January 16, 2010
ഉള്‍ക്കാട്ടിലെ മരങ്ങള്‍
അനില്‍ കുമാര്‍ ടി പി യുടെകവിതയിലൊരിടത്ത് (മരം) കൈക്കണക്കിന്റെ ഗോവണി ഇറങ്ങി വന്നേയ്ക്കാവുന്ന ആശാരിയെപ്പറ്റിയും മരംവെട്ടിയെപ്പറ്റിയും ഒരു പരാമര്‍ശമുണ്ട്. രാത്രിയും പകലും പോലെയുള്ള വ്യത്യാസം ഈ ഇരട്ടകളിലുണ്ട്. ഒന്നുപോലെ ഇരിക്കുമെങ്കിലും ഒരാളല്ല മറ്റേയാള്‍ . അതേ കവിതയുടെ തൊട്ടടുത്തവരിയില്‍ ആ പഴയകഥയിലെ വനദേവത കനകമാണോ വെള്ളിയാണോ ഇരുമ്പാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരു കോടാലിയുമായി വ്യാകുലമുഖവുമായി നില്‍ക്കുന്നതും കാണാം. കൌതുകകരമായ ഈ കാഴ്ചയില്‍ ചില കാര്യങ്ങളുണ്ട്. ഒന്ന് ഒരു യുക്തിവിചാരമാണ്. മരംവെട്ടിയുടെ പ്രവൃത്തിയില്‍ സംഹാരകത്വമാണുള്ളത്. പച്ചമരങ്ങളെ മുറിച്ചിട്ട് വെട്ടിക്കീറുകയാണല്ലോ അയാള്‍ . വിറക് തീയെരിക്കുന്നതിനു വേണ്ടിയുള്ളതാകയാല്‍ അതിലൊരു ‘ശവ’സംസ്കാരമുണ്ട്. മരംവെട്ടിയ്ക്ക് ആ നിലയ്ക്ക് ഒരു കാര്‍മികത്വവും ഉണ്ട്. മരംവെട്ടിയില്‍ നിന്നും വെട്ടിത്തിരിഞ്ഞ് ആശാരിപ്പണി ചെന്നെത്തുന്നത് സൃഷ്ടിയുടെ വിചിത്രമായ മേഖലയിലാണ്. മരിച്ച മരങ്ങളാണ് തച്ചന്റെയും തട്ടകം. അതില്‍ പ്രകൃതിയെ അയാളുടെ വൈദഗ്ധ്യം പുനരുജ്ജീവിപ്പിക്കുന്നു. ചിന്തേരിട്ട മരക്കഷ്ണങ്ങള്‍ ആശാരിയുടെ മാന്ത്രികപരിചരണങ്ങളാല്‍ ഇമയടയും പോല്‍ തമ്മില്‍ ചേരുന്നു. എണ്ണ കിനിയുന്ന മരപ്പലകകള്‍ ജീവിച്ചിരിക്കുന്നവരുടെ സുരക്ഷിതത്വം തീര്‍പ്പാക്കുന്നു. ആശാരി കൊത്തിയ മുന്തിരിക്കുലകളില്‍ നിന്ന് ജീവിതത്തിലേയ്ക്ക് മധുരം കിനിയുന്ന അനുഭവമുണ്ട്. ഒന്നാലോചിച്ചു നോക്കിയാല്‍ ആ പഴയ വനദേവത സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കോടാലി നല്‍കിയത് മരം വെട്ടിയ്ക്കു തന്നെയായിരുന്നോ? അയാള്‍ക്കെന്തായിരുന്നു അതിന്റെ ആവശ്യം? കാട്ടാളന്‍ ചിതല്‍പുറ്റിറങ്ങി വാല്മീകി ആയതുപോലെ അയാളില്‍ ഒരു മാറ്റം സംഭവിച്ചിരുന്നുവോ? അതായിരുന്നോ അയാള്‍ക്കു പൊടുന്നനെ കൈവന്ന കുബേരത്വം? ആ കഥയിലെ ആദ്യത്തെയാള്‍ ആശാരിയും രണ്ടാമത്തെ ദുരാഗ്രഹി മരംവെട്ടിയുമായിരുന്നിരിക്കാനല്ലേ കൂടുതല്‍ സാധ്യത? തൂലികയും നാക്കുമൊക്കെ സ്വര്‍ണ്ണമാവുന്നതിന്റെ വിവക്ഷകള്‍ അറിയാവുന്ന നമുക്ക് കോടാലി സ്വര്‍ണ്ണമായതിന്റെ വിവക്ഷകള്‍ പിടി കിട്ടാതെ പോയതാണോ?
