ്പിനുള്ള പരിഹാരം തന്നെ ആയിരുന്നു. കഥയുടെ ലക്ഷ്യം കുട്ടികൾ മാത്രമായതുകൊണ്ട്. ലക്ഷ്യം ആശയവും സങ്കൽപ്പവും സിദ്ധാന്തവുമായി പരന്നപ്പോൾ അതിനു രൂപഭേദങ്ങൾ വന്നു. പക്ഷേ അർത്ഥവികാസങ്ങൾ പലപ്പോഴും വികാസങ്ങളല്ല. ലജ്ജയും വേദനയും ഉളവാക്കേണ്ടുന്ന കാര്യമാണ്. ഒന്നു നല്ലത്, മറ്റേത് ചീത്തയെന്നാണല്ലോ പറഞ്ഞു വയ്ക്കുന്നത്. ഏതടിസ്ഥാനത്തിൽ?
കിടപ്പുമുറി, അടുക്കളയെ അർത്ഥം അറിയാതെ ആക്രമിച്ചതിന്റെ രൂപകങ്ങളാവുന്നു ഈ കഥകൾ എന്നും പറഞ്ഞുകൂടേ?
അനു : “ഒരു വിഡ്ഢി പറഞ്ഞ കഥയാവാം ഭൂമിയിലെ ജീവിതം. പക്ഷേ ആ വിഡ്ഢി ഒരു പുരുഷനാണ്. അയാളുടെ ആഗ്രഹങ്ങൾക്കപ്പുറം ലോകകഥ നീളുന്നില്ല. അയാളുടെ കഥ വിട്ട് അവളെന്ന് പുറത്തിറങ്ങും?” (മറ്റൊരു വിധമായിരുന്നെങ്കിൽ, കൽപ്പറ്റ നാരായണൻ) ...ഈ മാതിരി ലേഖനങ്ങളിൽനിന്നും...
ithrem nalla ezuthin oru comment polumilllenno.. Super..Nalla ezhith..Ith bloganyilek onn ayach kodukkane..
ReplyDeletevery good
ReplyDeleteസ്ത്രീ ജീവിതത്തിന്റെ നിർദ്ദയമായ അടരുകൾ ചരിത്രപൂർവം, ഐതിഹ്യപൂർവം,വിമോചനാത്മകമായി വിശകലനം ചെയ്തിരിക്കുന്നു.ശക്തം-ഡി. യേശുദാസ്
ReplyDeleteഎല്ലാവരും ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ കൊള്ളാമായിരുന്നു
ReplyDelete