June 17, 2010

‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’




(താഴെ കൊടുത്തിരിക്കുന്ന നാൾവഴിക്കണക്ക് മുഴുവൻ വായിക്കാൻ ക്ഷമയില്ലെങ്കിൽ വിട്ടുവായിച്ചാലും മതി. കുറ്റബോധം വേണ്ട. അതാണ് പരമ്പരാഗതമായ വഴക്കം.)

ജൂൺ 1
1)‘തീരസുരക്ഷയ്ക്കായി ഒരു ചുവടു കൂടി’-വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം (വിഴിഞ്ഞം)
2) പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിൽ - പ്രവേശനോത്സവം-(തിരുവനതപുരം)
3) എല്ലായ്പ്പോഴും നിങ്ങളോടൊപ്പം - സപ്ലൈകോ
4) കേരളത്തിൽ കൃഷിയ്ക്ക് പുതുജീവൻ- ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
ജൂൺ 2
1) കേരളം വീണ്ടെടുത്തു നിക്ഷേപകരുടെ വിശ്വാസം -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്(മുഴുവൻ പേജ്)
2) 2 രൂപ നിരക്കിൽ അരിയും ഗോതമ്പും 36 ലക്ഷം കുടുംബങ്ങൾക്ക് (നെയ്യാറ്റിൻ കര)
3) കൊച്ചുകരങ്ങൾ മരം നട്ടാൽ പച്ചപുതയ്ക്കും മലയാളം - എന്റെ മരം പദ്ധതി (തിരുവനന്തപുരം)
4) ജയിൽ മോചിതരുടെ പുനരധിവാസ പദ്ധതി (വി ജെ റ്റി ഹാൾ)
5) കെയർ ഹോം കെട്ടിടശിലാസ്ഥാപനം(പുലയനാർ കോട്ട)
ജൂൺ 3
1) കേരളസംസ്ഥാനവനവികസന ഏജൻസി ഉദ്ഘാടനം- വനാശ്രിതകുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള സംസ്ഥാനതല ഏജൻസി (ടാഗോർ തിയേറ്റർ)
2) പ്രകാശപൂർണ്ണകേരളത്തിനായി സംസ്ഥാനഊർജ്ജവകുപ്പിന്റെ മുന്നേറ്റം- നാലു വർഷത്തെ നേട്ടങ്ങൾ (മുഴുവൻ പേജ്)
3) മികവിന്റെ നെറുകയിൽ സി ഡിറ്റ് - ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
4) പൈതൃകത്തിന്റെ നൂലിഴകൾക്ക് ഇന്നു മുതൽ താരശോഭ-മോഹൻലാലിനെ കൈത്തറിയുടെ ഗുഡ്വിൽ അംബാസിഡറായി പ്രഖ്യാപിക്കുന്നു(തിരുവനന്തപുരം)
ജൂൺ 4
1) സമാനതകളില്ലാത്ത മുന്നേറ്റവുമായി നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് മൃഗസംരക്ഷണമേഖല -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 5
1) കേരള‍ ആരോഗ്യസർവകലാശാല പ്രവർത്തനോദ്ഘാടനവും ഭൂമി കൈവശാവകാശ രേഖകൈമാറ്റവും(തൃശ്ശൂർ)
2) ഹരിതകേരളം ഉദ്ഘാടനം - ഒരു കോടി വൃക്ഷത്തൈകൾ നട്ടുപൂർത്തിയാക്കുന്ന ജനകീയപദ്ധതി (എറണാകുളം)
3) വികസനത്തിന്റെ വിജയഗാഥയുമായി മത്സ്യമേഖല -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 6
1)കയർ മേഖലയ്ക്ക് കരുത്തു പകർന്ന മികച്ചകാലം -2010 കയർ വർഷം-ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 7
1) കെമിക്കൽ എമർജൻസി റെസ്പോൺസ് സെന്റർ ഫാക്ടറീസ് & ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ മോഡൽ ഓഫീസ് ഉദ്ഘാടനം (എറണാകുളത്ത്) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) കയർ കടാശ്വാസപദ്ധതി ആനുകൂല്യ വിതരണം സംസ്ഥാനതല ഉദ്ഘാടനം (ആലപ്പുഴ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
3) നേട്ടങ്ങളുടെ നിറവിൽ യുവജനങ്ങൾക്കൊപ്പം - മോഡൽ ഫിനിഷിംഗ് സ്കൂൾ ഇനി കൊച്ചിയിലും (കലൂർ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
4) കുപ്പിവെള്ളം പ്ലാന്റിന്റെ ശിലാസ്ഥാപനം(അരുവിക്കര)
ജൂൺ 8
