January 19, 2009

ക്ലാസ് മുറിയില്‍



ലോറന്റ് കാന്ററ്റും ഫ്രാന്‍സ് ബെഗാദിയുവും കണ്ടുമുട്ടിയതുപോലെ ആകസ്മികമാണ് ‘ക്ലാസ് ’ എന്ന രണ്ടു മണിക്കൂര്‍ ചിത്രത്തിന്റെയും പിറവി. ‘ഹെഡിംഗ് സൌത്തിനു’ ശേഷം ക്ലാസ്മുറിയിലെ അനുഭവങ്ങളെ ആസ്പദമാക്കി ഒരു വ്യത്യസ്ത ചിത്രം ചെയ്യണം എന്ന് ആഗ്രഹിച്ചു നടക്കുന്നതിനിടയിലാണ് കാന്ററ്റ്, ഒരു റേഡിയോസ്റ്റേഷനില്‍ വച്ച് ബെഗാദിയുവിനെ കാണുന്നത്. ബൊഗാദിയു അധ്യാപകവൃത്തി വിട്ട് സിനിമാ നിരൂപണത്തിലേയ്ക്ക് തിരിഞ്ഞിരുന്നു അപ്പോഴേയ്ക്കും. പള്ളിക്കൂടാനുഭവങ്ങളുടെ പൂര്‍വാശ്രമത്തെ ‘ചുവരുകള്‍ക്കിടയില്‍’ (Entre les Murs) എന്ന നോവലായി എഴുതി പ്രസിദ്ധീകരിച്ചിട്ട് അധിക നാളായിരുന്നില്ല. അവിടെ നിന്നാണ് തുടക്കം. അഭിനയവുമായി യാതൊരു മുന്‍ പരിചയവുമില്ലാത്ത, ഫ്രാന്‍സ് ഡോള്‍ട്ടോ ജൂനിയര്‍ ഹൈസ്കൂളിലെ 24 കൌമാരപ്രായക്കാര്‍ അഭിനേതാക്കളായി, ബെഗാദിയു, ഭാഷാദ്ധ്യാപകനായ മി. മാരിനായി, അദ്ദേഹത്തിനുമില്ല, അഭിനയത്തില്‍ മുന്‍പരിചയം. ഒരു ക്ലാസ് മുറിയില്‍ മൂന്ന് എച്ച് ഡി ക്യാമറ വച്ചാണ് ചിത്രീകരണം. (നിയന്ത്രണം പിയറി മിലന്) തിരക്കഥയില്‍ ഒരു രസമുണ്ട്. അതു രചിച്ചിരിക്കുന്നത് മൂന്നു പേര്‍, ആദ്യത്തെയാള്‍ നോവലിസ്റ്റും നായകനുമായ ബൊഗാദിയു തന്നെ, രണ്ടാമത്തെയാള്‍ സംവിധായകന്‍ കാന്ററ്റ്, മൂന്നാമത്തെയാള്‍ എഡിറ്റര്‍ റോബിന്‍ കാമ്പിലോ. ഒന്നു കൂടി നോക്കിയാല്‍ കാര്യം മനസ്സിലാവും. അദ്ധ്യാപകനായിരുന്ന ബെഗാദിയുവും കുട്ടികളും അവര്‍ക്കു പരിചിതമായ ക്ലാസ് മുറിയില്‍ തികഞ്ഞ സ്വാഭാവികതയോടെ പെരുമാറുന്നു. സംവിധായകനും എഡിറ്ററും ചേര്‍ന്ന് അവയില്‍ തെരെഞ്ഞെടുപ്പുകളും കൂട്ടിക്കലര്‍ത്തലുകളും നിര്‍വഹിക്കുന്നു. അവസാനം അവ ഒരു തന്തുവില്‍ ചെന്നു മുട്ടുന്നു. 2008-ല്‍ കാനില്‍ ‘പാം ഡി ഓര്‍’ പുരസ്കാരം കരസ്ഥമാക്കിയ സിനിമ അങ്ങനെ ജനിച്ചതാണ്. സാമ്പ്രദായികരീതിയില്‍ ഒരു സ്ക്രീന്‍ സ്ക്രിപ്ട് ഇല്ലാതെ. ആത്യന്തികമായി സാഹിത്യത്തെ പ്രസവിക്കാതെ.

