കേരളവർമ്മ പഴശ്ശിരാജയുടെ തിരക്കഥയിൽ, തലയ്ക്കൽ ചന്തുവിനെ തൂക്കിക്കൊല്ലുന്നിടത്ത് പ്രകൃതി പ്രതികരിക്കുന്നു എന്നൊരു വാക്യമുണ്ട്. ചന്തു കാടിന്റെ മകനാണ്. ചന്തുവിന്റെ കൊല അനീതിയുമാണ്. കൊല, ബ്രിട്ടീഷ് അധികാരികളും അവരുടെ അനുകൂലികളും ചന്തുവിനോട് അനുഭാവമുള്ളവരും നോക്കിനിൽക്കേയാണ്. സ്വാഭാവികമായും പ്രതിഷേധമാവാനും സഹാനുഭൂതമാവാനും കഴിയുന്ന മഴ അവിടെ വന്നു. കൂടെ കാറ്റും ഇടി മിന്നലും. ചിത്രത്തിൽ തൂക്കിക്കൊലയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിക്കും മുൻപ് തന്നെ കാറ്റടിച്ചു തുടങ്ങുന്നുണ്ട്. ശബ്ദത്തിന് സ്വഭാവമുണ്ട്. ക്യാമറയിൽ ചന്തുവിന്റെ മുഖം തെളിയുമ്പോഴുള്ള കാറ്റിന്റെ മുഴക്കമല്ല, ബ്രിട്ടീഷധികാരിയുടെ മുഖത്തൂതുന്ന കാറ്റിന്. തൂങ്ങിയാടുന്ന ചന്തുവിന്റെ ദേഹത്തിലൂടെ തഴുകി ഒഴുകുന്ന മഴയല്ല, വെള്ളക്കാരന്റെയും അവന്റെ സിൽബന്തികളുടെയും മുഖത്തടിക്കുന്ന ശല്യക്കാരനായ മഴ. കാണുന്ന മഴയല്ല, നാം കേൾക്കുന്ന മഴ. പലതരത്തിലുള്ള മഴശബ്ദത്തിന്റെ അറുപതു ലയറുകളുടെ മിശ്രണമാണ് രണ്ടോളം മിനിട്ടു നീണ്ട ആ രംഗത്തിൽ മഴയുടെ വിവിധസ്ഥായികളായി നമ്മൾ കേട്ടത്. (അല്ലെങ്കിൽ വേണ്ടവിധം കേൾക്കാതിരുന്നത്..) പലയാവൃത്തികളിൽ കവിഞ്ഞൊഴുകുന്ന ശബ്ദം കേട്ടിട്ട് ഹരിഹരൻ പറഞ്ഞു , ആ ഇതു വയനാട്ടിലെ മഴപോലെ തന്നെയാണല്ലോ എന്ന്. മഴയൊച്ചകളുടെ ഓർമ്മകൾ, നിർണ്ണായക സമയങ്ങളിൽ ശബ്ദങ്ങളെ പുനർജ്ജീവിപ്പിക്കാൻ ഓർക്കാപ്പുറത്തു കൂട്ടുവരുന്നതെങ്ങനെ എന്നു പങ്കു വച്ചത് റസൂൽ പൂക്കുട്ടിയാണ്. ഇതു മാത്രമല്ല. കുട്ടിക്കാലത്ത് അങ്ങനെ കേട്ടുമറന്നുപോയ അനേകം ഒച്ചകൾ. (“ഒരു സൌണ്ട്മാൻ എന്ന നിലയിൽ എന്റെ ശക്തി കിടക്കുന്നത് എന്റെ തനി നാടൻ ബാല്യകാല പശ്ചാത്തലത്തിലും കൂക്കിവിളിച്ചു നടന്ന കോളേജു ജീവിതത്തിലുമൊക്കെയാണ്”) )കുട്ടികൾ ഊഞ്ഞാലാടുന്ന കയറിന്റെ കിരുകിപ്പില്ലേ, അത് എത്ര തൂക്കുകയറുകളുടെ വിഷ്വലുകളിൽ കയറി വന്നിട്ടുണ്ടാവും! ‘ബ്ലൂ’ (സംവിധാനം ആന്റണി ഡിസൂസ) എന്ന ബോളിവുഡ് ബിഗ് ബഡ്ജറ്റിലെ കടലിനടിയിലെ ശബ്ദത്തിനും റസൂലിന്റെ ശൈശവ സ്മരണയിലേയ്ക്ക് ഒരു നേർപ്പാലമുണ്ട്. കാതിൽ ചൊറിച്ചിലുണ്ടാകുമ്പോൾ ഉമ്മ ചെയ്ത ഒരു നാട്ടുമരുന്ന്. വറ്റൽ മുളകിന്റെ അല്ലികൾ കുടഞ്ഞുകളഞ്ഞിട്ട് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കാതിലൊഴിച്ചതിനു ശേഷം കേൾക്കുന്ന ശബ്ദത്തിന്റെ കട്ടിയുണ്ടല്ലോ- തിക്ക്നെസ്സ്- അതാണ് കടലിനടിയിലെ ശബ്ദത്തിൽ റസൂൽ പുനരാവിഷ്കരിച്ചത്.
