February 28, 2009

പാടുന്ന തീവണ്ടിനിലയങ്ങള്‍



അന്നത്തെ വൈകുന്നേരങ്ങളില്‍, പാലത്തിന്റെ മുകളിലെ കൈവരിയില്‍ ചാരി നിന്നു സംസാരിക്കുന്ന കുറെ വയസ്സായ ആളുകള്‍ നിത്യക്കാഴ്ചയായിരുന്നു. ഒരു കയറ്റം കയറി വന്ന് കിതച്ച് അവരവിടെ രാത്രിയാവുന്നതു വരെ ചെലവഴിക്കുന്നു. നാളെ കാണാം എന്ന് ഒരുറപ്പും പരസ്പരം പങ്കു വയ്ക്കാതെ വന്നതുപോലെ വടിയും കുത്തിപ്പിടിച്ച് പതുക്കെ പതുക്കെ വീടുപറ്റാന്‍ യാത്രയാവുന്നു. പാലത്തില്‍ നിന്ന് നോക്കിയാല്‍ വൈകുന്നേരങ്ങളിലും മരീചികകളുയരുന്ന തീവണ്ടിപ്പാളങ്ങള്‍ക്കപ്പുറത്ത് അങ്ങ് ദൂരെ ചുവന്ന് ശമിക്കുന്ന സൂര്യനെക്കാണാമായിരുന്നു. ഭംഗിയില്ലാത്ത കെട്ടിടങ്ങള്‍ നിരന്ന് ആകാശക്കാഴ്ചയെ മറയ്ക്കുന്നതിനു മുന്‍പാണ്. താഴെ, പാലത്തില്‍ നിന്നും ഇരു ദിശകളിലേയ്ക്കും ഒരു പോലെ നീണ്ട് അകലെപ്പോയി അപ്രത്യക്ഷമാവുന്ന ഇരട്ടവരകള്‍! ഭീമാകാരന്മരായ തീവണ്ടികളുടെ ഇടുക്കു ജീവിതത്തിന്റെ വൈവിധ്യമില്ലാത്ത വഴിത്താരകള്‍! രൂപകങ്ങളുടെ ആലഭാരങ്ങളില്ലാതെ മരണത്തിന്റെ ഉപസ്ഥിതികളിലേയ്ക്ക് ആര്‍ക്കും നേരിട്ട് പ്രവേശനം നല്‍കുന്ന ഭൂഭാഗങ്ങളാണ് ഈ തുരുത്തുകള്‍‍. തീവണ്ടികള്‍ നിര്‍ത്താതെ അലറി വിളിച്ചു പായുന്ന, ഉപേക്ഷിക്കപ്പെട്ട ഏകാകിയായ കൊച്ചുസ്റ്റേഷനുകളെപ്പോലെ ഈ മേല്‍പ്പാലങ്ങളും പ്രത്യേക കൈനിലകളാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഈ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന പ്രേതങ്ങളെ കണ്ടവര്‍ ധാരാളമുണ്ടായിരുന്നു. തലയില്ലാത്തവര്‍, കൈകാലറ്റവര്‍. ജീവിതത്തിന്റെ ഉപദ്രവം ഏറ്റുവാങ്ങി നീലിച്ചുപോയതുകൊണ്ടാവും അവരാരെയും അങ്ങനെ ഉപദ്രവിച്ച ചരിത്രമില്ല. തീവണ്ടിയ്ക്കു മുന്നില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ തീരുമാനിച്ചവര്‍ കൂടുതലും മേല്‍പ്പാലങ്ങള്‍ക്കു കീഴെ നിഴലും തണുപ്പും വീണു കിടക്കുന്ന സ്ഥലമാണ് തെരെഞ്ഞെടുക്കുക. റോഡിലൂടെ പോകുന്നവരുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് ജീവിതത്തെക്കുറിച്ചോര്‍ത്ത് വിമ്മിട്ടപ്പെട്ട് തീവണ്ടിയെ കാത്തു കിടക്കാനുള്ള സൌകര്യം നല്‍കുന്നതുകൊണ്ടാവും. ചത്താലും ആ ഇടം ഒഴിഞ്ഞു പോകാന്‍ പുറമ്പോക്ക് ജീവിതങ്ങള്‍ക്ക് കഴിയാതെയാവുന്നതു വെറുതേയല്ല.