മറ്റൊന്നു കൂടി, അനിലിന്റെ തന്നെ മരംകൊത്തി എന്ന കവിതയിലുമുണ്ട് ഒരു മൂത്താശാരി. മരങ്ങളായ മരങ്ങള്‍ മേടി നടക്കുന്നതുകൊണ്ട് അയാള്‍ക്കു കിട്ടിയ വിളിപ്പേരാണ് ‘മരംകൊത്തി’. മരംകൊത്തിയെപ്പറ്റി ഒരമ്മൂമ്മ കഥയുണ്ട്. ഉപ്പന്റെ (ചെമ്പോത്ത്) ഉപ്പും കയറ്റി കച്ചവടത്തിനു പോയ അവന്റെ തോണി കടലില്‍ മുങ്ങിപ്പോയത്രേ. ഒരേക്കല്ലില്‍ ചവിട്ടി രണ്ടു പ്രാവശ്യം വീണു പോകരുതല്ലോ. മുങ്ങാത്ത വള്ളം നിര്‍മ്മിക്കാനുള്ള തടി തേടിയാണ് മരംകൊത്തിപ്പക്ഷി ഇക്കണ്ടമരങ്ങളുടെയൊക്കെ തുഞ്ചവും പോടുമെല്ലാം മേടി പനിച്ച് തളരുന്നത്. പാവം. ഒരിക്കലും നിര്‍മ്മിക്കാനാവാതെ ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുന്ന ഭാവിയെ മരംകൊത്തിയില്‍ കെട്ടി വയ്ക്കുകയായിരുന്നു അമ്മൂമ്മ കഥയ്ക്കു പിന്നിലെ ഭാവന. മാറിയിരുന്നാലോചിച്ചാല്‍ ആ പക്ഷി നിതാന്തമായ നൈരാശ്യത്തിന്റെ ഒരു പ്രതീകമാണ്. ഒരു രൂപകം. ഒരിക്കലും തീരാനിടയില്ലാത്ത ഒരു അലച്ചിലിനെ ചുറ്റിപ്പറ്റിയുള്ള ഈ അസംബന്ധ കഥ അതൃപ്തമായ വാസനകള്‍ക്കു പിന്നാലെ ഇറങ്ങി തിരിക്കുന്ന മനുഷ്യമനസ്സെന്ന പ്രഹേളികയെ ഇടം കണ്ണിട്ടു നോക്കുന്നു. തകരാത്ത ഒന്നിനുവേണ്ടിയുള്ള വെമ്പല്‍ മനുഷ്യജീവിവിതത്തെ നിരന്തരം വട്ടം ചുറ്റിപ്പിടിക്കുന്ന നിസ്സഹായതയുടെ ഒരു ചുഴലിയാണ്. അനിലിന്റെ ‘മരംകൊത്തി’, അതിന്റെ ഉള്ളില്‍ ജീവിക്കേണ്ട ജീവിതത്തെപ്പറ്റിയൊരു പ്രതീക്ഷ പാത്തു വച്ചിട്ടുണ്ട്. മകള്‍ പനിമതിയ്ക്കു വാങ്ങാനുള്ള മരുന്നിനെക്കുറിച്ച് ഉത്സവപ്പറമ്പില്‍ അയാള്‍ ഓര്‍ക്കുന്നതിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. മകള്‍ക്ക് ‘മധുരമുള്ള’ മരുന്നും വാങ്ങി തിരിച്ചു ചെല്ലുന്ന അച്ഛനാണ് കവിതയിലെ ആദര്‍ശം. അതാണ് മുങ്ങാത്ത കപ്പല്‍ നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥം. സന്തുഷ്ടമായ കുടുംബം! ആ സ്വപ്നലോകത്തെ തൊട്ടറിയാം എന്നാല്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നിടത്താണ് കവിതയില്‍ സംഘര്‍ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ജീവിതം മരിച്ച മരമാണ്. ( നീളവും വീതിയും തെറ്റിമുറിച്ച പണിത്തരമാണ് ജീവിതം എന്ന് കവിതയില്‍ ) അതിനു മേല്‍ പണിഞ്ഞിരിക്കാന്‍ രണ്ടു വഴികളുണ്ട്. ഒന്ന് ഒരാശാരിയുടെ നിര്‍മ്മാണപ്രവര്‍ത്തനം. മറ്റേത് മരം വെട്ടിയുടെ സംസ്കരണപ്രവര്‍ത്തനം. പരസ്പരം വച്ചുമാറുകയും പല സന്ദര്‍ഭങ്ങളിലും തിരിച്ചറിയാന്‍ വയ്യാതാവുകയും ചെയ്യുന്ന വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ താന്‍ ഇവരില്‍ ആരായിട്ടു വരുമെന്ന സംഘര്‍ഷം അനിലിന്റെ കവിതകള്‍ക്ക് എപ്പോഴുമുണ്ട്. ആദര്‍ശാത്മകമായ കുടുംബത്തെ പരമലക്ഷ്യമായി നിലനിര്‍ത്തുന്നതുകൊണ്ട് കവിതയിലെ ഉണ്ണികള്‍ക്ക് (പുതിയ നിരൂപണത്തിലെ കര്‍ത്തൃത്വങ്ങള്‍ ) അരാജകവാസനകളുടെ ഇടവഴികള്‍ സൃഷ്ടിക്കാനും അവയെ അവലംബിച്ചു നടക്കുന്നതു സ്വപ്നം കാണാനും എളുപ്പം കഴിയുന്നു. കെട്ടുപൊട്ടിച്ചു ഇറങ്ങി നടക്കാനുള്ള ഇടവഴികള്‍ പോലും അനിലിന്റെ കവിതയില്‍ പൂര്‍വ നിശ്ചിതങ്ങളാണ്. ലൈംഗികമായ ഔത്സുക്യങ്ങള്‍ , മദ്യം , ഉത്സവം, കാട് , പാര്‍ക്ക്, സിമിത്തേരി എന്നിങ്ങനെ. മരംകൊത്തി എന്ന കവിതയില്‍ വഴിവിട്ട ജീവിതത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ലൈംഗികവിവക്ഷകളുള്ള പദാവലികളിലൂടെയാണ്. പണിക്കിരിപ്പ്, എണ്ണ കിനിഞ്ഞ് മലര്‍ന്നുള്ള മരങ്ങളുടെ കിടപ്പ് , ഇമയടപ്പ്, പഴുതില്ലാതെ ചേരുന്ന കട്ടിള‘ക്കാലുകള്‍ ’ , മാത്രമല്ല, രാഘവന്റെ പെണ്ണ് ക്ഷണിച്ചു മടുത്ത് ഓലവാതിലിനുള്ളില്‍ അരകാഞ്ഞ് പ്‌രാകി കിടക്കുന്നതിന്റെ സൂചനയുമുണ്ട്.
