June 24, 2010
പുഴയ്ക്കപ്പുറത്തും സൂര്യനിപ്പുറത്തുമായി...
സ്കൂളുവിട്ട് ഓടി വരുന്ന കുട്ടി ആളൊഴിഞ്ഞ ഒരു റെയിൽവേസ്റ്റേഷനിലെത്തി അവിടെ ഇരുന്നുറങ്ങുന്ന സ്റ്റേഷൻ മാസ്റ്ററുടെ പോക്കറ്റിൽ നിന്ന് ഒരു രൂപയെടുത്തുകൊണ്ട് ഓടിച്ചെന്ന് തീവണ്ടിച്ചക്രങ്ങൾക്കിടയിൽ പാളത്തിൽ വച്ച് കൌതുകത്തോടെ എടുത്തുനോക്കുന്നിടത്താണ് വി കെ പ്രകാശിന്റെ മൂന്നുമിനിട്ട് ദൈർഘ്യമുള്ള ചിത്രം അവസാനിക്കുന്നത്. പേര് ‘വാട്ട് ഈഫ്’(What if..) പാളങ്ങൾക്കിടയിൽ ഇരുന്നു ഞെരിഞ്ഞ നാണയം കാന്തമാവും എന്നൊരു വിശ്വാസം കുട്ടികൾക്കിടയിൽ ഉണ്ട്. ജീവിതസമ്മർദ്ദങ്ങൾ ഒരാളെ മറ്റൊരാളാക്കിമാറ്റുന്നതിനെപ്പറ്റിയാണോ ഈ ശൈശവ വിശ്വാസം? നാണയം കാന്തമായോ എന്നൊന്നും സിനിമയിലില്ല. പ്രത്യേക ഭാഷയും ഇല്ല. എൽ അശ്വിൻ കുമാറിന്റെ ‘വൈറ്റ്പേപ്പർ’ അനാഥരായ തെരുവുകുട്ടികളെപ്പറ്റിയുള്ളതാണ്. തെലുങ്കിലാണ് വിവരണം. ‘ഇന്നത്തെകുട്ടികൾ നാളത്തെ പൌരന്മാരാണ്, അവരെ ഇങ്ങനെ തെരുവിൽ അലയാൻ വിട്ടത് ആരാണ്’ തുടങ്ങി അതീവ വികാരതുന്ദിലമായ ഭാഷയിലാണ് പശ്ചാത്തലവിവരണം. കാലഹരണപ്പെട്ട ആധാരചിത്രരീതിയാണ് അതിന്റെ പ്രശ്നം. ഇതേ വിഷയം C/o എന്ന ഹ്രസ്വകഥാചിത്രത്തിലും പ്രമേയമാണ്. വളരെ ഗൌരവത്തോടെ നടന്നു പോകുന്ന ആൺകുട്ടിയാണ് അതിലെ തുടക്കദൃശ്യം. അവൻ ഒരു കേക്കു വാങ്ങിക്കുന്നു. മറ്റൊരു കടയിൽ നിന്ന് മെഴുകുതിരി. എന്നിട്ട് അവന്റെ താമസസ്ഥലമായ വലിയ പൈപിന്റെ അടുത്തു വച്ച് വസ്ത്രം മാറി മറ്റൊന്നു ധരിച്ചിട്ട് ഗൌരവത്തോടെ ഇരുന്ന് കേക്കു മുറിച്ച് സ്വയം ആശംസിച്ചു തിന്നുന്നു. അവന്റെ ഏകാന്തമായ ജന്മദിനാഘോഷമാണ്. കടുത്ത അനാഥത്വം. സംവിധാനം ജി ഹരികൃഷ്ണൻ. കുട്ടികൾ ചൂടുള്ള വിഷയമാണ് എപ്പോഴും.
