October 22, 2008
മരിച്ചാലത്തെ സുഖം !
‘സരസീന്‍’ എന്ന കഥയിലെ തന്റെ ഒരു കഥാപാത്രത്തെ വര്‍ണ്ണിക്കുന്ന ബത്സാക്കിന്റെ ചില പരാമര്‍ശങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കിയിട്ട് ബാര്‍ത്ത് ചോദിക്കുന്നു : ഇതൊക്കെ ആരാണ് പറയുന്നത്? കഥയിലെ നായകനോ കഥാകൃത്തോ? അയാള്‍ക്ക് ഇങ്ങനെ പറയാനുള്ള ആധികാരികത ലഭിച്ച സ്രോതസ്സ് ഏതാണ്? അവനവനുവേണ്ടിയുള്ള എഴുത്തുകാരന്റെ പലതരത്തിലുള്ള പരസ്യപ്പെടുത്തലില്‍ നിന്ന് ‘ഉത്തരഘടനാവാദത്തിന്റെ കാലത്ത്’ അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയതെങ്ങനെ എന്ന് തുടര്‍ന്ന് റൊളാങ് ബാര്‍ത്ത് സിദ്ധാന്തിച്ചു. ആണും പെണ്ണുമല്ലാത്ത ‘ഒരാള്‍’ സ്ത്രീവേഷം കെട്ടുന്നതും ‘അതിനെ’ പ്രണയിക്കുന്ന സാരസീന്‍ എന്ന ശില്പി അവസാനം കൊല്ലപ്പെടുന്നതുമാണ് ബത്സാക്ക് എഴുതിയ കഥയുടെ പ്രമേയം. സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകളെയും ഈ കഥ സവിശേഷമായ രീതിയില്‍ മുന്നില്‍ വയ്ക്കും. സാരസീന്‍ ഒരു സ്ത്രീനാമമാണ് ഫ്രഞ്ചില്‍. അടിസ്ഥാനപരമായി ഈ കഥ സാരസീന്റെ ‘പൌരുഷനഷ്ടത്തെ’ക്കുറിച്ചുള്ളതാണെന്ന നിരീക്ഷണമുണ്ട്. അതായത് സാരസീന്‍ പ്രണയിക്കുന്ന വ്യക്തിയുടെ ലിംഗത്വമില്ലായ്മ തന്നെയാണ് സാരസീന്റെയും ആന്തരിക പ്രതിസന്ധി. ഉള്ളറകളില്‍ ആഴം വഹിക്കുന്ന രചനകളുടെ ഒരു സ്വഭാവമാണിത്. വി പി ശിവകുമാര്‍ ‘മന്ത്’ എന്ന കഥയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനാവുന്ന താന്‍ തന്നെയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആവിഷ്കരിച്ചിട്ടുണ്ട്. ഇടം കാലിലെ മന്ത് വലം കാലിലേയ്ക്ക് മാറ്റുന്ന നാറാണത്തെ ചെറിയ ഉന്മാദമാണ് കഥയില്‍ ആവിഷ്കാരം നേടുന്നത്. ഇടുക്കു ജീവിതത്തിനിടയിലെ ചെറിയൊരു പരിണാമം. സംഭവഗതിയിലെ ഈ നിസ്സാരമായ സംഗതിയല്ല കഥാകൃത്തിന്റെ ഉന്നം. വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്. രസകരമായ ഒരു കഥ പറഞ്ഞ് ആസ്വാദകരെ സുഖിപ്പിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ എഴുത്തിന്റെ സംബന്ധിച്ചുള്ള ചില സങ്കീര്‍ണ്ണതകളുമായാണ് ഇക്കാര്യത്തിനു ബന്ധം. രചനയെ സംബന്ധിച്ച് മാറി വരുന്ന അവബോധത്തിന്റെ ഫലമാണ് സ്വത്വവിനിമയങ്ങള്‍. എഴുതുന്നയാളിന്റെ തന്നെ പ്രസക്തിയാണിവിടങ്ങളില്‍ രചനയ്ക്കു വിഷയമാവുന്നത്. അതുകൊണ്ട് ബോര്‍ഹസിന്റെ കഥയിലെന്നപോലെ കഥാപാത്രത്തിന്റെ തിരോഭാവത്തിന് -അതു മരണമായാലും കാണാതാവലായാലും ഇറങ്ങിപ്പോക്കായാലും- പ്രതീകമൂല്യമുണ്ട്.