‘ബ്ലാക്കി’ലെ (സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമ) അന്ധയും ബധിരയും മൂകയുമായ നായികയുടെ ശബ്ദലോകം എങ്ങനെ അനുഭവേദ്യമാക്കാം എന്നത് സംവിധായകനെപ്പോലെ ശബ്ദശില്പിയ്ക്കും വെല്ലുവിളിയായിരുന്നത്രേ. അപ്പോഴും ബാല്യകാലത്തെ ഒരോർമ്മയാണ് സഹായത്തിനെത്തിയത്. അന്ധർ ഒന്നും കാണാതിരിക്കുന്നില്ല. ബധിരർ ഒന്നും കേൾക്കാതിരിക്കുന്നില്ല. മൂകർ ഒരു ശബ്ദവും ഉണ്ടാക്കാതിരിക്കുന്നില്ല. കണ്ണുകാണാൻ വയ്യാത്ത ഒരാളുടെ മുഖത്തേയ്ക്ക് ടോർച്ചു പായിച്ചിട്ട് എന്തായിരുന്നു അനുഭവം എന്നു ചോദിച്ചപ്പോൾ മുന്നിൽ എന്തോ വെള്ള സാധനം ആടുന്നതുപോലെ തോന്നി എന്നായിരുന്നു മറുപടി. അപ്പോൾ ഒച്ച. ശംഖെടുത്ത് കാതിനടുത്തു പിടിക്കുമ്പോഴുള്ള മുഴക്കമില്ലേ, അതാണ് വേണ്ടത് പക്ഷേ അതു സൃഷ്ടിക്കാൻ റസൂൽ ആലോചിച്ചുണ്ടാക്കിയ വഴിയിലാണ് സർഗാത്മകത. വേണ്ടുന്ന ഒച്ചകളെ അതതു സന്ദർഭത്തിൽ വച്ച് ലൈവായി തന്നെ ലേഖനം ചെയ്യുക. എന്നിട്ട് അതിൽ നിന്ന് ജൈവികമായ- കേട്ടാൽ തിരിച്ചറിയാൻ കഴിയുന്ന ശബ്ദങ്ങളെ, ഉദാഹരണത്തിന് കിളിയുടെ കരച്ചിൽ, വാഹനത്തിന്റെ മുരളൽ, മനുഷ്യരുടെ ശബ്ദങ്ങൾ തുടങ്ങിയവയെ- മായ്ച്ചുകളയുക. അവശേഷിക്കുന്നത് ഒരു മുഴക്കമായിരിക്കും. പക്ഷേ ആ മുഴക്കത്തിന് സന്ദർഭവുമായി ഇണങ്ങുന്ന ഭാവാത്മകതയുണ്ടായിരിക്കും. ആ സിനിമയിൽ കോളേജ് പ്രവേശനത്തിനുള്ള അഭിമുഖത്തിനു ചെന്നിരിക്കുന്ന പെൺകുട്ടിയോട് - റാണി മുഖർജിയോട്- അഭിമുഖക്കാർ ചോദിക്കുന്ന ചോദ്യത്തിലൊന്ന് ഭൂഖണ്ഡങ്ങൾ എത്രയെന്നാണ്. അവർക്ക് അവളെപ്പറ്റി യാതൊരു പ്രതീക്ഷയുമില്ല. അന്ധയും ബധിരയും മൂകയുമായ ഒരു കുട്ടിയ്ക്ക് ഭൂഖണ്ഡങ്ങളുടെയോ സമുദ്രങ്ങളുടെയോ എണ്ണം പരയാൻ കഴിയില്ല. നമ്മൾ ഇരിക്കുന്നതിന്റെ വലതു ഭാഗത്താണോ ഇടതുഭാഗത്താണോ അമേരിക്ക എന്നു പറയാൻ കഴിയില്ല. ഈ സമയത്ത് അവൾക്കു പിറകിൽ ദൂരെ ആകാംക്ഷാഭരിതനായി അതിലേറെ ഉത്കണ്ഠിതനായി ഇരുന്നിരുന്ന അവളുടെ അദ്ധ്യാപകൻ മി.സഹായ്- അമിതാഭ് ബച്ചൻ- ഹൃദയത്തിന്റെ ഭാഗത്ത് കൈവച്ച് അഞ്ച് എന്ന് നിശ്ശബ്ദനായി പറയുന്നുണ്ട്. അപ്പോഴാണത്, എല്ലാ നാദങ്ങളും നിലച്ച് ശംഖിന്റേതുപോലൊരു മുഴക്കം, അവളെയും കടന്ന് തുപ്പലു വറ്റിയ തൊണ്ടകളുമായി ഇരുട്ടിൽ ശ്വാസം പിടിച്ചിരിക്കുന്ന നമ്മളെയും വന്നു തൊടുന്നത്. അവൾ തന്നെ പിന്നീട് പറഞ്ഞതുപോലെ ‘അറിവ്, എനിക്ക് എന്റെ ഗുരുനാഥനാണ്’. അവിടെ ഗുരുവും ശിഷ്യയും തമ്മിൽ ഒരു അദൃശ്യമായ സംവേദനമാണ് നടന്നത്. പക്ഷേ അതിന്റെ ഭാഷയെന്താണ്, അതിന്റെ നാദം എന്താണ്...അതിപ്രാചീനമായൊരു മുഴക്കമായി അതു വിഭാവന ചെയ്യപ്പെട്ടിരിക്കുന്നു. തനിക്ക് ഭാഷകളെല്ലാം അവയുടെ ശൈലീ ഭാഷാഭേദങ്ങളുൾപ്പടെ ശബ്ദത്തിന്റെ ചെറിയ ചെറിയ യൂണിറ്റുകളാണ് എന്നാണ് റസൂൽ പറയുന്നത്. അതൊരു സമാന്തരലോകമാണ്. കവിയ്ക്ക് രൂപകങ്ങളും ചിത്രങ്ങളും മറ്റൊരു ഭാഷയാണെങ്കിൽ ശബ്ദശില്പിയ്ക്ക് ഒച്ചകളാണ് ഭാഷ. അതിലൂടെ അയാൾ സംവദിക്കുന്നു. നഗ്നപാദന്റെ ഒച്ചയല്ല ബൂട്ടിന്റേത്, അതല്ല പട്ടുടുപ്പിന്റെ ഉലച്ചിലിനുള്ളത്. തലകുനിച്ചിരിക്കുന്നവൾ ഉച്ചരിക്കുന്ന സ്വരമല്ല, കണ്ണുരുട്ടുന്നവന്റെ സ്വരം. ശബ്ദങ്ങൾക്ക് സ്വഭാവമുണ്ട്.