സജീവ് നെടുത്തൊടി സംവിധാനം ചെയ്ത 17 മിനിട്ട് ഡോക്യുമെന്ററി 'A Garaden Of herbs& dreams' വാഹനാപകടത്തിൽപ്പെട്ട് കാലുകൾ രണ്ടും തളർന്നുപോയ മുസ്തഫ തൊരപ്പ, ഔഷധസസ്യങ്ങളെ സ്നേഹിച്ചുകൊണ്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന കഥയാണ്. തന്റെ തന്നെ ചികിത്സയ്ക്കായി അലോപതി മരുന്നു കഴിച്ചു കുഴങ്ങി ആയുർവേദത്തിലേയ്ക്ക് മാറിയതാണ് അദ്ദേഹം. തനിക്കുവേണ്ടിയുള്ള മരുന്നുകൾക്കാവശ്യമായ ചെടികൾക്കു വേണ്ടി 200-ലധികം ഔഷധികൾ നിറഞ്ഞതോട്ടം സ്വന്തമായി ഉണ്ടാക്കി. വികലാംഗർക്ക് ഓടിക്കാവുന്ന രീതിയിൽ മാരുതിക്കാറിനെ പരിവർത്തിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ ഔഷധസസ്യപരിപാലനത്തിന്റെ ഉപദേഷ്ടാവും കൈകൊണ്ട് ഓടിക്കാവുന്ന കാറുകളുടെ ഡിസൈനിംഗിൽ പങ്കാളിയുമാണ് മുസ്തഫ. ‘ഓക്കെ ടാറ്റാ ഫിർ മിലേംഗേ’ ദീർഘദൂരം ലോറികൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ജീവിതത്തിന്റെ നേർ സാക്ഷ്യങ്ങളാണ്. ചൂഷണത്തിന്റെയും വിരഹത്തിന്റെയും ഒളിവിടങ്ങളുടെയും കഥകൾ അവർ പച്ചയ്ക്കു പറയുന്നുണ്ട് സിനിമയിൽ. മീനാക്ഷിയും വിനയ് റായിയും കൂടി ചേർന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത Girls&Boys 3 മിനിട്ടേ ഉള്ളൂ. ആൺകുട്ടികളും പെൺകുട്ടികളും കലർന്നു നിൽക്കുന്ന ഒരു സ്കൂൾ അസംബ്ലിയിൽ മെല്ലെ പെൺകുട്ടികൾ കുറഞ്ഞ് ആണുങ്ങൾ മാത്രമാവുന്ന നിരയിലൂടെ നീങ്ങുന്ന ദൃശ്യത്തിൽ അവസാനിക്കുകയാണ് ചിത്രം. ആറുപെൺകുട്ടികളിൽ ഒരാൾ തന്റെ പതിനഞ്ചാം ജന്മദിനം കാണുന്നില്ലെന്ന ഭീഷണമായ സന്ദേശമാണ് സിനിമയുടേത്. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ റിഹാൻ പട്ടേലിന്റെ The Burial Of Daughters എന്ന 51 മിനിട്ട് മാർവാഡി ചിത്രവും പെൺകുഞ്ഞുങ്ങളുടെ കൊലപാതകത്തെയാണു പകർത്തുന്നത്. ജനിച്ചതു പെൺകുട്ടിയാണെന്ന് അറിയിക്കുന്ന സ്ത്രീ, എന്തുചെയ്യണം എന്ന് പിതാവിനോട് ആരായുന്ന ചെറുപ്പക്കാരൻ. അവളെ പാലു കുടിപ്പിക്കാൻ പറയുന്ന കാരണവർ. പുറത്ത് അടുപ്പുകൂട്ടി, സഹോദരൻ തിളപ്പിക്കുന്ന പാലിൽ മുക്കികൊലചെയ്യപ്പെടുന്ന ചോരക്കുഞ്ഞ്. നിശ്ശബ്ദയായി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്ന ഇളം പ്രായത്തിലുള്ള അമ്മ. ഈ ദൃശ്യങ്ങളിലൂടെയാണ് സിനിമ ആശയം വ്യക്തമാക്കിയിരിക്കുന്നത്.
