December 11, 2009
സിനിമാക്കാഴ്ചകള്‍ - ഒന്ന്
പതിവുപോലെയല്ല രണ്ടു ദിവസം മുന്‍പേ ഫെസ്റ്റിവല്‍ പുസ്തകം കിട്ടി. ഏതൊക്കെ സിനിമകള്‍ കാണണമെന്ന ആസൂത്രണം നിര്‍മ്മിക്കാന്‍ അത്രയും മതി. പിന്നെയുള്ളത് ഏതു ദിവസം ഏതിനുവേണ്ടി മാറ്റി വയ്ക്കണം എന്നുള്ളതാണ്. അതിന് ഷെഡ്യൂള്‍ വരണം. അതു പതിവുതെറ്റിക്കാതെ ഇത്തവണയും താമസിച്ചേ വന്നുള്ളൂ. എങ്കിലും സാരമില്ല. ആദ്യദിവസം തന്നെ ആഫ്രിക്കയുടെ ജെറുസലേമയും (റാഫ് സിമാന്‍) അമേരിക്കയുടെ ടേക്കിംഗ് വുഡ്സ്റ്റോക്കും ( ആങ് ലീ) പോളണ്ടിന്റെ സ്വീറ്റ് റഷും (ആന്ദ്രേ വൈദ) ഒരേ സമയത്ത് കേറി വന്നതായിരുന്നു തുടക്കത്തിലെ പ്രശ്നം. (എല്ലാം 2.30-3.00 സമയത്ത്) പ്രാതലിനെടുത്ത് ബ്രെഡ് താഴെ വീഴുകയാണെങ്കില്‍ വെണ്ണപുരട്ടിയഭാഗത്ത് മണ്‍നുപുറളുന്ന രീതിയിലേ വീഴുകയുള്ളൂ എന്ന സിദ്ധാന്തം വച്ച് ഏറ്റവും മോശമായതായിരിക്കും നമ്മള്‍ തെരെഞ്ഞെടുക്കുക. ഞാനും അതെ. ആങ് ലീ വല്ലാതെ വലിച്ചിഴച്ച് നിരാശപ്പെടുത്തി. അതങ്ങനെയേ പറ്റുകയുള്ളായിരിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനു ചുറ്റും അമേരിക്കന്‍ ഉള്‍നാടുകള്‍ പോലും കിടന്നു കറങ്ങിയിരുന്ന 60-കളുടെ അവസാനമാണ് കാലം. ഒരു തലമുറയുടെ ഭാഗധേയം നിര്‍ണ്ണയിച്ച സംഗീതോത്സവത്തിന് അരങ്ങൊരുക്കാന്‍ ആകസ്മികമായി കിട്ടിയ അവസരത്തെ സന്ദര്‍ഭോചിതമായി ഉപയോഗപ്പെടുത്തിയ എലിയറ്റിന്റെ കഥയാണ് സിനിമ. യുവത്വം മാമൂല്‍പ്രിയത്വത്തില്‍ കടിച്ചു തൂങ്ങുന്ന വാര്‍ദ്ധക്യത്തെ സ്വാധീനിച്ച് വശപ്പെടുത്തുന്നതിന്റെ ആവിഷ്കാരമാണ് ഒരര്‍ഥത്തില്‍ സിനിമ. വാര്‍ദ്ധക്യം നിമിഷം പ്രതി യുവത്വത്തെ കീഴടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ജനം കൈയ്യടിക്കാന്‍ മറന്ന് ഇരുന്നു പോയത് സ്വാഭാവികം. ചില സൈക്കഡലിക് കാഴ്ചകളുടെ ഭംഗി അങ്ങിങ്ങായി ചിതറിക്കിടക്കുന്നതു ഓര്‍ക്കാതിരിക്കുന്നില്ല. എന്നാലും മൊത്തത്തില്‍ യുവത്വത്തെ എങ്ങനെ ഇത്ര ഇഴയുന്നതാക്കി എന്നാലോചിച്ചാലോചിച്ചാണ് ഇതു കണ്ടില്ലേലും നഷ്ടമൊന്നും വരാനില്ലായിരുന്നു എന്നു ഞാന്‍ യുക്തിവിചാരം പൂകുന്നത്.