പലതരം മിശ്രണങ്ങളുടെ കലയാണ് ചലച്ചിത്രം. സംവിധായകന്റെ തെരെഞ്ഞെടുപ്പിലുള്ള കാഴ്ചകൾ തിരിച്ചറിയാൻ നമ്മൾ ശ്രമിക്കാറുണ്ട്. അവയെ വിശകലനം ചെയ്യാറുണ്ട്. ജനപ്രിയ സിനിമകൾ അതിവാചാലമായതോടെ കണ്ണിന്റെ കല മാത്രമാണു സിനിമ എന്ന ധാരണ നമ്മൾ ഗൌരവപൂർവം വികസിപ്പിച്ചെടുത്തു. കാത് അപകൃഷ്ടമായ ഒരിന്ദ്രിയമായി. ഇന്നും അതേ. സൂക്ഷ്മതകൾ കൊണ്ടല്ല.. എട്ടും പത്തും പടുകൂറ്റൻ സ്പീക്കറുകൾ നിരത്തിയും മേൽക്കുമേൽ വച്ചുമാണ് നാം കാതുകളെ പോറ്റുന്നത്. ആർട്ട് സിനിമകൾ എന്ന ലേബലുള്ള മലയാളം സിനിമകളൊക്കെ സിനിമ കേൾക്കാനുള്ളതല്ലെന്നല്ലേ പറഞ്ഞു തന്നത്. എത്രസമയം കഴിഞ്ഞാണ് അവയിൽ ചിലതിലെ കഥാപാത്രങ്ങൾ ഒരു വാക്യം മൂളുന്നത് ! ശബ്ദരേഖയ്ക്ക് ഇടം നൽകിയ സിനിമകളൊക്കെ തറയാണെന്ന് ഒരു വിശ്വാസം നമുക്കിടയിലുണ്ട്. ശബ്ദത്തിന്റെ വാസ്തുവിന് - ശബ്ദം ഉചിതമായി മിശ്രണം ചെയ്യുക മാത്രമല്ല, എങ്ങനെ രൂപകൽപ്പന ചെയ്യണമെന്ന്, എങ്ങനെ മാനിപ്പുലേറ്റ്
ചെയ്യണമെന്ന്, പ്രത്യേക സാഹചര്യത്തിൽ ശബ്ദങ്ങൾ എങ്ങനെ കേൾക്കപ്പെടണമെന്നും എന്തൊക്കെ അതിൽ കൂടിക്കലരണമെന്നും ഒക്കെയുള്ള ആസൂത്രണം- ആർട്ട് സിനിമകളിലെങ്കിലും സ്ഥാനം കിട്ടിയോ എന്നു സംശയം. (ജനപ്രിയ സിനിമകളിൽ ആ വഴിയ്ക്ക് ചില ആലോചനകൾ എങ്കിലും നടന്നിട്ടുണ്ട്) എങ്കിലും തീരെ ഇല്ലെന്നു പറഞ്ഞുകൂടാ. കൊടിയേറ്റത്തിൽ ഗോപി ചോറുണ്ണുന്നതിനിടയിൽ കല്ലു കടിക്കുന്ന ഒരു കാഴ്ചയുണ്ട്. സ്വാഭാവികമായും അനുഭവിക്കുന്നവൻ മാത്രം അറിയുന്ന ശബ്ദം. പക്ഷേ അസ്വാരസ്യം അനുഭവിക്കണമെങ്കിൽ ആ ശബ്ദം കാഴ്ചക്കാരും കേൾക്കണം. മലയാളത്തിന്റെ സ്വന്തം സൌണ്ട് ഇഞ്ചിനീയർ, മരിച്ചുപോയ ദേവദാസ്, ഉണങ്ങിയ ഈർക്കിലൊടിച്ചാണ് ആ നേർത്ത ഒച്ചയുണ്ടാക്കി സിനിമ കണ്ടിരിക്കുന്നവന്റെയും വാ പൊളിപ്പിച്ചത് ! ‘ഡീപ്’ എന്ന സിനിമയിൽ വെള്ളത്തിനടിയിലുള്ള അടിപിടികളിൽ ശബ്ദം ഉറച്ചു കേൾക്കാം. സാധാരണ വെള്ളത്തിനടിയിൽ അത്ര ഒച്ചയിൽ ശബ്ദം കേൾക്കുക സാധ്യമല്ല. പക്ഷേ ഇടികളെല്ലാം നിശ്ശബ്ദമായാൽ രംഗത്തിന്റെ കൊഴുപ്പു പോകും.