നദികളുടെ മേലുള്ളതുപോലെ തന്നെയാണ് വണ്ടിപ്പാളങ്ങള്‍ക്കു മുകളിലെ പാലങ്ങളും. ആദ്യത്തേതില്‍ വെള്ളമായി കുത്തിയൊലിച്ചു പോകുകയാണെങ്കില്‍ രണ്ടാമത്തേതില്‍ സമയക്രമം തെറ്റിയും തെറ്റാതെയും തെക്കുവടക്കുപായുന്ന യന്ത്രക്കിതപ്പുകളാണ് കാലം. അരുന്ധതിറോയിയുടെ നോവലില്‍ തലയാട്ടിക്കൊണ്ടു നില്‍ക്കുന്ന ചേമ്പിലകളെ പിന്നെയും പിന്നെയും ഓര്‍ത്തു പോകുന്നത് വിജയന്റെ ഒരു പഴയ കഥയിലെ ‘റെയിലുകളില്‍ കറുത്തു ശമിക്കുന്ന ചുവന്നപാടുകളെ’ക്കുറിച്ചുള്ള പരാമര്‍ശം തുടച്ചിട്ടും പോകാതെ മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ്. ചോര പാളങ്ങളില്‍ മാത്രമല്ല, പുല്ലുകളിലും തലയാട്ടി നില്‍ക്കുന്ന ചെടികളിലും തെറിക്കും.എത്ര നനച്ചാലും നനയാത്ത ചേമ്പിലകളില്‍ പാടുകെട്ടിക്കിടക്കും. ‘നിദ്രയുടെ താഴ്‌വര’ എന്ന കഥ വായിച്ചതിനുശേഷമാണ് പാളത്തിലൂടെ ബാലന്‍സ് ചെയ്തു നടക്കുന്നതിന്റെ രസം വേണ്ടെന്നു വച്ചത്. “ആ റെയിലില്‍ ചവിട്ടരുതേ” എന്ന അപേക്ഷ അതിനും മുന്‍പ് എപ്പോഴോ തെറ്റിച്ചതിന്റെ കുറ്റബോധം പലപ്പോഴും ഒറ്റയ്ക്കു നിന്ന് പാളങ്ങളിലേയ്ക്കു നോക്കുമ്പോള്‍ മനസ്സില്‍ വന്നു നിറഞ്ഞിട്ടുണ്ട്. പാവം മയൂരനാഥന്‍. ( “മദിരാശിയില്‍ നിന്ന് തീവണ്ടികള്‍ നാട്ടിലേയ്ക്ക് പുറപ്പെടുന്നത് സന്ധ്യക്കാണ്. തീവണ്ടികള്‍ സന്ധ്യക്ക് ചൂളം വിളിക്കുന്നതെനിക്കിഷ്ടമല്ല. തീവണ്ടി വീണ്ടും വന്നു. തെങ്ങിന്‍ തലകള്‍ നിറഞ്ഞ താഴ്വരയ്ക്കപ്പുറത്ത് അതിന്റെ പുക തെളിഞ്ഞു. പ്രിയപ്പെട്ട ഹൊറേഷ്യാ....”) അതുകഴിഞ്ഞെത്ര കഥകളിലാണ് പാളത്തിന്റെ കരകളില്‍ കയറ്റിയിട്ട ശവശരീരങ്ങള്‍ കണ്മുന്നിലൂടെ കടന്നു പോയത്. സുഭാഷ്‌ചന്ദ്രന്റെ ഒരു കഥയില്‍ തീവണ്ടിയുടെ താളത്തിനൊത്ത് ആടിക്കൊണ്ട് ഒരു ശവശരീരം ബെര്‍ത്തിനുമുകളില്‍ അനാഥമായി കിടക്കുകയും ചെയ്തു.
അങ്ങനെ അകത്തും ജഢങ്ങള്‍.