ഇറങ്ങി നടപ്പുകള്‍ പുതിയ വഴികളെയാണല്ലോ അവലംബിക്കേണ്ടത്. അവയും പൂര്‍വ നിശ്ചിതങ്ങളാണെന്നു വരുമ്പോള്‍ അരാജകത്വത്തിനും വ്യവസ്ഥയുണ്ടെന്ന് സമ്മതിക്കേണ്ടതായി വരും. എന്നാല്‍ പ്രശ്നം അത്ര സങ്കീര്‍ണ്ണമല്ല. അനിലിന്റെ കവിത ആന്തരികമായ വഴിമാറി നടപ്പിനെ ലക്ഷ്യമാക്കുന്നില്ല. അതിലെ പുതുവഴികളെല്ലാം ഒരര്‍ത്ഥത്തില്‍ അതീവ വൈകാരികമായ സ്വപ്നദര്‍ശനങ്ങള്‍ മാത്രമാണ്. പാളം മാറി സഞ്ചരിക്കുക എന്നത് കവി ഏറ്റെടുത്ത വേദനയല്ല, ആയിത്തീരാനുള്ള വെമ്പലു മാത്രമാണ്. മരംകൊത്തിയിലേയ്ക്ക് വരാം. ലൈംഗികസുഖത്തിന്റെ പ്രലോഭിപ്പിക്കുന്ന പിന്‍ വിളികളില്‍ നിന്നും, അവയുടെ സ്വച്ഛന്ദതയില്‍ നിന്നും ഇറങ്ങി നടന്നാണ് മൂത്താശാരി ഉത്സവപ്പറമ്പിലെത്തുന്നത്. അയാള്‍ വിരക്തനൊന്നുമല്ല. ആയിരുന്നെങ്കില്‍ അയാളിലെ ഓര്‍മ്മ തടഞ്ഞു നില്‍ക്കുന്നത് ഇത്തരം ലൈംഗികസൂചനകള്‍ പ്രകടമായുള്ള ചിഹ്നങ്ങളിലാവുമായിരുന്നില്ല. വിട്ടു വന്നവയുടെ മഹത്വം എത്ര വലുതാണെന്ന് സൂചിപ്പിക്കാനാണു അയാളുടെ ശ്രമം. സത്യത്തില്‍ താന്‍ വിട്ടു കളയുന്ന മുന്തിരിക്കുലകളുടെ മധുരത്തെക്കുറിച്ച് നമ്മെ (വായിക്കുന്നവരെ) ബോദ്ധ്യപ്പെടുത്താനാണ് അയാളുടെ ശ്രമം എന്ന് അല്പം ആലോചിച്ചാല്‍ അറിയാം. കവിതയുടെ അവസാനവരികളില്‍ കവി അനുഭവിക്കുന്ന ഒരു തരം ലയം മൂത്താശാരിയുമായുള്ള അയാളുടെ ചാര്‍ച്ച വ്യക്തമാക്കിത്തരും. സൃഷ്ടിപരമായ സവിശേഷ ശേഷികളുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തി തന്ന ഒരു മനുഷ്യന് എന്തുശേഷിയാണുള്ളത് എന്ന് ഒരാള്‍ സ്വന്തം നിലയ്ക്ക് കവിതയ്ക്കുള്ളില്‍ അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ മൂക്കത്തു വിരലു വയ്ക്കുകയേയുള്ളൂ. ചെയ്യാന്‍ കഴിവുള്ള ആള്‍ / ചെയ്യേണ്ട ആള്‍ (കര്‍ത്താവ്) അനുഭവിക്കുന്ന ആളായി (കര്‍മ്മം) നില്‍ക്കുന്നതാണ് കവിതയില്‍ നാം കാണുന്ന വാസ്തവം. (‘കൈകളില്ലാതെ പുണരുക’ എന്ന സങ്കല്പത്തെ അനിലന്‍ തന്നെയാണ് മറ്റൊരു കവിതയില്‍ അവതരിപ്പിച്ചിട്ടുള്ളത്. - സര്‍പ്പശാപം. വി പി