സിമി എഴുതിയ ‘യാത്ര’ എന്ന കഥയും അവസാനിക്കുന്നതും പ്രധാന കഥാപാത്രത്തിന്റെ ഇറങ്ങിപ്പോക്കോടെയാണ്. അയാള്‍ ഇറങ്ങേണ്ട സ്ഥലത്താണ് ഇറങ്ങിയത് എന്നു വായിക്കാന്‍ അധികം സൂചനകളൊന്നും കഥയില്‍ അവശേഷിച്ചിട്ടില്ല. ‘പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും’ എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി അങ്ങനെയും വാദിക്കാവുന്നതാണ് എന്നു മാത്രം. എന്നാല്‍ തൊട്ടടുത്തിരുന്ന മനുഷ്യന്റെ ഉറക്കത്തിലെ പ്രതികരണങ്ങള്‍, അയാള്‍ നേരിട്ടനുഭവിക്കുന്ന കാഴ്ചകളെക്കാള്‍ അയാളെ സ്വാധീനിക്കുന്നു എന്നതിന് പ്രകടമായ തെളിവുകള്‍ കഥയിലുണ്ട്. അതിന്റെ അസഹനീയത ‘മുട്ടിവിളിച്ച് ബസ്സു നിര്‍ത്തിക്കുന്ന’തിലുണ്ട്. ഇറങ്ങി നടക്കുന്നതാവട്ടെ ‘തണുത്ത ഇരുട്ടിലേയ്ക്കും.’ കഥ പങ്കുവയ്ക്കുന്ന ആന്തരവൈരുദ്ധ്യങ്ങളുടെ പെരുപ്പങ്ങള്‍ക്കുള്ളില്‍ ഈ ഇറങ്ങിപ്പോക്ക് ‘എഴുത്തുകാരന്റെ മരണവുമായി’ ബന്ധപ്പെട്ട ആശയത്തെ മുന്നോട്ടു വയ്ക്കാന്‍ സമര്‍ത്ഥമായതാണ് ഇത് ഇവിടെ എടുത്തു പറയാന്‍ കാരണം.
ലോകത്തിന്റെ ചൂടും തണുപ്പും തന്നെ ഏശരുതെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്ന ഒരാളാണ് ‘യാത്ര’യിലെ നായകന്‍. എന്നാല്‍ അടച്ചിട്ട ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചകള്‍ അയാള്‍ക്കു പഥ്യമാണു താനും. കോളിന്‍ വിത്സണ്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി അയാള്‍ക്ക്, തനിക്കു വേണ്ടത് എന്താണെന്ന് അറിയാം. (തങ്ങള്‍ക്ക് വേണ്ടാത്തതെന്തെന്ന് മനുഷ്യര്‍ക്ക് അറിയാം എന്നാല്‍ വേണ്ടതെന്തെന്ന് അറിയില്ല എന്നാണ് കോളിന്‍ വിത്സണ്‍ പറഞ്ഞത്) തനിക്ക് പുറത്തുള്ളത് കൊല്ലാന്‍ വരുന്ന ലോകമാണ് എന്നാണ് അയാളുടെ നിഗമനം. വസ്ത്രങ്ങള്‍ അയച്ചിട്ട് സുഖശീതളമായ ഒരന്തരീക്ഷത്തില്‍ റിമോട്ടില്‍ ഞെക്കി (അതു പോലും പ്രയാസമുള്ള കാര്യമാണ്) തനിക്കിഷ്ടമുള്ള കാഴ്ചകളില്‍ ഒതുങ്ങിക്കൂടുക എന്നതു മാത്രമാണ് അയാളുടെ സാഫല്യം. ബസ്സില്‍ അടച്ചിട്ട ജാലകത്തിന്റെ തൊട്ടു പിന്നിലിരുന്ന് യാത്രചെയ്യാനുള്ള കൊതി അയാളുടെ മനോഭാവത്തിന്റെ ചുരുക്കിയെടുത്ത വെളിപാടാണ്. ഇയാളാണ് യാത്ര ചെയ്യുന്നത്. അതും അടച്ചിട്ട, ശീതീകരിച്ച, ചലിക്കുന്ന ലോഹകുമിള എന്നു വിശേഷിപ്പിക്കപ്പെട്ട ബസ്സില്‍. ഒരേ സമയം ഒന്നും ചെയ്യാന്‍ മനസ്സില്ലാതിരിക്കുക എന്നാല്‍ ‘ചലനം’ എന്ന പ്രവൃത്തിയില്‍ ഭാഗഭാക്കാവുക എന്ന വൈരുദ്ധ്യത്തിന് അടിപ്പെട്ടുകൊണ്ടാണ് കഥ പ്രത്യക്ഷത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മറ്റൊരു വൈരുദ്ധ്യം കൂടി ഉടന്‍ തന്നെ കടന്നു വരുന്നുണ്ട് കഥയില്‍. അയാള്‍ ആഗ്രഹിച്ച, ചോദിച്ചു വാങ്ങിച്ച വിന്‍ഡോ സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് ഉറങ്ങുന്നതാണ് അത്. തന്റെ സീറ്റില്‍ മറ്റൊരാള്‍. അയാളെ കുലുക്കി വിളിക്കാനോ പകരം കിട്ടിയ സീറ്റില്‍ സംതൃപ്തനായി ഇരിക്കാനോ കഴിയാത്തിടത്തു നിന്നാണ് ‘യാത്ര’ സംഘര്‍ഷഭരിതമായി തീരുന്നത്. നിസ്സാരം. തനിക്കു വേണ്ടതെന്താണെന്നറിയുന്ന ഒരു മനുഷ്യന് അതിലേയ്ക്കുള്ള ദൂരം ഒരു കൈ അകലത്തിലായിട്ടുപോലും നേടാനാവുന്നില്ല എന്നുള്ളത് വിചിത്രമായ കാര്യമല്ലേ? ബസ്സിലെ ടി വിയുടെ സിനിമയുടെ കാര്യത്തിലും അയാള്‍ ഈ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അതാരെങ്കിലും നിര്‍ത്തിയെങ്കില്‍ എന്നാണ് അയാളുടെ പ്രാര്‍ത്ഥന. അയാള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം!
