May 31, 2010

ഹിജഡ, സെക്സിൽ നിന്ന് അതിന്റെ ഒച്ചയും അനക്കവും മാത്രം എടുക്കുന്നപോലെ*

പഴയവൈത്തിരിയിൽ നിന്ന് ഗ്രീൻ പാരഡൈസിലേയ്ക്കുള്ള നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഞങ്ങൾ സംസാരിച്ചത് ഭാഷയെക്കുറിച്ചാണ്.

മലയാളഭാഷ മരിക്കാൻ പോകുന്നു എന്നൊക്കെയുള്ളത് മലയാളം സാറന്മാരുടെ വയറ്റുപിഴപ്പിന്റെ പാട്ടാണ് എന്നായിരുന്നു വാദം. ഭാഷ തന്റെ പരിഗണനയേ അല്ലെന്ന് ലതീഷ് പറയുന്നു. സാങ്കേതികമായ വളർച്ചയുടെ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇതുപോലുള്ള പതം പറച്ചിലുകൾക്ക് പ്രസക്തിയൊന്നും ഇല്ല. ആവിഷ്കാരം തീർത്തും മറ്റൊരു കാര്യമാണ്. കൂടെയുണ്ടായിരുന്നത്, കൃത്യം ഇരുപതു വർഷത്തിനു (ക്ലീബേ വേണ്ട ബഹുകുറി) മുൻപ് ഇതേ വാദത്തെ മറ്റൊരു രീതിയിൽ മാതൃഭൂമിയിൽ പത്രാധിപർക്കുള്ള കത്തായി എഴുതിയ ഒരാളായിരുന്നു. ഓ എൻ വി കുറിപ്പിന്റെ നേതൃത്വത്തിൽ മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള നിവേദനം നൽകിയപ്പോൾ അതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് യൂണിവേഴ്സിറ്റികോളെജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തോടനുബന്ധിച്ചായിരുന്നു സംഭവം. എന്നു വച്ചാൽ ഭാഷയ്ക്കു വേണ്ടി സംസാരിച്ചു തുടങ്ങുമ്പോഴൊക്കെ മൌലികവാദ- വയറ്റിപ്പിഴപ്പു - ഉപകരണവാദമായി അത് അധഃപതിച്ചു തീരുന്നു. പെസ്സോവയുടെ (അല്ലെങ്കിൽ അതുപോലെയുള്ളവരുടെ) കൃതികൾ ഇംഗ്ലീഷിൽ വായിക്കാൻ ശുപാർശ ചെയ്യുന്നവരുടെ എണ്ണം പ്രത്യേകിച്ചു കാരണമൊന്നും ഇല്ലാതെ കൂടി വരികയാണ്. മലയാളം തർജ്ജുമക്കാർ മണ്ടമാരായതുകൊണ്ട് യഥാർത്ഥ പെസ്സോവ മലയാളത്തിലൂടെ കിട്ടില്ല. വികലമായിരിക്കും പരിഭാഷ എന്ന് വായിക്കാതെ തന്നെ നമുക്കൂഹിക്കാൻ പറ്റും. വികലമാവാതെ എന്തു ചെയ്യും? പരിഭാഷകൾ ഭാഷയുടെ ആശയവാഹകശക്തി വർദ്ധിപ്പിക്കും എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനു നിലവിലുള്ള തേഞ്ഞ വാക്കുകളിലേയ്ക്ക് പുതിയ ഭാവനകളെ കാലുമുറിച്ച് കടത്തിയാൽ മതിയാവില്ല. നിരന്തരമായ മനന-ധ്യാനങ്ങളിലൂടെ - വാക്കിന്റെയും വാക്കിന്റെയും ചേർച്ചയിലൂടെ- വാക്യങ്ങളിൽ മാലാഖമാർ നൃത്തം ചെയ്യണം. ആ സിദ്ധിയെ പോറ്റാതെയും തോറ്റാതെയുമാണ്, സാമാന്യധാരണയെ പിന്തുടർന്ന്, മലയാളത്തിന്റെ അർത്ഥവിനിമയ ശേഷി സ്ഥിരമായി പഴയകാലത്തിൽ തളഞ്ഞു കിടക്കാൻ തങ്ങളാൽ കഴിയുന്ന സേവനങ്ങളൊക്കെ ചെയ്തു കൊടുക്കാൻ നമ്മൾ പ്രബുദ്ധർ യത്നിക്കുന്നത്. തർജ്ജമകൾക്ക് വ്യാഖ്യാനത്തിന്റെ ഒരംശമുണ്ട്. എന്നു വച്ചാൽ പരിഭാഷകരുടെ ഭാഷാ പാണ്ഡിത്യത്തിന്റെ അളവുകോലായി ഭാഷാന്തരങ്ങളെ കണക്കാക്കിയിരുന്ന കാലം മാറി. (അതറിയാത്തവരും ഉണ്ട്) അന്യഭാഷയിൽ നിർത്തിയാണ് നാം ഒരെഴുത്തുകാരനെ സ്ഥിരമായി ഉൾക്കൊള്ളുന്നതെങ്കിൽ അകലക്കാഴ്ചയുടെ അതിശയോക്തി നിങ്ങളുടെ വാക്കുകളിൽ സ്വാഭാവികമായും നിറഞ്ഞുകൊണ്ടിരിക്കും. സ്വന്തം ഭാഷയിലേയ്ക്ക് കടത്തിവിടാതെ നിങ്ങളെങ്ങനെ ആ എഴുത്തുകാരന്റെ സ്ഥാനം, നമ്മുടെ സാംസ്കാരികപരിതഃസ്ഥിതിയിൽ നിശ്ചയിക്കും? കാഫ്കയും ഫൂക്കോയും ബാർത്തും പെസ്സോവയും ബൊളാനോയും തീർച്ചയായും ഉപമകളില്ലാത്ത വിധത്തിൽ വലിയ എഴുത്തുകാരാണ്. മലയാളഭാവനകളേക്കാൾ ഉയരത്തിലാണവ എന്നെങ്കിലും ബോധ്യപ്പെടുത്താൻ വ്യാക്ഷേപകശബ്ദങ്ങൾക്കപ്പുറത്ത് നിങ്ങളുടെ സംഭാവനയെന്താണ്?

(“ഒരു കാറ്റു വീശി വറ്റിയമർന്ന നിളയുടെ മണൽത്തരികൾ ഏന്തോ ഓർത്തു തരിച്ചു മഴ മാത്രം കൃഷ്ണഗാഥ പാടിക്കൊണ്ടേയിരുന്നു.” - സച്ചിദാനന്ദൻ - ഒരു ദിവസം)

വിഷ്ണുപ്രസാദിന്റെ ‘തണുത്തകൈപ്പടത്തിലെ’ പണിയനെ സായ്പ്പ് വെടിവച്ചിട്ട ‘വഴിത്തിരിവാ’ണ് വൈത്തിരിയായത്. വഴി കാണിച്ചുകൊടുക്കുന്ന നിഷ്കളങ്കതയെ(വിധേയത്വത്തെ) കൊല്ലുന്ന പതിവ് വെള്ളക്കാർക്ക് ഉണ്ടായിരുന്നോ? അതു നമ്മുടെ സിനിമകളിലെ കൊടും വില്ലന്റെ രീതിയല്ലേ? ആ കഥയിലെന്തോ കുഴപ്പമുണ്ട്. തികഞ്ഞ കാവ്യാത്മകമായ കുഴപ്പം തന്നെ. ഒരു നിഗൂഢത. അല്ലെങ്കിൽ തിരിഞ്ഞു കിട്ടാത്ത ധ്വനി. ‘പച്ചസ്വർഗത്തിൽ’ വൈകുന്നേരം സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ കവിതയെക്കുറിച്ചുള്ള സംഭാഷണം ആയിരുന്നു. ടി വി സുനീത പറഞ്ഞത്, തനിക്ക് ഏകാന്തതതോന്നുമ്പോൾ, കരയണമെന്നു തോന്നുമ്പോൾ കവിത ആശ്വാസമാവുന്നു എന്നാണ്.
(“പുതുതായി വാങ്ങിയതാണെന്റെ മൊബൈല്‍ഫോൺ‍. എന്നിട്ടും എന്നിട്ടുമെന്താണ്
കണ്ണു നിറഞ്ഞൊഴുകുമ്പോള്‍ അതിന് റെയ്ഞ്ച് കിട്ടാതായിപ്പോകുന്നത്?” - മൊബൈൽഫോൺ- സുനീത) കവിത ഏകാന്തത്യ്ക്കു പകരം നിൽക്കുന്ന കണ്ണീരിനു പകരം വയ്ക്കാവുന്ന ഒന്നല്ല, അതിനുമൊക്കെ അപ്പുറത്തുള്ള സംഗതിയാണെന്ന് വാദിച്ചുകൊണ്ട് സനാതനൻ അതിനെ വെട്ടി.
(“ഒരാൾ മറ്റേയാളെ തൊട്ടു അയാൾ പൊട്ടിപ്പിളർന്ന് ഉള്ളിൽനിന്നും വിത്തുകളുടെ പക്ഷികൾ ചിറകടിച്ചുയർന്നു. ഒന്നാമൻ പക്ഷികളെ പിന്തുടർന്ന് പാഞ്ഞു രണ്ടായ് പിളർന്ന പുറന്തോടായി
ഉപേക്ഷിക്കപ്പെട്ടു മറ്റേയാൾ.”- വിത്തും പുറന്തോടും-സനാതനൻ)
സംസ്കാരത്തിന്റെ ഗൂഢമായ കയ്യെഴുത്തുകളാണ് കവിതയെന്ന് ലതീഷ് മോഹൻ.
(“ഇന്നലെ എഴുതിയതു മുഴുവൻ ഏതുഭാഷയിലാണെന്ന് കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇന്നു മുഴുവൻ.” - പോസ്റ്റ് ചെയ്യാത്ത കത്തുകൾ- ലതീഷ്)