ശിവകുമാറിന്റെ ഒരു കഥയില്‍ കിടപ്പറയില്‍ നിസ്സഹായനാവുന്ന മനുഷ്യനെ ‘പടക്കളത്തില്‍ ശത്രുവിനു മുന്നില്‍ കൈകളറ്റവനെപ്പോലെ നിന്നു’ എന്ന ഉപമ കൊണ്ടാണ് കോറിയിടുന്നത്. ആവാന്‍ ആഗ്രഹിക്കുന്നതിനും ആയി തീര്‍ന്നതിനും ഇടയ്ക്കുള്ള നിസ്സഹായതയെയാണ് ഇല്ലാത്ത കൈകള്‍ അടയാളപ്പെടുത്തുന്നത്. ഒരു തരം പാസീവ്നെസ്സ്. പ്രവൃത്തിയുടെ മൂലമാണല്ലോ കയ്യ്. (‘ചെയ് ’ എന്ന ധാതുവില്‍ നിന്നാണ് ‘കയ്യു’ടെ ഉത്പത്തി) ‘പാണന്റെ വിരലും കോലും ചെണ്ടയില്‍ കൊത്തിപ്പണിത മേളഗോപുരങ്ങള്‍ കണ്ട് കണ്ണു നിറയ്ക്കുകയാണ് മൂത്താശാരി’. ‘കൊത്തിപ്പണിത’ എന്നു മരപ്പണിയുമായി ബന്ധപ്പെട്ട വാക്കുപയോഗിച്ചുകൊണ്ടാണ് മൂത്താശാരിയുടെ നിഷ്ക്രിയതയെ (പാസീവ്നെസ്സ്) കവി അടയാളപ്പെടുത്തുന്നത്. സ്വയം നിശ്ചയിച്ച ഗൃഹസ്ഥന്റെ കടമകളില്‍ നിന്ന് ഇറങ്ങി നടക്കുന്ന ആളല്ല, അങ്ങനെ പുറപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്, അയാളുടെ പ്രത്യാശകളാണ് കവിതകളില്‍ ഇടം നേടുന്നതെന്നു പറഞ്ഞാല്‍ എല്ലാമായി. സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ കവിതകളില്‍ പലയിടത്തും അതേ ആവൃത്തിയില്‍ വന്നു നില്‍ക്കേണ്ട ഭാര്യയുടെ അഭാവം ശ്രദ്ധേയമാണ്. (ഉണ്ണിമൂത്രത്തില്‍ ‘നെഞ്ചിലെ കറയെല്ലാം പോയോ, ഇരട്ടക്കുട്ടികളുടെ അച്ഛാ’ എന്നു ചിരിക്കുന്ന ‘അവള്‍ ‘ ഉണ്ട്. അതു ഭാര്യതന്നെയാണോ?) ‘വ്യഭിചാരത്തെ’ സംബന്ധിക്കുന്ന കുറ്റബോധം നേരിട്ടുള്ള ഭാര്യയുമായുള്ള അഭിമുഖത്തിനു വിമുഖനാക്കുന്നു എന്ന ഒരു കാരണമുണ്ടിതിന്. എന്തുകൊണ്ട് വ്യഭിചാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നു എന്നാണ് ചോദ്യമെങ്കില്‍ അരാജകമായ ജീവിതത്തിനുള്ള ഒരു വഴി, വഴിവിട്ട ബന്ധങ്ങളാണെന്നും വീട് ലൈംഗികസ്വാതന്ത്ര്യങ്ങള്‍ക്ക് അതിരു നിശ്ചയിക്കുകയണെങ്കില്‍ അത് സാമ്പ്രദായിക വഴക്കങ്ങള്‍ക്കുള്ളില്‍ തന്നെ തളച്ചിടുമെന്നുമുള്ള അബോധപരമായ ഭീതി. മൂത്താശാരിയുടെ സവിശേഷതകള്‍ കവിതയില്‍ ലൈംഗികസൂചനകളുള്ള പദാവലികളാല്‍ ആവിഷ്കരിക്കപ്പെടാനുള്ള കാരണം ഇതാണ്.