1) നാട്ടാർക്കെല്ലാം തുണയായി രാജ്യത്തിനു മാതൃകയായി. റവന്യൂവകുപ്പിന്റെ നേട്ടങ്ങൾ -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
2) എന്റെ മരം 2010 സംസ്ഥാനതല ഉദ്ഘാടനം (ചെമ്പഴന്തി)
ജൂൺ 9
1) ക്ഷേമം വികസനം സമാധാനം കേശവദാസപുരം നാലാഞ്ചിറ സ്റ്റേറ്റ് ഹൈവേ നാലുവരിപ്പാതയുടെ നിർമ്മാണ ഉദ്ഘാടനം (നാലാഞ്ചിറ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) ജയിൽതടവുകാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസധനസഹായ പദ്ധതി (കനകക്കുന്നുകൊട്ടാരം)
ജൂൺ 10
1) സാംസ്കാരിക സായാഹ്നം - ഫോട്ടോ എക്സിബിഷൻ കുടുംബശ്രീ ഖാദി ഗ്രാമ വ്യവസായ മേള (തിരുവനന്തപുരം)
2) പ്രവാസിക്ഷേമനിധി അംഗത്വവിതരണ ഉദ്ഘാടനം (തിരുവനനതപുരം)
3) കേരളസംസ്ഥാനഭാഗ്യക്കുറി - സമ്മാനങ്ങളിൽ വൻ വർദ്ധനവ്- ഏജന്റുമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഇന്നുമുതൽ
4) സ്നേഹസ്പർശം സംസ്ഥാനതല ഉദ്ഘാടനം- ചൂഷണത്തിനിരയാവുന്ന ആദിവാസിസ്ത്രീകളുടെ സുരക്ഷ (മാനന്തവാടി)
ജൂൺ 11
1) അടിസ്ഥാന സൌകര്യവികസനമേഖലയിൽ തദ്ദേശവകുപ്പിന്റെ നവീനചുവടുവയ്പ്പ്- കേരളലോക്കൽ ഗവണ്മെന്റ് ഡെവലപ്മെന്റ് ഫണ്ട് ഉദ്ഘാടനം (തിരുവനന്തപുരം)
2) ജൈവവൈവിധ്യവർഷത്തിൽ കേരളത്തിന് വനം വകുപ്പിന്റെ ഉപഹാരം- ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ച 742 സസ്യജാലങ്ങളെ ഒരു സ്ഥലത്ത് പരിപാലിക്കുന്നു
3) ജലവിഭവവകുപ്പ് കാര്യക്ഷമതയുടെ കരുത്തുമായി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
4) വനിതാഗൃഹനാഥകളുടെ മക്കൾക്കായി വിദ്യാഭ്യാസധനസഹായപദ്ധതി (തിരുവനന്തപുരം)
5) ഗവ. ഇഞ്ചിനീയറിംഗ്കോളേജുകളിലും പോളിടെക്നിക്കുകളിലും പട്ടികജാതി പട്ടികവർഗവിഭാഗക്കാർക്കായി നടത്തുന്ന പ്രത്യേകതൊഴിലധിഷ്ഠിത പദ്ധതി (തിരുവനന്തപുരം)
ജൂൺ 12
1) ജയിലുകളെയും കോടതികളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം സംസ്ഥാനതല ഉദ്ഘാടനം (തിരുവനന്തപുരം)
ജൂൺ 13
1) വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവയ്പ്പ് - അട്ടപ്പാടിയിൽ അപ്ലൈഡ് സയൻസ് കോളേജ് ഉദ്ഘാടനം (വയനാട്)-ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) ലോകരക്തദാതൃദിനാചരണം സംസ്ഥാനതല ഉദ്ഘാടനം (കണ്ണൂർ)
ജൂൺ 14
ജൂൺ 13 ലെ മനോരമ പരസ്യങ്ങളാണ് ജൂൺ 14 ൽ മാതൃഭൂമിയിൽ
ജൂൺ 15
1) തലസ്ഥാനനഗരറോഡ് വികസനപദ്ധതി ബേക്കറി മേൽ‌പ്പാലം ഉദ്ഘാടനം (തിരുവനന്തപുരം) ഭരണനേട്ടങ്ങൾ (രണ്ടു മുഴുവൻ പേജ്)
2) കശുമാവ്കൃഷി സംസ്ഥാനതല ഉദ്ഘാടനം 2010-ൽ 20 ലക്ഷം കശുമാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്നു (കൊല്ലം)
3) സെന്റർ ഫോർ എഞ്ചിനീയറിംഗ് റിസർച്ച് -എഞ്ചിനീയറിംഗ് മേഖലയിലെ ഗവേഷണം ത്വരിതപ്പെടുത്താൻ കേരളസർക്കാരിന്റെ നൂതനപദ്ധതി(തിരുവനന്തപുരം)
ജൂൺ 16
1) എച്ച്1 എൻ 1 പനിക്കെതിരെ ജാഗ്രത
2) നിർമ്മൽ ഗ്രാമപുരസ്കാരം 2009 വിതരണം (തിരുവനന്തപുരം)
ജൂൺ 17
1) മത്സ്യമേഖലയിൽ സുരക്ഷയും സ‌മൃദ്ധിയും -എട്ടു സുപ്രധാനപദ്ധതികൾ യാഥാർത്ഥ്യമാവുന്നു. - ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (കൊല്ലം)
2) ഐ ടി കേരള - നിശ്ശബ്ദവിപ്ലവത്തിന്റെ 4 വർഷങ്ങൾ (മുഴുവൻ പേജ്)

