പൂട്ടിനകത്തിരുന്ന്, അതിനെ തന്റേതല്ലാത്ത മറ്റൊരു താക്കോലുകൊണ്ടും തുറക്കാൻ കഴിയാതെയാക്കുന്ന കൊണ്ടിയ്ക്ക് - കൊളുത്തിന്- ശുദ്ധമലയാളത്തിൽ 'ലിവറിന് '- കള്ളൻ എന്നാണല്ലോ പേര്. തീരെ അപ്രസക്തമാണോ ഇപ്രകാരമൊരു പേരിടൽ? കള്ളനെ പ്രതിരോധിക്കാനാണ് പൂട്ട്. അതിനകത്ത് കള്ളന്റെ രഹസ്യ അടവുകളെ നിർവീര്യമാക്കി കൈയിൽ കൊടുക്കാനിരിക്കുന്നത് മറ്റൊരു കള്ളനാണെന്ന സങ്കൽപ്പത്തിൽ കവിതയുണ്ട്. നേരെചൊവ്വേ ജീവിച്ചുപോകുന്നവരെ ചതിച്ചു ജീവിക്കുന്ന കള്ളനെ തറപറ്റിക്കാൻ പൂട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു കള്ളനേ കഴിയൂ എന്ന യുക്തിവിചാരമാണ് ഇത്തരം വിളിപ്പേരുകൾക്ക് പിന്നിൽ എന്നും പറയാം. ഇത് അബോധാത്മകമായ യുക്തിയാണ്. അതുകൊണ്ടാണ് ഇതു ഇത്രയൊക്കെ ആലോചിക്കാനുള്ള കാര്യമാണോ എന്നും പറഞ്ഞ് ആളുകൾ മുഖം കോട്ടുന്നത്. അപ്രസക്തം എന്നാണ് ഈ വകകളുടെ വിളിപ്പേര്. സാഹിത്യത്തിലുമുണ്ട്, സിനിമയിലുമുണ്ട്, കലകളിലെല്ലാമുണ്ട് അപ്രസക്തമായവ എന്നാണ് വാദം. പക്ഷേ ഒരു കല്ലിൽ നിന്ന് അപ്രസക്തമായവ ചെത്തി കളഞ്ഞ് ബാക്കിയാവുന്നതാണ് തന്റെ കലയെന്ന മട്ടിൽ ഒരഭിപ്രായം ഡാവിഞ്ചി പറഞ്ഞിട്ടില്ലേ? കഥയിൽ എവിടെയെങ്കിലും തോക്കിനെക്കുറിച്ചൊരു പരാമർശമുണ്ടെങ്കിൽ കഥതീരുന്നതിനുമുൻപ് അതിൽ നിന്ന് ഒരു വെടിയെങ്കിലും പൊട്ടിയിരിക്കണമെന്നാണ് ഉപദേശം. പിന്നെയെങ്ങനെയാണ് കലകളിൽ 'അപ്രസക്തമായവ' കടന്നുകൂടുന്നത്? പൊട്ടാത്ത തോക്കാണ് വിവക്ഷിതമെങ്കിൽ അതിനും ഉണ്ടാവില്ലേ, ഒരു കഥ പറയാൻ?