ഉത്സവപറമ്പും കാടും വീടിന്റെ അപരസ്ഥാനങ്ങളായാണ് അനിലിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്. ‘(ഉള്‍വനങ്ങള്‍ കുപ്പായമൂരി കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു. കാട്ടുപുഴകള്‍ പൂക്കളുമായ് ഇരുണ്ട ഗുഹകള്‍ തേടി - കാട് ) ചിലപ്പോഴൊക്കെ നഗരത്തിന്റെ കാടായ ‘ബാറും’. (അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍ , ത്രിശ്ശിവപേരൂര്‍ ) അത്തരമൊരു അപരസ്ഥാനം കൂട്ടുകാര്‍ക്കുമുണ്ട്. ഗൃഹാതിര്‍ത്തിയിലേയ്ക്ക് ചുരുണ്ടു കൂടാതിരിക്കാനുള്ള വിളി അവരില്‍ നിന്നാണ് പുറപ്പെട്ടു വരുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങിനടക്കാനുള്ള കാരണത്തെ ഒരു യുക്തിയില്‍ കവിത ബന്ധിപ്പിച്ചിട്ടുണ്ട്. അതവിടത്തെ ദാരിദ്ര്യമാണ്. സൂര്യന്‍ പണിയുന്ന മേല്‍ക്കൂരയെക്കുറിച്ചുള്ള സാന്ദര്‍ഭിക പരാമര്‍ശം വെറുതെയല്ല. കൂരയില്ലാത്ത ലോകത്തെ സ്വപ്നം കണ്ടു നടക്കുന്ന ആള്‍ ചോര്‍ന്നൊലിക്കുന്ന കൂരയെക്കുറിച്ചും അതു പണി തീര്‍ക്കുന്ന സൂര്യന്‍ എന്നെ തച്ചനെപ്പറ്റിയും വിചാരപ്പെടുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ ചില നിശ്ചയിച്ചു വച്ച ആദര്‍ശങ്ങള്‍ ഭരിക്കുന്നതുകൊണ്ടാണ്. മിഖായേല്‍ ബക്തിനാണ് സാഹിത്യത്തിലെ ‘ഉത്സവീകരണങ്ങളെ’ക്കുറിച്ച് ചിലതെല്ലാം നമുക്ക് പറഞ്ഞു തന്നത്. എഴുത്തച്ഛന്റെ കാലത്ത് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന റാബലേയുടെ ലോകത്തെക്കുറിച്ചെഴുതിയ പുസ്തകത്തില്‍ . ഉത്സവങ്ങളുടെ പ്രത്യേകത അതൊരു കാഴ്ചയല്ലെന്നുള്ളതാണ്. കാണുന്നയാള്‍ അതില്‍ പങ്കെടുക്കുകയും ജീവിക്കുകയുമാണ്. ചട്ടിയും കലവും കലമ്പുന്ന വീടു വിട്ട്, വെയിലേറ്റ് വളയുന്ന മാമ്പലകകളെ വിട്ട് , നീക്കി വച്ച് എളുപ്പം കയറാവുന്ന ഓലവാതിലുകളോട് ഉദാസീനനായി കൂട്ടുകാരന്റെ പ്രലോഭനത്തിനൊത്ത് ആശാരി എത്തുന്നത് അടിത്തട്ട് വാസനകളുടെ ഒച്ചയും മേളവും നിറവും കാവു തീണ്ടലുകളുമായി സന്നിഹിതമാവുന്ന -പലപ്രാവശ്യം സാഹിത്യത്തില്‍ (മലയാളത്തിലും) ആവിഷ്കരണം നേടിയിട്ടുള്ള - ഉത്സവപ്പറമ്പുകളിലൊന്നിലാണ്. അവിടെ അയാളെ വീണ്ടും ഒരു വിളി തേടിയെത്തുന്നു, മകള്‍ പനിമതിയുടെ. അതും ഒരോര്‍മ്മയുടെ രൂപത്തില്‍ . ഒന്നാലോചിച്ചാല്‍ പല തരത്തിലുള്ള വിളികള്‍ ഊടും പാവുമിട്ട ചിത്രപടമാണ് മരംകൊത്തി. ഉണങ്ങിയ മരങ്ങളുടെ, മരപ്പലകകളുടെ, രാഘവന്റെ പെണ്ണിന്റെ, കൂട്ടുകാരന്റെ, ഉത്സവബഹളത്തിന്റെ, സ്വന്തം വാസനകളുടെ, മകള്‍ പനിമതിയുടെ.... ഇതെല്ലാം അയാള്‍ കേള്‍ക്കുന്നുണ്ട്. വക്കിടുങ്ങിയ ജീവിതത്തില്‍ നിന്നു കുതറാനുള്ള കൌതുകമാണ് , കിനാവില്‍ ജീവിക്കാനുള്ള അയാളുടെ കഴിവാണ് ഇവയ്ക്ക് അസ്തിത്വം നിര്‍ണ്ണയിച്ചു കൊടുത്തിരിക്കുന്നത്. അപരത്വം (അദര്‍നെസ്സ്) ഇവിടെല്ലാമുണ്ട്. വീടിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് ഉത്സവമേളയുടെ തുറസ്സിലേയ്ക്ക്. വ്യഭിചാരത്തിനുള്ള പ്രലോഭനത്തെക്കുറിച്ചുള്ള ‘സ്വകാര്യ’ത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തിന്റെ ലഹരിയിലേയ്ക്ക്. പണിത്തിരക്കില്‍ നിന്ന് ഉദാസീനതയിലേയ്ക്ക്. പനിമതിയുടെ രോഗാവസ്ഥയില്‍ നിന്ന് ആഹ്ലാദമേളയുടെ ആരോഗ്യത്തിലേയ്ക്ക്. ആ നിലയ്ക്ക് കൂട്ടുകാരന്റെ ക്ഷണത്തിനു ബദലായി പനിമതിയുടെ ഓര്‍മ്മയെ കൊണ്ടു നിര്‍ത്താം. ഇമപോല്‍ ചേരുന്ന മരപ്പലകകള്‍ക്ക് ബദലായി ചോരുന്ന മേല്‍ക്കൂരയെ കാണാം. അങ്ങനെ അങ്ങനെ...