മറ്റൊരു വിധത്തിലാണെങ്കിൽ പ്രസ്താവനകളോ ആശയവിമയത്തിൽ വന്ന തകരാറോ കൊണ്ട് പത്രവാർത്തയോ മാധ്യമവാർത്തയോ ആയാൽ മാത്രം ഒന്നോ രണ്ടോ വരികളിലൂടെ പരാമർശവിധേയമാവുകയോ ആവാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് മുകളിൽ അടുക്കിയിരിക്കുന്നത്. മുൻപ് സർക്കാർ പ്രസിദ്ധീകരണങ്ങളായ കേരളാ കാളിംഗിലോ ജനപഥത്തിലോ അതുമല്ലെങ്കിൽ സംസ്ഥാന പബ്ലിക് റിലേഷൻസ് പ്രസിദ്ധീകരണത്തിലോ മാത്രം കണ്ടു വന്നിരുന്ന അഥവാ അധികം ആളുകൾ കാണാതെ വന്നിരുന്ന സർക്കാർ വക പ്രചരണപരസ്യങ്ങളുടെ ചുരുക്കെഴുത്ത് എന്നും പറയാം. എടുത്തത് മുഖ്യധാരാപത്രങ്ങളിൽ നിന്ന്. ചിലതൊക്കെ മുഴുപേജ് പരസ്യമാണ്. ചിലപ്പോൾ രണ്ടു പേജ്. തങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ഈ വർഷങ്ങളിൽ എന്തു ചെയ്തു, എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയാൻ സാമാന്യജനത്തിന് താത്പര്യമുണ്ടാവും. അതിന്റെ ഒരു സഫലീകരണമാണ് മുഖ്യധാരാപത്രങ്ങളിലുള്ള ഈ പരസ്യങ്ങൾ. തങ്ങൾ എന്തൊക്കെ ചെയ്തു, ചെയ്യുന്നു എന്ന് ജനത്തെ അറിയിക്കാനും ഭരണകൂടത്തിനു വേണമല്ലോ ഒരു ഉപാധി. പ്രത്യേകിച്ചും മാധ്യമങ്ങളും അതിന്റെ തലപ്പത്തിരിക്കുന്നവരും അകാരണമായി സർക്കാതിനെതിരെ മുഞ്ഞി വീർപ്പിച്ചു നിൽക്കുന്ന അവസരങ്ങളിൽ. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന് പബ്ലിക് റിലേഷൻസ് വഴി സ്റ്റേറ്റ് മനസ്സിലാക്കിയതുപോലുണ്ട്. പോസ്റ്ററുകളടിച്ചാലും പബ്ലിക് റിലേഷൻസ് പുസ്തകങ്ങൾ ഇറക്കിയാലും ജനം വായിക്കില്ല. സിനിമാതിയേറ്ററിൽ ന്യൂസ് റീലു വന്നാൽ ജനം വിളിച്ചോണ്ടോടുന്ന ഒരു കാലവുമുണ്ടായിരുന്നു. അവറ്റകളിൽ ചിലത് ഈ വിഭാഗത്തിൽ വരുന്നവയായിരുന്നു. പോസ്റ്ററുകൾ ആടു തിന്നും. പുസ്തകങ്ങൾ സർക്കാരാപ്പീസുകളിൽ മൂലയ്ക്ക് പൊടി പിടിച്ചു കിടക്കും. നമ്മളെത്ര കണ്ടിരിക്കുന്നു. അതിനൊക്കെ ഒരു പ്രതിവിധിയാണിത്. സംശയമില്ല. പക്ഷേ ശിലാസ്ഥാപനവും പുരസ്കാരവിതരണവും കേരളത്തിലെ മുഖ്യപത്രങ്ങളിലെല്ലാം