മുഖംമൂടികളുടെ പ്രവൃത്തികളെ ചിത്രീകരിക്കുന്നവരിലും മുഖമൂടിയുണ്ടെന്നാണ് ‘മാസ്ക്’ പറയുന്നത്. മുഖം മൂടിയുടെ വീഡിയോ ഓടുന്ന എഡിറ്റിംഗ് സ്ക്രീനിൽ നിന്ന് കാണികളെ തിരിഞ്ഞു നോക്കുന്നത് രണ്ടു മാസ്കു ധരിച്ച മുഖങ്ങൾ!സംവിധായകൻ പ്രണബേസ് ചന്ദ്ര. നീളം 3 മിനിട്ട്. കൂട്ടിലടച്ച തത്തയെ കമ്പിട്ടു കുത്തിയും ഒരു പ്രാണിയെ ഗ്ലാസിനകത്തിട്ടടച്ചും നോവിക്കുന്ന ഒരു ചെറുക്കൻ ആകസ്മികമായി കുളിമുറിയിൽ അകപ്പെട്ട് തടവിലെന്നപോലെ ആയപ്പോൾ കുളിമുറിക്കു പുറത്തെ ആകാശം കാണിച്ചു തന്നു കൊണ്ട് ‘ബന്ധനം ബന്ധം തന്നെപ്പാരിൽ’ എന്ന പഴയമട്ടിൽ ഒരു പാട്ടും പാടി അവസാനിക്കുന്ന ചിത്രമാണ് പ്രത്യൂഷിന്റെ ടോം&ജെറി. സജീവ് പാഴൂരിന്റെ How to Use a Gun ഏകാകിയായ കുട്ടിയുടെ കഥയാണ് (ഇത്തവണ മാധ്യമത്തിൽ ഈ സിനിമയെക്കുറിച്ചുണ്ട്) ഫ്ലാറ്റിന്റെ എട്ടാവട്ടത്തിലുള്ള ജീവിതത്തിന്റെ മടുപ്പും വിരസതയും അവനെ ആക്രമണവാസനയിലേയ്ക്ക് ഉന്തിവിടുന്നതിന്റെ നാടകീയമായ ആവിഷ്കാരമാണ് സിനിമയിൽ. റൺ ലോലാ റണിന്റെ ഒരു പാരഡിയുണ്ട് കൂട്ടത്തിൽ. Run Leila Run. ഒരു പെണ്ണ് അങ്ങനെ ഓടുകയാണ്. അവളുടെ വീട്ടിൽ നിന്ന് അടിച്ചുമാറ്റിയ ഒരു സൈക്കിളുമായി ഒരുത്തൻ അവൾക്ക് ഒരോഫർ നൽകുന്നു. അതൊക്കെ നിരസിച്ച് അവൾ ഓട്ടത്തിലാണ്. അവനത് 500 രൂപയ്ക്ക് ഒരുത്തനു വിൽക്കുന്നു. അവന്റെ അടുത്ത അടിച്ചുമാറ്റം വഴിവക്കിലിരുന്ന് മൂത്രമൊഴിക്കുന്ന ഒരുത്തന്റെ ബൈക്കാണ്. പെണ്ണ് ഓട്ടം തന്നെ ഓട്ടം. അവസാനം സ്റ്റേഷനിലെത്തുമ്പോൾ ട്രയിൻ പോയി. അപ്പോഴാണ് നമ്മളറിയുന്നത് അവളീ കൊണ്ടു പിടിച്ച് ഓടിയത് ട്രയിൻ പിടിക്കാനായിരുന്നു എന്ന്. പ്രയത്നം ഫലവത്തായില്ല, സൈക്കിൾ ഒരുത്തൻ കൊണ്ടു പോവുകയും ചെയ്തു എന്നു നിരാശരാവാൻ തുടങ്ങുമ്പോഴേക്കും അതാ വരുന്നു ആന്റിക്ലൈമാക്സ്. ഇന്നത്തെ ട്രെയിനു വേണ്ടിയായിരുന്നില്ല ഓട്ടം നാളത്തേതിനു വേണ്ടിയായിരുന്നു. എത്ര ഓടണം, എത്രസമയമെടുക്കും എന്നറിയാനുള്ള ടെസ്റ്റായിരുന്നു ഇന്നത്തേത്! നാളെ കൃത്യസമയത്ത് ഓടിയെത്തി ട്രെയിൻ പിടിച്ചുകൊള്ളാമെന്ന്! ഈ 5 മിനിട്ട് സിനിമയുടെ സംവിധായകൻ പ്രശാന്ത് ഷെഗൽ.
