June 28, 2010
പന്ത് ഗോൾവരമുറിച്ചു കടക്കുന്നത് ഗോളി നോക്കി നിന്നു*
“കളിക്കാരൻ ഓട്ടം ആരംഭിച്ചു. കടുംമഞ്ഞജേഴ്സി അണിഞ്ഞിരുന്ന ഗോളി തീർത്തും നിശ്ചലനായി നിലകൊണ്ടു. കളിക്കാരൻ പന്ത് നേരെ ഗോളിയുടെ കൈകളിലേയ്ക്ക് അടിച്ചു കൊടുത്തു.”
- പീറ്റർ ഹാൻഡ്കെയുടെ ജർമ്മൻ നോവൽ ‘പെനാലിറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം’(The Golie's Anxiety at the penality kick) ത്തിൽ നിന്ന്.
* * * * *
1990-ൽ ഇറ്റലിയിൽ വച്ചു നടന്ന ലോകക്കപ്പിൽ കൊളംബിയയുടെ ഗോൾമുഖം കാത്ത പ്രശസ്തനായ ഗോളി ‘ഹോസെ റെനെ ഹിഗിത്ത സപാത്ത’- ജടയഴിച്ചിട്ട ശിവന്റെ മട്ടിലുള്ള അക്രമോത്സുകനായ നമ്മുടെ സ്വന്തം ഹിഗ്വിറ്റ- തന്റെ അതിരുകടന്ന ആത്മവിശ്വാസത്തിന്റെ പേരിലാണ് കളിക്കളത്തിനു പുറത്തുപോകേണ്ടി വന്നത്, സ്വന്തം രാജ്യവുമായി. ഗോൾ മുഖത്തു നിന്ന് 35 മീറ്റർ കയറി കളിച്ച അയാളുടെ കാൽക്കീഴിൽ നിന്ന് പന്ത് തട്ടിയെടുത്ത് ഗോളടിച്ചുകൊണ്ട് കാമറൂൺ അന്ന് കൊളംബിയയെ ലോകക്കപ്പിൽ നിന്ന് കെട്ടുകെട്ടിച്ചു. കൊളംബിയയ്ക്കുവേണ്ടി 68 തവണ ഗോൾവല കാക്കുകയും ലോകത്തെ ഒന്നാം കിട ഗോളിയെന്ന് പേരെടുക്കുകയും സ്കോർപ്പിയൻ കട്ടിലൂടെ യുവരക്തങ്ങളെ ത്രസിപ്പിക്കുകയും ചെയ്ത ഹിഗ്വിറ്റ ജീവിതത്തിൽ കൃത്യം മൂന്നു വർഷങ്ങൾക്കു ശേഷം അതേ പോലെയൊരു ആത്മവിശ്വാസം നിറഞ്ഞ മറ്റൊരു കളി കളിച്ചു. കാർലോസ് മോളിന എന്ന മയക്കുമരുന്നു കള്ളക്കടത്തുകാരന്റെ 11 വയസ്സുള്ള മകളെ പാബ്ലോ എസ്കോബാർ തട്ടിക്കൊണ്ടു പോയപ്പോൾ ഇടനിലക്കാരനായി നിന്നത് ഹിഗ്വിറ്റയാണ്. 3 ലക്ഷം ഡോളറിന്റെ ആ ഇടപാടിൽ 64000 ഡോളർ അദ്ദേഹത്തിന്റെ പോക്കറ്റിലായി. തട്ടിക്കൊണ്ടുപോകലിൽ നിന്ന് ലാഭമുണ്ടാക്കുക കൊളംബിയയിൽ കുറ്റകരമായിരുന്നതിനാൽ ഹിഗ്വിറ്റയെ പോലീസ് അറസ്റ്റു ചെയ്തു. പണം കൈപ്പറ്റിയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെങ്കിലും 7 മാസം ജയിലിൽ കിടക്കേണ്ടി വന്നു. 1994 ലെ ലോകക്കപ്പിൽ കൊളംബിയൻ ടീമിലേയ്ക്ക് ഹിഗ്വിറ്റയുടെ പേര് പരിഗണിക്കപ്പെട്ടതുമില്ല.
കൊളംബിയയിലെ കൊക്കൈയിൻ മാഫിയയുടെ രാജാവായിരുന്ന ‘പാബ്ലോ എമിലിയോ എസ്കൊബാർ ഗവീറിയ’യുടെ ഇടനിലക്കാരനായി ഹിഗ്വിറ്റ അവതരിച്ചത് ആകസ്മിക സംഭവമാകാൻ വഴിയില്ല. ഫോർബ്സ് മാഗസീന്റെ കണക്കുപ്രകാരം 1989 ൽ ലോകത്തിലെ ഏഴാമത്തെ വലിയ പണക്കാരനായിരുന്നു എസ്കോബാർ. ചരിത്രത്തിൽ ഒരു മാഫിയാ തലവനും ജീവിക്കാത്തത്ര ആഢംബരത്തോടെയാണ് അയാൾ ജീവിച്ചത്. കൊളംബിയൻ ലിബറൽ പാർട്ടിയിലൂടെ പാർലമെന്റംഗവുമായി. തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയാൾ കൊന്നൊടുക്കിയത് ആയിരക്കണക്കിന് ആളുകളെയാണ്. നിവൃത്തിയില്ലാതെ സർക്കാർ ശിക്ഷിക്കാൻ തീരുമാനിച്ചപ്പോൾ നിസ്സാരമായ അഞ്ചുവർഷം തടവിൽ കിടക്കാൻ വേണ്ടി മാത്രം അയാൾ സ്വയം ഒരു ജയിൽ എന്നു വച്ചാൽ ഫുട്ബാൾ മൈതാനവും വെള്ളച്ചാട്ടവും തന്റെ മകളുമായി ഫോണിൽ സംസാരിക്കുമ്പോൾ അവളെ കാണാൻ തക്ക വിധം ശക്തിയുള്ള ദൂരദർശിനിയുമൊക്കെയുള്ള അതീവ സുരക്ഷിതമായ ഒരു കൊട്ടാരം പണിഞ്ഞ് അതിലായിരുന്നു വാസം. ആളുകൾ അതിനെ ‘ഹോട്ടൽ എസ്കോബാർ എന്നും ക്ലബ് മെദലിൻ’ എന്നുമാണ് വിളിച്ചത്. അയാളുടെ ഫുട്ബാൾ പ്രണയം കൊണ്ടാണ്, മെദലിനിൽ മാത്രം 80 കളിസ്ഥലങ്ങൾ അയാൾ നിർമ്മിച്ചു. അവയത്രയും പാവങ്ങൾക്ക് കളിക്കനായി നൽകി. സ്വദേശത്തെ രാഷ്ട്രീയവുമായി നീക്കുപോക്കുകളുണ്ടായിരുന്നെങ്കിലും അമേരിക്ക മണം പിടിച്ച് തന്റെ പുറകെയാണെന്ന് അറിയാമായിരുന്ന അയാൾ അപകടം മണത്ത്, സ്വയം പണിത ജയിലിൽ നിന്ന് ഇറങ്ങിപ്പോകാൻ എടുത്ത തീരുമാനം വലിയ അബദ്ധമായിരുന്നു. സ്വയം നിർമ്മിച്ച നിയമങ്ങൾക്കുള്ളിൽ ആരെയും ഭയക്കാതെ കഴിഞ്ഞിരുന്ന എസ്കോബാറിനെ അമേരിക്കൻ പോലീസിന്റെ സഹായത്തോടെ സെർച്ച് ബ്ലോക്കിലെ ഭടന്മാർ വെടി വച്ചുകൊന്നു. 1993-ൽ. നാൽപ്പത്തിനാലാം പിറന്നാളിന്റെ പിറ്റേന്ന് തന്റെ മകനോട് കുറച്ചുനേരം കൂടുതൽ ഫോണിൽ സംസാരിച്ചതാണ് അയാൾക്ക് വിനയായത്. ജയിലിൽ നിന്ന് ഇറങ്ങിപ്പോയി അയാൾ താമസിക്കുന്ന ഒളിത്താവളം കണ്ടുപിടിക്കാനും വീടു വളയാനും പോലീസിനു വഴിയൊരുക്കിക്കൊടുത്തത് വഴിവിട്ട ആ ഫൌളാണ്. മറ്റൊരു ആത്മവിശ്വാസം നിറഞ്ഞ കയറിക്കളി!!
കൊളംബിയയിലെ കുപ്രസിദ്ധമയക്കുമരുന്നു സംഘം, മെദലിൻ കാർട്ടൈലിന്റെ (കാർട്ടൈൽ എന്നാൽ വ്യാപാരവ്യവസായസമിതി എനർത്ഥം. പക്ഷേ ഇവിടെ കച്ചവടം വേറെ!) പ്രവർത്തനമേഖലയായ ചേരികളിലൊന്നിലാണ് ഹിഗ്വിറ്റയും ജനിച്ചത്. അച്ഛനാരാണെന്ന് അറിയാതെ. അമ്മയും മരിച്ചപ്പോൾ പട്ടിണിമാറ്റാൻ തെരുവിൽ കൂലിപ്പണിചെയ്തു നടന്നപയ്യൻ മെദലിനിലെ നാഷനൽ ക്ലബിൽ ചേർന്നതോടെയാണ് ശ്രദ്ധേയനായത്. കൊളംബിയൻ ദേശീയലീഗിലെ പ്രധാനടീമായ നാഷണലിന്റെ ഉടമ പാബ്ലോ എസ്കോബാറായിരുന്നു. ഒരിക്കൽ ജയിലിൽ പോയി ഹിഗ്വിറ്റ എസ്കോബാറിനെ കണ്ടിട്ടുണ്ട്. പരസ്യമായി തന്നെ. കോളംബിയയിൽ എസ്കോബാറിനുപരി ആരെ ഭയപ്പെടാൻ? 1996-ൽ ഹിഗ്വിറ്റയുടെ വീട്ടിൽ ആരോ ബോംബെറിഞ്ഞു. മാഫിയബന്ധങ്ങളാണ് അതിനു പിന്നിലെന്നു വാർത്തയുണ്ടായി. കൊക്കൈൻ ഉപയോഗിച്ചുകൊണ്ട് ഹിഗ്വിറ്റ കളിക്കളത്തിലെത്തിയിരുന്നു എന്നതിനും പിന്നാലെ തെളിവുകളുണ്ടായി. എത്ര വലുതായാലും കൊക്കൈൻ മാഫിയയുടെ ഉപ്പും ചോറും തിന്നു പേശീദാർഢ്യമുണ്ടായ ശരീരത്തിനു ഗോഡ്ഫാദർമാരെ തള്ളിപ്പറയാൻ സാധ്യമല്ല. അധോലോകത്തിന്റെ ഉരുക്കുനിയമങ്ങൾ അത്തരം നന്ദികേടുകളെ പാപമായി കാണുന്നു.
