December 14, 2009

നല്ലതുകളുടെ മാനദണ്ഡം


സിനിമാക്കാഴ്ചകള്‍ രണ്ട്

ഒരേ സമയം എട്ടു സിനിമകളാണ് തിയേറ്ററുകളില്‍ . പിന്നെ നിശാഗന്ധിയിലെ വൈകുന്നേരത്തെ പ്രദര്‍ശനവും ചേര്‍ത്ത് ആകെ 9. ഇവയില്‍ നിന്ന് തനിക്കു വേണ്ടത് കണ്ടെത്തുക ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ കരുതിവച്ച രണ്ടിലധികം സിനിമകള്‍ ഒരേസമയത്ത് പ്രദര്‍ശിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ എല്ലാം തീരെ അപരിചിതമായ സിനിമകള്‍ . അപ്പോള്‍ ഏതു കാണും? ഷെഡ്യൂളും കയ്യില്‍ പിടിച്ച് സംസാരിച്ചു നില്‍ക്കുന്ന ഏതു കൂട്ടവും ‘ഏതാണ് കൊള്ളാവുന്നത്’ എന്ന അപ്രതീക്ഷിത ചോദ്യത്തിനു മുന്നില്‍ പകച്ചിരിക്കും. ചോദിക്കുന്നയാളിന്റെ നല്ലത് എന്നുദ്ദേശിച്ചത് എന്താനെന്ന് കേള്‍ക്കുന്നയാള്‍ എങ്ങനെ അറിയാനാണ്? അല്ലെങ്കില്‍ തിരിച്ച് ശ്രോതാവിന്റെ നല്ല സിനിമ എതു നിലയ്ക്കാണ് വക്താവിന്റെ നല്ല സിനിമയാകാന്‍ പോകുന്നത്? ഫിലിമോത്സവത്തെക്കുറിച്ചുള്ള സംസാരങ്ങളിലും ജനപ്രിയതയെക്കുറിച്ചുള്ള മുന്‍ ധാരണകളില്‍ വഴിവിട്ട് നമ്മള്‍ക്ക് അഭിരമിക്കേണ്ടി വരുമോ എന്ന ഭയം നട്ടെല്ലു കാര്‍ന്നു തുടങ്ങുന്നു.. (ഹാ സുഭാഷ് ചന്ദ്രന്‍ )

വോണ്‍ ടിയറുടെ ആന്റിക്രൈസ്റ്റ് തറയില്‍ വരെ ഇരുന്നാണ് ആളുകള്‍ കണ്ടത് . ഉര്‍സുല അന്റോണിയോക്ക് സംവിധാനം ചെയ്ത ഡാനിഷ് ഫിലിം നതിംഗ് പേഴ്സണലിന്റെ പോസ്റ്റര്‍ ചതിച്ചതുകൊണ്ടും ആളുകള്‍ വല്ലാതെ തിക്കി തിരക്കിയിരുന്നു, ആ സിനിമയ്ക്ക്. വിവസ്ത്രയായി കിടക്കുന്ന ഒരു സ്ത്രീയാണ് പോസ്റ്ററില്‍ . സിനിമയില്‍ വേണ്ടവിധം ഒന്നും ഉണ്ടായിരുന്നുമില്ല. പിന്നെ വല്ലാത്ത തള്ളിക്കയറ്റം ഉണ്ടായത് റൊമാനിയന്‍ ചിത്രമായ ടെയിത്സ് ഫ്രം ദി ഗോള്‍ഡന്‍ ഏജിന്. ചെഷസ്ക്യുവിന്റെ ഭരണകാലത്തെ കളിയാക്കുന്ന 5 ഐതിഹ്യങ്ങളും അതിന്റെ മോറലുകളും ആണ് തമാശയില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ മുംഗിയു, ലോണാ മറിയ ഉറിക്കാരു, ഹന്നോ ഹോഫര്‍ , റസ്‌വാന്‍ മാര്‍ക്യുലെസ്ക്യു, കോണ്‍സ്റ്റാന്റിന്‍ പെപെസ്ക്യു എന്നിങ്ങനെ അഞ്ചു വ്യത്യസ്ത സംവിധായകരാണ് 5 ഖണ്ഡങ്ങളെ അണിയിച്ചൊരുക്കിയത് . റൊമാനിയന്‍ (- ജര്‍മ്മന്‍) എഴുത്തുകാരി ഹെര്‍ത്താമ്യുള്ളറെ ഓര്‍ത്തുപോയി. പാര്‍ട്ടിയെയും ഭരണത്തെയും പേരെടുത്തു പറഞ്ഞുള്ള രാഷ്ട്രീയവിമര്‍ശം പുതിയതാണ്. രൂപകങ്ങളും ദൃശ്യചിഹ്നങ്ങളും രൂപകാതിശയോക്തികളുമാണ് സാധാരണയായി വിമര്‍ശനങ്ങള്‍ക്ക് നിലമൊരുക്കുന്നത്. സിനിമയില്‍ ലൈംഗികത തീരെയില്ല. അപ്പോള്‍ ആന്റി ക്രൈസ്റ്റ് പോലെ ജനം കലാഭവനിലെ വെറും നിലത്തു കുത്തിയിരുന്ന് ഈ സിനിമ കണ്ടത് രാഷ്ട്രീയത്തെക്കുറിച്ച് ആലോചിച്ചു തന്നെ. ഫിലിമോത്സവങ്ങളുടെ ജനപ്രിയത എന്നത് ലൈംഗികതയില്‍ മാത്രം അധിഷ്ഠിതമല്ല. എങ്കിലും സാമാന്യജനത്തിനത് സെന്‍സര്‍ഷിപ്പില്ലാത്ത എന്തോ ചിലതൊക്കെ കാണാന്‍ ആളുകള്‍ തള്ളുന്നു എന്ന മട്ടാണ്. അതും ഈ സൈബര്‍കാലത്തും. ബുജികളെപ്പറ്റിയുള്ള തമാശകളില്‍ ഈ വിടവും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പറയുന്ന സിനിമ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടെന്ത്? കഴിഞ്ഞ തവണ കേട്ടതുപോലെ തന്നെ ചലച്ചിത്രോത്സവങ്ങളുടെ നിലവാരം കീപ്പോട്ടാണെന്ന് ചില സൂക്തങ്ങള്‍ സിനിമകള്‍ക്കിടയ്ക്കുള്ള ഇടവേളകളില്‍ പോപ്ക്കോണുകള്‍ക്കൊപ്പം തലയില്‍ വന്നു വീണിരുന്നു. നടേ പറഞ്ഞതുപോലെ നിലവാരങ്ങളുടെയും മാനദണ്ഡമെന്താണ്. അറിയാവുന്നവരുണ്ട് കൂട്ടത്തില്‍ . പക്ഷേ അറിയാന്‍ വയ്യാത്തവരാണ് കൂടുതല്‍ .