കറുത്തപേപ്പർ കറുത്തക്രയോൺ. വരയ്ക്കാൻ പറ്റില്ല. വെളുത്ത പേപ്പർ വെളുത്തക്രയോൺ. വരയ്ക്കാൻ പറ്റില്ല. വെള്ളക്കടലാസ് കറുത്തക്രയോൺ. വട്ടവും അതിനകത്തൊരു വളഞ്ഞവരയും. ചിരിക്കുന്ന മുഖമായിതീരുന്നു. രോഹിണിയുടെ രണ്ടുമിനിട്ട് സിനിമയാണ് ‘സ്മൈൽ’. വംശീയപ്രശ്നത്തിന്റെ രൂപകമാണ് സിനിമ എന്ന് ബ്രോഷറിൽ. പക്ഷേ എങ്ങോട്ടും വളയ്ക്കാവുന്ന ആശയമാണ്. പരസ്പരാശ്രിതങ്ങളായ വിരുദ്ധദ്വന്ദ്വങ്ങൾ എന്നും പറഞ്ഞുകൂടേ? രാത്രിയ്ക്ക് പകൽ, ചിരിക്കു കരച്ചിൽ, വേനലിനു മഴ, ഒരുത്തന് ഒരുത്തി! റിസ്വാൻ സിദ്ദിക്കിയുടെ The Muskmelons Kharboozey' എന്ന ഹിന്ദി ഹ്രസ്വചിത്രത്തിന്റെയും കാതൽ സമകാല ദുരന്തമാണ്. രണ്ട് അപരിചിതർ ആകസ്മികമായി ഒന്നിച്ചു യാത്രചെയ്യേണ്ടി വന്ന റിക്ഷയിലിരുന്ന് മുസ്ലീം സമുദായത്തെ കുറ്റം പറയുന്നതാണ് സിനിമയിൽ. അവർ രണ്ടുപേരും മുസ്ലീങ്ങൾ തന്നെയാണെന്നും ബന്ധുക്കളാണെന്നും പിന്നീട് തെളിയുന്നു. അപരിചിതരിൽ നിന്ന് സ്വത്വത്തെ മറച്ചുവയ്ക്കാൻ കള്ളം പറയേണ്ടി വരുന്നു എന്നു മാത്രമല്ല സ്വയം അവഹേളിക്കുകകൂടി വേണമെന്ന സാമൂഹികയാഥാർത്ഥ്യം നടുക്കം തരുന്ന ഒന്നാണ്. നിഥുനയുടെ An (Un)usual Day തീവ്രവാദി ഒരു ദിവസം ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് വന്ന് പുറത്തിറങ്ങുമ്പോൾ പോലീസ് വെടിവയ്പിൽ മരിച്ചു പോകുന്നു. നാടകീയതയാണ് മുഖലക്ഷണം. പാതയോരത്തെ ഏകാന്തതാമസത്തിനിടയിൽ വന്നുകയറിയ പൂച്ച തമിഴ് നാടോടിയായ അബ്ദുള്ള എന്ന വൃദ്ധനെ പുറമ്പോക്കിൽ നിന്ന് ഒഴിപ്പിക്കുന്നതാണ് 'Lost Space' ന്റെ കഥ. അമേരിക്കൻ അധിനിവേശമോ? സ്വന്തം ഇടങ്ങളിൽ നിന്നു കുടിയിറക്കപ്പെട്ട ജനതയോ...? അങ്ങനെ എന്തൊക്കെയോ ഓർമ്മിപ്പിക്കാനാണ് സംവിധായകൻ സന്തോഷ് മണ്ടൂരിന്റെ ശ്രമം.