ഇതുകൊണ്ടൊക്കെയാണ് തീവണ്ടിയുടെ സംഗീതം മരണത്തിന്റെ സംഗീതം കൂടിയാകുന്നത്. ചൂടുകാലത്ത് നടുനിവര്‍ക്കാന്‍ ഉരുക്കുപ്പാളങ്ങള്‍ക്കു കനിഞ്ഞു ലഭിച്ച വിടവില്‍ തട്ടിയാണ് യന്ത്രക്കൂടിന്റെ ഭീമാകാരം ‘കഴക്കൂട്ടം പള്ളിപ്പുറം കഴയ്ക്കുമ്പോള്‍ തള്ളിത്തരാം’ എന്ന് മന്ദഗതിയില്‍ തുടങ്ങി അതിവേഗത്തില്‍ കൊണ്ടുപിടിക്കുന്ന വായ്ത്താരിക്ക് കൃത്യം മാത്രയൊപ്പിച്ചുള്ള താളമുണ്ടാക്കുന്നത്. അത്യതിവിളംബിതത്തില്‍ നിന്ന് ആറുകാലത്തിലേയ്ക്കും അതു നീങ്ങും. ഒപ്പം തീവണ്ടി ചക്രങ്ങളുടെ ഇരുമ്പ് പാളത്തിന്റെ കട്ടിയുരുക്കിലുരഞ്ഞ് അലോസരമാവുന്ന ഒരു കീറ്റി വിളിയുണ്ട്. ഗമകം. തീവണ്ടിയുടെ താളത്തിന് രതിയുമായി ബന്ധമുണ്ടെന്ന് അറിയാം. ജാലകവാതിലുകള്‍ ഇഷ്ടപ്പെടുന്നവര്‍ കണ്ടു തള്ളുന്നത് സ്വന്തം ഭൂതകാലത്തെയാണ്. അതുവഴി തന്റെ അനുഭവങ്ങളുടെ മേലെ സ്വാധീനം കൈവരുന്നു എന്നു സങ്കല്‍പ്പിച്ച് അല്പം നേരം നിര്‍വൃതി അടയാം. രാത്രി കണ്ണടച്ച് താളം മനസ്സിലേയ്ക്കെടുത്താല്‍ അതു ജീവതാളമാവും. ഉടലുകളുടെ സംഗീതവുമായി അതിനൊരു അകന്ന ചാര്‍ച്ചയുണ്ട്. ശരീരങ്ങള്‍ ചേരാനും ബാഹ്യമായ താളത്തിനൊത്ത് ഒന്നായി ചലിക്കാനും ആണും പെണ്ണും കൊതിക്കും. ദീര്‍ഘയാത്രകളില്‍ അപരിചിത വേഴ്ചകളുടെ കള്ളക്കഥകള്‍ കൊണ്ടുകൂടിയാണ് മുഖരമാവുന്നത്. കൊതി തന്നെ കഥകള്‍ക്ക് വിഭവമാണ്.

