February 1, 2009
ജീവിതം തിരുകിവച്ച ഉത്തരങ്ങള്‍
ഡാനി ബോയല്‍ എന്ന ബ്രിട്ടീഷു സംവിധായകന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന പേരു നല്‍കിയതില്‍ കടുത്ത കൊളോണിയല്‍ ധാരണ കിടന്നു കറങ്ങുന്നില്ലേ എന്ന സംശയം വീണ്ടും വീണ്ടും തോന്നിക്കൊണ്ടിരിക്കുന്നത്, അതേ മനഃസ്ഥിതിയുടെ തന്നെ ഇങ്ങേവശം നില്‍ക്കുന്നതുകൊണ്ടാണെന്നു വേണമെങ്കില്‍ ഒരാള്‍ക്ക് തര്‍ക്കിക്കാം. അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗറു’മായി ചില സാമ്യങ്ങള്‍ ‘സ്ലം ഡോഗി’നു തോന്നുന്നത് വെറുതെയല്ല. രണ്ടു രചനകളിലെയും താഴേക്കിടജീവിതങ്ങള്‍ക്ക് അദ്ഭുതകരമായ ചില സാമ്യങ്ങള്‍ ഉണ്ട്. അവയുടെ വിപണിയിലും. എങ്കിലും ആ പേരുകളിലെ വ്യത്യാസങ്ങള്‍ വെറുതെ ഒന്നു ശ്രദ്ധിച്ചേക്കുക. അതാണ് ! ജീവിതം തിരുകിക്കൊടുത്ത ഉത്തരങ്ങളിലൂടെ ഒന്നുമല്ലാത്തവന്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുന്ന (?) കഥ പറയാന്‍ ഇന്ത്യക്കാരനായ വികാസ് സ്വരൂപ് തെരെഞ്ഞെടുത്ത പേര്, നോവലെഴുതുന്ന മര്യാദരാമന്മാര്‍ക്കൊക്കെ മാതൃകയാണ്, ‘ചോ & ഉ’. സിനിമയില്‍ പിന്നെ എവിടുന്നു വന്നൂ ഈ ‘പട്ടി’ പ്രയോഗം?
‘കൊളോണിയല്‍ മനഃസ്ഥിതി’ എന്ന വാക്ക് ഡാനി ബോയല്‍ തന്നെ പ്രയോഗിച്ചതാണ്. ഹോളിവുഡ് ‘ത്രില്ലറുകള്‍ക്കുള്ള’ എല്ലാ സാദ്ധ്യതയും അടക്കിപ്പിടിച്ചിരിക്കുന്ന മുംബായ് നഗരത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന ഗൌരവതരമായ തെറ്റിദ്ധാരണയെയാണ് അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. ഈ തെറ്റിദ്ധാരണ, രക്ഷാകര്‍ത്തൃത്വത്തിലധിഷ്ഠിതമായ കാഴ്ചപ്പാടായി വികസിപ്പിക്കാനുള്ള സൌകര്യം നല്‍കുന്നതാണ് ഇങ്ങനെ ഒരു കഥയോടു ബോയലിനുണ്ടായ ഇഷ്ടത്തിനടിസ്ഥാനം എന്നു സംശയിച്ചുകൂടായ്കയില്ല. ഇന്ത്യയെന്നാല്‍ ചേരിയും അഴിമതിയും മനുഷ്യത്വവിരുദ്ധതയും പോളിട്രിക്സും ചേര്‍ന്ന വിഡ്ഢിത്തങ്ങളുടെ കൂത്തരങ്ങും ഡപ്പാംകുത്തുമാണെന്ന് ഇന്ത്യയ്കകത്തു നിന്നൊരാളും പുറത്തു നിന്ന് ഒരാളും പറയുന്നതിന് വ്യത്യാസങ്ങളുണ്ട്. (പരമസാത്വികനായ ഗാന്ധിജിപോലും ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെ കാതറിന്‍ മേയോ മദാമ്മയെ ചീത്തപറഞ്ഞില്ലേ?) ഇന്ത്യനിംഗ്ലീഷ് രചനകളെക്കുറിച്ചുള്ള പ്രധാനാരോപണം അവ നമ്മുടെ അപഹാസ്യതകളെ ദയനീയമായി ചിത്രീകരിച്ച് ലോകമാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വയ്ക്കുന്നു എന്നുള്ളതാണല്ലോ. ഏതു വിമര്‍ശനവും അസൂയയില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും വിപണനത്തിനു വേണ്ടി മാത്രം ജന്മം കൊള്ളുന്നതല്ല എന്ന് പറഞ്ഞ് എഴുത്തുകാരിയായ ശശി ദേശ്‌പാണ്ഡേ ഇന്ത്യന്‍ കൃതികളിലെ സമൂഹത്തിന്റെ യഥാതഥചിത്രീകരണങ്ങളെ ന്യായീകരിച്ചിട്ടുണ്ട്. (ദ ഹിന്ദു). ആഫ്രിക്കന്‍ ദുരന്തങ്ങളും മദ്ധ്യപൂര്‍വേഷ്യന്‍ ദുരിതങ്ങളും പാലസ്തീന്‍ അസ്വസ്ഥതകളും മൂന്നാലോകവും മാഫിയകളും രാഷ്ട്രീയവുമൊക്കെ കൈയടികളോടെ കണ്ടിരിക്കുന്ന നമുക്ക് പച്ചയായ ഇന്ത്യന്‍ ജീവിതം അസ്വസ്ഥതകളുണ്ടാക്കുന്നു (പുറത്തു നിന്നു ചിത്രീകരിച്ചതാണെങ്കിലും അകത്തു നിന്ന് ചിത്രീകരിച്ചതാണെങ്കിലും) എന്നു വരുന്നത് കടന്ന കൈയാണ്. എന്നാലും ‘സ്ലം ഡോഗി’ന്റെ കാര്യത്തില്‍ ഇത്രയും ന്യായീകരണം പോരെന്നു തോന്നുന്നു.
മറ്റൊരു ഇന്ത്യ, ‘ധാരാവി’യിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ മേന്മയായി കേട്ടത്. ശ്വസിക്കുന്ന ചേരിയാണ് പ്രധാനകഥാപാത്രം. (‘മുംബായ്‘ എന്ന് ബോയല്‍ പറയുന്ന സ്ഥലം, മൊത്തത്തില്‍ ഒരു ചേരിയാണ്. ‘സലാം ബോംബേ’ പോലുള്ള സിനിമകളിലെ തെരുവുകള്‍ ശ്വസിച്ചിട്ടേയില്ലെന്ന് ആരാണ് പറയുന്നത്?) ജനപ്രിയ ചേരുവകളുണ്ടെങ്കിലും കലാമൂല്യത്തെപ്പറ്റി ബോധമുള്ള പ്രേക്ഷകനെയും സംതൃപ്തിപ്പെടുത്തുന്ന മട്ടിലാണ് ആഖ്യാനം. ‘സിറ്റി ഓഫ് ഗോഡി’ന്റെ അത്ര രക്തം ചിന്താതെയുള്ള ഇന്ത്യന്‍ രൂപാന്തരം എന്നാണ് സിനിമയ്ക്കു് ലഭിച്ച ഒരു വിശേഷണം. മറ്റൊന്ന് ‘കാഴ്ചയുടെ സദ്യ’ എന്നും. വിശേഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വൈരുദ്ധ്യം അറിയാം. ഇന്ത്യയെന്നു കേള്‍ക്കുമ്പോള്‍ ഏതു വിദേശിയുടെയും മനസ്സിലുണരുന്ന നിറ-രുചി വൈവിദ്ധ്യങ്ങളുടെ ശബളമായ സങ്കരമായ ഒരു ചേരിയാണിതും. പാട്ടും നൃത്തവും അനുസാരികളായുണ്ട്. സിനിമയുടെ ചിത്രീകരണമികവിനെക്കുറിച്ച് സംശയമേ വേണ്ട. എന്നാല്‍ ‘സ്ലം ഡോഗ്’ സത്യത്തില്‍, സാധാരണ ബോളിവുഡ് മസാല സിനിമയെ വിദേശ ചിത്രങ്ങളുടെ ആഖ്യാനഘടനയിലേയ്ക്കും സാങ്കേതിക തികവിലേക്കും തിരുകി കയറ്റിവയ്ക്കാന്‍ ഉത്സാഹിക്കുന്ന ഒരു സംവിധായകന്റെ കൌതുകം മാത്രമാണെന്നു വരാം. ഗൌരവമുള്ള ഒരു തമാശ. അതിനു കാരണങ്ങളുണ്ട്. പല തവണ, പല രീതിയില്‍ ഇന്ത്യന്‍ ജനപ്രിയ സിനിമകള്‍ അവലംബിച്ച ചില കാഴ്ചപ്പാടുകളെ ഉലയ്ക്കാതെ, അതേ മട്ടില്‍ തന്നെയാണ് ഡാനി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദേശ ജനപ്രിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ അനുകരണമായ (ശ്രദ്ധിക്കണം ആ പരിപാടി തന്നെ അനുകരണമാണ്) ‘കോന്‍ ബനേഗാ കാരോട്പതി’ യില്‍ ഒരു നിസ്സഹായ ജീവിതത്തെ കുടുക്കിയിട്ടാണ് സിനിമ പുരോഗമിക്കുന്നത്. അതു തൊടുന്നത് അറിവിനേക്കാള്‍ മനുഷ്യന്റെ വിധിയിലുള്ള വിശ്വാസത്തെയാണ്. ചിത്രത്തിന്റെ ആരംഭത്തില്‍ സംവിധായകന്‍ സ്വന്തം നിലയ്ക്ക് ടൈറ്റിലുകളോടൊപ്പം ഒരു ചോദ്യം എഴുതികാണിക്കുന്നുണ്ട്. ചേരിയിലെ പട്ടിയായ ജമാല്‍ മാലിക്ക് എങ്ങനെയാണ് ഒരു കോടീശ്വരനായതെന്ന്. ശരിയുത്തരം അവസാനത്തെ ക്രെഡിറ്റുകള്‍ക്കൊപ്പമാണ് തെളിയുന്നത്, ഉത്തരം, ഡി; എല്ലാം നേരത്തേ എഴുതി വച്ചതാണെന്ന്. ഈ തലവരയില്‍ വിശ്വസിക്കുന്ന ലക്ഷങ്ങളാണ്, ജീവിതത്തില്‍ തോറ്റമ്പുമ്പോഴും വെള്ളിത്തിരയിലെ അവരുടെ ദൈവങ്ങളായ അമിതാഭ് ബച്ചനെയും രജനീകാന്തിനെയും തോല്‍ക്കാന്‍ സമ്മതിക്കാതിരുന്നത്. താഴേക്കിടയില്‍ നിന്ന് ഒരു വട്ടപ്പാലം ചുറ്റലില്‍ ഏറ്റവും മുകളിലെത്തുക, ഒരു നാണയം ഉയര്‍ന്നു താഴെ വീഴുന്ന സമയമാത്രയില്‍. ജമാലിന്റെ കാര്യത്തിലും അതങ്ങനെ സംഭവിക്കുകയായിരുന്നു. 19 -മത്തെ വയസ്സില്‍ നേരിടാന്‍ പോകുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജീവിതം അവനു പറഞ്ഞു കൊടുത്തു. അതില്‍ ഓര്‍മ്മയില്ലാത്തത് കൃത്യമായി തോന്നിപ്പിച്ചു. പ്രേമിച്ച പെണ്ണ് കഷ്ടങ്ങള്‍ സഹിച്ച് അവന്റെ അടുക്കലെത്തി. അതിനവള്‍ മടിച്ചപ്പോള്‍ അവളെ എതിര്‍ത്തിരുന്നയാള്‍ തന്നെ (മാലിക്കിന്റെ സ്വന്തം ജ്യേഷ്ഠന്‍) ത്യാഗം സഹിച്ച് അവളെ അവന്റെടുക്കല്‍ എത്തിക്കാനുള്ള ഒത്താശ ചെയ്തു. ഇതിനെയാണ് നമ്മള്‍ ഭാരതീയര്‍ ‘സമയം’ എന്നു വിളിച്ചു വന്നത്. തലവരയുടെ ബലം. മറ്റൊരു തരത്തില്‍ യൌവനാരംഭത്തില്‍ കോടിപതിയാവാന്‍ ജീവിതം അവനെ പരിശീലിപ്പിക്കുകയായിരുന്നു. അതാണ് ഡാനി ചിത്രം തുടങ്ങുന്നതിനു മുന്‍പേ പറഞ്ഞത്, എല്ലാം എഴുതിവയ്ക്കപ്പെട്ടിരിക്കുന്നു, ഒരു ലക്ഷണയുക്തമായ തിരക്കഥപോലെ.
സിനിമയിലെ നാടകീയമായതും പ്രധാനപ്പെട്ടതുമായ രംഗം - ഫൈനലിനു മുന്‍പ് അവതാരകന്‍ (അനില്‍ കപൂര്‍) അവനെ വഞ്ചകനെന്നു വിചാരിച്ച് പോലീസിന് ഏല്‍പ്പിച്ചു കൊടുക്കുന്നത്- പിന്നെയുള്ള പോലീസ് പീഡനങ്ങള്‍, ആര്‍ദ്രമായ അവന്റെ ജീവിത കഥ, അഗ്നിപരീക്ഷകളെയെല്ലാം അതിജീവിച്ച് കുറ്റമുക്തനായി സഹാനുഭൂതിയോടെ ഫൈനലിലേയ്ക്ക് ജമാല്‍ നടന്നു കയറുമ്പോള്‍ കാഴ്ചയ്ക്ക് സ്വാഭാവികമായും പിരിമുറുക്കം കൂടും. താഴ്ത്തിക്കെട്ടും തോറും എത്തിപ്പെട്ട ഉയര്‍ച്ചയുടെ കൊടുമുടി കൂടുതല്‍ അഭികാമ്യമായി തോന്നുമെന്നതിനാലാണ് ‘ചേരിയിലെ പട്ടി’ എന്ന പേരു തന്നെ. ആ നിലയ്ക്കും ഒരു പിരിമുറുക്കം പ്രേക്ഷകനനുഭവിക്കാം. ചേരിയിലെ ഒരു നിരക്ഷരനും അരക്ഷിതനുമായ ഒരാള്‍ക്ക് ലഭിക്കുന്ന കോടിരൂപാ എന്ന പ്രലോഭനത്തിന്റെ പ്രഭവം സിനിമ സമര്‍ത്ഥമായി മറച്ചു വച്ചു. പകരം പ്രതിസ്ഥാനത്ത് അവതാരകനാണ്. അയാള്‍, അവന്റെ സംവിധായകനാകാന്‍ ദുര്‍ബലനായി ശ്രമിക്കുന്നുണ്ട്. അയാള്‍ക്ക് കോള്‍ സെന്ററിലെ ചായവില്‍പ്പനക്കാരനായ പയ്യനോട് അങ്ങേയറ്റത്തെ പരിഹാസമുണ്ട്. അവനെ വരുതിക്കു കൊണ്ടു വരാമെന്ന ധാഷ്ട്യമുണ്ട്. പക്ഷേ അവന്റെ തലവരയാണ് ദൈവത്തിനെതിര്‍ നില്‍ക്കുന്ന അയാളെ തോത്പിച്ചുകളയുന്നത്. കാരണം സിനിമയുടെ പരസ്യവാചകത്തില്‍ പറയും പോലെ അവന്റെ ലക്ഷ്യം നിര്‍ണ്ണയിക്കപ്പെട്ടതാണ് ! ഇക്കാര്യത്തെ യുക്തിപരമായി സാധൂകരിക്കുന്ന സംഭവങ്ങള്‍ സിനിമയില്‍ വിന്യസിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാന്‍ മലക്കുഴിയില്‍ നിന്നു വരുന്ന കൊച്ചുജമാലിനു കഴിയുന്നതു്, കുട്ടികള്‍ക്ക് അംഗവൈകല്യം വരുത്തുന്ന സംഘത്തില്‍ നിന്ന് രക്ഷപ്പെടുന്നത്... അതുപോലെയുള്ള ഹീനമായ ഭാഗ്യങ്ങള്‍ അവന്റെ ജീവിതത്തിലുടനീളമുണ്ട്. അവന്‍ പ്രണയിച്ച പെണ്ണുമായി അവസാനം ഒത്തുചേര്‍ന്ന് റെയില്‍ വേ പ്ലാറ്റ് ഫോമില്‍ സംഘനൃത്തം ചെയ്യുന്നതാണ് സിനിമയിലെ അവസാന കാഴ്ച. ഇത്രയും വലിയൊരു ഭാഗ്യം അവനെ കയറ്റി ഭാവിയിലേയ്ക്ക് യാത്രയാക്കുന്നത് വീണ്ടും തീവണ്ടിയില്‍ തന്നെ. മിനിമം ഒരു കാറിലെങ്കിലും ആകേണ്ടിയിരുന്നില്ലേ? (അതാണ് അഭ്യുദയകാംക്ഷികളുടെ സംശയം)
സംശയങ്ങള്‍ക്കെല്ലാമപ്പുറത്ത്, ഈ സിനിമ സ്ഥാനം തീര്‍ക്കുന്ന സാംസ്കാരിക-രാഷ്ട്രീയ ഭൂമിക തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് പരക്കെ സ്വീകരിക്കപ്പെടുന്നു എന്നതിനുത്തരമാകും. ജനപ്രിയ സിനിമകളുടെ ചേരുവകള്‍, സാങ്കേതിക മികവ്, വിധിവിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തെ സ്പര്‍ശിക്കും മട്ടിലുള്ള കുഴമറിച്ചിലില്ലാത്ത ആഖ്യാനം, പോസ്റ്റ് കൊളോണിയല്‍ ചിന്താഗതികളെ സ്വാംശീകരിച്ച ഉദാരവും വൈദേശികവുമായ വീക്ഷണം എന്നിവയോടൊപ്പം പ്രാധാന്യമുള്ള ഒരു മണ്ഡലത്തിനുള്ളിലാണ് സിനിമ സ്വന്തം ഇടം കൃത്യമായി അടയാളപ്പെടുത്തുന്നത്. പരോക്ഷമാണ് അവയുടെ സ്വാധീനസ്ഥലം. അതിലൊന്ന് ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ശില്പാഷെട്ടി