സ്ലം ഡോഗ് മില്ല്യണയറിലെ കലാപരംഗമാണ് സൌണ്ട് സ്കേപ്പ് നിർമ്മാണത്തിന്റെ നല്ലൊരു മാതൃക. തീവണ്ടി ശബ്ദത്തൊടെ പോകുന്നതാണ് ആ രംഗത്തിന്റെ തുടക്കത്തിൽ നാം കാണുന്നത്. കുറച്ചു ദൂരെയെത്തിക്കഴിയുമ്പോൾ അതിന്റെ കൂവൽ ദൂരെയായി തന്നെ കേൾക്കുന്നു. സ്റ്റേഷനെതിരെയുള്ള ചേരിയിൽ ആളുകൾ അലക്കുകയും കുട്ടികൾ വെള്ളത്തിൽ കളിക്കുകയും ചെയ്യുന്നതിലേയ്ക്കാണ് തുടർന്ന് ക്യാമറ നീങ്ങുന്നത്. കുട്ടികളെ വാത്സല്യത്തോടേ നോക്കി തുണിയലക്കുന്ന ജമാലിന്റെ അമ്മയുടെ വീക്ഷണത്തിലൂടെ, തീവണ്ടി പുറപ്പെട്ടു പോയതിന്റെ പിന്നാലേ ആളുകൾ സ്റ്റേഷനിൽ നിന്ന് കൂട്ടത്തോടേ ചേരിയിലേയ്ക്ക് ആയുധങ്ങളുമായി പാഞ്ഞു വരുന്നതു നാം കാണുന്നു. ഈ സമയം കളിച്ചുകൊണ്ടിരുന്ന ജമാൽ വെള്ളത്തിൽ തലമുക്കുന്നു.അപ്പോൾ പെട്ടെന്ന് നിശ്ശബ്ദതയാകുന്നു. വെള്ളത്തിനുള്ളിൽ ഒന്നും കേൾക്കാൻ പറ്റില്ലല്ലോ. അവൻ നിവരുമ്പോഴേയ്ക്കും കലാപകാരികൾ ചേരിയിലെത്തിക്കഴിഞ്ഞു. തുടർന്നു ശബ്ദങ്ങളുണ്ട് പക്ഷേ കാതിലൂടെ ഊർന്നു വീഴുന്ന വെള്ളത്തിലെന്നവണ്ണം അവ്യക്തം. അവന്റെ അമ്മയെ അടിച്ചു വീഴുത്തുന്ന ഒച്ച ഉൾപ്പടെ കേൾക്കുന്നതെല്ലാം അവ്യക്തമാണ്. പെട്ടെന്ന് കുട്ടികൾക്ക് കാര്യത്തിന്റെ ഗൌരവം മനസ്സിലാവുന്നു. അവർ കരയേറി ഓടി രക്ഷപ്പെടാൻ പഴുതുനോക്കുന്നിടത്ത് സംഗീതം - പിയാനോ മാത്രം- മെല്ലെ ഉയർന്നു തുടങ്ങുന്നു. അതിന്റെ ചീളുകൾക്കിടയിലൂടെയാണ് ജമാൽ മരിച്ചു കിടക്കുന്ന അമ്മയെ കാണുന്നത്. ചീട്ടുകളിക്കുന്ന പോലീസുകാരുടെ അടുത്തും രാമന്റെ വേഷം കെട്ടി നിൽക്കുന്ന കുട്ടിയുടെ അടുത്തും അവർ ചെല്ലുന്നതുവരെ പശ്ചാത്തലത്തിൽ കലാപത്തിന്റെ അവ്യക്തമായ മുഴക്കങ്ങൾക്കും ഒച്ചകൾക്കുമൊപ്പം ക്രമമായി ഉയർന്നു വരുന്ന പിയാനോയുടെ ദ്രുതതാളമാണ്. അപ്പോഴാണ് ദേഹം മുഴുവൻ കത്തിയ നിലയിൽ ഒരാൾ കുട്ടികളുടെ മുന്നിലൂടെ വേച്ചു പായുന്നത്. അവിടെ വച്ച് സംഗീതം പെട്ടെന്ന് രൂപം മാറുന്നു. ഇപ്പോൾ വാദ്യങ്ങൾ കൂടിക്കലരുന്നു. വേഗതയാണ് ലക്ഷണം. അതുവരെ കുട്ടികൾ രക്ഷതേടാൻ അലയുകയായിരുന്നു. തങ്ങളെ തങ്ങൾ തന്നെയാണ് രക്ഷിക്കേണ്ടതെന്ന ബോധം അവർക്കുണ്ടാകുന്നതിന്റെ പ്രത്യക്ഷീകരണമാണ് ഉയരുന്ന സംഗീതം. അതുവരെ ജമാലിന്റെ കേൾവിയായിരുന്നു കാണികളുടെ കേൾവി. അവിടെ വച്ച് നമ്മൾ കലാപത്തിന്റെ ഉള്ളിലാവുന്നു. രക്ഷപ്പെടാനുള്ള ഓട്ടം നമ്മുടേതു കൂടിയാവുന്നത് ആ സംഗീതത്തിന്റെ ഉള്ളിൽ പ്പെട്ട് നമ്മൾ ഒന്ന് എഴുന്നേറ്റിരിക്കുന്നതു കൊണ്ടാണ്. ആ ഈണവും