അതുകൊണ്ടായിരിക്കും, 2 മണിക്കൂറു നീളുന്ന (128 മിനിട്ട്) സിനിമ പതിമൂന്നാമത്തെ ഐ എഫ് എഫ് കെയില്‍ കൈയടിയൊന്നും നേടാതെ ഓരം പറ്റി കടന്നു പോയത്. പറഞ്ഞു ഫലിപ്പിക്കാന്‍ നിയതഘടനയുള്ള ഒരു കഥ ഇല്ലാത്തതുകൊണ്ട് ആധാരചിത്രങ്ങളുടെ തൊട്ടടുത്ത കൈവരിയിലാണ് സ്ഥാനം, ഓമനപേര് ഡോക്യുഫിക്ഷന്‍. അദ്ധ്യാപകന്‍ എന്ന സങ്കല്പത്തിന് സാധാരണ സിനിമകളിലുള്ള ധ്വനിമൂല്യം വലുതാണെന്ന് നമുക്കറിയാം. വിദ്യാര്‍ത്ഥി സമൂഹത്തെ (എന്നുവച്ചാല്‍ സമൂഹം തന്നെ) ഒന്നടങ്കം നന്മയിലേയ്ക്ക് നയിക്കാന്‍ ഉത്തരവാദിത്വപ്പെട്ട വീരനായകനോ സഹനമൂര്‍ത്തിയോ ആണ് അയാള്‍. സാമൂഹികപരിഷ്കരണത്തിന്റെ പ്രഭാതനക്ഷത്രം. ടു സാര്‍ വിത്ത് ലൌവ്, ക്ലാസ് 1987, (ഇത് പിന്നീട് പ്രിയദര്‍ശന്‍ ‘ചെപ്പ്’ എന്ന സിനിമയാക്കി) ഡെഡ് പൊയറ്റ്സ് സൊസൈറ്റി എന്നിവ ചില ഉദാഹരണങ്ങള്‍. അദ്ധ്യാപകന്റെ വീര പരിവേഷം തനിക്ക് ദഹിക്കുന്ന കാര്യമല്ലെന്ന് കാന്ററ്റ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ചിത്രങ്ങളെ പോലെ സ്കൂള്‍/കലാലയങ്ങളെ മൊത്തമായി ആഗിരണം ചെയ്യുകയോ മൊത്തം പരിവര്‍ത്തനം നടത്തി പുണ്യം തളിച്ച് ശുദ്ധമാക്കുകയോ ചെയ്യുന്നില്ല ‘ക്ലാസ്‘. അതൊരു അദ്ധ്യാപകന്റെ, ഒരു ക്ലാസിലെ മാത്രം അനുഭവമാണ് . ബഹുഭാഷാദേശീയസ്വത്വങ്ങള്‍ കുടിയേറി താമസമാക്കിയിട്ടുള്ള പാരീസിന്റെ മിനിയേച്ചര്‍ മാതൃകയാവാം ഇതിലെ ക്ലാസ്മുറി. പല വംശീയതകളുള്ള കുട്ടികള്‍ക്കിടയില്‍ പലപ്പോഴും നിസ്സഹായനാണ് ബൊഗാദിയുവിന്റെ മാരിന്‍. പാഠം വായിക്കാനാവില്ലെന്ന് ധിക്കാരം പറഞ്ഞ പെണ്‍കുട്ടിയെ മാപ്പു പറയിക്കാനുള്ള അദ്ധ്യാപകന്റെ ശ്രമം പാളുന്നതു തന്നെ ഒരു ഉദാഹരണം.അവള്‍ (റേച്ചല്‍) ക്ലാസു വിട്ടു പോകുന്ന വഴി കുറച്ചുറക്കെ തന്നെ പറയുന്നുണ്ട്, താന്‍ പറഞ്ഞ ക്ഷമാപണം മനസ്സില്‍ കൊണ്ടു പറഞ്ഞതൊന്നുമല്ലെന്ന്, പിന്നെ കുട്ടികളുടെ കൂട്ടച്ചിരിയാണ്. വ്യാകരണ വാക്യങ്ങളുടെ തുടക്കത്തില്‍ ഓര്‍ക്കാതെ എഴുതി പോകാറുള്ള പതിവു നാമങ്ങളെ കുട്ടികള്‍ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരുത്തുന്നതു കാണാം ഒരു സീനില്‍. വെളുത്തു വരേണ്യനായ ‘ബില്‍’ ആണ്, അദ്ധ്യാപകന്റെ സ്ഥിരം ഉദാഹരണ നാമം. (നമ്മുടെ വ്യാകരണവാക്യങ്ങളിലെ ‘രാമന്‍’ പോലെ) വെള്ളക്കാരന്മാരുടെ പേരിനു പകരം ഫാതും എന്നോ റാഷിദ് എന്നോ അഹമ്മദ് എന്നോ എന്തുകൊണ്ട് എഴുതുന്നില്ല എന്നാണ് കുട്ടികളുടെ ചോദ്യം. അതിനു അദ്ധ്യാപകന്റെ മറുപടി ‘ബില്‍’ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പേരാണ് എന്നതാണ്. അതുകൊണ്ടതു നല്ല പേരാണ്. ‘ഐസറ്റ’ എന്ന പേരാണ് ‘ബില്ലി’നു പകരമായി കുട്ടികളുടെ ഭാഗത്തു നിന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്.