പ്രസക്തി തീരുമാനിക്കുന്നത് പ്രേക്ഷകനായതുകൊണ്ട് വന്ന തരവഴിയാണ് ഈ അപ്രസക്തികൾ. പക്ഷേ അപ്പോഴും പ്രശ്നം തീരുന്നില്ല. ഒരാൾക്ക് അപ്രസക്തം എന്നു തോന്നിയത് മറ്റൊരാൾക്ക് പ്രധാനം എന്നല്ല, അതുമാത്രമാണ് പ്രസക്തം എന്നും തോന്നാം. സാരോപദേശകഥകളുടെ താഴെ കാണുന്ന ഗുണപാഠങ്ങളൊക്കെ പാഠങ്ങളാണോ? മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖയിൽ പരസ്പരം പ്രണയിക്കുന്ന മാധവീമാധവന്മാർ സംസ്കൃതശ്ലോകം ചൊല്ലിക്കളിക്കുന്നത് ശരിയാണോ? ഒഴുക്കുള്ള കഥ പറഞ്ഞുപോകുന്നതിനിടയിൽ വെറും സംഭാഷണത്തിനുമാത്രമായൊരു പതിനെട്ടാം അദ്ധ്യായം ശരിയാണോ? അതും കഥാഗതിയുമായി ഒരു ബന്ധവമില്ലാത്തമട്ടിൽ. ഇന്ദുലേഖ, ഇംഗ്ലീഷ് പഠിച്ചതുകൊണ്ടു് കേരളത്തിനുണ്ടാകാൻ പോകുന്ന മാറ്റത്തെ അടയാളപ്പെടുത്തിയ നോവലാണ്. ഇംഗ്ലീഷ് പഠിച്ച ഒരു പുതിയ തലമുറയുടെ പുതിയ ജീവിതം അതിലുണ്ട്. സംശയത്തിനിടയില്ലാത്ത വിധം അതാണ് ജീവിതമെന്നും ചന്തുമേനോന് അഭിപ്രായമുണ്ട്. മരുമക്കത്തായ തറവാടുകളിൽ കണ്ടു വന്ന പ്രകാരമുള്ള ബഹുഭർതൃത്വം വഴിയുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു പകരമുള്ള ഒരു തരം സ്വാതന്ത്ര്യത്തെ ചന്തുമേനോൻ അതിൽ പൊലിപ്പിച്ചു. അതുപ്രകാരം പെണ്ണിന് ഭർത്താവിനെ സ്നേഹത്തോടെ 'ശപ്പാ' എന്നു വിളിക്കാം. ആശയപരമായ തർക്കങ്ങളിൽ ഏർപ്പെടാം. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാം. അതുകഴിഞ്ഞ് എത്രകാലം കഴിഞ്ഞാണ് സിനിമകൾ 'ഇഷ്ടമല്ലെടാ, നിന്നെ ഇഷ്ടമല്ലെടാ' എന്നു മൂളി തുടങ്ങിയത്. അതും വിവാഹത്തിനു മുൻപെന്ന പതിവ് മറക്കരുത്. നോവലിൽ, സമൂഹത്തെ ചലനാത്മകമാക്കുന്നതെന്ന് നോവലിസ്റ്റ് സംശയത്തിനിടയില്ലാത്തവിധം പ്രസ്താവിക്കുന്ന അതേ ഇംഗ്ലീഷാണ് മാധവന്റെ മുതൽ കൽക്കട്ടയിൽ വച്ചു കൊള്ളയടിച്ച സുന്ദരപുരുഷൻ ഷിയർ അലിഖാനും സംസാരിക്കുന്നത്. അതും ഒന്നാംതരം ഇംഗ്ലീഷാണ്. അലഹബാദിലെ സബോഡിനേറ്റ് ജഡ്ജിയെന്നും പറഞ്ഞാണ് ഈ മനുഷ്യൻ മാധവനെ പരിചയപ്പെടുന്നത്.
നമ്മുടെ ആദ്യനോവലിലെ ഈ വില്ലൻ കഥാപാത്രത്തെ തീരെ അപ്രസക്തനായി തള്ളിക്കളയാൻ പറ്റാത്തതുകൊണ്ടാണ് എം ടി അൻസാരിയും ഇ പി രാജഗോപാലും അദ്ദേഹത്തെ മുൻ നിർത്തി ലേഖനങ്ങൾ എഴുതിയത്. ഇംഗ്ലീഷുകാരോട് വിനീത വിധേയനായിരിക്കുമ്പോഴും ചന്തുമേനോന്റെ ഉള്ളിലുള്ള, ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാട്ടിക്കൂട്ടുന്നതിനെക്കുറിച്ചുള്ള അബോധാത്മകമായ നിഴലുകൾ ചേർന്നു സൃഷ്ടിച്ച കഥാപാത്രമാണ് ഷിയർ അലിഖാൻ. അയാൾ അന്നത്തെ പതിവനുസരിച്ച് ബ്രിട്ടീഷുകാരുടെ കൂടി ശത്രുവായ മുസ്ലീം ആയി വേഷം മാറിയതാണ്. അതു വഴി ചന്തുമേനോന്റെ സർഗാത്മക പ്രതിഭ സാധിച്ചെടുത്തത് രണ്ട് കാര്യങ്ങളാണ്. 1. ഇന്ത്യൻ സമൂഹത്തെ പുരോഗമിപ്പിക്കാൻ കെൽപ്പുള്ള ഭാഷയായ ഇംഗ്ലീഷു തന്നെയാണ് കള്ളന്റെയും ഭാഷ എന്ന പൊരുത്തക്കേടിനെ മറികടക്കുക. 2. ഭാഷ പഠിച്ചെടുക്കാനും അതുപയോഗിച്ച് ഉന്നതരെപ്പോലും വശത്താക്കാനുമുള്ള കള്ളന്റെ സാമർത്ഥ്യത്തിലേയ്ക്ക് വിരൾ ചൂണ്ടിക്കൊണ്ട്, തനിക്ക് ആത്യന്തികമായി ഉള്ള ഭാഷാപരമായ വിധേയത്വത്തെ മുറിവേൽപ്പിക്കാതെ ഉറപ്പിക്കുക. എന്നാൽ പലപ്പോഴും നാം പ്രസക്തമല്ലെന്ന് പറഞ്ഞ് ശ്രദ്ധിക്കാതെ വിടുന്ന 'ദമിത'ങ്ങൾ വ്യത്യസ്തരീതിയിലായിരിക്കുമല്ലോ ആവിഷ്കാരം തേടുക.
