November 16, 2008

മലയാളത്തിന്റെ പുതിയ കീറക്കുപ്പായം




“മലയാളം ഭാഷ എന്ന നിലയില്‍ നൂറു വര്‍ഷം കൂടി ജീവിച്ചേക്കും. ക്രമേണ ഇതൊരു സംസാരഭാഷമാത്രമായി ചുരുങ്ങും. അടുത്ത ഘട്ടത്തില്‍ മൃതഭാഷയാകും.”
- ഡോ. റോഡ്‌നി മോഗ്,
ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ മലയാളവും ഹിന്ദിയും പഠിപ്പിച്ചിരുന്ന അന്ധനായ പ്രൊഫസര്‍.



ക്ലാസിക്കല്‍ ഭാഷാനിര്‍ണ്ണയത്തിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിച്ച മാനദണ്ഡം കൊച്ചുകുട്ടിയ്ക്കു പോലും മനസ്സിലാവുന്ന തരത്തില്‍ ലളിതമാണ്, ജനിച്ചിട്ട് 1500 വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കണം. (2000 വരെ ആകാം) ജനനരേഖയായി അത്രയെങ്കിലും പഴക്കമുള്ള വരമൊഴിരേഖ (തന്നെ) ഹാജരാക്കണം. സമ്പന്നമായ സാഹിത്യപാരമ്പര്യം പുതിയ തലമുറയ്ക്കു മുന്‍പില്‍ ചുരുളു നിവര്‍ത്തി വയ്ക്കാനുണ്ടാവണം. മലയാളത്തെ വെളിയിലിരുത്താന്‍ ആരോ ഇടം കൈ കൊണ്ട് വാപൊത്തി ചിരിച്ചുകൊണ്ടെടുത്ത തീരുമാനം പോലെയുണ്ട് ഈ കണക്ക്. തെലുങ്കിന് 2000 കഷ്ടി തികയേ ഉള്ളൂ. കന്നടയ്ക്ക് പിന്നെയും ഒരഞ്ഞൂറ് പിന്നോട്ടു പോകണം. 500 വര്‍ഷം കൂടികുറച്ചിരുന്നെങ്കില്‍ ആഢ്യപദവി ലഭിക്കാതെ ഏകാകിയായി മലയാളത്തിനു മാത്രമായി നടയിറങ്ങി പോകേണ്ടി വരുമായിരുന്നില്ല. അപ്പോള്‍ പതിവുപോലെ ഇതിന്റെ പിന്നിലും പൊളിടിക്സു തന്നെയല്ലേ സാറേ എന്നു ചോദിക്കാന്‍ തോന്നാതിരിക്കുമോ? (അല്ല അതിപ്പം പൊളിടിക്സ് ഏതിലാ സാറേ, ഇല്ലാത്തത്? ഗോവന്‍ മേളയിലെ ഇന്ത്യന്‍ പനോരമയിലേയ്ക്ക് ചിത്രങ്ങള്‍ തെരെഞ്ഞെടുത്തപ്പോള്‍ പ്രായവും പാരമ്പര്യവുമുള്ള വിഷ്ണു വര്‍ദ്ധനന്റെ ‘ബില്ല’ അകത്ത്, രണ്ടും കുറഞ്ഞ ശശികുമാറിന്റെ ‘സുബ്രഹ്മണ്യപുരം’ പുറത്ത് ! ന്യായം നമുക്കറിയാത്തതാണോ?) പിന്നെയുമുണ്ട് കാരണം മലയാളത്തിനു ക്ലാസിക്കല്‍ സ്ഥാനമില്ലെന്നു കേട്ടയുടന്‍ ഭാഷാസ്നേഹികളുടെ അര്‍ദ്ധനിമീലിതമിഴികളില്‍ ബാഷ്പകണങ്ങള്‍ ഉരുണ്ടുകൂടി ആമലകീഫലം പോലെ ഞെട്ടുപൊട്ടാതെ നിന്നതെയുള്ളൂ. സ്വാഭാവിക പ്രതികരണങ്ങള്‍ അര്‍ദ്ധഗര്‍ഭമായ നിശ്ശബ്ദതയിലൊതുങ്ങി. ചാടിപ്പിടഞ്ഞത് രാഷ്ട്രീയക്കാരാണ്. ഇപ്പം തകര്‍ത്തുകളയും എന്ന മട്ടില്‍. പ്രഫസര്‍ കുറ്റക്കാരന് അവിടെയും കുറ്റം മാത്രം കാണാം. കാരണം ക്ലാസിക്കല്‍ ഭാഷകളുടെ പ്രോത്സാഹനത്തിനായി കോടികളാണ് ഒഴുകാന്‍ പോകുന്നത്. ആ ചക്കരക്കുടം മറ്റുള്ളവര്‍ നക്കുന്നത് നോക്കിയിരിക്കുന്നവന്റെ ഇച്ഛാഭംഗം ഇത്രയെന്നു പറയാവതല്ല.

ഈ വിവാദം വരുന്നതിനു മുന്‍പ് ഹിന്ദിഭാഷാപ്രചരണമേളകളും സമ്മാനദാനങ്ങളും പത്രത്തില്‍ വരുന്നതു നോക്കിയിരിക്കുകയായിരുന്നു ഞാന്‍. അതിപ്പോള്‍ കുറച്ചു കൂടുതലാണ് നമ്മുടെ കൊച്ചു കേരളത്തില്‍. (ദക്ഷിണേന്ത്യയില്‍ ഹിന്ദിയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് കേരളമാണ്.. ആ നിലയ്ക്ക് ഒരു പദവിയ്ക്ക് സ്കോപ്പുണ്ട്.) താത്കാലികതയിലാണ് നമ്മുടെയൊക്കെ ജീവിതം എന്നുള്ളതുകൊണ്ട് ഏതു വേദിയിലാണോ നില്‍ക്കുന്നത് അതിനെ വാനോളം പൊക്കുക എന്നതാണ് ( അസംബന്ധത്തോളം എത്തിയാലും സാരമില്ല) രാഷ്ട്രീയക്കാരുടെ പൊതുനയം. ഭാഷ എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ഭൂരിപക്ഷത്തിന്റെ പ്രതിനിധികള്‍ക്ക് ഭാഷാപരമായ സമഗ്രബോധം ഇല്ലാത്തതിനെപ്പറ്റി വിഷാദിക്കുന്നത് അങ്ങേയറ്റത്തെ അസംബന്ധമാണെന്ന് അറിയാതെയല്ല. എങ്കിലും നമ്മുടെ സ്വത്വത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ പോലും നാം അവലംബിക്കുന്ന കുറ്റകരമായ അനാസ്ഥ എവിടേയ്ക്കാണ് നയിച്ചുകൊണ്ടു പോകുന്നത് എന്നതില്‍ ഉത്കണ്ഠയുണ്ട്.

സംസ്ഥാനസര്‍ക്കാര്‍ നിയമിച്ച ഏകാംഗ കമ്മീഷന്‍ അംഗം ഒ എന്‍ വി കുറുപ്പ് സംസ്കാരിക മന്ത്രിയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു, ‘ഭാഷകള്‍ക്ക് സംസ്ഥാനീയതയാണുള്ളത്. ക്ലാസിക്കല്‍ പദവി നല്‍കി അവയെ വേര്‍തിരിക്കരുത്.” എന്തു കുന്തമാണ് ഈ സംസ്ഥാനീയത എന്ന് തീര്‍പ്പാക്കാന്‍ മറ്റൊരു ഏകാംഗ കമ്മീഷന്‍ വേണ്ടി വരുമെന്നു തോന്നുന്നു. ചില ഭാഷകളില്‍ രണ്ടാം തരം പൌരത്വം അടിച്ചേല്‍പ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്. മലയാളത്തെ മാത്രം ദക്ഷിണേന്ത്യയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ അളവുകോല്‍ തെറ്റാണ്. (ഇതൊക്കെയല്ലാതെ പിനെന്തോന്ന് പറയാന്‍?) ആന്ധ്രാപ്രദേശ് ഔദ്യോഗിക ഭാഷാസമിതിയുടെ ചെയര്‍മാന്‍ എ ബി കെ പ്രസാദ് മലയാളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കണമെന്ന അഭിപ്രായക്കാരനാണ്. മണിപ്രവാളം പോലെയുള്ള പ്രത്യേക പരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാളസാഹിത്യത്തിന്റെ ആരംഭകാലഘട്ടം. ദ്രാവിഡയൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ജി ലക്ഷ്മിനാരായണയും മലയാളസാഹിത്യത്തിന്റെ പാരമ്പര്യത്തിലൂന്നിനിന്നു കൊണ്ട് ദക്ഷിണേന്ത്യയിലെ തര്‍ക്കമില്ലാത്ത പ്രാചീനഭാഷകളിലൊന്നാണ് മലയാളം എന്ന് അഭിപ്രായപ്പെടുന്നു. രണ്ടുപേരും പറയുന്നത് സാഹിത്യത്തെപ്പറ്റിയാണ് ഭാഷയെപ്പറ്റിയല്ല. അയ്യോ പാവം മട്ടിലൊരു തലോടല്‍. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഭാഷാവലോകനസമിതി അംഗവും ജ്ഞാനപീഠജേതാവുമായ സി. നാരായണ റെഡ്ഡിയ്ക്ക് സംശയമില്ല, 2000 വര്‍ഷത്തെ പാരമ്പര്യമുള്ള തെലുങ്കിന്റെ അടുത്തൊന്നുമെത്തില്ല, മലയാളം എന്ന കാര്യത്തില്‍. അതുകൊണ്ട് അതിന് ക്ലാസിക്കല്‍ പദവി കിട്ടേണ്ട ഒരു കാര്യവുമില്ല. കൃഷ്ണമൂര്‍ത്തി പറയുന്നത്, മലയാളം തമിഴില്‍ നിന്നു പിരിഞ്ഞത് പത്താം നൂറ്റാണ്ടിലാണെന്നാണ്. ലഭിച്ചതില്‍ വച്ച് പഴക്കമുള്ള മലയാളകൃതി രാമചരിതം എഴുതിയത് പന്ത്രണ്ടാം നൂറ്റാണ്ടിലും. എല്ലാം ഊഹാപോഹങ്ങളാണ്. കന്നടത്തിന്റെയും തെലുങ്കിന്റെയും സ്ഥിതി അതല്ല, അതിപ്രാചീനമായ തിരുവെഴുത്തുകള്‍ രണ്ടിനും അഭിമാനത്തോടെ ഹാജരാക്കാന്‍ കഴിയും. മലയാളത്തിലാവട്ടേ രേഖപ്പെടുത്തിയ ഒരു രേഖയും കിട്ടാനില്ല.