ഭാഷയുടെയും നിലനിൽ‌പ്പിന്റെയും സൂക്ഷ്മരാഷ്ട്രീയമാണ് കവിതയിലൂടെ വെളിവാകുന്നതെന്ന് ടി ശശി.
(“ഇന്നലെ കൊന്നതും ഇതേ ജീവിയെ ഇന്നു വെറുതേയിരുന്നപ്പോൾ ഇതിനെ പുനർജീവിപ്പിച്ചു
ഇന്നുതന്നെ വീണ്ടും കൊല്ലും” - ഒന്നിനെ തന്നെ- ടി എ ശശി)
മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കവിതയാണ് സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. ‘സ്വന്തം’. മുൻപും സെബാസ്റ്റ്യന്റെ കവിതകളിൽ കലവറയില്ലാതെ മൃഗസ്വത്വങ്ങൾ ഇറങ്ങി നടപ്പാണ്. ‘ബസ്സിൽ’ എന്ന കവിത ഉദാഹരണം. ഇപ്പോഴത് പാരിസ്ഥിതികമായ പുതിയ ബോധത്താൽ തീവ്രമാവുന്നു. മനുഷ്യനുമേൽ അധീശത്വം സ്ഥാപിക്കാവുന്ന തരത്തിൽ ശക്തിയാർജ്ജിക്കുന്നു.
(“അടിത്തട്ടിലെ പാറയിലിരുന്ന് വെള്ളം കുടിക്കുന്നു ഒരു ചെറു തവള. അതിന്റെ വായ ധൃതിയിൽ തുറയുന്നു അടയുന്നു അതിക്രമിച്ചു കടന്നതാവണം അതിനെ തുരത്തുവാനായുമ്പോൾ ഞൊടിയിടയിൽ വേലികെട്ടി തിരിച്ച ഒരേക്കർ കൃത്യമായി ഛേദിച്ചെടുത്തതുപോലെ അത്രയും വെള്ളം കുടിച്ചു വറ്റിച്ച് അത് ഒറ്റച്ചാട്ടത്തിന് അതിർത്തികടന്നു.” - സ്വന്തം- സെബാസ്റ്റ്യൻ)

ഉത്തരാധുനികതയെ അവലോകനം ചെയ്തുകൊണ്ടാണ് നാസിമുദീൻ ആധുനിക കവിത തന്നെയായിരുന്നു മെച്ചം എന്ന തീരുമാനത്തിലെത്തിയതായി പ്രഖ്യാപിച്ചത്. ബൃഹദാഖ്യാനം എന്ന പേര് വെറുതേ ആവർത്തിക്കപ്പെട്ടു. പ്രതിസന്ധിയിലാവുന്ന സ്വത്വമാണ് നാസിമുദീന്റെ കവിതയുടെ വിഷയം. ‘സ്കീസോഫ്രീനിയ’ ചിതറിയ കണ്ണാടി പിടിച്ചാലെന്നപോലെ ബിംബങ്ങളും പ്രതിബിംബങ്ങളും യാഥാർത്ഥ്യങ്ങളൂം കൂടിക്കുഴഞ്ഞ് ഒന്നായി തീരുന്ന ഭീഷണമായ ഒരവസ്ഥയെ ചിത്രീകരിക്കലായിരുന്നു.
(“പട്ടണത്തിൽ നിന്ന് പോരും വഴി വായിക്കാനൊരു മാസിക തേടി പീടികയെല്ലാം കേറി ഒന്നും കിട്ടാതെ ഒരു കല്ലെടുത്ത് കീസയിലിട്ട് വീട്ടിലെത്തിയ ഉടനെ അതു നീർത്തി വായിക്കാനാരംഭിച്ചു.” ‌-കല്ല് - പി എ നാസിമുദീൻ)

‘പർദ്ദ’യെന്ന പുതിയ കവിതവായിച്ചുകൊണ്ട് നാസിമുദ്ദീൻ അവകാശപ്പെട്ടത് ചുറ്റുപാടുകളോട് പ്രതിബദ്ധതയില്ലാത്ത കവിത ആ പേരിനു തന്നെ അർഹതയില്ലാത്തതാകുന്നു എന്നാണ്. ഫാസിസ്റ്റുശക്തികൾ ശക്തിപ്രാപിക്കുന്ന കാലത്ത് മനുഷ്യനുവേണ്ടി കവിത എന്തു ചെയ്യുന്നു? ചെറുപ്പക്കാലത്ത് , മതത്തിന്റെയും ജാതിയുടെയും ഐഡന്റിറ്റി കാർഡുകൾ കാണിക്കാതെ തങ്ങൾ കളിച്ചു നടന്ന കൊടുങ്ങല്ലൂർ അമ്പലപ്പറമ്പിലിപ്പോൾ ‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന’ ബോർഡിനാൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്തു ചെയ്യുന്നു പുതിയ കവികൾ? കുഞ്ഞിരാമൻ നായരും ചുള്ളിക്കാടും എഴുതി വച്ച വരികൾക്കപ്പുറം പോകാൻ ശേഷിയുള്ള എത്ര കവികളുണ്ട് പുതിയകാലത്ത്?
എതിർവാദങ്ങളിൽ മൂന്നു പ്രശ്നങ്ങൾ വന്നു. 1. പുതിയകവികൾ എന്ന സാമാന്യവത്കരണം കഴമ്പില്ലാത്തതാണ്. കാരണം ഒരേസ്വഭാവമുള്ള ഒരു കൂട്ടമായി അങ്ങനെയൊന്ന് നിലനിൽക്കുന്നെന്നും അവരെല്ലാം കൂടി ഇന്നതെല്ലാം ചെയ്തു ചെയ്യേണ്ടതുണ്ടെന്നും ഉള്ള വാദം തന്നെ പിന്തിരിപ്പിനാണ്. 2. അമ്പലപ്പറമ്പിലെന്നല്ല വഴിയരികിൽ പോകുന്നതുപോലും വിലക്കിയിരുന്നവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആട്ടിയോടിക്കപ്പെട്ടവർക്കും ദളിതർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി കൂടിയാണ് കവിത ശബ്ദിക്കുന്നത്. 3. കുഞ്ഞിരാമൻ നായരും ചുള്ളിക്കാടുമൊക്കെ പുരുഷാധിപത്യപരമായ ഘടനയ്ക്കുള്ളിൽ നിന്നു കൊണ്ട് അവനവന്റെ മാനസികപ്രശ്നങ്ങളെ അവതരിപ്പിക്കുകയായിരുന്നു. ലൈംഗികദാരിദ്ര്യം (അല്ലെങ്കിൽ അതുപോലുള്ളവ) വിഷയമാക്കി എഴുതിക്കൊണ്ടിരിക്കുന്നവനെ, ഇയാളുടെ പ്രശ്നം മറ്റേതാണെന്ന് വരുന്ന തലമുറ എളുപ്പം തിരിച്ചറിയും. അതു പരിഹരിച്ചിരുന്നെങ്കിൽ അവന്റെ കവിത തീരുമായിരുന്നില്ലേ?
വിമീഷ് മണിയൂർ എഴുതുന്നു :
ഡിസംബർ 6. പ്രതിജ്ഞയെടുത്തു. അറബിമാഷ് വെറുതെ ക്ലാസിനു പുറത്താക്കി മുബീന മുഖം വീർപ്പിച്ച് അറപ്പു കാട്ടി. ഫൈസൽ കഴുത്തിനു കുത്തിപ്പിടിച്ചു...... ..എന്തു വന്നാലും വേണ്ടില്ല നാളെ മുതൽ ശാഖയ്ക്കു പോകണം..”(ക്ലാസ് ഡയറി)

പുതിയ കവികൾ സാമൂഹികപ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നില്ലെന്നതിന് വേറേയും ഉദാഹരണങ്ങളുണ്ട്. പക്ഷേ പ്രാഥമികതാത്പര്യങ്ങൾ വ്യക്തഗതമായ മാറ്റങ്ങൾക്കു വിധേയമാണ്. സ്ത്രീ പ്രശ്നങ്ങളെപ്പറ്റി, വീടിനുള്ളിൽ തളഞ്ഞു കിടക്കേണ്ടി വരുന്നതിന്റെ ബദ്ധപ്പാടിനെപ്പറ്റി മല്ലിക പറഞ്ഞു. അവരുടെ കവിത പക്ഷേ അധികമാരും ശ്രദ്ധ നൽകിയതായി തോന്നിയില്ല. ഏതു യാതനയും കാവ്യാത്മകതയുടെ കുഞ്ചലം ചൂടുമ്പോഴേ സമാനമനസ്കരെ തൊടുകയുള്ളൂ എന്നതുകൊണ്ടാകാം. “ഞാനുരുകിയുണ്ടായ മെഴുകുശില്പങ്ങളിൽ ഗ്ലിസറിൻ പുരട്ടി അവൾ നടത്തുന്നു വെളിപ്പെടുത്തൽ വാണിഭം.” - എന്നെഴുതിയ ശൈലൻ (ആത്മകഥ) കവിതയിൽ ആന്തരികമായ സങ്കീർണ്ണത കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നതും കേട്ടു. കവിതയും ജീവിതവും എത്ര ഇഴുകിച്ചേർന്നതാണെന്നു വാദിച്ചാലും അതിൽ നിന്ന് ഒരു ചില്ല അരാജകമായി തോന്നും പടി പടരും!