ശരാശരി പതിനഞ്ചുകുട്ടികൾ പരീക്ഷാനുബന്ധ സമ്മർദ്ദം സഹിക്കാൻ പറ്റാതെ ഇന്ത്യയിൽ പ്രതിദിനം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. സുസ്മേഷ് ചന്ത്രോത്ത് എഴുതിയ കഥയെ ആസ്പദമാക്കി, 2006-ലെ നല്ല സംവിധായകനുള്ള T V അവാർഡ് കരസ്ഥമാക്കിയിട്ടുള്ള അമൃത ടി വിയിലെ അജൻ ആർ എസ് സംവിധാനം ചെയ്ത ‘ആതിര X C’ ലഘുചലച്ചിത്രം ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ അറിയാവുന്ന സംവിധായകൻ സിനിമയ്ക്കു പിന്നിലുണ്ടെന്ന് എളുപ്പം തിരിച്ചറിയാം. സംഗീതപദ്മനാഭന്റെ ‘ചാരുലതയുടെ ബാക്കി’(ഒരിക്കൽ ഈ സിനിമയെക്കുറിച്ച് എഴുതിയിട്ടുണ്ട്) ഗീതു മോഹൻദാസിന്റെ ‘കേൾക്കുന്നുണ്ടോ’( ഹ്രസ്വകഥാചിത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം ഈ ചിത്രത്തിനാണ്) ശ്രീബാല കെ മേനോൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി ചെയ്ത‘പന്തിഭോജനം’ എന്നിങ്ങനെ ചലച്ചിത്രാനുഭവത്തെ കൈക്കുറ്റപ്പാടുകൾ കൂടാതെ ലഘുചിത്രങ്ങളിലൂടെയും സംവേദിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങൾ എണ്ണത്തിൽ കുറവായിരുന്നു എങ്കിലും തീരെ ഇല്ലാതിതിരുന്നില്ല. അതീവദരിദ്രമായ ജീവിതത്തിനിടയിലും ഭാര്യയുമായും കുഞ്ഞുമായും സ്നേഹം പങ്കിടാൻ മടിക്കാത്ത ഒരു സാധുമനുഷ്യന്റെ കഥ പറയുന്ന 'Block' എന്ന തമിഴ് ചിത്രം ശ്രദ്ധേയമായി തോന്നി. ചോറിൽ മുടി കിടന്നതിനു അയാൾ ഭാര്യയെ കുറ്റം പറയുന്നുണുണ്ട്. കുട്ടി ഒരു ഗ്ലാസിന്റെ ഉള്ളിലാക്കിയ ഉറുമ്പിനെ തുറന്നു വിടാൻ അയാൾ അവളെ ഉപദേശിക്കുന്നുമുണ്ട്. സോപ്പുകമ്പനിയിലാണ് അയാൾക്ക് ജോലി എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ചിത്രത്തിന്റെ ഒടുക്കം ഗ്ലാസിന്റെ വാവട്ടം പോലെയുള്ള ഡ്രെയിനേജു കുഴിയിൽ നിന്ന ആസകലം മാലിന്യങ്ങളുമായി അയാൾ പൊങ്ങി വരുന്ന ഒരു ദൃശ്യമുണ്ട്. മൂന്നു കാര്യങ്ങളാണിവിടെ ഉള്ളിൽ തറയ്ക്കുന്നത്. അയാളുടെ ശുദ്ധിയെക്കുറിച്ചുള്ള വേവലാതിയുടെ പിന്നാമ്പുറം. രണ്ട് ഗ്ലാസിനുള്ളിൽപ്പെട്ടുപോയ ഉറുമ്പിനെ തുറന്നുവിടാൻ ആവശ്യപ്പെട്ടതിന് അയാളുടെ തൊഴിലിടവുമായുള്ള താദാത്മ്യം. മൂന്ന് യന്ത്രങ്ങളുടെ വരവോടെ ഏറ്റവും ഹീനമായ ആ തൊഴിൽ പോലും തനിക്ക് നഷ്ടമായി പോകുമോ എന്ന് അയാൾ പങ്കു വയ്ക്കാൻ മടിക്കുന്ന ഭീതി. പ്രശാന്ത് കാനത്തൂരാണ് ഈ സിനിമയുടെ സംവിധായകൻ.
