June 17, 2009
ഏകവചനങ്ങളുടെ കൂടാരം - സല്‍മാന്‍ റഷ്ദി
മഹാനായ അക്‍ബര്‍ ചക്രവര്‍ത്തിയുടെ പുതിയ ‘വിജയനഗര’ത്തിലെ കൊട്ടാരങ്ങള്‍ ചുവന്നപുകകൊണ്ട് കെട്ടിയുയര്‍ത്തിയതുപോലെ തോന്നും, പ്രഭാതങ്ങളില്‍. പുതുതായി നിര്‍മ്മിക്കപ്പെട്ട പട്ടണങ്ങളെല്ലാം അവ ജനിച്ചത് എന്നെന്നേയ്ക്കുമായാണ് എന്ന ധാരണയാണ് കാണുന്നവര്‍ക്ക് നല്‍കുക. എന്നാല്‍ സിക്രി വ്യത്യസ്തയായിരുന്നു. സൂര്യന്‍ ചക്രവാളത്തില്‍ ഉദിച്ചുയരുമ്പോള്‍, കടുത്ത പകല്‍ച്ചൂടിന്റെ ആഘാതം, തറയോടുകളെ പോലും പൊടിയാക്കി മാറ്റുമ്പോള്‍, പേടിച്ചു വിറയ്ക്കുന്ന കൃഷ്ണമൃഗത്തെപ്പോലെ അന്തരീക്ഷത്തെ കിടുകിടുപ്പിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദങ്ങളുയരുമ്പോള്‍ ഒക്കെ ഭാവനയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ബോധത്തിന്റെയും ഉന്മാദത്തിന്റെയും അതിര്‍രേഖകളെ ദുര്‍ബലമാക്കിക്കൊണ്ട് സിക്രി മരീചികയായി നിലകൊണ്ടു.
ചക്രവര്‍ത്തിപോലും ഭാവനകളെയാണ് താലോലിച്ചിരുന്നത്. റാണിമാര്‍ പ്രേതങ്ങളെപോലെ അന്തഃപുരങ്ങള്‍ക്കുള്ളില്‍ ഒഴുകി നടന്നു. രജപുത്രരും തുര്‍ക്കികളുമായ സുല്‍ത്താനമാര്‍ മിക്കപ്പോഴും ഒളിച്ചു കളിയില്‍ മുഴുകി. റാണിമാരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രം യഥാര്‍ത്ഥത്തില്‍ ഉള്ളവളായിരുന്നില്ല. സ്വപ്നലോകത്തില്‍ മുഴുകിപ്പോയ ഒരു കുഞ്ഞ് തന്റെ കൂട്ടുകാരെ ഭാവനയില്‍ കാണുന്നതു പോലെ അക്ബര്‍ കണ്ട ഒരു സ്വപ്നമായിരുന്നു അവള്‍. നിരവധി യഥാര്‍ത്ഥ ജീവിതങ്ങള്‍ ചുറ്റുമൊഴുകുമ്പോഴും, തന്റെ റാണിമാരെല്ലാം മായാരൂപികളും ഇല്ലാത്ത പ്രിയതമ മാത്രം സത്യവും ആണെന്ന അഭിപ്രായമായിരുന്നു, ചക്രവര്‍ത്തിയ്ക്ക്. അദ്ദേഹം അവള്‍ക്കൊരു പേരും നല്‍കിയിരുന്നു, ജോധ. ചക്രവര്‍ത്തിയോട് ആരും മറുത്തൊന്നും പറഞ്ഞില്ല. അന്തഃപുരത്തിലെ സ്വകാര്യതയ്ക്കുള്ളിലും കൊട്ടാരത്തിനുള്ളിലെ പട്ടു വിരിച്ച ഇടനാഴികളിലും ജോധ സ്വാധീനത്തോടെയും അധികാരത്തോടെയും നിരന്തരം വളര്‍ന്നുകൊണ്ടേയിരുന്നു. മഹാനായ ഗായകന്‍ താന്‍സന്‍ അവള്‍ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. പേര്‍ഷ്യക്കാരനായ ഗുരു അബ്ദുസ് സമദ് ഒരിക്കല്‍ പോലും കണ്ണുകളുയര്‍ത്തി നോക്കാതെ, സ്വപ്നത്തിലെ ഓര്‍മ്മയില്‍ നിന്ന് അവളുടെ രൂപം വരച്ചു. ആ ചിത്രം കണ്ടമാത്രയില്‍, താളുകളില്‍ തിളങ്ങുന്ന ജോധയുടെ സൌന്ദര്യത്തില്‍ തരളിതനായി ചക്രവര്‍ത്തി കൈകള്‍ കൊട്ടി. “താങ്കള്‍ അവള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു.” അദ്ദേഹം വിലപിക്കുന്ന സ്വരത്തില്‍ പറഞ്ഞു. അബ്ദുസ് സമദിന് ശ്വാസം നേരെയായി. കഴുത്തില്‍ തന്റെ ശിരസ്സ് വളരെ അയഞ്ഞു സ്ഥിതി ചെയ്യുന്നു എന്ന തോന്നല്‍ പെട്ടെന്ന് ഇല്ലാതെയായി. ചക്രവര്‍ത്തിയുടെ ദര്‍ബാറിലെ ഗുരു വരച്ച ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടതോടെ ജോധ വാസ്തവം തന്നെയാണെന്ന് സദസ്യര്‍ മുഴുവന്‍ തിരിച്ചറിഞ്ഞു. രാജസദസ്സിലെ ‘നവരത്നങ്ങള്‍’ ഒന്നൊഴിയാതെ ജോധയുടെ ഉണ്മയെ വാഴ്ത്തി. അവളുടെ സൌന്ദര്യവും ബുദ്ധിശക്തിയും അവരുടെ ചലനങ്ങളിലെ താളാത്മകതയും ശബ്ദത്തിലെ സൌകുമാര്യവും ചര്‍ച്ചചെയ്യപ്പെട്ടു. അക്‍ബറും ജോധാബായിയും!
ഇതാ.. കാലഘട്ടത്തിന്റെ പ്രണയകാവ്യം!
ചക്രവര്‍ത്തിയുടെ നാല്‍പ്പതാം പിറന്നാളിന്റെ സമയത്തു തന്നെയാണ് നഗരത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായത്. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളെടുത്തു അതിന്. ചൂടു കൊണ്ടു വിയര്‍ത്ത വര്‍ഷങ്ങള്‍. പക്ഷേ അദ്ധ്വാനമൊന്നും ഇല്ലാതെ, മായാജാലം കൊണ്ട് മണ്ണിനടിയില്‍ നിന്ന് പെട്ടെന്ന് ഉയര്‍ന്നുവന്നതാണ് പുതിയ പട്ടണം എന്ന തോന്നലാണത് ആളുകള്‍ക്കു നല്‍കിയത്. പുതിയ രാജകീയ തലസ്ഥാനത്തില്‍ താത്കാലികവാസത്തിനു ചക്രവര്‍ത്തി എഴുന്നള്ളുമ്പോള്‍ അദ്ദേഹത്തിന്റെ മരാമത്തു മന്ത്രി ഒരു നിര്‍മ്മാണപ്പണിയും മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിക്കുമായിരുന്നില്ല. കല്‍പ്പണിക്കാരുടെ ഉളികള്‍ ശബ്ദിക്കില്ല. മരയാശാരിമാര്‍ തടികള്‍ ചീകില്ല. ചിത്രകാരന്മാര്‍, രത്നം പതിപ്പിക്കുന്നവര്‍, തുണികളില്‍ അലങ്കാരവേല ചെയ്യുന്നവര്‍, കൊത്തുപ്പണിക്കാര്‍ എല്ലാവരും കാഴ്ചയില്‍ നിന്നു മറയും. അപ്പോള്‍ മാത്രം എല്ലാവരും സന്തോഷം ഉള്ളില്‍ കുത്തിനിറച്ചവരാകും. ആഹ്ലാദത്തിന്റെ ശബ്ദങ്ങള്‍ക്കു മാത്രമാണ് അനുവാദം. നര്‍ത്തകിമാരുടെ പാദങ്ങളില്‍ ചിലങ്കകള്‍ മധുരമായി നാദമുതിര്‍ക്കും. ജലധാരയിലെ വെള്ളം ചിലമ്പും. ഇളംകാറ്റില്‍ മഹാപ്രതിഭയായ താന്‍സെന്റെ സംഗീതം മെല്ലെ ഇളകിയാടും. ചക്രവര്‍ത്തിയുടെ കാതുകളില്‍ കവിതകള്‍ മന്ത്രിക്കപ്പെടും. വ്യാഴാഴ്ചകളിലെ കവിടികളി* സഭകളില്‍ അടിമപെണ്‍കുട്ടികളെ ഉപയോഗിച്ചുകൊണ്ട് ചതുരക്കളങ്ങള്‍ വരഞ്ഞ തറയില്‍ സാമട്ടിലുള്ള നാടകങ്ങള്‍ അരങ്ങേറുമായിരുന്നു. ഇളകുന്ന പങ്കകള്‍ക്കു താഴെ തിരശ്ശീലകൊണ്ടു മറഞ്ഞ ഉച്ചകളില്‍ പ്രണയത്തിനുവേണ്ടിമാത്രമുള്ള പ്രശാന്തമായ വേളകള്‍ തുടിക്കും.