കാൽ‌പ്പേജ്, അരപ്പേജ്, മുഴുപേജ് പരസ്യങ്ങളാവുമ്പോൾ -സർക്കാർ വക പരസ്യങ്ങൾക്കുള്ള സൌജന്യങ്ങൾ ലഭിക്കുന്ന DAVP ആണെങ്കിൽ പോലും- അതിനു സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്ന ഭീമമായ തുകയുണ്ട്. മാതൃക എന്ന നിലയ്ക്ക് എടുത്തെഴുതിയ ഈ മാസത്തിൽ പരസ്യമില്ലാത്ത ഒരു ദിവസം പോലുമില്ലെന്നു കാണുക. അങ്ങനെ എല്ലാ പത്രങ്ങളിലും. അപ്പോൾ തുകയുടെ വലിപ്പം എന്തായിരിക്കും? അടുത്തകാലത്തായി കണ്ടെത്തിയതാണ് ഈ മുഖ്യധാരാ അച്ചടിമാധ്യമ പരസ്യപ്രചരണ മഹാമഹം. കുബുദ്ധികൾ ആസന്നമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിലേയ്ക്കും പരസ്യത്തിലേയ്ക്കും മാറി മാറി നോക്കി കണ്ണുകാണിക്കുന്നുണ്ട്. അതിനാലാണിതെന്ന വർണ്ണ്യത്തിലാശങ്കയോടെ. സർക്കാർ സ്പോൺസേഡ് പ്രകടനപത്രികകളാണ് സംഭവം എന്നാണ്. അത്യന്തികമായി ഈ തുക വിനിയോഗിക്കപ്പെടുന്നതെന്തിനെന്ന് ആലോചിച്ചാൽ നട്ടം തിരിയുകയേ ഉള്ളൂ. ബഹുജനത്തെ സംബന്ധിച്ചിടത്തോളം തീർത്തും ഉത്പാദനപരമേ അല്ലല്ലോ, ചെലവഴിക്കപ്പെടുന്ന കോടികൾ. ഇനി ഇതിന്റെ പ്രായോജകർക്കു തന്നെ പ്രയോജനമുണ്ടാവുമോ എന്ന് കണ്ടറിയണം. കേരളീയർ ( മാധ്യമസൃഷ്ടിയായ? ) പനി കൊണ്ട് വിറക്കുമ്പോൾ പരസ്യങ്ങളിലൂടെ സർക്കാർ കേമത്തം ഘോഷിക്കുകയാണെന്ന മട്ടിൽ ഉമ്മൻ ചാണ്ടി എന്തോ പറഞ്ഞിരുന്നു. ഈ വഴിക്ക്, പരസ്യത്തിന്റെ മേൽ‌പ്പാലം തുറന്നു കിട്ടിയ സ്ഥിതിയ്ക്ക് ഈ വഴി തങ്ങൾ അവലംബിക്കുകയേ ഇല്ലെന്നു വച്ചു തന്നെയാവുമോ അഭിപ്രായപ്രകടനം? ആലോചിക്കുമ്പോൾ പനി ഇല്ലാതെ തന്നെ വിറയൽ വരുന്നു. മായാവതിയുടെയും ലാലുപ്രസാദിന്റെയും ഹിന്ദി പരസ്യങ്ങൾ മലയാള പത്രങ്ങളിൽ മുഴുപുറത്തിൽ കണ്ട് ദുഃഖത്തോടെ ചിരിച്ച അന്തകാലം പെട്ടെന്ന് ഓർമ്മയിൽ വന്നു നിന്നു കുണുങ്ങുന്നു. മുഖ്യധാരാപത്രങ്ങൾ സർക്കാർവക പ്രചരണപരസ്യങ്ങളാൽ ആസകലം അലംകൃതമാവാൻ പോകുന്ന കാലങ്ങളാണ് മുന്നിൽ നിവരുന്നത്. ചന്ദനക്കുടവും കുരുത്തോലയും നിലവിളക്കുമായി കൂട്ടത്തോടെ എതിരേൽക്കുക തന്നെ.
ആപദി കിം കരണീയം?