അനുബന്ധ ഒച്ചകളും അവസാനിക്കുന്നത് സ്റ്റൂഡിയോയിലിരിക്കുന്ന ജമാലിന്റെ ദൃശ്യത്തിലാണ്. സ്ക്രീനിന്റെ ഇടതുഭാഗത്തു നിന്നും അവന്റെ ചിത്രം മധ്യത്തിലേയ്ക്ക് നീങ്ങി വരുമ്പോഴേയ്ക്ക് ഒരദ്ഭുതം സംഭവിക്കുന്നുണ്ട്. രക്ഷപ്പെടാൻ എലികളെപ്പോലെ പാഞ്ഞ കുട്ടികളുടെ വേവലാതി ചിത്രീകരിക്കാൻ സംഗീതത്തിൽ എന്തെല്ലാം കൂട്ടിക്കലർത്തിയോ അതെല്ലാം ഓരോന്നോരാന്നായി മായ്ച്ച് മായ്ച്ച് അവസാനം ബീറ്റ് മാത്രമായി, ഹൃദയതാളം മാത്രമായി ചുരുങ്ങി ചുരുങ്ങിയാണ് ഒടുവിൽ അത് ജമാലിന്റെ വർത്തമാനകാലത്തിലേയ്ക്ക് എത്തുന്നത്. ജീവിതം തിരുകി വച്ച ഉത്തരങ്ങളാണ് അവൻ സ്റ്റൂഡിയോയിൽ ഇരുന്ന് പറയുന്നത്. അമ്മയെ കൊന്ന ഒരു ലഹളയുടെ ഓർമ്മയാകുന്നു തന്റെ ഹൃദയമായിരുന്ന് ഇന്നും മിടിക്കുന്നതെന്ന കഥാപാത്രത്തിന്റെ യഥാർത്ഥ്യത്തിന് ശബ്ദങ്ങളുടെ ഭാഷ്യം !
അക്കാദമി തനിക്ക് ഓസ്കാർ തന്നത് പരിപൂർണ്ണമായ വർക്കിന്നല്ലെന്നും സാങ്കേതികമായി തികവില്ലാതെ ശബ്ദങ്ങളെ കൂട്ടിക്കലർത്തി സിനിമയിൽ ഉപയോഗിച്ചതിനാണെന്നും റസൂൽ പൂക്കുട്ടി എഴുതിയിട്ടുണ്ട്. തീർത്തും പ്രൊഫഷനല്ല അതിലെ റിക്കോഡിംഗ്. പക്ഷേ അതു നന്നായി സിനിമയുമായി ഒത്തുപോയി. സ്ലംഡോഗിലെ സീനുകളിലെ ശബ്ദങ്ങലെല്ലാം തത്സമയം ചിത്രീകരിച്ചതാണ്. അപൂർവം ചിലയിടത്ത് മാത്രമാണ് ഡബ്ബിംഗ്. രണ്ടുകോടിയുടെ അവസാനത്തെ ചോദ്യമുണ്ടല്ലോ. ജമാൽ തന്റെ സഹോദരനെ വിളിക്കണം എന്നാവശ്യപ്പെടുന്നത്. ഫോൺ റിംഗു ചെയ്തിട്ടും ആരും എടുക്കില്ല. ‘രണ്ടു കോടിയുടെ ചോദ്യം വരുമ്പോൾ മൂത്രമൊഴിക്കാൻ പോകുന്ന സഹോദരനാണൊ നിനക്കുള്ളത്’ എന്നൊരു പുച്ഛച്ചോദ്യമുണ്ട് അവിടെ അനിൽ കപൂറിന്. അപ്പോഴേയ്ക്കും ജമാലിന്റെ ചേട്ടൻ സലീം ഫോൺ ലതികയ്ക്കു കൊടുത്ത് അവളെ രക്ഷപ്പെടാൻ സഹായിച്ചിരുന്നു. ട്രാഫിക്കിൽപ്പെട്ട് കാർ നിർത്തിയ ലതിക വഴിവക്കിലെ ടി വിയിൽ ജമാലിനെ കാണുന്നു. അവൾ കാറിൽ മറന്നു വച്ച ഫോൺ തിരിച്ചെടുക്കാൻ ഓടുന്നു. വൈകാരികമായി പിരിമുറുക്കമുള്ള ഒരു രംഗം. അതു ചിത്രീകരിക്കുമ്പോൾ സ്റ്റൂഡിയോയിൽ ലതികയെക്കൊണ്ടു നിർത്തിയിരുന്നു സംവിധായകനും ശബ്ദമിശ്രകനും കൂടി. അനിൽ കപൂറിനും ദേവ് പട്ടേലിനും ഇക്കാര്യമറിയില്ല. റസൂൽ ഒരു മൈക്രോഫോണും സ്പീക്കർ സിസ്റ്റവും പ്രത്യേകം സജ്ജീകരിച്ചിരുന്നു. ഫോൺ ബെല്ലടിച്ചിട്ട് അതു അറ്റൻഡ് ചെയ്യുന്ന സമയം, സ്റ്റുഡിയോയിൽ ഒരാളുടെ കാതിന്റെ പിന്നിൽ നിന്ന് മന്ത്രം പറയും പോലെ ലതികയുടെ യഥാർത്ഥ ശബ്ദം സ്പീക്കറിലൂടെ മുഴങ്ങി.. ‘ഹല്ലോ’...