ബുദ്ധിജീവികൾക്കും നിയമപാലകർക്കും ഇടയിൽ വന്നു ഭവിച്ചിരിക്കുന്ന വിടവിനെ സിനിക്കലായി ചിത്രീകരിക്കുന്നു, മനുവിന്റെ ‘ഫ്രെഞ്ചുവിപ്ലവം’. പോലീസുകാരന് എന്തു ഗോദാർദ്ദ്? പെണ്ണിന്റെ ശരീരം കാണിക്കുന്ന ഏതു സിനിമയും തുണ്ടും പീസും തന്നെ. ഇതിനിടയിൽ ഒരു അടിപിടിയും ഒറ്റയ്ക്കു നടക്കുന്ന ഒരു പെൺകുട്ടിയും പാത്തും പതുങ്ങിയും നീങ്ങുന്ന ഒരു കാറും ഉണ്ട്. അവ പുറത്ത്. സ്റ്റേഷനിൽ ബുദ്ധിജീവി അകത്ത്. എവിടെയാണ്, എന്നാണ് നാട്ടിൽ ഒരു ഫ്രെഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുക? ചുറ്റുമുള്ളവർ ഭക്ഷണം കഴിക്കുന്നതും അവരുടെ ശീലങ്ങളും (ഒരാൾ കോഴിക്കാലുകൾ കടിച്ചു പറിച്ച് മേശമുഴുവൻ വിതറിയിടുന്നു, സപ്ലൈർ മൂക്കു ഞോണ്ടിക്കൊണ്ടു നിൽക്കുന്നു. ആ വിരളും ഇട്ട് നാരങ്ങാവെള്ളം കൊണ്ടു വയ്ക്കുന്നു. മീശയും താടിയും അരിപ്പയായി ഉപയോഗിച്ച് ആഹാരം വേറൊരുത്തൻ വാരി തേയ്ക്കുന്നു...) മടുപ്പുണ്ടാക്കുന്ന ഒരാൾ അവസാനം മറ്റുള്ളവർക്ക് നടുക്കം ഉണ്ടാക്കുന്ന ശബ്ദം ഉയർത്തിക്കൊണ്ട് വാഷ്‌ബേസിനടുത്തു നിന്ന് കുലുക്കിയൊഴിച്ച് വാ കഴുകുന്നതും ഓർക്കാനിക്കുന്നതുമാണ് ‘ശീലം’ എന്ന റെജീഷ് കാട്ടാക്കടയുടെ സിനിമ.
ഒരു തരത്തിലും സഹിക്കാൻ പറ്റാതെ, ജീവിതത്തോട് വല്ലാതെ വിരക്തി വന്നുപോകുന്ന തരത്തിലുള്ള ചില സിനിമകളുമുണ്ട് കൂട്ടത്തിൽ. ഭ്രാന്തൻ പകർന്ന അഗ്നി എന്നാണ് ഒരു ചാണാലിന്റെ പേര്. പരിസരവും നദിയും മലിനമാക്കുകയും തുറസ്സുകളിലിരുന്ന് ബിയർ മോന്തുകയും ചെയ്യുന്നവർക്കെതിരെ ആഞ്ഞടിക്കുകയാണ് ഭ്രാന്തൻ. ആർക്കാണ് ഭ്രാന്ത്? സംവിധായകൻ ഹരി ജി ശാർക്കരയ്ക്കാണെന്ന് ആരോ വിളിച്ചു പറയുന്നതുകേട്ടു. പണം മോഷ്ടിക്കുകയും പങ്കാളികളെ കൊല്ലുകയും ചെയ്യുമ്പോഴൊക്കെ ഗാന്ധിജി വന്ന് അരുത് അതു പാപമാണ് എന്നുപദേശിക്കുന്ന ഒരു സിനിമയും ഇക്കൂട്ടത്തിൽപ്പെടുത്താവുന്ന ഒന്നാണ്. ജയൻ വന്നേരിയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. നിർമ്മിച്ചതും ആ ദേഹം തന്നെ.