പരസ്യത്തില്ല :
ചെങ്കൽച്ചൂളയിൽ, ഇന്നലെ (ജൂൺ 16) ചേരിവികസനപ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കാനെത്തിയ എം എൽ എ ശിവൻകുട്ടി വീടുകൾ വിതരണം ചെയ്തതിൽ വന്ന അപാകത്തെപ്പറ്റി പരാതിപറഞ്ഞ സ്ത്രീകളോട് കലമ്പി. “ മര്യാദക്കിരുന്നാൽ മതിയവിടെ. വലിയൊരാശാൻ. മര്യാദകേട് കാണിച്ചാൽ തിരിച്ചും മര്യാദകേട് കാണിക്കും. തെണ്ടിത്തരം കാണിക്കരുത്. അവിടെയിരി അവിടെ” എന്നൊക്കെയാണ് ശിവൻ കുട്ടി പറഞ്ഞത്. അതും ക്യാമറകൾക്ക് മുന്നിൽ വച്ച്. ദളിതരായ സ്ത്രീകളോട്. ‘ഇരുട്ടിന്റെ ഭാഗം ഞങ്ങളിൽ നിന്ന് അടർന്നുപോയി’ എന്നു പറഞ്ഞ് നന്നാവാൻ തീരുമാനിച്ച നഗരത്തിലെ കുപ്രസിദ്ധമായിരുന്ന ചെങ്കൽചൂളകോളനിയിൽ വച്ച്. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ എം എൽ എയ്ക്ക് അറിയില്ലെന്നും പറഞ്ഞ് വേദിയിൽ ഇരുന്നവർ തന്നെ ഇറങ്ങിപ്പോയി. പിന്നെന്തു ഉദ്ഘാടനം? എന്തു ചടങ്ങ്?
ചേരിവികസനപ്രവർത്തനോദ്ഘാടണം ‘പരസ്യ’മായി മുഖ്യധാരയിൽ വന്നിരുന്നില്ല. ഇനി വരുമോ എന്നു കണ്ടറിയണം. അതിനു മുൻപ് വിവാദം വന്നുപോയല്ലോ.