ക്ലാസ് മുറി വംശീയതകളുടെ സംഘര്‍ഷഭൂമികയാവുന്നതിന്റെ ചെറിയ ഉദാഹരണമാണ് എടുത്തെഴുതിയത്. ‘ആനിഫ്രാങ്കിന്റെ ഡയറി’ പഠിക്കുന്നതിനിടയില്‍ കുട്ടികളെക്കൊണ്ട് മി. മാരിന്‍ എഴുതിക്കുന്ന സ്വന്തം ചിത്രങ്ങളിലൂടെ സ്വത്വപരമായ അംശങ്ങളെ വേറിട്ട് അവതരിപ്പിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അവ കൌമാരത്തിന്റെ ഉത്കണ്ഠകളാണെന്നു വായിക്കാം എങ്കിലും അവയുടെ വാചാലത, മൌനം, ഒതുക്കം, വഴക്കമില്ലായ്മ, വൈകാരികത എല്ലാം വ്യക്തിപരമായ സവിശേഷതകള്‍ക്കുപരി പ്രവാസത്തിന്റെയും വംശീയതയുടെ നോവുകളെ ഉള്ളടക്കുന്നുണ്ട്. ‘വെയ്’ എന്ന മിടുക്കനായ ചൈനീസ് വിദ്യാര്‍ത്ഥിയുടെ അന്തര്‍മുഖത്വത്തിന് (അത് തനിക്ക് ഫ്രെഞ്ച് ശരിയായി ഉച്ചരിക്കാന്‍ കഴിയാത്തതിനാലാണ് എന്ന് അവന്‍ സ്വയം വിശദമാക്കുന്നുണ്ട്) മറ്റൊരു അടിസ്ഥാനം കൂടിയുണ്ടെന്നു നാം മനസ്സിലാക്കുന്നത്, നിയമവിധേയമല്ലാതെ പാരീസില്‍ തങ്ങുന്ന ചൈനാക്കാരെ പുറത്താക്കുന്നതിനെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തിലൂടെയാണ്. ‘വെയിനും’ അധികം താമസിക്കാതെ രാജ്യം വിട്ടുപോകേണ്ടി വരും എന്ന കാര്യം അദ്ധ്യാപകര്‍ സംഭാഷണത്തിനിടയില്‍ പങ്കു വയ്ക്കുന്നുണ്ട്. റേച്ചല്‍ എന്ന കറുത്ത വര്‍ഗക്കാരി കുട്ടി മൌനത്തിലൂടെയാണ് പ്രതികരിക്കുന്നത്. അവളുടെ നിശ്ശബ്ദത, വാക്കുകള്‍ വച്ച് ഒഴിഞ്ഞ താളുകള്‍ക്ക് മുകളില്‍ പരക്കുന്നതു കാണാം. കാരണമറിയാതെ ശിക്ഷിക്കപ്പെടുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന (ഇവള്‍ക്കാണ് വായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞതിന്റെ പേരില്‍ നിര്‍ബന്ധിതമായി മാപ്പു പറയേണ്ടി വരുന്നത്) വര്‍ഗത്തിന്റെ നിരാലംബമായ ഉത്കണ്ഠകളാണ് രേഖപ്പെടുത്താത്ത അവളുടെ സെല്‍ഫ് പോട്രയിറ്റ്. സ്വന്തം ടേബിളുകളില്‍ പേരെഴുതി പ്രദര്‍ശിപ്പിക്കാനുള്ള അദ്ധ്യാപകന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചു കൊണ്ട് എസ്മരാള്‍ഡ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ പ്രകടമാക്കുന്നത് സ്വത്വബോധമാണ്. തങ്ങള്‍ ആരാണെന്ന് നന്നായി അദ്ധ്യാപകന് അറിയാമെന്നിരിക്കേ വീണ്ടും എന്തിനാണ് പേരുകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ചോദ്യം, നിരന്തരം തങ്ങള്‍ ആരാണെന്നും തങ്ങളുടെ കൂറെന്താണെന്നും വ്യക്തമാക്കിക്കൊണ്ടിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജനതകളുടെ കൂട്ടങ്ങള്‍ക്കു മുന്നില്‍ കുഞ്ഞുകളിയല്ല, തീര്‍ച്ച.