കഴിഞ്ഞ ജനുവരി രണ്ടാം വാരം ഹിഗ്വിറ്റ ഫുട്ബാളിൽ നിന്നും എന്നെന്നേയ്ക്കുമായി വിടവാങ്ങി. മറ്റുപലരെയും പോലെ ഒരു സാധാരണക്കാരൻ മാത്രമാണ് താൻ എന്ന് ഹിഗ്വിറ്റ ഫിഫയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തെറ്റുകൾ പറ്റിപോയ ഒരാൾ. ‘പക്ഷേ അവന് അവന്റേതു മാത്രമായ ഗുണങ്ങളും ഉണ്ട്.’ കൂട്ടുകാരെല്ലാം മരിച്ചുപോയതിനെപ്പറ്റി അദ്ദേഹം ഉത്കണ്ഠാകുലനാണ്.. മെദലിനിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടാണ്. ആഴ്ചയിൽ 80 പേർ കൊലചെയ്യപ്പെടുന്ന ലോകത്തിലെ കുപ്രസിദ്ധമായ പട്ടണമാണത്. എന്തു ചെയ്യും? എന്തെങ്കിലും ചെയ്യാനൊരുങ്ങുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുമ്പോലെ അപഹാസ്യമാകുന്നു. ഇതേ സ്ഥലത്താണ് ആന്ദ്രേ എസ്കോബാറും വെടിയേറ്റു വീണത്. 1994-ലെ ലോകക്കപ്പിൽ അമേരിക്കയോട് കളിക്കുമ്പോൾ സെൽഫ് ഗോളിലൂടെ കൊളംബിയയെ രണ്ടാം ഘട്ടം കാണിക്കാതെ പുറത്തു കളഞ്ഞ (കു)പ്രസിദ്ധനായ ഡിഫൻഡർ. പക്ഷേ അതു ഗോളിയുടെ കൂടെ പിഴവായിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? 2-1ന് ആദ്യറൌണ്ടിൽ കൊളംബിയ അപ്രതീക്ഷിതമായി പുറത്തായതിനു കാരണക്കാരനായ ആന്ദ്രേ കൃത്യം പത്താം ദിവസം (1994 ജൂലായ് രണ്ടിന്) വെടിയേറ്റു മരിച്ചു. വാതുകളിയിൽ മാഫിയയ്ക്കുണ്ടായ വലിയ നഷ്ടത്തെതുടർന്നാണിതെന്ന് പറയപ്പെടുന്നു. മാഫിയയുടെ നിഘണ്ടുവിൽ ക്ഷമ എന്നൊരു വാക്കില്ല. കുറ്റവാളിയായി കണ്ട് 1995-ൽ അറസ്റ്റു ചെയ്ത ഹംബെർടോ കാസ്ട്രോയെ 43 വർഷത്തേയ്ക്കാണ് ശിക്ഷിച്ചതെങ്കിലും അയാൾ ജയിലിലെ നല്ല നടപ്പിനെ തുടർന്ന് 2005-ൽ പുറത്തിറങ്ങി. ഇത് മാഫിയയ്ക്ക് രാഷ്ട്രീയത്തിലുൾല സ്വാധീനത്തിന്റെ പ്രകടമായ ലക്ഷനങ്ങളിലൊന്നാണ്. ഡമ്മി കൊലയാളികൾ കിട്ടുന്ന ശിക്ഷ എത്രയോ ലഘുവാക്കി അനുഭവിച്ച് പെട്ടെന്ന് പുറത്തിറങ്ങും. ആരും ഒന്നും മിണ്ടില്ല. കൊളംബിയയിലെ രാഷ്ട്രീയത്തിലും കൃഷിയിലും വ്യവസായത്തിലും സിനിമയിലും ഭൂമിയിടപാടിലും മാഫിയ ഉണ്ടെങ്കിൽ ഫുട്ബാളിൽ മാത്രം അതില്ലാതാവുന്നതെങ്ങനെ എന്ന് 94-ൽ കൊളംബിയയെ ലോകക്കപ്പിലെത്തിച്ച കോച്ച് ഫ്രാൻസിസ്കോ മാച്ചുറാണ ചോദിക്കുന്നു. കളിയ്ക്ക് തൊട്ടുമുൻപ് ആരെ കളിപ്പിക്കണം ആരെ മൈതാനത്തിറക്കിക്കൂടാ എന്നും പറഞ്ഞു വരുന്ന ഫോൺ കാളുകളിലെ മരണഭീഷണികളുടെ നിഴലിൽ കളിക്കാനിറങ്ങുന്നതിനെപ്പറ്റി കളിക്കാരായ ടിനോ ആസ്പ്രെല്ലയും ബാറബാസ് ഗോമസും കോച്ച് ഹെർനാൻ ദാരിയോ ഗോമസും പറയുന്നത് ‘എസ്കോബർ’സ് ഓൺ ഗോൾ’ എന്ന ഡോക്യുമെന്ററിയിലുണ്ട്.
‘അർക്കൻ’ എന്നു വിളിപ്പേരുള്ള സെർബിയൻ മാഫിയാതലവൻ സെയ്കോ റാഷ്നറ്റോവിച്ച്, മോശം പ്രകടനം നടത്തിവന്നിരുന്ന ഒബിലിക് എന്ന ഫുട്ബോൾ ക്ലബ് വിലയ്ക്കു വാങ്ങിയതോടെ കഥമാറി. തങ്ങളുടെ ക്ലബ് കളിക്കുമ്പോൾ അർക്കൻ ഗ്യാംഗ് യന്ത്രത്തോക്കുകളുമായി ഗാലറിയിൽ നിരക്കും. പിന്നെ എതിരാളികൾക്ക് ഗോളടിക്കാൻ പറ്റുമോ?ഒബിലിക്കിന്റെ എതിരളിയായിരുന്ന ഒരു കളിക്കാരൻ കളി സമയത്ത് അർക്കന്റെ ആളുകൾ തന്നെ കളിക്കാൻ അനുവദിക്കാതെ മുറിയിൽ അടച്ചിട്ടതിനെക്കുറിച്ച് ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. തോക്കുമായി കളി കാണാൻ വരികയും ഭീഷണി നിറഞ്ഞ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന മാഫിയപ്പടയുടെ പ്രകടനം ഗൌരവമായെടുത്ത് യൂറോപ്യൻ ഫുട്ബാൾ സംഘടന ‘യുവേഫ’ ഒബിലിക്കിനെ മത്സരങ്ങളിൽ നിന്ന് വിലക്കാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റം വന്നത്. ക്ലബിന്റെ പ്രസിഡന്റു സ്ഥാനം അർക്കൻ ഭാര്യക്കു വച്ചുമാറി!
‘കൊക്കൈൻ ഒരു മയക്കുമരുന്നാണെങ്കിൽ ഞാനതിന്റെ അടിമയാണെന്ന്’ മറഡോണ ഒരിക്കൽ പറഞ്ഞത് ബോസ്നിയൻ ചലച്ചിത്രകാരൻ എമീർ കുസ്തുറിക്കയുടെ ചലച്ചിത്രത്തിൽ ആവർത്തിച്ചിട്ടുണ്ട്. ഗോൾമുഖത്തുനിന്ന് 35 അടി മുന്നോട്ടു നീങ്ങിയ ഹിഗ്വിറ്റയിൽ നിന്ന് പന്തെടുത്ത് കാമറൂൺ കളിക്കാരൻ റൊജർ മില്ല കോളംബിയയെ സ്റ്റേഡിയത്തിനു പുറത്തേയ്ക്ക് അയക്കുന്ന ലോകക്കപ്പിൽ മറഡോണ കളിച്ചത് കഴിഞ്ഞതവണ അർജ്ജന്റീനയ്ക്ക് കപ്പിൽ മുത്തമിടാൻ വഴിയൊരുക്കിക്കൊടുത്ത ക്യാപ്റ്റൻ എന്ന ആത്മവിശ്വാസത്തോടെയാണ്. അത്തവണ അർജ്ജന്റീനയ്ക്ക് റണ്ണറപ്പ് ആകാനായിരുന്നു വിധി. അതിനു മുൻപേ തന്നെ മറഡോണ മയക്കുമരുന്നുപയോഗിക്കുന്നതിന്റെ പേരിൽ ചില വാർത്തകൾ ഉയർന്നിരുന്നു. 91-ൽ ഇറ്റലിയിൽ വച്ച് കൊക്കൈൻ ഉപയോഗത്തിന്റെ പേരിൽ 15 മാസത്തേയ്ക്ക് മറഡോണയെ സസ്പെൻഡ് ചെയ്തിരുന്നു. 1994-ലെ യു എസ് ലോകക്കപ്പിൽ നിന്നാണ് ‘എഫിഡ്രൈൻ’ എന്ന മയക്കുമരുന്നുപയോഗിച്ചതായി കണ്ടു പിടിച്ചതിനാൽ മറഡോണയെ പുറത്താക്കിയത്. തുടർന്ന് വലിയൊരു ദുരന്തത്തിലേയ്ക്കാണ് മറഡോണ നീങ്ങിയത്. കുസ്തുറിക്കയുടെ സിനിമയിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും (താച്ചർ, ബ്ലെയർ) അമേരിക്കൻ പ്രസിഡന്റുമാരും (റീഗൻ, ബുഷ്) മറഡോണ എന്ന പ്രതിഭാസത്തെ വേട്ടയാടാൻ നടത്തുന്ന കാരിക്കേച്ചറുകളുണ്ട്. (അതു ഫുട്ബാളിനു മാത്രം പറയാൻ കഴിയുന്ന രാഷ്ട്രീയം) മറഡോണയുടെ മയക്കുമരുന്നു താത്പര്യം എൺപതുകളുടെ തുടക്കത്തിൽ തന്നെ ആരംഭിച്ചതാണെന്നതാണ് സത്യം. അതും ഇറ്റാലിയൻ മാഫിയ - കമോറ- സർവതന്ത്രരായി വിലസുന്ന നേപ്പിൾസിൽ നിന്ന്. സ്പെയിനിലെ ബാർസിലോണ ക്ലബിനുവേണ്ടി കളിച്ചിരുന്ന മറഡോണയെ 1984-ൽ നേപ്പിൾസിലെ നാപ്പോളിക്ലബ് അന്നത്തെ ഏറ്റവും വലിയ വിലയായ 69 ലക്ഷം പൌണ്ടിനു വിലയ്ക്കു വാങ്ങിയതോടെയാണ് ദുരന്തങ്ങളുടെ തുടക്കം. നാപ്പോളിയുടെ ജാതകം അതോടെ മാറി. അത് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബായി. ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും യുവേഫയും അതു നേടി. നേപ്പിൾസിലെ ജനത മറഡോണയിൽ പുതിയ മിശിഹയെ കണ്ടു. മറഡോണ ദൈവപ്രതിരൂപമായ പള്ളികളുണ്ടായി. മുൾക്കിരീടം ചൂടിയ വെളുത്തഫുട്ബാളിനെ സാക്ഷിയാക്കി മാമോദീസകളും വിവാഹങ്ങളും നടന്നു. പള്ളിസംഘങ്ങൾ മറഡോണസ്തുതിഗീതങ്ങൾ ആലപിച്ചു.