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആ ശബ്ദം കേട്ട് ഹേ.. എന്ന് അദ്ഭുതത്താൽ ഉത്തേജിതരായ അഭിനേതാക്കളെയാണ് നാം സിനിമയിൽ ആ രംഗത്ത് കണ്ടത്. പുനരാവിഷ്കരിക്കപ്പെട്ട ആ ‘സൌണ്ട് ഇവന്റാ’ണ് സ്ക്രീനിൽ നിന്ന് കാണികളിലേയ്ക്കും ആ മുഹൂർത്തത്തിൽ പടർന്നത്.
സ്ലം ഡോഗിന് തുടർച്ചയായി അവാർഡുകളും നോമിനേഷനുകളും കിട്ടിക്കൊണ്ടിരുന്ന സമയത്ത് റസൂൽ അലപം അസ്വസ്ഥനായിരുന്നു. മറ്റുള്ളവർക്കൊപ്പം കിണഞ്ഞു പണി ചെയ്തതാണെങ്കിലും ശബ്ദമിശ്രണക്കാരനും ശബ്ദസന്നിവേശക്കാരനും ഒക്കെയായ ടെക്നീഷ്യൻമാരെ ആരു ശ്രദ്ധിക്കാനാണ്? ലോകത്തിൽ തങ്ങൾ പ്രവർത്തിച്ച സിനിമയ്ക്ക് അംഗീകാരങ്ങൾ ഒന്നിനു പിറകേ ഒന്നായി വരുമ്പോൾ “ പണി പണി എന്നു പറഞ്ഞുകൊണ്ടിരിക്കാതെ കുറച്ചൊക്കെ ആഘോഷിച്ചുകൂടെ” എന്നാണ് ഡാനി ബോയൽ, ചെറിയ അപകർഷവുമായി മാറി നിൽക്കുന്ന റസൂലിനോട് ചോദിച്ചത്. ഒരു മാധ്യമത്തിലും തന്റെ വാർത്ത ഇല്ല. പ്രിന്റിലെ ശബ്ദങ്ങളിൽ അവസാനം നിമിഷം വന്ന തെറ്റുകൾ കൂടി തിരുത്താൻ തുടർച്ചയായി ഉറക്കമൊഴിഞ്ഞ് ഓടി നടന്നിട്ട് വിഷാദത്തോടെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ ഒരു സമാധാനം കിട്ടാൻ റസൂൽ എ ആർ റഹ്മാന് ഒരു എസ് എം എസ് അയച്ചു. “ഒരാളും എനിക്കു കിട്ടിയ നോമിനേഷന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. അതിന്റെ ഗ്രാവിറ്റിയും മനസ്സിലാക്കുന്നില്ല. വരുന്ന ഏതെങ്കിലും ഇന്റർവ്യൂവിൽ താങ്കളെങ്ങാനും പരാമർശിക്കുകയാണെങ്കിൽ ആൾക്കാരൊരുപക്ഷേ ഗൌരവമായെടുത്തേക്കും.”
അപ്പോൾ തന്നെ റഹ്‌മാന്റെ മറുപടി വന്നു:
“ഇൻഷാ അള്ളാ”-
ഈ മറുപടി കിട്ടി നാൽപ്പത്തിയഞ്ചു മിനിട്ടുകൾക്കകം, വിളക്കുപാറ എന്ന കുഗ്രാമത്തിൽ നിന്ന് പത്തുപതിനഞ്ചു വർഷങ്ങൾക്കു മുൻപ് 500 രൂപ സർക്കാർ സ്കോളർഷിപ്പിന്റെ ബലത്തിൽ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയ ചെറുപ്പക്കാരന്റെ പേര്, ശബ്ദമിശ്രണത്തിനുള്ള മത്സരാർത്ഥികളിലൊരാളായി അച്ചടിച്ച അക്കാദമിയുടെ ലിസ്റ്റ് പുറത്തു വന്നു. അതോടെ തന്റെ ലോകം മാറി എന്ന് റസൂൽ. പുറത്തുള്ള ലോകം !
ചെറുതുകളുടെ ഒച്ചകൾ തിരിച്ചറിയും വിധം നമ്മുടെ ആന്തരികലോകം കുറേക്കൂടി മാറാനുണ്ട്.
*റസൂൽ പൂക്കുട്ടിയോടൊപ്പം ചെലവഴിച്ച ഒരു ഉച്ചയുടെ ഓർമ്മയ്ക്ക്.
പുസ്തകം : ബൈജു നടരാജനും റസൂലും കൂടിച്ചേർന്നെഴുതിയ ശബ്ദതാരാപഥം
നല്ല പോസ്റ്റ്.
ReplyDeleteവല്ലാത്ത പിരിമുറുക്കത്തോടെയാണ് വായിച്ചു തീര്‍ത്തത്. വല്ലാത്ത ഒരു വായനാനുഭവമായി ഈ പോസ്റ്റ്!!
ReplyDelete“വറ്റൽ മുളകിന്റെ അല്ലികൾ കുടഞ്ഞുകളഞ്ഞിട്ട് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കാതിലൊഴിച്ചത്തിനു ശേഷം കേൾക്കുന്ന ശബ്ദത്തിന്റെ കട്ടിയുണ്ടല്ലോ“
മറവികളുടെ മലവെള്ളപ്പാച്ചിലില്‍ പിടിതരാതെയെന്നവണ്ണം ഒലിച്ചുപോയ ഒരു ഓര്‍മ്മ തിരികെ കിട്ടി, പാതിരാത്രികളില്‍ ഉറക്കത്തിനിടയില്‍ ചെവിയില്‍ കടന്നുപോയ ഉറുമ്പിനെ എടുക്കാന്‍ അമ്മ ചെയ്തിരുന്ന സൂത്രം.:)
നല്ലൊരു വായനാനുഭവം,നല്ല ലേഖനം.