തിരുവനന്തപുരത്ത് നടന്ന മൂന്നാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിച്ച ഏതാനും തദ്ദേശീയ ചിത്രങ്ങളുടെ വിവരണങ്ങളാണ് മുകളിൽ. (Children of Pyre, മഹാശ്വേതാദേവി, കബീർ പാക്കേജിലെ ചിത്രങ്ങൾ എന്നിവയെ ഒഴിവാക്കിയതാണ്) ഒരു മാധ്യമത്തെ മറ്റൊരു മാധ്യമത്തിലേയ്ക്ക് ചുരുക്കിയും സംഗ്രഹിച്ചും സംഗതി കഴിയാവുന്നിടത്തോളം മെനകേടാക്കിയിട്ടുണ്ട് എന്നറിയാതെയല്ല. ദൃശ്യമാധ്യമങ്ങൾ വ്യാപകമായി പ്രചരിച്ച 80 കളിൽ ജനിച്ച തലമുറയാണിപ്പോൾ ഈ മേളകൾ കൈയടക്കിയിരിക്കുന്നത് ഏറിയകൂറും. അവരുടെ ദൃശ്യാവബോധം ഏതൊക്കെ തരത്തിൽ മുന്നോട്ടു പോകുന്നു ദിശയെന്താണെന്ന് അന്വേഷിക്കാൻ പുറപ്പെട്ട് ഇത്തവണ പുതുതായി ഏർപ്പെടുത്തിയ ക്യാമ്പസ് വിഭാഗം വഴി എത്തിയാണിവിടെ. ഒരു പക്ഷേ നമ്മുടേത് തികഞ്ഞ യാഥാസ്ഥിതികമായ തലച്ചോറാണെന്നു തലകുലുക്കി സമ്മതിച്ചുകൊണ്ടു തന്നെ, അത്ര ഉപരിപ്ലവമായ ദൃശ്യാഭിരതികളും ഗതാനുഗതികത്വവുമൊക്കെ കോട്ടുവായോടെ കണ്ടിരുന്ന 5 ദിവസങ്ങളുടെ ബാക്കിപത്രം. കാനിൽ ഹ്രസ്വചിത്രവിഭാഗത്തിലുണ്ടായിരുന്ന ‘ഫ്രെഞ്ച് റെവലൂഷൻ’ എന്ന ചിത്രത്തിന്റെ ലഘുവിവരണമായി ഫെസ്റ്റിവൽ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വാക്യം ഇങ്ങനെ വായിക്കാം : ‘നദി മുൻപ് ചുവന്ന് വീർത്ത് ഒഴുകിയിരുന്നു. കഴിഞ്ഞരാത്രി കിഴക്കൻ കുന്നുകളിൽ കനത്ത മഴയായിരുന്നു. അപൂർവമരങ്ങൾ നിലം പതിച്ചു. വലിയ ചിലന്തികൾ പറന്നു നടക്കുന്നു. കാട്ടുകരച്ചിലുകൾ അറബിക്കടൽ എന്നു വിളിക്കുന്ന വലിയ ഒച്ചയിൽ ചെന്നു പതിക്കാനായി ദാ ഒഴുകി പോകുന്നു... ”
തമാശതന്നെയല്ലേ?
അനു:
കൂട്ടത്തിൽ പറയാതെ വയ്യ. മേളയിലെ പാക്കേജുകൾ മെച്ചമായിരുന്നു. നീണ്ടചിത്രങ്ങൾ ഹ്രസ്വചിത്രങ്ങൾ ഹ്രസ്വകഥാചിത്രങ്ങൾ, ആനിമേഷൻ, സംഗീത വീഡിയോ, ക്യാമ്പസ് ചിത്രങ്ങൾ. രാഷ്ട്രാന്തരീയ ഡോക്യുമെന്ററികൾ, കണ്ട്രി ഫോക്കസിൽ കൊറിയ, പ്രശസ്തരുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ Norah Mc Gettigan, Umezh kulkarni,Micha Joywiak, Janica Draisma, PaulNadier,Yasmin Fedda, കബീർ പ്രോജക്ടിൽ 4 ചിത്രങ്ങൾ, ശരത് ചന്ദ്രന് ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ, വീഡിയോ ആർട്ട് എന്ന കലാരൂപത്തിന്റെ ദൈനംദിന പ്രദർശനം..വംശീയ ചിത്രങ്ങൾ. ഫിലിം ഡിവിഷൻ ചിത്രങ്ങൾ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമാ ചിത്രങ്ങൾ...