14 comments:

  1. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം കൊടുക്കുന്നത്. ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ എന്ന മുഖ്യധാരാ പത്രങ്ങളുടെ പരസ്യം ഇതിന്റെ കുത്തൊഴുക്കില്‍ ശ്രദ്ധിക്കപ്പെടാതെ പോകാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete
  2. സര്‍ക്കാരിന് സ്വന്തമായി ഒരു പത്രം തുടങ്ങിക്കൂടേ... :)പത്രങ്ങള്‍ക്കൊക്കെ വേണ്ടത്ര പരസ്യം കിട്ടിയിട്ടും അതിന്റെ നന്ദി കാണിക്കുന്നില്ലല്ലോ,അതിലാണ് സങ്കടം.ബ്ലോഗുകള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുമോ വെള്ളേ?

    ReplyDelete
  3. വെള്ളെഴുത്തേ,

    ഇത്രേം ചെയ്ത സ്ഥിതിക്ക് ഒന്നുകൂടി ആകാമായിരുന്നു.ഓരോ പരിപാടികള്‍ക്കും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ( പത്രങ്ങള്‍ തന്നെ എടുക്കാം) എത്ര മാത്രം കവറേജ് തൊട്ടടുത്ത ദിവസങ്ങളില്‍ കൊടുത്തു എന്ന്.അതിനെതിരെ ഉള്ള വാര്‍ത്തകള്‍ക്ക് എത്ര സ്ഥലം കൊടുത്തു എന്നും നോക്കണം.അതു കൂടി ചെയ്താലേ ഈ “കം‌പാരിസണ്‍” പൂര്‍ണ്ണമാവുകയുള്ളൂ.

    മാധ്യമ കവറേജ് ആവശ്യത്തിനു കിട്ടിയിട്ടും സര്‍ക്കാര്‍ പരസ്യത്തിനു കാശു ചിലവഴിച്ചെന്ന് പറഞ്ഞാല്‍ സമ്മതിക്കാം..പക്ഷേ അതല്ലല്ലോ യാഥാര്‍ത്ഥ്യം.അപ്പോള്‍ പിന്നെ ഇതല്ലാതെ തല്‍ക്കാലം മാര്‍ഗമില്ല

    ReplyDelete
  4. ബ്ലോഗു(ടമ)കള്‍ക്കു സര്‍ക്കാരല്ല ഏ.കെ.ജി സെന്ററില്‍ നിന്നാണ് പരസ്യം കൊടുക്കുന്നതെന്ന്‍ അറിയില്ലേ വിഷ്ണുപ്രസാദ് വയനാടേ ? സ്വതന്ത്ര ബുജികളുടെ എണ്ണം കൂടിവരുന്നതുകൊണ്ടാവാം "അടിമ"കളുടെ അലവന്‍സ് വര്‍ധിപ്പിച്ചു. ഞാനൊരു ബൈക്കും വാങ്ങി ;))

    ReplyDelete
  5. വായിച്ചുതീര്ന്നപ്പോള്‍ എനിക്ക് പറയാനുള്ളത് സുനില് പറഞ്ഞിരിക്കുന്നു, എനിക്ക് പറയാനാവുന്നതിലും വ്യക്തതയോടെ.

    സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി പരസ്യങ്ങളിലെ അവകാശവാദങ്ങളെ എന്തുകൊണ്ട് ഖണ്ഡിക്കുന്നില്ല എന്നല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്?

    ReplyDelete
  6. പരസ്യത്തില്‍ ഇല്ലാത്തതിലെ ഒരു വാചകം....

    'ചെങ്കൽചൂളകോളനിയിൽ പുറത്തു നിന്ന് ആളെക്കൊണ്ടു വന്ന് ഇറക്കുന്നതുകാണണോ’ എന്ന് വെള്ളെഴുത്ത്....

    "ചെങ്കല്‍ച്ചൂളയ്ക്കകത്തു നിന്ന് ആളെ ഇറക്കുന്നത് കാണണോ" എന്നാണ് ശിവന്‍കുട്ടി ഈ വീഡിയോയില്‍
    ചോദിക്കുന്നത്....
    http://www.youtube.com/watch?v=rSsdJ6cYfbM

    യേത് യോഗത്തിലാണ് വെള്ളെഴുത്ത് പറഞ്ഞ പ്രകാരം ശിവന്‍കുട്ടി പ്രസംഗിച്ചത്...?

    ReplyDelete
  7. "ചെങ്കല്‍ച്ചൂളയ്ക്കകത്തു നിന്ന് ആളെ ഇറക്കുന്നത് കാണണോ" എന്നാണ് ശിവന്‍കുട്ടി ഈ വീഡിയോയില്‍
    ചോദിക്കുന്നത്..."