ഇതൊക്കെ നേരത്തെ അറിയാവുന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോട്. മലയാളം പഠിപ്പിച്ചിരുന്ന പ്രൊഫസ്സറാണ്. ക്ലാസിക് പുസ്തകങ്ങളുടെ രചയിതാവാണ് ഉദാ: തത്ത്വമസി, മലയാള സാഹിത്യപഠനങ്ങള്‍.....ഒരു മലയാളം പ്രഫസ്സറുടെ പരമപുച്ഛം നിറഞ്ഞ മുഖത്തോടേ അദ്ദേഹം ചോദിക്കുന്നു “എന്തോന്നാടേ, ഈ ക്ലാസിക്കല്‍ പദവി? സാഹിത്യത്തിനല്ലേ അതുള്ളൂ, ഭാഷയ്ക്കുണ്ടോ? ഇവിടെ എഴുത്തുണ്ടായത് ഒന്‍പതാം നൂറ്റാണ്ടില്‍, ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ ജീവിച്ചത് പതിനാറാം നൂറ്റാണ്ടില്‍, എന്നാലും ക്ലാസിക് പൊന്നാട അണിഞ്ഞു നില്‍ക്കാന്‍ മോഹം!” മലയാളം ആദിദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയാണെന്നൊക്കെ പറയുന്നതില്‍ അദ്ദേഹത്തിനു വല്ലാത്ത എതിര്‍പ്പുണ്ട്. ക്ലാസിക് തീരുമാനം തന്നെ തെറ്റ് , അതുകേട്ട് മലയാളം എടുത്തു ചാടിയത് അതിനേക്കാള്‍ തെറ്റെന്നാണ് ചുരുക്കം. പുനരാലോചന നടത്തുമ്പോള്‍ മലയാളം ഒന്നിനും കൊള്ളാത്ത ഒരു സാമന്തഭാഷയാണെന്ന് ഉറപ്പിക്കുന്നതിന് വന്ദ്യവയോധികനും പണ്ഡിതനുമായ മലയാളം പ്രഫസ്സറു തന്നെ വേണം.

ഇതു തന്നെയാണ് ഇമ്മാതിരി പ്രഖ്യാപനങ്ങളുടെ ആരും അറിയാത്ത ഒരു പിന്നാമ്പുറം. സത്യത്തില്‍ മലയാളം പോലുള്ള ഭാഷകളുടെ സ്വത്വാഭിമാനത്തിന്റെ ശവപ്പെട്ടിയിലെ ആണികളല്ലേ ക്ലാസിക്കല്‍ ഭാഷാപദവി നിര്‍ണ്ണയം. തമിഴും തെലുങ്കും കന്നടയും സമ്പന്നമായ പാരമ്പര്യമുള്ള അതിപ്രാചീന ഭാഷകളാണെന്നത് വളരെ സന്തോഷം. പക്ഷേ ഒരു താരതമ്യത്തില്‍ പുറത്തു പോകേണ്ടി വരികയെന്നത് നമുക്ക് എന്തു അഭിമാനമാണു നല്‍കുക? നമ്മളൊന്നിനും കൊള്ളാത്തവരും സാമന്തന്മാരുമാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതിനല്ലാതെ ഈ ക്ലാസിക്കല്‍ പദവി പ്രഖ്യാപനം മറ്റു വല്ലതിനും മലയാളത്തെ സഹായിക്കുന്നുണ്ടോ? അതു തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നതാണ് തത്കാല ഗതികേട്!

സത്യത്തില്‍ ഭാഷയുടെ പദവിയാണ്, സാഹിത്യത്തിന്റെയല്ല ഇപ്പോള്‍ കോടതികേറി പ്രതിസന്ധിയിലായിരിക്കുന്നത്. ക്ലാസിക്കല്‍ നില ലഭിച്ചാല്‍ പ്രോത്സാഹനം കിട്ടുമെന്നതുറപ്പാണെങ്കില്‍ അതു ഏറ്റവും വേണ്ടത് മലയാളം പോലുള്ള എന്നല്ല, ദക്ഷിണേന്ത്യയില്‍ മലയാളത്തിനു മാത്രമാണെന്ന് അല്പം ആലോചിച്ചാലറിയാം. അത്ര ഗതികേടില്‍ കൂടിയാണ് നമ്മുടെ ഭാഷാപഠനത്തിന്റെയും ഗവേഷണത്തിന്റെയും പോക്ക്. രാമചരിതത്തിനും മുന്‍പിറങ്ങിയ കൃതി തിരുനിഴല്‍ മാല അടുത്തകാലത്താണ് കണ്ടെടുത്തത്. ഉള്ളൂരിനുപോലും കേട്ടറിവുമാത്രമുണ്ടായിരുന്ന പയ്യൂര്‍ പട്ടോലകള്‍ സ്കറിയ സക്കറിയ ജര്‍മ്മനിയില്‍ നിന്നാണ് വെളിച്ചത്തുകൊണ്ടു വന്നത്. അതുപോലെ ഒരു പാട് രേഖകള്‍. ഭാഷയിലാണ് ഊന്നലെങ്കില്‍ അതിന്റെ ബെര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ഒന്‍പതാം നൂറ്റാണ്ടില്‍ കൊത്തിവച്ച വാഴപ്പള്ളി ശാസനത്തിനു തുല്യം ചാര്‍ത്താന്‍ നല്‍കിയിട്ട് ഇതിനു പഴക്കമില്ലേ എന്ന് ആര്‍ത്തു വിളിക്കുന്നതില്‍ എത്ര ശരിയുണ്ടാവും? ശാസനം എഴുതാന്‍ തുടങ്ങിയ അന്നു രാവിലെ കുളിച്ച് കുറിയിട്ടു കൊണ്ടു പൊങ്ങി വന്നതായിരിക്കുമോ നമ്മുടെ ഭാഷ? ഭാഷാഭിമാനം തീരെയില്ല, ഭാഷ, സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകമാണെന്ന് പുതു തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനും അറിയില്ല. അധികം വൈകാതെ ചാവുന്ന ഭാഷകളുടെ കണക്കെടുക്കാന്‍ ഒരു വിദഗ്ധസമിതിയെ കേന്ദ്ര ഗവണ്മെന്റ് നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം. മലയാളം പഠിക്കാന്‍ സന്നദ്ധമാവുന്ന വിദ്യാര്‍ത്ഥികളുടെ കണക്കുമാത്രം അവതരിപ്പിച്ചാല്‍ അവലോകന സമിതിയില്‍ കൈയടി നേടാം. നാളിതുവരെ സര്‍ക്കാര്‍ തലത്തില്‍ ചെയ്ത സേവനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്താല്‍ പൂര്‍ത്തിയായി. ചാവടിയന്തിരത്തിനുള്ള തുക വാങ്ങിച്ചെടുക്കാനും പറ്റും. പക്ഷേ അപ്പോഴത്തേയ്ക്കും മാനദണ്ഡങ്ങള്‍ രാഷ്ട്രീയക്കാര്‍ മാറ്റി മറിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഒന്നാം സ്ഥാനത്തെത്തേണ്ട അക്കാര്യത്തിലും നമ്മള്‍ പതിവുപോലെ ചാക്കിട്ട്, ഈച്ചയാട്ടി, മൂക്കു തുടച്ച് വെളിയിലിരിക്കും. ആത്മാഭിമാനം ഇച്ചിരെ കമ്മിയാണല്ലോ പറഞ്ഞു വരുമ്പോള്‍ നമ്മക്ക് !