ഈ സമയത്താണ് കമോറ ( റോബെർട്ടോ സാവിയാനോയുടെ പ്രസിദ്ധമായ പുസ്തകത്തിലെ ‘ഗമോറ’) മറഡോണയിൽ പിടി മുറുക്കിയത്. ഗോദ്ഫാദർമാരുടെ വിരുന്നിൽ സ്ഥിരാതിഥിയായിരുന്ന അദ്ദേഹത്തിന് പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞില്ലായിരിക്കണം. കുസ്തുറിക്ക പറയുന്നത് സ്വന്തം നിയമങ്ങളനുസരിച്ചും ഹൃദയത്തിന്റെ പാട്ടു കേട്ടുമാണ് മറഡോണ ജീവിച്ചത് എന്നാണ്. അങ്ങനെയുള്ളൊരാളിൽ ദൈവത്വം ജനം പ്രതീക്ഷിച്ചെങ്കിലും പ്രവാചകനാവാനുള്ള സമയമല്ലായിരുന്നു അത്. കുറച്ചുമാത്രമേ തനിക്കു നൽകാനുള്ളൂ എന്നദ്ദേഹത്തിനറിയാം. അതുകൊണ്ടദ്ദേഹം അതിരുകളില്ലാതാവാൻ കൊക്കൈനിൽ ചെന്നു പറ്റി. മയക്കുമരുന്നുപയോഗത്തിന്റെ പേരിൽ കളിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അദ്ദേഹം നാപ്പോളിയുടെ പടി ഇറങ്ങി. 1990-ലെ ലോകക്കപ്പിൽ അർജ്ജന്റീനയ്ക്കുവേണ്ടി കളിച്ചതും ഇറ്റലി പുറത്തായതും കാരണം ഇറ്റലിക്കാർ നടത്തിയ പ്രതികാരമാണ് ഈ മയക്കുമരുന്നാരോപം എന്നാണ് മറഡോണ അഭിമുഖത്തിൽ പറഞ്ഞത്. ഇറ്റലി പുറത്തായതിനാൽ വാതുവച്ചുകളി നടത്തുന്ന മാഫിയയ്ക്ക് ഒരുപാട് പണം നഷ്ടമായി അതിന്റെ ഫലമായിട്ടാണ് തന്നെ വേട്ടയാടുന്നത് എന്നായിരുന്നു വാദം. ഇറ്റലിക്ലബിൽ നിന്നും 15 മാസത്തെ സസ്പെൻഷൻ ലഭിക്കാൻ കാരണമായി അദ്ദേഹം പറഞ്ഞത് തന്റെ കൈവശം കുറച്ചു കൊക്കൈൻ അവർ കണ്ടു എന്നതാണ്. പക്ഷേ അതുകുറച്ചൊന്നുമല്ലായിരുന്നു. 5 ലക്ഷം പൌണ്ട് വിലമതിക്കുന്ന മരുന്നുമായാണ് 1990 ൽ ഇറ്റലിയിലെ ഫുമിച്ചിനോ എയർപോർട്ടിൽ വച്ച് മറഡോണ പിടിയിലാവുന്നത്. അഭിമുഖത്തിൽ മറഡോണ ഇറ്റാലിയൻ മാഫിയയുടെ ദുരൂഹമായ വഴികളെ ഒന്നു പരാമർശിക്കുന്നുണ്ട്. വരികൾക്കിടയിൽ വായിച്ചാൽ അതിനെക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് മറഡോണ എന്നാണ് അർത്ഥം. ഇവിടെ അത് പ്രതിരോധത്തിനുള്ള ഒരു മാർഗമായി ഉപയോഗിക്കപ്പെട്ടു എന്നു മാത്രം. മറഡോണയുടെ സെക്യുരിറ്റി ഗാർഡായിരുന്ന പിയത്രോ പുഗ്ലിസെ എന്ന കൊലയാളിയുടെ കുറ്റസമ്മതമാണ് ഇക്കാര്യത്തിൽ കുറച്ചധികം വെളിച്ചം വീശിയത്. അതനുസരിച്ച് മറഡോണയ്ക്ക് കമോറ - മത്തിയോ ഗാരോണിന്റെ ആ പ്രസിദ്ധ സിനിമയിലെ ഗമോറ - യുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. കോടതി ആദ്യം പിയത്രോയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല. മറഡോണ വഴി പ്രസിദ്ധനാവാൻ നോക്കുന്ന ഒരു സാധാരണ ഗുണ്ടയ്ക്കപ്പുറം മറ്റൊന്നുമായിരുന്നില്ല അയാൾ ആദ്യം. 1993 -ൽ പിയാത്രോ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. അർജന്റീനയിൽ വച്ചു നടന്ന മറഡോണയുടെ വിവാഹത്തിൽ സംബന്ധിച്ച പിയാത്രൊയോട് ഒരു പാക്കറ്റ് കൊക്കൈൻ റോമിലേയ്ക്ക് കൊണ്ടുപോകാൻ മറഡോണ ആവശ്യപ്പെട്ടിരുന്നുവത്രേ. പ്രതിഫലമായി 75 മില്യൺ ലിറ നൽകി. സ്വന്തം പെൺ സുഹൃത്തുവഴി പിയത്രോ കാര്യം സാധിച്ചു കൊടുത്തു. ബാങ്ക് രേഖകൾ അനുസരിച്ചും ഇക്കാര്യം ശരിയായിരുന്നു. കമോറ കളിക്കാർക്ക് മയക്കു മരുന്നു നൽകുമായിരുന്നു എന്നകാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഫിഡൽ കാസ്ട്രോയും ഹ്യൂഗോ ഷാവേസും പോലുള്ള നേതാക്കൾ ഇടപെട്ടതുകാരണം തകർച്ചയെ ഒരു വിധം അതിജീവിച്ച് മറഡോണ വീണ്ടും ഫുട്ബാളിലേയ്ക്ക്, ജീവിതത്തിലേയ്ക്ക് മടങ്ങിവന്നു. ഇപ്പോൾ അർജ്ജന്റീനയുടെ പരിശീലകനായി. പരിശീലകരിൽ വ്യത്യസ്തനായി. എങ്കിലും ആ മുഖത്തേയ്ക്കു നോക്കുമ്പോൾ കടുത്തവിഷാദം വലകെട്ടിയതിന്റെ പാടുകൾ ഇപ്പോഴും കാണാം. നിശ്ശബ്ദത നിയമമായിട്ടുള്ള അധോലോകത്തിന്റെ കളിനിയമങ്ങളുടെയും കളികൾക്കുമേലുള്ള നിയന്ത്രണത്തിന്റെയും പൊരുളുകൾ സാമാന്യലോകത്തിനു അത്ര പ്രധാനമായിരിക്കില്ല. വല ചലിപ്പിച്ചുകൊണ്ട് തെറിച്ചു വീണ പന്ത് നിശ്ചലമാവുന്നതിനു മുൻപേ ആർത്തിരമ്പുന്ന ‘ഗോൾ’ വിളികളിൽ (സ്പാനിഷിൽ അത് ‘ഗോ.....’ എന്നാണ്. ജീവിതത്തിൽ നിന്നു തന്നെ പുറത്തുപോകാൻ പറയുന്നതുപോലെ ഒരർത്ഥം കൂടി അതിനങ്ങനെ വരുന്നു. അങ്ങനെ ആർത്തു വിളിച്ചിട്ടാണ് കൊലയാളി, പാബ്ലോ എസ്കോബാറിനെ എൽ ഇന്തിയോ ബാറിന്റെ പുറത്തു വച്ച് വെടിവച്ചിട്ടത്) ഒരു നെഗറ്റീവ് ചിത്രം ബ്ലാക്& വൈറ്റിൽ ചോരയുണങ്ങി പറ്റുന്ന മഞ്ഞപ്പാടോടെ കുടിയിരുപ്പുണ്ട്. പന്തുരുളുന്നത് എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണെന്ന് അത്ര വ്യക്തമാക്കാത്ത ഇരുണ്ട ഒരു ചിത്രം...ആരവങ്ങളെ മുഴുവൻ ഒരു സ്ലോമോഷനിൽ സസ്പെൻഡ് ചെയ്ത് നിർത്തുന്ന ഒരു ട്വിസ്റ്റ്. അതും കൂടിച്ചേർന്നാണ് ഫുട്ബാളിനെ ജന്മവാസനകൾ കിതയ്ക്കുന്ന അതിപ്രാചീനമായൊരു കാർണിവലാക്കി മാറ്റുന്നത്.
ഉണ്ടായിരിക്കേണ്ട ആവശ്യം പോലുമില്ലാതെ, നിയന്ത്രിക്കുന്നതിനുവേണ്ടി മാത്രം നിലനിൽക്കുന്ന സത്ത ഒന്നുമാത്രം, ദൈവം! എന്ന് ബോദ്ലയർ എഴുതിയിട്ടത് മുഖവാചകമായി കുസ്തുറിക്കയുടെ മറഡോണ സിനിമയിലുണ്ട്.
ദൈവം മാത്രം?
*The Golie's Anxiety at the penality kick എന്ന നോവലിലെ ആമുഖവാചകം
പുസ്തകം :
മാഫിയ - അധോലോകത്തിന്റെ രഹസ്യങ്ങൾ
അരവിന്ദ് മേനോൻ & അഭിഷേക് മേനോൻ
June 24, 2010
പുഴയ്ക്കപ്പുറത്തും സൂര്യനിപ്പുറത്തുമായി...
സ്കൂളുവിട്ട് ഓടി വരുന്ന കുട്ടി ആളൊഴിഞ്ഞ ഒരു റെയിൽവേസ്റ്റേഷനിലെത്തി അവിടെ ഇരുന്നുറങ്ങുന്ന സ്റ്റേഷൻ മാസ്റ്ററുടെ പോക്കറ്റിൽ നിന്ന് ഒരു രൂപയെടുത്തുകൊണ്ട് ഓടിച്ചെന്ന് തീവണ്ടിച്ചക്രങ്ങൾക്കിടയിൽ പാളത്തിൽ വച്ച് കൌതുകത്തോടെ എടുത്തുനോക്കുന്നിടത്താണ് വി കെ പ്രകാശിന്റെ മൂന്നുമിനിട്ട് ദൈർഘ്യമുള്ള ചിത്രം അവസാനിക്കുന്നത്. പേര് ‘വാട്ട് ഈഫ്’(What if..) പാളങ്ങൾക്കിടയിൽ ഇരുന്നു ഞെരിഞ്ഞ നാണയം കാന്തമാവും എന്നൊരു വിശ്വാസം കുട്ടികൾക്കിടയിൽ ഉണ്ട്. ജീവിതസമ്മർദ്ദങ്ങൾ ഒരാളെ മറ്റൊരാളാക്കിമാറ്റുന്നതിനെപ്പറ്റിയാണോ ഈ ശൈശവ വിശ്വാസം? നാണയം കാന്തമായോ എന്നൊന്നും സിനിമയിലില്ല. പ്രത്യേക ഭാഷയും ഇല്ല. എൽ അശ്വിൻ കുമാറിന്റെ ‘വൈറ്റ്പേപ്പർ’ അനാഥരായ തെരുവുകുട്ടികളെപ്പറ്റിയുള്ളതാണ്. തെലുങ്കിലാണ് വിവരണം. ‘ഇന്നത്തെകുട്ടികൾ നാളത്തെ പൌരന്മാരാണ്, അവരെ ഇങ്ങനെ തെരുവിൽ അലയാൻ വിട്ടത് ആരാണ്’ തുടങ്ങി അതീവ വികാരതുന്ദിലമായ ഭാഷയിലാണ് പശ്ചാത്തലവിവരണം. കാലഹരണപ്പെട്ട ആധാരചിത്രരീതിയാണ് അതിന്റെ പ്രശ്നം. ഇതേ വിഷയം C/o എന്ന ഹ്രസ്വകഥാചിത്രത്തിലും പ്രമേയമാണ്. വളരെ ഗൌരവത്തോടെ നടന്നു പോകുന്ന ആൺകുട്ടിയാണ് അതിലെ തുടക്കദൃശ്യം. അവൻ ഒരു കേക്കു വാങ്ങിക്കുന്നു. മറ്റൊരു കടയിൽ നിന്ന് മെഴുകുതിരി. എന്നിട്ട് അവന്റെ താമസസ്ഥലമായ വലിയ പൈപിന്റെ അടുത്തു വച്ച് വസ്ത്രം മാറി മറ്റൊന്നു ധരിച്ചിട്ട് ഗൌരവത്തോടെ ഇരുന്ന് കേക്കു മുറിച്ച് സ്വയം ആശംസിച്ചു തിന്നുന്നു. അവന്റെ ഏകാന്തമായ ജന്മദിനാഘോഷമാണ്. കടുത്ത അനാഥത്വം. സംവിധാനം ജി ഹരികൃഷ്ണൻ. കുട്ടികൾ ചൂടുള്ള വിഷയമാണ് എപ്പോഴും.
സജീവ് നെടുത്തൊടി സംവിധാനം ചെയ്ത 17 മിനിട്ട് ഡോക്യുമെന്ററി 'A Garaden Of herbs& dreams' വാഹനാപകടത്തിൽപ്പെട്ട് കാലുകൾ രണ്ടും തളർന്നുപോയ മുസ്തഫ തൊരപ്പ, ഔഷധസസ്യങ്ങളെ സ്നേഹിച്ചുകൊണ്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന കഥയാണ്. തന്റെ തന്നെ ചികിത്സയ്ക്കായി അലോപതി മരുന്നു കഴിച്ചു കുഴങ്ങി ആയുർവേദത്തിലേയ്ക്ക് മാറിയതാണ് അദ്ദേഹം. തനിക്കുവേണ്ടിയുള്ള മരുന്നുകൾക്കാവശ്യമായ ചെടികൾക്കു വേണ്ടി 200-ലധികം ഔഷധികൾ നിറഞ്ഞതോട്ടം സ്വന്തമായി ഉണ്ടാക്കി. വികലാംഗർക്ക് ഓടിക്കാവുന്ന രീതിയിൽ മാരുതിക്കാറിനെ പരിവർത്തിപ്പിക്കുകയും ചെയ്തു. ഇന്നിപ്പോൾ ഔഷധസസ്യപരിപാലനത്തിന്റെ ഉപദേഷ്ടാവും കൈകൊണ്ട് ഓടിക്കാവുന്ന കാറുകളുടെ ഡിസൈനിംഗിൽ പങ്കാളിയുമാണ് മുസ്തഫ. ‘ഓക്കെ ടാറ്റാ ഫിർ മിലേംഗേ’ ദീർഘദൂരം ലോറികൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ജീവിതത്തിന്റെ നേർ സാക്ഷ്യങ്ങളാണ്. ചൂഷണത്തിന്റെയും വിരഹത്തിന്റെയും ഒളിവിടങ്ങളുടെയും കഥകൾ അവർ പച്ചയ്ക്കു പറയുന്നുണ്ട് സിനിമയിൽ. മീനാക്ഷിയും വിനയ് റായിയും കൂടി ചേർന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത Girls&Boys 3 മിനിട്ടേ ഉള്ളൂ. ആൺകുട്ടികളും പെൺകുട്ടികളും കലർന്നു നിൽക്കുന്ന ഒരു സ്കൂൾ അസംബ്ലിയിൽ മെല്ലെ പെൺകുട്ടികൾ കുറഞ്ഞ് ആണുങ്ങൾ മാത്രമാവുന്ന നിരയിലൂടെ നീങ്ങുന്ന ദൃശ്യത്തിൽ അവസാനിക്കുകയാണ് ചിത്രം. ആറുപെൺകുട്ടികളിൽ ഒരാൾ തന്റെ പതിനഞ്ചാം ജന്മദിനം കാണുന്നില്ലെന്ന ഭീഷണമായ സന്ദേശമാണ് സിനിമയുടേത്. സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ റിഹാൻ പട്ടേലിന്റെ The Burial Of Daughters എന്ന 51 മിനിട്ട് മാർവാഡി ചിത്രവും പെൺകുഞ്ഞുങ്ങളുടെ കൊലപാതകത്തെയാണു പകർത്തുന്നത്. ജനിച്ചതു പെൺകുട്ടിയാണെന്ന് അറിയിക്കുന്ന സ്ത്രീ, എന്തുചെയ്യണം എന്ന് പിതാവിനോട് ആരായുന്ന ചെറുപ്പക്കാരൻ. അവളെ പാലു കുടിപ്പിക്കാൻ പറയുന്ന കാരണവർ. പുറത്ത് അടുപ്പുകൂട്ടി, സഹോദരൻ തിളപ്പിക്കുന്ന പാലിൽ മുക്കികൊലചെയ്യപ്പെടുന്ന ചോരക്കുഞ്ഞ്. നിശ്ശബ്ദയായി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്ന ഇളം പ്രായത്തിലുള്ള അമ്മ. ഈ ദൃശ്യങ്ങളിലൂടെയാണ് സിനിമ ആശയം വ്യക്തമാക്കിയിരിക്കുന്നത്.
മുഖംമൂടികളുടെ പ്രവൃത്തികളെ ചിത്രീകരിക്കുന്നവരിലും മുഖമൂടിയുണ്ടെന്നാണ് ‘മാസ്ക്’ പറയുന്നത്. മുഖം മൂടിയുടെ വീഡിയോ ഓടുന്ന എഡിറ്റിംഗ് സ്ക്രീനിൽ നിന്ന് കാണികളെ തിരിഞ്ഞു നോക്കുന്നത് രണ്ടു മാസ്കു ധരിച്ച മുഖങ്ങൾ!സംവിധായകൻ പ്രണബേസ് ചന്ദ്ര. നീളം 3 മിനിട്ട്. കൂട്ടിലടച്ച തത്തയെ കമ്പിട്ടു കുത്തിയും ഒരു പ്രാണിയെ ഗ്ലാസിനകത്തിട്ടടച്ചും നോവിക്കുന്ന ഒരു ചെറുക്കൻ ആകസ്മികമായി കുളിമുറിയിൽ അകപ്പെട്ട് തടവിലെന്നപോലെ ആയപ്പോൾ കുളിമുറിക്കു പുറത്തെ ആകാശം കാണിച്ചു തന്നു കൊണ്ട് ‘ബന്ധനം ബന്ധം തന്നെപ്പാരിൽ’ എന്ന പഴയമട്ടിൽ ഒരു പാട്ടും പാടി അവസാനിക്കുന്ന ചിത്രമാണ് പ്രത്യൂഷിന്റെ ടോം&ജെറി. സജീവ് പാഴൂരിന്റെ How to Use a Gun ഏകാകിയായ കുട്ടിയുടെ കഥയാണ് (ഇത്തവണ മാധ്യമത്തിൽ ഈ സിനിമയെക്കുറിച്ചുണ്ട്) ഫ്ലാറ്റിന്റെ എട്ടാവട്ടത്തിലുള്ള ജീവിതത്തിന്റെ മടുപ്പും വിരസതയും അവനെ ആക്രമണവാസനയിലേയ്ക്ക് ഉന്തിവിടുന്നതിന്റെ നാടകീയമായ ആവിഷ്കാരമാണ് സിനിമയിൽ. റൺ ലോലാ റണിന്റെ ഒരു പാരഡിയുണ്ട് കൂട്ടത്തിൽ. Run Leila Run. ഒരു പെണ്ണ് അങ്ങനെ ഓടുകയാണ്. അവളുടെ വീട്ടിൽ നിന്ന് അടിച്ചുമാറ്റിയ ഒരു സൈക്കിളുമായി ഒരുത്തൻ അവൾക്ക് ഒരോഫർ നൽകുന്നു. അതൊക്കെ നിരസിച്ച് അവൾ ഓട്ടത്തിലാണ്. അവനത് 500 രൂപയ്ക്ക് ഒരുത്തനു വിൽക്കുന്നു. അവന്റെ അടുത്ത അടിച്ചുമാറ്റം വഴിവക്കിലിരുന്ന് മൂത്രമൊഴിക്കുന്ന ഒരുത്തന്റെ ബൈക്കാണ്. പെണ്ണ് ഓട്ടം തന്നെ ഓട്ടം. അവസാനം സ്റ്റേഷനിലെത്തുമ്പോൾ ട്രയിൻ പോയി. അപ്പോഴാണ് നമ്മളറിയുന്നത് അവളീ കൊണ്ടു പിടിച്ച് ഓടിയത് ട്രയിൻ പിടിക്കാനായിരുന്നു എന്ന്. പ്രയത്നം ഫലവത്തായില്ല, സൈക്കിൾ ഒരുത്തൻ കൊണ്ടു പോവുകയും ചെയ്തു എന്നു നിരാശരാവാൻ തുടങ്ങുമ്പോഴേക്കും അതാ വരുന്നു ആന്റിക്ലൈമാക്സ്. ഇന്നത്തെ ട്രെയിനു വേണ്ടിയായിരുന്നില്ല ഓട്ടം നാളത്തേതിനു വേണ്ടിയായിരുന്നു. എത്ര ഓടണം, എത്രസമയമെടുക്കും എന്നറിയാനുള്ള ടെസ്റ്റായിരുന്നു ഇന്നത്തേത്! നാളെ കൃത്യസമയത്ത് ഓടിയെത്തി ട്രെയിൻ പിടിച്ചുകൊള്ളാമെന്ന്! ഈ 5 മിനിട്ട് സിനിമയുടെ സംവിധായകൻ പ്രശാന്ത് ഷെഗൽ.
കറുത്തപേപ്പർ കറുത്തക്രയോൺ. വരയ്ക്കാൻ പറ്റില്ല. വെളുത്ത പേപ്പർ വെളുത്തക്രയോൺ. വരയ്ക്കാൻ പറ്റില്ല. വെള്ളക്കടലാസ് കറുത്തക്രയോൺ. വട്ടവും അതിനകത്തൊരു വളഞ്ഞവരയും. ചിരിക്കുന്ന മുഖമായിതീരുന്നു. രോഹിണിയുടെ രണ്ടുമിനിട്ട് സിനിമയാണ് ‘സ്മൈൽ’. വംശീയപ്രശ്നത്തിന്റെ രൂപകമാണ് സിനിമ എന്ന് ബ്രോഷറിൽ. പക്ഷേ എങ്ങോട്ടും വളയ്ക്കാവുന്ന ആശയമാണ്. പരസ്പരാശ്രിതങ്ങളായ വിരുദ്ധദ്വന്ദ്വങ്ങൾ എന്നും പറഞ്ഞുകൂടേ? രാത്രിയ്ക്ക് പകൽ, ചിരിക്കു കരച്ചിൽ, വേനലിനു മഴ, ഒരുത്തന് ഒരുത്തി! റിസ്വാൻ സിദ്ദിക്കിയുടെ The Muskmelons Kharboozey' എന്ന ഹിന്ദി ഹ്രസ്വചിത്രത്തിന്റെയും കാതൽ സമകാല ദുരന്തമാണ്. രണ്ട് അപരിചിതർ ആകസ്മികമായി ഒന്നിച്ചു യാത്രചെയ്യേണ്ടി വന്ന റിക്ഷയിലിരുന്ന് മുസ്ലീം സമുദായത്തെ കുറ്റം പറയുന്നതാണ് സിനിമയിൽ. അവർ രണ്ടുപേരും മുസ്ലീങ്ങൾ തന്നെയാണെന്നും ബന്ധുക്കളാണെന്നും പിന്നീട് തെളിയുന്നു. അപരിചിതരിൽ നിന്ന് സ്വത്വത്തെ മറച്ചുവയ്ക്കാൻ കള്ളം പറയേണ്ടി വരുന്നു എന്നു മാത്രമല്ല സ്വയം അവഹേളിക്കുകകൂടി വേണമെന്ന സാമൂഹികയാഥാർത്ഥ്യം നടുക്കം തരുന്ന ഒന്നാണ്. നിഥുനയുടെ An (Un)usual Day തീവ്രവാദി ഒരു ദിവസം ഒരു പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക് വന്ന് പുറത്തിറങ്ങുമ്പോൾ പോലീസ് വെടിവയ്പിൽ മരിച്ചു പോകുന്നു. നാടകീയതയാണ് മുഖലക്ഷണം. പാതയോരത്തെ ഏകാന്തതാമസത്തിനിടയിൽ വന്നുകയറിയ പൂച്ച തമിഴ് നാടോടിയായ അബ്ദുള്ള എന്ന വൃദ്ധനെ പുറമ്പോക്കിൽ നിന്ന് ഒഴിപ്പിക്കുന്നതാണ് 'Lost Space' ന്റെ കഥ. അമേരിക്കൻ അധിനിവേശമോ? സ്വന്തം ഇടങ്ങളിൽ നിന്നു കുടിയിറക്കപ്പെട്ട ജനതയോ...? അങ്ങനെ എന്തൊക്കെയോ ഓർമ്മിപ്പിക്കാനാണ് സംവിധായകൻ സന്തോഷ് മണ്ടൂരിന്റെ ശ്രമം.
ശരാശരി പതിനഞ്ചുകുട്ടികൾ പരീക്ഷാനുബന്ധ സമ്മർദ്ദം സഹിക്കാൻ പറ്റാതെ ഇന്ത്യയിൽ പ്രതിദിനം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. സുസ്മേഷ് ചന്ത്രോത്ത് എഴുതിയ കഥയെ ആസ്പദമാക്കി, 2006-ലെ നല്ല സംവിധായകനുള്ള T V അവാർഡ് കരസ്ഥമാക്കിയിട്ടുള്ള അമൃത ടി വിയിലെ അജൻ ആർ എസ് സംവിധാനം ചെയ്ത ‘ആതിര X C’ ലഘുചലച്ചിത്രം ഈ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദൃശ്യമാധ്യമത്തിന്റെ സാധ്യതകൾ അറിയാവുന്ന സംവിധായകൻ സിനിമയ്ക്കു പിന്നിലുണ്ടെന്ന് എളുപ്പം തിരിച്ചറിയാം. സംഗീതപദ്മനാഭന്റെ ‘ചാരുലതയുടെ ബാക്കി’(ഒരിക്കൽ ഈ സിനിമയെക്കുറിച്ച് എഴുതിയിട്ടുണ്ട്) ഗീതു മോഹൻദാസിന്റെ ‘കേൾക്കുന്നുണ്ടോ’( ഹ്രസ്വകഥാചിത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം ഈ ചിത്രത്തിനാണ്) ശ്രീബാല കെ മേനോൻ, സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി ചെയ്ത‘പന്തിഭോജനം’ എന്നിങ്ങനെ ചലച്ചിത്രാനുഭവത്തെ കൈക്കുറ്റപ്പാടുകൾ കൂടാതെ ലഘുചിത്രങ്ങളിലൂടെയും സംവേദിപ്പിക്കാൻ കഴിയുന്ന ചിത്രങ്ങൾ എണ്ണത്തിൽ കുറവായിരുന്നു എങ്കിലും തീരെ ഇല്ലാതിതിരുന്നില്ല. അതീവദരിദ്രമായ ജീവിതത്തിനിടയിലും ഭാര്യയുമായും കുഞ്ഞുമായും സ്നേഹം പങ്കിടാൻ മടിക്കാത്ത ഒരു സാധുമനുഷ്യന്റെ കഥ പറയുന്ന 'Block' എന്ന തമിഴ് ചിത്രം ശ്രദ്ധേയമായി തോന്നി. ചോറിൽ മുടി കിടന്നതിനു അയാൾ ഭാര്യയെ കുറ്റം പറയുന്നുണുണ്ട്. കുട്ടി ഒരു ഗ്ലാസിന്റെ ഉള്ളിലാക്കിയ ഉറുമ്പിനെ തുറന്നു വിടാൻ അയാൾ അവളെ ഉപദേശിക്കുന്നുമുണ്ട്. സോപ്പുകമ്പനിയിലാണ് അയാൾക്ക് ജോലി എന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ചിത്രത്തിന്റെ ഒടുക്കം ഗ്ലാസിന്റെ വാവട്ടം പോലെയുള്ള ഡ്രെയിനേജു കുഴിയിൽ നിന്ന ആസകലം മാലിന്യങ്ങളുമായി അയാൾ പൊങ്ങി വരുന്ന ഒരു ദൃശ്യമുണ്ട്. മൂന്നു കാര്യങ്ങളാണിവിടെ ഉള്ളിൽ തറയ്ക്കുന്നത്. അയാളുടെ ശുദ്ധിയെക്കുറിച്ചുള്ള വേവലാതിയുടെ പിന്നാമ്പുറം. രണ്ട് ഗ്ലാസിനുള്ളിൽപ്പെട്ടുപോയ ഉറുമ്പിനെ തുറന്നുവിടാൻ ആവശ്യപ്പെട്ടതിന് അയാളുടെ തൊഴിലിടവുമായുള്ള താദാത്മ്യം. മൂന്ന് യന്ത്രങ്ങളുടെ വരവോടെ ഏറ്റവും ഹീനമായ ആ തൊഴിൽ പോലും തനിക്ക് നഷ്ടമായി പോകുമോ എന്ന് അയാൾ പങ്കു വയ്ക്കാൻ മടിക്കുന്ന ഭീതി. പ്രശാന്ത് കാനത്തൂരാണ് ഈ സിനിമയുടെ സംവിധായകൻ.
