September 25, 2008
ജാലകത്തിനു പുറത്തെ കാഴ്ചകള്‍
‘ഇലയിളക്കം’ എന്ന പേരില്‍ മനോരമ ആഴ്ചപ്പതിപ്പില്‍ ചന്ദ്രമതി എഴുതിയ 25 കുറിപ്പുകളുടെ സമാഹാരമാണ് ‘സൂര്യരാജാവിന്റെ പ്രണയിനി’. ഭാഷയുടെ തച്ചിനെപ്പറ്റി അതിസൂക്ഷ്മമായ ബോധം കൈവശാവകാശമായി സൂക്ഷിക്കുന്ന ഒരെഴുത്തുകാരിയുടെ നിരീക്ഷണക്കുറിപ്പുകള്‍ക്ക് കഥയുടെ ശില്പഭംഗി വരിക സ്വാഭാവികം. എന്നാല്‍ കഥയുടെ കിന്നരിപ്പാവുകള്‍ അനുഭവസാക്ഷ്യത്തിന്റെ പൊരുന്നചൂട് നേരിട്ടു പകരുന്ന കുറിപ്പുകള്‍ക്ക് ആവശ്യമില്ല. ഈ ആര്‍ജവമായിരിക്കാം അവയുടെ ജനപ്രിയതയ്ക്കുള്ള ഒരു കാരണം. മറ്റൊരാളിന്റെ അനുഭവത്തെ, അനുഭവം എന്ന മട്ടില്‍ തൊട്ടറിയാന്‍ ആഗ്രഹമില്ലാത്ത ലൌകിക( ന്‍ ) ആരാണ്?
ജാലകത്തിലൂടെയുള്ള പുറംനോട്ടമാണ് പലപ്പോഴും കുറിപ്പുകള്‍ . പുറത്ത് വ്യത്യസ്തമായ ഋതുക്കളാവാം, ശുഭാപ്തിയുടെ പകലോ സര്‍വതും വിഴുങ്ങുന്ന ഇരുട്ടോ ആകാം. കണ്‍വഴികള്‍ പലപ്പോഴും തൊടിക്കപ്പുറം പോകാന്‍ വിസ്സമതിച്ച് നിസ്സഹായയായി മടങ്ങിയെന്നുവരാം. സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ദൂരം യാത്ര ചെയ്ത് ചക്രവാളത്തിന്റെ അതിരുകളെ സ്വന്തമാക്കി എന്നും വരാം. കുറിപ്പുകളിലെ ആത്മനിഷ്ഠത അനുഗ്രഹവും ശാപവുമാകുന്ന പരിണതിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. മനുഷ്യസ്നേഹത്താല്‍ പ്രചോദിതവും വിജ്ഞാനത്താല്‍ നിയമിതവുമായ മനസ്സ് ഇടുക്കുവഴികള്‍ തേടാനല്ല തിടുക്കപ്പെടുക, മേഘമാര്‍ഗങ്ങള്‍ അന്വേഷിക്കാനാണ്. ഏതനുഭവത്തിലും സന്നിഹിതമാവുന്ന സാര്‍വലൌകികമായ മാനം തിരയാനാണ്. അത്, ഭാരം കുറയ്ക്കാന്‍ പോയി, കാലുമുടന്തി പരിഹാസ്യയായ അനുഭവമാവാം, ഇത്തിരിക്കുഞ്ഞന്മാര്‍ അഹങ്കാരം കൊണ്ട് ആളുകളുടെ മെനകെടുത്തിയതെങ്ങനെയെന്നാവാം, ഉഗാണ്ട, എയിഡ്സില്‍ നിന്നും രക്ഷപ്പെടാന്‍ അവലംബിച്ച ധാര്‍മ്മിക വിചാരത്തെക്കുറിച്ചാവാം. മുനിഞ്ഞുകൊണ്ടിരിക്കുന്ന കാലത്തില്‍ അതെല്ലാം ആത്മനൊമ്പരമാണ്, ആത്മാലാപനമാണ്, പലപ്പൊഴും ഉപദേശമാണ്, സൌമ്യസ്വരത്തില്‍ താക്കീതാണ്.