ബ്രിട്ടീഷ് ആധിപത്യത്തെപ്പറ്റിയുള്ള ചന്തുമേനോന്റെ അബോധ ഉത്കണ്ഠകൾ ഇലയ്ക്കോ മുള്ളിനോ കേടു പറ്റിക്കാതെ പൊതുഭീതിയിലേയ്ക്ക് കഥാപാത്രത്തെ സന്നിവേശിപ്പിച്ച് ആശ്വസിക്കുകയായിരുന്നെങ്കിൽ ഏതാണ്ട് അതേ കാലത്ത് എഴുതപ്പെട്ട മാർത്താണ്ഡവർമ്മയിലും മറ്റും മുസ്ലീം കഥാപാത്രങ്ങൾ നായകസ്ഥാനീയരായ കഥാപാത്രങ്ങളുമായി നിഗൂഢമായ തലത്തിൽ സൗഹൃദത്തിലാണ്. അവർക്ക് തെളിച്ചമുള്ള ചിത്രീകരണമില്ല. എങ്കിലും അനന്തപദ്മനാഭനെ രക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലേ? ഇതിനു കാരണം ചന്തുമേനോന്റെയും സി വി രാമൻ പിള്ളയുടെയും സാമൂഹികജീവിതങ്ങൾക്കുള്ള വ്യത്യാസമാണെന്ന് പി പവിത്രന്റെ നിരീക്ഷണമുണ്ട്. ചന്തുമേനോൻ ഏറെക്കുറേ വീടിന്റെ ചുമരുകൾക്കുള്ളിൽ ജീവിച്ചയാളാണ്, സി വി പലപ്പോഴും പുറത്തും. വായിച്ചുള്ള അറിവും തന്നെപ്പോലെയുള്ള കൂട്ടുകാരുടെ സമ്പർക്കവും ബ്രിട്ടീഷ് നീതിന്യായവ്യവസ്ഥയുമായുള്ള അടുപ്പവുമാണ് ചന്തുമേനോന്റെ കാവ്യവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ പങ്കു വഹിച്ചതെങ്കിൽ സിവിയുടെ സർഗാതമകമായ ഭാവനയെ ഉദ്ദീപിപ്പിച്ചത് പ്രോട്ടോ നാഷണൽ എന്നു വിശേഷിപ്പിക്കാവുന്ന പ്രാന്തീയ മഹത്വഉദ്ഘോഷണങ്ങളാണ്. രാജ്യം എന്ന നിലയ്ക്കാണ് ചന്തുമേനോൻ കള്ളനായ ഒരു മുസ്ലീം സ്വത്വത്തെ അപരസ്ഥാനത്ത് നിർത്തുന്നതെങ്കിൽ സിവിയെ ഉത്കണ്ഠാകുലനാക്കിയത് ജാതിമഹത്വങ്ങളാണ്. അവിടെ അദ്ദേഹത്തെ ഭരിച്ച ഭീതി അന്ന് തലപൊക്കിവന്ന അയ്യങ്കാളിയുടെ നേതൃത്വത്തിലുള്ള ദളിത് മുന്നേറ്റങ്ങളാണെന്ന് പി പവിത്രന്റെ ഒരു വാദമുണ്ട്. സി വിയുടെ നോവലുകളിലെ വില്ലന്മാർ രാജഭരണത്തിനെതിർ നിൽക്കുന്നവരെ സഹായിക്കുന്ന അധികാരമോഹികളാണ്. ചന്ത്രക്കാരനും പെരിഞ്ചക്കോടനും...അവർ അവർണ്ണരല്ല. പക്ഷേ ഭാവരൂപാദികൾ അവരെ അവർണ്ണരാക്കിയിരിക്കുന്നു. അവർ നിസ്സാരക്കാരല്ലെന്ന ബോധം സിവിയെ ഭരിക്കുന്നുണ്ട്. അയ്യങ്കാളിയുടെ വില്ലുവണ്ടി ഉരുണ്ടതു്, രാജഭരണത്തിന്റെ തണലിൽ സ്വച്ഛരായി ഒതുങ്ങി നിന്ന സവർണ്ണസമൂഹത്തിന്റെ സുരക്ഷിതത്വബോധത്തിന്റെ വക്കിടിച്ചുകൊണ്ടാണ്. ആ ഭയം കാവ്യാത്മകമായി രൂപം നേടിയാണ് ചന്ത്രക്കാരനും പെരിഞ്ചക്കോടനുമായത്. ചന്തുമേനോന്റെ കാര്യത്തിൽ കണ്ടതുപോലെയൊരു തിരിമറിയാണിതും.