കിം കി ഡുക്കില്‍ നിന്ന് ഒരു രേഖ തായ്ലാന്റിലേയ്ക്ക് ചെല്ലുന്നുണ്ട്. അല്ലെങ്കില്‍ തിരിച്ച്. പ്ലോയ് എന്ന പെനെക് രത്നരുവാങിന്റെ തായ് ലാന്റിയന്‍ സിനിമ പുറത്തിറങ്ങിയത് 2007-ല്‍ . (അന്നത്തെ IFFK യില്‍ ഈ സിനിമ ഇവിടെ കാണിച്ചിരുന്നു. ഇപ്പോള്‍ പെനെക്കിന്റെ റിട്രോ ആയി) ഡുക്കിന്റെ ബ്രീത്തും ഡ്രീമും അതിനുശേഷമാണ് വരുന്നത്. (2008. 2009 വര്‍ഷങ്ങളില്‍ ) ഡുക്കിന്റെ ആദ്യകാല സിനിമകള്‍ മുതലുള്ള ചില മൂലകങ്ങള്‍ - ത്രികോണബന്ധങ്ങളും അതിന്റെ സങ്കീര്‍ണ്ണതയും സ്വപ്നങ്ങളും അതീവധ്വനിസാന്ദ്രമായ വിഷ്വലുകളും - പെനെക്ക് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് സാധര്‍മ്മ്യങ്ങളുണ്ട്. പ്ലോയിലെ കഥയ്ക്ക് പ്രവാസത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്ന ദമ്പതികള്‍ ഒരു ശവസംസ്കാരച്ചടങ്ങിന് തായ്ലാന്റില്‍ എത്തുന്നതാണ് പ്രമേയം. ശവസംസ്കാരം അവരുടെ ദാമ്പത്യത്തിന്റെ തന്നെയാവാം. അവര്‍ക്ക് താമസിക്കാന്‍ വീടില്ലാത്തതിനാല്‍ ഹോട്ടലില്‍ തങ്ങുന്നു. അങ്ങനെ ബന്ധങ്ങളുടെ ഒരു താത്കാലികത. അതേ ഹോട്ടലിന്റെ ലോബിയില്‍ സ്വീഡനില്‍ നിന്ന് പിറ്റേന്ന് കാലത്തെത്തുന്ന അമ്മയെക്കാത്ത് 19 കാരിയായ ഒരു പെണ്‍കുട്ടി. ഏഷ്യന്‍ സിനിമകളില്‍ നിന്ന് പെറുക്കിയെടുക്കാവുന്ന ചില പൊതുവായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. സ്ത്രീപുരുഷബന്ധങ്ങളിലെ മടുപ്പ് ഒന്ന് . അത് പാശ്ചാത്യ സിനിമകളില്‍ നമ്മള്‍ കണ്ടതില്‍ നിന്നും പ്രത്യേകമാണ്. പീഡനതാത്പര്യങ്ങള്‍ മറ്റൊന്ന്.