മുന്നിലുള്ള വാസ്തവങ്ങളെക്കുറിച്ചറിയാതെ (?) ഉറങ്ങുകയാണ് ജാലകത്തിനടുത്തുള്ള ഇരിപ്പിടം സ്വമേധയാ കൈക്കലാക്കിയ അപരന്‍. ദുരന്തദൃശ്യങ്ങള്‍ കാട്ടുന്ന, എന്നാല്‍ നിര്‍ത്താന്‍ കഴിയാത്ത സിനിമ, വെളിയില്‍ കത്തുന്ന ലോറി, പരിശോധനയ്ക്കായി എത്തുന്ന പട്ടാള ഉദ്യോഗസ്ഥന്‍...അയാള്‍ ബസ്സിനകത്തെയും പുറത്തെയും കാഴ്ചകളില്‍ നിന്ന് അകലെയാണ്. എന്നാല്‍ പുറത്തെ കാഴ്ചകള്‍ക്കനുസാരിയായി വികാരത്തെ ശക്തമായി അയാള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതെന്ന് ആഖ്യാതാവ് സാക്ഷ്യപ്പെടുത്തുന്ന ഈ അനുഭവങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന ആളല്ല, ഉറങ്ങുന്ന ആളാണ് വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്യുന്നത് . എന്തുകൊണ്ടാണങ്ങനെ? ഉറങ്ങുന്നയാള്‍ സര്‍വതും മറന്നുറങ്ങുക, ഉണര്‍ന്നിരിക്കുന്നയാള്‍ യാഥാര്‍ത്ഥ്യങ്ങളേറ്റ് ചിതറുക എന്ന പതിവാണല്ലോ തലകീഴായി മറിയുന്നത്. ഉറങ്ങുന്ന ആളിന്റെ സംഘര്‍ഷങ്ങള്‍ കുറഞ്ഞു വരുന്ന പരിണതിയില്‍ തികച്ചും ആകസ്മികമായി പ്രധാന കഥാപാത്രം വണ്ടി നിര്‍ത്തി ഇറങ്ങി പോവുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ അയാള്‍ തിരോഭവിക്കുന്നു.
ഉറക്കം എന്ന നിഷ്ക്രിയത (പാസീവ്നെസ്സ്) യിലുള്ള സ്വപ്നം എന്ന പ്രവൃത്തിയും (ആക്ടീവ്നെസ്സ്) അതിന്റെ ഫലവും മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് ‘യാത്ര’ ചെയ്യുന്നത്. മുഖ്യകഥാപാത്രം ലക്ഷ്യത്തിലെത്തും മുന്നേ നടത്തിയ ഇറങ്ങിപ്പോക്ക് ആ അര്‍ത്ഥത്തില്‍ അതൊരു ഞെട്ടി ഉണരലാണ്. ആ ഒരു പ്രവൃത്തിയില്‍ മാത്രമാണ് അയാളുടെ ഭാരമില്ലായ്മ ഇല്ലാതാവുന്നത്. അബോധത്തില്‍ നടന്ന സംഭവങ്ങളില്‍ അകാലികവും അസ്ഥാനത്തുള്ളതുമായ ആ ഇറങ്ങിപ്പോക്കു മാത്രമാണ് അയാള്‍ക്ക് നിയന്ത്രണവിധേയമായ സംഗതി. അതൊരു ബോധപൂര്‍വമായ പ്രക്രിയയാണെന്ന് തിരിച്ചറിയാന്‍ അതു മാത്രം മതി. അതുകൊണ്ട് ബാഹ്യമായ അനുഭവങ്ങള്‍ ഏശാതിരിക്കുകയും എന്നാല്‍ ചലിക്കുകയും ചെയ്യുന്ന ബസ്സ് ‘ഉറക്കം’ എന്ന അവസ്ഥയാണ്. അതിന്റെ അലിഗോറിക്കലായ ആഖ്യാനമാണ് ‘യാത്ര.’ (അതു മറ്റൊരു വൈരുദ്ധ്യം സാമ്പ്രദായികമട്ടില്‍ ജീവിതമാണ് പലപ്പോഴും യാത്ര. ഇവിടെയാവട്ടെ മരണത്തിന്റെ തന്നെ കൊച്ചു പതിപ്പായ ഉറക്കവും!) കഥയെ മൊത്തത്തില്‍ ഒരു മാനസിക സംഭവമായി കണക്കിലെടുത്താല്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.