ബുദ്ധിജീവികൾക്കും നിയമപാലകർക്കും ഇടയിൽ വന്നു ഭവിച്ചിരിക്കുന്ന വിടവിനെ സിനിക്കലായി ചിത്രീകരിക്കുന്നു, മനുവിന്റെ ‘ഫ്രെഞ്ചുവിപ്ലവം’. പോലീസുകാരന് എന്തു ഗോദാർദ്ദ്? പെണ്ണിന്റെ ശരീരം കാണിക്കുന്ന ഏതു സിനിമയും തുണ്ടും പീസും തന്നെ. ഇതിനിടയിൽ ഒരു അടിപിടിയും ഒറ്റയ്ക്കു നടക്കുന്ന ഒരു പെൺകുട്ടിയും പാത്തും പതുങ്ങിയും നീങ്ങുന്ന ഒരു കാറും ഉണ്ട്. അവ പുറത്ത്. സ്റ്റേഷനിൽ ബുദ്ധിജീവി അകത്ത്. എവിടെയാണ്, എന്നാണ് നാട്ടിൽ ഒരു ഫ്രെഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെടുക? ചുറ്റുമുള്ളവർ ഭക്ഷണം കഴിക്കുന്നതും അവരുടെ ശീലങ്ങളും (ഒരാൾ കോഴിക്കാലുകൾ കടിച്ചു പറിച്ച് മേശമുഴുവൻ വിതറിയിടുന്നു, സപ്ലൈർ മൂക്കു ഞോണ്ടിക്കൊണ്ടു നിൽക്കുന്നു. ആ വിരളും ഇട്ട് നാരങ്ങാവെള്ളം കൊണ്ടു വയ്ക്കുന്നു. മീശയും താടിയും അരിപ്പയായി ഉപയോഗിച്ച് ആഹാരം വേറൊരുത്തൻ വാരി തേയ്ക്കുന്നു...) മടുപ്പുണ്ടാക്കുന്ന ഒരാൾ അവസാനം മറ്റുള്ളവർക്ക് നടുക്കം ഉണ്ടാക്കുന്ന ശബ്ദം ഉയർത്തിക്കൊണ്ട് വാഷ്ബേസിനടുത്തു നിന്ന് കുലുക്കിയൊഴിച്ച് വാ കഴുകുന്നതും ഓർക്കാനിക്കുന്നതുമാണ് ‘ശീലം’ എന്ന റെജീഷ് കാട്ടാക്കടയുടെ സിനിമ.
ഒരു തരത്തിലും സഹിക്കാൻ പറ്റാതെ, ജീവിതത്തോട് വല്ലാതെ വിരക്തി വന്നുപോകുന്ന തരത്തിലുള്ള ചില സിനിമകളുമുണ്ട് കൂട്ടത്തിൽ. ഭ്രാന്തൻ പകർന്ന അഗ്നി എന്നാണ് ഒരു ചാണാലിന്റെ പേര്. പരിസരവും നദിയും മലിനമാക്കുകയും തുറസ്സുകളിലിരുന്ന് ബിയർ മോന്തുകയും ചെയ്യുന്നവർക്കെതിരെ ആഞ്ഞടിക്കുകയാണ് ഭ്രാന്തൻ. ആർക്കാണ് ഭ്രാന്ത്? സംവിധായകൻ ഹരി ജി ശാർക്കരയ്ക്കാണെന്ന് ആരോ വിളിച്ചു പറയുന്നതുകേട്ടു. പണം മോഷ്ടിക്കുകയും പങ്കാളികളെ കൊല്ലുകയും ചെയ്യുമ്പോഴൊക്കെ ഗാന്ധിജി വന്ന് അരുത് അതു പാപമാണ് എന്നുപദേശിക്കുന്ന ഒരു സിനിമയും ഇക്കൂട്ടത്തിൽപ്പെടുത്താവുന്ന ഒന്നാണ്. ജയൻ വന്നേരിയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. നിർമ്മിച്ചതും ആ ദേഹം തന്നെ.
തിരുവനന്തപുരത്ത് നടന്ന മൂന്നാമത് അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിച്ച ഏതാനും തദ്ദേശീയ ചിത്രങ്ങളുടെ വിവരണങ്ങളാണ് മുകളിൽ. (Children of Pyre, മഹാശ്വേതാദേവി, കബീർ പാക്കേജിലെ ചിത്രങ്ങൾ എന്നിവയെ ഒഴിവാക്കിയതാണ്) ഒരു മാധ്യമത്തെ മറ്റൊരു മാധ്യമത്തിലേയ്ക്ക് ചുരുക്കിയും സംഗ്രഹിച്ചും സംഗതി കഴിയാവുന്നിടത്തോളം മെനകേടാക്കിയിട്ടുണ്ട് എന്നറിയാതെയല്ല. ദൃശ്യമാധ്യമങ്ങൾ വ്യാപകമായി പ്രചരിച്ച 80 കളിൽ ജനിച്ച തലമുറയാണിപ്പോൾ ഈ മേളകൾ കൈയടക്കിയിരിക്കുന്നത് ഏറിയകൂറും. അവരുടെ ദൃശ്യാവബോധം ഏതൊക്കെ തരത്തിൽ മുന്നോട്ടു പോകുന്നു ദിശയെന്താണെന്ന് അന്വേഷിക്കാൻ പുറപ്പെട്ട് ഇത്തവണ പുതുതായി ഏർപ്പെടുത്തിയ ക്യാമ്പസ് വിഭാഗം വഴി എത്തിയാണിവിടെ. ഒരു പക്ഷേ നമ്മുടേത് തികഞ്ഞ യാഥാസ്ഥിതികമായ തലച്ചോറാണെന്നു തലകുലുക്കി സമ്മതിച്ചുകൊണ്ടു തന്നെ, അത്ര ഉപരിപ്ലവമായ ദൃശ്യാഭിരതികളും ഗതാനുഗതികത്വവുമൊക്കെ കോട്ടുവായോടെ കണ്ടിരുന്ന 5 ദിവസങ്ങളുടെ ബാക്കിപത്രം. കാനിൽ ഹ്രസ്വചിത്രവിഭാഗത്തിലുണ്ടായിരുന്ന ‘ഫ്രെഞ്ച് റെവലൂഷൻ’ എന്ന ചിത്രത്തിന്റെ ലഘുവിവരണമായി ഫെസ്റ്റിവൽ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വാക്യം ഇങ്ങനെ വായിക്കാം : ‘നദി മുൻപ് ചുവന്ന് വീർത്ത് ഒഴുകിയിരുന്നു. കഴിഞ്ഞരാത്രി കിഴക്കൻ കുന്നുകളിൽ കനത്ത മഴയായിരുന്നു. അപൂർവമരങ്ങൾ നിലം പതിച്ചു. വലിയ ചിലന്തികൾ പറന്നു നടക്കുന്നു. കാട്ടുകരച്ചിലുകൾ അറബിക്കടൽ എന്നു വിളിക്കുന്ന വലിയ ഒച്ചയിൽ ചെന്നു പതിക്കാനായി ദാ ഒഴുകി പോകുന്നു... ”
തമാശതന്നെയല്ലേ?
അനു:
കൂട്ടത്തിൽ പറയാതെ വയ്യ. മേളയിലെ പാക്കേജുകൾ മെച്ചമായിരുന്നു. നീണ്ടചിത്രങ്ങൾ ഹ്രസ്വചിത്രങ്ങൾ ഹ്രസ്വകഥാചിത്രങ്ങൾ, ആനിമേഷൻ, സംഗീത വീഡിയോ, ക്യാമ്പസ് ചിത്രങ്ങൾ. രാഷ്ട്രാന്തരീയ ഡോക്യുമെന്ററികൾ, കണ്ട്രി ഫോക്കസിൽ കൊറിയ, പ്രശസ്തരുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ Norah Mc Gettigan, Umezh kulkarni,Micha Joywiak, Janica Draisma, PaulNadier,Yasmin Fedda, കബീർ പ്രോജക്ടിൽ 4 ചിത്രങ്ങൾ, ശരത് ചന്ദ്രന് ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ ചിത്രങ്ങൾ, വീഡിയോ ആർട്ട് എന്ന കലാരൂപത്തിന്റെ ദൈനംദിന പ്രദർശനം..വംശീയ ചിത്രങ്ങൾ. ഫിലിം ഡിവിഷൻ ചിത്രങ്ങൾ, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമാ ചിത്രങ്ങൾ...
June 17, 2010
‘ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി’
(താഴെ കൊടുത്തിരിക്കുന്ന നാൾവഴിക്കണക്ക് മുഴുവൻ വായിക്കാൻ ക്ഷമയില്ലെങ്കിൽ വിട്ടുവായിച്ചാലും മതി. കുറ്റബോധം വേണ്ട. അതാണ് പരമ്പരാഗതമായ വഴക്കം.)