ആത്മാലാപനങ്ങള്‍ -തന്നോടു തന്നെയുള്ള സംഭാഷണങ്ങള്‍ - ഏകാന്തതയുടെ ഒരു ആവിഷ്കരണരീതിയാണ്. കെന്‍ ലോച്ചിന്റെ ലുക്കിംഗ് ഫോര്‍ എറികില്‍ എറിക് എന്ന പോസ്റ്റുമാന്‍ ജീവിത നൈരാശ്യത്തില്‍ നിന്ന് രക്ഷനേടുന്നത് എറിക് കാന്റോണ എന്ന ഫുട്ബോള്‍ കളിക്കാരനുമായി ചങ്ങാത്തം സ്ഥാപിച്ചുകൊണ്ടാണ്. കാന്റോണയുമായുള്ള ചങ്ങാത്തം ഒരു പ്രതീതിയാഥാര്‍ത്ഥ്യമാണ്, പോസ്റ്റുമാന്റെ വെറും സങ്കല്‍പ്പം. (യു കെയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന കളിക്കാരനായിരുന്ന കന്റോണ തന്നെയാണ് സിനിമയിലും അഭിനയിക്കുന്നത് എന്നൊരു സവിശേഷതയുണ്ട്) ഫുട്ബോള്‍ കളിക്കാരനുമായുള്ള സംഭാഷണങ്ങളെല്ലാം എറിക്കിന്റെ സ്വഗതാഖ്യാനങ്ങളാണ്. ആന്ദ്രേ വൈദയുടെ പുതിയ ചിത്രം ‘സ്വീറ്റ് റഷും’ പ്രധാനകഥാപാത്രമായ മാര്‍ത്തയുടെ നാലു നീണ്ട ആത്മാലാപനത്തിലൂടെയാണ് നീങ്ങുന്നത്. കഥ സിനിമയില്‍ നിന്നും പുറത്തേയ്ക്കു പോകുന്നുണ്ട്. മാര്‍ത്തയായി അഭിനയിക്കുന്ന ക്രിസ്തീന ജന്‍‌ദയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് ക്ലോസിന്‍സ്കിയുടെ മരണത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. ബോഗസ് എന്ന 20 കാരനുമായുള്ള മാര്‍ത്തയുടെ അടുപ്പമാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്. സിനിമയെ പ്രമേയമാക്കുന്നതുകൊണ്ട് വൈദയും ഒരു കഥാപാത്രമാണ് ഇതില്‍ . രോഗം മരണം ഏകാന്തത സൃഷ്ടിപരത പ്രണയം എന്നിവയൊക്കെ ചര്‍ച്ചാ വിഷയമാകുന്നു എങ്കിലും സിനിമ മടുപ്പിക്കുന്നതെന്ന് പേരു കേള്‍പ്പിച്ചത് ഈ നീണ്ടുപോയ ആത്മാഖ്യാനങ്ങളാല്‍ തന്നെ. (വൈദയ്ക്കിപ്പോള്‍ 83 ആണ് നടപ്പ്. വയസ്സാകുന്നതേയില്ല..) പ്രസിദ്ധനായ മറ്റൊരു സംവിധായകന്‍ മാന്വല്‍ ഡെ ഒളിവേരയ്ക്ക് (പോര്‍ച്ചുഗല്‍ ) 101 വയസ്സുണ്ട് ഇപ്പോള്‍ (ജനനം 1908-ല്‍ 2008-ല്‍ സിനിമയ്ക്കു നല്‍കിയ സേവനങ്ങളെ പുരസ്കരിച്ച് കാനില്‍ നിന്നും ഗോള്‍ഡന്‍ പാം ലഭിച്ചു) . അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘എക്സെണ്ട്രിസിറ്റീസ് ഓഫ് എ ബ്ലോണ്ട് ഗേള്‍ ’ കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം നീളമുള്ള ഒന്നാണ്. മകാറിയോ എന്ന മനുഷ്യന്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ സഹയാത്രികയോട് തന്റെ യൌവനകാലപ്രണയപരാജയത്തെക്കുറിച്ച് പറയുന്നതാണ് സിനിമ. സ്വര്‍ണ്ണതലമുടിക്കാരിയുടെ ഇളക്കം എന്തായാലും സിനിമ പൊതുവേ നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിട്ടുള്ളത്. അസ്തൂറിയാസിന്റെ പ്രസിദ്ധ നോവല്‍ ‘ദി പ്രസിഡന്റിനെ’ പല നിലയ്ക്കും ഓര്‍മ്മയില്‍ കൊണ്ടു വരുന്ന ചലച്ചിത്രമാണ് റൌള്‍ പെക്കിന്റെ ‘മൊളോക്ക് ട്രോപ്പിക്കല്‍ ’. ഹെയ്തിയിലെ ഏകാന്തമായ കൊട്ടാരത്തില്‍ താമസിക്കുന്ന പ്രസിഡന്റിന്റെ അന്തഃസംഘര്‍ഷങ്ങളും ക്രൂരതകളും ഒപ്പിയെടുത്ത ഒരു ചിത്രം. അധികാരത്തിന് ചീഞ്ഞ ലൈംഗികതയുമായുള്ള ബന്ധത്തെ യോസ ‘ആടിന്റെ വിരുന്ന്’ എന്ന പുസ്തകത്തിലും അസ്റ്റൂറിയാസ് ‘പ്രസിഡന്റിലും’ (വിജയന്‍ ധര്‍മ്മപുരാണത്തിലും ) ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ സിനിമയിലും നാം മറ്റൊരു വിധത്തില്‍ കാണുന്നു. വിഷ്വലുകളുടെ ശക്തിയാല്‍ സിനിമ നേരിട്ടൊരു സംവേദനം പ്രേക്ഷകരുമായി സാധ്യമാക്കുന്നു. കോങ്കണ്ണനായ ഒരു അഭയാര്‍ത്ഥി കുട്ടിയുടെ (റ്റെടോ) അലച്ചിലിനെ ഹൃദയാവര്‍ജകമായി ആവിഷ്കരിച്ച കസാക്കിസ്താന്‍ സിനിമയാണ് ജോര്‍ജ് ഒവാഷ്‌വില്ലിയുടെ ‘ദ അദര്‍ ബാങ്ക്’. ബാള്‍ക്കന്‍ സിനിമകളിലും പാലസ്തീന്‍ സിനിമകളിലും ആവര്‍ത്തിച്ചു വരുന്ന വീടു നഷ്ടപ്പെടുക എന്ന പ്രമേയമാണ്, അബ്ഖാസിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദര്‍ ബാങ്കും ചിത്രീകരിക്കുന്നത്. പട്ടാളത്തിന്റെ ക്രൂരതയും ജനങ്ങളുടെ നിസ്സഹായതയും അനാഥത്വവും വംശവിദ്വേഷങ്ങളും ചിത്രീകരിക്കപ്പെടുന്നു. ലൈംഗികതയും ഏകാന്തതയും പോലെ സ്വദേശം നഷ്ടപ്പെടലും അലച്ചിലും സാര്‍വലൌകികമായി സ്വീകരിക്കപ്പെടുന്ന ആശയമാണ്. പരിചിതമായ ആശയങ്ങള്‍ സിനിമകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള വേവലാതിയാണ് സിനിമകളുടെ നിലവാരം താഴേയ്ക്കു പോകുന്നോ എന്ന ഉത്കണ്ഠയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നിപ്പോള്‍ തോന്നുന്നു.