അപ്പോള്‍ നേരത്തെപ്പറഞ്ഞ ചിത്രപടത്തിലെ ഇഴകളുടെ എണ്ണം തലങ്ങും വിലങ്ങുമായി കൂടി വരുന്നു. മൂത്താശാരി കൈക്കണക്കുമായി മലയിറങ്ങിയ ആശാരി തന്നെയാണോ സ്വര്‍ണ്ണക്കോടാലി അന്വേഷിച്ച മരംവെട്ടിയാണോ എന്ന സംശയം അപ്പോഴും ഉയിര്‍ത്തെഴുന്നേറ്റു വരുന്നെങ്കില്‍ അത് കവിതയിലെ ഇഴപ്പെരുപ്പങ്ങള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ശബളതയാണെന്നു വേണം നാം മനസ്സിലാക്കാന്‍ . .‘കാടു കണ്ട് കണ്ട് ക്ഷീണിച്ച് മരച്ചുവട്ടിലുറങ്ങുമ്പോള്‍ ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും പഴങ്കഥകള്‍ മുയല്‍ വടിവില്‍ വന്ന് കാട്ടുകിഴങ്ങെന്നു കരുതി പെരുവിരല്‍ കടിച്ചു‘ എന്ന് കാട് എന്ന കവിതയിലുണ്ട്, അപ്പോള്‍ അത് ആന്തരികമായ ഒരു സംഭവമാണ്. ബോധാബോധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വിട്ട് അന്തരുറവകളില്‍ നിന്ന് കിനിയുന്നതാവണം ഇതെല്ലാം എന്ന് എഴുതി വരയിട്ട് ഇത് അവസാനിപ്പിക്കാം. കാരണം, ‘ഉള്‍ക്കാട്ടില്‍ നിന്നും മുലയൂട്ടുന്ന കവിതയുടെ ഒച്ച’ എന്ന ഒറ്റവരിയില്‍ ഈ പറഞ്ഞ കാര്യങ്ങളെല്ലാം അനില്‍ സംഗ്രഹിച്ചിട്ടുണ്ട്, മറ്റൊരു കവിതയില്‍ . പേര്, അയ്യപ്പന്‍ .
ചിത്രം : www.world.std.com
മികച്ച വായന നല്‍കിയ താങ്കള്‍ക്ക് ആശംസകള്‍..!!
ReplyDeleteഅമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
www.tomskonumadam.blogspot.com
മരം, മകള്‍, സൌഹൃദം, അധ്വാനം, രതി/പ്രണയം, ഉത്സവം പിന്നെ ഇതിനെ എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്ന നൊസ്റ്റാള്‍ജിയ. അനിലേട്ടന്റെ കവിത ഇതാണെന്ന് തോന്നിയിട്ടുണ്ട്.
ReplyDeleteപതിവ് ചേരുവകളില്‍ നിന്നും പുറത്തുവരാനുള്ള പ്രയാസത്തെപ്പോലും മറന്നുകളയാന്‍ പ്രേരിപ്പിക്കുന്നത്ര ഹൃദയസ്പര്‍ശമുള്ള എഴുത്തും.
മരം ഒന്നാമധ്യായമാണോ? ഒടുവിലത്തേതോ?
ഉത്സവമാണ് അനുഭവത്തിന്റെ താക്കോല്‍ എന്നാണെന്റെ തോന്നല്‍. അധ്വാനത്തിലും രതിയിലും വരുന്ന ഉള്‍ചേരലിലും സൌഹൃദത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലും നഷ്ടബോധങ്ങളിലും കുടുംബബന്ധങ്ങളുടെ ഇഴയിണക്കത്തിലും അകല്‍ച്ചയിലും ഓര്‍മയിലും മറവിയിലുമെല്ലാം ഒരു പൂരത്തിന്റെ മേളക്കൊഴുപ്പും പൂരം കഴിഞ്ഞ് ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ നില്‍ക്കുന്നവന്റെ സ്വത്വബോധത്തില്‍ വരുന്ന ഇടര്‍ച്ചയുമാണ് ബിംബങ്ങളിലും ഭാവങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.
പതിവുപോലെ പലതിലേക്കും വഴിതുറന്നിടുന്ന പഠനം. നന്ദി.
ഇതുവായിച്ച് ഒരു താല്ക്കാലിക കുബേരത്വം എനിക്കും.
ReplyDelete'സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ കവിതകളില്‍ പലയിടത്തും അതേ ആവൃത്തിയില്‍ വന്നു നില്‍ക്കേണ്ട ഭാര്യയുടെ അഭാവം ശ്രദ്ധേയമാണ്.'
