November 22, 2008

വളവു തിരിഞ്ഞ് അപ്രത്യക്ഷമാവുന്ന കാറ്‌




പ്രവാസം എന്തൊരു വാസമാണെന്ന് ചിലരു ചോദിക്കും. ആരും പറഞ്ഞയച്ചതല്ലല്ലോ, വേണം എന്നു വച്ചു പോകുന്നതല്ലേ പിന്നെ പ്രവാസത്തിന്റെ അനുഭവങ്ങള്‍ എന്നൊക്കെ പറഞ്ഞ് നൊമ്പരപ്പെടുകയും വിതുമ്പുകയും ചെയ്യുന്നത് ഒരു തരം തട്ടിപ്പല്ലേ എന്ന്, ഗള്‍ഫില്‍ നിന്നു കൊണ്ടു വന്ന കുപ്പി തുറന്ന് സത്കാരം കൊള്ളുന്നതിനിടയില്‍ കൊള്ളാവുന്ന ഒരു കവി അയാള്‍ക്കു വേണ്ടി ഗ്ലാസു നിറയ്ക്കുന്ന ഗള്‍ഫുകാരനോട് ചോദിക്കുന്നതു കണ്ടിട്ടുണ്ട്. മൊത്തം ഇന്ത്യാക്കാര്‍ക്കായി മഞ്ഞണിഞ്ഞ മലമുകളില്‍ ഉറക്കമിളച്ചു കാവല്‍ നില്‍ക്കുന്ന അര്‍ദ്ധസൈനികന്റെ മഹത്വം എന്തായാലുമില്ല, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മന്ദഗതിയിലാക്കാതെ ഒരു വിധം ഉന്തിത്തള്ളിക്കൊണ്ടു പോകുന്ന ഗള്‍ഫു പണത്തിന്. ഗള്‍ഫുകാരന്മാരുടെ ( കാരികളുടെയും) വിയര്‍പ്പിനെന്താ പ്രത്യേക പദവിയെന്നാണ് കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് മാതൃഭൂമിയിലെ തന്റെ സാമ്പത്തികകാര്യലേഖനത്തില്‍ ചോദിച്ചത്. അതിനു മാത്രമെന്താ ടാക്സില്ലാത്തത്?

വീടു വിട്ട പിഴച്ച സന്തതിയുടെ വികസിതമായ രൂപകമാണെന്നു തോന്നുന്നു കോമാളി. ഇരുത്തം വന്ന ഒരാളായിട്ടല്ല പൊതു സമൂഹം ദേശാന്തരഗാമിയെ കാണുന്നത്. അയാള്‍ മറ്റൊരു ജനുസ്സുമാണ്. തിരിച്ചു വരുന്നത് അയാളൊരിക്കല്‍ വിട്ടുപോയ കാലത്തിലേയ്ക്കാണ്, അപ്പോഴേക്കും സ്ഥലകാലങ്ങള്‍ ഒരു പാട് മാറിയെന്ന സത്യം പ്രവാസിയുടെ അബോധമനസ്സ് ഉള്‍ക്കൊള്ളാതിരിക്കും. കാലം തെറ്റിയ അഭിലാഷങ്ങള്‍ക്ക് നിറം പകരാനുള്ള ആഗ്രഹമാണ് പലപ്പോഴും അയാളുടെ തരളസ്മൃതികള്‍. എന്നോ ഒരിക്കല്‍ തിരിച്ചു വന്ന്, പാടേ മാറിപ്പോയ പഴയ പറമ്പില്‍ പൊട്ടിയ സ്വന്തം വേരുകളുടെ ഇണയറ്റങ്ങളെ തിരയുന്ന ഉന്മാദിയുടെ ഏകാകിതയുണ്ട് ആ ചേഷ്ടകളില്‍. അപ്പോള്‍ പ്രവാസമെന്നത് വെറുമൊരു തോന്നലല്ല. അതുണ്ട്. ഉള്ളില്‍, ഉള്ളിന്റെയുള്ളില്‍ മറ്റെന്തൊക്കെയോ ആയി കെട്ടു പിണഞ്ഞ്.