രാവിലത്തെ ആദ്യപ്രദര്‍ശനം (തരം പോലെ ഇത് 9 മണിമുതല്‍ 10 മണിവരെ നീളും) കഴിഞ്ഞാല്‍ അടുത്ത സിനിമ ആര്‍ക്കും കാണാനാവാത്ത വിധത്തിലാണ് പ്രദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്. 11.30 നു തുടങ്ങിയ അബ്ബാസ് കിറോസ്താമിയുടെ ‘ഷിറിന്‍ ’കാണാന്‍ പറ്റാതെ പോയത് സ്വീറ്റ് റഷ് വിട്ടത് 11.30 തന്നെ ആയതുകൊണ്ടാണ്. അതിന്റെ നിരാശ ചില്ലറയല്ല. ധന്യയില്‍ സിനിമകള്‍ നേരത്തെ റിസര്‍വു ചെയ്ത് ആളുകള്‍ കയറുന്നതിനെതിരെ ഒരൊറ്റയാള്‍ പ്രതിഷേധമുണ്ടായിരുന്നു. നതിംഗ് പേഴ്സണലിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ്. വാതില്‍ കാവല്‍ക്കാര്‍ക്ക് അമര്‍ത്തിച്ചിരിക്കാനുള്ള വകയായി. എന്തു കാണാനായിരുന്നു പ്രതിഷേധം എന്ന് ! ഇത്തവണ സിനിമകള്‍ തീരുമ്പോള്‍ കൈയടികളില്ല. അപൂര്‍വം ചിലതിന് അങ്ങും ഇങ്ങും മാത്രം ചില കൈയൊച്ചകള്‍ ! എന്നാലും ഒരൂക്ക് കുറവ്. എന്ന് വച്ച് സിനിമകള്‍ പൊതുവേ കൊള്ളാത്തവയാണെന്ന തീരുമാനത്തിലേയ്ക്ക് എടുത്തുചാടേണ്ടി വരുമോ, നാലുക്കൊപ്പം? ഒരു ഫെസ്റ്റിവലില്‍ എത്ര സിനിമകള്‍ നന്നായാല്‍ ആ ഫെസ്റ്റിവല്‍ നന്നായെന്ന് സാകൂതം പറയാന്‍ പറ്റും..?
അപ്പോഴും പ്രശ്നം ഇരുട്ടത്തിരുന്ന് തുറിച്ചുനോക്കുന്നുണ്ട് ...
ഈ നന്നാവലിന്റെ മാനദണ്ഡം എന്താണ്....?

10 comments:

  1. അല്‍മദോവറിന്റെ സിനിമയെ മറന്നോ? വോള്‍‌വറിലെ അതേ താരങ്ങളെ വെച്ച് ചെയ്ത ഒരു മോശം സിനിമയായാണ്‌ തോന്നിയത്.

    ഓളിവേരയുടെ സിനിമയിലെ ദൃശ്യങ്ങള്‍(നായികയും) ഒരു പെയിന്റിംഗ് പോലെ സുന്ദരമായതിനാല്‍ മാത്രം ഒരു മണിക്കൂര്‍ ഇരുന്നു . ഇടയ്ക്ക് ഡിവിഡി ഹാങ്ങ് ആയ ഇടവേള നിമിഷങ്ങള്‍ ആശ്വാസം പകര്‍ന്നു :)

    ആന്ദ്രേവൈദെയുടെ സിനിമയില്‍ 'മുറിയിലെ നീണ്ട ആത്മാലാപങ്ങള്‍' ആണ് ഇടയ്ക്കെങ്കിലും സിനിമയെ ചെടിപ്പിച്ചത്. ഇരുണ്ട ഒരു മുറിയില്‍ കസേര വലിച്ചിട്ട് അരമണിക്കൂറൊളം കഥ പറയാനാനെങ്കില്‍ സിനിമ എന്നല്ല അതിനെ 'ഓഡിയോ സ്റ്റോറി' എന്ന് വിളിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.(പക്ഷേ അതിനെ 'നോവലിലെ സംഭാഷണങ്ങളെ മാത്രം ഇഷ്ടപ്പെടുന്ന, വിവരണത്തെ നിരസിക്കുന്ന ബോഗസിന്റെ അഭിപ്രായത്തോട് കൂട്ടിക്കെട്ടേണ്ടതില്ല.) എങ്കിലും അന്ന് കണ്ട സിനിമകളില്‍ ഇഷ്ടമായത് സ്വീറ്റ് റഷ് തന്നെ... പ്രത്യേകിച്ചും കണ്ടിരുന്ന 'കഥ' വെറും 'സിനിമ'യാണെന്ന ഞെട്ടലില്‍ നിന്ന് വീണ്ടും അത് സിനിമയിലേക്ക് നമ്മളെ വലിച്ചിടുന്നുണ്ട്. കുളവാഴയുടെ തണ്ട് പുക്കിള്‍കൊടിപോലെയാക്കി പ്ലാസെന്റയിലെ ശിശുവിനെപ്പോലെ നദിയില്‍ ആഴുന്ന ബോഗസ്... പ്രണയമാണോ,വാല്‍സല്യമാണൊ അവനൊട് പ്രകടിപ്പിക്കേണ്ടതെന്ന് കുഴങ്ങുന്ന മാര്‍ത്ത...
    ആന്ദ്രേവൈദെ നിരാശപ്പെടുത്തിയില്ല.