സിനിമയിലെ കാതലായ പ്രശ്നം, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ അപമാനിക്കും മട്ടില്‍ പദപ്രയോഗം നടത്തിയെന്ന ആരോപണമാണ്. സുലൈമാന്‍ എന്ന വഴങ്ങാത്ത പ്രകൃതക്കാരന്‍ കുട്ടിയെ ക്ലാസില്‍ തുടരാന്‍ അനുവദിക്കണോ എന്ന അദ്ധ്യാപകയോഗത്തിലെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിപ്രതിനിധികളായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ ക്ലാസിലെത്തിച്ച വിവരം സ്വന്തം അദ്ധ്യാപകന്‍ സുലൈമാനു വേണ്ടി വേണ്ടരീതിയില്‍ വാദിച്ചില്ല എന്നതാണ്. സ്വാഭാവികമായും കുട്ടികള്‍ കര്‍ശനമായി അദ്ധ്യാപകനെ വിചാരണ ചെയ്തു. പ്രതിനിധികളായി വന്നവര്‍ കാര്യത്തിനു വേണ്ടത്ര ഗൌരവം കൊടുക്കാതെ ചിരിച്ചും കളിച്ചും ‘വേശ്യകളെപ്പോലെ’ കുഴഞ്ഞാടുകയായിരുന്നു എന്നാണ് കുറ്റപ്പെടുത്തല്‍ കേട്ട് ദേഷ്യം വന്ന മാരിന്‍ പറഞ്ഞു പോയത്. (അയാള്‍ ചില പരിഷ്കാരങ്ങള്‍ക്കൊക്കെ ശ്രമിച്ച ജനാധിപത്യവാദിയാണ്) തന്റെ വാദങ്ങള്‍ അവര്‍ കേള്‍ക്കാതെ പോയതാണ് എന്ന് അയാള്‍ക്കറിയാം. പക്ഷേ ‘വേശ്യകള്‍’ എന്ന വാക്ക് കാര്യങ്ങളെ കുഴച്ചു മറിച്ചു. പരാതി അദ്ധ്യാപകനെതിരെയായി. രൂക്ഷമായ പ്രതിഷേധം. പിന്നെ അന്വേഷണം. പുറത്താക്കപ്പെടേണ്ട കുട്ടിയെക്കുറിച്ചുള്ള ആലോചന ഒരു നിര്‍ണ്ണായക നിമിഷത്തില്‍ ചെന്നെത്തുന്നത് ശാസകന്‍, ശിക്ഷിക്കപ്പെടേണ്ടവനാകുന്ന പരിണതിയിലാണ്. കുറ്റവും കുറ്റവാളിയും പുതിയ വിചാരണകളിലൂടെ പുനര്‍ നിര്‍വചിക്കേണ്ടി വരുന്ന അവസ്ഥ. കുട്ടികളെ നന്നാക്കുന്ന അദ്ധ്യാപകന്‍ എന്ന പതിവുരീതി കയറുപൊട്ടിക്കുകയും അദ്ധ്യാപകനെ തിരുത്തുന്ന കുട്ടികള്‍ എന്ന യാഥാര്‍ഥ്യം സ്ഥാപിതമാവുകയും ചെയ്യുന്നതാണ് ‘ക്ലാസി’ലെ കാഴ്ച. സിനിമ അവസാനിക്കുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണെന്നത് ആകസ്മികമല്ല. സ്ഥിരം റിബലായ എസ്മരാള്‍ഡ, ചേച്ചിയുടെ കൈയില്‍ നിന്നും വാങ്ങി ആ പുസ്തകം വായിച്ചിട്ടുണ്ട്. അതിലെ പ്രമേയം എന്താണെന്ന് അവള്‍ അവള്‍ക്ക് മാത്രം പറ്റുന്ന രീതിയില്‍ അതിലെ സംവാദങ്ങളെ വിവരിക്കുന്നുണ്ട്.. “എല്ലാവരും കേറി ചാമ്പുന്ന ഒരു പുസ്തകം !” അദ്ധ്യാപകന്‍ അവളെ മുന്‍പൊരിക്കല്‍ വിശേഷിപ്പിച്ച പരാമര്‍ശം ഓര്‍ത്ത് ചിരിച്ചു കൊണ്ടവള്‍ കൂട്ടിച്ചേര്‍ക്കുന്നു, “വേശ്യയെപ്പോലെ.”