പ്രണയവും വിഷാദവും ഏകാകിതയും സംഗീതവും ചേര്‍ന്നു നിര്‍മ്മിച്ച ഇഴയടുപ്പം ബള്‍ഗേറിയയുടെ ഈസ്റ്റേണ്‍ പ്ലേയ്സ് -ന്റെ നിറച്ചാര്‍ത്താണ്. പാമ്പുകള്‍ ചുവരില്‍ നിന്ന് ഇഴഞ്ഞു വീഴുന്ന, വെളുത്തമുറിയിലെ ഏകാന്തമായ കിടക്കയില്‍ ഞാന്‍ പനിച്ചു വിറയ്ക്കുകയാണ്. തരൂ.. എനിക്ക് പ്രണയത്തിന്റെ ഇഞ്ചക്ഷന്‍ എന്നൊരു പാട്ടുണ്ട് അതില്‍ . സ്വന്തം അനുജന്‍ കൂടി ഉള്‍പ്പെട്ട നവനാസികളുടെ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്ത തുര്‍ക്കി പെണ്‍കുട്ടിയോട് ഇത്‌സോ എന്ന കലാകാരനു തോന്നുന്ന ശക്തമായ പ്രണയമാണ് സിനിമയുടെ പ്രമേയം. അവള്‍ അയാളെ വിട്ടു പോയി. അയാള്‍ക്ക് ലോകത്തെ മുഴുവന്‍ സ്നേഹിക്കണമെന്നുണ്ട്. എല്ലാവരെയും ആലിംഗനം ചെയ്യണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലെന്ന് പ്രണയ്ം കൊണ്ട് പനിച്ച് വിറച്ച് അയാള്‍ സൈക്യാട്രിസ്റ്റിനോട് പറയുന്നു. അമെന്‍ കലേവ് സംവിധാനം ചെയ്ത ‘പൌരസ്ത്യ നാടകങ്ങള്‍ ’ ആങ് ലീയുടെ സിനിമ പോലെ കാനില്‍ തെരെഞ്ഞെടുക്കപ്പെട്ടതായിരുന്നു.
കണക്കനുസരിച്ച്, ക്യൂബയുടെ ലാസ്റ്റ് സപ്പറായിരുന്നു പതിനാലാമതു കേരളചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യചിത്രം. രാവിലെ ഒന്‍പതുമണിക്ക് അതുമാത്രമായിരുന്നു സിനിമ. മറ്റൊരു തിയേറ്ററിലും സിനിമയില്ല. (കൃപയില്‍ ഇന്ന് സിനിമയേ ഉണ്ടായിരുന്നില്ല. അവിടെ കാണിക്കാന്‍ വച്ചിരുന്ന സിനിമകള്‍ -ജെറുസലേമ അവിടെയായിരുന്നു! - ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ സംവിധാനം ചെയ്യപ്പെടുമെന്ന് കണ്ടറിയണം ) തെണ്ടികളെ അണിനിരത്തിയും പാവാടപൊക്കിച്ചു ഫോട്ടോയെടുത്തുമാണ് ലൂയി ബുനുവല്‍ വിറിഡിയാനയില്‍ അവസാനത്തെ അത്താഴത്തിന്റെ പാരഡി ഒരുക്കിയതെങ്കില്‍ തോമസ് ഗുട്ടിരസ് അലിയ സംവിധാനം ചെയ്ത് 1976-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം യജമാനന്‍ അടിമകളുമായി അത്താഴം കഴിക്കുന്നതിന്റെ ചിത്രീകരണമാണ്. സ്വാഭാവികമായും അത് അടിമകളുടെ അവസാനത്തെ അത്താഴമായി പരിണമിക്കുന്നു. ഇവിടെ പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉയിര്‍ത്തെഴുന്നേല്‍പ്പുദിവസവും