    ഓഫ്..
    എവിടെയൊക്കെയോ പരിചയം തോന്നുന്നു.
    ചോളയിലെ വോഡ്കയിലും, നാരങ്ങാനീരിലും നനഞ്ഞു കുതിര്‍ന്ന ഭയത്തിന്റെ സുബാഷ്ചന്ദ്രന്‍ നക്കലടക്കം :)

    ReplyDelete
  2. അല്ലണ്ണാ... ഇക്കാര്യം പുപ്പുലിയും ചിന്തിക്കാതിരുന്നില്ല... നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക്‌ ഒരു വോട്ടിംഗ്‌ തുടങ്ങിയാലോ.. അന്നന്നു കണ്ട ചിത്രത്തെക്കുറിച്ച്‌ ഗ്രൂപ്പിലൂടെയോ ഒരു ബ്ലോഗിലൂടെയോ മറ്റുബ്ലോഗന്‍മാരെ അറിയിച്ചാലോ.... കണ്ടതില്‍ നല്ല പടം ഏത്‌ എന്ന്‌ നമ്മള്‍ ഒരു വോട്ടിംഗിലൂടെ തീരുമാനിച്ചാലോ... എന്തായാലും നമ്മള്‍ സൂപ്പര്‍സ്റ്റാര്‍ അണ്ണന്‍മാരുടെ പടങ്ങള്‍ക്ക്‌ ഐ.എഫ്‌.എഫ്‌.കെ.യില്‍ വല്ലിയ സ്ഥാനമില്ലാത്തോണ്ട്‌ ഫാന്‍സ്‌കാരന്‍മാര്‌ കള്ളവോട്ട്‌ ചെയ്യുമെന്ന്‌ പേടിക്കണ്ട.... ഇത്തവണ ഇപ്പം ഇന്റര്‍വെല്ലുകളാവാറായില്ലേ... അടുത്ത തവണ നമ്മക്ക്‌ നവംബര്‍ അവസാനമേ ഇത്തരം ഒരു ശ്രമം നടത്താമെന്നേ... ഈ കാണിക്കണ പടങ്ങള്‌ പലതും യൂ ടൂബിലൂടെയും നെറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയത്‌ സി.ഡി.ലാക്കിയും കണ്ട പല ചേട്ടന്‍മാരും നമുക്കിടയിലുണ്ട്‌.. അവര്‍ക്ക്‌ നേരത്തെ അഭിപ്രായം അറിയിക്കുകയും ചെയ്യാം.. പിന്നെ 9 മണിക്ക്‌ ആദ്യം ഒരു പടം കേറികണ്ട്‌ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇറങ്ങി 10 മണിക്ക്‌ അടുത്ത തീയറ്ററില്‍ കയറുന്ന ചേട്ടന്‍മാരുമുണ്ട്‌ കേട്ടാ... പിന്നെയീ... ദ പ്ലെയ്‌സ്‌ വിത്തൗട്ട്‌ ലിമിറ്റ്‌സ്‌്‌, ആര്‍തൂര്‍ റിപെസ്റ്റെന്റി, മസാഞ്ചലസ്‌്‌' ബെട്‌റിസ്‌ ഫ്‌ളോക്‌സ്‌ സില്‍വ 'ഐ ആം എലൈവ്‌', ദിനോ ജര്‍റ്റിലി, ഫിലിപ്പോ ജര്‍റ്റിലി), രാത്രി ദ ടൈം ദാറ്റ്‌ റിമെയിന്‍സ്‌, (ഏലിയാസ്‌ സുലൈമാന്‍)
    'മോന്‍ഷ്വിയര്‍ ഹൂലൊട്‌സ്‌ ഹോളിഡേ', ജാക്വിസ്‌ താതി, ഹെര്‍ ലോണ്‍ലി ലൈന്‍' മികിയോ നറൂസെ, സിറ്റി ഇന്‍ റെഡ്‌' റബേക്ക ഷാവേസ്‌
    പുസ്‌കാസ്‌ ഹംഗറി', റൗള്‍ പെക്‌ അല്‍മസി, മലോഷ്‌ ട്രോപിക്കല്‍', എക്‌സന്‍ട്രിസിറ്റീസ്‌ ഓഫ്‌ എ ബി എച്ച്‌ ഗേള്‍' മാനുവല്‍ ദ ഒലിവേരിയോ, എസ്‌റാ, ന്യൂട്ടല്‍ എല്‍ അദ്വാക, 'വിച്ച്‌ സര്‍ക്കിള്‍' ഡെസ്‌കോ സിഗ്മണ്ട്‌, എന്നൊക്കെ പറഞ്ഞാ പുപ്പുലിക്കൊന്നും മനസിലാകില്ല കേട്ടാ... വെവരക്കേടുകള്‌ തന്നെ... നമ്മക്ക്‌ കൂടിപ്പോയാ അടൂര്‍ ഗോപാലകൃഷ്‌ണന്റെ പടം... അത്രയൊക്കെ മനസ്സിലാക്കാനൊള്ള വെവരങ്ങളേ ഒള്ളൂ.. ഈ ഇംഗ്ലീഷിലുള്ള സബ്‌ടൈറ്റില്‌ വായിച്ചാ... സിനിമേലുള്ള ശ്രദ്ധ പോകും.. സിനിമേല്‌ ശ്രദ്ധിച്ചാ സബ്‌ ടൈറ്റില്‌ വായിക്കാനും പറ്റില്ല... പിന്നെ കഥയറിയാതെ ആട്ടം കാണുക അത്രതന്നെ..