ഒറ്റയൊറ്റക്കവിതകളെക്കുറിച്ചുള്ള ചർച്ചകൾ ഇടയ്ക്കിടെ മുറിയുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും അന്വേഷണഘടകം വ്യത്യസ്തമായിരിക്കുമ്പോൾ അതല്ലാതെ നിവൃത്തിയില്ല. വിഷ്ണു പിന്നെയും പറഞ്ഞു. ടി പി രാജീവന്റെ ‘തൂക്കം’ പോലൊരു കവിതയെഴുതാൻ തങ്ങൾക്ക് (തനിക്ക്) ഈ ജന്മം സാധ്യമല്ലെന്ന്. അങ്ങനെ അറുത്തു മുറിച്ച് അഭിപ്രായപ്പെടുമ്പോൾ സ്വയം താൻ എത്താൻ ആഗ്രഹിക്കുന്ന ഉയരത്തെ കവി വെളിപ്പെടുത്തുകയാണ്. ആ ഉയരം തന്നെ മറ്റൊരാൾ ഇതിനകം കീഴടക്കി കഴിഞ്ഞെങ്കിൽ പിന്നെ കവിതാശ്രമങ്ങളെന്തിന് എന്നൊരു ചോദ്യം സാധുവാണ്.
( “ഒരു വരപോലും എഴുതാനാവാതെ നിബ്ബിനും കട്ടയ്ക്കുമിടയിൽ ജീവിതം പോലെ എന്തോ ഒന്ന് തടയുന്നതറിഞ്ഞ് വെറുതേയിരിക്കാം” - ആത്മരക്ഷാർത്ഥം- ശൈലൻ)
ഈ തടയുന്നത് നമ്മൾ തന്നെ കൊമ്പത്തു വച്ച പൂർവമാതൃകകളായിരിക്കും. ചെറുപ്പക്കാരനായ അരുൺ തന്റെ ഒരു കവിതയ്ക്കിട്ടിരിക്കുന്നപേര് ‘വയൽക്കര ഇപ്പോഴില്ലാത്ത രണ്ടുപേർ’. പ്രത്യേകിച്ച് കാരണമൊന്നുമില്ല ആ പേരിടലിൽ. ടി പി രാജീവന്റെ ‘വയൽക്കരെ ഇപ്പോഴില്ലാത്ത’ എന്ന സമാഹാരപ്പേരിന്റെ ഓർമ്മ മാത്രം. മേഘം എവിടെ തുള്ളിയിടണം എന്നു ശങ്കിച്ചു നിൽക്കുന്ന കാഴ്ച കണ്ട് കോരിത്തരിച്ചു പോയതിന്റെ ഓർമ്മയെ എഴുതുന്ന ‘കോരിത്തരിച്ച നാൾ’ എന്ന കവിതയാൽ പ്രേരിതനായി അൻ‌വലി എഴുതിയിട്ടുണ്ട്, ഒരു കവിത. ‘ഒരു ഉച്ചനേരം’. അതിൽ, ടെറസ്സിൽ തേങ്ങ വീണപ്പോൾ കോരിത്തരിച്ചുപോയ വീടാണ് ! കെ ആർ ടോണി കവിതകൾ കൂട്ടത്തോടെ ആ വഴിക്കാണ് ! ( കാനനച്ചോലയിൽ കാറ്റുകൊള്ളാൻ പോയിട്ടുണ്ടോ നിങ്ങൾ ? നല്ല രസമാണ്. ഞാൻ പോയിട്ടില്ല.”- ആട്ടം നോട്ടം- കെ ആർ ടോണി)

ഉദ്ധരിക്കാവുന്ന മട്ടിൽ കവിതകൾ, മുദ്രാവാക്യപ്രായത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രവണത കൂടുന്നുണ്ടെങ്കിലും അത്ര നല്ലതല്ലെന്ന് അൻ‌വർ അലി ഇടയ്ക്കെപ്പോഴോ ഓർമ്മിപ്പിച്ചു.
(“പണ്ട്‌ നാടുവിടുമ്പോള്‍ ബസ്സിലെഴുതിയിരുന്നു ശ്രീ കാടാമ്പുഴ ഭഗവതി ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന്....... ഇന്ന് തിരിച്ചു വരുമ്പോള്‍ ബസ്സിലെഴുതിയിരിക്കുന്നു 'ശ്രീ മാതാ അമൃതാനന്ദമയി ഈ വാഹനത്തിന്റെ ഐശ്വര്യം' എന്ന്....... കാടാമ്പുഴ ഭഗവതി ഏതു സ്റ്റോപ്പിലാണ്‌ ഇറങ്ങിപ്പോയത്‌..........?” -യാത്ര -ശ്രീജിത്ത്‌ അരിയല്ലൂര്‍ )

(“രണ്ടു കുന്നും ഒരു കുഴിയുമാണ് ഇപ്പോഴും ഈ പെണ്ണുങ്ങൾ. എപ്പോഴും കുന്നിടിച്ചു നിരത്തലും കുഴി മൂടലുമാണ് ഈ ആണുങ്ങൾ”- അൺസാറ്റിസ് ഫൈഡ്...- അജീഷ് ദാസൻ)

മലയാളത്തിന്റെ പാരമ്പര്യഘടകങ്ങൾ -വൃത്തം, അലങ്കാരം, ചൊൽക്കെട്ടുകൾ- എന്നിവയിലൂടെ കടന്നു പോയെങ്കിൽ കവിതയെ അവ വല്ലാതെ പുതുക്കിയേനേ എന്ന് ആശിച്ചുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അൻ‌വർ അലി പറഞ്ഞു. ഇത് കേവലമായ പാരമ്പര്യവാദമല്ല. ഭാഷാ ഉത്പന്നം എന്ന നിലയിൽ കവിത ഊർജ്ജം സ്വീകരിക്കുന്ന വഴികളെക്കുറിച്ചുള്ള ബോധം കവികൾക്ക് ഉണ്ടായിരിക്കണമെന്ന ആഗ്രഹമാണ്. (റഫീക്ക് അഹമ്മദിനെ ഓർമ്മ വരുന്നു. അൻ‌വറിന്റെ കവിതകളും തുടരാൻ ശ്രമിച്ചിട്ടുണ്ട്, സാമ്പ്രദായിക വൃത്തങ്ങൾ) ഭാഷാപരമായ ട്വിസ്റ്റുകൾ പ്രമോദിന്റെ കവിതയിലുണ്ട്. സ്വന്തം പരിതോവസ്ഥകളിൽ നിന്ന് കവിതയ്ക്കുള്ള വിഭവങ്ങൾ നേടുന്നവരുടെ കൂട്ടത്തിൽ അനൂപ്ചന്ദ്രനും (എന്താണ് അയാളുടെ കവിതയിലെ പുതുനിര വാഹന ബ്രാൻഡുകളുടെ എണ്ണം!) ടി പി വിനോദും പ്രമോദുമുണ്ട്. ( വിനോദിലും പ്രമോദിലും സ്വന്തം സാഹചര്യങ്ങളെക്കാൾ അവർ കൂടെ സൂക്ഷിക്കുന്ന ഓർമ്മകളാണ് ശക്തം) പുതിയ കവിതയുടെ ഭാഷയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പി പി രാമചന്ദ്രൻ പറഞ്ഞത്, കവിതയുടെ ചരിത്രം വ്യവഹാരഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിന്റെ ചരിത്രം കൂടിയാണെന്നാണ്.
(“നെല്ലുംവെള്ളം കുടിച്ചിട്ട് കല്ലും തടീം അറുക്കും ഒടക്കും തെരക്കിപ്പിടിക്കും മാവും തെയിലേം മേടിച്ചോണ്ട് പൊക്കിപ്പിടിച്ചോണ്ട്.” - ഇന്റർവ്യൂ- എം ബി മനോജ്)
(“തെടേത്തറഞ്ഞ മുള്ളിനായ് പല്ലു പരതുമ്പോ കേട്ടു എന്റെപ്പനും അവടപ്പനും ചെറേലെ തെങ്ങുന്തോപ്പിൽ വാള് വെക്കുന്നത്” - വെഷക്കായ - എം ആർ രേണുകുമാർ)
(“കാറിലിരുന്നാ കൊച്ചാട്ടാ ഇതു പാടുന്നേ..”-രാമകൃഷ്ണയ്യപ്പപ്പണിക്കം - അൻ‌വർ അലി)
പുതിയകാലത്ത് ഇവയുടെ അകലത്തിന്റെ ഡിഗ്രി കുറഞ്ഞു കുറഞ്ഞു വന്ന് പലപ്പോഴും മൈനസിലെത്തിയിരിക്കുന്നു. ചിത്രങ്ങളെ - പലപ്പോഴും ചിതറിയതും പരസ്പരബന്ധമില്ലാത്തതുമായ- അവതരിപ്പിക്കുകയും ഭാഷ ഈ ചിത്രങ്ങളെ കൂട്ടിയിണക്കാനുള്ള കണ്ണിഭാഷയായി തീരുകയും ചെയ്തതാണ് മറ്റൊരു പ്രത്യേകത.
(“വെയില് കാറ്റ് മരങ്ങൾ നിഴലുകൾ വെളിയിലാരോ വരച്ചപോലങ്ങനെ അയയിൽ വന്നിരിക്കുന്ന കിളിയുടെ വയറു നോക്കി അനങ്ങാതെയങ്ങനെ” - നിശ്ചലജീവിതം - പി പി രാമചന്ദ്രൻ)
(“ അപ്പോൾ വിശന്നു വലഞ്ഞ് ഇരുട്ടിലൂടെ അലഞ്ഞുനടന്ന ഒരു പട്ടി ആ കള്ളന്റെ വീട്ടിൽ ചെന്നു കട്ടു തിന്നു പട്ടി പോയ തക്കം നോക്കി കാത്തുകെട്ടിയിരുന്ന ഒരുത്തൻ പട്ടി താമസിച്ചിരുന്ന വീട്ടിലെ പെൺകുട്ടിയെ മോഹിപ്പിച്ചുകൊണ്ടുപോയി... ” -പാടുവാൻ - എസ് ജോസഫ്)