28 comments:

  1. നല്ല ലേഖനം
    മലയാളം പഠിക്കാന്‍ മാത്രമല്ല ആളില്ലാത്തത്, തമിഴ് പഠിക്കാനും ഇല്ല.ഇതിനിടെ തമിള്‍ എം.എ എന്നോ മറ്റോ ഉള്ള ഒരു സിനിമ കണ്ടിരുന്നു. തമിഴ് ഐച്ഛികമായി പഠിച്ച ഒരു യുവാവ് ചെന്നൈയിലെ ഐ.ടി.ലോകത്ത് പകച്ചു പോകുന്നതും സമനില തെറ്റുന്നതുമാണ് പ്രതിപാദ്യം. ഒരു ഭേദവുമില്ലാതെ ഭാഷകള്‍ക്കു വേണ്ടി ഫണ്ട് നീക്കി വെച്ചില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും.

    ReplyDelete
  2. അതല്ല മലയാളം ഒരു താരതമ്യേന പുതിയ ഭാഷയായെന്നുവച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ? ഐന്‍സ്റ്റീനെക്കാളും മുന്‍പേ ഭൌതികശാസ്ത്ര ബിരുദം നേടിയവരെല്ലാം ഐന്‍സ്റ്റീനെ പിന്തള്ളിയോ?

    ഭാരതസര്‍ക്കാര്‍ ക്ലാസിക്കല്‍ പദവി നല്‍കി അനുഗ്രഹിച്ചാല്‍ എല്ലാമായോ? ഐശ്വര്യാ റായിയ്ക്ക് ലോകസുന്ദരിപ്പട്ടം കിട്ടിയെന്ന് വച്ച് മദര്‍ തെരേസയ്ക്കെന്ത്?

    എത്ര ചില്വാനം കിട്ടിയാലും യാതൊരു കാര്യവുമില്ല. മലയാള ഭാഷ എന്നുവരെ പഠിയ്ക്കുന്നോ? സാഹിത്യം എന്നുവരെ ആള്‍ക്കാര്‍ വായിയ്ക്കുന്നോ അന്നുവരെ ഇതിനൊന്നും യാതൊരു കുഴപ്പവും പറ്റുകില്ല.

    ഈ ഭാഷയുടെ അതിജീവനത്തിലേയ്ക്കായി ഈ ഇന്റര്‍നെറ്റില്‍ /കമ്പ്യൂട്ടറില്‍ മലയാളമെഴുതാനുള്ള സൂത്രം വലിയ ഉപകാരമായിരിയ്ക്കും ചെയ്യുന്നത്..കാരണം സ്വപ്നത്തില്‍ പോലും മലയളമെഴുതാന്‍ ഇടയില്ലാതിരുന്ന പത്ത്പതിനായിരം പേര്‍ ഇന്ന് മലയാളം മാത്രം വിവര വിനിമയത്തിന് ഉപയോഗിയ്ക്കുന്നതിന്റെ ഒറ്റക്കാരണം യൂണികോഡ് മലയാളവും അതിന്റെ പ്രചാരവുമാണ്.നാളെ ഇന്റര്‍നെറ്റ് കേരളത്തിന്റെ അവിഭാജ്യഘടകമായി മാറുമ്പോള്‍ ഈയാള്‍ക്കാരുടെ എണ്ണം ഏതാണ്ട് കേരളജനസംഖ്യയുടെ പകുതിയെങ്കിലുമാകും.

    മലയാളഭാഷ ആരും പഠിയ്ക്കുന്നില്ലെങ്കില്‍ കുഴപ്പം ജനങ്ങള്‍ക്കല്ല അത് പഠിപ്പിയ്ക്കുന്നവനാണ്.സര്‍വകലാശാലയ്ക്കാണ്. ജനം ബീയേ എടുക്കുന്നത് കൈക്കുളങ്ങര രാമവാര്യരോ ഏ ആര്‍ തമ്പുരാനോ ആകാനല്ല .(താല്‍പ്പര്യം ഉള്ളവന് ബീയേ ഒന്നും വേണ്ടാ എന്നതിന് ഉമേഷ് എന്ന ബ്ലോഗറെ മാത്രം കണ്ടാല്‍ മതി.)

    ജനം ബീയേ എമ്മേ എടുക്കുന്നത് വയറ്റിപ്പെഴപ്പിനാണ്.

    ഇന്നത്തെ രീതിയില്‍ സര്‍വകലാശാല ഭാഷ പഠിച്ചാല്‍ പെഴച്ചുപോകില്ല.മലയാളം ബീയേ എടുക്കുന്നവനെയെല്ലാം സാറാക്കാനൊക്കില്ല. ഇനി അധ്യാപനമൊഴിച്ചുള്ള ഭാഷയുടെ വയറ്റിപ്പെഴപ്പ് സാധ്യതകളായ പത്രപ്രവര്‍ത്തനം, എഴുത്ത്, വിവര്‍ത്തനം... തുടങ്ങിയവയിലൊക്കെ‍ ആവശ്യമായ ജ്ഞാനമോ പരിചയമോ കൊടുക്കാതെ,ഇന്നും പ്രാസവാദത്തിനെപ്പറ്റി പ്രബന്ധമെഴുതിക്കൊണ്ടിരുന്നാല്‍ സര്‍വകലാശാലയില്‍ മലയാളം പഠിയ്ക്കാന്‍ ജനമെത്തില്ല. നിശ്ചയം.

    ReplyDelete
  3. പ്രസക്തമായ ലേഖനം
    ഒരു തമിഴ് കൂട്ടുകാരന്‍ ഒരു ഗോസായിയോട് പറയുന്നതു കേട്ടു, ഹിന്ദി ക്ലാസ്സിക്കല്‍ ഭാഷയല്ല എന്ന്. വെറുതെ ഡംഭടിക്കാനല്ലാതെ ഈ പദവികൊണ്ട് എന്തുപയോഗം. ഭാഷാപഠനത്തിനു സഹായം കൊടുക്കുന്നുണ്ടെങ്കില്‍ മലയാളത്തിനും മുമ്പേ കോഴിമലത്തേവരുടെ ഭാഷയ്ക്കു കൊടുക്കണം എന്ന് കരുതുന്നു.

    ReplyDelete
  4. http://kappilan-entesamrajyam.blogspot.com/2008/11/blog-post_05.html

    Please read this.

    ReplyDelete
  5. ക്ലാസിക്കല്‍ ബ്ലോഗ് ഭാഷ എന്നെങ്കിലും നിര്‍ണ്ണയിക്കുമ്പോള്‍ മലയാളത്തിന് സ്കോപ്പുണ്ടോ സാഖാവേ? :-)
    --

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. If Tamil is "C", Malayalam is "C++"!!

    ഭാഷക്ക് പഴക്കമില്ല എന്നു വച്ച് അത് രണ്ടാം തരമാവില്ല എന്ന് കമ്പ്യൂട്ടര്‍ സയന്‍സിലെ "C" ലാന്‍‌ഗ്വേജില്‍ നിന്നും ഉടലെടുത്ത "C++" തെളിയിക്കുന്നു. ഇന്ന് പ്രോഗ്രാമ്മര്‍മാര്‍ കൂടുതല്‍ പ്രകടന ശക്തിയുള്ള പുതുഭാഷയായ “C++" അണ് ഉപയോഗിക്കുന്നത്. ആദിദ്രാവിഡഭാഷയുടേയും സംസ്കൃതത്തിന്റെയും ശക്തമായ സമന്വയമാണ് മലയാള ഭാഷ. അതിനാല്‍ തന്നെ അതിന് പ്രകടനശക്തിയേറും.

    ഭാഷകള്‍ക്കു ക്ലാസിക്ക് പദവി നല്‍കി തരം തിരിക്കുന്നത് തെറ്റാണെന്നാണ് എന്റെയും അഭിപ്രായം. പക്ഷെ മലയാളം എന്നെങ്കിലും മരിച്ചാല്‍ അത് സ്വന്തം കുട്ടികള്‍ക്ക് മലയാളം ഒരു വിഷയമായി പോലും പഠിപ്പിക്കാന്‍ മുതിരാത്ത സമകാലീന മലയാളിയുടെ കുറ്റത്താല്‍ മാത്രമായിരിക്കും.

    ഭാഷ നശിക്കുന്നതോടെ സംസ്കാരവും നശിക്കുന്നു....

    ReplyDelete
  8. ജനിച്ച വര്‍ഷം നോക്കി ആഢ്യത്തം തീരുമാനിക്കുകയാണെങ്കില്‍.....ഈ ഇംഗ്ലീഷ് എന്നുണ്ടായതാ?