    ReplyDelete
  3. ഫിലിമോത്സവത്തെക്കുറിച്ചുള്ള സംസാരങ്ങളിലും ജനപ്രിയതയെക്കുറിച്ചുള്ള മുന്‍ ധാരണകളില്‍ വഴിവിട്ട് നമ്മള്‍ക്ക് അഭിരമിക്കേണ്ടി വരുമോ എന്ന ഭയം നട്ടെല്ലു കാര്‍ന്നു തുടങ്ങുന്നു...

    സംശയം വേണ്ടാ ആളുകളെത്തിക്കഴിഞ്ഞു നല്ലത്, ഇഷ്ടം, ജനപ്രിയത ഒക്കെ തീരുമാനിക്കാന്‍ ദേവദാസിന്റേയും പുപ്പുലിയുടേയും കമെന്റുകള്‍ തന്നെ ഉദാഹരണം. ഒരുത്തന്‍ മഹാജാഡയില്‍ അല്‍മദോവര്‍, ഒളിവേര, വൈദെ എന്നൊക്കെ കാച്ചുന്നു മൊത്തം കലക്കിക്കുടിച്ച പോലെ. മറ്റവന് ഇവരെയൊന്നും അറിയില്ല എന്ന പഞ്ചപുച്ഛം, പിന്നെ ആരുടെ സിനിമ കാണാന്‍ ആവോ പുപ്പുലി സിനിമയ്ക്ക് കയറിയത്?

    ReplyDelete
  4. അറിയാമെന്കില്‍ അറിയാമെന്നും അറിഞ്ഞുകൂടെങ്കില്‍ അറിഞ്ഞുകൂടെന്നും പറയുന്നതില്‍ എന്തു ജാട? ഒരുമാതിരി സിനിമാപ്രേമികളെല്ലാം അല്‍മദോവറെയും വൈദയെയും അറിയാതിരിക്കുമോ? അപ്പോള്‍ 'ഒരുത്തന്‍ എല്ലാം അറിയാവുന്നപോലെ' എന്നു പറയുന്നതില്‍ എന്താണ് അര്‍ത്ഥം? തനിക്കിഷ്ടപ്പെട്ടതും മനസ്സിലായതും ദേവദാസ് പറഞ്ഞു. അനോനീ താങ്കള്‍ക്കത് ഉചിതമായി തോന്നിയില്ലെങ്കില്‍ തിരുത്തൂ. ദേവദാസിന്റെയും പുപ്പുലിയുടെയും അറിവും അറിവുകേടും അവിടെ നില്‍ക്കട്ടേ, അനോനിയുടെ കമന്റിലെ പരപുച്ഛമോ? ഫലത്തില്‍ എല്ലാം ഒന്നു തന്നെയല്ലേ? ഇന്നിപ്പോള്‍ ഏലിയാ സുലൈമാന്റെ സിനിമയ്ക്ക് വന്നിരുന്ന് ആദ്യം മുതല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ സംസാരിക്കുന്നുണ്ടായിരുന്നു. മലയാള സിനിമയിലെ ആളുകളെയൊക്കെ വിളിച്ചു പറഞ്ഞാണ് അവര്‍ അര്‍മാദിച്ചത്. സിനിമയില്‍ നര്‍മ്മത്തിലും മൌനത്തിലുമാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. കലാസ്വാദനത്തിന് അത്യാവശ്യം വേണ്ടത് ജാഗ്രതയും സൂക്ഷ്മതയുമൊക്കെയാണ്. അതില്ലാത്തത് മാനസികവും സാംസ്കാരികവുമായ ക്ഷീണാവസ്ഥയാണ്. അതു തിരിച്ചറിയാതെ പോകുന്നു എന്നതാണ് നമ്മുടെ വലിയ ദുരന്തം. ആ ടൈപ്പ് സാധനങ്ങള്‍ക്ക് നല്ലതു കിട്ടിയിട്ട് എന്താണ്? തീയത് എങ്ങനെ തിരിച്ചറിയാനാണ്?

    ReplyDelete
  5. ഇത്തവണ ഫെസ്റ്റിവൽ ലൈനപ്പ് പൊതുവെ ദുർബലമാണെന്നാണു ഞാനും കരുതുന്നത്.

    വിദേശസിനിമകൾക്ക് റിലിസോ റെന്റൽ സൌകര്യമോ ഇല്ലാത്ത നാട്ടിൽ, ഡൌൺ‌ലോഡിങ് സൌകര്യങ്ങൾ ഇല്ലാത്ത ഒരുപാട് പ്രേക്ഷകർ, ഒരു വർഷത്തെ കടം തീർക്കുന്നത് ഫെസ്റ്റിവലിലാണ്. ഇത്രയധികം നല്ല സിനിമകൾ ഇറങ്ങിയ വർഷം, ഇതിൽ എത്രയെണ്ണം നമ്മുടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നുണ്ട്?