ReplyDeleteനന്നായിട്ടുണ്ട് ലേഖനം.
ReplyDeleteറസൂല്‍ ശബ്ദവിന്യാസം ചെയ്ത ആ ഹിന്ദി ചിത്രം “ബ്ലൂ” അല്ലേ,‘ഡീപ്’ അല്ലല്ലോ..??
സ്വപ്നാടകാ, ശരിയാണ്. അതു ബ്ലൂ ആണ് ഡീപ് അല്ല. കണ്ടതും കാണാത്താതുമായ സിനിമകൾ തമ്മിൽ മാറിപോയി. സോറി. തിരുത്തി.
ReplyDeleteഈ പുസ്തകത്തിന്റെ വാര്‍ത്തകണ്ടപ്പോള്‍ മുതല്‍ വായിക്കാനുള്ള ആഗ്രഹം തോന്നിയിരുന്നു.
ReplyDeleteകയ്യില്‍ എന്നാണുകിട്ടുന്നതെന്നറിയില്ല. ഈ ലേഖനം വീണ്ടും കൊതിപ്പിക്കുന്നു.
ജമാല്‍ ഓട്ടത്തിനിടയില്‍ കാണുന്നത് ശിവനെയാണോ ശ്രീരാമനെയാണോ? സംശയം! :)
അടുത്തകാലത്ത് ഒരു പ്രവാസിമലയാളി ഗദ്ഗദിച്ചഅതുകേള്‍ക്കേണ്ടിവന്നു:"പൂക്കുട്ടിക്ക് ഓസ്കാറുകിട്ടി,എന്നിട്ടും പഴശ്ശിരാജേലെ പാട്ടിന് പുള്ളിക്ക് ഒന്നും കൊടുത്തില്ല;അതാണ് നാട്".
പാവം റസൂലേ, നീ എത്ര വലിയ 'പാട്ടുകാര'നാണ്! :)
സത്യത്തില്‍ പഴശ്ശിരാജയിലെ ആ മഴ ഒരാള്‍ക്കും മറക്കാന്‍ പറ്റില്ല.
പുസ്തകത്തിന്റെ കവര്‍ ചെയ്തതാരായാലും ഒരു പ്രത്യേക ഓസ്കാര്‍ എന്റെ വക!
മനോഹരമായി ഈ പോസ്റ്റ്. നന്ദിയുണ്ട്, പകർന്നു തന്ന വായനാസുഖത്തിന് !
ReplyDeleteഏറ്റവും ഇഷ്ടമായ പോസ്റ്റ്!
ReplyDeleteശബ്ദം നമുക്ക് എന്താണെന്ന് ഞാനറിഞ്ഞത് എന്റെ കേൾവി ശക്തി ഏതാണ്ട് പൂർണ്ണമായും നിലച്ചപ്പോഴാണ്. രണ്ടാഴ്ച. ഭയപ്പെടുത്തുന്ന ഒരിരംബം മാത്രം. പിന്നെ മെല്ലെ മെല്ലെ ഓരോരോ ശബ്ദങ്ങൾ തിരിച്ച് വരാൻ തുടങ്ങി. തിരികെ കിട്ടുന്ന ഓരോ ഫ്രീക്വൻസിയും എനിക്ക് പ്രിയപ്പെട്ടതായി. ഇന്നിപ്പോൾ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ആ സബ്-ഡീപ് ബേസ് ഒഴിച്ച് മറ്റെല്ലാം എനിക്ക് തിരികെ കിട്ടി. ഒരു കാതിൽ മാത്രം എന്നത് പ്രശ്നമാക്കുന്നില്ല.
പണ്ട് ‘ദ ലാസ്റ്റ് സമുരായ്’ എന്ന സിനിമ ചെന്നൈ സത്യം തിയറ്ററിൽ കാണുമ്പോൾ അതിലെ മഴ പെയ്യുന്ന ശബ്ദം എന്നെ അതിശയിപ്പിച്ചിരുന്നു. ഓരോ തുള്ളിയും വീഴുന്നത് കൃത്യം സ്ഥാനം ഉറപ്പിച്ച് പറയാനാകുന്ന പോലെ. പഴശ്ശിരാജയിലെ കാടും മഴയും അനുഭവിച്ചപ്പോൾ, ഒരു ഇന്ത്യൻ സിനിമയിൽ എന്നെങ്കിലും കേൾക്കും എന്ന് പ്രതീക്ഷിക്കാതിരുന്ന ശബ്ദവിന്യാസം ആസ്വദിച്ചപ്പോൾ, പൂക്കുട്ടി എന്ന പ്രതിഭാസത്തിന്റെ ഒരു ആരാധകനായി ഞാൻ മാറി. ഹോളിവുഡ്ഡിന്റെ സാങ്കേതികതയോ ബഡ്ജറ്റോ ഇല്ലാതെ ഇത് സാധ്യമാക്കിയ പ്രതിഭയ്ക്ക് മുൻപിൽ പ്രണാമം.
ഈ പോസ്റ്റിന് വെള്ളെഴുത്തിന് പ്രത്യേക നന്ദി!