    ‘വെള്ളെഴുത്ത്’ കണ്ണിനെ ബാധിക്കുന്ന പ്രശ്നമാണ്. പക്ഷേ ഈ ‘വെള്ളെഴുത്തി’ന്റെ കാതിന് ചെറിയൊരു പ്രശ്നം പറ്റിയതല്ലേ മാരീചരേ? ‘അകത്ത്’ എന്നു പറഞ്ഞപ്പോള്‍ കേട്ടത് ‘പുറത്ത്’ എന്നായിപ്പോയി...!

    ReplyDelete
  8. പരസ്യം പരസ്യം സര് വത്ര, നമുക്കും കിട്ടണം പണം

    ReplyDelete
  9. മാരീചാ, വീഡിയോയ്ക്ക് നന്ദി. കുറച്ചുകൂടി വാക്കുകൾ കേൾക്കാൻ പറ്റി. നേരത്തെ കേട്ടിരുന്നില്ല. ശരിയാണ് “വേറേ കുറേ ആളുകളെ ഞാൻ ഇപ്പം ഇറക്കിതരാമിവിടെ, കാണണോ ഈ ചെങ്കൽചൂളയ്ക്കകത്തു നിന്ന് കുറേ ആളുകളെ ഇറക്കണ കാണണോ..’എന്നു തന്നെയാണ് ചോദിച്ചത്. തിരുത്താം. മാതൃഭൂമി വാർത്തയിൽ ‘പുറത്തു നിന്ന് ആളെ ഇറക്കുന്നതു കാണണോ എന്നു ചോദിച്ചെന്നാണ്.. എങ്കിലും അദ്ദേഹം ഇത്ര പ്രകോപിതനായതു എന്തിനോ എന്തോ?

    ReplyDelete
  10. "മാതൃഭൂമി വാർത്തയിൽ ‘പുറത്തു നിന്ന് ആളെ ഇറക്കുന്നതു കാണണോ എന്നു .."

    Best 'paper'-Mathrubhoomi & manorama.
    Please refer veekshanam, janmabhoomi or deshabhimani..
    കള്ളമാണെങ്കിലും ഇവയിലൊക്കെ,ആ കള്ളത്തിനു പോലും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടാവും.

    ReplyDelete
  11. മാരീചന്റെ ഇടപെടലിനു നന്ദി. മാതൃഭൂമി നടത്തിയത് ഒരു വളച്ചൊടിയാണെങ്കില്‍ തങ്ങള്‍ക്കാവശ്യമുള്ള ഭാഗം മാത്രം കാണിച്ച് ദൃശ്യമാധ്യമം ചെയ്തതോ? ക്യാമറ കള്ളം പറയില്ല എന്ന ചൊല്ല് ക്യാമറ കള്ളം പറയില്ലെങ്കിലും എഡിറ്റിങ്ങ് കള്ളം പറയും എന്നാക്കണോ?

    ശിവന്‍ കുട്ടിക്ക് പറയാനുള്ളത് എന്ന പോസ്റ്റില്‍ ശിവന്‍ കുട്ടി അവിടെ നടന്നതെന്ത് എന്ന് വിശദീകരിക്കുന്നു. വായിച്ചിട്ട് തീരുമാനിക്കുക.

    മാതൃഭൂമി വാര്‍ത്തയെക്കുറിച്ച് മാരീചന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് തിരുത്താം എന്ന് പറഞ്ഞ വെള്ളെഴുത്തിനു നന്ദി. മുഖ്യധാരകളില്‍ വരുന്ന ഇടത് വിരുദ്ധ വാര്‍ത്ത ക്രോസ് ചെക്ക് ചെയ്യാതെ പോസ്റ്റില്ല എന്ന് കൂടി തീരുമാനിക്കണമെന്ന് അപേക്ഷയുണ്ട്.