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. തമിഴിനെയാണല്ലൊ ആദ്യം (അതായത് ദക്ഷിണേന്ത്യൻ ഭാഷകളിൽ) ക്ലാസിക് ആയ് പ്രഖ്യാപിച്ചത്. അതിനെപ്പറ്റി തെലുങ്കിലെയും കന്നഡത്തിലെയും പത്രങ്ങളിൽ വന്നതായി പറഞ്ഞുകേട്ടത് ഇതാണ് : ആദ്യം ക്ലാസ്സിക് ആവുന്നതിന്റെ ത്രെഷോൾഡ് 1000 വർഷം ആയിരുന്നുവത്രെ. തമിഴിന് എന്തായാലും 2000-ൽ അധികം വർഷങ്ങൾ പഴക്കമുള്ളതുകൊണ്ട് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് തമിഴ് ക്ലാസിക ആവുന്നതോടോപ്പം ത്രെഷോൾഡ് 1000-ൽ നിന്ന് 2000 വർഷത്തെ പഴക്കം എന്ന് മാറ്റിയെന്നായിരുന്നു തെലുങ്കരുടെ രോധനം. പിന്നെ കേസ്സ് കൊടുത്തൊ മറ്റൊ ആയിരുന്നു അതിന്റെ വകുപ്പുകൾ റിലാക്സ് ചെയ്ത് കന്നഡ, തെലുങ്കു മക്കൾക്ക് ക്ലാസിക് കുപ്പായം തുന്നിയത്. അത് തമിഴ് അഭിമാനികൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാണല്ലൊ മദ്രാസ്സ് ഹൈക്കോടതിയിൽ കേസ്സ് നടക്കുന്നത്. അല്ല്ലെങ്കിൽ ഇനി കന്നഡ-തെലുങ്കുകളെ ക്ലാസിക് എന്നു വിളിക്കുമ്പൊ തമിഴിനെ സൂപ്പർ-മെഗാ ക്ലാസ്സിക് എന്നൊ മറ്റൊ വിളിക്കേണ്ടിവരും, മോഹൻലാലിനെ സൂപ്പർസ്റ്റാർ എന്നും മമ്മൂട്ടിയെ മെഗാ സ്റ്റാർ എന്നും പറയുന്ന പോലെ.

    അഴീക്കോട് പറഞ്ഞതിൽ ഒരു കാര്യം പ്രസക്തമാണെന്നു തോന്നുന്നു വെള്ളെഴുത്തെ, ഇതൊക്കെ നിർണ്ണയിക്കേണ്ടത് കേന്ദ്ര സാഹിത്യ അക്കാദമി ആയിരുന്നു എന്നത്.

    ReplyDelete
  11. വെള്ളെഴുത്തേ,
    ഫസ്റ്റഫോള്‍ ഈ ക്ലാസിക്കും ക്ലാസിക്കലും ഒന്നല്ല. രണ്ടും രണ്ടാ.. ക്ലാസിക്കെല്ലാം ക്ലാസിക്കലാകണമെന്നില്ല, ക്ലാസിക്കലെല്ലാം ക്ലാസിക്കാകണമെന്നുമില്ല. ഇതു വായിച്ചാ മനസ്സിലാകും.
    പിന്നെ, എത്രയൊക്കെ പറഞ്ഞാലും മലയാളം തമിഴില്‍ നിന്നും ഊരിപോന്നിട്ട് അധികം നാളൊന്നുമായിട്ടില്ല. ഒരു ചെറുപ്പക്കാരന്‍ ഭാഷയാണ്. ചുമ്മാ അയലക്കത്തൊള്ളോര്‍ക്കൊക്കെ കിട്ടി, അതു കൊണ്ട് എനിക്കും കിട്ടണം എന്നു പറഞ്ഞു കരയുന്നതെന്തിനാ..
    തമിഴനു തന്റെ ഭാഷയോടുണ്ടെന്ന് പറയപ്പെടുന്ന സ്നേഹം പുറം‌മോടി മാത്രമാണ്. തെലുങ്കന്‍ കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ തന്റെ ഭാഷയോട് ഏറ്റവും കൂടുതല്‍ സ്നേഹം കാണിക്കുന്നത് മലയാളി തന്നെയാണ് (കഴിഞ്ഞ അഞ്ചു വര്‍ഷം ഈ നാലു ഭാഷയും സംസാരിക്കുന്ന ആളുകളുടെ കൂടെ ജോലി ചെയ്തുണ്ടായ അനുഭവകുറിപ്പ്).

    ReplyDelete
  12. അതെന്തരാ ഓ.എന്‍.വി സാറേ സംസ്ഥാനീയത?
    അപ്പോ ഇരുള ഭാഷ സംസാരിക്കുന്ന ഊരാളികളും കന്നടയുടെ ഒരു പ്രാദേശിക വ്യതിയാനമോ മറ്റോ സംസാരിക്കുന്ന മറാട്ടികളും കേരളക്കാരല്ലേ? അവര്‍ക്കിനി പ്രത്യേകം സംസ്ഥാനം വേണോ ?-തമിഴുപറയുന്ന തിരുവന്തോരം പട്ടരു തമിഴ്നാട്ടുകാരനാണോ? തുണിക്കടക്കാരന്‍ വീരയ്യാ റെഡ്ഡിയാരും മലയാളം അച്ചടിക്കാരനായിരുന്ന എസ് റ്റി റെഡ്ഡിയാരും ആന്ധ്രക്കാരാ?

    അറബി നാട്ടില്‍ അറബിക്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വലിയ വില്പ്പനയാണു സാര്‍. മലയാളി "വാതായനങ്ങള്‍ 2000" തമാശ മെയിലായി അയച്ചു കളിക്കുകയാണ്‌. മലയാളം വായിക്കാനറിയില്ലെന്ന് പറയുന്നത് അന്തസ്സാണ്‌ നമ്മള്‍ക്ക്. ക്ലാസ്സിക്കല്‍ ലാംഗ്വേജ് പട്ടം കിട്ടിയിട്ട് എന്തു ചെയ്യാന്‍?

    പഠനം ഇംഗ്ലീഷിലാണു സര്‍. പ്രാര്‍ത്ഥന സംസ്കൃതത്തിലോ ഇംഗ്ലീഷിലോ അറബിയിലോ ആണു സാര്‍. തൊഴില്‍ എടുക്കുന്നതും മലയാളത്തിലല്ല. ഒരാവശ്യം വന്നാല്‍ മറിച്ചു നോക്കാന്‍ ശാസ്ത്രപുസ്തകങ്ങളുണ്ടോ? ഒരു കച്ചേരി നടത്തുമ്പോള്‍ പാടാന്‍ ആകപ്പാടെ രണ്ട് കരുണ ചെയ്‌വാനും ദാസിയാട്ടത്തിനു രാജസദസ്സുകളില്‍ എഴുതിയ മൂന്നു പാട്ടും സ്വല്പ്പം കഥകളിപ്പദവും വച്ച് ഒരു ഭാഷ എങ്ങനെ നിലനില്‍ക്കും സാര്‍? "ഐ ലവ് യൂ" എന്നല്ലാതെ ചമ്മലില്ലാതെ അതിന്റെ മലയാളം പറയുന്ന എത്ര ചെറുപ്പക്കാരുണ്ടു സാര്‍? പോട്ടെ ഇടിയന്‍ പോലീസിനു വിളിക്കാന്‍ "റാസ്കലും" "സ്കൗണ്ട്റലും" മാത്രമേ ഉള്ളോ സാര്‍?


    ഭാഷ ഉപയോഗത്തില്‍ തന്നെ നിര്‍ത്താന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആദ്യം ആലോചിക്കാം. ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലുമൊക്കെ ആക്കുന്നതിനു മുന്നേ കേരളത്തിന്റെ ഔദ്യോഗിക ഭാഷകള്‍ "ഇംഗ്ലീഷും മലയാളവും" എന്നതില്‍ എന്തെങ്കിലും ഒരു ഭേദഗതി വരുത്താന്‍ നോക്ക്.

    ReplyDelete
  13. ലേഖനസംബന്ധിയല്ലാതെ, ഓഫ്‌ ടോപിക്കായി ഇതെഴുതിക്കോട്ടെ..

    ഈ ലേഖനം വായിച്ചപ്പോള്‍ എന്തൊക്കെ എഴുതിയാലാണു ശരിയാവുക എന്ന ഒരു ചിന്ത വരുന്നു.. 'അംബി'യുടെ കമന്റിനടിയില്‍ ഞാനും ഇതൊന്നെഴുതട്ടെ.

    ഏഴാം വയസ്സില്‍ കേരളം വിട്ട മലയാളിയാണു ഞാന്‍. മാതൃഭാഷയോടുള്ള അടങ്ങാത്ത ഭ്രമമാണ്‌ , എഴുതുന്ന ലിപികള്‍ ശരിയോ തെറ്റോ എന്നറിയാതെ, എന്നെക്കൊണ്ട് ഇന്നു മലയാളം എഴുതിക്കുന്നത്‌.

    മലയാളികള്‍ക്കിന്നു മാതൃഭാഷ വൃദ്ധയും രോഗിയുമായ അമ്മയെപ്പോലെ ഒരു ബാധ്യതയായിരിക്കുന്നു എന്നു തോന്നാറുണ്ട്.

    ഈ ഭാഷകൊണ്ടു നമുക്കു കാര്യമായി ഇനി ഒന്നും നേടാനില്ല എന്ന തോന്നലാണ്‌. ജോലി കിട്ടില്ല, അധികാരം കിട്ടില്ല, അന്യദേശങ്ങളില്‍ പോയി ജോലി നേടാന്‍ കഴിയില്ല എന്നൊക്കെയുള്ള തോന്നലില്‍ നമ്മള്‍ മാതൃഭാഷയെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു. 'മലയാളി' എന്നു മറ്റു കൂട്ടുകാരുടെ മുന്നില്‍ പറയാന്‍ മടിക്കുന്ന മലയാളി ക്ലാസ്‌മേറ്റ്സ് എനിക്കുണ്ടായിരുന്നു.