എല്ലാം വിരുദ്ധയുക്തി കൈക്കൊണ്ട് നില്‍പ്പാണ്. അത്താഴത്തിനിടെ വാഗ്ദാനം ചെയ്യപ്പെട്ട ഒഴിവും സ്വാതന്ത്ര്യവും നല്‍കാത്തതില്‍ പ്രതിഷേധിച്ച അടിമകളുടെ ബഹളത്തില്‍ കൊല്ലപ്പെട്ട ക്രൂരനായ മേല്‍നോട്ടക്കാരന്‍ ക്രിസ്തു തുല്യനായി. വേട്ടയാടപ്പെട്ടവര്‍ കള്ളന്മാരുമായി. ക്രിസ്തു യജമാനനായിരുന്നെന്നും അദ്ദേഹത്തിന്റെ അടിമകളായിരുന്നു ശിഷ്യന്മാരെന്നും ദൈവ(യജമാന)വചനങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കലാണ് അടിമകളുടെ കടമയെന്നും യജമാനനായ തോട്ടം ഉടമസ്ഥന്‍ അതാഴത്തിനിടയ്ക്കിടെ അവരെബോധവത്കരിക്കുന്നുണ്ട്. പന്ത്രണ്ട് അടിമകളെയും കഴുത്തറുത്ത് മരക്കുന്തത്തിന്റെ മുകളില്‍ വയ്ക്കാന്‍ യജമാനന് പന്ത്രണ്ടു പേരെയും കിട്ടിയില്ല. അതിലൊരാള്‍ - നിരന്തരം രക്ഷപ്പെടുന്നതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന ഒരാള്‍ - പറക്കുന്ന പക്ഷികള്‍ക്കൊപ്പവും പായുന്ന കുതിരകള്‍ക്കൊപ്പവും വാക്കത്തിയുമായി രക്ഷപ്പെടുന്നതു ചിത്രീകരിച്ചുകൊണ്ടാണ് സിനിമ തീരുന്നത്. സമഗ്രാധിപത്യങ്ങളെയെല്ലാം ആശ്ലേഷിച്ചു നില്‍ക്കുന്ന രാഷ്ട്രീയപ്രസ്താവമെങ്കിലും വിപ്ലവപൂര്‍വ ക്യൂബയിലെ ഒരു സംഭവത്തിന്റെ നേരാവിഷ്കാരമാണ് സിനിമ എന്നു പറയപ്പെടുന്നു. ചരിത്രം ക്രൂരമായ വിരോധാഭാസമായി തീരുന്ന ചില ഇടങ്ങള്‍ക്കു നേര്‍ക്ക് പരിഹാസത്തോടെ നോക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.
ഇനി വൈകുന്നേരത്തെ ഉദ്ഘാടന ചിത്രത്തെ വിടാം. തുര്‍ക്കിയുടെ ‘എ സ്റ്റെപ് ഇന്റു ദ ഡാര്‍ക്ക്നസ്സ്’ സംവിധാനം - അറ്റില്‍ ഇനക്ക്. അതില്‍ ലൈംഗികതയോ അതിഭാവുകത്വമോ മെലോഡ്രാമയോ ഇല്ലെന്ന് രാവിലത്തെ പത്രങ്ങള്‍ പാടി. ഇറാക്കില്‍ നിന്ന് തുര്‍ക്കിയിലേയ്ക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ. അത്രയും മതി. കേരളത്തിലെ ഫെസ്റ്റിവലുകളില്‍ ഇറാനും തുര്‍ക്കിയും കൂടുതലാണ്. ഇത്തവണ മലയാളികള്‍ക്കിഷ്ടമല്ലാത്ത ധാരാളം മലയാള പടങ്ങളും ഉണ്ട്. ഇതിനകത്ത് ഒരു കൈകഴുകല്‍ രാഷ്ട്രീയമുണ്ടെന്ന് പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറയുന്നു. സ്വന്തം