കഥപറച്ചിലിൽ നിന്ന് എഴുത്തിലേയ്ക്ക് മലയാളം കടന്നുവന്ന കാലത്തെ രണ്ടുദാഹരണങ്ങളാണ് എടുത്തത്. രചനാപ്രക്രിയയും ചെയ്വനകളും അതിസങ്കീർണ്ണമായ സമകാലത്തെ കഥ പലപ്രാവശ്യം കുന്തം മറിയും. കഥകളിൽ പരസ്പരവിരുദ്ധങ്ങളായ ഒരുപാട് കാര്യങ്ങളുണ്ടാവും. പൂട്ടിനകത്തെ കള്ളന്മാരുടെ എണ്ണം എത്രകൂടുന്നോ അത്രയ്ക്ക് തുറക്കൽ പ്രക്രിയ സങ്കീർണ്ണമാവും. ഒരു കൃതി കേവലം അതായി മാത്രം നിലനിൽക്കുന്നു എന്നത് വെറും തോന്നലാണ്. എഴുതിയ ആളിന്റെ ഇംഗിതം കണ്ടു പിടിക്കലാണ് വായനയുടെ പരമമായ ലക്ഷ്യം എന്നതും ശുദ്ധഭോഷ്കാണ്. വായിക്കുന്ന/ആസ്വദിക്കുന്ന വ്യക്തിയുടെ തരം വച്ച് വച്ച് പുതിയ ആശയലോകങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. വ്യക്തിപരമായ ഉണർച്ചയാണ് 'കലയിലെ' പ്രാഥമികമായ അപ്രസക്തങ്ങളെ കാലികമായും അകാലികമായും പ്രസക്തങ്ങളാക്കുന്നത്. ഒരു സർഗാത്മക കൃതിമാത്രമല്ല, അതിന്റെ വായനയും വിശകലനത്തിനു വിഷയമാണ്. അത് മറ്റൊരുവായനയ്ക്കു വിഷയമാവുന്നു എന്നർത്ഥം. അപ്പോൾ എന്താണ് ലഘുവായനയും അതിവായനയും ?
*ഒരു കൃതി കേവലം അതായി മാത്രം നിലനിൽക്കുന്നു എന്നത് വെറും തോന്നലാണ്. എഴുതിയ ആളിന്റെ ഇംഗിതം കണ്ടു പിടിക്കലാണ് വായനയുടെ പരമമായ ലക്ഷ്യം എന്നതും ശുദ്ധഭോഷ്കാണ്.*
ReplyDeleteഒപ്പ്.
"പൊട്ടാത്ത തോക്കാണ് വിവക്തിതമെങ്കിൽ അതിനും--"
ReplyDeleteവിവക്തിതം എന്ന പ്രയോഗം ശരിയാണോ?
വക്തും ഇച്ഛ വിവക്ഷ
അപ്പോള്‍ ഇത്?
(അറിയില്ലാത്തതു കൊണ്ട് ചോദിക്കുകയാണ്. പ്രയോഗത്തിലുള്ളതാണെങ്കില്‍ തിരിച്ചെടൂത്തിരിക്കുന്നു
)
അതൊരു അക്ഷരത്തെറ്റായിരുന്നു. വിവക്ഷിതം എന്നാണുദ്ദേശിച്ചത്. നന്ദി. തിരുത്തി.
ReplyDeleteനന്നായിരിക്കുന്നു !!!!!!!
ReplyDelete