    തമിഴനെപ്പോലെ, ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന ഐക്യരൂപ്യമുള്ള ഒരു ജനതതിയാണ്‌ ഞങ്ങള്‍ എന്ന്‌ ഒരു ചിന്ത മലയാളികളില്‍ ഇല്ല..മലയാളികള്‍ ജന്‍മനാ പ്രവാസികളാണ്‌. വളര്‍ന്നു കഴിഞ്ഞാല്‍ മറ്റെങ്ങോട്ടോ പോകേണ്ടവനാണെന്ന ചിന്ത ഉള്ളിന്റെയുള്ളില്‍ ഓരോ മലയാളിയും ചുമക്കുന്നു..

    ഒരു വിസയും പാസ്‌പോര്‍ട്ടും കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും നാടു വിട്ടുപോകാമെന്നും ഇതൊന്നും തരമായില്ലെങ്കില്‍ തീവണ്ടി കയറി അന്യദേശത്തുപോകാമെന്നുമുള്ള ഒരു തയ്യറെടുപ്പോടെ വളരുന്നവരുടെയിടയില്‍ ഒരു മാതൃഭാഷക്കു എന്തു സ്‌ഥാനമാനുണ്ടാവുക?

    കേരളം വിടേണ്ട എന്നു ചിന്തയുള്ള ഒരു കൂട്ടമേ ഉണ്ടാകൂ...അതു രാഷ്ട്രീയക്കാരായിരിക്കും വേറൊരു സ്ഥലത്തു ചെന്നു മലയാളത്തില്‍ പ്രസംഗിച്ചാല്‍ നിലനില്‍പ്പില്ല..മലയാളം മാത്രം പഠിച്ചതുകൊണ്ടു രക്ഷപ്പെടുന്ന ഒരു വര്‍ഗ്ഗം അവര്‍ മാത്രമാണ്‌. മലയാളത്തില്‍ പ്രസംഗിച്ചാല്‍ വോട്ടുകിട്ടും..അന്യ്നട്ടിലോ വിദേശത്തു ചെന്നു മലയാളത്തില്‍ പ്രസംഗിച്ചാല്‍ അവര്‍ക്കു കൈനിറയെ ഫണ്ടു കിട്ടും. എന്നിട്ടും മലയാളം കേരളത്തിലെ സ്‌കൂളുകളില്‍ ഒരു നിര്‍ബന്ധഭാഷയാക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും അവരുടെ അജണ്ടയില്‍ പെടുത്തിയിട്ടില്ല.

    തമിഴ്‌നാട് നിയമസഭയുടെ മുന്നില്‍ ഒരു മുദ്രാവാക്യം എഴുതിവെച്ചിട്ടുണ്ട്. 'തമിഴനെന്നു ചൊല്ലെടാ, തലൈ നിവര്‍ന്നു നില്ലടാ' എന്നു.ആ ആര്‍ജ്ജവം മലയാളിക്കെന്നുണ്ടാവാന്‍?

    ReplyDelete
  14. എന്തുകൊണ്ട് ഇന്ത്യയില്‍ ഇത്രയധികം ഭാഷകളുണ്ടായി എന്നതില്‍ തന്നെ എന്തുകൊണ്ട് മിക്കവാറും ഭാഷകളും ഇല്ലാതാവും എന്നതിനുള്ള കാരണവുമുണ്ട്. ആദ്യത്തെ ഉദ്ധരണിയുടെ അത്രേം പെട്ടന്നല്ലെങ്കിലും. അത് മറ്റൊരു വിഷയം. വെള്ളെഴുത്തിന്റെ വാദമെന്താണ് ഈ വിഷയത്തില്‍ എന്ന് വ്യക്തമായില്ല. [ദിശാസൂചികയായ വരി: “മലയാളം മൂലദ്രാവിഡഭാഷയില്‍ നിന്നുണ്ടായി എന്നൊക്കെ വാചാടോപം നടത്തി വികാരശമനം നടത്താം.“(മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, amicus Plato, sed magis amica veritas)] ഭാഷയുടെ മൃത്യു ഭാ‍രതീയനെന്ന നിലയില്‍ മൃതിയായി കാണാനാവുമോ? പിന്നേം അലോചിച്ചു വരുമ്പോ നിറയെ ആശയക്കുഴപ്പം.
    അഴീക്കോടിന് ഒരു വ്യക്തമായ വാദമുണ്ടായിരുന്നു. ‘മലയാളം ഒന്നിന്നും കൊള്ളാത്ത സാമന്ത ഭാഷയാണെന്ന്’ അര്‍ത്ഥം വരത്തക്ക വിധത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നുവെന്ന് വെള്ളെഴുത്ത് എങ്ങനെ വായിച്ചെടുത്തു? [amicus
    vertitas, sed magis amica provincialism.] രണ്ട് വാദമാണുണ്ടായിരുന്നത്, ഒന്ന് ക്ലാസിക്ക് എന്ന് ഭാഷയെ വേര്‍തിരിക്കാനാവില്ല, മലയാളം താരതമ്യേനെ പുതിയ ഭാഷയാണ്. ഇത് രണ്ടിനെയും ഖണ്ഡിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? ആവോ. ഒന്നാമത്തെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ വേണേല്‍ വല്ല റഫറന്‍സും തപ്പിയെടുക്കാം. അതിനാണോ പഞ്ഞം.
    മലയാളം മൃതിയുടെ (മൃത്യുവല്ല) പാതയിലാണ്, അത് കൊണ്ട് പറ്റാ‍വുന്നത്ര നേരത്തേ ആഞ്ജിയോപ്ലാസ്റ്റി നടത്തണം. അതിനു പണം വേണം. ക്ലാസിക്ക് പദത്തിന്നൊപ്പം പണവും വരും. അതുകൊണ്ട് മലയാളവും ക്ലാസിക്കാക്കണം. നല്ല വാദങ്ങളാണ്.ഒപ്പം സാംസ്കാരികസ്വത്വത്തില്‍ ഭാഷയുടെ പ്രാധാന്യം.
    വാല്‍ക്കഷണം: "Irish-men without Irish is an incongruity and a great Bull."

    ReplyDelete
  15. വെള്ളെഴുത്തെ, നല്ല ലേഖനം. ക്ലാസിക് പദവി ഒന്നും ഇല്ലെങ്കിലും വേണ്ടീല്ലായിരുന്നു, അടുത്ത ഒരു തലമുറയ്ക്ക് ഇതൊന്നു വായിക്കാനും എഴുതാനും അറിഞ്ഞാല്‍ മതിയായിരുന്നു എന്നാണ്‍ എന്റെ ആഗ്രഹം.

    ReplyDelete
  16. ഭാഷയുടെ ക്ലാസ്സിക്(എന്താ ഇതിന്റെ മലയാളം?) പദവി ഒരു കാര്യമാക്കുമ്പോള്‍, ക്ലാസ്സിക് ആയതുകൊണ്ടുള്ള ഗുണങ്ങളും, മാനദണ്ഡങ്ങളും എല്ലാം ആലോചിക്കണം. പല വാദങ്ങളും പലപ്പോഴും അവര്‍ക്കു കിട്ടി എനിക്കും വേണം രീതിയിലായിരുന്നു. ഇപ്പറയുന്ന കന്നഡക്കാരനും,തമിഴനും,തെലുങ്കനും വേണ്ടും അതിലപ്പുറവും നേടിയെടുക്കാന്‍ വേണ്ടകളികള്‍ കളിക്കുമ്പോ, ഇവിടെ സമരം ചെയ്യാന്‍ പോകുന്നു. ഒരു സമരം ചെയ്താല്‍ അതൊരു ഔദ്യോഗിക ഫീഡ്ബാക്കായിപ്പോലും എവിടെയും എത്തില്ല. ഫോളോ അപ്പും നടക്കില്ല. എന്റെ അറിവില്‍ കേരളത്തിലെ ഏതാണ്ടെല്ലാ പ്രശസ്തസര്‍വ്വകലാശാലകളിലും മലയാളവിഭാഗങ്ങളുണ്ട്. ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതില്‍ ചിലതെങ്കിലും ഭാഷയെപ്പറ്റിയാക്കിക്കൂടെ? വേണമെങ്കില്‍ ചരിത്ര വിഭാഗവുമായി ചേര്‍ന്ന്? പിന്നെ, ഒരു പ്രഖ്യാപനം വരുമ്പോള്‍ അലമുറയിടുന്നതിനു പകരം ഈ സംഭവം നമുക്കെങ്ങനെ ഒപ്പിച്ചെടുക്കാം എന്നാലോചിക്ക്യാണ്.

    ReplyDelete
  17. മല്യാളം പടിച്ചിട്ടൊരു കാര്യോല്ലാ.. ബ്ലോഗെഴുതാന്‍ മാത്രേ കൊള്ളൂ...