    ബെർലിൻ, കാൻസ്, വെനീസ്, ടൊറോന്റോ തുടങ്ങിയ വമ്പൻ ഫെസ്റ്റിവലുകൾക്കെല്ലാം ശേഷം വർഷാവസാനം വരുന്ന ഫെസ്റ്റിവലാകുമ്പോൾ, തെരഞ്ഞെടുക്കാൻ സിനിമകളിഷ്ടം പോലെയുണ്ട്. അതും അടുത്ത കാലത്തെങ്ങും സംഭവിച്ചിട്ടില്ലാത്തതു പോലെ ശക്തമായ ഒരു ലൈനപ്പ് കാൻ ഫെസ്റ്റിവലിലൊക്കെ വന്ന വർഷം. എന്നിട്ടാണ് ഒന്നും രണ്ടും മൂന്നും വർഷം പഴക്കമുള്ള താരത‌മ്യേന ആവറേജ് എന്നു വിശേഷിപ്പിക്കാവുന്ന സിനിമകൾ കൊണ്ട് ലിസ്റ്റ് തികയ്ക്കുന്നത്. കാനിലോ വെനീസിലോ ബെർലിനിലോ പുരസ്കാരം കിട്ടിയ സിനിമകൾ ഇത്തവണ ഇല്ല.

    സാധാരണ ഫെസ്റ്റിവലിനു പോകാൻ സാധിക്കാത്തതിൽ നഷ്ടബോധം തോന്നാറുണ്ട്. ഇത്തവണ അതില്ല. 20 എണ്ണത്തോളം ഇവിടെ ഞാൻ കണ്ടു കഴിഞ്ഞു.

    നല്ല സിനിമകൾ കൊണ്ടുവരാൻ കാശുമുടക്കണം. അതിനു തയ്യാറല്ലെങ്കിൽ, നാട്ടിൻ‌പുറത്തെ ടാക്കീസിൽ പഴയ പടങ്ങൾ ഓടിക്കുന്നതു പോലെ എണ്ണം തികയ്ക്കാം.

    ReplyDelete
  6. എല്ലാത്തവണയും ഡിസംബറില്‍ ഒരു ബുജി കളിക്കാന്‍ ഇറങ്ങുന്ന പതിവുണ്ടായിരുന്നു എന്നാല്‍ എന്നു എല്‍ ഡീ എഫ്‌ ഭരണം തുടങ്ങിയോ അന്നു മുതല്‍ ഫിലിമോത്സവത്തിണ്റ്റെ നിലവാരം പോയി മറ്റേത്‌ റ്റീ കേ രാജീവ്‌ കുമാറും ബീന പോളും ഒക്കെയായിരിക്കും പടങ്ങള്‍ സെലക്ട്‌ ചെയ്യുക ഇതിപ്പോള്‍ ക്യൂബ പാലസ്റ്റീന്‍ ആണ്റ്റി അമേരിക്ക സബ്ജക്റ്റ്സ്‌ ഇങ്ങിനെ ഒക്കെയാണു പടം സെലക്ട്‌ ചെയ്യുന്ന ക്രൈറ്റീരിയ പിന്നെ പണ്ടത്തെ പോലെ അല്ല ഇരുട്ടത്ത്‌ കൂര്‍ക്കം വലിക്കുന്നവരും അടിച്ചു ഫിറ്റായി മയങ്ങുന്നവരും മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്തവരും ഒക്കെ ചേര്‍ന്ന ഒരു വ്ര്‍ത്തികെട്ട ക്രൌഡ്‌ ആണു ഒരു ആസ്വാദന മത്സരം നടത്തി വേണം ഡെലിഗേറ്റുകളെ തെരഞ്ഞെടുക്കാന്‍ വെറുതെ ഇരുട്ടത്തിരുന്നു സൊള്ളാനും ഒക്കെ ഈ അവസരം ഉപയോഗപ്പെടുത്തുന്നവരുടെ ശല്യം വേറെ പിന്നെ ഈ എസ്‌ എം വഴി ബുക്കിംഗ്‌ ബാല്‍ക്കണി സീറ്റിനു ഉന്തും തള്ളും എട്ടായിരം ഡെലിഗേറ്റ്‌ ഉണ്ടെങ്കില്‍ സിനിമാ ഹാള്‍ ഇത്ര മതിയോ നല്ല പടങ്ങള്‍ വലിയ തിയേറ്ററുകളില്‍ സൌകര്യ പ്രദമായ രണ്ട്‌ ഷോ എങ്കിലും കളിപ്പിക്കണ്ടെ? ഇതുകൊണ്ടൊക്കെ ഞാന്‍ ഈ ഫിലിമ്മോത്സവം ബോയ്കോട്ട്‌ ചെയ്തു മ്യൂ ടോറണ്റ്റ്‌ ഉള്ളതിനാല്‍ നല്ല പടം ഫ്റീ ആയി ഡൌണ്‍ലോഡ്‌ ചെയ്തു കാണാം തച്ചങ്കരി ഇനി സൈബറ്‍ ലാ അനുസരിച്ചു ഇതു പ്റോസിക്യൂട്ട്‌ ചെയ്യുന്നതു വരെ