അനുഭവിക്കേണ്ടി വന്നു എന്നു പറയപ്പെടുന്ന അവഹേളനം ഉണര്‍ത്തിയ സഹാനുഭൂതിയുടെ അലകളാണ്. ഇന്ത്യ, അവഹേളനവും സഹാനുഭൂതിയും ഒരേ സമൂഹത്തില്‍ നിന്നു ഒരേ സമയം പിടിച്ചു പറ്റാന്‍ കെല്‍പ്പുള്ള സ്വത്വമായി മാദ്ധ്യമങ്ങളില്‍ നിറയുന്നത് അതോടെയാണ്. ഒരര്‍ത്ഥത്തില്‍ ജമാല്‍ എന്ന ചേരി നിവാസി പകരം വയ്ക്കുക ‘ബിഗ് ബ്രദറിലെ’ ശില്പയുടെ സ്ഥാനത്തെയാണ്. ഇത് മറ്റൊരു റിയാലിറ്റി ഷോയാണ്. ‘ധാരാവി’ എന്ന ചേരിയുടെ യഥാതഥമായ ചിത്രീകരണത്തെപ്പറ്റി വാചാലരാവുന്നവര്‍ സത്യത്തില്‍ സംസാരിച്ചത്, ചിത്രീകരിക്കപ്പെടുന്ന ചേരിയിലെ ജീവിതം എന്ന റിയാലിറ്റി ഷോയെപ്പറ്റിയാണ്. പുതുക്കോട്ടൈ എന്ന സാബാള്‍ട്ടന്‍ സിനിമയിലെ ഇരുട്ടല്ല, വെളിച്ചവും നിറങ്ങളും കൊണ്ട് നിറഞ്ഞതാണ് ഡാനിയുടെ ‘സ്ലം ഡോഗിലെ’ ചേരി.
കഴിവുകൊണ്ട് ഒരാള്‍ ഉയര്‍ന്നാല്‍ അത് അസ്വസ്ഥപ്പെടുത്തുന്നത്, രക്ഷാകര്‍ത്താക്കളായവരെ തന്നെയായിരിക്കും. ആര്‍ജ്ജിച്ച കഴിവുകൊണ്ട് അയാള്‍ തോല്‍പ്പിക്കുന്നത് ആരെ എന്നത് പ്രശ്നമാണ്. കാര്യങ്ങള്‍ മുഴുവന്‍ തകിടം മറിയും. ഭാഗ്യവും സഹാനുഭൂതിയും പകരം വയ്ക്കുമ്പോള്‍ ചാര്‍താര്‍ത്ഥ്യമടയുന്നത് രക്ഷാകര്‍തൃഭാവങ്ങളാണ്. ഒന്നും നഷ്ടപ്പെടാനില്ല. നിലവില്‍ ആരും തോല്‍ക്കുന്നില്ല. ശില്പ ഒന്നാമതെത്തിയത് സഹാനുഭൂതി വോട്ടുകൊണ്ടാണ്‍` എന്നോര്‍ക്കുക. സിനിമയ്ക്കുള്ളിലും അതു തന്നെ സംഭവിക്കുന്നു കഴിവല്ല, ഭാഗ്യവും വിധിയുമാണ് ഉയര്‍ച്ചയ്ക്കുള്ള മാനദണ്ഡം എന്നു വരുമ്പോള്‍ ഒന്നിച്ചു പരസ്പരം പോരടിക്കുന്ന നിരവധി വികാരങ്ങള്‍ സംതൃപ്തമാക്കപ്പെടും! നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ് (ടി വി ഷോകളെപ്പോലെ) സിനിമയിലെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം. രണ്ടു തരത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഒന്ന്, ഇന്ത്യന്‍ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യത്തെപ്പറ്റി നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യം എന്ന നിലയില്‍. മറ്റൊന്ന്, ഇന്ത്യന്‍ സിനിമകളെപ്പറ്റി നിര്‍മ്മിക്കപ്പെട്ട യാഥാര്‍ത്ഥ്യം എന്ന നിലയില്‍.
സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ടിനു ശേഷമുള്ള ഇന്ത്യന്‍ മുസ്ലീം എന്ന സങ്കല്‍പ്പത്തെയാണ് സിനിമ രണ്ടാമതായി അടയാളപ്പെടുത്തുന്നത്. മണ്ഡല്‍ കമ്മീഷനു ശേഷമുള്ള സിനിമകളിലെ താരശരീരങ്ങള്‍ രണ്ടായി പിരിഞ്ഞതിനെക്കുറിച്ച് ( അരവിന്ദ് സ്വാമി എന്ന ഗൌരവപ്രകൃതിയായ, വെളുത്ത, ബ്രാഹ്മണ ശരീരം, പ്രഭുദേവ എന്ന ഇളക്കമുള്ള കറുത്ത, ദളിത് ശരീരം ഈ രണ്ടു നായകന്മാര്‍ സ്വീകാര്യരായി തമിഴ് സിനിമയില്‍) ഡി ആര്‍ നാഗരാജ് ഉപന്യസിച്ചിട്ടുള്ളതുപോലെ സച്ചാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടും ഗുജറാത്ത് കലാപവും നിസ്സഹായനും അരക്ഷിതനും ദരിദ്രനുമായ ഇന്ത്യന്‍ മുസ്ലീം എന്ന സങ്കല്‍പ്പത്തെ, ഭാരതീയ സമൂഹത്തിന്റെ മുന്നില്‍ എന്നല്ല, ലോകത്തിന്റെ മുന്നില്‍ തന്നെ നിര്‍ത്തിയിട്ടുണ്ട്. ‘ജമാല്‍ മാലിക്’ (മാലിക് എന്നാല്‍ യജമാനന്‍) എന്ന പേരു തന്നെ വ്യക്തമാക്കുന്നതുപോലെ സമൂഹമനസ്സില്‍ നിലനില്‍ക്കുന്നതും യഥാര്‍ത്ഥത്തിലുള്ളതുമായ രണ്ടു തരം സ്വത്വങ്ങളെ വെളിവാക്കുന്ന ഒന്നാണ്. സദാ സംശയത്തിന്റെ മുനയിലാണ് മുസ്ലീമിന്റെ സ്ഥാനം. അവതാരകന്റെ സംശയത്തിനും ജമാലിനെ പോലീസ് പീഡിപ്പിക്കുന്നതിനും ഇങ്ങനെ ചില സാധൂകരണങ്ങള്‍ പ്രേക്ഷകന്റെ അബോധം കണ്ടെത്താതിരിക്കില്ല. അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള രക്ഷാകര്‍ത്തൃത്വമാണ് (ഇവിടെ അതു പണമാണ് )അവന്റെ രക്ഷാ സങ്കേതം. അതാവട്ടെ ദൈവത്താല്‍ നിര്‍ണ്ണയിക്കപ്പെട്ടതാണെന്നു വന്നാല്‍ എല്ലാമായി. മാതാധിഷ്ഠിതസമൂഹത്തില്‍ അതിനേക്കാള്‍ നല്ല ജാമ്യം മറ്റെന്താണ്? അതേ സമയം അയാള്‍ ബന്ധങ്ങള്‍ അറ്റു പോയവനും (ഒറ്റപ്പെടല്‍ സ്വത്വസംബന്ധിയാണ്, ശുദ്ധീകരണത്തിനു വിധേയനായവനാണ് എന്നാണ് അര്‍ത്ഥം. അപകൃഷ്ടമായതെല്ലാം എങ്ങനെയായാലും നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അയാളെ സ്വീകരിച്ചുകൂടേ?) തീവണ്ടിയിലേയ്ക്കു തന്നെ ഹിന്ദുവായ കാമുകിയുമായി കയറുന്നവനുമാകയാല്‍, കഠിനപരീക്ഷണങ്ങള്‍ കൊണ്ട് പൊതുസമൂഹവുമായി അനുരഞ്ജനം സാധിക്കപ്പെട്ടവനുമാകുന്നു. ഭൂരിപക്ഷത്തിനു സ്വീകാര്യമായ പരിഹരണ പ്രകിയയാണിത്. അങ്ങനെ വരുമ്പോള്‍ ചേരി, നാം വിചാരിക്കുന്നതുപോലെ സത്യസന്ധമായ ഒരു മുംബായ് ചേരിയല്ലെന്നും വ്യത്യസ്തവും അപരവുമായ സ്വത്വങ്ങളുടെ സംഘര്‍ഷമേഖലയാണെന്നും തിരിച്ചറിയണം. ചേരിയില്‍ നിന്നുള്ള അയാളുടെ വിടുതലാണ് ഉയര്‍ച്ചയുടെ പടവുകള്‍. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം അയാള്‍ക്ക് കാമിനിയുമായി ട്രെയിനില്‍ കയറി അയാളുടെ ഭൂമിശാസ്ത്രത്തില്‍ നിന്ന് കഴിയുന്നിടത്തോളം രക്ഷപ്പെടേണ്ടി വരുന്നത്. ഇങ്ങനെയല്ലാം സിനിമ ഭൂരിപക്ഷതാത്പര്യങ്ങളുമായി രാജിയാവുന്നു.
