February 21, 2009

പാളങ്ങളില്‍ നിന്ന് കുതറുന്നത്



യാഥാര്‍ത്ഥ്യത്തിനും മതിഭ്രമത്തിനും ഇടയില്‍ വഴുക്കുന്ന അനുഭവം സ്വാസ്ഥ്യക്കുറവിന്റെ പ്രത്യക്ഷലക്ഷണമാണ്. ഒരു സമൂഹം ഒന്നിച്ച് ദുഃസ്വപ്നങ്ങളില്‍ പിടയുന്നത് മന്ദത പിടിച്ച കാലത്തില്‍ ജീവിക്കുന്നതിന്റെ സൂചനയാണെന്ന അര്‍ത്ഥത്തില്‍ വോള്‍ട്ടയര്‍ കുറിച്ചിട്ടിട്ടുള്ളതോര്‍ക്കുന്നു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഏഴു ചെറു നോവലുകളുടെ സമാഹാരം ‘ആലിവൈദ്യനി’ലൂടെ കടന്നുപോകുമ്പോള്‍ ഉറക്കച്ചടവോടെ തുറിച്ചു നോക്കുകയും കോട്ടുവായിടുകയും ചെയ്യുന്ന തകരാറു പിടിച്ച ഇതേ കാലത്തെയാണു നാം അഭിമുഖീകരിക്കുന്നത്. എങ്ങോട്ടേയ്ക്കും നീങ്ങാനില്ലാതെ വട്ടം ചുറ്റുകയും ചുരുണ്ടുകൂടുകയും ചെയ്യുന്ന മനുഷ്യര്‍ പലവിധത്തില്‍ ശിഹാബിന്റെ കഥകളില്‍ എമ്പാടും അണിനിരന്നിട്ടുള്ളവരാണ്. യാഥാര്‍ത്ഥ്യം എന്താണെന്നറിയാതെ ഉഴയ്ക്കുന്ന ആളുകള്‍ കൂടുതല്‍ പരിഹാസ്യരും അനുകമ്പാര്‍ഹരുമായി തീരുകയാണ്, ‘ആലിവൈദ്യ’നില്‍. ‘അതിര്‍ത്തിമുള്ളു’കളിലെ മുനാഫ് എന്ന കഥാകാരനും ‘കാവല്‍പ്പുര’യിലെ കമറും മിഥ്യാലോകത്തിന്റെ അതിരും തലയ്ക്കല്‍ കുതറുന്നതുപോലെ തന്നെ ‘ആലിവൈദ്യന്‍’ എന്ന രചനയിലെ ഡോക്ടര്‍മാരും മരുന്നുവ്യാപാരിയും അടങ്ങുന്ന സമൂഹത്തിലെ എലൈറ്റ് ക്ലാസും അവാസ്തവികമായ ഒരു ലോകത്തില്‍ നിന്നുകൊണ്ട് കിതയ്ക്കുകയും പകയ്ക്കുകയും ചെയ്യുന്നുണ്ട്. വാറുണ്ണി എന്ന സാധാരണക്കാരനായ ഒരു ചായക്കച്ചവടക്കാരന്റെ കവിളിലെ മുഴുത്ത മറുക്, (ആലിവൈദ്യന്‍) പിടി കൊടുക്കാതെ വഴുതിക്കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഇലാസ്തികതയ്ക്ക് യോജിച്ച രൂപകവേഷമാണ്. അപ്പോള്‍ മായാകല്‍പ്പന എന്ന ആഖ്യാനസമ്പ്രദായം അനുകമ്പാര്‍ഹമായ ജീവിതങ്ങളുടെ വിയര്‍പ്പാറ്റാന്‍ സാമ്പ്രദായിക രീതിയില്‍ കഥാകൃത്ത് തണലായി പിടിച്ച മരച്ചില്ലയല്ല. മറിച്ച് കാഴ്ചകള്‍ ഉറയ്ക്കാതെ അവതാളത്തിലായിക്കൊണ്ടിരിക്കുന്ന ബോധത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളാണ്. മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുകയും സംക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രോഗത്തെപ്പറ്റിയുള്ള പ്രമാണപത്രങ്ങള്‍.