    ReplyDelete
  7. ഒരു മാതിരി സിനിമാപ്രേമികളെല്ലാം അല്‍മേേദാവറെയും വൈദയെയും അറിയാതിരിക്കുമോ... വെള്ളെഴുത്തിന്റെ ഈ ചോദ്യം പുപ്പിലിക്ക്‌ മനസ്സിലാകുന്നില്ല... തിരുവല്ലത്തിനടുത്തുള്ള ഒരു ഗൗരിയമ്മച്ചിയുണ്ട്‌... പത്തെണ്‍പത്‌ വയസ്സായി.... റിലീസാവുന്ന മിക്ക സിനിമകള്‍ക്കും അമ്മച്ചിയെ ആദ്യദിവസം തന്നെ കാണാം... അവര്‍ക്ക്‌ അല്‍മദോവറെയും വൈദയെയും അറിയാമോ എന്നെനിക്കറിയില്ല... ഫെസ്റ്റിവല്‍ നടക്കാത്ത 357 (365-8) ദിവസങ്ങളിലും ഈ തീയറ്ററുകളെ പിടിച്ചുനിര്‍ത്തുന്നത്‌ ഗൗരിയമ്മച്ചിയെപ്പോലുള്ള സാധാരണക്കാരാണ്‌.. അവര്‍ക്കും അല്‍മദോവറെയും വൈദയെയും അറിയണമെന്നില്ല... അവരിലൊരുവന്‍ മാത്രമാണ്‌ പുപ്പുലിയും.... പിന്നെന്തിന്‌ ഫിലിം ഫെസ്റ്റിവലില്‍ വന്നു... കുറച്ചു നല്ല ചിത്രങ്ങള്‍ കാണാന്‍ ഇത്തവണയും പുപ്പുലിക്ക്‌ സാധിച്ചു... സൂഫി പറഞ്ഞ കഥ ഉള്‍പ്പെടെയുള്ള ചില മലയാള സിനിമകള്‍... ഞാന്‍ കാണണമെന്ന്‌ ആഗ്രഹിച്ച്‌ തീയറ്ററിലെത്തുംമുമ്പ്‌ പ്രദര്‍ശനം നിര്‍ത്തിയ രാമാനം പോലുള്ള ചിത്രങ്ങള്‍.. പിന്നെ മുറപ്പെണ്ണും കടല്‍പ്പാലവും പോലുള്ള ചില പഴയ കാല ചിത്രങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ കാണാനും ശ്രമിച്ചു.. ഇടവേളകളില്‍ ചില വിദേശ സിനിമകള്‍ക്കും കയറാതിരുന്നില്ല... ഇന്ത്യന്‍ സിനിമ ഇന്ന്‌ വിഭാഗത്തിലെ ചിത്രങ്ങളും വിടാതെ കാണണമെന്ന്‌ ആഗ്രഹമുണ്ട്‌... ഓളവും തീരവും, സ്വയംവരവും, തമ്പും, പോലുള്ള ചില ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ കണ്ടത്‌ തന്നെയാണ്‌ വര്‍ഷാവര്‍ഷങ്ങളായുള്ള പുപ്പുലിയുടെ ഫെസ്റ്റിവല്‍ ഓര്‍മ്മകളിലെ സുവര്‍ണമുഹൂര്‍ത്തങ്ങള്‍. പുപ്പുലിയുടെ വെവരക്കേടുകളാണിത്‌.. പുപ്പുലിക്ക്‌ പുച്ഛമുള്ള രണ്ടു കൂട്ടരേയുള്ളു ഫെസ്റ്റിവല്‍ വേദിയില്‍.. ആന്റി ക്രൈസ്റ്റും ഹയോര്‍ഡ്‌ ഗേളും കാണാന്‍ തല്ലുണ്ടാക്കിയ ഇക്കിളി ചേട്ടന്‍മാരും.... തങ്ങളാണ്‌ ലോകസിനിമയെ ഉയര്‍ത്തിക്കൊണ്ടു പോകുന്നതെന്ന അഹങ്കാരത്തില്‍ തീയറ്ററുകളില്‍ മലയാള/ഇന്ത്യന്‍സിനിമകളെ പുച്ഛിച്ച്‌ സംസാരിച്ചു നടക്കുന്ന ഈ ഒരു ആഴ്‌ച്ചക്കാലത്തെ മാത്രം സിനിമാ പ്രേക്ഷകരും..... നല്ല ചിത്രങ്ങള്‍ ആസ്വദിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നുണ്ടെന്ന്‌ എന്നതും ഫെസ്റ്റിവല്‍ വേദിയിലെ ഒരു ദൃശ്യമല്ലേ...

    ReplyDelete
  8. സ്ത്രീപക്ഷ സിനിമകള്‍ ഇക്കുറിയും കുറവാണ്.

    ReplyDelete
  9. ആരുഷിയോട് വിയോജിക്കുന്നു. ഇടതുപക്ഷം അധികാരത്തിൽ വന്നതിനു ശേഷം ഫെസ്റ്റിവൽ മോശമാകുന്നു എന്നു പറയുന്നതിൽ വസ്തുതയല്ല. കഴിഞ്ഞ മൂന്നു വർഷങ്ങളിലും (2006 മുതൽ) ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തന്നെ നല്ല കുറെ ഫിലിമുകൾ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ഇത്തവണ നല്ല ഫിലിമുകൾ ഇല്ലെന്നല്ല പറയുന്നത്. പഴയത് കുറെ ലിസ്റ്റിൽ പെട്ടിട്ടുണ്ട്. അതേ സമയം നല്ല കുറെ സിനിമകൾ ലിസ്റ്റിൽ പെടാതെയും പോയി.
    പ്രാദേശികവാദങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതാണ്‌ വിഷയമെന്നു തോന്നുന്നു. കൺ‌ട്രി ഫോക്കസിൽ കൂബയെ കൊണ്ടുവന്നതിലും അപാകതയൊന്നുമില്ല. ഇതുവരെ ഫെസ്റ്റിവൽ സർക്കിളുകളിൽ ആഘോഷിക്കപ്പെടാതെയിരുന്ന ഒരു രാജ്യം കൂബയാണ്‌. അവിടെ നിന്നും നല്ല ഫിലിമുകൾ കുറെ വർഷങ്ങളായി വരുന്നുണ്ട് താനും.

    രതികുമാരി,
    ഫിഷ് ചൈൽഡ്, ആന്റി ക്രൈ‌സ്റ്റ്, ട്രീ ലെസ് മൗൺ‌ടൻ(?)

    ReplyDelete