കവിതയിൽ സന്നിഹിതമായ രാഷ്ട്രീയവും ഉന്നയിക്കപ്പെടുന്ന രാഷ്ട്രീയവും ഉണ്ട്. നിലവിലുള്ള ഒന്നിനെ കവിത ഉള്ളിൽ പിടിച്ചു വച്ചിരിക്കുമ്പോഴാണ് ചിട്ടവട്ടങ്ങളെ മുറിച്ച് മുന്നേറാനുള്ള കെൽ‌പ്പ് അതിനില്ലാതാവുന്നത്. എങ്കിലും അതിൽ രാഷ്ട്രീയം ഉണ്ട്. മറിച്ചാണ് ഉന്നയിതരാഷ്ട്രീയത്തിന്റെ സ്ഥിതി. അതു മാറ്റങ്ങൾക്കുവേണ്ടിയുള്ള ആക്രോശമാണ്. വരും തലമുറയ്ക്കു മാത്രമേ അതതരം കവിതകളെ പിടിച്ചെടുക്കാൻ പറ്റൂ. അല്ലെങ്കിൽ കാലത്തിനു മുൻപേ നടക്കുന്നവരായിരിക്കണം. കവിത അതിന്റെ വായനക്കാരെ കൂടി സൃഷ്ടിക്കുന്നുണ്ട്. നിലവിലുള്ള വായനക്കാരെയല്ല അത് നോക്കി നിൽക്കുന്നത്. തനിക്കുപറ്റിയ വായനക്കാരെ കണ്ടെടുക്കുകയും പുതുക്കുകയും ഒരു വേള സൃഷ്ടിക്കുകയും ചെയ്യുന്ന കവികളാണ് കാലത്തിന്റെ കവികൾ. പുതിയ കവിത മനസ്സിലാവുന്നില്ലെന്ന് കണ്ണാടി നോക്കി പിറുപിറുക്കുന്നവർ ഈ വാദത്തെ ഒന്നു ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ജനാലയിലിരുന്ന് ഒരു പെൺകുട്ടി മുടിചീകുന്നു. ഈയൊരു വാക്യം മതി ഒരു കവിതയാകുവാൻ” എന്ന് എസ് ജോസഫ് ‘തൂവാല’ എന്ന കവിതയിൽ. ചിത്രങ്ങൾ തുന്നിച്ചേർപ്പാണ് പെൺകുട്ടിയെപ്പോലെ കവിതയ്ക്കും പണി എന്ന സൂചന അതിലുണ്ട്. എഴുതിയ വരികളിലൂടെയല്ല, കവിതയിൽ നിന്ന് ഒഴിവാക്കുന്ന വരികളിലൂടെയാണ് ജോസഫിന്റെ കവിത പ്രവർത്തിക്കുന്നതെന്ന് പി പി ആർ. ഭാഷ ഒരു വാഹനമാണെന്നും അതിൽ കവിയുടെ വികാരവിചാരങ്ങളും ഇച്ഛാഭംഗങ്ങളും നിറച്ച് വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് നിരന്തരഗതാഗതം നടക്കുകയാണെന്നും വിചാരിച്ചാൽ രക്ഷയില്ല. കാരണം ഭാഷ വാഹനമല്ല. (സനലിന്റെ വാദങ്ങൾക്കിടയിൽ ഭാഷ മീഡിയമാണെന്ന ആശയം സാന്ദർഭികമായി കയറി വന്നിരുന്നു) കവിതയ്ക്ക് അതായി തന്നെ നിലനിൽ‌പ്പുണ്ട്. അമൂർത്തചിത്രകല സിനിമകളിൽ നിരവധി അവഹേളനങ്ങൾക്കു വിധേയമായിട്ടും ( ഓർമ്മയില്ലേ പ്രിയദർശൻ പടത്തിൽ മുകേഷ് വരയ്ക്കുന്ന ‘അണ്ഡകടാഹം’ എന്ന അബ്സ്‌ട്രാക്ട് പെയിന്റിംഗ്) നിലനിൽക്കുന്നുണ്ട്. മലയാളികൾ മികച്ച ചിത്രകാരായി തീരുന്നുണ്ട്. അർത്ഥവും ആശയവും അന്വേഷിക്കാൻ പോകുന്നതാണ് നമ്മുടെ കുഴപ്പം. ‘കമ്മ്യൂണിക്കേഷൻ’ കലയിലുണ്ട്. പക്ഷേ അത് നാം മനസ്സിലാക്കി വച്ചിരിക്കുന്ന രീതിയിലുള്ള ‘ആശയ’കൈമാറ്റം അല്ല. കല ഒരാശയം നൽകണമെന്ന വാശികളാണ് കുഴപ്പക്കാർ. അപ്പോൾ എല്ലാവർക്കും മനസ്സിലാകാതിരിക്കുകയാണ് നല്ലത്. എല്ലാവർക്കും മനസ്സിലാകുന്നതാണെങ്കിൽ പിന്നെയെന്തിന് എഴുതണം? എന്താണ് അതിന്റെ അപൂർവത? കവിതയ്ക്കു വേണ്ടി ജീവിച്ച കാലങ്ങൾ അപ്രസക്തമാവില്ലേ? ഫ്രോയിഡിന്റെ രണ്ടു വരിയെഴുതി വ്യാഖ്യാനിക്കാൻ കഴിയുന്ന കവിത പൊട്ടക്കവിതയാണെന്ന് വിഷ്ണുവിന്റെ ‘പശു’കവിതയുടെ വായനയെ (അതോ ‘ആറാം നമ്പർ ബസ്സോ?’) ചൂണ്ടി ലതീഷ് വാദിക്കുന്നുണ്ടായിരുന്നു. എന്തോ? കവിത സൂക്ഷ്മമായ നിരവധി സംഗതികളെ ഉള്ളടക്കി വച്ചിരിക്കുന്നു എന്നറിയാം. അതിൽ ചിലതിനെയെങ്കിലും അടുത്തു നിന്ന് ഇഴ പിരിച്ചെടുക്കാനുള്ള ശ്രമം കവിതയുടെ ഉള്ളിലേയ്ക്കല്ല, സ്വന്തം ഭാഷാ - സംസ്കൃതിയുടെ ഏറ്റക്കുറച്ചിലുകളിലേയ്ക്കുള്ള ‘തിരിച്ചുപോക്കാണ്’ എനിക്ക്. അത്തരം ശ്രമങ്ങളില്ലെങ്കിൽ അടുത്ത കവിതയിലേയ്ക്ക് ചുവടു വയ്പ്പില്ലാതെ നിസ്സഹായനാവും എന്നൊരു പരിഭ്രമം ഉള്ളിലെപ്പോഴുമുണ്ട്. നമ്മൾ കാണുന്ന അതേ കണ്ണുകൊണ്ടല്ലേ ‘ദൈവം’ നമ്മളെയും കാണുന്നത്?(ഏഞ്ചലസ് സിലസിയസ്) കവികളത് അറിയുന്നുണ്ടോ?

കവിതയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ, അവരാണ് ‘സിഗ്‌-നേച്ചർ’ എന്ന ലേബലിനു പിന്നിൽ നിന്ന് കവികളെ വിളിച്ചുകൂട്ടി ആതിഥ്യമരുളിയത്. അവരുടെ ഇഷ്ടം, ഉറക്കെ പാടാവുന്ന കവിതകളാണെന്ന് അവർ തുറന്നു പറഞ്ഞു. ദന്തഗോപുരവാസികളായ സൌന്ദര്യമാത്രവാദികളെ തറ പറ്റിക്കാൻ പോന്ന പ്രഖ്യാപനമാണ്. പക്ഷേ അതിനെ അങ്ങനെ ലളിതമായ തലത്തിൽ വച്ച് കാണേണ്ടതില്ല. തലയാട്ടിയും നൃത്തം വച്ചും ഉറക്കെ ചൊല്ലുന്ന കവിതകളിലെ സാമൂഹികതയേക്കാൾ ഉയർന്ന സാമൂഹികത, ഈ ലോകത്തിലെ ജീവിതത്തെ കൂടുതൽ ജീവിക്കാൻ കൊള്ളാവുന്നതാക്കണമെന്ന തീവ്രത മുറിയടച്ചിട്ടിരിക്കുന്ന പല കവിതകൾക്കുള്ളിലും ഉണ്ട്. ( “എന്തർത്ഥമിരിക്കുന്നു അതിൽ എന്നു ചോദിക്കരുത്, അർത്ഥമോ അർത്ഥമില്ലായ്മയോ അതൊക്കെയല്ലേയുള്ളൂ” - പാട്ട്- എസ് ജോസഫ്) പൊളിച്ചെഴുതിയ ജീവിതരീതിയുടെ ജനകീയതയല്ലല്ലോ, അനുഷ്ഠാനത്തിന്റെ ജനപ്രിയത. ലതീഷിന്റെ കവിതയിലെ വെരുകിന് പി രാമകൃഷ്ണൻ എന്നും (ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്) പല്ലിയ്ക്ക് മാധവനെന്നും ( പരിഭ്രമണം) പേരുകിട്ടുന്നത് ‘മനുഷ്യൻ’ എന്ന ഭൂമിയുടെ ഏക കൈവശാധികാരിയുടെ മുഖംമൂടി ചില ആകസ്മിക വെളിച്ചങ്ങളിൽ‌പ്പെട്ട് പൊളിഞ്ഞുപോകുന്നതുകൊണ്ടാണ്. ഉറക്കെ ചൊല്ലിയാലും ഇല്ലെങ്കിലും അവ ‘ചിലപ്പോൾ നീണ്ട ചിത്രങ്ങളുമെടുത്ത്’ നമ്മുടെ മുറിയിലേയ്ക്കും കടന്നു വരില്ലേ, ശിരസ്സിനുള്ളിൽ മണൽച്ചാക്കുകൾ നിറയ്ക്കുന്ന ഏകാന്തതതയുടെ അപാരവേളകളിൽ, പൊടുന്നനെ?

എങ്കിൽ, എന്തൊരാളായി പോയീ ഞാൻ !**
-------------------------------------------------------------
* വി സനലിന്റെ ലേഖനത്തിലെ ഒരു വാക്യം. ‘പോലെ’ എന്ന കവിതയുടെ ആമുഖമായി അൻ‌വർ അലി ഉദ്ധരിച്ചത്
** ടി പി രാജീവന്റെ ഒരു കവിതയുടെ തലക്കെട്ട്
*** ഇവിടെ എടുത്തെഴുതിയ അഭിപ്രായങ്ങളും വാദഗതികളും വൈത്തിരി കവിതാക്യാമ്പിൽ വച്ച് കവികൾ പറഞ്ഞതുപോലെ തന്നെയാവണമെന്നില്ല. ഞാൻ കേട്ടതും മനസ്സിലാക്കിയതുംരീതിയിലാണെന്നേ അർത്ഥമുള്ളൂ. ഉദാഹരണമായി കൊടുത്തിരിക്കുന്ന കവിതകളുടെ മുഴുവൻ ഉത്തരവാദി ക്യാമ്പല്ല, സ്വന്തം പുസ്തകഷെൽഫാണ്.

26 comments:

  1. കേട്ടതില്‍ പിശകുണ്ട് വെള്ളെഴുത്തേ. ഭാഷ എന്റെ പരിഗണനയല്ലെന്നല്ല; ഭാഷ മാത്രമാണ് എന്റെ പരിഗണന എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, ഭാഷയില്‍ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങളെ ഭാഷ മരിക്കുന്നു എന്ന അതിവാദമായി അവതരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില എന്നാണ് പറഞ്ഞത്. മാഷുമാര്‍ക്കു ചുറ്റും കറങ്ങുന്ന ഒന്നല്ല ഭാഷ; ഇത്ര കാലം മാഷുമാരുടെ സെന്‍സിബിലിറ്റിക്കു ചുറ്റും കറങ്ങിയില്ലേ ഇനി കുറേക്കാലം സോഫ്റ്റ്വേര്‍ എന്‍ജിനിയറുടേയോ മരപ്പണിക്കാരന്റെയോ സെന്‍സിബിലിറ്റി ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നും.

    മലയാളം എന്റെ ഭാഷയായി വന്നതില്‍ എന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് യാതൊരു പങ്കുമില്ല. നിരവധി അനവധി ഭാഷകളില്‍ ഒന്നു മാത്രമാണ് എനിക്ക് മലയാളം. ഭാഷ എന്നു പറയുന്നിടത്ത് ‘മലയാളം’ എന്നര്‍ഥം വരുത്തിന്നിടത്താണ് എനിക്കു വിയോജിപ്പ്. ഭൂമിമലയാളം എന്നു വിശ്വസിക്കാന്‍ നിര്‍വാഹമില്ല. അത്രേയുള്ളു

    ReplyDelete
  2. OFF @Latheesh. Oru malayala bhashaa snehi 'bhasha' ennu paranjaal 'malayalabhaasha' ennu manassilaakkanam ennarinjoodaatha bloody fool! samskrutha kaavyam-bhaashaa kaavyam angane ethra ethra udaaharanam venam.

    sorry abt english. using mobile.

    ReplyDelete
  3. ഒരുവിധമെല്ലാം പരാമര്‍ശിച്ചുപോയിട്ടുണ്ട് ലേഖനത്തില്‍.ഏറ്റവും പുതിയ മലയാളകവിതയില്‍ നിന്ന് ചോര്‍ന്നുപോയ കേരളീയത എന്ന ഗുണത്തെ കാണിക്കാനാണ് ഞാന്‍ രാജീവന്റെ തൂക്കം എന്ന കവിത ഉദാഹരിച്ചത്.പുതിയ തലമുറയില്പെട്ട കവികള്‍ എഴുതുമ്പോള്‍ ദേശത്തിന്റെയും സംസ്കാരത്തിന്റെയും മുദ്രകള്‍ രാജീവന്റെ ഈ കവിതയിലുള്ളത്ര കാണാനാവുന്നില്ല.മനുഷ്യപ്പറ്റുണ്ടെങ്കിലേ കവിതയ്ക്ക് ആ ഗുണമുണ്ടാവൂ.പുതിയ കവികള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി.

    ReplyDelete
  4. കവിത വികാര-വിചാരങ്ങളുടെ സാന്ദ്രമായ ഒഴുക്കാണ്.ഭാഷയിലുള്ള വഴക്കം
    ഏറെ പ്രധാനവുമാണ്.നല്ല വായന,[അതില്‍ അറിയുന്ന എല്ലാഭാഷയിലെയും കൃതികല്‍ ‍ ആവാം. ]
    .ഭാവന,അനുഭവങ്ങളില്‍ നിന്നാര്‍ജിച്ച കരുത്തു,...ഇങ്ങനെ പണ്ടെ തന്നെ കാവ്യ വിചിന്തനം
    നടത്തിയവര്‍ പറ ഞ്ഞുവെ ച്ച കാര്യങ്ങള്‍ വേണം കവിയാവാന്‍..
    റഫീക്കിന്റെ കവിതയ്ക്ക് ധാരാളം അനുവാച കരുന്ടു.അതുപോലെ..രാമന്‍.പീ.പീ.രാമചന്ദ്രന്‍,ടോണി..
    ....അത് ശൈലിയുടെ ഗുണം കൊണ്ടു കൂടിയാണ്.
    കള്ളനാണയങ്ങള്‍ അരങ്ങില്‍ തകര്ത്താടിയാലും അത് ക്ഷണി കമായിരിക്കും.

    ReplyDelete
  5. ഇതെങ്ങനെ വായിക്കണമെന്ന് ഒരു പ്രാവശ്യം വായിച്ചുകഴിഞ്ഞിട്ടും പിടികിട്ടീല്ല, അത്രയധികം കാര്യങ്ങൾ കുത്തിക്കേറ്റി വെച്ചിട്ടുണ്ടല്ലോ..! (പോരാഞ്ഞിട്ട് ഇന്നാള് ജെയിംസ് വുഡ്, വിത്സണെ ഉദ്ധരിച്ച് എഴുതിയപോലെ ഒടുക്കത്തെ 'Anthologizing'-ഉം.) എന്നാലും ഒരുപാടിഷ്ടായി, ആ ഭാഷാമരണം ഒഴിച്ചുള്ള കാര്യങ്ങൾ. [ഈ ബ്ലോഗിലെ മൊത്തം എഴുത്തിൽ എത്രയെണ്ണം ഈ വിഷയം പറയാനായി ഉപയോഗിച്ചു?] എന്റെ വെള്ളെഴുത്തേ, നിങ്ങൾ ഈ ലേഖനം വഴി കാണിക്കുന്ന കാര്യങ്ങൾ മാത്രം പോരെ അടുത്തകാലത്തൊന്നും മലയാളം ചാവില്ലാന്നുള്ളതിനു തെളിവായി?