പറഞ്ഞു വന്നത്, ‘സ്ലം ഡോഗ്‘ എന്ന സിനിമ കൊള്ളാവുന്നതായി തീരുന്നത്, അത് പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്ന കാഴ്ചകളുടെ പൊരുത്തക്കേടുകള്‍ക്കുള്ളില്‍ സമൂഹത്തിന്റെ അബോധവുമായി സംവദിക്കാന്‍ പ്രാപ്തിയുള്ള ചില കാലികയാഥാര്‍ത്ഥ്യങ്ങളെ സമര്‍ത്ഥമായി ഒളിപ്പിച്ചു വച്ചുകൊണ്ടാണ് എന്നാണ്. എന്നിട്ടും അതിന്റെ പിന്നിലൊരു ചിരിയുണ്ടെന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
ദോഷൈകദൃക്കുകള്‍ക്കും ജീവിക്കണമല്ലോ.
ഇത് ഒന്ന് ഒന്നൊര റിവ്യൂ ആണ് ട്ടാ!!
ReplyDeleteപിന്നെ ഇതിന്റ്റെ റിവ്യൂകളില്‍
1ഇന്‍ഡ്യക്കാരെ അവഹേളിക്കുന്നു..
2മാലിക്കിന്‍റെ സഹോദരന്‍ നിസ്ക്കരിക്കുമ്പോള്‍
ഗോഡ് ഞാന്‍ തെറ്റു ചെയ്യുന്നതിന് മാപ്പ് തരണേ
എന്ന് പറയുന്നുണ്ട്.അത് മുസ്ലീങ്ങളെ അവഹേളിക്കുന്നതായി വേറെ ഒരു റിവ്യൂ
എനിക്കൊരൊറ്റ കാര്യമേ അറിയൂ ഈ സിനിമയെ സംബന്ധിച്ച് -
സിനിമ എനിക്കിഷ്ടമായി എന്ന കാര്യം മാത്രം
‘സ്ലംഡോഗ് മില്ലനെയര്‍’ - പേരു കൊള്ളാം, പക്ഷെ ‘കോടീശ്വരനായ ചേരിപ്പട്ടി’ എന്നര്‍ത്ഥം മനസിലാക്കുമ്പോള്‍ എവിടെയോ കൊള്ളുന്നുണ്ട്. :-|
ReplyDeleteകാണണോ വേണ്ടയോ? :-) ലേഖനത്തിനു നന്ദി.
--
'അണ്ടർഡോഗ്’ലെ ഡോഗിനെയാണ് ടൈറ്റിലിലേയ്ക്കെടുത്തതെന്ന് എവിടെയോ വായിച്ചപ്പോൾ ഞാൻ ബോയലിനോട് ക്ഷമിച്ചു
ReplyDeleteവെള്ളെഴുത്ത് മാഷേ,
ReplyDeleteഈ കാഴ്ച ഇഷ്ടമായി.
“സ്ലം ഡോഗി”നെ എടുത്ത് “ചേരിയിലെ നായ” എന്ന് അക്ഷരാര്‍ത്ഥത്തില്‍ തര്‍ജ്ജമ ചെയ്താല്‍ നുരഞ്ഞു പൊങ്ങാവുന്ന അവഹേളനം ഏതായാലും "പരമദരിദ്രന്‍" എന്നൊരു അര്‍ത്ഥത്തിനില്ല. അതുകൊണ്ട് പേരിനെ പിടിച്ച് ബഹളം വയ്ക്കുന്നത് വി.എസിന്റെ പട്ടിപരാമര്‍ശം വിവാദമാക്കിയതുപോലെ ബാലിശം എന്നാണ് ഈയുള്ളവന്റെ തോന്നല്‍.
സിനിമയിലെ ചില ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ സമൂഹത്തില്‍ കാണുന്നവ തന്നെയാണ്. അത് ഒരു വിദേശി - അതും ഒരു ബ്രിട്ടീഷുകാരന്‍ - സിനിമയിലാക്കി എന്നത് കൊണ്ട് അത് അവഹേളനമാകും എന്ന് പറയുന്നത് ശുദ്ധ വങ്കത്തരം. ആ പറയുന്നവര്‍ 2006-ല്‍ വന്ന, അമേരിക്കന്‍ സാമൂഹിക മൂല്യങ്ങളെ തൊലിയുരിച്ചു വയ്ക്കുന്ന മോക്യുമെന്ററി Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan ഒന്ന് എടുത്ത് കാണണം(നെറ്റില്‍ കിട്ടും). അല്ലെങ്കില്‍ മൈക്കിള്‍ മൂറിന്റെ ഡോക്യുമെന്ററികള്‍ - പലതിലും ലോകരാഷ്ട്രങ്ങളുമായിട്ടാണ് വിമര്‍ശനാത്മക താരതമ്യം , ആഭ്യന്തരമായ വിമര്‍ശനം പോലുമല്ല.
മുംബൈ എന്നത് മൊത്തത്തില്‍ വലിയൊരു ചേരിയാണ് എന്നൊരു ധ്വനി അറിയാതെ പോലും സ്ലം ഡോഗില്‍ വന്നതായി തോന്നിയില്ല. ചേരിപ്രദേശവും സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായ ഒരു അപര മുംബൈയും പല ഷോട്ടുകളിലും താരതമ്യമായി വരുന്നുണ്ട് താനും. അത് ഇന്ത്യയെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നു എന്ന് നമുക്ക് തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ അബോധത്തില്‍ കിടക്കുന്ന മധ്യവര്‍ഗ്ഗ അപകര്‍ഷതയാണ്.ജനസംഖ്യയുടെ 40ശതമാനം യാതൊരു സാമൂഹിക സുരക്ഷിതത്വവുമില്ലാതെ വലിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍, ചന്ദ്രയാനം മുതല്‍ ആണവകരാറ് വരെയുള്ള “കുതിപ്പുകള്‍ക്ക്” തയ്യാറെടുക്കുന്ന നമ്മെ “ഡേയ് ഇങ്ങനെയും ഒരു ഇന്ത്യ ഉണ്ടെഡേയ്” എന്ന് സ്വപ്നത്തില്‍ നിന്നും വിളിച്ചുണര്‍ത്തി കാണിച്ചു തരുമ്പോഴുണ്ടാകുന്ന ചളിപ്പിന്റെ പരിഷ്കൃത രൂപം.(ആ ഒരു ആംഗിളില്‍ നോക്കുമ്പോള്‍ ഇത് നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാവേണ്ടുന്ന ഒരു സിനിമയായിരുന്നു.)
ആറ്റന്‍ബറോയുടെ അറക്കപ്പൊടി “ഗാന്ധി”ക്ക് ഓസ്കറ് കൊടുക്കാമെങ്കില്‍ അതിനേക്കാള്‍ അനേകമടങ്ങ് മെച്ചപ്പെട്ട സ്ലം ഡോഗ് മാന്യമായ ഒരു ബോക്സ് ഓഫീസ് വിജയമെങ്കിലും അര്‍ഹിക്കുന്നുണ്ട്.