ReplyDeleteഅനിലിന്റെ
‘മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍ ‘
എന്ന കവിത :
പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്
എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും
മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്
ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും
എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും
പ്രസിദ്ധനായ ഒരു യുവകവി അടുത്ത കാലത്ത് രണ്ടധ്യായങ്ങളുള്ള നഗരം വായിച്ച് ആവേശഭരിതനായി ഒരുദിവസം എന്നെവിളിച്ചു.അനിലനെ എന്തുകൊണ്ട് ഇത്ര കാലമായിട്ടും താന്‍ അറിയാതെപോയി എന്നയാള്‍ അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
ReplyDeleteഅനിലന്റെ കവിതകള്‍ എന്നെങ്കിലും വായനക്കാര്‍ തിരിച്ചറിയുമെന്ന് അയാള്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ലേഖനം വളരെ നന്നായി.കവിതയില്‍ മറഞ്ഞു കിടക്കുന്ന അകപ്പൊരുളുകളേയും കവിജീവിതത്തേയും കാണിച്ചുതരുന്നുണ്ട് ലേഖകന്‍.
ടി പി അനില്‍ കുമാറിന്റെ കവിതകള്‍, വായിച്ച ശേഷം കുറച്ച് നേരം രുചി ബാക്കി നില്‍ക്കുന്ന അനുഭവമാണ് പലപ്പോഴും . വെള്ളെഴുത്തിന്റെ വായനയും അത് പോലെ രുചിക്കുന്നുണ്ട്. നന്ദി.
ReplyDeleteഅനിലന്റെ കവിതയിലേയ്ക്കുള്ള ഈ നടത്തം വിലമതിക്കേണ്ടതാണ്. അഭിനന്ദനങ്ങൾ
ReplyDeleteഅനില്‍കുമാര്‍ എന്ന പ്രതിഭയിലൂടെയുള്ള
ReplyDeleteവിലമതിക്കാനാവാത്ത യാത്ര!
നന്ദി....
" പൊടുന്നനെ കൈവന്ന കുബേരത്വം? "
ReplyDeleteആ വരികളില്‍ കണ്ണും മനവുമുടക്കി.
കൊന്ന മരങ്ങളെ ജീവന്‍ വപ്പിക്കുന്ന എന്തോ അനിലപ്പനിലുണ്ട്. അയാളുടെ ജീവിതത്തിലെന്ന് പോലെ.
വിഷ്ണുമാഷേ , പലരും പറയുന്ന സ്വകാര്യങ്ങള്‍ പരസ്യമായാല്‍ പുതു കവിത വെളിച്ചപ്പെടും .
ഇത് പോലെ
പച്ചയായ അനിലനെ പച്ചക്ക് പിടിച്ച് നിര്‍ത്തി പച്ചയായി പരിചയപ്പെടുത്തിയ വെള്ളെഴുത്തേ, നന്ദി!
ReplyDeleteഈ പെരുംതച്ചന്‍ ഇന്ന് വരെ പണിതതൊക്കെ വെറും ഉരുപ്പടികള്‍...
ശില്പങ്ങള്‍ മെനയാനിരിക്കുന്നതേയുള്ളു!
ഓരോ മരവും കാടാകുന്ന കാട്ടില്‍!!!
ReplyDeleteഈ വായന വലിയ സന്തോഷം...
അനിലേട്ടന്റെ കവിതാപരിസരത്തൂടെ കണ്ണുമടച്ച് നടക്കാമെന്നൊരു തോന്നല്‍ വഴികളിലെ പൊതുസ്വഭാവത്തിന്റെ തെളിമകൊണ്ടായിരിക്കണം ഉണ്ടായിട്ടുണ്ട്. ഉള്‍ക്കാട്ടില്‍ ചെന്ന് ഓരോ മരത്തേയും ചില്ലയേയും മാറ്റുരക്കുന്ന മരംകൊത്തിയേയുമൊക്കെ കണ്ടെടുക്കുന്ന നല്ല പഠനങ്ങള്‍ ഇനിയുമുണ്ടാകേണ്ടതുണ്ട്. ഈ പഠനത്തിനു നന്ദി.
ReplyDeleteഅനിലിന്റെ എല്ലാ കവിതകള്‍ക്കും അവസാനം ഒരു നടുക്കമുണ്ട്....സുഖമുള്ള ഒരുനടുക്കം....! ഇപ്പോള്‍ വെള്ലെഴുത്തിലും....!
ReplyDeleteമികച്ച അവലോകനം.വെള്ളെഴുത്തിന് നന്ദി. മരംകൊത്തി എന്ന കവിതയില്‍ ആദ്യമുള്ള ലൈംഗികധ്വനി, ആശാരിക്ക് മരത്തോടുള്ള താല്‍പ്പര്യമായി മാത്രമാണ് വായിച്ചത്. രാഘവന്റെ പെണ്ണുമായുള്ള ഇടപാടുമായി ഇതിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് തോന്നിയത്. മരം,സ്ത്രീ,ഉത്സവം,മകള്‍ എന്നിങ്ങനെ മൂത്താശാരിയെ സ്വാധീനിക്കുന്ന വ്യത്യസ്തഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു കവിത.