    എന്തായാലും കുറിപ്പിനു നണ്രി.

    ReplyDelete
  6. നന്ദി ഈ പങ്കുവെക്കലിന്.
    “കല ഒരാശയം നൽകണമെന്ന വാശികളാണ് കുഴപ്പക്കാർ. അപ്പോൾ എല്ലാവർക്കും മനസ്സിലാകാതിരിക്കുകയാണ് നല്ലത്. എല്ലാവർക്കും മനസ്സിലാകുന്നതാണെങ്കിൽ പിന്നെയെന്തിന് എഴുതണം? എന്താണ് അതിന്റെ അപൂർവത? കവിതയ്ക്കു വേണ്ടി ജീവിച്ച കാലങ്ങൾ അപ്രസക്തമാവില്ലേ?”. ഈ വാശികളും കുഴപ്പക്കാര്‍ തന്നെ.
    പിന്നെ ‘തൂക്കം’ എന്ന കവിത. വിഷ്ണുമാഷ് പറയുന്നതുപോലെ എന്താണ് ഈ കവിതയിലെ ‘ദേശത്തിന്റെയും സംസ്കാരത്തിന്റെയും’ ഇത്ര വലിയ മുദ്ര?. ഒരു സമ്പന്ന ജന്മിയുടെ ഉറക്കമാണോ? അത് നല്ലൊരു കവിതയാണെന്നല്ലാതെ, രാജീവന്റെ മികച്ച കവിതയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

    ReplyDelete
  7. @പ്രമോദ്- ജന്മിയുടെ ഉറക്കം എന്ന വിഷയം(അതു തന്നെയോ വിഷയം?) കൈകാര്യം ചെയ്യുമ്പോഴും അത് ആവിഷ്കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച പദപ്രയോഗങ്ങളുടെ ഔചിത്യമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.ആ ഭാഷയിലുണ്ട് നാടിന്റെ മണവും കയ്യൊപ്പുകളും.അത് വായിച്ചിട്ടും പ്രമോദിന് അത് കിട്ടാതെ പോയോ? നല്ല കവിത എന്നു തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം കവിതകള്‍ രാജീവന്റേതായുണ്ട്.കവി എന്ന നിലയില്‍ കുറെക്കൂടി സൂക്ഷ്മത ഈ കവിതയില്‍ അദ്ദേഹം കാണിച്ചിട്ടുണ്ട്.അതുകൊണ്ട് പഴയ കവിതകള്‍ മറ്റു നിലയ്ക്ക് മെച്ചമല്ലെന്ന് വരുന്നില്ല.പക്ഷേ,പുതുകവികള്‍ നിശ്ചയമായും സ്വന്തം കവിതയുമായി തട്ടിച്ചുവായിക്കാന്‍ ഈ കവിത ഉപയോഗിക്കുന്നത് നന്നായിരിക്കും.

    ReplyDelete
  8. മുകളിലെഴുതിയ കമന്റ് എന്റെയാണ്

    ReplyDelete
  9. ലതീഷിനോട് എനിക്കു ചോദിക്കാനുള്ളത് ആദിവാസിയാവുക അവന്റെ ഇച്ഛയല്ല, സ്ത്രീയാവുക അവളുടെ ഇച്ഛയുമല്ല. സർക്കാർ എടുക്കുന്ന ഭൂമിയിൽ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്ന മനുഷ്യരുടെ ഇച്ഛയല്ല ഒഴിഞ്ഞുപോവുക എന്നത്. അവരും അവരുടെ തെരെഞ്ഞെടുപ്പ് അവരുടെ ഇച്ഛയല്ലാത്തതിൽ സ്വന്തം സ്വത്വങ്ങൾ വിട്ട് പൊതുവായതും ശ്രേഷ്ഠമായതും ആയ ഒന്നിൽ ലയിക്കണോ? സ്വന്തം സ്വത്വസംരക്ഷണത്തിനായി ചെറുത്തു നിൽക്കണോ? നശിച്ചുകൊണ്ടിരിക്കുന്ന ഭാഷാസമൂഹത്തിൽ (മലയാളം നശിക്കുകയാണെന്ന വാദത്തെ ഞാൻ സ്വീകരിക്കുന്നില്ല, എന്നാലും അങ്ങനെയുള്ള ഭാഷകളുണ്ട്) ജനിച്ചുപോയവന്റെ അവസ്ഥയും അതു തന്നെ. സ്ത്രീ, ആദിവാസി, കുടിയിറക്കുന്നവരുടെ അസ്വസ്ഥതകൾക്ക് തുല്യമായ ഭാഷാപരമായ വേവലാതികളിലുണ്ട്.
    മറ്റൊരു കാര്യം താങ്കൾ പറയുന്ന ‘ഈ ഞാൻ’. അത് ഊതി വീർപ്പിക്കപ്പെട്ട ഒന്നാണ്. അതു ഭൂമിയിൽ നിൽക്കുന്നതാണ് അല്ലാതെ ആകാശത്ത് പാറി നടക്കുന്ന ഒന്നല്ല. ഇത് ഊതി വീർപ്പിക്കാനുള്ള കാറ്റ് താങ്കൾക്ക് ലഭിച്ചത് ഇംഗ്ലീഷ്, ഫ്രെഞ്ച്, സ്പാനിഷ് തുടങ്ങിയ മൂന്നാം ലോകവാസിക്ക് ശ്രേഷ്ഠമായി തോന്നാൻ ഇടയുള്ള ഭാഷകളിൽ കൂടിയാണ്. ആദിവാസിഭാഷമാത്രം താങ്കൾക്ക് കൈമുതലായുണ്ടായിരുന്നെങ്കിൽ ‘എന്റെ തെരെഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തെ’ കുറിച്ച് താങ്കൾക്ക് ഇപ്പോഴുള്ള ഊറ്റം ഉണ്ടാവുമായിരുന്നില്ല.


    ദേശീയതയോ, മതമോ, രാഷ്ട്രീയമോ, വർഗമോ, ലിംഗമോ.... എന്തുകൊണ്ടാണ് താങ്കളുടെ സ്വത്വം അടയാളപ്പെടുത്തേണ്ടതെന്ന തീരുമാനം നിർണ്ണായകമാണ്. കൂടുതൽ അഭികാമ്യം ഭാഷാപരമായ സ്വത്വമാണ്. ഇതൊന്നും താങ്കളുടെ തെരെഞ്ഞെടുപ്പിന്റെ പരിധിയിൽ വരികില്ലെങ്കിൽ പിന്നെ താങ്കളാരാണ് എന്ന് പറയേണ്ടതുണ്ട്.

    തൊട്ടു താഴെ ഒരുത്തൻ എഴുതിവച്ചിരിക്കുന്ന പൊട്ടത്തരം കണ്ട് ചെടിപ്പോടെ എഴുതിപോയതാണ്. ആരെയും പഠിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല.

    ReplyDelete
  10. സുഭാഷ്,

    ആദിവാസിയായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആദിവാസിയായി നിലനില്‍ക്കണം. എവിടെ ജനിച്ചു എന്നതിനപ്പുറം എവിടെ നിലനില്‍ക്കണം എന്നതിലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കണം. അതായത്, മറ്റൊരു നിലനില്‍പ്പിനെ ചൂണ്ടിക്കാട്ടി ഞാന്‍ എന്തു ചെയ്യണം എന്നു പറയാന്‍ ആര്‍ക്കും യാതൊരു അവകാശവുമില്ല. ആദിവാസിയായ ഒരാളോട് പൊതുസമൂഹത്തിന്റെ ഭാഗമാകാന്‍ പറയുന്ന അതേ പ്രശ്നം തന്നെയാണ് അങ്ങനെയല്ലാത്ത ഒരാളോട് ആദിവാസിയാകാന്‍/ആദിവാസിയെപ്പോലെ ചിന്തിക്കാന്‍ പറയുന്നത്. എന്റെ ഊറ്റങ്ങള്‍ ഞാന്‍ തീരുമാനിക്കുന്നതാണ്. അങ്ങെനെയായിരുന്നുവെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്നത് എന്റെ പൊതുബോധത്തെ ബാധിക്കുന്ന പ്രശ്നമല്ല.

    എന്റെ ദേശീയതയും എന്റെ ഭാഷയും ഞാനാണ് തീരുമാനിക്കുന്നത്. നിങ്ങളുടെത് നിങ്ങളും. നിങ്ങളുടെ നിലനില്‍ക്കാനുള്ള/തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. അതില്‍ എല്ലാത്തരം ഐഡന്റികളും ഉള്‍പ്പെടും. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത് എന്ന വാദത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന വ്യക്തിത്വമില്ലാത്ത വ്യക്തിയായി തല്‍ക്കാലം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    ആരെയും ഒന്നും പഠിപ്പിക്കാന്‍ ആരും ആരുമല്ല ചങ്ങാതീ. താങ്കളുടെ ഐഡന്റിറ്റി താങ്കളുടെ കൈകളില്‍ ഇരിക്കട്ടെ, എന്റേത് എന്റെ കയ്യിലും. എല്ലാക്കാലത്തും എല്ലാവരും മറ്റുള്ളവര്‍ക്കുവേണ്ടി സംസാരിക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ/ ഇടയ്ക്കിടയ്ക്ക് സ്വന്തം കാര്യവും പറയാവുന്നതാണ്.