സൂരജ് അണ്ണാ, ഓസ്കാര്‍ ഒക്കെ ഒരു കളി അല്ലേ? ഗാന്ധിയുടെ പേരുള്ളതു കൊണ്ട് മാത്രമാണ് ആ സിനിമക്ക് ഓസ്കാര്‍ കിട്ടിയത്, കിട്ടേണ്ടത് സ്പില്‍ബര്‍ഗിനായിരുന്നു എന്ന് പുള്ളി തന്നെ (ആറ്റന്‍ബറോ)പറഞ്ഞിട്ടുണ്ട്.
ReplyDeleteഈ സിനിമക്ക് ഓസ്കാര്‍ കിട്ടനുള്ളത് ഒക്കെ അതിനുള്ളില്‍ തന്നെ വച്ചു കേറ്റിയിട്ടുണ്ട്. അതല്ലെങ്കില്‍ കൂടെ ഫാസ്റ്റ് പേസ്‌ഡ് ആയത്, ബയോഗ്രഫി, അതു മാതിരി സംഗതികള്‍ക്കൊക്കെ ഓസ്കാര്‍ എപ്പോ കിട്ടി എന്നു ചോദിച്ചാ മതി. സാധാരണ കണ്ടു വരാറുള്ളത്, നല്ല സിനിമകള്‍ക്ക് ഗോള്‍ഡന്‍ ഗ്ലോബ് കിട്ടും , അതിന്റെ തൊട്ടു താഴെ ഉള്ള സിനിമക്ക്( മോശം എന്നല്ല, കുറച്ചു കൂടെ കമേഴ്സ്യലയ്സ്ഡ് ആയ) ഓസ്കാര്‍ കിട്ടും... ഈ ഒരു സിനിമയുടെ ലുക് വച്ചിട്ട് ഇതിന് ഓസ്കാര്‍ കിട്ടുകയും ഗോള്‍ഡന്‍ ഗ്ലോബ് കിട്ടാതിരിക്കുകയും വേണ്ടതായിരുന്നു....
ആ എന്തരോ ആവട്ട്.... നമ്മടെ സിലിമാ സെന്‍സ് ഒക്കെ ഓള്‍ഡ് ഫാഷന്‍ഡ് ആയി എന്നാ തോന്നുന്നത്. പടം കണ്ട് കട്ടക്ക് ബോറഡിച്ചു
ഇത് വെറുമൊരു ശരാശരി പടമായിട്ടേ എനിക്ക് തോന്നിയുള്ളൂ. നേരെ DVD ആകേണ്ടിയിരുന്ന ഈ പടം അവാര്‍ഡുകള്‍ വാരിക്കൂട്ടാനുള്ള പ്രധാന കാരണം, മുംബൈയിലെ തീവ്രവാദി ആക്രമണത്തിനുശഷം ആ നഗരത്തിന് കിട്ടുന്ന സഹതാപത്തിന്റെ ഭാഗമാണെന്നു തോന്നുന്നു. ‘ചാന്ദ്‌നീ ബാര്‍’, ‘ദില്‍ പേ മത്‌ലേ യാര്‍’ എന്നീ മികച്ച മുംബൈ ചിത്രങ്ങളുടെ 7 അയല്‍വക്കത്ത് ഈ പടം എത്തില്ല എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteസൂരജ്/ശ്രീഹരി,
‘ഗാന്ധി‘ക്ക് ഓസ്ക്കര്‍ കിട്ടാന്‍ അര്‍ഹതയില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ പ്രയാസം; എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പടങ്ങളില്‍ ഒന്നാണത്.
ഈ സിനിമയെ വേറെ ഒരു ആംഗിളിൽ കാണാനാണ് താല്പര്യം തോന്നിയത്.
ReplyDeleteഇതൊരു സ്‌പൂഫ് ആയിരിക്കാം. ഹോട്ട് ഷോറ്റ്സ് പോലെ ഓരോ സീനും വേറെ ഏതെങ്കിലും ഒരു സിനിമയെ / സീനിനെ കളിയാക്കുന്ന സ്‌പൂഫ് അല്ല. മൊത്തത്തിൽ ബോളിവുഡിനെ നോക്കി ഒന്നു ചിരിക്കുന്ന ഒരു സിനിമ. ബോളിവുഡിന്റെ സ്ഥിരം ശൈലികളെ, താഴെക്കിടയിൽനിന്നും ഉയർന്നുവന്ന് ആകാശങ്ങൾ വെട്ടിപ്പിടിക്കുന്നവന്റെ കഥയെ, ചേട്ടൻ - അനിയൻ സോപ്പുപെട്ടി കഥകളെ, ആധർശപ്രണയത്തിന്റെയും സദാചാരത്തിന്റെയും ഹിന്ദി പാട്ടുകളുടെയും വാർപ്പുമാതൃകകളെയും ഒന്നു കളിയാക്കിവിടലല്ലെ സ്ലംഡോഗ് ? സിനിമയുടെ അവസാനം ടൈറ്റിത്സ് കാണിക്കുന്നത്, 70-80കളിലെ സ്ഥിരം ഹിന്ദി സിനിമാരീതികളിലാണ്. തടിച്ച കളർഫുൾ അക്ഷരങ്ങൾ, ഫോണ്ടിന്റെ ശൈലി - ഇതൊക്കെ മന:പൂർവ്വം ചെയ്തതല്ലെ ? ഒരു ഇന്റർവ്യൂവിൽ റഹ്മാൻ പറഞ്ഞെന്നുതോന്നുന്നു അവർക്കാവശ്യം ശരിക്കും ബോളിവുഡ് ടച്ചുള്ള സംഗീതമാണെന്ന്. പിന്നെ, ഉയർന്നുവരൂന്ന സാധാരണക്കാരനെ എലീറ്റ് എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് (അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ധാരണയ്ക്കും) ഒരു തട്ടുണ്ട്, അനിൽ കപൂറിന്റെ കഥാപാത്രത്തിലൂടെയും മാലിക്കിന്റെ അറസ്റ്റിലൂടെയും.
ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത് നന്നായെടുത്ത ഒരു ബോളിവുഡ് പടമായി കണ്ടാൽ മതി എന്നാണ്. അങ്ങനെയാണെങ്കിൽ ഇത് പ്രത്യേകതകളൊന്നുമില്ലാത്ത ഒരു പടമായി ഒതുങ്ങുന്നു.
പക്ഷെ, സിനിമ സംസാരിക്കുന്ന രാഷ്‌ട്രീയം കുറച്ചേറെ പ്രശ്നമാണ്. ജമാൽ മാലിക് മത്സരത്തിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും പള്ളിയുടെ മുറ്റത്ത് ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്നത് ആവർത്തിച്ചു കാണിക്കുന്നുണ്ട്. ഒരു ഇന്ത്യൻ മുസ്ലിമിന്റെ വിജയം മുസ്ലിംകൾ ആഘോഷിക്കുന്നതിന്റെ തീർത്തും ബയാസ്‌ഡും പ്രതിലോമപരവുമായ ദൃശ്യങ്ങൾ. നോവലിൽ ഉള്ളവയാണൊ അവയെന്ന് അറിയില്ല. ഇന്ത്യൻ മുസ്ലിമിന്റെ സ്വത്വപ്രതിസന്ധിയെക്കുറിച്ചല്ല, ആവർത്തിച്ച് ആരോപിതമായ ഒരു കള്ളം സ്ഥാപിക്കുന്നവയാണ് പ്രസ്തുതസീനുകൾ.
‘സ്ലംഡോഗ് ‘ എന്നു കേൾക്കുമ്പോൾ നല്ലബുദ്ധിയുള്ള ആർക്കും, ചേരിയിലുള്ളവർ പട്ടികളാണൊ എന്നാണ് തോന്നുക, തോന്നേണ്ടതും. എന്നാൽ ഒരു ഇന്ത്യൻ സെലിബ്രിറ്റി (ആരാണെന്ന് ഓർമ്മയില്ല, മാതൃഭൂമിയിൽ വായിച്ചത്) പ്രതികരിച്ചത് ഇന്ത്യക്കാരൊക്കെ ചേരിയിൽ താമസിക്കുന്നവരാണെന്ന് ഈ സിനിമ വിദേശത്ത് ധാരണ പരത്തുമെന്നായിരുന്നു ! പാവം പാഴജന്മം !