    ReplyDelete
  18. ഭാഷ അവിടെ നില്‍ക്കട്ടെ. ഈ മലയാളി എങ്ങനെ വന്നു?കറുത്ത തമിഴനും തെലുങ്കനുമൊക്കെ ഇടക്ക് ഒന്നിലും പെടാത്ത ഒരു കോലം.കാണുമ്പോള്‍ തന്നെ ചിരി വരും. നോര്‍ത്തില്‍ നിന്നും വരാന്‍ സാധ്യത ഇല്ല.കൊടക് ബ്രാഹ്മണരുടെ പണി ആണെന്നു തോന്നുന്നു.:)

    ReplyDelete
  19. കമ്പ്ലീറ്റ് ഓഫ്:(ക്ഷമിക്കണേ)

    Italo Calvinoയുടെ “If on a Winter's Night a Traveler” എന്ന സ്ട്രക്ചറൽ അമൂർത്തതയുടെ നോവലിൽ രണ്ട് ലോകമാഹായുദ്ധങ്ങൾക്കിടയിൽ മാത്രം നിലനിന്നിരുന്ന ഒരു രാജ്യത്തേയും,ഭാഷയേയും കുറിച്ച് പറയുന്നുണ്ട്. ആ നാട്ടുകാരനായതിനാൽ പണ്ട് ബബേൽ ഗോപുരം തകർന്നതിന്റെ അവശിഷ്ടമായ ഒരു വലിയ കല്ല് കഴുത്തിൽ കെട്ടിത്തൂക്കി നദിയിൽ ചാടുന്നു. എല്ലാ ഭാഷയും “ക്ലാസിക്” ആയിട്ട് തിരികെവരാം :)

    ReplyDelete
  20. ഇത് ഓഫല്ല:

    പോകാൻ നേരമാണ് അനോണി ആന്റണിയുടെ വകയായി “ഇടിയന്‍ പോലീസിനു വിളിക്കാന്‍ റാസ്കലും,സ്കൗണ്ട്റലും മാത്രമേ ഉള്ളോ സാര്‍?“ കണ്ടത്.

    1) പോലീസുകാർ ഇതൊക്കെ സിനിമയിലേ വിളിക്കൂ. സ്റ്റേഷനിൽ ഇപ്പോഴും പച്ചമലയാളപ്രസ്ഥാനത്തിന്റെ അപ്പോസ്തന്മാരാണ്.

    2) സ്വന്തം ജനനേന്ദ്രിയങ്ങളെ -അശ്ലീലമില്ലാതെ ???- അന്യഭാഷായാൽ സൂചിപ്പിക്കേണ്ടിവരുന്ന ഒരു ഭാഷാസംസ്ക്കാരം നമുക്കുണ്ട്(പൊതുവായി എല്ലാ ഇന്ത്യൻ ഭാഷകൾക്കും). ആംഗലേയത്തിൽ/സംസ്കൃതത്തിൽ പറഞ്ഞാൽ എല്ലാം ശ്ലീലം :)

    3) ഇനി ആര്യഭാഷയിൽ തന്നെ “ഇളയതും, പട്ടേരീം“ തിരിയ്ക്കാൻ വേണ്ടി മേല് നിറയെ ചായവും, തലയിൽകൊമ്പുമുള്ളവർ “ഗോദ്” എന്ന് “GOD”നെ ഉച്ഛരിച്ചിരുന്നത് അറബികൾ “ഹൂദ്” എന്ന പേരിൽ ഇവിടെനിന്ന് കൊണ്ട് പോയ “ഹുതാശയൻ” എന്ന ദേവനെയാണെന്ന് പറയും. (ഓക്സ്ഫോറ്ഡ് എറ്റിമോളജി ഡിക്ഷനറി സാക്ഷ്യം). “നിന്റെ വല്യപ്പന്റെ കാതിലെ കടുക്കൻ തൊളയിലൂടെ എന്റെ വല്യപ്പൻ കുർബ്ബാന കണ്ടിട്ടുണ്ട്” എന്ന്മാർക്കംകൂടികളെ കളിയാക്കും പോലെ

    ReplyDelete
  21. അംബി, കേരളാ യൂണിവേഴ്സിറ്റിയുടെ സിലബസ് 60 രൂപ, കാലിക്കട്ടിന്റേത് സൈറ്റിലുണ്ട്. കാലോചിതമായി പരിഷ്കരിക്കപ്പെട്ടതാണോ എന്ന് സ്വയം അന്വേഷിക്കാവുന്നതേയുള്ളൂ. ഭാഷാപഠനം പിഴച്ചുപോക്കിനു മാത്രമുള്ളതല്ല. അങ്ങനെ പ്രായോഗികതയുടെ സ്കെയിലുമായി നടക്കുമ്പോഴാണ് എല്ലാം വെറുതേയെന്നു തോന്നുന്നത്. കൈക്കുളങ്ങരയും ഇളംകുളവും ചൂണ്ടി വഴിയിലൂടെയും ഭാഷാപഠനത്തിന് പോകാനേറെ ദൂരമുണ്ട്. അതു തമാശക്കളിയല്ല. വെറും വികാരം കൊണ്ട് തെരെഞ്ഞെടുക്കാവുന്നതുമല്ല പഠനസാമഗ്രികള്‍. വിമര്‍ശനാത്മകബോധനം വ്യാപിച്ചുതുടങ്ങിയ സ്ഥിതിയ്ക്ക് അദ്ധ്യാപകരെ കുറ്റം പറഞ്ഞ് കാലം കഴിക്കാനും എളുപ്പമല്ല. സ്വന്തം നിലയ്ക്കും പഠനം നടക്കാം. പക്ഷേ അതെന്തിന് എന്ന ബോധം പൊതു സമൂഹത്തില്‍ വേരുറച്ചു പോയി. വേരുറച്ചു പോയതിന് താങ്കളെഴുതിയ മറുപടിയില്‍ തന്നെ ധാരാളം തെളിവുകളുണ്ട്. കാപ്പിലാന്റെ ലേഖനം കണ്ടിരുന്നു, അനോനീ. ക്ലാസിക്കല്‍ ബ്ലോഗുഭാഷ, :) ഹരീ, അതിനു സ്കോപ്പുണ്ട്.. ജപ്പാന്‍ വന്നു ഇടയില്‍ ‍നില്‍‍ക്കുമോ ആവോ?
    സിജൂ, ക്ലാസിക്കിനും ക്ലാസിക്കലിനും നാമവും വിശേഷണവും തമ്മിലുള്ള ദൂരമല്ലേയുള്ളൂ, ശാസ്ത്രവും ശാസ്ത്രീയവും പോലെ? (ഇംഗ്ലീഷ് അത്ര പോരാ) വെബിലെ പല നിര്‍വചനങ്ങളും പ്രയോഗം കൊണ്ട് ഉറച്ചുപോയ അര്‍ത്ഥങ്ങളെ ചൂണ്ടിക്കാണിച്ചു തരുന്നതേയുള്ളൂ. എന്തായാലും നന്ദി. ഭാഷാപദവി ക്ലാസിക്കലാണ്. അതു തിരുത്തി. അഴീക്കോട് ക്ലാസിക് എന്നു പറഞ്ഞിടങ്ങളിലെ ‘ക്ലാസിക്കിനെ’ അതേ പോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
    കൃഷ്ണാ, താങ്കള്‍ പറഞ്ഞതു തന്നെയാണ് പ്രതിസന്ധി, അതില്‍ നോവാമല്ലോ ! ആന്റണി, ഭാഷ ഉപയോഗത്തില്‍ നിര്‍ത്താന്‍ എന്താണു വഴിയെന്ന് ആരാണ് ആലോചിക്കേണ്ടത്? ആ പ്രക്രിയ എങ്ങനെ ഉരുത്തിരിഞ്ഞ് വരും എന്നിടത്താണ് ആശയക്കുഴപ്പങ്ങള്‍ തുടങ്ങുന്നത്. ഇങ്ങനെയൊന്നും ഭാഷ നിലനില്‍ക്കാന്‍ പോകുന്നില്ലെന്നു നമുക്കെല്ലാം അറിയാം.. ഇനിയെന്ത്? ഓ വി വിജയന്‍ വയലാര്‍ അവാര്‍ഡും വാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് എന്റെ ഭാഷയെ എനിക്കു തിരിച്ചു തരൂ എന്നാണ്. വിജയന്‍ ആരോടാണ് അതു പറഞ്ഞതെന്ന് ഞാനിപ്പഴും ആലോചിച്ചു നോക്കാറുണ്ട്. പറഞ്ഞു വരുമ്പോള്‍ നമുക്കു തന്നെ ചുളിപ്പു തോന്നേണ്ട സംഗതിയാണ്, ആരാണ് നമ്മുടെ ഭാഷയും കൊണ്ടു പോകുന്നത്? മൊത്തത്തില്‍ നമുക്ക് പറയാനുള്‍ലതെന്താണ് ആരോടാണ്....? പ്രവാചകന്‍ പറയുന്നതുപോലെ, ഈ ആശയക്കുഴപ്പത്തെ തന്നെയാണ് പങ്കുവച്ചത്, അപ്പോള്‍ ഉദ്ദേശ്യം തെളിയുന്നതെങ്ങനെ? ധ്വനിക്കുകയേ ഉള്ളൂ. അഴീക്കോടിനെ ഞാന്‍ തെറ്റായി വായിച്ചതല്ല. പക്ഷേ അതില്‍ ചില വരികളിലെങ്കിലും ഓളം വെട്ടുന്ന പുച്ഛം കണ്ടില്ലെന്നു നടിക്കാനാവില്ല. മലയാളത്തില്‍ നിഷേധിക്കാനാവാത്ത സ്ഥാനം ‘മലയാളം‘ പുസ്തകങ്ങളില്‍ കൂടി നേടിയെടുത്ത വ്യക്തിയാണല്ലോ. ടി പദ്മനാഭനെ കളിയാക്കുന്ന അതേ മനോഭാവം അദ്ദേഹത്തിനൊരു തട്ടകം നല്‍കിയ ഭാഷയോടും ഉണ്ടെന്ന് ലേഖനം വായിക്കുന്ന ഒരാള്‍ക്ക് തോന്നികൂടായ്കയില്ല. അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നി. പറച്ചിലല്ലല്ലോ, പറയാന്‍ നാം ഉപയോഗിക്കുന്ന രീതിയും പ്രധാനമല്ലേ? ക്ലാസിക്കല്‍ പദവി ലത്തീന്‍, സംസ്കൃതം തുടങ്ങിയ മൃതഭാഷകള്‍ക്ക് നേരത്തെയുണ്ട്. ഇല്ലേ? ഡിങ്കാ, വായിച്ചു മറന്ന കൃതികള്‍ ചുമ്മാ ഓര്‍മ്മിപ്പിക്കരുത്!
    പ്രമോദേ, അയല്‍ക്കാരാ, കിഷോറേ,പ്രശാന്ത്, അപ്പൂ, ജിന്‍സ്, ആചാര്യാ, എതിരന്‍...... കുറച്ചു കാര്യങ്ങള്‍ കൂടി മനസ്സിലാക്കാന്‍ പറ്റി. :) അവസാനത്തെ അനോനിയില്‍ ഒരു മഞ്ഞ ഒതളങ്ങ മണക്കുന്നുണ്ട്.. അദ്ദേഹമാണോ ആവോ..അല്ലെങ്കില്‍ കുടക് ബ്രാഹ്മണരുടെ കുടുമിയ്ക്ക് ഈ സൈസ്സ് പിടി പിടിക്കില്ല.