കൊടിയേറ്റത്തിനു മുൻപു തന്നെ ‘സ്വയംവര’ ത്തിൽ വളരെ ശ്രദ്ധയോടെ ചെയ്ത ശബ്ദ ലേഖനം കേൾക്കാം. കുളിമുറിയിൽ അലുമിനിയം ബക്കറ്റ് നീങ്ങുന്നതിന്റേയും രണ്ട് ടംബ്ലറുകളിൽ പാൽ ആറ്റിയെടുക്കുന്നതിന്റേയും മറ്റും.
ReplyDeleteറസൂലിന്റെ ചില ടെക്നിക്കുകൾ വളരെ ലളിതമാണ്. മഴ ശബ്ദം കടലാസിൽ പഞ്ചസാര തൂവിയാണത്രെ ഉണ്ടാക്കാറ്.
ശരിക്കും ഒരു പ്രത്യേക അനുഭവമായി ഈ പോസ്റ്റ്.ശബ്ദത്തിന്റെ സൂക്ഷ്മതലത്തില്‍ ഇങ്ങനെ അതിശയങ്ങള്‍ സൃഷ്ടിക്കാവുന്ന മറ്റൊരു ലോകവുമുണ്ടെന്നു ഇപ്പോഴാണു തിരിച്ചറിഞ്ഞത്.ഓരോ സിനിമയിലൂടെയും ഇങ്ങനെ വഴി നടത്തിയപ്പോള്‍ റസൂല്‍ പൂക്കുട്ടി എന്ന കലാകാരന്റെ കഴിവിനു മുന്നില്‍ വെയ്ക്കാന്‍ അതിരില്ലാത്ത വിസ്മയം മാത്രം.
ReplyDeleteനല്ല ലേഖനം.
ReplyDeleteകൈവിട്ടുപോയ എന്തൊക്കെയോ അറിയുന്നതു പോലുള്ള ഒരു കഴ്ച,
ReplyDelete“വറ്റൽ മുളകിന്റെ അല്ലികൾ കുടഞ്ഞുകളഞ്ഞിട്ട് അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കാതിലൊഴിച്ചത്തിനു ശേഷം കേൾക്കുന്ന ശബ്ദത്തിന്റെ കട്ടിയുണ്ടല്ലോ“
അത് ഇന്നലെയും അമ്മ ചെവിയിൽ ഒഴിച്ചിരുന്നോ എന്ന് തോന്നിപ്പോയി.
ശബ്ദസാഗരം എന്ന പ്രയോഗം ശബ്ദത്തിന്റെ അതി സൂക്ഷ്മതലം മുതല്‍ അനന്ത ആ കാശ വീചികള്‍ വരെ
ReplyDeleteഉള്‍പ്പെടുന്നു.മൌനവും ശബ്ദവും തമ്മിലുള്ള ബന്ധമറിയുന്നവനാണ് നല്ല ശബ്ദസംവിധായകന്‍.
നല്ല പോസ്റ്റ്.
മനൊഹരം...അതുല്യം
ReplyDeleteഗംഭീരമായിരിക്കുന്നു ! നന്ദി
ReplyDeleteപൂക്കുട്ടിയോടുള്ള ഈ സ്നേഹമുണ്ടല്ലോ അതിൽ ഞാനും ചേരുന്നു. ഹരിയണ്ണാ പുസ്തകത്തിന്റെ കവർ ഒട്ടും കൊള്ളൂലാത്തത് എന്നാണ് എനിക്ക് തോന്നിയത്. ഡിസൈൻ പഴയ കലാകൌമുദിയിലെ ഭട്ടതിരിയാണ്.. ഈ എൺചുവടിഭാഗം അതിന്റെ ഒരു വശത്തെയാണ്..ഇത് നന്നായിട്ടുണ്ട്..പറഞ്ഞപ്പോഴാണ് ആ കുട്ടിവേഷം ശ്രീരാമനായിരുന്നു. മുംബായ് കലാപം.. ഓർമ്മകൾ ചിലപ്പോൾ വേണ്ട രീതിയിൽ പ്രവർത്തിക്കില്ല. അതു തിരുത്താം.
ReplyDelete"ശബ്ദങ്ങൾക്ക് സ്വഭാവമുണ്ട്."
ReplyDeleteആസ്വഭാവത്തിന്റെ വിശാലത ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് പൂക്കുട്ടിയുടേ സവിശേഷതയും
നന്നായി പറഞ്ഞ ഒരു ലേഖനം.
വെള്ളെഴുത്തിനു അഭിനന്ദനങ്ങള്‍
അന്ധർ ഒന്നും കാണാതിരിക്കുന്നില്ല. ബധിരർ ഒന്നും കേൾക്കാതിരിക്കുന്നില്ല. മൂകർ ഒരു ശബ്ദവും ഉണ്ടാക്കാതിരിക്കുന്നില്ല.
ReplyDeleteWONDERFUL POST
വെള്ളെഴുത്ത്, നല്ലെഴുത്ത്.
ReplyDeleteശബ്ദവും ശബ്ദമില്ലായ്മയും അനുഭവവേദ്യമാക്കുന്ന കലയിലൂടെ മുന്നേറാൻ റസൂലിന് ഇനിയും കഴിയട്ടെ!
valare nannayittundu................ aashamsakal.
ReplyDeletevelle enthaa ezhuth !!
ReplyDeleteezhuthinu vellezhuthinum, sabdamisrana mikavinu rasoolinum aasamsaal..
നല്ലൊരു വായനാനുഭവം....നന്ദി...
ReplyDelete