രോഗം കാഴ്ചപ്പാടുകളുടെ വിഷയം കൂടിയാണ്. സ്വാര്‍ത്ഥതയും പ്രായോഗികതയും കെടുകാര്യസ്ഥതയും ആര്‍ത്തിയും മാത്രമാണോ സാംക്രമിക രോഗങ്ങള്‍? ആത്മാര്‍ത്ഥതയും സത്യസന്ധതയും നിഷ്കപടതയും നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്താന്‍ ശക്തിയുള്ള വിധം മാരകമായി തീര്‍ന്നുകൊണ്ടിരിക്കയല്ലേ സമൂഹത്തില്‍? ജീവിതത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്ന മൂല്യങ്ങളെ പകയോടെ വലയം ചെയ്യുന്ന പ്രായോഗികതയുടെ പദ്മവ്യൂഹങ്ങള്‍ ഭേദിക്കാനാവാത്തവിധം കരുത്തുള്ളതാണെന്നെന്ന തിരിച്ചറിവില്‍ നിന്നു വരുന്നതാണ് ശിഹാബിന്റെ ഉരുവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന നിസ്സഹായത എന്നു തോന്നുന്നു. ‘നല്ല അയല്‍ക്കാരനില്‍’ നടേ പറഞ്ഞതുപോലെ പേരില്‍ തന്നെ കൊളുത്തിയിട്ടിരിക്കുന്ന പരിഹാസ ചിരിയ്ക്കപ്പുറം അച്യുതന്‍ മാഷ് എന്ന നന്മയുടെ തിക്കുമുട്ടല്‍ അനുഭവേദ്യമാണ്. പുതിയ അയല്‍ക്കാരായ തോമസുകുട്ടിയും ശ്രീധരനും അയാളെ കൊണ്ടെത്തിക്കുന്ന പരിണതി അതാണ്. പ്രായോഗിക ജീവിതത്തിനു മുന്നില്‍ തികഞ്ഞ പരാജയമാണയാള്‍. ദാസനാണ് മുടന്തുന്ന ജീവിതത്തെ ഒരിടത്തുമെത്തിക്കാനാവാതെ കുഴഞ്ഞുവീഴുന്ന മറ്റൊരു ദയനീയന്‍ (ദാസന്റെ ചെരിപ്പുകള്‍) എന്നാല്‍ ഈ ചിറകു തളര്‍ച്ച, മുസ്തഫാകമാലിനെയും ഡോ. സാമുവല്‍ ഈപ്പനെയും ഡോ. ഗോപാല്‍ ഭട്ടിനെയും പോലുള്ള പ്രായോഗികവാദികളില്‍ നാം കാണുന്നില്ല. (ആലി വൈദ്യന്‍) മരക്കച്ചവടക്കാരായ കലന്തനാജിയിലും ഹസനാജിയിലുമില്ല. (ഈര്‍ച്ച) ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിത്തൊടുവിക്കാന്‍ കഴിയാതെ മുടന്തുന്ന ഇരുകാലികളാണ് തലക്കടിയേറ്റ് വീഴുന്നത്. വീഴുന്നേടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല. ജീവിതങ്ങളെ ഇങ്ങനെ നെടുവേ പിളര്‍ത്തുകയും മൂല്യവിചാരം ചെയ്യാന്‍ നിരന്തരം മുഖാമുഖം നിര്‍ത്തുകയും പ്രകടമായ പക്ഷപാതിത്വത്തോടെ തീര്‍പ്പുകള്‍ പുറത്തിടുകയും ചെയ്യുന്നത് സ്വാര്‍ത്ഥതയും ലാഭവിചാരങ്ങളും ഉത്കൃഷ്ടമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക വഴിയാണ്. ഈ നോവുന്ന നേരില്‍ നിന്നാണ് കാഴ്ചകള്‍ മതിഭ്രമത്തിലേയ്ക്ക് കൂപ്പുകുത്തുന്നത്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള പരിണാമവഴിയിലെല്ലാം ഇത്തരം കുഴമറിച്ചിലുകള്‍ക്ക് മനുഷ്യനു വിധേയനാവേണ്ടി വന്നിട്ടുണ്ട്.