*പാചിസി -ദീര്‍ഘചതുരത്തില്‍ തലങ്ങും വിലങ്ങും കളം വരഞ്ഞുള്ള കളി
(തുടരും..)
ഇത് കാര്യം വേറെ...
ReplyDeleteആസ്വാദനത്തിന്റെ ഭണ്ഡാരം..!!
വാക്കുകളുടെയും പ്രയോഗങ്ങളുടേം ഒരു ഭംഗി പറയാതെ വയ്യ. പണ്ടത്തെ zodiac ഷര്‍ട്ടുകളുടെ ഒരു ക്ലാസാ. മെറ്റീരിയലും പണിവൃത്തിയും കട്ടക്ക്.
ReplyDeleteവെരി നൈസ്!
ഓടോ: പ്രീഡിഗ്രിക്കാരുടെ ഇന്ത്യാചരിത്രം വായിച്ചിരുന്ന സമയത്ത്, അക്ബര്‍ ചക്രവര്‍ത്തിയുടേ ഫ്രിഡ്ജ് വര്‍ക്ക് ചെയ്യാത്തതനിലാല്‍ കൊട്ടാരത്തിലാവശ്യമായ കൂള്‍ ഡ്രിങ്ക്സിന് ഹിമാലയത്തില്‍ നിന്ന് ഐസ് കൊണ്ടുവരുമ്പോള്‍, എന്റെ പിടിപ്പ് കേടുകൊണ്ട് ഐസും കട്ട കമ്പ്ലീറ്റ് അലിഞ്ഞ് പോയതായി ഞാനൊരിക്കല്‍ സ്വപ്നം കണ്ടു. ഹൊററായിരുന്നു!
പക്ഷെ, മഠം ഗ്രൌണ്ടിന്റെ അപ്രത്ത് വീടുള്ള രാധേച്ചിടെ വീട്ടില്‍ അന്നേരം രണ്ടു കുപ്പി ഐസ് വാട്ടര്‍ എടുക്കാനുണ്ടായിരുന്നതുകൊണ്ട് ഭാഗ്യമായി.
"നര്‍ത്തകിമാരുടെ കാല്‍വെള്ളയിലെ ചിലങ്കകള്‍ മധുരമായി നാദമുതിര്‍ക്കും"
ReplyDeleteingane parayamO?
ഇതെവിടെയോ പണ്ട് വായിച്ചിട്ടുള്ളതുപോലെ. ഈ കഥയുടെ വിവര്‍ത്തനം തന്നെ? “ലോകത്തിന്റെ അഭയകേന്ദ്രം” എന്നല്ലേ ശീര്‍ഷകത്തിന്റെ വിവര്‍ത്തനം വേണ്ടിയിരുന്നത്?