ഒരു പ്രവാസി, കൂട്ടിയിണക്കാന്‍ പറ്റാത്ത വാസനകളെ കരുണയില്ലാതെ പിന്‍ പറ്റുന്ന ഒരു പരദേശി എല്ലാവരിലുമുണ്ട്. നാട്ടിന്‍ പുറത്തെ വീട്ടിലേയ്ക്ക്, കൃഷിപ്പാടത്തിലേയ്ക്ക്, നന്മയുടെ നിറകുടം കൂടിയായ പഴയ തലമുറയിലേയ്ക്ക് നഗരത്തിരക്കുകളില്‍ നിന്ന് തിരിച്ചെത്താന്‍ വെമ്പുന്നത് അയാളാണ്. ചക്കമുളഞ്ഞുപോലെ ഒട്ടിപ്പിടിക്കുന്നത് എന്നൊരു വിശേഷണമുണ്ട്, ‘പരോളില്‍’ ഗള്‍ഫു വാസത്തിന്. എത്ര കുടഞ്ഞെറിഞ്ഞാലും പിന്നെയും പിന്നെയും പോകാതെ തന്നിലവശേഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ടതിന്. എവിടെയ്ക്കോ പുറപ്പെട്ടു പോകാനുള്ള ത്വര. എന്തില്‍ നിന്നു വിട്ട് എന്തിലേയ്ക്ക് ഓടാനാണിങ്ങനെ ത്രസിക്കുന്നത്? എന്റെ മുന്നില്‍ ‘പരോളിന്റെ’ തിരക്കഥയുണ്ട്. എന്നോ തുടങ്ങിയ മലയാളിയുടെ ദേശാന്തരഗമനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, അവിരാമമായി. പരോളിന് രംഗപാഠം ചമയ്ക്കാന്‍ മണല്‍ക്കാടുകളില്‍ നിന്ന് തന്നെ കുറച്ചുപേര്‍ കരുതലും കരുണയുമായി പുറപ്പെട്ടു വരുമ്പോള്‍ അതില്‍ ഏകാന്തതയുടെ നീലിച്ച ഞരമ്പുകള്‍ മീട്ടുന്ന വിഷാദം നിറഞ്ഞ ഗാനം ആധാരശ്രുതിയായി ഉണ്ട്. പ്രവാസം നാലാം തലമുറയിലേയ്ക്ക് തിരിനീട്ടുകയാണ്. കടപൊട്ടുന്ന വേരുകളുടെ ശബ്ദം ഇപ്പോള്‍ അതീവ സൌമ്യമായിരിക്കുന്നു. അവ കുഞ്ഞുവേരുകളാണ്. നമുക്കിപ്പോള്‍ നൊസ്റ്റാള്‍ജിയെന്നു വിളിച്ചു ആധിപിടിക്കാന്‍ ഒരു തലമുറ ജന്മം കൊണ്ട് വളരുകയാണ്. അവരുടെ ലോകം എന്തോ ആകട്ടേ, അവര്‍ക്കില്ലാതെ പോകുന്നത് എന്ന ഉത്കണ്ഠയെയും പ്രവാസിതയുടെ നാള്‍ വഴികളില്‍ എഴുതി വയ്ക്കേണ്ടതില്ലേ എന്ന് ‘പരോള്‍’ ചോദിക്കുന്നതായി തോന്നുന്നു. തിരിച്ചു വരവിനെ അനുവദിച്ചു കിട്ടിയ സൌജന്യമായി, പരോളായി കുറിച്ചു വയ്ക്കുന്നതില്‍ ചെന്നുവീണേടം കാരാഗൃഹമാണെന്ന അതിഭാവുകത്വtത്തിന്റെ വാസ്തവമെന്തെന്ന് സ്വയം ചോദിക്കാം. നമ്മുടെ തിരിച്ചു വരവുകളെല്ലാം മുത്തശ്ശിയുടെ മടിയിലേയ്ക്കും പച്ചച്ച പ്രകൃതിയിലേയ്ക്കും ഗൃഹോപജീവികളുടെ മുഖരപ്പുകളിലേയ്ക്കും കരമുണ്ടുടുത്ത നന്മയിലേയ്ക്കും മാത്രമാവുമോ എപ്പോഴും എന്നും. കല്പനകളേക്കാള്‍ ഉന്നതിയിലാണ് ജീവിതാനുഭവങ്ങളുടെ കെടുകാറ്റുകള്‍. എങ്കിലും ‘പരോള്‍’ മുന്നില്‍ വയ്ക്കുന്ന വാസ്തവം മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരു ‘പുറപ്പെട്ടു പോകലും‘ ഒരു ‘തിരിച്ചു വരവു’മാണ്. ഇതിനിടയ്ക്ക് ഏതു ദേശമാണ് ‘സ്വദേശം’?

മണികണ്ഠന്റെ ‘പരോള്‍’ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ടെലിഫിലിം ആവുകയാണ്. നവംബര്‍ 25 മുതല്‍ 28 വരെയുള്ള തിയതികളില്‍ പട്ടമ്പിയിലെ ചാത്തനൂരില്‍ വച്ച് ഷൂട്ടിംഗ് നടക്കും. മനുഷ്യമനസ്സിനുള്ളിലെ ആടിയുലയുന്ന മണല്‍ക്കാടുകള്‍ ‘അതിശയലോക’ത്തില്‍ പകര്‍ത്തിയിട്ട സനാതനന്റെ സംവിധാനത്തില്‍. ഛായാഗ്രഹണം പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ്. കലാസംവിധാനം ഡിസ്നി വേണു. കുമാറിന്റെ മകള്‍ കല്ലു എന്ന കല്യാണിയാണ് മുഖ്യവേഷത്തില്‍. കരമന സുധീര്‍,സന്ധ്യ രമേഷ്, വിജയന്‍ ചാത്തന്നൂര്‍, വത്സല ബാലഗോപാല്‍,വിപ്ലവം ബാലന്‍, ര്‍ജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവര്‍ക്കൊപ്പം. ബാനര്‍, കാഴ്ച ചലച്ചിത്രവേദി.

ഡിസംബര്‍ ആദ്യവാരം തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ആദ്യപ്രദര്‍ശനം നടക്കും.

2 comments:

  1. പരോള്‍! നല്ല പേര്.
    ശരിക്കും പരോള്‍ തന്നെ!
    വിവരം അറിയിച്ച വെള്ളെഴുത്തിനു നന്ദി.
    പരോളിന്റെ മുന്നണി, പിന്നണി പ്രവര്ത്തകര്‍ക്കെല്ലാം വിജയാശംസകള്‍ നേരുന്നു!

    ReplyDelete
  2. അറിഞ്ഞിരുന്നു താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനവും പരിചയപ്പെടുത്തലും വളരെ അത്യാവശ്യം തന്നെ

    ReplyDelete