ReplyDeleteപിന്നെ ‘സര്‍പ്പശാപ‘ത്തിലെ ഇണപ്പാമ്പുകള്‍, കൈകളില്ലെങ്കില്‍ എങ്ങനെ പുണരണമെന്നതിനെപ്പറ്റിയല്ലേ വാചാലമാകുന്നത്(പോസിറ്റീവ്), പുണരാന്‍ കൈകളില്ലെന്ന നിസ്സഹായതയേക്കാള്‍ കൂടുതല്‍?:)
പച്ച ജീവിതത്തെ ഇത്ര ക്ര്‌ത്യതയോടെ കൊത്തിവെക്കുന്ന മറ്റൊരാശാരിയില്ല. വായിച്ച കവിതകളില്‍ അനിലേട്ടനോളം പോന്ന കവിതയുമില്ല.
ReplyDeleteഈ വായനക്ക് നന്ദി വെള്ളേ..
nannayittundu
ReplyDeleteഅനിലന്റെ കവിതകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്ന കുറിപ്പ്.
ReplyDeleteഎന്നാല്‍ രണ്ട് അധ്യായങ്ങളുള്ള നഗരങ്ങളില്‍ ഒന്നിന്റെ മാത്രം വിവരണം മാത്രമായൊയെന്നും സംശയം :)
രണ്ടധ്യായങ്ങളില്‍ ഒന്നു പോലുമാകരുത്. അങ്ങനെയ്ങ്കില്‍ മാത്രമേ പഠിക്കപ്പെടുന്ന വിഷയം പിന്നെയും നിലനില്‍ക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. എല്ലാം വായിച്ചു തീര്‍ന്നാല്‍ പിന്നെ അതിനു നില നില്‍പ്പില്ലെന്ന് അര്‍ത്ഥം വരില്ലേ, ദേവാ? ഗുപ്താ, നൊസ്റ്റാള്‍ജിയയെപ്പറ്റി പുതുയതായി ഇനി ആലോചിച്ചു തുടങ്ങേണ്ടതുണ്ട്. ബാര്‍ത്തിന്റെ റിയലും റിയാലിറ്റിയും പോലെ പ്രവാസത്തെ പെട്ടെന്ന് നമുക്ക് ഗൃഹാതുരതയുടെ കുറ്റിയില് കെട്ടിയിടാം, അപ്പുറത്ത് അത് വേറെ ചില കാര്യങ്ങള്‍ പറയാതെ പ്രകടനം നടത്തുന്നുണ്ടാവും. നഗ്നന്‍ കവിത ഉദ്ധരിച്ചതു നന്നായി. ‘അതേ ആവൃത്തിയില്‍ ‘ എന്നൊരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. കവിതകള്‍ എല്ലാം കൂടി നിര്‍മ്മിക്കുന്ന ഒരു വ്യക്തിത്വത്തെയാണ് ( ഇതു തന്നെ വായിച്ചയാള്‍ നിര്‍മ്മിച്ചതായിരിക്കും, കവിയ്ക്ക് പങ്ക് കുറവേ ഉണ്ടാവൂ) നാം വിശകലനത്തിനെടുക്കുന്നത്. ചങ്ങമ്പുഴ മൊത്തത്തില്‍ മുന്നില്‍ വയ്ക്കുന്ന ഒരു രൂപം ‘മനസ്വിനി’ വായിച്ചിട്ടുണ്ട് എന്ന കാര്യം മാത്രം വച്ച് നമ്മള്‍ മാറ്റുന്നില്ല. ഇനി അനിലിന്റെ മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാഷയില്‍ എന്ന കവിതയിലെ തന്നെ ഭാര്യാസാന്നിദ്ധ്യം സംശയാസ്പദമായ നിലയിലാണ്. അതിന്റെ നിഴല്‍ നോക്കണം. കവി എന്തു പറയുന്നു എന്നതല്ല എന്താണ് വെളിപ്പെടുന്നത് എന്നതിലാണ് ഊന്നല്‍ .
ReplyDeleteWhat is demonstrated but not seen,
What is seen but not demonstrated - ഇങ്ങനെ രണ്ടു റിയലിസങ്ങള്‍ ‘പാഠ’ത്തിലുണ്ട്.
‘മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍‘ എന്ന കവിത ഏറ്റവും തീവ്രമായ പ്രണയത്തിന്റെയും, അതിലുമേറെ തീക്ഷ്ണമായ വേര്‍പിരിയലിന്റേയും ഭാഷയാണ് സംസാരിക്കുന്നത്. അനിലന്റെ പല കവിതകളിലും ദൃശ്യവും അദൃശ്യവുമായി ആ ഒരുവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട് താനും.
ReplyDeleteഅനിലേട്ടന്റെ കവിത ആദ്യായിട്ടാണ് വായിച്ചത് .വെള്ളെഴുത്തിന് നന്ദി .
ReplyDeleteoru nalla shrmam
ReplyDeleteabhinadhanangal...