    ReplyDelete
  22. ഡിങ്കാ.. ഹുതാശനന്‍ കൊള്ളാമല്ലോ..സുരേഷിനെ വായിക്കണം വായിച്ചിട്ടില്ല.(2048)

    ReplyDelete
  23. ഡിങ്കന്റെ ചെലവില്‍ ഒരു ഓഫ്. മാഷേ രാവിലെ ഈ ലേഖനം വായിച്ചപ്പത്തൊട്ട് ഞാന്‍ ഉസ്സി-ടുസ്സിയെക്കുറിച്ചാലോചിക്കയായിരുന്നു.:)

    ReplyDelete
  24. ശ്രദ്ധേയമായ ലേഖനം..

    ReplyDelete
  25. വെള്ളെഴുത്തേ,
    ഡേവിഡ് ക്രിസ്റ്റല്‍ എഴുതിയ language death (ഗൂഗിള്‍ ബുക്സില്‍ ഈ പുസ്തകത്തിന്റെ അറുപതു ശതമാനത്തോളം വായിക്കാം) ഭീഷണിയിലായ പ്രാദേശികഭാഷ നിലനില്‍ക്കണമെങ്കില്‍ അവശ്യം വേണ്ട ചില കാര്യങ്ങള്‍ നിരത്തുന്നത് ഇതൊക്കെയാണ്‌ (ഓര്‍മ്മയില്‍ നിന്നെഴുതുന്നത്)

    ഒന്ന്: മാതൃഭാഷ സംസാരിക്കുന്നതും എഴുതുന്നതും സാംസ്കാരികമായി ഒരു വലിയ കാര്യമാണെന്ന ബോധം ആ സമൂഹത്തിനു ഉണ്ടാവണം
    രണ്ട്: പഠനമാദ്ധ്യമത്തില്‍ പ്രാദേശിക ഭാഷ ശക്തമായ സാന്നിദ്ധ്യം ചെലുത്തണം (ഭാഷയെ ഒരു വിഷയമായി ഉള്‍ക്കൊള്ളിച്ചാല്‍ പോരാ, കുട്ടികള്‍ അതിലൂടെ പഠിക്കണം, വായിക്കണം, അതില്‍ ചിന്തിക്കണം)
    മൂന്ന്: ഇലക്ട്റോണിക്ക് മീഡിയയില്‍ ആ ഭാഷ ശക്തമായ സാന്നിദ്ധ്യമാകണം
    നാല്‌ : ഭാഷ സംസാരിക്കുന്നവര്‍ സാമ്പത്തികമായി പുരോഗമിക്കുകയാവണം

    ഇതൊക്കെയാണ്‌ ഞാന്‍ ആദ്യ കമന്റില്‍ ആക്ഷേപരൂപത്തില്‍ എഴുതിയത്.

    ഊരാളികളുടെ കാര്യം എടുക്കൂ.
    ഇരുളഭാഷ സംസാരിക്കുന്നത് സാംസ്കാരികമായി ഉന്നതമാണെന്ന് ശക്തമായ ബോധമൊന്നും അവര്‍ക്കില്ല, അതില്‍ പാഠപുസ്തകങ്ങളില്ല, അവര്‍ക്ക് ഇലക്ക്ട്റോണിക്ക് മാദ്ധങ്ങളില്ല, അവര്‍ ദരിദ്രരുമാണ്‌.

    പ്രെഡേറ്റര്‍ ഭാഷ (നമ്മളെ സം‌ബന്ധിച്ചിടത്തോളം ഇംഗ്ലീഷ്) സംസാരിക്കാന്‍ കഴിയുന്നത് നമുക്ക് അഭിമാനമായിക്കോട്ടെ, അതിലെ അറിവുകള്‍ നമ്മള്‍ പഠിച്ചോട്ടെ, അതില്‍ തൊഴിലും കണ്ടെത്തിക്കോട്ടെ. ഇതെല്ലാം ചെയ്യുമ്പോള്‍ തന്നെ ക്രിസ്റ്റലിന്റെ നാലിന പരിഹാരം അപ്രാപ്യമല്ല.

    ഭാഷ ഒരു സംസ്കാരം സ്വയം കൊടുക്കുന്ന വിലയെ ആശ്രയിച്ച് വളരുകയും തളരുകയും ചെയ്യും. നമുക്ക് സ്വയം പരമ പുച്ഛമാണ്‌. സ്വയം കൂതറ തമാശകള്‍ പറഞ്ഞ് രസിക്കാനാവുന്നത് അതിനൊരു ഉദാഹരണം. ആത്മപുച്ഛത്തിന്റെ മാനിഫെസ്റ്റേഷനാണ്‌ നമുക്കിടയിലെ നേതാക്കളെയും സാം‌സ്കാരിക പ്രവര്‍ത്തകരെയും കോമാളികളാക്കി ടീവിയില്‍ അവതരിപ്പിച്ചു ചിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. മറ്റൊരു ഭാവമാണ്‌ മലയാളി നന്നാവില്ല എന്ന പറച്ചില്‍. മൊത്തത്തില്‍ കേരളത്തില്‍ ജനിച്ചതും വളര്‍ന്നതും ഒരു കഷ്ടകാലം, അതിനു പുറത്തൊരു മാസ്സ് ലെവല്‍ അപകര്‍ഷതാബോധവും.

    നാശത്തിന്റെ വക്കില്‍ നിന്നു വളര്‍ന്നു ശക്തമായ ഒരു ഭാഷയാണ്‌ ഹീബ്രൂ. അതു സംസാരിക്കുന്നവര്‍ക്ക് ശക്തമായൊരു കമ്യൂണിറ്റി അഭിമാനം (ഒരു പരിധിവരെ മിഥ്യാഭിമാനമഅയിക്കോട്ടെ) ഉണ്ടായതാണ്‌ അതിനു കാരണം.

    ReplyDelete
  26. ഡിങ്കാ,
    പോലീസ് അങ്ങനെ തെറിയൊന്നും വിളിക്കാറില്ല. സ്ഥിരമായി ഇടപെടുന്നവരോട് ചോദിച്ചു നോക്കൂ. ഇതൊക്കെ ഒരു സിനിമാ സങ്കല്പ്പമല്ലേ.

    നല്ല അസ്സല്‍ മലയാളം പദങ്ങള്‍ ഉപയോഗിക്കാന്‍ പിള്ളേരെ പ്രോത്സാഹിപ്പിക്കുകയേ വഴിയുള്ളു. ഇംഗ്ലീഷിലെ നാലക്ഷരപദം ചുമ്മാ പറയുന്ന തെണ്ടിപ്പിള്ളേര്‍ക്കും കക്കൂസില്‍ പോയി, ചന്തി കഴുകി, പെടുത്തു എന്നൊക്കെ പറയാന്‍ നാണമാത്രേ.

    ഓരോരുത്തര്‍ ടെലിവിഷനില്‍ കേറി അറിയാത്ത ഭാഷയില്‍ പൊട്ടത്തരങ്ങള്‍ വിളിച്ച് കൂവുന്നതിനെ കൂവിയും എഴുതിയും തോല്പ്പിക്കണം. അതുപോലെ കോട്ടിടീലും. നാട്ടില്‍ എവിടെയാ ഈ കോട്ടിട്ട മനുഷ്യര്‍? ഈയിടെ അമൃത ടീവിയില്‍ ജെന്റ്സ് ബ്ലേസര്‍ ധരിച്ച് പൊട്ടും കുത്തി ഒരു ന്യൂസ് റീഡര്‍ (കഷ്ടം, മേക്കപ്പുകാരനു പോലും അറിയില്ല ആണിന്റെയും പെണ്ണിന്റെയും ജാക്കറ്റിന്റെ വത്യാസം). വേറൊരു മച്ചാന്‍ നീല ബ്ലേസര്‍, മഞ്ഞ ഉടുപ്പ് ചുവന്ന ടൈ). സാധാരണ വേഷം ധരിച്ച് സാധാരണ മലയാളം പറയുന്ന ഒരു മനുഷ്യനെ ടെലിവിഷത്തില്‍ ഒന്നു കാണാന്‍ വേണ്ടി മാത്രമാണ്‌ ഞാന്‍ സെബാസ്റ്റ്യന്‍ പോളിന്റെ മാദ്ധ്യമവിചാരം കാണുന്നത്.