എങ്കിലും മറ്റൊരു വശത്തുകൂടി നാം നോട്ടമയയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നു. എഴുത്തുകാരന്‍ - വായനക്കാരന്‍ എന്ന പരസ്പരാശ്രിതരായ സ്വത്വങ്ങളുടെ ധര്‍മ്മങ്ങളിലേയ്ക്കാണ് കഥയിലെ ഉറങ്ങുന്നയാളും ഉണര്‍ന്നിരിക്കുന്ന ആളും അബോധപൂര്‍വം അദ്ധ്യാരോപം ചെയ്യപ്പെട്ടിരിക്കുന്നത്. വായനക്കാരനുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു അവസ്ഥയിലാണ് കാഴ്ച തന്റേതും വികാരം തന്റെ തന്നെ ‘അപര’ത്തിന്റേതുമാവുന്നത്. കഥയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളെ മുഴുവന്‍ ഈ വഴിയിലൂടെ അഴിച്ചെടുക്കാവുന്നതാണ്. അപരസ്വത്വം തന്റെ നിരന്തരമായ ഉറക്കം തുടരുമ്പോഴും കഥയിലെ മുഖ്യകഥാപാത്രം യാത്ര നിര്‍ത്താന്‍ സ്വയമേവ തീരുമാനിക്കുന്നതിനും തനിക്കു പരിചിതമായ ‘കടത്തിണ്ണ’കള്‍ ‘തണുത്ത ഇരുട്ടത്ത്‘ കണ്ടെത്തുന്നതിലും പുതുമയുള്ള ഒരു തിരിച്ചറിവുണ്ട്. എഴുത്തുകാരന്റെ അതീന്ദ്രിയ ലോകത്തിലേയ്ക്കുള്ള പ്രയാണം എന്ന് ബാര്‍ത്ത് വിശേഷിപ്പിച്ച സംഗതി തന്നെയല്ലേ ഈ തിരോഭാവം? (അതായത് അയാള്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് -സാധാരണത്വത്തിലേയ്ക്ക്- ഇറങ്ങുന്നു. മറ്റൊരര്‍ത്ഥത്തില്‍ എഴുത്തിന്റെ അദൃശ്യലോകത്ത് മരിച്ചാല്‍ മാത്രം സാദ്ധിക്കുന്ന ഒന്നാണ് ഈ സാധാരണത്വത്തിലേയ്ക്കുള്ള ഇറങ്ങി വരല്‍ ! ) ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഗതികളുടെ ഉറവിടം താനല്ലെന്ന ബോധമാണ് ഇങ്ങനെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സൃഷ്ടിപരമായ വിസ്മൃതിയില്‍ ബാഹ്യലോകസാഹചര്യങ്ങളും അവ കെട്ടി വച്ച സമ്മര്‍ദ്ദങ്ങളും പല പ്രതീകങ്ങളിലൂടെ അയാളില്‍ നിന്ന് ഒഴുകി ഇറങ്ങുകയായിരുന്നു. അപ്പോള്‍ താന്‍ ഭൂതാവിഷ്ടനായിരുന്നെന്ന് അയാള്‍ക്ക് അറിയാം. ഒരേ സമയം അയാള്‍ കര്‍ത്താവും കര്‍മ്മവുമാണെന്ന വിചിത്രമായ അവസ്ഥയാണിത്. അയാള്‍ കൂടി പങ്കെടുക്കുന്ന ‘നാടക’ത്തില്‍ ഒന്നിനെയും മാറ്റാനാവാത്ത തരം ലാഘവത്വം അയാള്‍ അനുഭവിക്കുന്നു. പുകമഞ്ഞുകൊണ്ടു തീര്‍ത്ത രൂപങ്ങളാണ് കല്പനയിലെ കഥാപാത്രങ്ങള്‍. കഥയിലെ സംഭവങ്ങളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ അതു വായിക്കുന്ന ആളും സമാനമായ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അങ്ങനെയും ഒരു വച്ചുമാറ്റം സംഭവിക്കുന്നുണ്ട്. കാണാം, അനുഭവിക്കാം, എന്നാല്‍ ഒന്നിനെയും നീക്കം ചെയ്യാന്‍ വയ്യ എന്ന അവസ്ഥ. എഴുതുക എന്നതിന്റെ അസഹനീയമായ ലാഘവത്വം ! ജീവിച്ചിരിക്കുക എന്നതിന്റെ അസഹനീയമായ ലാഘവത്വം !