കഥയെ പ്രമേയമാക്കുന്ന രണ്ടു രചനകള്‍ ഈ സമാഹാരത്തിലുണ്ട്. ‘ഹംസ വക്കീല്‍ പറഞ്ഞ കഥ’യില്‍ ബന്ധങ്ങളുടെ വിരോധാഭാസമുണ്ട്. പിതാവിനോടുള്ള വാശിയാണ്, കെട്ടിലകത്ത് മമ്മൂഞ്ഞി ഹാജിയുടെ മകള്‍ സീനത്തിന്റെ അരിപ്പീടികയിലെ കണക്കെഴുത്തുകാരനായ അബ്ദുവിന്റെ അരികത്ത് എത്തിക്കുന്നത്, അയാള്‍ക്ക് ഭാര്യയോട് തോന്നുന്ന സംശയം, ഭാര്യയ്ക്ക് അയാളെ സംശയിക്കാനും അങ്ങനെ ജീവിതം തന്നെ കഠിനമായി പോകാനുമുള്ള ആയുധമായി തീരുന്നു. ജീവിതം കണക്കിനു കിഴുക്കിവിടുന്ന അബ്ദുവിന്റെ പരിഹാസ്യതയെ, പ്രശ്നങ്ങളെ വൈകാരികമായല്ലാതെ നോക്കിക്കാണുന്ന ഹംസ വക്കീലിനെക്കൊണ്ട് അവതരിപ്പിച്ചാണ് കഥയെഴുത്തിന്റെ സങ്കീര്‍ണ്ണതയെ ഈ രചന സങ്കേതമാക്കുന്നത്. കഥയ്ക്കുള്ളില്‍ കഥ കൊരുക്കുമ്പോള്‍ അനുഭവങ്ങളുടെ നിറം സ്വന്തം ദേഹത്തു പുരളാതെ ആഖ്യാതാവിനു മാറി നിന്നു ചിരിക്കാം. (പക്ഷേ അതൊരു നാട്യം മാത്രമല്ലേ?) ‘അതിര്‍ത്തിമുള്ളുകളില്‍’ കഥയ്ക്കും ജീവിതത്തിനുമിടയിലെ, സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളിലെ ഇടര്‍ച്ചകള്‍ ദുരന്താനുഭവമായി മാറുന്നു. എഴുത്തുമുറിയ്ക്കു പുറത്ത് ആര്‍ക്കുകയും ആക്രോശിക്കുകയും ചെയ്യുന്ന ജനക്കൂട്ടമുണ്ട്. കഥയെക്കുറിച്ചുള്ള പ്രത്യക്ഷ പരാമര്‍ശമില്ലെങ്കിലും ‘കാവല്‍പ്പുരയിലെ’ വിരസതയില്‍ നിന്ന് കമര്‍ രക്ഷപ്പെടുന്ന ‘മഞ്ഞിലഞ്ചേരിയും’ അവിടത്തെ ‘നജ്മയും’ എഴുത്തുകാരന്റെ ഏകാന്തവാസത്തിന്റെയും മായികദര്‍ശനത്തിന്റെയും പ്രതീകം തന്നെയാവുന്നു. മാനസികജാഗ്രതകള്‍ക്ക് ക്ഷീണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ആവിഷ്കാരങ്ങള്‍ സര്‍ഗാത്മകമായ വിശകലനങ്ങള്‍ക്കു വിധേയമാകുന്ന രീതിശാസ്ത്രം പ്രത്യേകം പഠനാര്‍ഹമാണ്. വാതില്‍പ്പുറക്കാഴ്ചക്കള്‍ക്കപ്പുറത്തുള്ള സ്വത്വസംബന്ധിയായ ചില വെളിപാടുകള്‍ പുറപ്പെട്ടു വരുന്നത് അവിടെ നിന്നാകാം എന്നുള്ളതുകൊണ്ടാണങ്ങനെ.