    നമ്മള്‍ തന്നെ ഉണ്ടാക്കിയ സ്റ്റേറ്റാണ് നമ്മളെ ഇറക്കിവിടുന്നതും വീട്ടില്‍ കയറി തല്ലുന്നതും. ഭരണകൂടം നമ്മളെയെല്ലാം സംരക്ഷിക്കും എന്ന മിഥ്യാബോധത്തിന്റെ ബാക്കി. അതിനു പുറത്ത് ഞാന്‍ എന്ന വ്യക്തിയെ നിര്‍ത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം. എന്നെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഏക ചോദ്യം.

    ReplyDelete
  11. മുകളിലെ കമന്റില്‍ അത്രയധികം ‘ഞാന്‍’ വന്നത് മനപ്പൂര്‍വമാണ്. ‘ഞാന്‍‘ എന്നതിലെ അലോസരം ഊതിവീര്‍പ്പിക്കപ്പെട്ട് അവിടെ തന്നെയിരിക്കട്ടെ !

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. @ലതീഷ് (ഓണ്‍ലി) 'കൂടുതല്‍ അഭികാമ്യം' എന്തെന്ന് ആരെങ്കിലും പറഞ്ഞുതന്നാല്‍ നിനക്ക് അനുസരിച്ചാല്‍ എന്താണ് കുഴപ്പം ?

    ReplyDelete
  14. sorry for manglish...

    oldvaasi eppozhum old vaasi aayi nilkkendathum chilarude aveshyam annu... :)

    As subhash rightly pointed out no one should be denied the power to choose. Not even the power to choose any other language than malayalam as the medium for studies or even as the first language.

    When someone demands that Malayalam should be imposed as first language throughout kerala, can you please explain how it can be considered as something democratic?

    ReplyDelete
  15. വെള്ളേ,

    Entirely off the topic : അന്ന് തുടങ്ങിയതും ലതീഷും ദാസപ്പനും മറ്റ് നീചന്‍സും ചേര്‍ന്ന് "ചവിട്ടി ഞെരിച്ച"തുമായ [;)] ഭാഷാ ചര്‍ച്ച ഒരു പ്രത്യേക പോസ്റ്റായി തുടങ്ങി വയ്ക്കണം. നിങ്ങള്‍ക്ക് പറയാനുള്ളത് ഇങ്ങനെ മുറിഞ്ഞും പിരിഞ്ഞും മറ്റ് വിഷയങ്ങളില്‍ ഇടകലര്‍ന്ന് വന്നാല്‍ പോരാ.

    സര്‍ക്കാരിനുള്ള കത്തുകള്‍ (പ്രത്യേക നിഷ്കര്‍ഷയില്ലാത്തിടത്തൊക്കെ) ഞാന്‍ മലയാളത്തിലാക്കിയേ ;)

    ReplyDelete
  16. Off too: സുരജ്, അതെവിടെ, ആ ചര്‍ച്ച? ലിംങ്കം?

    ReplyDelete
  17. ഇടക്കിടക്ക് സ്വന്തം കാര്യവും പറയാൻ കഴിയണമെന്നതിൽ തർക്കമേതുമില്ല. എന്നാൽ, സ്വന്തം കാര്യമേ പറയൂ എന്നു വന്നാലോ. പോരാത്തതിന് ഞാൻ എന്റെകാര്യം പറയുന്നത് നിന്റെ സ്വാതന്തൃം സംരക്ഷിക്കാനാണെന്നൊരു ഡാവും.

    പൊതുസമൂഹത്തിനെന്താ മെംബർഷിപ്പുണ്ടോ, ആദിവാസിയും അന്തവാസിയുമെല്ലാം ഈ പൊതു വിന്റെ ഭാഗമല്ലായെന്നുണ്ടോ. ഇനി അങ്ങനെയല്ലാ, നിനക്ക് നിന്റെ പൊതുസമൂഹം, എനിക്ക് എന്റെ പൊതു ഇവിടെ നമ്മുടെ ഭാഷയും ഭാവുകങ്ങളും ചേരൂല്ല എന്നാണെങ്കിൽ നമ്മടെ ഇന്നസന്റ് സ്റ്റൈലിൽ "കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് കുറേ കേട്ടിട്ടുണ്ട്" എന്നേ പറയാനുള്ളൂ.

    ആദിവാസി, മരപ്പണിക്കാരൻ.. ഹൊ എന്തൊരു condescension! മരപ്പണിക്കാരന്റെ സെൻസിബിലിറ്റിക്കെന്താ അറക്കപ്പൊടിയുടെ മണമുണ്ടോ? ( സോഫ്റ്റ്വെയർ എന്‌ജിനീയറെ വേണമെങ്കിൽ തികച്ചും അപകടകരമായ Binary ഭാവുകത്വത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാമെന്ന് മറക്കുന്നില്ല). Subaltern ഭാവുകത്വം, നമ്മുടെ ഭാഷയിൽ പ്രതിഫലിച്ചിട്ടില്ലായെന്നത് ശരിയാണ്. (അങ്ങനത്തൊരു ഭാഷ ചത്തുതുലയുന്നെങ്കിലെന്താണ്!) ഇവിടെ ഭാവുകത്വങ്ങളുടെ ഉൾപ്പെടുത്തലല്ല മറിച്ച്, എന്റെ പൊതു സമൂഹത്തിന് പുറത്തുള്ള നിനക്കൊക്കെ അവിടെ നിൽക്കാനുള്ള അവകാശം എന്റേതുമാണെന്ന ധൈഷണികമായ ധാർഷ്ട്യം, നിരാസത്തിന്റെ കുപ്പായമിട്ട് നിൽകുകയാണെന്നൊരു തോന്നലുണ്ടാകുന്നു. (എനിക്ക് Ayn Rand നെ ഓർമ്മവരുന്നു)

    ചുരുക്കിപ്പറഞ്ഞാൽ, ersatz intellectualism!
    ****
    വെള്ളെഴുത്തിന്,
    നല്ല പോസ്റ്റ്. താങ്കളുടെ kaleidoscopic writing ന് ഒരഴകൊക്കെയുണ്ട്. (പൊതിയാത്തേങ്ങകളുടെ മൊത്തക്കച്ചവടക്കാരനായിരുന്ന നമ്മടെ പഴേ സായിപ്പിന്റെയെഴുത്ത് kaleidoscopic എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്, താങ്കളതുപോലെയാണെന്നല്ല).
    താങ്കൾ തന്ന ലിങ്കുകളിലൊന്നിലൂടെ, അൻവറിനും ബ്ലോഗുണ്ടെന്നറിഞ്ഞ് അവിടെയൊക്കെപ്പോയി നോക്കി. (ഒരു പഴയ പരിചയക്കാരനാ അൻവറേ, ഇപ്പോ മനപൂർവ്വമായ അജ്ഞാതവാസം. തപ്പിപ്പിടിക്കാനൊന്നും മെനക്കെടേണ്ട, എന്നെക്കെട്ടില്ല)

    ReplyDelete
  18. Bystander,

    loved it, absolutely loved it.

    താങ്കള്‍ പറഞ്ഞതനുസരിച്ച് ആദിവാസിയും അന്തേവാസിയും പൊതു സമൂഹത്തിന്റെ ഭാഗമാണ് (ഞാന്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും). എങ്കില്‍ പിന്നെ എന്തിനാണ് സഖാവേ, ഇത്രവലിയ സ്വത്വ സംരക്ഷണ പ്രതിസന്ധി? പൊതു സമൂഹം എന്നടച്ചു ചിന്തിച്ചാല്‍ പോരേ. വ്യക്തിപരമായി എന്തെങ്കിലും പറയുന്നിടത്തു വന്ന് ‘ആദിവാസിയെക്കുറിച്ച് നിലപാടു വ്യക്തമാക്കിയിട്ടു മതി നിന്റെ ധൈഷണിക ധാര്‍ഷ്ട്യം‘ എന്ന് അലമുറയിടുന്നതെന്തിനാണ്?.

    ---
    ഗോള്‍വാകറുടെ ഭാഷയില്‍ ചുരുക്കിപ്പറഞ്ഞാല്‍ കള്‍ചറല്‍ നാഷണലിസം.

    I love that kind of rhetoric :)

    ReplyDelete
  19. ഗോല്‌വാക്കറോ? ഇതെവിടെ നിന്ന് വായിച്ചെടുത്തൂ താങ്കൾ? ഇനി ഞാനെഴുതിയതിന്റെ കുഴപ്പം വല്ലതുമാണോ? (വല്യ ഭാഷാസ്വാധീനമൊന്നുമില്ല. ആ കമന്റ് തന്നെ എഴുതിയൊപ്പിക്കാൻ ഞാൻപെട്ട പാടോർക്കുമ്പോ എഴുത്തുകുഴപ്പമാകാനേ തരമുള്ളൂ). എന്തായാലും താങ്കളുടേത് ഒരു Facetious remark ആയി കാണാൻ കഴിയുന്നില്ല. എനിക്കത് തികച്ചും അപമാനകരമാണ്.