ജൂൺ 1
1)‘തീരസുരക്ഷയ്ക്കായി ഒരു ചുവടു കൂടി’-വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം (വിഴിഞ്ഞം)
2) പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിൽ - പ്രവേശനോത്സവം-(തിരുവനതപുരം)
3) എല്ലായ്പ്പോഴും നിങ്ങളോടൊപ്പം - സപ്ലൈകോ
4) കേരളത്തിൽ കൃഷിയ്ക്ക് പുതുജീവൻ- ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
ജൂൺ 2
1) കേരളം വീണ്ടെടുത്തു നിക്ഷേപകരുടെ വിശ്വാസം -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്(മുഴുവൻ പേജ്)
2) 2 രൂപ നിരക്കിൽ അരിയും ഗോതമ്പും 36 ലക്ഷം കുടുംബങ്ങൾക്ക് (നെയ്യാറ്റിൻ കര)
3) കൊച്ചുകരങ്ങൾ മരം നട്ടാൽ പച്ചപുതയ്ക്കും മലയാളം - എന്റെ മരം പദ്ധതി (തിരുവനന്തപുരം)
4) ജയിൽ മോചിതരുടെ പുനരധിവാസ പദ്ധതി (വി ജെ റ്റി ഹാൾ)
5) കെയർ ഹോം കെട്ടിടശിലാസ്ഥാപനം(പുലയനാർ കോട്ട)
ജൂൺ 3
1) കേരളസംസ്ഥാനവനവികസന ഏജൻസി ഉദ്ഘാടനം- വനാശ്രിതകുടുംബങ്ങളുടെ ഉന്നമനത്തിനായുള്ള സംസ്ഥാനതല ഏജൻസി (ടാഗോർ തിയേറ്റർ)
2) പ്രകാശപൂർണ്ണകേരളത്തിനായി സംസ്ഥാനഊർജ്ജവകുപ്പിന്റെ മുന്നേറ്റം- നാലു വർഷത്തെ നേട്ടങ്ങൾ (മുഴുവൻ പേജ്)
3) മികവിന്റെ നെറുകയിൽ സി ഡിറ്റ് - ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
4) പൈതൃകത്തിന്റെ നൂലിഴകൾക്ക് ഇന്നു മുതൽ താരശോഭ-മോഹൻലാലിനെ കൈത്തറിയുടെ ഗുഡ്വിൽ അംബാസിഡറായി പ്രഖ്യാപിക്കുന്നു(തിരുവനന്തപുരം)
ജൂൺ 4
1) സമാനതകളില്ലാത്ത മുന്നേറ്റവുമായി നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് മൃഗസംരക്ഷണമേഖല -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 5
1) കേരള ആരോഗ്യസർവകലാശാല പ്രവർത്തനോദ്ഘാടനവും ഭൂമി കൈവശാവകാശ രേഖകൈമാറ്റവും(തൃശ്ശൂർ)
2) ഹരിതകേരളം ഉദ്ഘാടനം - ഒരു കോടി വൃക്ഷത്തൈകൾ നട്ടുപൂർത്തിയാക്കുന്ന ജനകീയപദ്ധതി (എറണാകുളം)
3) വികസനത്തിന്റെ വിജയഗാഥയുമായി മത്സ്യമേഖല -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 6
1)കയർ മേഖലയ്ക്ക് കരുത്തു പകർന്ന മികച്ചകാലം -2010 കയർ വർഷം-ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
ജൂൺ 7
1) കെമിക്കൽ എമർജൻസി റെസ്പോൺസ് സെന്റർ ഫാക്ടറീസ് & ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ മോഡൽ ഓഫീസ് ഉദ്ഘാടനം (എറണാകുളത്ത്) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) കയർ കടാശ്വാസപദ്ധതി ആനുകൂല്യ വിതരണം സംസ്ഥാനതല ഉദ്ഘാടനം (ആലപ്പുഴ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
3) നേട്ടങ്ങളുടെ നിറവിൽ യുവജനങ്ങൾക്കൊപ്പം - മോഡൽ ഫിനിഷിംഗ് സ്കൂൾ ഇനി കൊച്ചിയിലും (കലൂർ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
4) കുപ്പിവെള്ളം പ്ലാന്റിന്റെ ശിലാസ്ഥാപനം(അരുവിക്കര)
ജൂൺ 8
1) നാട്ടാർക്കെല്ലാം തുണയായി രാജ്യത്തിനു മാതൃകയായി. റവന്യൂവകുപ്പിന്റെ നേട്ടങ്ങൾ -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
2) എന്റെ മരം 2010 സംസ്ഥാനതല ഉദ്ഘാടനം (ചെമ്പഴന്തി)
ജൂൺ 9
1) ക്ഷേമം വികസനം സമാധാനം കേശവദാസപുരം നാലാഞ്ചിറ സ്റ്റേറ്റ് ഹൈവേ നാലുവരിപ്പാതയുടെ നിർമ്മാണ ഉദ്ഘാടനം (നാലാഞ്ചിറ) -ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) ജയിൽതടവുകാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസധനസഹായ പദ്ധതി (കനകക്കുന്നുകൊട്ടാരം)
ജൂൺ 10
1) സാംസ്കാരിക സായാഹ്നം - ഫോട്ടോ എക്സിബിഷൻ കുടുംബശ്രീ ഖാദി ഗ്രാമ വ്യവസായ മേള (തിരുവനന്തപുരം)
2) പ്രവാസിക്ഷേമനിധി അംഗത്വവിതരണ ഉദ്ഘാടനം (തിരുവനനതപുരം)
3) കേരളസംസ്ഥാനഭാഗ്യക്കുറി - സമ്മാനങ്ങളിൽ വൻ വർദ്ധനവ്- ഏജന്റുമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഇന്നുമുതൽ
4) സ്നേഹസ്പർശം സംസ്ഥാനതല ഉദ്ഘാടനം- ചൂഷണത്തിനിരയാവുന്ന ആദിവാസിസ്ത്രീകളുടെ സുരക്ഷ (മാനന്തവാടി)
ജൂൺ 11
1) അടിസ്ഥാന സൌകര്യവികസനമേഖലയിൽ തദ്ദേശവകുപ്പിന്റെ നവീനചുവടുവയ്പ്പ്- കേരളലോക്കൽ ഗവണ്മെന്റ് ഡെവലപ്മെന്റ് ഫണ്ട് ഉദ്ഘാടനം (തിരുവനന്തപുരം)
2) ജൈവവൈവിധ്യവർഷത്തിൽ കേരളത്തിന് വനം വകുപ്പിന്റെ ഉപഹാരം- ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ച 742 സസ്യജാലങ്ങളെ ഒരു സ്ഥലത്ത് പരിപാലിക്കുന്നു
3) ജലവിഭവവകുപ്പ് കാര്യക്ഷമതയുടെ കരുത്തുമായി അഞ്ചാം വർഷത്തിലേയ്ക്ക് (മുഴുവൻ പേജ്)
4) വനിതാഗൃഹനാഥകളുടെ മക്കൾക്കായി വിദ്യാഭ്യാസധനസഹായപദ്ധതി (തിരുവനന്തപുരം)
5) ഗവ. ഇഞ്ചിനീയറിംഗ്കോളേജുകളിലും പോളിടെക്നിക്കുകളിലും പട്ടികജാതി പട്ടികവർഗവിഭാഗക്കാർക്കായി നടത്തുന്ന പ്രത്യേകതൊഴിലധിഷ്ഠിത പദ്ധതി (തിരുവനന്തപുരം)
ജൂൺ 12
1) ജയിലുകളെയും കോടതികളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം സംസ്ഥാനതല ഉദ്ഘാടനം (തിരുവനന്തപുരം)
ജൂൺ 13
1) വിദ്യാഭ്യാസരംഗത്ത് പുതിയ ചുവടുവയ്പ്പ് - അട്ടപ്പാടിയിൽ അപ്ലൈഡ് സയൻസ് കോളേജ് ഉദ്ഘാടനം (വയനാട്)-ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക്
2) ലോകരക്തദാതൃദിനാചരണം സംസ്ഥാനതല ഉദ്ഘാടനം (കണ്ണൂർ)
ജൂൺ 14
ജൂൺ 13 ലെ മനോരമ പരസ്യങ്ങളാണ് ജൂൺ 14 ൽ മാതൃഭൂമിയിൽ
ജൂൺ 15
1) തലസ്ഥാനനഗരറോഡ് വികസനപദ്ധതി ബേക്കറി മേൽപ്പാലം ഉദ്ഘാടനം (തിരുവനന്തപുരം) ഭരണനേട്ടങ്ങൾ (രണ്ടു മുഴുവൻ പേജ്)
2) കശുമാവ്കൃഷി സംസ്ഥാനതല ഉദ്ഘാടനം 2010-ൽ 20 ലക്ഷം കശുമാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്നു (കൊല്ലം)
3) സെന്റർ ഫോർ എഞ്ചിനീയറിംഗ് റിസർച്ച് -എഞ്ചിനീയറിംഗ് മേഖലയിലെ ഗവേഷണം ത്വരിതപ്പെടുത്താൻ കേരളസർക്കാരിന്റെ നൂതനപദ്ധതി(തിരുവനന്തപുരം)
ജൂൺ 16
1) എച്ച്1 എൻ 1 പനിക്കെതിരെ ജാഗ്രത
2) നിർമ്മൽ ഗ്രാമപുരസ്കാരം 2009 വിതരണം (തിരുവനന്തപുരം)
ജൂൺ 17
1) മത്സ്യമേഖലയിൽ സുരക്ഷയും സമൃദ്ധിയും -എട്ടു സുപ്രധാനപദ്ധതികൾ യാഥാർത്ഥ്യമാവുന്നു. - ഇടതുപക്ഷ ജനാധിപത്യ മുന്നണി അഞ്ചാം വർഷത്തിലേയ്ക്ക് (കൊല്ലം)
2) ഐ ടി കേരള - നിശ്ശബ്ദവിപ്ലവത്തിന്റെ 4 വർഷങ്ങൾ (മുഴുവൻ പേജ്)
മറ്റൊരു വിധത്തിലാണെങ്കിൽ പ്രസ്താവനകളോ ആശയവിമയത്തിൽ വന്ന തകരാറോ കൊണ്ട് പത്രവാർത്തയോ മാധ്യമവാർത്തയോ ആയാൽ മാത്രം ഒന്നോ രണ്ടോ വരികളിലൂടെ പരാമർശവിധേയമാവുകയോ ആവാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് മുകളിൽ അടുക്കിയിരിക്കുന്നത്. മുൻപ് സർക്കാർ പ്രസിദ്ധീകരണങ്ങളായ കേരളാ കാളിംഗിലോ ജനപഥത്തിലോ അതുമല്ലെങ്കിൽ സംസ്ഥാന പബ്ലിക് റിലേഷൻസ് പ്രസിദ്ധീകരണത്തിലോ മാത്രം കണ്ടു വന്നിരുന്ന അഥവാ അധികം ആളുകൾ കാണാതെ വന്നിരുന്ന സർക്കാർ വക പ്രചരണപരസ്യങ്ങളുടെ ചുരുക്കെഴുത്ത് എന്നും പറയാം. എടുത്തത് മുഖ്യധാരാപത്രങ്ങളിൽ നിന്ന്. ചിലതൊക്കെ മുഴുപേജ് പരസ്യമാണ്. ചിലപ്പോൾ രണ്ടു പേജ്. തങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ ഈ വർഷങ്ങളിൽ എന്തു ചെയ്തു, എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയാൻ സാമാന്യജനത്തിന് താത്പര്യമുണ്ടാവും. അതിന്റെ ഒരു സഫലീകരണമാണ് മുഖ്യധാരാപത്രങ്ങളിലുള്ള ഈ പരസ്യങ്ങൾ. തങ്ങൾ എന്തൊക്കെ ചെയ്തു, ചെയ്യുന്നു എന്ന് ജനത്തെ അറിയിക്കാനും ഭരണകൂടത്തിനു വേണമല്ലോ ഒരു ഉപാധി. പ്രത്യേകിച്ചും മാധ്യമങ്ങളും അതിന്റെ തലപ്പത്തിരിക്കുന്നവരും അകാരണമായി സർക്കാതിനെതിരെ മുഞ്ഞി വീർപ്പിച്ചു നിൽക്കുന്ന അവസരങ്ങളിൽ. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന് പബ്ലിക് റിലേഷൻസ് വഴി സ്റ്റേറ്റ് മനസ്സിലാക്കിയതുപോലുണ്ട്. പോസ്റ്ററുകളടിച്ചാലും പബ്ലിക് റിലേഷൻസ് പുസ്തകങ്ങൾ ഇറക്കിയാലും ജനം വായിക്കില്ല. സിനിമാതിയേറ്ററിൽ ന്യൂസ് റീലു വന്നാൽ ജനം വിളിച്ചോണ്ടോടുന്ന ഒരു കാലവുമുണ്ടായിരുന്നു. അവറ്റകളിൽ ചിലത് ഈ വിഭാഗത്തിൽ വരുന്നവയായിരുന്നു. പോസ്റ്ററുകൾ ആടു തിന്നും. പുസ്തകങ്ങൾ സർക്കാരാപ്പീസുകളിൽ മൂലയ്ക്ക് പൊടി പിടിച്ചു കിടക്കും. നമ്മളെത്ര കണ്ടിരിക്കുന്നു. അതിനൊക്കെ ഒരു പ്രതിവിധിയാണിത്. സംശയമില്ല. പക്ഷേ ശിലാസ്ഥാപനവും പുരസ്കാരവിതരണവും കേരളത്തിലെ മുഖ്യപത്രങ്ങളിലെല്ലാം കാൽപ്പേജ്, അരപ്പേജ്, മുഴുപേജ് പരസ്യങ്ങളാവുമ്പോൾ -സർക്കാർ വക പരസ്യങ്ങൾക്കുള്ള സൌജന്യങ്ങൾ ലഭിക്കുന്ന DAVP ആണെങ്കിൽ പോലും- അതിനു സർക്കാർ ഖജനാവിൽ നിന്ന് ചെലവാകുന്ന ഭീമമായ തുകയുണ്ട്. മാതൃക എന്ന നിലയ്ക്ക് എടുത്തെഴുതിയ ഈ മാസത്തിൽ പരസ്യമില്ലാത്ത ഒരു ദിവസം പോലുമില്ലെന്നു കാണുക. അങ്ങനെ എല്ലാ പത്രങ്ങളിലും. അപ്പോൾ തുകയുടെ വലിപ്പം എന്തായിരിക്കും? അടുത്തകാലത്തായി കണ്ടെത്തിയതാണ് ഈ മുഖ്യധാരാ അച്ചടിമാധ്യമ പരസ്യപ്രചരണ മഹാമഹം. കുബുദ്ധികൾ ആസന്നമായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിലേയ്ക്കും പരസ്യത്തിലേയ്ക്കും മാറി മാറി നോക്കി കണ്ണുകാണിക്കുന്നുണ്ട്. അതിനാലാണിതെന്ന വർണ്ണ്യത്തിലാശങ്കയോടെ. സർക്കാർ സ്പോൺസേഡ് പ്രകടനപത്രികകളാണ് സംഭവം എന്നാണ്. അത്യന്തികമായി ഈ തുക വിനിയോഗിക്കപ്പെടുന്നതെന്തിനെന്ന് ആലോചിച്ചാൽ നട്ടം തിരിയുകയേ ഉള്ളൂ. ബഹുജനത്തെ സംബന്ധിച്ചിടത്തോളം തീർത്തും ഉത്പാദനപരമേ അല്ലല്ലോ, ചെലവഴിക്കപ്പെടുന്ന കോടികൾ. ഇനി ഇതിന്റെ പ്രായോജകർക്കു തന്നെ പ്രയോജനമുണ്ടാവുമോ എന്ന് കണ്ടറിയണം. കേരളീയർ ( മാധ്യമസൃഷ്ടിയായ? ) പനി കൊണ്ട് വിറക്കുമ്പോൾ പരസ്യങ്ങളിലൂടെ സർക്കാർ കേമത്തം ഘോഷിക്കുകയാണെന്ന മട്ടിൽ ഉമ്മൻ ചാണ്ടി എന്തോ പറഞ്ഞിരുന്നു. ഈ വഴിക്ക്, പരസ്യത്തിന്റെ മേൽപ്പാലം തുറന്നു കിട്ടിയ സ്ഥിതിയ്ക്ക് ഈ വഴി തങ്ങൾ അവലംബിക്കുകയേ ഇല്ലെന്നു വച്ചു തന്നെയാവുമോ അഭിപ്രായപ്രകടനം? ആലോചിക്കുമ്പോൾ പനി ഇല്ലാതെ തന്നെ വിറയൽ വരുന്നു. മായാവതിയുടെയും ലാലുപ്രസാദിന്റെയും ഹിന്ദി പരസ്യങ്ങൾ മലയാള പത്രങ്ങളിൽ മുഴുപുറത്തിൽ കണ്ട് ദുഃഖത്തോടെ ചിരിച്ച അന്തകാലം പെട്ടെന്ന് ഓർമ്മയിൽ വന്നു നിന്നു കുണുങ്ങുന്നു. മുഖ്യധാരാപത്രങ്ങൾ സർക്കാർവക പ്രചരണപരസ്യങ്ങളാൽ ആസകലം അലംകൃതമാവാൻ പോകുന്ന കാലങ്ങളാണ് മുന്നിൽ നിവരുന്നത്. ചന്ദനക്കുടവും കുരുത്തോലയും നിലവിളക്കുമായി കൂട്ടത്തോടെ എതിരേൽക്കുക തന്നെ.