----------
സിമിയുടെ കഥാപുസ്തകം ‘ചിലന്തി’ യുടെ പ്രകാശനം, 27-10-2008-ന്, ദീപാവലി ദിവസം കൊല്ലത്തു വച്ച് .
വഴികാണിച്ചു തന്നതിനു നന്ദി
ReplyDeletekathayuTe nalla aaswaadanam!!
ReplyDeletenannaayirikkunnu.
The trouble with dreams is that, they are very much real.
ReplyDeleteവെള്ളെഴുത്തിന്റെ ലേഖനം വായിച്ചാണ് ഞാൻ കഥ വായിച്ചത്. അതിർത്തിയിലെ ചെക്പോസ്റ്റിൽ നിന്നും പട്ടാളക്കാരൻ പരിശോധനയ്ക്ക് കയറും എന്ന് നേരത്തെ മനസ്സിലാക്കിയത് കൊണ്ട് കൂടി ആയിരിക്കില്ലേ ജനാലയ്ക്കടുത്തുള്ള ആൾ പേടിച്ചത്?
ReplyDeleteഈ ആസ്വാദനമാണോ അല്ല കഥയാണോ കൂടുതൽ ദുർഗ്രഹം എന്നാണ് ഇപ്പോൾ എന്റെ സംശയം :)
കഥയിലെവിടെയെങ്കിലും അതിര്‍ത്തി മുറിച്ചാണ് യാത്ര എന്ന സൂചനയുണ്ടോ? ആശയപരമായി കൂടുതല്‍ കുഴപ്പം (ദുര്‍ഗ്രഹതയല്ല, അത് ആപേക്ഷികമാണ്..) ലേഖനത്തിനാണ്, കഥയ്ക്കല്ല. അതില്‍ സംശയം വേണ്ട !
ReplyDeleteവെള്ളെഴുത്ത് പറയുന്നതു പോലെ തന്നെയാണ് ആ കഥ വായിച്ചെടുക്കേണ്ടതെങ്കില്‍, അത്ര പുരാതനമായ ഒരു കഥ ഇപ്പോള്‍ എഴുതപ്പെടേണ്ട കാര്യമെന്താണ്?
ReplyDelete‘അയാളുടെ’ യാത്രകളും യാത്രയില്ലായ്മകളും ഏതു കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്?
‘’വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്‘’
എന്നൊക്കെ വീണ്ടും വീണ്ടും വായിക്കേണ്ടി വരുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ലാതെ മറ്റ് വഴികളില്ല. ‘എഴുത്തുകാരന്റെ മരണം’ എന്നൊക്കെ കൂടി വായിക്കുമ്പോള്‍ പൂര്‍ണമായി.
ഏറ്റവും കുറഞ്ഞത് ചെക്കോവില്‍ നിന്നെങ്കിലും വളരേണ്ടതുണ്ട് ചെറുകഥ. പുതിയതൊന്നും പറയാനില്ലെങ്കില്‍ സാഹിത്യ നിരൂപണം പോലെ അപഹാസ്യമായ ഏര്‍പ്പാടുമില്ല.