തൊമ്മാ,
ReplyDeleteഗാന്ധിക്ക് ഓസ്കാര്‍ കിട്ടാന്‍ അര്‍ഹത ഇല്ല എന്ന് അടച്ച് പറഞ്ഞതല്ല. ആറ്റന്‍ബറോ തന്നെ അങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടായിരുന്നു. അതു ക്വോട് ചെയ്തെന്ന് മാത്രം. അതിനു പകരം അര്‍ഹതപ്പെട്ടത് എന്ന് ആറ്റന്‍ബറോ പറഞ്ഞത് സ്പില്‍ബര്‍ഗിന്റെ ഇ.ടി യാണ്. വൈകി കണ്ടതു കൊണ്ടോ എന്തോ എനിക്ക് ആ സിനിമ ഓസ്കാര്‍ ലെവലിലൊന്നും തോന്നിയില്ല.
ഗാന്ധി കണ്ടത് വളരെ കൊച്ചായിരുന്നപ്പോഴാണ്. ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒന്നു കൂടി കണ്ടു നോക്കയാലേ എന്തെങ്കിലും പറയാന്‍ കഴിയൂ. കാണാന്‍ സാധിക്കുമോ എന്നു നോക്കട്ടെ
ബയോഗ്രഫി വിഭാഗത്തിന് ഓസ്കാര്‍ എളുപ്പത്തില്‍ ലഭിക്കാറുണ്ട് എന്നത് വാസ്തവമാണ്. ബെസ്റ്റ് ആക്ടര്‍ വിഭാഗത്തില്‍ എളുപ്പം പരിഗണിക്കപ്പെടുന്നതും ജീവിഛ്കിരുന്നവരെ അവതരിപ്പിക്കുന്നവരാണ്. ആ പോയിന്റും കൂടെ പറഞ്ഞെന്ന് മാത്രം
‘സ്ലംഡോഗ് മില്ലനെയര്‍’ തെരുവുപട്ടി കോടീശ്വരൻ എന്നു തർജ്ജമ ചെയ്യുന്നത് ഏറെക്കുറെ ‘സാൾട്ട് മാംഗോ ട്രീ’ പോലെ...:)
ReplyDeleteകാര്യം വെള്ളെഴുത്ത് പറഞ്ഞതു പോലെ ഇന്ത്യക്കാരന്റെ തലവര വിശ്വാസങ്ങളെയും മതപരതയെയും പടിഞ്ഞാറിന്റെ കണ്ണിലൂടെ പരിഹസിക്കുക തന്നെയാണു ബോയ്ല്. പക്ഷെ ഈ ഉള്ളിലുള്ള പരിഹാസത്തെ കൃത്യമായി ‘ചേരിസിനിമ’ എന്ന പുറന്തോടു കൊണ്ട്, ആ പേരു കൊണ്ട്, മറച്ചിരിക്കുന്നു. പുറംതോടു മാത്രമേ ഇവിടുത്തെ സിനിമാക്കാർ കാണുന്നുള്ളൂ എന്നതുകൊണ്ടല്ലേ മറൈൻ ഡ്രൈവിൽ വെച്ച് ഒരു ഷോട്ടു പോലുമില്ലാത്തതാണു ചിത്രത്തിന്റെ പ്രശ്നമെന്ന് പ്രിയദർശൻ പറഞ്ഞത്..
ഇതിന്റെ രൂപത്തെ പ്രശാന്ത് സൂചിപ്പിച്ച ആംഗിളിൽ ശ്രദ്ധിക്കണമെന്നു തോന്നുന്നു. എന്തു ചെയ്യാം എൺപതുകളിലെ ഹിന്ദി ചിത്രങ്ങൾ കണ്ടിട്ടില്ല..:)
സൂരജെ, അമേരിക്കയെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്ത് വിമർശിക്കുന്ന മൂർ ഇവിടെ വെറുക്കപ്പെട്ടവരിലൊരാളാണല്ലോ.
ഗാന്ധി അറക്കപ്പൊടിയോ..എന്റമ്മേ...:)
Good Writing.. But Still u can consider this is hardly a Cenema...! Not life... !!
ReplyDeleteപോസ്റ്റ് എഴുതി പബ്ലിഷ് ചെയ്തതിനു ശേഷമാണ്, ഷാജഹാന്‍ കാളിയത്തിന്റെ ലേഖനവും പോലീസ് സ്റ്റേഷനിലെ നാടകത്തെപ്പറ്റി പ്രിയദര്‍ശന്‍ എഴുതിയതും അച്ചടിച്ചു വരുന്നത്. (മുന്‍ കൂര്‍ ജാമ്യം)
ReplyDeleteഉപഗുപ്താ, അപ്പം തിന്നാല്‍ പോരേ കുഴിയെണ്ണണോ എന്നത് ഒരു പഴയചോദ്യമാണ്. രണ്ടുമാകാം. പക്ഷേ കുഴികൂടി എണ്ണി നോക്കിയിട്ട് തിന്നുന്ന അപ്പത്തിന് രുചി കൂടുതലുണ്ടാവുമെന്നു വിചാരിക്കുന്ന കൂട്ടത്തിലാണ് ഞാന്‍! എണ്ണം കൃത്യമാവണമെന്നൊന്നുമില്ല എങ്കിലും എണ്ണി നോക്കാമല്ലോ..ഹരീ, സിനിമ കാണുക തന്നെ വേണം, അതില്‍ പക്ഷാന്തരമില്ല. ഭൂമി പുത്രീ, സിനിമയുടെ മൊത്തം ടോണും പാറ്റേണും വച്ചു നോക്കുമ്പോള്‍ ആ ‘ഡോഗ്’ അണ്ടര്‍ഡോഗിലെയാണെങ്കില്‍ പോലും ക്ഷമിക്കണോ എന്നൊരിദ്..’പൊന്‍ മുട്ടയിടുന്ന തട്ടാന്റെ പേരുമാറ്റിച്ചവരാണ് നമ്മള്‍! ചില്ലറക്കാരല്ല!
സൂരജേ, നമ്മുടെ യഥാര്‍ത്ഥപ്രശ്നം പേരായിരുന്നില്ല, പക്ഷേ ഒരു കൊളോണിയല്‍ നോട്ടം പേരില്‍ നിന്നു തന്നെ തുടങ്ങുന്നു എന്നു സംശയിക്കാന്‍ വേണ്ടതെല്ലാം സിനിമയ്ക്കുള്ളിലുണ്ട്. എന്താണ് ഈ വിദേശി സിനിമയിലാക്കിയത് എന്നു കൂടി ആലോചിക്കണ്ടേ? മൈക്കല്‍ മൂറിന്റെ ഡോക്യുമെന്ററികളുടെ (ഓഹ്ഹ്.. നമ്മുടെ ആനന്ദ് പട്‌വര്‍ദ്ധനനെ എന്തിനു മറക്കുന്നു?- ബോംബേ മൈ സിറ്റി-) വിമര്‍ശനമൂല്യവുമായി ഏതെങ്കിലും തരത്തില്‍ ഒത്തുപോകുന്നതാണോ സ്ലം ഡോഗിലെ കാഴ്ചകള്‍? ആത്യന്തികമായി ഈ സിനിമ ലോക പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നതെന്താണ് എന്ന് ആലോചിച്ചു നോക്കാം. പുറത്തുവരാനാവാത്ത വിധം വിങ്ങിക്കൊണ്ടു നില്‍ക്കുന്ന ഏതു ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെയാണ് കരുണയും കരുതലും കാട്ടി ഡാനി ബോയല്‍ ഇന്ത്യക്കാര്‍ക്കു പറ്റാത്ത വിധം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്? ബോളിവുഡ് മസാലകളുടെ എല്ലാ പൊരുത്തക്കേടുകളും കുടിയിരിക്കുന്ന ഒരു സാധാരണ സിനിമയാണിത്. അതുകൊണ്ട് തന്നെ സംശയമില്ലാത്ത വിധം ആസ്വാദ്യകരം. അതിനപ്പുറത്ത് ഇതേതെങ്കിലും സാമൂഹിക മൂല്യങ്ങളെ തൊലിയുരിക്കുന്നുണ്ടോ, പുതുതായി? ആ വഴിക്ക് നമുക്ക് ചക്കാത്തിന് ഒരുള്‍ക്കാഴ്ച,.. അങ്ങനെ എന്തെങ്കിലും? പ്രശാന്തേ, അതു തന്നെയാണ് പ്രധാനവാദം. ഡാനി മനസ്സിലാക്കിയ ഒരു ബോംബേ ഇതിനുള്ളിലുണ്ട്. അത് അദ്ദേഹം അഭിമുഖത്തിലും പറഞ്ഞു. ആലോചിക്കാനുള്ളത് അദ്ദേഹം കളിയാക്കുകയായിരുന്നോ (ഇന്ത്യന്‍ സിനിമകളെയും യാഥാര്‍ത്ഥ്യങ്ങളെയും) ഇതില്‍ ആവിഷ്കരിച്ചു വച്ചിരിക്കുന്ന വിധം ഉള്ളിലേയ്ക്കെടുക്കുകയായിരുന്നോ എന്നാണ്. രണ്ടാമത്തേതാണെങ്കില്‍ കഷ്ടമാണ്. ന്യുയോര്‍ക്കുപോലെയല്ല ബോംബേ എന്നാണ് ഡാനി പറഞ്ഞത്, ഇവിടെ രാത്രി മൂന്നുമണിയാകുമ്പോള്‍ പട്ടികള്‍ തെരുവു കയ്യടക്കും..ഭയപ്പെടുത്തുന്ന നിശ്ശബ്ദത രാത്രിയെ പൊതിയും..’ ഒരു ത്രില്ലറിനുള്ള എല്ലാ സാദ്ധ്യതയും അടക്കിപ്പിടിക്കുന്ന നഗരം. -ഈ വഴിക്ക് ‘ചേരി’യെയും ‘പട്ടി’യെയും കുറിച്ച് ആലോചിച്ച് പോകുന്നത് നന്നായിരിക്കും. സെലിബ്രിറ്റി ബച്ചനാണോ..? അദ്ദേഹം അതു തിരുത്തിപ്പറഞ്ഞു. സിനിമയെപ്പറ്റി മോശം അഭിപ്രായമൊന്നുമില്ലെന്ന്. ബ്ലോഗിലാരോ എഴുതിയിട്ട കമന്റ് തന്റേതെന്ന മട്ടില്‍ പത്രക്കാര്‍ എടുത്തെഴുതിയപ്പോള്‍ വന്നു പോയ കുഴപ്പമാണ് എന്ന്.
“ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ വിജയം മുസ്ലിംകള്‍ ആഘോഷിക്കുന്നതിന്റെ തീര്‍ത്തും ബയാസ്‌ഡും പ്രതിലോമപരവുമായ ദൃശ്യങ്ങള്‍. “ കാളിയത്തും പറയുന്നുണ്ടായിരുന്നു, മുസ്ലീം ചിത്രീകരണ ക്ലീഷേയെപ്പറ്റി. (വിരുദ്ധാഭിപ്രായം ഉണ്ട്)
റോബീ, അക്കാര്യത്തില്‍ കുറെ കൂടി വ്യക്തമായ തെളിവു വേണം, ഇതൊരു ലക്ഷണമൊത്ത കളിയാക്കലാണെന്ന കാര്യത്തില്‍. ഈ കളിയാക്കല്‍ സംഗതിയ്ക്ക് രണ്ടു വശമുണ്ടെന്ന കാര്യം മറന്നുകൂടാ, പഴയയജമാനന്റെയാവുമ്പോള്‍ അതത്ര നല്ലതാവേണ്ടതല്ല. അതിനെക്കുറിച്ച് ഒരു പക്ഷേ ഒരു ബ്രിട്ടീഷുകാരന്‍ (പഴയ നമ്മുടെ യജമാനന്‍) എപ്പോഴും ബോധവാനായിക്കൊള്ളണമെന്നില്ല.
ശ്രീഹരി, ബോറടിപ്പിക്കുന്ന സിനിമയല്ല എന്തായാലും ‘സ്ലംഡോഗ്..’(വിരുദ്ധാഭിപ്രായം!)
അതുകൊണ്ട്, പകല് കിനാവന്‍... അതെ ഇതൊരു സിനിമാക്കാഴ്ച തന്നെയാണ്..പക്ഷേ നോട്ടങ്ങള്‍ നമ്മളെ തൊടുന്നുണ്ട്. എന്നാണ് ആകെ പറഞ്ഞതിന്റെ രത്നച്ചുരുക്കം!
ഹഹ ഞാൻ സിനിമയിതുവരെക്കണ്ടില്ല വെള്ളെഴുത്തെ!കണ്ടിട്ട് ക്ഷമയെപ്പറ്റി പുനാരാലോചിയ്ക്കുന്നതയാരിയ്ക്കും.
ReplyDeleteശ്രീഹരിയുടെ പോസ്റ്റിൽ എഴുതിയ കമന്റിവിടെക്കൂടി
കോപ്പിചെയ്യുന്നത് തെറ്റാകില്ലെന്ന് കരുതുന്നു.
“എതിരന്റെ ബ്ലോഗിൽക്കണ്ട ലിങ്കിൽ നിന്നാണിവിടെ എത്തിയത്.ശ്രീഹരി പറയാൻ ഉദ്ദേശിച്ചതെനിയ്ക്ക് ശരിക്ക് മനസ്സിലാകുന്നുണ്ട്.
സിനിമയെപ്പറ്റി ‘ഗോൾഡൻഗ്ലോബ്സ്’ കിട്ടുന്നതുവരെ അത്ര ശ്രദ്ധിച്ചിരുന്നില്ല.
അടുത്ത ദിവസത്തെ പത്രവാർത്തകളിൽനിന്ന് അറിയാൻ കഴിഞ്ഞത്,പതിവ്പോലെത്തന്നെ പാശ്ചാത്യർക്ക് ഇഷ്ട്ടപ്പെടുന്ന ചേരുവകൾ തന്നെയാൺ ഈ സിനിമയിലും എന്നാൺ.ഈപ്രാവശ്യം മുബൈയുടെ അണ്ടർബെല്ലിയാണെന്ന് മാത്രം.
ഇൻഡ്യൻ-ഇംഗ്ലീഷ് എഴുത്തുകാരും മിയ്ക്കവാറുമൊക്കെ എഴുതുന്നത് പാശ്ചാത്യമാർക്കറ്റ് മനസ്സിൽക്കണ്ടുകൊണ്ടാൺ.
അഡിഗയുടെ ബുക്കർപ്രൈസ് വിന്നർ വായിയ്ക്കാൻ തുടങ്ങിയിട്ട് നിന്നുപോയത് അത് മനസ്സിൽക്കിടന്നതുകൊണ്ടാകണം.ഇൻഡ്യൻ റിയാലിറ്റീസ് അല്ലേയതിൽ എന്ന്ചോദിയ്ക്കുന്നവരുണ്ടാകും.
പക്ഷെ,വിദേശീയരെ ലക്ഷ്യമാക്കിയുള്ള മാദ്ധ്യമങ്ങളിൽ,വീണ്ടുംവീണ്ടും എന്തുകൊണ്ട് ഇൻഡ്യൻ ജീവിതത്തിന്റെ ഒരുവശം മാത്രം എടുത്തു കാണിയ്ക്കപ്പെടുന്നു?
അവിടെയാൺ ഹരി ചൂണ്ടിക്കാണിക്കുന്ന വരികൾക്കിടയിലെ അഴുക്ക് തെളിഞ്ഞുവരുന്നത്.”
വെള്ളെഴുത്ത്,
ReplyDeleteഒരു സിനിമ, അതില്‍ എന്തൊക്കെ മസാലകള്‍ ഉണ്ടായിരുന്നാലും ശരി, എന്തു ത്രില്ലര്‍ ആയി എടുത്താലും ശരി, തെറ്റായ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആണെങ്കില്‍ എനിക്കു വല്ലാതെ ബോറടിക്കും. നേരെ മറിച്ച് നല്ല ഉള്‍ക്കാഴ്ചയുള്ള സിനിമകള്‍ ഇത്തിരി " ലെസ് സിനിമാറ്റിക് " ആയി എടുത്തതാണെങ്കിലും നന്നായി ആസ്വദിക്കാനും കഴിയും... ഇറ്റ്സ് ഓള്‍ എബൗട് കണ്ടന്റ്.
എഗൈന്‍ അതല്ലാതെ നോക്കിയാല്‍ പോലും ഈ സിനിമ കണ്ടീട്ട് എനിക്ക് ത്രില്‍ ഒന്നും വന്നില്ല. മറ്റൊരു മസാല ബോളിവുഡ് ചിത്രം. അങ്ങനെയേ തോന്നിയുള്ളൂ. അതു കൊണ്ടാണ് ഒരു പക്ഷേ എന്റെ സിനിമാസ്വാദനം ഇത്തിരി ഓള്‍ഡ് ആയോ എന്നു സംശയം പ്രകടിപ്പിച്ചതും.
