January 11, 2010

ഏകാന്തതയുടെ ദൈവം



ഫെബ്രുവരിയിലെ ഒരു തണുത്ത ഞായറാഴ്ച രാവിലെ
നീണ്ട തുരുത്തിന്റെ കിഴക്കുമൂലയ്ക്കുള്ള വലിയ കെട്ടിടത്തിലെ
അമേരിക്കന്‍ കളിപ്പാട്ടക്കടയുടെ വാതിലുകള്‍ തുറക്കാന്‍
കാത്തിരിക്കുന്ന എട്ടുപേരിലൊരാളാണ് ഞാന്‍ .
കിട്ടാന്‍ വളരെ പ്രയാസമുള്ള
ജാപ്പാനിസ് ഇലക്ട്രോണിക്
കളിപ്പാട്ടത്തിനായാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്.

കഴിഞ്ഞാഴ്ച മന്‍‌ഹാട്ടനിലെ ഒരു സ്റ്റോറില്‍ മൂന്നുമണിക്കൂര്‍
കാത്തിരുന്നിട്ട് നിരാശനായി മടങ്ങിപ്പോയതാണ്.

ഇന്ന് നേരത്തെ എത്തി,
മറ്റുള്ളവര്‍ കാണാതിരിക്കാന്‍
ആറു പേപ്പറിട്ടു പൊതിഞ്ഞ
ഏനിഡിന്റെ പുതിയ വിവര്‍ത്തനം വായിച്ചും
ബൂട്ടുകള്‍ കൊണ്ട് നിലത്തു തല്ലിയും
ഗ്ലൌസിടാത്ത കൈപ്പത്തികള്‍ കൂട്ടിയുരച്ചും
നന്ദിയില്ലാത്ത സന്തതികള്‍ക്കായി
ഉറക്കം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് തമാശപറഞ്ഞും
പ്രഭാതവെളിച്ചത്തില്‍ ദാ നിന്നു വിറക്കുന്നു, ഞാന്‍ .
“എന്റെ മകന്‍ മുന്‍‌വരിയിലെ രണ്ടു പല്ലു ഹോക്കി കളിച്ചു കളഞ്ഞു”
എന്നും പറഞ്ഞ്
ഷോട്സ് ധരിച്ച മനുഷ്യന്‍ ചിരിക്കുന്നു.
“ഈ സമ്മാനം കണ്ട് മകന്‍ എന്റെ കൈകളിലേയ്ക്ക് ചാടും”

പ്രഭാതം, ജീവിതങ്ങളെ അവരവരുടെ ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തുന്നു.

“ഇപ്പോള്‍ ഇറാക്കില്‍ നിന്നും എത്തിയ എന്റെ മൂത്തമകനുവേണ്ടിയാണ്
ഈ കളിപ്പാട്ടം.”
വരിയില്‍ പിന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ പറയുന്നു
“ അടച്ചിട്ട മുറിയില്‍ ഈ കളി അവന്‍ എല്ലാദിവസവും കളിക്കട്ടെ.
എനിക്ക് പേടിയില്ല, ഒരിക്കല്‍ അവന്‍ ഇതില്‍ നിന്ന് രക്ഷപ്പെടുമായിരിക്കും.
ബാക്കിയുള്ള ജീവിതത്തിനു വേണ്ടത് അവന്‍ സമ്പാദിച്ചിട്ടുണ്ടല്ലോ”

മറ്റു മനുഷ്യരുടെയും സ്വപ്നങ്ങള്‍ക്ക് അടിത്തറ പണിയുകയാണ്,
ചോര്‍ച്ചകള്‍ അടയ്ക്കുന്ന വാക്കുകള്‍ കൊണ്ട് ഇയാള്‍ .

ഏനിയനുകള്‍ ചോരപ്പുഴയുടെ തീരത്ത്
റോം കണ്ടെത്തിയ അന്നു മുതല്‍
തണുപ്പില്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.
മരണത്തിനു തുടക്കമുണ്ടെന്നും
ഒരിക്കലും അതിനു ഒടുക്കമില്ലെന്നും
അതാണ് ഏകാന്തതയുടെ ദൈവമെന്നും
വെര്‍ജില്‍ മനസ്സിലാക്കിയിരുന്നു.

ജാലകത്തിലിലൂടെ ഗുമസ്ഥന്‍ വിളിച്ചു പറഞ്ഞു.
“അഞ്ചെണ്ണം മാത്രമേ ഇവിടെ ബാക്കിയിരിപ്പുള്ളൂ”

കൈകള്‍ എവിടെ വയ്ക്കുമെന്നറിയാതെ
ആളുകള്‍ കുഴങ്ങി.
കീശക്കുള്ളില്‍ തിരുകണോ
ഒഴിഞ്ഞതും പ്രയോജനമില്ലാത്തതുമായി
ശരീരത്തിനിരുവശത്തുമായി
വെറുതേ തൂക്കിയിടണോ.

എന്താണിത്രയും നേരം വിട്ടുകൊടുക്കാതെ
മുറുക്കെപ്പിടിച്ചുകൊണ്ടിരുന്നതെന്ന്
നമ്മുടെ കൈകള്‍ക്ക് എപ്പോഴും ഓര്‍മ്മയുണ്ടാവും.
കുട്ടികള്‍ യുദ്ധങ്ങള്‍ക്കു പാകമായി വളര്‍ന്നു കഴിഞ്ഞപ്പോള്‍
ഏതെല്ലാം പ്രതിജ്ഞകളാണ് എടുത്തിരുന്നതെന്ന്
അവയ്ക്ക് ഓര്‍മ്മയുണ്ടാവും.

പെട്ടെന്ന്
ഞങ്ങളില്‍ മൂന്നുപേര്‍ തെരുവിനപ്പുറത്തേയ്ക്കോടി
ഉന്നം കാത്തു നിന്നു
അതല്ലാതെ മറ്റെന്താണ്
ആളുകള്‍ സ്വന്തം ആണ്‍‌മക്കള്‍ക്കു വേണ്ടി ചെയ്യാനുള്ളത്?


- ഫിലിപ്പ് ഷൂള്‍ട്സ്
റൈറ്റേഴ്സ് സ്റ്റൂഡിയോയുടെ സ്ഥാപകനായ അമേരിക്കന്‍ കവി. Failure, Living in the Past, Deep Within the Ravine,The Holy Worm of Praise, Like Wings തുടങ്ങിയ പ്രധാനകൃതികള്‍ .

ചിത്രം : http://www.benoitcolsenet-peintures.com

1 comment:

  1. 'കളിപ്പാട്ടങ്ങള്‍ കുട്ടിയെ ക്കൊണ്ടു കളിയ്ക്കുന്ന കാലമാണിത്..കളിപ്പാട്ടങ്ങളില്‍ കൊതി തീരുന്ന കുട്ടി എത്തുന്നത്‌ പരമനിര്ജീവമായ ലോകത്താണ്. മിനിട്ടിനു മിനിട്ടിനു ടോയ്സ് വാങ്ങിക്കൊടുക്കുംപോള്‍ ആരും നഷ്ടപ്പെടുന്ന സര്‍ഗശേഷിയെ അറിയുന്നില്ല.

    ReplyDelete