എങ്കിലും തകരത്തില്‍ നഖമിട്ടു കോറും പോലെ നട്ടെല്ലില്‍ മിന്നല്‍ പായിക്കുന്ന തീവണ്ടി സംഗീതത്തിന്റെ ഇടര്‍ച്ചയ്ക്കും തുടര്‍ച്ചയ്ക്കും മരണത്തിന്റെ ഒച്ചയും അധൃഷ്യതയുമാണുള്ളതെന്ന് ഏറെക്കുറെ ശക്തമായിരുന്ന തീര്‍പ്പിനെ തളര്‍ത്തിയത് റഹ്‌മാനാണ്. അല്ലാ രാഖാ റഹ്‌മാന്‍. ‘സ്ലം ഡോഗ് മില്യണയറിലെ’ ഓ സായാ (ശ്രീലങ്കന്‍ തമിഴ് വംശജ മാതംഗി മായയുടെ സ്വരമാണ് അതില്‍) എന്ന പാട്ട് ആദ്യം കേട്ടപ്പോള്‍ നഖത്തിന്റെ അടിയില്‍ തീപാളിയത്, ചോര ശമിച്ച പാളങ്ങളെക്കുറിച്ചോര്‍ത്തു തന്നെയാണ്. വണ്ടി കടന്നു പോയിക്കഴിഞ്ഞ പാളങ്ങളില്‍ ഒരു കമ്പനവും നിശ്ശബ്ദതയുമുണ്ട്. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത. അടുത്തതു പുറപ്പെട്ടുവരും മുന്‍പുള്ള ശാന്തത. പാട്ട് ആത്യന്തികമായി ആ ശാന്തതയുടെ ആവൃത്തിയിലാണ്. അതേ സമയം ജാലകങ്ങളിലൊക്കെ വിളക്കുകള്‍ തെളിച്ച് ഒരു വണ്ടി നമ്മുടെ മുന്നിലൂടെ കടന്നു പോവുകയും ചെയ്യുന്നു. അതിവേഗം. നേരത്തേ പറഞ്ഞില്ലേ, പാളങ്ങളില്‍ ചക്രങ്ങളുരയുമ്പോഴുള്ള കീറ്റലിനെപ്പറ്റി. അതും ഉണ്ട് പശ്ചാത്തലത്തില്‍. ഒച്ചയായല്ല, എല്ലാം ഇഴുകിച്ചേര്‍ന്ന് സംഗീതമായി. ലയം! (ലയിക്കുക എന്നാല്‍ തന്നെ ഇല്ലാതാവുക എന്നാണ് അര്‍ത്ഥം.സൃഷ്ടിയുടെ വിപരീതം. ആധ്യാത്മികമായ അനുഭവത്തില്‍ ലയിക്കുന്നത് മറ്റൊന്നായി തീരാനാണെങ്കില്‍, അത് അങ്ങേയറ്റം സൃഷ്ടിപരവുമാണ് ) അപ്പോള്‍ ഇതാണോ ഒച്ചകള്‍ക്കുള്ളിലെ ആത്മാവ്? ആയിരിക്കും. ഏതു ശബ്ദത്തിലും, അതത്ര അരോചകമാവുമ്പോഴും അതിനുള്ളില്‍ സാര്‍വകാലികമായ ചില ഉപസ്ഥിതികളുണ്ട് എന്നാണ് റഹ്‌മാന്‍ കേള്‍പ്പിച്ചു തന്നത്. ബാഹ്യരൂപത്തില്‍ ഇണങ്ങാത്ത, വെറുതേ കേട്ടാല്‍ ഭ്രാന്തെടുക്കുന്ന നടുക്കങ്ങളെ കൂട്ടിയിണക്കിയപ്പോള്‍ അന്തരീക്ഷമേ മാറുന്നു. പെയ്ത്തു നക്ഷത്രങ്ങള്‍ കൂട്ടിനെത്തുന്നു. ഇതായിരിക്കും ശരിയായ ആത്മീയത. വൈകല്യങ്ങള്‍ ബാഹ്യരൂപങ്ങള്‍ക്കാണെന്നും ആത്മാക്കള്‍ തുല്യനിലയിലാണെന്നും വേദപുസ്തകങ്ങള്‍ തത്ത്വം പറഞ്ഞത് പ്രായോഗികമായി തിരിച്ചറിയാന്‍ കഴിയുന്നത് ഇങ്ങനെയുള്ള പ്രകരണങ്ങളിലാണ്. ഏതു കലാരൂപത്തിന്റെയും ആത്യന്തികമായ ലക്ഷ്യം, ബാഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ തോടു പൊളിച്ച് ഒരു ആന്തരികയാത്രയ്ക്ക് സജ്ജമാവുക എന്നതാണ്. കാലദേശാതിരുകള്‍ അവ ഭേദിക്കാന്‍ കെല്പു നേടുന്നത് അതുകൊണ്ടാണ്. വസ്തുസ്ഥിതിയുടെ ഉള്ളറയിലേയ്ക്ക് നോക്കാന്‍ സഹായിച്ചുകൊണ്ടല്ലേ അവ നമ്മെയും ശുദ്ധീകരിക്കുന്നത്? ‘ഓ സായാ’യിലെ വരികളെ കുറിച്ചല്ല പരഞ്ഞു വരുന്നത്, ഉയരാനും സ്വപ്നം കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ആശയത്തെ അതേ തീവ്രതയില്‍ ഈണത്തിന്റെ ഗതിവേഗം ആവിഷ്കരിക്കുന്നുണ്ടെന്നാണ് എന്റെ തോന്നല്‍. മികവുറ്റ വിരലുകള്‍ നിയന്ത്രിച്ചു തുടങ്ങുമ്പോള്‍ സംഗീതം സ്വയം പര്യാപ്തമാണ്. മറ്റേതു കലയെക്കാളും. സാഹിത്യത്തിന്റെ കൂട്ടുകെട്ടോടെ നില്‍ക്കുന്നതുകൊണ്ടാവും ചലച്ചിത്ര സംഗീതത്തിന്റെ കാര്യത്തില്‍ ‘ശുദ്ധമായ കേള്‍വി അനുഭവം’ പലപ്പോഴും വഴിതെറ്റിയ കുഞ്ഞാടാണ്.

വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കാനുള്ള കഴിവാണ് മാനുഷികമായ കഴിവിന്റെ അങ്ങേയറ്റം എന്നു കേട്ടിട്ടുണ്ട്. എങ്കില്‍ ഒച്ചകളുടെ മഹാപ്രവാഹത്തില്‍ നിന്ന് സംഗീതത്തിന്റെ നിര്‍ഝരികളെ ആവാഹിച്ചുണര്‍ത്തുന്ന ശേഷി അതിനും അപ്പുറത്തുള്ള ഒന്നായിരിക്കണം തീര്‍ച്ച. ശബ്ദം കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തെ അതു ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ ശ്രമിക്കുകയാണ്. ‘നോക്ക്, വിചാരിക്കും പോല അത്ര അസഹ്യമല്ല ഈ ഒച്ചകളുടെ പാര്‍ലമെന്റ്.. അതിനുള്ളില്‍...’ എന്നു പറഞ്ഞുകൊണ്ട്. മരിക്കാന്‍ തീവണ്ടിപ്പാളങ്ങളുടെ അരികില്‍ ചെന്നു നിന്ന ഒരാള്‍ പാഞ്ഞുപോകുന്ന തീവണ്ടിയുടെ സൌന്ദര്യം കണ്ട്, ആ വേഗവും സൌന്ദര്യവും ഉള്‍ക്കൊണ്ട് ജീവിതത്തെ സ്നേഹിച്ചു തുടങ്ങും പോലെ ഒരനുഭവം. ‘ഓ സായാ’ എന്ന ഗാനം കുതിക്കുന്ന ജീവിതത്തെ സ്വപ്നം കാണാനാണ് ത്രസിപ്പിക്കുന്നത്. അതിന്റെ മുഴുവന്‍ ആവേഗത്തോടെയും. (വൈലോപ്പിള്ളി “ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കി തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം” എന്ന് ഒരു കവിതയില്‍. അതിനെ ‘കഴിഞ്ഞാലല്ലേ ജയം’ എന്നു ഞാന്‍ മാറ്റുന്നു. ‘കൊലക്കുടുക്കക്കാവും’ എന്ന പ്രയോഗം നോക്കുക. കഴുത്തിന്റെ പിന്നില്‍ മുറുക്കാന്‍ വെമ്പുന്ന കയറിന്റെ പരുപരുപ്പ് അറിയാം) റഹ്‌മാന്റെ സംഗീതത്തില്‍ തീവണ്ടി കടന്നു വരുന്നത് ആദ്യമായല്ല. ‘ചിക്കുപുക്കു റെയിലേ’ എന്ന ജന്റില്‍മാന്‍ പാട്ടിലതുണ്ടായിരുന്നു. ‘ദില്‍ സേ’യിലെ ‘ചയ്യ ചയ്യ’യിലുമുണ്ട്. പക്ഷേ ‘സായാ’യിലെത്തുമ്പോള്‍ തീവണ്ടി അനുഭവങ്ങളില്‍ കഴച്ച് ഒരു പാട് വിശദാംശങ്ങളെ ഉള്ളിലൊതുക്കുന്നു. വേണ്ടതു മാത്രം വിസ്തരിക്കുന്നു. പാളങ്ങളുടെ ഏകതാനതയില്‍ നിന്ന് കുതറി അനന്തതയുടെ അമൂര്‍ത്തതയില്‍ തൊട്ട് തിരിച്ചു വരുന്നു. ഭൂമിയ്ക്കും ആകാശത്തിനും മദ്ധ്യേ ഇരിടം (ഇന്ദ്രവല്ലരി പൂച്ചൂടി വരും എന്ന യേശുദാസിന്റെ ഗാനത്തില്‍ ‘ഇവിടം’ എന്നൊരു പ്രയോഗമുണ്ട്. ഉച്ചരിക്കുന്നതിന്റെ പ്രത്യേകതയാണോ, മാധുര്യമാണോ, സ്വരങ്ങള്‍ പ്രത്യേക സ്ഥായിയില്‍ കൂടിച്ചേരുന്നതാണോ എന്നറിയില്ല. ആ ഒരൊറ്റപ്പദത്തിന്റെ ഉച്ചാരണ നിമിഷം തീര്‍ക്കുന്നത് മറ്റൊരു ലോകമാണ്, അതാണോ സ്വര്‍ഗം എന്നെനിക്കറിയില്ല.) അതു ഉണ്ടെന്ന് അതറിയിക്കുന്നു. തികച്ചും അഭൌമികമായ ഒന്ന്. നൊടി നേരം മാത്രം എങ്കിലും അതുണ്ട്.