    അനോണീ,
    മലയാളിയുടെ നിറത്തില്‍ മാത്രമല്ല, മലയാളം എഴുത്തിന്റെ നിറത്തിലും തമിഴിനെക്കാള്‍ സ്വാധീനം തുളുവിനാണു കേട്ടോ. മലയാളം അക്ഷരം ബ്രാഹ്മിയില്‍ നിന്നും ഇന്നത്തെ മലയാളത്തിലേക്ക് ട്രേസ് ചെയ്യുമ്പോള്‍ ഒരിടത്തും തമിഴോ തെലുങ്കോ കന്നടയോ വരുന്നില്ല, പക്ഷേ തുളു ബ്രാഹ്മി വരുന്നുണ്ട്. ഏത്.

    ReplyDelete
  27. ക്ലാസിക്കല്‍ ഭാഷ നിര്‍ണ്ണയിച്ച വിദഗ്‌ധ സമിതിയില്‍ രാഷ്ട്രീയം ഇല്ലാതെ വരുമോ? മലയാളത്തെയും തമിഴിനെയും തെലുങ്കിനെയും തമിഴില്‍ നിന്നുണ്ടാക്കിയതും അതില്‍ സംസ്കൃതവും ഇംഗ്ലീഷും കലര്‍ത്തിയതും ഹിന്ദിയെ ഉണ്ടാക്കിയതും രാഷ്ട്രീയമാണെങ്കില്‍ ഇതില്‍ മാത്രമായി എങ്ങനെ രാഷ്ട്രീയമില്ലാതെ വരും? ക്ലാസിക്കല്‍ ഭാഷകളെക്കുറിച്ചുള്ള വിക്കി ലേഖനം വായിച്ചപ്പോള്‍ മനസ്സിലായത്‌ ഇന്നും നിലനില്‍ക്കുന്ന ഭാഷകളെയല്ല, സമ്പന്നമായ മൃതഭാഷകളെപ്പറ്റിയും ഇന്നു നിലവിലുള്ളതില്‍ നിന്നു വളരെ വ്യത്യസ്തമായ പഴയരൂപങ്ങളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വിശേഷണമെന്നാണ്‌. അപ്പോള്‍ ക്ലാസിക്കല്‍ തമിഴും ഇന്നത്തെ തമിഴും ഒന്നായിരിക്കില്ലല്ലോ. പോരാത്തതിനു വിക്കിയില്‍ കൊടുത്തിരിക്കുന്ന ക്ലാസിക്കല്‍ ഭാഷകളില്‍ തെക്കേയമേരിക്കയില്‍ നിന്നുള്ളതിനെല്ലാം മലയാളത്തെക്കാള്‍ പ്രായം കുറവു .

    അതേ സമയം, ക്ലാസിക്കല്‍ അല്ലെന്നു പറഞ്ഞാല്‍ 'സ്വത്വാഭിമാനത്തിന്റെ ശവപ്പെട്ടിയിലെ ആണിയടിയാകുമോ? പഠിക്കാനും സാഹിത്യം വായിക്കാനും ആളുകുറയുമോ? അങ്ങനെയാണെങ്കില്‍ എതിരന്‍ പറഞ്ഞതുപോലെ ഇംഗ്ലീഷിനും അതേ പ്രശ്നങ്ങളുണ്ടാകില്ലേ? ക്ലാസിക്കല്‍ അല്ലെന്നു പറഞ്ഞാല്‍ അതു ഭാഷയെ പുച്ഛിക്കലാകുമോ? ഉമേഷിന്റെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ 'ഇന്ദിരാഗാന്ധി എന്റെ അമ്മയെക്കാള്‍ മിടുക്കിയായിരുന്നു' എന്നു പറഞ്ഞാല്‍ അമ്മയെ പുച്ഛിക്കലാകുമോ?

    ഓ.എന്‍.വി. പറഞ്ഞത്‌ സമസ്ഥാനീയര്‍ എന്നായിരിക്കുമോ? മാധ്യമക്കാരി പകര്‍ത്തിയതില്‍ തെറ്റുപറ്റിയതാവുമോ?

    കാലിക്കട്ടര്‍ പറഞ്ഞതിനോടാണു യോജിപ്പ്‌. ക്ലാസിക്കും ക്ലാസിക്കലും രണ്ടും വിശേഷണങ്ങളാണ്‌. ഭാഷയുടെ കാര്യത്തില്‍ അര്‍ത്ഥവ്യത്യാസവുമുണ്ട്‌.

    മൃതിയും മൃത്യുവും ഒന്നല്ല എന്നു പ്രവാചകന്‍ പറഞ്ഞത്‌ ആകെ ആശയക്കുഴപ്പമുണ്ടാക്കി. സംസ്കൃതത്തിലെ കാര്യമാണോ പറഞ്ഞത്‌? മലയാളത്തില്‍ ഇതു രണ്ടു മരണം എന്ന അര്‍ത്ഥത്തില്‍ ഉപയോഗത്തിലുണ്ടല്ലോ? അതു പാടില്ലെന്നാണോ?

    ആന്റണി പറഞ്ഞ ഹീബ്രുവിന്റെ പുനരുജ്ജീവനത്തിനു വഴിതെളിച്ചത്‌ വെറും അഭിമാനമോ അതോ മറ്റുള്ളവന്റെ നെഞ്ചത്താണെങ്കിലും സ്ഥാപിച്ചുവെച്ച രാഷ്ട്രീയസ്വത്വമോ?

    രാഷ്ട്രീയപ്രവര്‍ത്തകരെയും (നേതാവു വേണ്ട) സാംസ്കാരികപ്രവര്‍ത്തകരെയും (സാംസ്കാരികനായകന്‍ വേണ്ട) ആത്മീയപ്രവര്‍ത്തകരെയും (ആള്‍ദൈവം വേണ്ട) പരിഹസിക്കുന്നത്‌ അധമബോധത്തിനു വഴിതെളിക്കുമോ? യോജിക്കാന്‍ കഴിയുന്നില്ല. ടിവിയില്‍ ദിവസവും രാഷ്ട്രീയക്കാരെ കളിയാക്കി വിഡ്ഢിച്ചിരി ചിരിക്കുന്ന അമേരിക്കക്കാരന്‍ അപ്പോള്‍ അധമബോധത്തിന്റെ കൂടാകേണ്ടതാണല്ലോ?

    ആണിന്റെയും പെണ്ണിന്റെയും ജാക്കറ്റിന്റെ വ്യത്യാസവും അറിയാത്ത ഭാഷ സംസാരിക്കുന്ന മലയാളിയെ പരിഹസിക്കലും മറ്റൊരു ചര്‍ച്ചയ്ക്കു വകതരുമെന്നു തോന്നുന്നു. നൈറ്റി സായിപ്പിന്‌ നിശാവസ്ത്രമായതുകൊണ്ട്‌ മലയാളിയ്ക്കും അങ്ങനെയാവണമെന്നു ശഠിക്കുന്നതുപോലെയല്ലേ അത്‌? അവിടെ പ്രവര്‍ത്തിക്കുന്നത്‌ നമ്മുടെ അധമബോധമോ ആത്മാഭിമാനമോ?

    ReplyDelete
  28. മലയാളം നശിക്കുന്നു എന്നൊക്കെ നിലവിളിക്കുന്നവര്‍ അമിതമായി ഇന്റര്‍‌നെറ്റും ടിവിയും ഉപയോഗിക്കുന്നവരാണെന്ന് തോന്നുന്നു :-) വിഷയങ്ങള്‍ മലയാളത്തില്‍ പഠിപ്പിക്കണമെന്ന് പറയുന്നവരും മൂഢസ്വര്‍ഗ്ഗത്തില്‍ ആണ് ജീവിക്കുന്നത്; മലയാളത്തേക്കാള്‍ വികസിച്ച ഭാഷകള്‍ മാതൃഭാഷയായുള്ളവര്‍ ആഗോളഭാഷയായ ഇം‌ഗ്ലീഷ് പഠിക്കാ‍നാണ് ശ്രമിക്കുന്നത്.

    ചെയ്യേണ്ടത് മലയാളപഠനം എളുപ്പവും താല്പര്യജനകവുമാക്കുക എന്നതാണ്. മലയാളം ഐച്ഛികമായി പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാറും പത്രസ്ഥാപനങ്ങളും ജോലി ഉറപ്പാക്കുകയാണെങ്കില്‍ ഭാഷയുടെ ഭാവി സുരക്ഷിതമാക്കാന്‍ മിടുക്കന്മാര്‍ താനേ ഉണ്ടാവുകയും ചെയ്യും.

    ReplyDelete