ഹോ അങ്ങനെയുണ്ടോ ?എനിക്കു വായിച്ചപ്പോള്‍ ഇങ്ങനെ തോന്നി എന്നല്ലാതെ ഇങ്ങനെ എല്ലാരും വായിച്ചിട്ടു നെടുവീര്‍പ്പിടണമെന്ന് ഒരു ധ്വനി എങ്ങാനും വന്നിട്ടുണ്ടോ? “അത്ര പുരാതനമായ ഒരു കഥ’ എന്നു പറഞ്ഞത് എന്തുകൊണ്ടാണാവോ? പഴയ ആള്‍ക്കാരെ ( ബത്സാക്, കോളിന്‍, ബാര്‍ത്ത്, ശിവകുമാര്‍...) ഓര്‍ത്തതുകൊണ്ടാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇവരെയൊക്കെ വായിച്ചുകൂടെയെന്നും അവനവനോടു തന്നെ സംസാരിക്കാന്‍ വായിച്ചവരെ കൂട്ടു പിടിച്ചുകൂടേയെന്നുമാണ് ചോദ്യം. ബാര്‍ത്ത്, അലന്‍ പോയില്‍ നിന്നാണ് തുടങ്ങിയത്. ബക്തിന്‍, റാബലെയില്‍ നിന്നും. ഇനിയൊരാള്‍ക്ക് ചെക്കോവില്‍ നിന്നു തുടങ്ങാന്‍ ആരാണ് തടസ്സം? ഞാനോ? പുതിയതൊന്നും പറഞ്ഞിട്ടില്ല എന്ന കാര്യം വിനയപൂര്‍വം ഉള്‍ക്കൊള്ളുന്നു. അധിനിവേശാനന്തരകാലത്തിലും ആ ടൈപ്പ് ദേശത്തിലും ജീവിക്കുന്ന, മസാല കുറഞ്ഞ ‘കുറെപേര്‍ക്കെങ്കിലും ഇങ്ങനെ ‘അപഹാസ്യരായി’ ജീവിക്കാനാണു വിധി. അറിഞ്ഞുകൊണ്ടു തന്നെ അതു നീട്ടിക്കൊണ്ടുപോകാതെ നിവൃത്തിയില്ല. അതു അവനവന്റെ ജീവിതം ! കുഴപ്പം സാഹിത്യ നിരൂപണത്തിന്റെയല്ല, വ്യക്തിയുടെയാണെന്നര്‍ത്ഥം. നിരൂപണങ്ങളെ ക്രോണോളജിക്കല്‍ ഓര്‍ഡറിലേ എടുക്കൂ എന്നുണ്ടെങ്കില്‍ ഓരോ ആഴ്ചയിലും അതിനു തൊട്ടു മുന്‍പിറങ്ങിയതിനെ ഒരു വീണ്ടുവിചാരവും കൂടാതെ ചവറ്റുകുട്ടയില്‍ തള്ളേണ്ടി വരും. മൌലികവും പുതുതുമായ ആശയങ്ങള്‍ പണിക്കുറ തീര്‍ത്ത് മലയാളമണ്ണില്‍ നിന്ന് പുറത്തിറങ്ങട്ടേ, അതില്‍ അഭിമാനമല്ലാതെ മറ്റെന്തുണ്ടാവാനാണ്? അപ്പോള്‍ ഇവിടെ കണ്ടതുപോലുള്ള ‘അപഹാസ്യ ജന്മങ്ങള്‍ക്ക്’ സ്വന്തം ആള്‍ക്കാരെ അനുകരിച്ച് സമാധിയടയാമല്ലോ. :)
ReplyDeleteനിരൂപണങ്ങളെ ക്രോണോളജിക്കല്‍ ഓര്‍ഡറിലേ എടുക്കൂ എന്നുണ്ടെങ്കില്‍ ഓരോ ആഴ്ചയിലും അതിനു തൊട്ടു മുന്‍പിറങ്ങിയതിനെ ഒരു വീണ്ടുവിചാരവും കൂടാതെ ചവറ്റുകുട്ടയില്‍ തള്ളേണ്ടി വരും.
ReplyDelete:):)
vendi varum :)
അടഞ്ഞവാതില്‍ തടവറയല്ല
ReplyDeleteകൊളുത്തിനിപ്പുറം
കേളി
എന്റെ പ്രകൃതിയില്‍
ഞാന്‍ ഉപാസക
കുന്നുകളും ചെരിവുകളും
പാറക്കെട്ടുകളും നീര്‍ച്ചോലകളും
മുലയിലൂടെ ഒഴുകുന്ന ഒരു തുള്ളി നവരസം
ഞാന്‍ നാക്കു നീട്ടുന്നു