ദില്ലി 6-ലെ ഗാനം ‘ജെണ്ടാഫൂലി’ല്‍ പലകാര്യങ്ങള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ തന്നെയുള്ള ദേശി- വിദേശി ഈണ-താള മിശ്രണം പോട്ടെ. മറ്റു ചിലത്. രാത്രിയുടെ ചീവിടു വിളി അതില്‍ സന്നിഹിതമാണ്. ഏതോ ഒരു പക്ഷിയുടെ കരച്ചിലുണ്ട് ഇടയ്ക്ക് . അതു പ്രാവുകളുടെയാണെന്ന് സിനിമ കണ്ടപ്പോള്‍ മനസ്സിലായി. പക്ഷേ നട്ടുച്ചയ്ക്ക്. അതും ഇടുക്കമുള്ള ഗലിയിലെ ഒരു മട്ടുപ്പാവില്‍ തൊട്ടടുത്തടുത്തിരുന്നു പാടുന്നത്. കണ്ണടച്ചിരുന്നു ആ പാട്ടു കേട്ടപ്പോള്‍ മനസ്സില്‍ മുഴങ്ങിയ രാത്രിയെവിടെ? അതിലെ ‘ഹോയ്’ എന്ന വിദൂരമായി മുഴങ്ങുന്ന വിളി, അങ്ങ് ദൂരെ, കുന്നിനപ്പുറത്ത് ചൂട്ടും കത്തിച്ച് വീട്ടിലെത്താന്‍ തിടുക്കപ്പെട്ടു നടക്കുന്ന ഏതോ ഗ്രാമീണന്റെ ഒരുപാട് ജീവിതകാണ്ഡങ്ങള്‍ ഉള്ളടക്കിയ വായ്ത്താരിയാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതിലൊരു വിതുമ്പലുണ്ട്. സത്യത്തില്‍ റഹ്‌മാന്‍, ദൂരം എന്ന സ്ഥലസംബന്ധിയായ അനുഭവത്തെ ആ പാട്ടില്‍ അതിശക്തമായി അനുഭവിപ്പിക്കുകയായിരുന്നു. എന്തൊരു പാട്ടാണത് ! ഒരു ലോംഗ് ഷോട്ട്, ആ പാട്ടിനിടയ്ക്കെവിടെയെങ്കിലും ഒരു ‘ഹോയ്’ വിളിയുടെ പശ്ചാത്തലമായി ഉണ്ടാവണേ എന്ന് ആത്മാര്‍ത്ഥമായും പാട്ടു തീരുന്നതു വരെ (അതിടയ്ക്കു വച്ച് നിര്‍ത്തി സിനിമയില്‍!) ആഗ്രഹിച്ചു പോയി. സിനിമ വേറെ, സാഹിത്യം വേറെ. എല്ലാ കലകള്‍ക്കും സംഗീതമായി തീരാന്‍ ആഗ്രഹിക്കാം. ഏ ആര്‍ റഹ്‌മാനെപ്പോലെയൊരാളെങ്കിലും എല്ലാ കലകള്‍ക്കും പിന്നിലുണ്ടെങ്കില്‍ എന്നും.
പക്ഷേ നടക്കോ?