കഴുത്ത് രക്ഷിക്കല്‍ . ഓര്‍ത്തുനോക്കിയാല്‍ ശരിയാണ്. ലോകമഹായുദ്ധങ്ങളും നാസിക്കെടുതികളും അതിരു വഴക്കുകളും ആഭ്യന്തരകലാപങ്ങളും സമഗ്രാധിപത്യവും കഴിഞ്ഞ് രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും സമീപകാലത്ത് ഉണ്ടാക്കിതീര്‍ത്ത കെടുതികളെ അടയാളപ്പെടുത്തുന്ന സിനിമകളാണ് ഇപ്പോള്‍ സര്‍ഗാത്മകവും സൂക്ഷ്മസംവേദനപരവുമായ ഭാവനകളെ ചലിപ്പിച്ചു തുടങ്ങിയിരിക്കുന്നത് എന്നു പറയപ്പെടുന്നു. എന്നാല്‍ ആസന്നഭൂതകാലത്തെയും പൂര്‍വധാരണകളെയും വിട്ട് ഒരു കളികളിക്കാന്‍ തയ്യാറില്ലാത്ത നമ്മുടെ തെരെഞ്ഞെടുപ്പുകളില്‍ സര്‍ഗാത്മകതയുടെ കലക്കവെള്ളം കയറാന്‍ ഇനിയും സമയമെടുക്കും.
കാത്തിരിക്കാം, അല്ലാതെന്തോന്നു ചെയ്യാന്‍ !
Then again a film festivel at Trivandrum
ReplyDelete:-)
Nizagandhiyil pande "vadakkan viiragaathha" kandathe orma varunnu.
VellezhuththE...
:-)
Upasana
കാക്കുന്നു
ReplyDeleteബാക്കിക്ക്...
ജറുസലെമ, സ്വീറ്റ് റഷ്, ടേകിംഗ് വുഡ്‌സ്റ്റോക്ക്....തീർച്ചയായും ജറുസലെമ.വുഡ്‌സ്റ്റോക്ക് കഴിഞ്ഞ ദിവസം കണ്ടൂ. അതിന്റെ ചിത്രീകരണം അസാധ്യമെന്നു തോന്നിപ്പിക്കുന്ന വിധം വിശാലമാണ്. അത്രയധികം എക്സ്ട്രാകൾ. കഥാപാത്രങ്ങൾ...ഇറ്റ് ലുക്സ് റിയൽ. പക്ഷെ സ്ക്രീനിൽ വെള്ള പറഞ്ഞതു പോലെ, ഒരു കുഴമ്പ് പോലെ കുഴഞ്ഞ് കിടക്കുന്നു.
ReplyDeleteജറുസലെമ മാസങ്ങൾക്ക് മുന്നെ കണ്ടിരുന്നു. കിടിലൻ സിനിമ. സിറ്റി ഓഫ് ഗോഡിന്റെ ജനുസ് തന്നെ. പക്ഷേ ഈ ജനുസിൽ വന്ന മറ്റു സിനിമകളെക്കാളും(റൊമാൻസോ ക്രിമിനേൽ, ഒരു പക്ഷേ ഗൊമോറയെക്കാളും) നന്ന്.
സ്വീറ്റ് റഷും കണ്ടു. വൈദയും ഓർമ്മകളിൽ അഭിരമിക്കുന്നു. യുദ്ധത്തിന്റെയും കലാപത്തിന്റെയും ഓർമ്മകൾ.
മറ്റു സിനിമകൾ -സ്റ്റെപ് ഇന്റു ഡാർക് നെസ് കണ്ടില്ല.
കൂടുതൽ സിനിമാ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു.
ReplyDeleteഫെസ്റ്റിവല്‍ വിശേങ്ങള്‍ക്കായി കാത്തിരിക്കുന്നു...
ReplyDeleteആ ഫെസ്റ്റിവെല്‍ ബുക്കിലെ ചുവന്ന വട്ടം വരച്ച എല്ലാ സിനിമകളും കണ്ട് ഇവിടെ കോറിയിടിന്‍
ReplyDeleteകൊള്ളാം. നല്ല ഇന്‍സൈറ്റ്..!!
ReplyDelete