മാനുഷികമായ നോവും സഹാനുഭൂതിയും പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായി തോന്നിയത് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിനെപ്പറ്റിയുള്ളതാണ്. പലപാട് പറഞ്ഞു പഴകിയ ഇക്കാര്യത്തില്‍ വ്യതിരിക്തമായ പ്രശ്നമാണ് ലേഖിക ഉന്നയിക്കുന്നത്. സാമാന്യവത്കരണത്തിലാണ് പൊതുജനത്തിനു താത്പര്യം. വൃദ്ധസദനങ്ങള്‍ വേണ്ട എന്നു നാം പറയും. വാര്‍ദ്ധക്യത്തിലെ അനാഥത്വമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന അതിലളിതവത്കരണത്തിലെത്തും. എന്നാല്‍ ഏതുപ്രശ്നത്തിനും വൈയക്തികമായ മാനമുണ്ടെന്നു സ്ഥാപിക്കുകയാണ് ‘വയോജനങ്ങള്‍ക്ക് ഒരു ദിവസ‘ത്തിലും അതിന്റെ തന്നെ തുടര്‍ച്ചയായ ‘നാണയത്തിന്റെ മറുപുറം’ എന്ന ലേഖനത്തിലും. നോബല്‍ സമ്മാനജേതാവ് ഹെരോള്‍ഡ് പിന്ററിന്റെ ജീവിതത്തിലെ പ്രതിനായിക അന്റോണിയ ഫ്രേസറുടെ വിഗ്രഹത്തെ ഉടച്ചു വാര്‍ക്കുകയാണ്, ‘സൂര്യരാജാവിന്റെ പ്രണയിനി’ എന്ന ലേഖനത്തില്‍ . പ്രശസ്തന്റെ നിഴലില്‍ ഒതുങ്ങികൂടാതെ പ്രായത്തെ അതിജീവിക്കുന്ന ബുദ്ധിശക്തിയും കര്‍മ്മകുശലതയും അന്റോണിയ സ്വായത്തമാക്കിയിരിക്കുന്നതെങ്ങനെയെന്ന് ആവേശം ബാധിച്ച തൂലികയാല്‍ തന്നെയാണ് ചന്ദ്രമതിയും എഴുതിപോകുന്നത്. ‘സംഗീതത്തിന്റെ അതിജീവനകലയും’ ‘സൃഷ്ടാവിന്റെ വേദനക‘ളും അക്കാദമിക് പശ്ചാത്തലം കനപ്പെടുത്തിയ കുറിപ്പുകളാണ്. അദ്ധ്യാപികയ്ക്കു മാത്രം കഴിയുന്ന തരം ഒരു പങ്കുവയ്ക്കല്‍ . അതേ സമയം ‘ഇന്നെനിയ്ക്കൊന്നിനും വയ്യ’ നിസ്സഹായമായ ഒരു വേദനയുടെ ചുളിവുകളില്ലാത്ത അവതരണവുമാണ്.
ഒരു ആഢംബരകല്യാണത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ നൊമ്പരമാണ് പരിഹാസത്തിന്റെ മേമ്പോടിയോടെ ‘ഉന്നതങ്ങളിലെ തിളക്ക’ത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജീവിതം, കഥയെ അതിശയിപ്പിക്കുന്നതിന് ഒരു ഉദാഹരണം കൂടിയാണ് ശിഷ്യയുടെ വിവാഹം. വിവാഹം കണ്ടു മടങ്ങുന്ന വഴിയ്ക്ക് മുന്‍പെഴുതിയ കഥ ‘വധു’വിനെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നത് മറ്റൊരു ശിഷ്യ. ആഢംബരം പോലെതന്നെ ഉന്നതങ്ങളില്‍ പടര്‍ന്നുകയറിയിരിക്കുന്ന ജ്യോതിഷഭക്തിയും (ഗ്രഹനിലകളുടെ തിരനോട്ടം) അംഗീകരത്തിനുവേണ്ടിയുള്ള തത്രപ്പാടും അതു വഴി വരുന്ന ചൂഷണവും (അംഗീകാരങ്ങള്‍ വഴിയേ വഴിയേ) അഗ്രസ്സീവ് ബാങ്കിംഗ് ഔദാര്യപൂര്‍വം വച്ചു നീട്ടുന്ന ലോണുകള്‍ക്കുള്ളിലെ വഞ്ചനയും (ലോണ്‍ വേണോ ലോണ്‍ ?) സാഹിത്യത്തിലെ മോഷണവും (വെറുമൊരു മോഷ്ടാവായോരെന്നെ..) പരാമൃഷ്ടമാകുന്നു. സമൂഹത്തിലെ ഏതു ശ്രേണിയില്‍പ്പെടുന്നവരാണ് എളുപ്പം രോഗാതുരരാവുന്നതെന്നു വ്യക്തം. അപ്പര്‍ മിഡില്‍ക്ലാസ്സിന്റെ ഊതിവീര്‍പ്പിച്ച പൊങ്ങച്ചങ്ങളില്‍ ഞെരിഞ്ഞ് ഇല്ലാതായി പോകുന്നത് സമൂഹത്തിന്റെ സാമാന്യബോധമാണ്. നിഴല്‍രൂപങ്ങളോട് യുദ്ധം ചെയ്യുന്നവരെ നോക്കിയാണ് ലേഖിക ചിരിക്കുന്നത്. അതു കാണാനുള്ള സാമാന്യബോധമെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം.