ReplyDeleteകഥ അതു തന്നെ. ന്യൂയോര്‍ക്കറിലെ. ഏതു വിവര്‍ത്തനവും ഒരാള്‍ വായിച്ച രീതി കൂടിയാണല്ലോ അതുകൊണ്ടാണു പേരുമാറ്റിയത്. ഡ്രാകുലിന്റെ ‘എസ്’ മലയാളത്തില്‍ ‘അവളും‘ കുന്ദേരയുടെ ‘അണ്‍ബെയറബിള്‍ ലൈറ്റ്നെസ്സ്‘‘ഉയിരടയാളങ്ങളും’ ആയതുപോലെ. ഏകവചനം എന്ന പ്രശ്നമാണ് കഥയുടെ കാതല്‍ എന്നാണ് എന്റെ തോന്നല്‍. കടപ്പാടും കിടുപിടിയും വിശദീകരണവും അവസാനഭാഗത്തിനു വേണ്ടി മാറ്റി വച്ചതായിരുന്നു. അതു പൊളിഞ്ഞു! ഈ വിവര്‍ത്തനം ജനയുഗത്തില്‍ (വിശേഷാല്‍പ്പതിപ്പില്‍) വന്നതാണ്. ഒന്നുകൂടി തിരുത്തണമെന്നു തോന്നിയതിന്റെ ഫലമാണ് സാഹസം! വിശാലാ കളിയാക്കിയതല്ലല്ലോ..? പരിഭാഷിച്ചു വന്നപ്പോള്‍ ഒരു തരം ലേഖനസ്വഭാവമുണ്ടെന്നു തോന്നിയതുകൊണ്ടാണ് കഥയെഴുത്തിന്റെ വല്ലഭന്മാരായ ബൂലോഗവാസികള്‍ക്ക് തന്നെ കൊടുത്തേക്കാം പണി എന്നങ്ങു കരുതിയത് !!!
ReplyDelete(ആടോ.. ഇങ്ങനെയും കതയെയുതാടോ(ഓര്‍ തര്‍ജ്ജിമിക്കാടോ...)
സുനില്‍, കാല്‍വണ്ണ ഓര്‍ക്കാതെ വെള്ളയായതാണ്. തിരുത്തി.
ഓ.ടോ: Unbearable Lightness of Being ‘ഉയിരടയാള’മോ? അങ്ങനെ തര്‍ജ്ജിമ ചെയ്തയാളെ കണ്ടെങ്കില്‍... തലക്കിട്ട് ഒരു കിഴുക്കുകൊടുക്കാമായിരുന്നു :-) ‘ജീവിതത്തിന്റെ അസഹനീയമായ നിസാരത’ എന്നോ മറ്റോ ആയിരുന്നു വിവര്‍ത്തനമെങ്കില്‍ നോവലിസ്റ്റ് എന്താണ് പറയാന്‍ ശ്രമിച്ചതെന്ന് വായനക്കാരനും മനസ്സിലായേനെ.
ReplyDeletethanku.... i was reading d same novel nowadays!!!!!
ReplyDeleteT K, ശ്രീദേവി എസ് കര്‍ത്തയാണ് അതിന്റെ കര്‍ത്താവ്. കിഴുക്കു കൊടുത്താലും.. പദാനുപദം എന്ന തലം വിട്ട് വിവര്‍ത്തനം പല തലത്തിലേയ്ക്ക് പോകുന്ന സാഹിത്യശാഖയായിട്ടില്ലേ ഇപ്പോള്‍? വിവര്‍ത്തകരുടെ ഇഷ്ടമല്ല, പ്രസാധകരുടെ ഇഷ്ടമാണ് തലക്കെട്ടിലും ആശയങ്ങളുടെ എഡിറ്റിംഗിലുമൊക്കെ പ്രതിഫലിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, എവിടെയും. അതിനുപുറമേയാണ് മാനസികവും സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങള്‍ പദങ്ങളുടെ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കൃതിയ്ക്ക് പല വിവര്‍ത്തനങ്ങളുണ്ടാവുന്നതിന്റെ സാംഗത്യം അതാണ്. പഴയതുപോലെ നല്ല വിവര്‍ത്തനം മോശം വിവര്‍ത്തനം എന്നീ രണ്ടു കളങ്ങളില്‍ മാത്രം സംഗതി ഒതുക്കാന്‍ പറ്റില്ലെന്നര്‍ത്ഥം. സുബിനേ ഇതപ്പോള്‍ കഥയല്ലേ? നോവലാണോ?
ReplyDelete