ഒരു ക്ലാസ് മുറിയും അതിലെ ഫ്രെഞ്ചു ക്ലാസും വിട്ട് അധികമൊന്നും പുറത്തു പോകാത്ത ക്യാമറകള്‍ വച്ച് ‘ക്ലാസ്’ പറയുന്നത് ഒരു അക്കാഡെമിക് വര്‍ഷത്തെ കഥയാണ്. ഒരര്‍ത്ഥത്തില്‍ കൌമാരത്തിന്റെ ഒരു വര്‍ഷത്തെ വളര്‍ച്ചയുടെ കഥ. കുട്ടികളുടെ വളര്‍ച്ചയെ മറ്റൊരു തരത്തില്‍ സംവിധായകന്‍ അറ്റയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. ശാരീരികമായ ആധികളെക്കുറിച്ചുള്ള പരാമര്‍ശം സിനിമയില്‍ ധാരാളമുണ്ട്. റേച്ചലിന്റെ ഒരു ആര്‍ത്തവസംബന്ധിയായ വിഷാദാത്കത, ലൂസിയ്ക്ക് തന്റെ കാതുകള്‍ പുറത്തു കാണിക്കാന്‍ പറ്റാത്ത രീതിയില്‍ വലുതായിപ്പോയത്. അദ്ധ്യാപകന്‍ ഗേയാണോ എന്ന് ഗൂഢമായ ലജ്ജയൊടെ ഒരാള്‍ ചോദിക്കുന്നുണ്ട്. സഹപാഠിനിയുടെ ദേഹത്തു തട്ടി മറിഞ്ഞു വീഴുന്ന കൂട്ടുകാരനെ, കാള്‍, ‘ശിശുകാമി’ (paedofile) എന്നാണ് വിളിക്കുന്നത്. അവളുടെ മുലയില്‍ അവന്‍ തൊട്ടു എന്നുള്ളതുകൊണ്ട്. അവനപ്പോള്‍ കുട്ടിയല്ല! മുതിര്‍ന്ന ലോകത്തിന്റെ അറിവുകള്‍ മലിനമാക്കുന്ന കുപ്പകള്‍ കുട്ടികളില്‍ നിറഞ്ഞു തുടങ്ങുന്ന ഒരു രീതിയാണത്. അദ്ധ്യാപകന്റെ ‘വേശ്യ’ വിശേഷണത്തെ കുട്ടികള്‍ പരിഗണിച്ച രീതിയെയും ഇതേ ദിശയില്‍ കൂടി പോയി വേണം വിലയിരുത്തേണ്ടത്.എങ്കിലും ആ സാന്ദര്‍ഭിക പരാമര്‍ശത്തോടുള്ള അതിതീവ്രമായ വൈകാരിക പ്രതികരണത്തില്‍ നിന്ന് ഒരു വാക്ക് തമാശയുടെ സമചിത്തതയിലേയ്ക്ക് പരിണമിക്കുന്ന ഒരു ഭാഗത്തു വന്ന് സിനിമ തീരുന്നു. ‘നാലു ചുവരുകള്‍ക്കുള്ളില്‍’ (അതാണ് സിനിമയുടെയും ഫ്രെഞ്ച് പേര്) അനുഭവപ്പെടുത്തുന്ന വീര്‍പ്പുമുട്ടലുകള്‍ക്ക് പല ദിശയിലേയ്ക്ക് പറക്കാന്‍ കെല്‍പ്പുള്ള ചിറകുകളുണ്ട്. ആശയവിനിമയകാഠിന്യങ്ങളിലേയ്ക്കോ ദേശീയ-ഉപദേശീയസംഘര്‍ഷങ്ങളുടെ മിനിയേച്ചര്‍പ്പതിപ്പുകളിലേയ്ക്കോ അധികാരക്രമത്തിന്റെ കുഴമറിച്ചിലുകളിലേയ്ക്കോ മാത്രമായി അവയെ ഇറക്കിക്കെട്ടിയിടേണ്ടതില്ലെന്നു തോന്നുന്നു. ഒരു വച്ചുകെട്ടും കൂടാതെ ‘ക്ലാസിനു’ ഒരു ക്ലാസ്മുറി അനുഭവമായിട്ടും പഠനാനുഭവമായിട്ടും നിലനില്‍ക്കാനാവും എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

13 comments:

  1. ചത്ത കവികളുടെ സൊസൈറ്റിയല്ലേ, ക്ലബ് അല്ലല്ലോ?
    ഈ പടം കണ്ടിട്ടാണത്രെ ഫാസില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എടുത്തത്. ആന - പിണ്ടം, അണ്ണാന്‍-പിടുക്ക് കഥയിലെപ്പോലെ.