    ആ കുറിപ്പില്‍ ദളിത് വനിതകള്‍ എന്ന് കയറ്റി അതിനു വേറൊരു മാനം നല്‍കാനുള്ള ശ്രമം ‘ഇഷ്ടപ്പെട്ടു’ കേട്ടൊ. നമ്മളില്‍ പലരും ആ കോളനിയിലേക്ക് ഒരു ദിവസം പോലും ചെന്ന് കാണില്ല. എന്നും എന്തെങ്കിലും ആവശ്യത്തിനു അവിടെ ചെല്ലുന്ന ഒരു രാഷ്ട്രീയക്കാരനെ ക്രൂശിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിനു പറയാനുള്ളത് കൂടി കേള്‍ക്കേണ്ടതുണ്ട്. നമുക്കില്ലാത്ത ചില സ്വാതന്ത്യങ്ങളെങ്കിലും അവിടത്തെ ജനങ്ങളോട് അദ്ദേഹത്തിനുണ്ടാകും എന്ന് നമുക്ക് സമ്മതിക്കാമെന്നേയ്.

    മറ്റൊരു രീതിയില്‍ വിമര്‍ശിക്കാനായി ഇട്ടതാണെങ്കിലും, ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ ഈ പോസ്റ്റ് അവര്‍ക്കും ഗുണകരമായി ഭവിക്കുന്നു എന്ന് തോന്നുന്നു. ഇതിലെ പകുതിയെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ സര്‍ക്കാരിനു പാസ് മാര്‍ക്ക് കിട്ടും.:)

    ReplyDelete
  12. ഒരു അഭിപ്രായം ഇവിടെഉണ്ട് വായിക്കുമല്ലൊ.

    ReplyDelete
  13. ജനശക്തി, ശിവൻ‌കുട്ടിയ്ക്കു പറയാനുള്ളത് പത്രക്കുറിപ്പായി ഇന്നത്തെ പത്രങ്ങളിൽ ഉണ്ട്. താഴെ സണ്ണി കപിക്കാടിന്റെ പ്രസ്താവനയും ഉണ്ട്. ‘ശിവൻ കുട്ടി ഉപയോഗിച്ചത് മാടമ്പിയുടെ ഭാഷയാണെന്ന്’ . വായിക്കുന്നവർ രണ്ടും വായിക്കും. പരസ്യങ്ങൾ വീണ്ടു വിചാരത്തിനായാണ് അക്കമിട്ട് നിരത്തിയത്. ബോധമില്ലാതെയല്ല...
    -കള്ളമാണെങ്കിലും ഇവയിലൊക്കെ,ആ കള്ളത്തിനു പോലും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടാവും.-
    അനോനീ, വ്യവസ്ഥയുള്ള കള്ളത്തിനും വ്യവസ്ഥയില്ലാത്തകള്ളത്തിനും തമ്മിലുള്ള ദൂരം എത്രയാണ്?

    ReplyDelete
  14. ആസൂത്രിതകൊലപാതകങ്ങൾ ആകസ്മികകൊലപാതകങ്ങളെക്കാൾ കൂടുതൽ ശിക്ഷയർഹിക്കുന്ന കാര്യം പാവം അനോനിയ്ക്കറിയില്ലല്ലോ വെള്ളെഴുത്തേ.. ആളിനെ വെളിയിൽ നിന്നു കൊണ്ടു വന്നു പ്രശ്നക്കാരെ തല്ലിക്കുന്നതിനേക്കാൾ അകത്തുള്ളവരെ പുറത്തിറക്കി സ്വന്തം ആളുകളെ തല്ലിക്കുന്നതാണ് കൂടുതൽ അപകടകരം. എന്നാലും അങ്ങനെ തന്നെ വേണം എന്നാണ് സഖാക്കൾക്ക്. തല്ലിക്കുന്ന കാര്യമായിരിക്കില്ല ആളെ കേൾക്കാനിരുത്തുന്ന കാര്യമാണ് സാറ് പറഞ്ഞത് എന്നറിയാം. പക്ഷേ അകത്തു നിന്ന് ആരും വന്നില്ല. എങ്കിലും തല്ല് എന്നു കേൾക്കുന്നയാൾ മനസ്സിലാക്കിയാൽ കുറ്റം പറയരുത്. ഞാൻ എന്തിന്റെ ആളാണെന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ.. സക്കറിയ, നീലകണ്ഠൻ എത്ര ഉദാഹരണങ്ങൾ...

    ReplyDelete