--------------------------------------------------------------
സൂര്യരാജാവിന്റെ പ്രണയിനി
ചന്ദ്രമതി
ഡി സി ബുക്സ്
ഈ പരിചയത്തിനു നന്ദി, ചന്ദ്രമതിയുടെ പുസ്തകം വാങ്ങാം.
ReplyDeleteമുന്‍പ് റെയിന്‍ഡിയര്‍ എന്ന പുസ്തകം വായിച്ചിരുന്നു - ചില കഥകള്‍ കൊള്ളാം, മൊത്തത്തില്‍ അത്ര ഇഷ്ടപ്പെട്ടില്ല.
നന്ദി
ReplyDeleteനന്ദി. ഏതൊക്കെ പുസ്തകം ഇനി വാങ്ങണം എന്നൊരു കണക്കുകൂട്ടലിനിടയ്ക്കാണ് ഇത് കണ്ടത്.
ReplyDeleteനന്ദി....എനിക്കും ഈ പുസ്തകം വാങ്ങണം എന്നുണ്ട്...
ReplyDeleteനല്ല കുറിപ്പ്; പരിചയപ്പെടുത്തിത്തന്നതിന് നന്ദി, വെള്ളെഴുത്ത് :)
ReplyDeleteപുസ്തകം വാങ്ങാന്‍ പലരും തീരുമാനിച്ചു, ആരെങ്കിലും വായിക്കാന്‍ തീരുമാനിച്ചോ ആവോ?
ReplyDeleteവാങ്ങിക്കപ്പെടുന്നവ വായിക്കപ്പെടുകയും വായിക്കപ്പെടുന്നവ വാങ്ങിക്കപ്പെടുകയും ചെയ്യുന്ന കാലം വരെ വായിക്കപ്പെടേണ്ടവര്‍ വായടച്ചിരിക്കുമെന്ന് ശാസ്ത്രം
ചന്ദ്രമതിയുടെ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.കഥാകാരി എന്ന നിലയില്‍ അവര്‍ ഒരു അപൂര്‍വ്വപ്രതിഭയാണ്.എന്റെ നാട്ടുകാരി എന്ന നിലയില്‍ അതില്‍ എനിക്ക് അഭിമാനമുണ്ട്.ഞങ്ങളുടെ മുടിപ്പുരയെ പശ്ചാത്തലമാക്കി എഴുതിയ”ദേവീഗ്രാമം” എന്ന കഥ അതീവ ഹൃദ്യമാണ്.ചന്ദ്രമതിക്കും,വെള്ളെഴുത്തിനും നന്ദി..
ReplyDeleteവെള്ളായണി വിജയന്‍
പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ? പത്രത്തിനുവേണ്ടിയുള്ള എഴുത്താണ്. അതുകൊണ്ട് പുസ്തകത്തിന്റെ തെരെഞ്ഞെടുപ്പുപോലും എന്റെ വകയല്ല. ചന്ദ്രമതിയുടെ പുസ്തകം ആരെങ്കിലും ‘വായിക്കാന്‍‘ വാങ്ങിക്കുന്നുണ്ടെങ്കില്‍ മുന്‍പ് തുളസി ചോദിച്ച ഒരു പുസ്തകം “ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള”യാണ് വാങ്ങേണ്ടത്.. അതുകഴിഞ്ഞുമതി, ഇത്.
ReplyDelete:)