പിന്നുര :
..അതുല്യപ്രതിഭയുള്ളവര്‍ക്ക് അവരുടെ അതിഭൌമികമായി പാടാനുള്ള കഴിവിനെ സൂക്ഷിച്ചു വയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ് നശിക്കുന്ന ശരീരം.....
-ഇസഡോറാ ഡങ്കന്‍

8 comments:

  1. ..അതുല്യപ്രതിഭയുള്ളവര്‍ക്ക് അവരുടെ അതിഭൌമികമായി പാടാനുള്ള കഴിവിനെ സൂക്ഷിച്ചു വയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ് നശിക്കുന്ന ശരീരം.....
    ഒരു കൈയൊപ്പ് എന്‍‌റെ വക, റഹ്മാന്‍‌റെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും.

    ReplyDelete
  2. വെള്ളെഴുത്തേ,
    ഒരു തീവണ്ടി എന്തിന്റെയൊക്കെ ബിംബമാകാം?യാത്രയുടെ,ചലിക്കുന്ന,ഊർജ്ജസ്വലമായ ജീവിതത്തിന്റെ അഥവാ ചലനത്തിന്റെ മനോഹരവുംകാൽപനികവുമായ ചിഹ്നം....അതിന്റെ മുൻപിലേക്ക്‌ എടുത്തു ചാടി സ്വന്തം ജീവിതത്തെ നിശ്ചലവും,ചലനരഹിതവുമാക്കുന്നവൻ വല്ലാത്തഒരസ്വസ്ഥതയാണ്‌.....അതെന്തിന്റെ പേരിലാണെങ്കിലും.....
    മനോഹരമായ പോസ്റ്റ്‌....
    ഒരായിരം അഭിവാദ്യങ്ങൾ....

    ReplyDelete
  3. തീവണ്ടി യാത്രകള്‍ എന്നും ഒരു ഹരമാണ്.
    ദൂരേയ്ക്കു ദൂരേയ്ക്കു നീണ്ടു നീണ്ടു പോകുന്ന പാളങ്ങള്‍. വേര്‍ പിരിയുന്നതിന്റെ വേദനകളും,പുനര്‍സമാഗമങ്ങളുടെ സുന്ദര പ്രതീക്ഷകളും കോര്‍ത്തിണക്കുന്ന ബോഗികള്‍. ദിനരാത്രങ്ങളിലൂടെ, വിവിധ ജനപഥങ്ങളിലൂടെ, കാലാവസ്ഥകളിലൂടെ നീളുന്ന യാത്രകള്‍.
    ദോസ്തി എന്ന ചിത്രത്തിലെ കിഷോര്‍ കുമാറിന്റെ സുന്ദരമായ ഗാനം ഓര്‍മ്മ വരുന്നു -

    “ഗാഡീ ബുലാ രഹീ ഹേ
    സീട്ടി ബജാ രഹീ ഹേ
    ചല്‍നാ ഹീ സിന്ദഗീ ഹേ
    ചല്‍ത്തീ ഹീ ജാ രഹീ ഹേ....“

    തീവണ്ടിയുടെ ചൂളം വിളികളും, താളവും ഇതിന്റെ സംഗീ‍തത്തിലുണ്ടായിരുന്നു. അതേപോലെ തന്നെ അവ്താര്‍ കൌളിന്റെ ‘27 ഡൌണ്‍’ എന്ന ഹിന്ദി ചിത്രവും തീവണ്ടിയാത്രകളിലൂടെ റെയില്‍പ്പാതകളിലൂടെ നഷ്ടമാകുന്ന ജീവിതങ്ങളുടെ മറക്കാനാവാത്ത ഒരനുഭവം കാഴ്ച വയ്ക്കുന്നു.