    ReplyDelete
  2. ഫെസ്റ്റിവലിനെക്കുറിച്ച് എഴുതിയവരെല്ലാം, മുഖ്യധാരാമാധ്യമങ്ങളിൽ എഴുതിയവർ പോലും- ഈ ചിത്രത്തെ അവഗണിച്ചുകളഞ്ഞത് എന്തെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു.

    ഏതാ‍യാലും വെള്ളെഴുത്ത് എഴുതിയല്ലോ.

    ReplyDelete
  3. സിനിമ കണ്ടതുപോലെ.. നന്ദി.
    എല്ലാ സിനിമയും കണ്ടോ?
    (ഞാനല്ല, അസൂയ അറിയാതെ ചോദിച്ചതാണു)

    ReplyDelete
  4. പാം ഡി ഓര്‍ എന്നല്ലേ കാനിലെ പുരസ്കാരത്തിനു പേര്?

    ReplyDelete
  5. ഈ സിനിമയെപ്പറ്റി കേട്ടെങ്കിലും കൃത്യമായ അറിവുകളുണ്ടായിരുന്നില്ല.അവ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  6. ക്ലബിനെ ‘സൊസൈറ്റിയാക്കി. അഭിമാനത്തെ ‘സ്വര്‍ണ്ണവും’. അയല്‍ക്കാരാ, ഗോപീ, പ്രത്യേക നന്ദി.

    ReplyDelete
  7. നല്ല പോസ്റ്റ്‌ വെള്ളെഴുത്തേ
    ഞാൻ ഈ പോസ്റ്റ്‌ വായിച്ചപ്പോൾ, എന്തു കൊണ്ടോ ബെർഗ്‌ മാനെ ഓർത്തു പോയി...അങ്ങേരുടെ 'ദി സൈ ലൻസ്‌', ക്രൈസ്‌ & വിസ്പേർസ്‌' മുതലായ കിടിലൻ സിനിമകൾ...അങ്ങേരെപ്പറ്റി ഒരു പോസ്റ്റ്‌ എഴുതിയാൽ ഉപകാരമായിരുന്നു....
    കിടിലൻ പോസ്റ്റ്‌....

    ReplyDelete
  8. ഇതു വയിച്ചപ്പോള്‍ സിനിമ കാണണം എന്നായി, വെള്ളെഴുത്തിന് നന്ദി, ഇത്തരം ഗൌരവമായി വിശദീകരിച്ചതിനു.

    ReplyDelete
  9. എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ് ഈ സിനിമ കാണുകയെന്നത്... ഈ സിനിമ കണ്ട എല്ലാവരോടും കടുത്ത അസൂയ തോന്നുന്നു.... :)

    ReplyDelete
  10. അലിയാന്‍ ഫ്രാന്‍സില്‍ അടുത്തദിവസം ഇതു പ്രദര്‍ശിപ്പിച്ചിരുന്നു..ടോറന്റ് ഉണ്ട്. ഡൌണ്‍ ലോഡ് ചെയ്യരുതോ?

    ReplyDelete
  11. ഒരിക്കല്‍ ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്തിരുന്നു. സിനിമയുടെ ആദ്യത്തെ പത്ത് മിനുട്ട് മാത്രം രണ്ട് മണിക്കൂര്‍ നേരം റിപ്പീറ്റ് ചെയ്യുന്ന ഒരു ഫയലാണ് ഡൗണ്‍ലോഡ് ആയത്.
    ശരിയാണ് Palm d'Or എന്നാണ് അവാര്‍ഡിന്റെ പേര്. ഉച്ചാരണത്തിന്റെ കാര്യത്തില്‍ കടുംപിടുത്തമുണ്ടെങ്കില്‍ പാം ദോര്‍ എന്നു വായിക്കാം. അതു പോലെ ലൊഹോന്‍ കാന്തെ, ഫ്രാന്‍സ്വാ ബെഗുദൂ എന്നും.

    ReplyDelete