പലതരത്തിലുള്ള രോഗാവസ്ഥകള്‍, അമര്‍ഷം, നിസ്സഹായത, ഉന്മാദം, ആത്മഹത്യ, മരണം... ശിഹാബിന്റെ രചനകളിലെ കഥാപാത്രങ്ങള്‍ കടന്നു പോകുന്ന അവസ്ഥാന്തരങ്ങള്‍, മനുഷ്യത്വത്തോടുള്ള ആസക്തിയുടെ പ്രച്ഛന്നരൂപങ്ങളാണ്. എഴുത്തുകാരന്‍ ഭൌതികതലത്തില്‍ തന്റെ കഥാപാത്രങ്ങളില്‍ നിന്ന് എത്ര പിണങ്ങിപ്പിരിഞ്ഞു നിന്നാലും ആഴങ്ങളില്‍ അയാളുടെ സ്വത്വരാശി രൂപപ്പെടുത്തിയെടുക്കുന്നതാണല്ലോ, അവയുടെ മണ്ണ്. വൈകല്യങ്ങള്‍ക്കു നേരെയുള്ള അമര്‍ത്തിച്ചിരിയും കണ്ണു നിറയ്ക്കലും വ്യക്തമായ നിലപാടുകളുടെ പ്രകടനപത്രികയായല്ല, പ്രകോപനപരമായ സന്ദേഹമായും മനസ്സിലാക്കാവുന്നതാണ്. ആ നിലയ്ക്ക് കാഴ്ചകളുടെ ഇരട്ടവരയില്‍ നിന്ന് നിസ്സഹായരായി കുതറുന്നവര്‍ വെറും സഹതാപം മാത്രമര്‍ഹിക്കുന്ന പേക്കോലങ്ങളല്ലെന്നും കാഴ്ചയെ തന്നെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഒരിടപെടലിനുള്ള കരുക്കളാണെന്നും തിരിച്ചറിയുന്നതിലാണ് കാര്യം. സര്‍ഗാത്മകപ്രതികരണമെന്ന നിലയ്ക്ക് ശിഹാബിന്റെ എഴുത്ത് സ്വന്തം ഇടം കണ്ടെത്തുന്ന ഒരു രീതിയാണത്.
----------------------------------------------
ആലിവൈദ്യന്‍
ലഘുനോവലുകള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ഗ്രീന്‍ ബുക്സ്
വില : 90 രൂപ

6 comments:

  1. വെള്ളെഴുത്തേ,
    ശിഹാബിന്റെ കഥകൾ അത്ര ഇഷ്ടമൊന്നുമല്ലെങ്കിലും,വല്ലാത്ത ഒരു തീക്ഷ്ണത ചില കഥകൾക്കുണ്ടെന്നു പറയാതെ വയ്യ....പുതിയ കാലത്തെ അടയാളപ്പെടുത്തുക എന്നത്‌ മലയാളം പോലുള്ള ഒരു ഭാഷയിൽ ഏറെ വിഷമമേറിയ ഒരു ശ്രമമാണ്‌.... സുഹൈർഹമ്മ
    ദും,അഡിച്ചിയുമൊക്കെ ഒരു പരിധി വരെ ആംഗലത്തിൽ എഴുതിയതു കൊണ്ടല്ലേ ശ്രദ്ധ നേടിയത്‌? അതേ സമയം ശ്രീലങ്കൻ തമിഴിൽ എഴുതുന്നക്ഷോഭശക്തിയെപ്പോലുള്ള കഥാകാരന്മാർ അവഗണിക്കപ്പെടുകയും ചെയ്യുന്നു.....സ്വന്തം കാലത്തെ അടയാളപ്പെടുത്തുന്നതിൽ മലയാള എഴുത്തുകാർ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് അറിഞ്ഞു കൂടാ....
    നല്ല പോസ്റ്റ്‌.....

    ReplyDelete
  2. പോസ്റ്റ് കൊള്ളാം .. നന്ദി...

    ReplyDelete
  3. എന്തായാലും വായിച്ച് നോക്കിയിട്ട് പറയാം..

    ReplyDelete
  4. നന്നായി

    ReplyDelete
  5. വേറിട്ട ശബ്ദം, പകല്‍, ഗൌരി, വിജയന്‍ ജൂനിയര്‍ എല്ലാവര്‍ക്കും നന്ദി. കാലത്തെ അടയാളപ്പെടുത്തുകയെന്നാല്‍ ഒരുപാട് അര്‍ത്ഥവ്യത്യാസത്തിനിടയാക്കുന്ന പ്രയോഗമാണത്. ശിഹാബിന്റെ ‘മലബാര്‍ എക്സ്പ്രസ്സ്’ പോലുള്ള കഥകളിലെ വര്‍ത്തമാനകാലമാണോ അത്?

    ReplyDelete
  6. ശിഹാബ് വ്യത്യസ്ത ശൈലിയുടെ ഉടമയാണ്.അദ്ദേഹത്തിന്‍റെ കഥാതന്തുക്കള്‍ അദ്ദേഹത്തിന്‍റെ തന്നെ അനുഭവങ്ങളുടെ കൊടുങ്കാറ്റുകള്‍ ആണ്.അതു കൊണ്ടാണ് ആ തീഷ്ണസ്വഭാവവും.

    ഈ അവലോകനം വളരെ നന്നായി.

    ReplyDelete