ആപദി കിം കരണീയം?
പരസ്യത്തില്ല :
ചെങ്കൽച്ചൂളയിൽ, ഇന്നലെ (ജൂൺ 16) ചേരിവികസനപ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കാനെത്തിയ എം എൽ എ ശിവൻകുട്ടി വീടുകൾ വിതരണം ചെയ്തതിൽ വന്ന അപാകത്തെപ്പറ്റി പരാതിപറഞ്ഞ സ്ത്രീകളോട് കലമ്പി. “ മര്യാദക്കിരുന്നാൽ മതിയവിടെ. വലിയൊരാശാൻ. മര്യാദകേട് കാണിച്ചാൽ തിരിച്ചും മര്യാദകേട് കാണിക്കും. തെണ്ടിത്തരം കാണിക്കരുത്. അവിടെയിരി അവിടെ” എന്നൊക്കെയാണ് ശിവൻ കുട്ടി പറഞ്ഞത്. അതും ക്യാമറകൾക്ക് മുന്നിൽ വച്ച്. ദളിതരായ സ്ത്രീകളോട്. ‘ഇരുട്ടിന്റെ ഭാഗം ഞങ്ങളിൽ നിന്ന് അടർന്നുപോയി’ എന്നു പറഞ്ഞ് നന്നാവാൻ തീരുമാനിച്ച നഗരത്തിലെ കുപ്രസിദ്ധമായിരുന്ന ചെങ്കൽചൂളകോളനിയിൽ വച്ച്. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ എം എൽ എയ്ക്ക് അറിയില്ലെന്നും പറഞ്ഞ് വേദിയിൽ ഇരുന്നവർ തന്നെ ഇറങ്ങിപ്പോയി. പിന്നെന്തു ഉദ്ഘാടനം? എന്തു ചടങ്ങ്?
ചേരിവികസനപ്രവർത്തനോദ്ഘാടണം ‘പരസ്യ’മായി മുഖ്യധാരയിൽ വന്നിരുന്നില്ല. ഇനി വരുമോ എന്നു കണ്ടറിയണം. അതിനു മുൻപ് വിവാദം വന്നുപോയല്ലോ.
June 8, 2010
നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*
ആരോ വാതിലിൽ മുട്ടി
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇത് ഞാൻ തന്നെ’ അവൻ പറഞ്ഞു
‘സമയമായില്ല’ അവൾ അറിയിച്ചു.
കാലത്തിന്റെ ചിറകിൽ പറന്ന് പറന്ന് അവൻ വീണ്ടും വന്നു
‘ആരാണത്?’ അവൾ ചോദിച്ചു
‘ഇതു നീ തന്നെ’ അവൻ പറഞ്ഞു.
അവൾ പറഞ്ഞു, ‘വരൂ’.
- സൂഫി കവിത
സെലിനെ യാത്രയാക്കിയ ശേഷം അവരിരുവരും - ജൂലി ഡെല്പിയുടെ സെലിനും ഏതാൻ ഹാക്കിന്റെ ജെസ്സി എന്ന ജെയിംസും - തലേന്ന് രാത്രി കഴിച്ചുകൂട്ടിയ സ്ഥലങ്ങൾ ഒന്നുകൂടി കാണിച്ചു തന്നശേഷമാണ് ‘സൂര്യോദയത്തിനു മുൻപ്’ (Before Sunrise) അവസാനിക്കുന്നത്. അപ്പോൾ വല്ലാത്തൊരു ശൂന്യത അവിടങ്ങളിൽ നിന്ന് വന്നു നിറയുന്നത് നാമറിയും. പ്രണയം പശ്ചാത്തലങ്ങളെ എത്രയേറെ ജീവസ്സുള്ളതാക്കുന്നുവെന്ന് ഒന്നു കൂടി നാം ഓർത്തുപോകും. പ്രഭാതത്തിൽ തമ്മിൽ പിരിയുന്നതിനു കുറച്ച് നാഴികകൾക്കു മുൻപ്, കവലയിലെ ഒരു പ്രതിമയ്യ്ക്കു കീഴെ അവന്റെ മടിയിൽ അവൾ തലചായ്ച്ചു കിടക്കെ ഓർക്കാപ്പുറത്ത് ഓർമ്മവന്ന ഒരു കവിത അവൻ ഉറക്കെ ചൊല്ലിയിരുന്നു. ഡബ്യു എച്ച് ഓഡന്റെ കവിത, ഡിലൻ തോമസിന്റെ ശബ്ദത്തെ അനുകരിച്ചുകൊണ്ട്. അതിങ്ങനെ : സമയം മുയൽക്കുഞ്ഞുങ്ങളെപ്പോലെ പാഞ്ഞു പോകുന്നു. നഗരത്തിലെ എല്ലാ ഘടികാരങ്ങളും ഒരേ താളത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ട് മുഴങ്ങുന്നു. അത് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. തലക്കുത്തുകൾക്കും വേവലാതികൾക്കുമിടയിലൂടെ ജീവിതം ചോർന്നു പോവുകയാണ്. കാലത്തിന് അവന്റേതായ ഭാവനകളുണ്ടല്ലോ...” ഒരൊറ്റ രാത്രി അവരെ വല്ലാതെ അടുപ്പിച്ചിരുന്നു. എങ്കിലും അവർ വ്യത്യസ്ത ദിശകളിലേയ്ക്ക് ഒഴുകി. വഴിവക്കിൽ വച്ചു കണ്ട കവി എഴുതി നൽകിയ കവിതയിലെ വരികളിൽ കണ്ട നദിയുടെ ശാഖകൾ പോലെ. അവൾ അവനെ വഹിച്ചുകൊണ്ട്, അവൻ അവളെയും ..
സെലിന്റെ ട്രയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് തലേന്ന് രാത്രി മുതൽ കൃത്യം ആറുമാസങ്ങൾക്കു ശേഷം ഇതേ റയിൽവേ സ്റ്റേഷനിൽ വച്ചു വീണ്ടും കണ്ടുമുട്ടാം എന്ന ഉടമ്പടി വാക്കാൽ ഒപ്പിടുന്നത്. അപ്പോഴേയ്ക്കും നഗരം തണുത്തു മരവിക്കുന്ന കാലമായിരിക്കും. പക്ഷേ പ്രണയത്തെ സ്പർശിക്കാനുണ്ടോ ഋതുഭേദങ്ങൾക്കു കരുത്ത്? മുത്തശ്ശിയുടെ അടുത്തേയ്ക്കാണ്, അവളുടെ യാത്ര. തീവണ്ടിയിൽ വച്ചു കണ്ടുമുട്ടിയ അമേരിക്കക്കാരനായ അപരിചിതനോടൊപ്പം -ജെസ്സിയോടൊപ്പം- വിയന്ന നഗരത്തിലെ വിശാലമായ ആകാശത്തിനു കീഴെ ഒരു രാത്രിയാണവിടെ കഴിഞ്ഞുപോയത്. അമ്മൂമ്മയുടെ കഥ ഇടയ്ക്ക് അവൾ ജെസ്സിയുമായി പങ്കുവയ്ക്കുന്നുണ്ട്. സ്നേഹിച്ച ഒരാളിന്റെ ഓർമ്മയുമായി ജീവിതകാലം മുഴുവൻ മറ്റൊരാളുടെ ഭാര്യയായി കഴിഞ്ഞ സ്ത്രീയാണവർ. ആറുമാസങ്ങൾക്കുശേഷം വിയന്നയിലെ സ്റ്റേഷനിൽ അവൾക്ക് വന്നു നിൽക്കാൻ കഴിയാതെ വന്നത്, ഒരു രാത്രിയിലെ കൂട്ടുകാരന് നൽകിയ വാക്കുപാലിക്കാൻ കഴിയാതെ വന്നത് ഇതേ മുത്തശ്ശി മരിച്ചതിനാലാണെന്ന് നാം അറിയുന്നത് 9 വർഷങ്ങൾക്കു ശേഷമാണ്. അത് സിനിമയുടെ കാലം മാത്രമല്ല, യഥാർത്ഥകാലം കൂടിയാണ്. ‘സൂര്യോദയത്തിനു മുൻപ്’ എന്ന സിനിമപുറത്തിറങ്ങുന്നത് 1995-ൽ. അതിന്റെ രണ്ടാം ഭാഗം ‘പകലറുതിയ്ക്കു മുൻപ്’ (Before Sunset) പുറത്തിറങ്ങുന്നത് 2004-ൽ. കഥാപാത്രങ്ങളുടെ മേക്കപ്പ് അക്ഷരാർത്ഥത്തിൽ കാലം തന്നെ ഏറ്റെടുത്തിരിക്കുന്ന തരത്തിൽ ഒരു പരിണതി. ( സംവിധായകൻ റിച്ചാർഡ്ലിങ്ൿലാറ്റർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന പണി 13 വർഷം കൊണ്ടു പൂർത്തിയാവുന്ന സിനിമയാണത്രേ) ചലച്ചിത്രത്തെ ‘കാലത്തിൽ കൊത്തിയ ശില്പം’ എന്നു നിർവചിച്ചവർ ഇത്രയും ആലോചിച്ചിരിക്കുമോ എന്തോ?