    ഇത്തരമൊരനുഭൂതി വെള്ളെഴുത്തിന്റെ ഈ പോസ്റ്റും നല്‍കുന്നുണ്ട്. തീവണ്ടിയും ജീവിതവും, തീവണ്ടിയും രതിയും, തീവണ്ടിയും മരണവും, തീവണ്ടിയും സംഗീതവും, എല്ലാം കോര്‍ത്തിണക്കി റഹ്‌മാന്റെ സംഗീതത്തിലൂടെ വന്നവസാനിക്കുന്ന മറക്കാനാവാത്ത ഒരു തീവണ്ടിയാത്ര പോലെ മനോഹരമായിരിക്കുന്നു ഈ പോസ്റ്റ്.

    ReplyDelete
  4. വായിച്ചു...
    പലയിടത്തും ആശയങ്ങള്‍ ചിതറിപ്പോയോ എന്നൊരു സംശയം മാത്രം...
    ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതിന്റെ കുഴപ്പമാകാം...
    ഇനി ഒരിക്കല്‍ ഒന്നുകൂടി കൂടി വായിച്ചു നോക്കാം

    ReplyDelete
  5. ആ പിന്നുര ഡിങ്കന്‍ പറഞ്ഞതാ അല്ല്യോ ? ഡിങ്കന്‍ പറയും എനിക്കറിയാം. ഡിങ്കന്‍ ആരാ മോന്‍

    ReplyDelete
  6. അതു ഡിങ്കന്‍ തന്നെ. “ഡങ്കന്‍” എന്നാണ് ഉച്ചാരണം എന്നു വിചാരിച്ചെഴുതിയതാണ്..ഉച്ചാരണം ശരിയാവാതെ ജീവിക്കാന്‍ വയ്യ എന്നായിട്ടുണ്ട്.
    :)
    പരസ്പരം പ്രത്യക്ഷബന്ധമില്ലാത്തവയെ കൂട്ടിയിണക്കുക മാനുഷികമായ ബുദ്ധിയുടെ അങ്ങേയറ്റമാണെന്നു (ചുമ്മാ) വാദിക്കുന്ന ഒരു ലേഖനത്തില്‍ ചിതറാത്ത ആശയങ്ങള്‍ കണ്ടാലല്ലേ “ഹാന്‍ലലാത്തേ” മൂക്കത്തു വിരല്‍ വയ്ക്കേണ്ടത്. അത്രയ്ക്ക് ആശയക്കുഴപ്പങ്ങള്‍ കൊണ്ടു നട്ടം തിരിയുന്നവന്റെ ലോകത്ത് ഏകാഗ്രമായ ചിന്തകള്‍ അന്വേഷിക്കരുത്. അല്ലെങ്കില്‍ ഏകാഗ്രമായ ആശയങ്ങള്‍ അങ്ങനെന്തെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ടോ? എനിക്കറിയില്ല. മോഹന്‍, വേറിട്ട ശബ്ദം, സുനീഷ് നിങ്ങള്‍ വായിച്ച രീതികളില്‍ സന്തോഷം.

    ReplyDelete
  7. ഓടിച്ചു വായിച്ചു.
    വീണ്ടും വരും.

    ReplyDelete
  8. കീറ്റലുകളില്‍ നിന്ന് വേര്‍തിരിച്ചൊരുവന്‍ ജീവിത്തിന്റെ സംഗീതമൊരുക്കുമ്പോള്‍ ,തേടിയ വഴികളും,നടന്ന കാതങ്ങളും അനുഭവക്കുതിപ്പുകളായി ഇഴചേരുകയും ഇരുമ്പും ഇരുമ്പുമുരയുന്ന അതേ കീറ്റലില്‍ തന്നെ ഉദാത്ത സംഗീതമുയരുകയും ചെയ്യുന്നു.

    ReplyDelete