    താങ്കൾതന്നെ ആദ്യം സഖാവേയെന്നു വിളിച്ച് സ്വത്വസംരക്ഷണമെന്നൊക്കെ സൂചിപ്പിച്ചു. എന്നിട്ടൊടുവിൽ ലങ്ങേരുടെ ഭാഷയും കണ്ടെത്തി. കടവുളേ, എനിക്കിത്രയും ബഹുസ്വരതയോ!!!
    എന്നാപ്പിന്നെ കുറച്ച് വിശദീകരണമൊക്കെയാകാമെന്ന് കരുതുന്നു. ആർക്കും എങ്ങനെവേണമെങ്കിലും വായിച്ചെടുക്കാമല്ലോ. :)

    Ideology യുടെ കട്ടപ്പൊക കണ്ടെന്നും, അതുകൊണ്ട് തന്നെ ബൃഹദാഖ്യാനങ്ങൾക്ക് (ചില ബൃഹദാഖ്യാനങ്ങൾ എന്ന് പറയുന്നതാണ് ശരി) ഇനി നിലനിൽപില്ലായെന്നും പറയുന്നവരുടെ കൂട്ടത്തിലല്ല ഞാൻ. ഈ നിലപാട്തറയാണ് എന്റെ പൊതുസമൂഹമെന്ന ധാരണയുടെ ഉപ്പ്. ആദിയും അന്തവുമെല്ലാം (താങ്കൾ വായിച്ച്തുപോലെ "അന്തേവാസി" യെന്നല്ല) എനിക്കീ വ്യാഖ്യാനത്തിന്റെ ഭാഗമായേ കാണാൻ കഴിയൂ എന്നു മാത്രമല്ല, സ്വത്വരാഷ്ട്രീയം നവമുതലാളിത്തത്തിന്റെ കലക്കൻ നിർമ്മിതിയാണെന്നും ഞാൻ തിരിച്ചറിയുന്നു. ഇത് ആശയപരമായിത്തന്നെ നേരിടേണ്ട സംഗതിയാണ്. Computers, Machine Language എന്നിവയിലൂടെ ബാഹ്യവത്കൃതമായ അറിവ് (Lyotard) വിമോചന സങ്കൽപങ്ങൾക്കെതിരാണെന്നും, അതുകൊണ്ട്തന്നെ, metanarrative (=Marxism; എന്ന് ഞാൻ വായിക്കുന്നത് ചിലപ്പോൾ ഇതിന്റെ ദാർശനിക മാനങ്ങൾ മുഴുവനുമറിയാത്തതുകൊണ്ടാകാം, ക്ഷ്മിക്കുക) ന് യാതൊരു പ്രസക്തിയുമില്ലെന്നുമുള്ള ഉത്തരാധുനിക വീക്ഷണത്തെക്കുറിച്ചുള്ള കേട്ട്കേൾവിയാണ് ഞാൻ അപകടകരമായ Binary Sensibility എന്ന് ബ്രാക്കറ്റിലെഴുതാൻ കാരണമായത്. എന്നാൽ സ്വത്വരാഷ്ട്രീയവാദിയാണെന്ന തെറ്റിദ്ധാരണ ഒരുതരത്തിലുമുണ്ടാകാതിരിക്കാനാണ് Subaltern എന്ന പോസ്റ്റ് കൊളോണിയൽ പ്രയോഗമെഴുതിയത്. By speaking out and reclaiming a collective cultural identity, subalterns will in fact re-inscribe their subordinate position in society എന്ന് ഗായത്രി സ്പിവാക് എഴുതിയത് ശരിയാണെന്ന് എനിക്ക് വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ. അവരെ അങ്ങനെതന്നെ നിലനിർത്തേണ്ടത് സ്വത്വരാഷ്ട്രീയത്തിന്റെയും അതുവഴി നവമുതലാളിത്തതിന്റേയും ആവശ്യമാണ്. (ഇതുതന്നെ, ഇവിടെ കമന്റെഴുതിയ Calvin സൂചിപ്പിക്കുന്നുണ്ട്.) അതുകൊണ്ട് തന്നെ ഞാനൊരിക്കലും ആദിവാസിനയം വ്യക്തമാക്കണമെന്ന് അലമുറയിടില്ല. താങ്കൾക്കങ്ങനെ തോന്നിപ്പിച്ചത് എന്റെ കൈക്കുറ്റപ്പാട്. The keyword was “ condescension”. അത് libertarianism പോലെയുള്ള laissez faire capitalist പദ്ധതിയുടെയോർമയുയർത്തി. Ayn Randനെ സൂചിപ്പിച്ചതതിനാലാണ്.

    ഇവിടെപ്പറഞ്ഞ പലകാര്യങ്ങളിലുമുള്ള എന്റെ അറിവ് വെറും തുച്ഛമാണ്. അതുകൊണ്ട് എന്റെ വ്യാഖ്യാനങ്ങൾ പൂർണമല്ലായിരിക്കാം, എന്നാലൊന്നെനിക്കുറപ്പുണ്ട്, കൾച്ചറൽ നാഷണലിസം പോലെയൂള്ളൊരു racial agenda എന്തായാലും എന്റെചിന്തയിലോ ഭാഷയിലോ വരില്ല.

    ReplyDelete
  20. മലയാളഭാഷാസ്നേഹി? ഗുപതന്റെ പ്രയോഗ്ഗം കലക്കി. ഫെഞ്ചോ സ്പാനിഷോ അറിയാത്തത് കൊണ്ട് മലയാളത്തിൽ എഴുതേണ്ടി വന്ന വില്ലന്മാരുടെ അടുത്താണ് കളി. വിവർത്തനസ്വഭാവമുള്ള രചനകൾ എഴുതേണ്ടി വരുന്ന ബ്ലോഗ്ഗികൾക്ക് ഇതിനേക്കാൾ നല്ല അടി കിട്ടാനില്ല.പുലികൾ ക്ഷമി.

    ReplyDelete
  21. തല്ലിക്കൊന്നാലും ചാവാത്ത പെരുമ്പാമ്പായ മലയാളഭാഷയെ കൊന്നേ തീരൂന്ന് കുറേപ്പേർ തീരുമാനിച്ചാപ്പിന്നെ അതങ്ങ് ചത്തോട്ടേന്ന് വിചാരിച്ചാപ്പോരേ?

    ReplyDelete
  22. ഉറുമ്പരിക്കാന്‍ തുടങ്ങിയല്ലോ!!!

    ReplyDelete
  23. പ്രോഫറ്റേ,

    ആ ചര്‍ച്ച തമ്പാനൂരെ ഒരു ഹോട്ടല്‍ മുറിയുടെ "നാലു ചുവരുക‍ളും" പിന്നെ ഒരു നട്ടപ്പാതിരയില്‍ കോവളം കടപ്പുറത്തെ കാറ്റുകളും ചേര്‍ന്ന് തിന്നുകളഞ്ഞു - ലിങ്കം തരാന്‍ ഒരു സമയസഞ്ചാരിക്കും പറ്റാത്തവിധം ;))

    അതാണ് ഈ മനുഷ്യനോട് പിന്നേം പറഞ്ഞുകൊണ്ടിരിക്കുന്നത് അതേപ്പറ്റി സീരിയസായി (pun intended) എഴുതാന്‍.

    ReplyDelete
  24. @ വിഷ്ണുമാഷ്: ‘തൂക്കം’ എന്ന കവിതയുടെ എല്ലാ ശക്തിയും തൂക്കം എന്ന വാക്കിന്റെ സാധ്യതയുടെ ഉപയോഗപ്പെടുത്തലിലാണ്. ഉറക്കം ‘തൂങ്ങുക’എന്നതിനെ ത്രാസിലെ തൂങ്ങലുമായി ബന്ധിപ്പിക്കുന്നതാണ് ഈ കവിതയുടെ ശക്തിയായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ‘ശങ്കരമ്മാവന്റെ’ഉറക്കത്തിനുമുമ്പത്തെ ദിനചര്യകളിലുള്ള നാട്ടുമണം, സംസ്കാരം എന്നിവയേക്കാള്‍ ശക്തി ‘അങ്ങേത്തട്ടിലുള്ളത്/ആരോ പെട്ടെന്ന് എടുത്തുമാറ്റിയ/ ത്രാസിന്റെ/ ഇങ്ങേത്തട്ടുപോലെ” എന്ന വരികള്‍ക്കാണ് എന്ന തോന്നല്‍ കാരണമാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്.:)

    ReplyDelete
  25. പുരുഷന്‍ സ്ത്രീയില്‍ നിന്ന് അവളുടെ വാക്കും വികാരവും എടുത്ത് മാറ്റുന്ന പോലെ..

    ReplyDelete
  26. പുരുഷന്‍ സ്ത്രീയില്‍ നിന്ന് അവളുടെ വാക്കും വികാരവും എടുത്ത് മാറ്റാന്‍ ശ്രമിക്കുന്ന പോലെ..

    ReplyDelete