അതൊരു വശം. പ്രണയത്തിന് ദുരന്തത്തിന്റെ കൈത്താങ്ങോടെയൊരു വശ്യത വന്നു കലശലായി ചുഴറ്റിപ്പിടിക്കുന്നതു മനസ്സിലാക്കാം. ആലവാരങ്ങളുടെ കുഞ്ചലങ്ങളൊന്നുമില്ലാത്ത ദൈനംദിനവ്യവഹാരം പോലെയുള്ളൊരു പ്രണയം എങ്ങനെ ഇത്രവശ്യമാവുന്നു എന്ന അന്വേഷണത്തിന്റെ പ്രധാന ഉത്തരം നൽകുന്നത് കലാനിർമ്മിതിയുടെ തച്ചുവൈദഗ്ദ്ധ്യം ആയിരിക്കും. എങ്കിലും അങ്ങനെ വിടാൻ വയ്യ. തികച്ചും താത്കാലികമായ സമാഗമങ്ങളെ ഇത്ര പ്രലോഭനീയവും ആകർഷണീയവുമാക്കാൻ സഹായിച്ച വസ്തുവകകൾ ഒന്നുഴിഞ്ഞു നോക്കണമല്ലോ. ടൈറ്റാനിക്കിലെ ‘വൺ നൈറ്റ് സ്റ്റാൻഡിനെ’ കേറ്റ് വിൻസ്ലറ്റിന്റെ ചരിഞ്ഞു കിടക്കുന്ന നഗ്നത കാര്യമായി തന്നെ സഹായിച്ചിട്ടുണ്ട്. രാത്രി നഗരത്തിനുമേൽ ചാഞ്ഞുപെയ്ത മഴ, കാഴ്ചക്കാരുടെ ശിരസ്സിനു മേലെ കൂടി പെയ്തിറങ്ങിയ രതിയുടെയും കൂടി മഴയായിരുന്നു. അങ്ങനെയൊന്നും പാത്തു വച്ചിട്ടില്ല ഇതിൽ. വീണു കിട്ടിയ രാത്രി അനശ്വരമാക്കാൻ ഒപ്പിച്ചെടുത്ത രണ്ടു വൈൻ ഗ്ലാസുകളും വീഞ്ഞുകുപ്പിയുമായി പാർക്കിൽ ആകാശം നോക്കി കിടന്ന മിഥുനങ്ങൾ ഇണച്ചേർന്നിരുന്നു. പിന്നീട് സെലിൻ ഓർത്തെടുത്തപോലെ രണ്ടു പ്രാവശ്യം! പക്ഷേ അതൊക്കെ അവരുടെ സ്വകാര്യം തന്നെയായി നിലനിൽക്കുന്നു സിനിമയിൽ. നമ്മെ വികാരതരളിതമാക്കാൻ പോന്നവയല്ല അത്. പ്രകർഷേണയുള്ള നയം (പ്രണയം) ശാരീരികസാഫല്യങ്ങളുടെ അരങ്ങിലെത്താനുള്ള വാസനകളുടെ കോലം തുള്ളലാണെന്ന് പറഞ്ഞുകേൾക്കാനല്ലല്ലോ നമ്മൾ - ഇച്ഛാഭംഗങ്ങളുടെ തമ്പുരാക്കന്മാർ -വാ പൊളിച്ചിരിക്കുന്നത് ! സത്യം പറയാമല്ലോ രതിയേക്കാൾ പ്രിയതരമാക്കുന്ന ചിലതെല്ലാം സിനിമയിലുണ്ട്. അതിലൊന്ന് അവളുടെ -ജൂലി ഡെല്പി-യുടെ ഇടയ്ക്കിടയ്ക്ക് വഴുതി മാറുന്ന അതീവ കാതരമായ നോട്ടമാണ്. അങ്ങനെയൊരു പെണ്ണിന്റെ, ആ തരത്തിലുള്ള നോട്ടം കൂടെകൂടെയേൽക്കാൻ എന്തൊക്കെയോ ഭാഗ്യം കൂടെ നടക്കേണ്ടതുണ്ട്, ഒരാണിന്. ആശ്ചര്യമതല്ല. 9 വർഷം പിന്നിട്ടിട്ടും അവളുടെ നോട്ടത്തിന്റെ കാതരത അതേ അളവിൽ നിൽക്കുന്നത് നാം ‘പകലറുതിയ്ക്ക് മുൻപെ’ന്ന സിനിമയിൽ കാണുന്നു. ഇടയ്ക്കവൾ അങ്ങേയറ്റം ആർദ്രയായി അവനെ തലോടാൻ കൈകളുയർത്തുന്ന ഒരു രംഗമുണ്ട് അതിൽ. അത്രതന്നെ സൌമ്യമായി കൈകൾ പിൻവലിക്കുന്നതും. ഒന്നിൽ വിയന്നയിലെ തെരുവുകളും ശില്പങ്ങളുമാണ്. മറ്റൊന്നിൽ പാരിസിന്റെ ഇടനാഴികൾ. ഒന്നിൽ സന്ധ്യയുടെയും രാത്രിയുടെയും സ്ത്രൈണത. മറ്റൊന്നിൽ പകൽ വെളിച്ചതിന്റെ സൌമ്യ കാമുകത്വം. പിന്നെയുള്ളത് പ്രേമത്തിനു മാമു കൊടുക്കുന്ന സംഗീതവും കവിതയുമൊക്കെയാണ്. രാവിലെ റയിൽവേ സ്റ്റേഷനിലേയ്ക്കുള്ള നടത്തയ്ക്കിടയിൽ ഒരു പിയാനോ വാദനം കേട്ട് ആളൊഴിഞ്ഞ തെരുവിൽ നിന്ന് മെല്ലെ ചുവടുവയ്ക്കുന്നുണ്ട്, സെലിനും ജെസ്സിയും. ഒരു രാത്രിയുടെ ഓർമ്മയെ ജെസ്സി വാലസ് അനശ്വരമാക്കുന്നത് ഒരു നോവൽ പുസ്തകം കൊണ്ടാണെങ്കിൽ സെലിൻ ഒരു ഗാനം കൊണ്ടാണ്. അവനു വേണ്ടിയൊരു ഗാനം. അവൾക്ക് കള്ളം പറയുന്ന സ്വഭാവമുണ്ട്. അതുകൊണ്ട് അവൾ പറയുന്നത്, അവിടെ വന്ന എല്ലാ പുരുഷന്മാരുടെയും പേരു തരം പോലെ ചേർത്താണ് ആ ഗാനം അവൾ ആലപിക്കാറുള്ളത് എന്നാണ്. അതവൻ വിശ്വസിച്ചോ എന്തോ? ‘പകലറുതിയ്ക്കു മുൻപെ’ന്ന രണ്ടാമത്തെ സിനിമയിൽ അവസാനം നിനാ സൈമണിന്റെ ‘ജസ്റ്റ് ഇൻ ടൈം’ എന്ന ഗാനമാണ്. അതു രണ്ടുപേർക്കും ഇഷ്ടപ്പെട്ട പാട്ടാണ്. സിനിമ തീരുമ്പോഴും നിനാ പിയാനോയിൽ താളം കൊട്ടുകയാണ്. സ്റ്റേജിൽ നിന്ന് എതിർവശത്തേയ്ക്ക് നടക്കുകയും കേൾവിക്കാരോട് കച്ചേരിക്കിടയിൽ സംസാരിക്കുകയും ഒരു പാട്ടിനിടയ്ക്കു വച്ച് മറ്റൊരു പാട്ട് ക്രമമില്ലാതെ ആരംഭിക്കുകയും ചെയ്യുന്ന നിന എന്ന പാട്ടുകാരിയോട് ഒരു നിർണ്ണായക നിമിഷത്തിൽ താദാത്മ്യം പ്രാപിച്ചുകൊണ്ട് സെലിൻ പറയുന്നു. “ബേബി, നിനക്ക് നിന്റെ വിമാനം നഷ്ടപ്പെടാൻ പോവുകയാണ്.” ഒട്ടും ആത്മവിശ്വാസമില്ലാത്ത ചിരി ചിരിച്ചുകൊണ്ട് ജെസ്സി പറയുന്നു : “ എനിക്കറിയാം”.
ചെമ്മീന്റെ ജാപ്പാനീസ് വിവർത്തക ചോദിച്ചതുപോലെയൊരു ചോദ്യം നമുക്കും ഉയർത്താം. കറുത്തമ്മയ്ക്ക് പരീക്കുട്ടിയെവിവാഹം കഴിക്കാൻ എന്തായിരുന്നു തടസ്സം എന്നായിരുന്നു സംസ്കാരനദിയുടെ അക്കരെ നിന്ന് ആയമ്മ തൊടുത്തു വിട്ട ചോദ്യം. ചെമ്മീൻ, വിളക്കുവച്ചു പദാനുപദ ഭാഷാന്തരണം നടത്തിയ ആളാണ് ചോദിച്ചത്. സ്വാതന്ത്ര്യത്തിന്റെ ആൾ രൂപങ്ങൾ എന്ന് നമ്മൾ ധരിച്ചു വശായിരിക്കുന്ന ഒരു ഫ്രഞ്ചു യുവതിയ്ക്കും അമേരിക്കൻ യുവാവിനും തമ്മിൽ ചേരാൻ എന്താണ് തടസ്സം? എന്തിനാണ് സാങ്കേതികതയുടെ ഈ കാലത്ത് അവർ വെമ്പുന്ന മനസ്സുകളുമായി ‘കമ്മ്യൂണിക്കേഷന്റെ’ വാതിൽ 9 വർഷം നിർബന്ധം പോലെ അടച്ചിട്ടിരുന്നത്? ഇത് കലയിലാണെങ്കിലും യുക്തിസഹമാണോ? തിരിച്ചു ചോദിക്കാം, പ്രണയകഥയിൽ എന്താണ് യുക്തിപരമായിട്ടുള്ളത്? പക്ഷേ ഇവിടത്തെ പ്രശ്നം സമയമാണ്. ആ പേരുകളിൽ തന്നെ അതു നിഹിതമല്ലേ? നിനാ സൈമണിന്റെ പാട്ടിൽ അതില്ലേ. ട്രയിൻ, ബസ്സ്, ചങ്ങാടം, ഫ്ലൈറ്റ്.. സമയബന്ധിയായ ചലനങ്ങളുടെ മൂർത്തരൂപങ്ങളിൽ, ആദ്യം ഉദ്ധരിച്ച കവിതയിൽ...? . എന്തൊരു ക്ഷണികത! എന്തൊരു താത്കാലികത! ആൾക്കൂട്ടങ്ങളിലും ക്യൂവുകളിലും ജീവിതം തീർത്ത് ‘ഞാഞ്ഞൂലുകളെ പോലെ ത്രസിക്കുന്ന’ മൂന്നാം ലോക - അവികസിത പരിഷകൾക്ക് മനസ്സിലാവാത്ത ഒരംശം ‘മിസ്സ്’ ചെയ്യാൻ പാടില്ലാത്ത ഗതാഗതങ്ങളിലുണ്ട്. ജീവിതം ഒരൊഴുക്കാണെന്നും അതിനെങ്ങും തടഞ്ഞു നിൽക്കാനാവില്ലെന്നുമുള്ള അറിവാണത്. (പരാജയപ്പെട്ടു പോകുന്നുവെങ്കിലും ഒരു വിവാഹം ജെസ്സി കഴിച്ചിരുന്നു.) അപ്പോൾ വരദാനം പോലെ വീണു കിട്ടുന്ന നിമിഷങ്ങൾ ‘ഒരു മാത്രയെങ്കിൽ ഒരു മാത്ര, വാഴ്വെന്ന സത്യത്തെ’ ജ്വലിപ്പിക്കാനുള്ളതാണ്. അവർക്ക് ജഗത്ത് മിഥ്യയല്ല. അതുകൊണ്ട് അവിടെ അത് വസന്തവും ജീവിതവും സംഗീതവും ഉത്തേജിപ്പിക്കുന്നതരം സാഹസികതയും. വെള്ളിനക്ഷത്രത്തെ നോക്കി വിതുമ്പി കാലം കഴിച്ച ഭ്രാന്തുകളുടെ ആകാശങ്ങളിൽ പ്രണയം ഒരു സമാധാനക്കേടും ചോദ്യചിഹ്നങ്ങളിട്ട പ്രസ്താവനകളും അപരിചിതത്വവും തുളച്ചുകയറുന്ന അമ്പും പിച്ചപ്പാത്രവും ഉപേക്ഷിക്കപ്പെട്ട ഒരു കൃഷ്ണമണിയും ഈണങ്ങളൊക്കെ പിഴച്ച പാട്ടും എരിഞ്ഞടങ്ങലും പൊട്ടിത്തകർന്ന പാലവും....
അദ്ഭുതമില്ല. വിരക്തിയുടെ ആദിപ്രരൂപങ്ങൾ നിറഞ്ഞ വിളറിയ ആകാശത്തിൽ ഓർക്കാപ്പുറത്ത് പൊട്ടിച്ചിതറുന്ന ജീവിതാസക്തിയുടെ ഔറോറകൾ ഇടയ്ക്ക് നമ്മെ സ്വപ്നത്തിനും വാസ്തവത്തിനും ഇടയ്ക്ക് പിടിച്ച് മാനം നോക്കിയിരുത്തിയില്ലെങ്കിൽ നമ്മളെങ്ങനെ അറിയാനാണ്, എല്ലാ അസ്തമയങ്ങളെയും പോലെയല്ലാത്ത ഒരസ്തമയവും എല്ലാ ഉദയങ്ങളെപ്പോലെയുമല്ലാത്ത ഒരു ഉദയവും ഓരോ ജീവിതത്തിലും ഒരിക്കൽ ഉണ്ടാവുമെന്ന്. അന്ന് മൂടിപ്പുതച്ചു കിടക്കാനാവുമോ എന്തോ വിധി? അല്ല, മൂടിപ്പുതച്ചു തിരിഞ്ഞു കിടന്നില്ലെന്ന് എന്താ ഉറപ്പ്?
*പാബ്ലോ നെരൂദ