തിരുവനന്തപുരത്ത് നടന്ന മൂന്നാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് ഒരു ഏകദേശ ദാരണ നല്‍കിയ പോസ്റ്റിനു നന്ദി.
ReplyDeleteഇത്തരം മേളകളിലൂടെ പങ്കുവക്കപ്പെടുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ബോധം സ്വയം നവീകരണത്തിനു വിധേയമായി വികസിക്കുന്നതിലൂടെ മാത്രമേ നമുക്കൊരു ചലച്ചിത്ര കലയുടെ ശോഭനമായ ഭാവി ഉണ്ടാകു എന്നതിനാല്‍ വളരെ പ്രധാനമായ ഒന്നാണ് ഈ മേള എന്നു തോന്നുന്നു.
അതിലെ സൃഷ്ടികളുടെ മികവിനപ്പുറം അന്യരുടെ ചലച്ചിത്ര ചിന്തകള്‍ പങ്കുവക്കാന്‍ ചലച്ചിത്ര കലയെ ഉപാസിക്കുന്നവര്‍ക്കു ലഭിക്കുന്ന അപൂര്‍വ്വ സന്ദര്‍ഭമാണിത്.ഇവ മലയാളം ബ്ലോഗിലെത്തിക്കാന്‍ ഈ ചലച്ചിത്രകാരന്മാര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.ഒരു ഹൃസ്വചലച്ചിത്ര മേളതന്നെ നടത്താന്‍ ബ്ലോഗോളം സൌകര്യപ്രദമായ മറ്റൊരിടം ഭൂമിയില്‍ ലഭ്യമല്ല !!!
ചിത്രങ്ങള്‍ കണ്ട് ബോറടിക്കുന്നവര്‍ സംവിധായകരായാലേ കാര്യമുള്ളൂവെന്ന് തോന്നുന്നു. അതോ അങ്ങനെയുള്ളവര്‍ തന്നെയായിരിക്കുമോ ഇപ്പോഴത്തെ സംവിധായകര്‍ ? സെന്‍സിബിലിറ്റിയിലുള്ള വ്യത്യാസങ്ങളാവുമോ കാരണം?
ReplyDeleteസിനിമ ഇഷ്ടപെടുന്ന , എന്നാല്‍ ഇത്രയും അവബോധത്തോടെ അതിനെ കാണാന്‍ കഴിയാത്ത എന്നെ പോലുള്ളവരിലേക്ക് ഇതിന്റെ വെളിച്ചം പകര്‍ന്നു തന്നന്തിനു നന്ദി ...
ReplyDeleteവളരെ പ്രശംസനീയമൊരു പ്രയത്നം തന്നെ ...
നന്നായി. ഒന്നാന്തരം ലേഖനം.
ReplyDeleteഒരു പുതിയവാക്ക് കിട്ടി ' ചാണാല്' എന്താണർത്ഥ്മെന്നറിയില്ല. എന്നാലും സഹിക്കവയ്യാതെയെഴുതിയതാണെന്നൂഹിക്കാം.
പന്തിഭോജനത്തെക്കുറിച്ചെഴുതാമോ? സന്തോഷ് ഏച്ചിക്കാനത്തിന്റെ ഗംഭീരകഥയാണത്. മലയാളിയുടെ ജാതിമനസിന്റെ നടുക്കുന്ന ചിത്രം. ശ്രീബാല കെ മേനോൻ അതെങ്ങനെ സിനിമയാക്കിയെന്നറിയാൻ ഒരാഗ്രഹം.
ഇതൊന്നും കാണാൻ യാതൊരു നിവൃത്തിയുമില്ലാത്തൊരിടത്താണ് കഴിയുന്നത് അതുകൊണ്ടാ.
ബൈസ്റ്റാൻഡർ,
ReplyDeleteJimmy James, 31,Kailas Nagar, Pattom, Thiruvananthapuram. 2sframesmailbox AT gmail.com.
മൊബൈൽ :9847021511.
ഈ വിലാസത്തിൽ നിന്ന് പന്തിഭോജനം കിട്ടും.
വളരെ ഉപകാരം.
ReplyDeleteനന്ദി.