ഭൂമിപുത്രി മുകളില്‍ തന്ന ലിങ്കില്‍ എന്റെ റിവ്യൂ( കുറേ മുന്‍പേ എഴുതിയത്) ഉണ്ട്. സമയം അനുവദിക്കുമ്പോള്‍ വായിക്കുക. അത് എഴുതുമ്പോള്‍ ഈ സിനിമ ഇത്ര സീരിയസ് ആയ ഒരു ചര്‍ച്ചക്ക് വഴി വെക്കും എന്ന് കരുതിയേ ഇല്ല. അതു കൊണ്ട് പോസ്റ്റ് ഒരു തമാശമട്ടില്‍ ആണ് എഴുതിയിരിക്കുന്നത്.
ലിങ്ക് ഇവിടെ പങ്കു വെച്ചതിന് ഭൂമിപുത്രിയോട് നന്ദി പറയട്ടെ.
സത്യത്തില്‍ എനിയ്ക്കും അത് തോന്നാതില്ല.തെരുവില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടത് അവരുടെ കുറ്റമല്ലല്ലോ?.
ReplyDeleteഒരു പക്ഷെ പ്രാസം ഒപ്പിച്ച് ഇട്ടതായിരിക്കാം. എന്തായാലും ശെരിയായില്ല.
വെള്ളെഴുത്ത്, റിവ്യൂ നന്നായിരിക്കുന്നു... നല്ല ചിത്രവും...
ReplyDeleteസ്ലംഡോഗ് എന്ന പേരു കീറി മുറിക്കേണ്ടതില്ല എന്ന് തോന്നുന്നു... കഥക്ക് അനുയോജ്യമായ രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ ചേരി കാണിക്കാതെ പടം എടുക്കാനും കഴിയില്ലല്ലോ. പക്ഷെ മുംബൈ ജീവിതത്തെ അല്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തെ തരം താഴ്ത്തി ചിത്രീകരിക്കുന്നു എന്ന് കടന്നു ചിന്തിക്കപ്പെടുന്നത് ഒരു വിദേശി എടുത്ത് കൊണ്ടല്ലേ? ഒരു ഇന്ത്യന്‍ സംവിധായകന്‍ ഇതേ പടം ചെയ്യുകയാണെങ്കില്‍ അയാള്‍ക്കും ഈ പറഞ്ഞത് എല്ലാം ഉള്‍ക്കൊള്ളിക്കേണ്ടി വരും എന്ന് തോന്നുന്നു.... ചേരികള്‍ മാത്രം ചിത്രീകരിച്ചത് കൊണ്ട് ചേരികളെ ഉള്ളൂ എന്ന് സംവിധായകന്‍ ഉദ്ദേശിച്ചു എന്ന് പറയാന്‍ ഒക്കില്ല... നായകന്‍ ചേരിയില്‍ ജീവിക്കുന്ന കഥാപാത്രം ആവുമ്പോള്‍ ഇത്തരത്തിലുള്ള ചിത്രീകരണം സ്വാഭാവികം... കൂടാതെ നായകന്‍റെ ബാല്യകാലം മാത്രമാണ് ചേരികളില്‍ കാണിക്കുന്നത് എന്നാണു ഓര്‍മ, ഇന്നതെല്ലാം മാറി പുതിയൊരു ലോകം ആയി എന്ന് പറയുന്ന ഒരു സീന്‍ വരെ ഉണ്ട്... അങ്ങനെ നോക്കുമ്പോള്‍ ഒരു അവഹേളനത്തിനു ഇടമില്ല.. പിന്നെ ഇല്ലാത്ത ചേരികള്‍ ഉണ്ടാക്കി ചിത്രീകരിച്ചതും അല്ലല്ലോ, അത് അംഗീകരിക്കേണ്ടതും നമ്മളല്ലേ...
ഡാനി ബോയല്‍ ചിത്രത്തില്‍ ഒന്നും കുത്തിവെച്ചിട്ടില്ല എന്ന അഭിപ്രായവും ഇല്ല... തന്‍റെ നാട്ടുകാരെ സുഖിപ്പിക്കാനായുള്ള സീനുകളും ചിലപ്പോള്‍ സത്യങ്ങള്‍ ആയിരിക്കും... ഇന്ത്യന്‍ സമൂഹത്തെ അവഹേളിച്ചു എന്നതില്‍ എതിരഭിപ്രായം ഉണ്ടെന്നു മാത്രം... എങ്കിലും ഓസ്കാറിനു പോകാന്‍ മാത്രമുള്ള ഒരു "ഇതു" ഈ ചിത്രത്തില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല...
സ്ലം ഡോഗ് എന്ന പേര് അനുയോജ്യമാണ്.
ReplyDeleteപട്ടികളുറ്റെ ലൈഫല്ലേ ചില പാവങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്? കുടിക്കാന്‍ വെള്ളമുണ്ടോ? മലവിസര്‍ജ്ജനത്തിന് സ്ഥലമുണ്ടോ? ഉറങ്ങാന്‍ സ്ഥലമുണ്ടോ? ഉടുക്കാന്‍ തുണിയുണ്ടോ? മലവും അഴുക്കും, പീഢനവും ഏറ്റുവാങ്ങി....ഹൊറിബിള്‍ ലൈഫ് അല്ലേ? പാശ്ചാത്യരാജ്യങ്ങളില്‍ പട്ടികള്‍ ഇതിലും പല പടി മുകളീലാണ് ജീവിക്കുന്നത്. ഡോഗ് മില്യണയര്‍ എന്നു പറഞ്ഞാല്‍ തെറ്റിദ്ധരിക്കും എന്നതു കൊണ്ടാകാം സ്ലം ഡോഗ് എന്നു തന്നെയാക്കിയത്.
അത് നമ്മുടെ വിധിയാണ്. ബോംബേയിലെ നിയോണ്‍ ലൈറ്റിലും, മറൈന്‍ഡ്രവിന്റെ കുളിരിലും കാണുന്ന ബോംബെയല്ല ബോംബേ എന്നറിയുമ്പോഴുണ്ടാവുന്ന ചളിപ്പാണ്. പ്രിയദര്‍ശന്‍ സാബുസിറിള്‍ കെട്ടിപ്പൊക്കിയ സെറ്റില്‍ മര്‍ജാനി മര്‍ജാനി ആട്ടും കൂത്തും നടത്തുന്നതുമല്ല, ബോംബേയും ഇന്ത്യയും എന്നറീയുമ്പോഴുണ്ണ ഒരു ചമ്മല്‍.
സിറ്റി ഓഫ് ഗോഡ്സ്...ഹൈലി ഓവര്‍ റേറ്റഡ് ആണെന്ന് തോന്നുന്നു. എന്തു തേങ്ങേണ് ആ പടത്തില്‍? ആ പടം പോലെയാണെങ്കില്‍ ക്യൂര്യോസിറ്റി വാല്യു അല്ലാതെ ഒന്നും ഇല്ല ഇതിലും.
ബൊരാറ്റില്‍ പ്രാങ്ക് അല്ലാതെ വേറെ എന്തെങ്കിലും ഉള്ളതായി തോന്നിയില്ല....പല സീനുകളും മറന്നു പോയി. ഒരു ഡിസ്‌ഗസ്റ്റിംഗ് മൂവി ആയാണ് തോന്നിയത്. സൂരജേ ജാക്ക് ആസ്സ് കണ്ട് നോക്ക് ;-)
ഗാന്ധി മോശം പടമോ? ഒരിക്കലും തോന്നിയിട്ടില്ല. എത്ര പ്രാവശ്യം അത് കണ്ടു എന്നു തന്നെ തിട്ടമില്ല.
എന്റെ അഭിപ്രായങ്ങള്‍ മാത്രം
പറഞ്ഞു വന്നത്, ‘സ്ലം ഡോഗ്‘ എന്ന സിനിമ കൊള്ളാവുന്നതായി തീരുന്നത്, അത് പ്രത്യക്ഷത്തില്‍ അവതരിപ്പിക്കുന്ന കാഴ്ചകളുടെ പൊരുത്തക്കേടുകള്‍ക്കുള്ളില്‍ സമൂഹത്തിന്റെ അബോധവുമായി സംവദിക്കാന്‍ പ്രാപ്തിയുള്ള ചില കാലികയാഥാര്‍ത്ഥ്യങ്ങളെ സമര്‍ത്ഥമായി ഒളിപ്പിച്ചു വച്ചുകൊണ്ടാണ് എന്നാണ്. എന്നിട്ടും അതിന്റെ പിന്നിലൊരു ചിരിയുണ്ടെന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്.
ReplyDelete-------------ഇപ്പറഞ്ഞതിനോട് വളരെ യോജിക്കുന്നു, സിനിമ എന്ന നിലയില്‍ എനികതിഷ്ടപെടുകയും ചെയ്തു