June 17, 2008

മുടികറുപ്പിച്ചതു കൊണ്ട് നേരം വെളുക്കുമോ?



കോഴിക്കോട്ടെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ട്രെയിന്‍ ക്രോസ്സിംഗിനു വേണ്ടി നിര്‍ത്തിയിട്ടിരിക്കേയുള്ള ഒരു കാഴ്ചയാണ്. ഒരു ഭ്രാന്തി തൊട്ടടുത്തുള്ള ചവറ്റുക്കുട്ടയില്‍ നിന്ന് എന്തോ എടുത്തു കടിച്ച് കാരുന്നു. പെട്ടെന്ന് എവിടുന്നോ ഒരു പോലീസുകാരന്‍ പ്രത്യക്ഷപ്പെട്ട് ലാത്തികൊണ്ട് ഉന്തിതള്ളി ചീത്തപറഞ്ഞ് അവളെ അവിടെ നിന്ന് ഓടിക്കാന്‍ ഒരു പാഴ്‌ശ്രമം നടത്തി. അവള്‍ ലവലേശം കൂസാതെ നില്‍ക്കുന്നതു കണ്ടതോടെ അയാള്‍ക്ക് കലികയറി. ലാത്തികൊണ്ട് സാമാന്യം ശക്തമായി അടിച്ചുകൊണ്ട് അവളോട് അവിടെനിന്ന് പോകാന്‍ പറഞ്ഞു. ഉറക്കെ. അടികൊള്ളുമ്പോള്‍ വേദനയുടെ ലാഞ്ഛന മുഖത്തു വരുമെങ്കിലും അവള്‍ തിന്നുന്ന പ്രവൃത്തി ചിരിക്കുകയാണോ എന്നു തോന്നുന്ന മുഖഭാവത്തോടെ തുടര്‍ന്നുകൊണ്ടു തന്നെയിരുന്നു. ദേഹത്തേല്‍ക്കുന്ന അടിയുടെ വേദനപോലും തിരിച്ചറിയാനാവാത്തവിധം അസുഖമാണവള്‍ക്ക് എന്നു വ്യക്തം. പോലീസുകാരുണ്ടോ, എപ്പോഴെങ്കിലും മനുഷ്യമനസ്സുകളെ മനസ്സിലാക്കിയിട്ട്? ഓങ്ങിയ ലാത്തികൊണ്ടുള്ള ഒരടി കഷ്ടിച്ച് മുഖത്തില്‍ കൊള്ളാതെ രക്ഷപ്പെട്ട് അവളുടെ തോളെല്ലില്‍ തട്ടിയ ശബ്ദം, തീവണ്ടിയിലിരുന്നു ജനാലവഴി കാഴ്ച കണ്ട് മൂടനങ്ങാന്‍ വയ്യാതിരിക്കുന്ന അനങ്ങാപ്പാറകളെല്ലാം അതു കേട്ടു നെറ്റി ചുളിച്ചു.

അത്രയുമായപ്പോള്‍ അതുവരെ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നു തോന്നിച്ച മെലിഞ്ഞ് ഷേവ് ചെയ്യാത്ത മുഖമുള്ള ഒരു മദ്ധ്യവയസ്കന്‍ അതിവേഗം വെളിയിലേയ്ക്ക് ചാടിയിറങ്ങി തല്ലുന്ന പൊലീസുകാരനും തല്ലുകൊള്ളുന്ന
ഭ്രാന്തിയായ സ്ത്രീയ്ക്കും മദ്ധ്യത്തില്‍ നിന്ന് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു. അസാധാരണമായ മുഴക്കമുണ്ടായിരുന്നു അയാളുടെ ശബ്ദത്തിന്. വണ്ടിയില്‍ ഒതുങ്ങിക്കൂടി ഒരറ്റത്ത് ഇരുന്നിരുന്നപ്പോള്‍ കാണാത്ത ഊര്‍ജ്ജസ്വലത ശാരീരിക ചലനങ്ങള്‍ക്ക്. പെട്ടെന്ന് ആളുകൂടി. നഗ്നമായ മനുഷ്യാവകാശലംഘനം കണ്‍‌മുന്നില്‍ തന്നെ നടന്നതിനെപ്പറ്റിയോ പൌരാവകാശത്തെപ്പറ്റിയോ വളരെ ചുരുങ്ങിയ വാക്കുകളില്‍ അയാള്‍ എന്തോ പറഞ്ഞു. പോലീസുകാരന്‍ ആദ്യം അയാളോട് തട്ടിക്കയറാന്‍ ഒരു ശ്രമം നടത്തി. ‘നീയാരാണ് ജനപ്രതിനിധിയോ മറ്റോ ആണോ വല്ലവരുടെയും കാര്യങ്ങളിലിടപെടാന്‍, നീ മാത്രമേയുള്ളോ ഇവിടെ പൌരനായിട്ട്.. “ പോലീസിനുസഹജമായ മട്ടില്‍ ആക്രോശങ്ങള്‍ അയാളില്‍ നിന്നുയര്‍ന്നു. പിന്നെ അയാളുടെ സ്വരം ദുര്‍ബലമായി. കൂടിയ ജനം രണ്ടു തട്ടിലായി പരസ്പരം തിരിഞ്ഞു നിന്ന് സംസാരിക്കാന്‍ തുടങ്ങി. പിച്ചകാരുടെ വൃത്തിഹീനത, രോഗങ്ങള്‍ പരത്തുന്നതിലുള്ള പങ്ക്... അടികൊടുക്കുകയല്ല, ഇവറ്റകളെ ജയിലില്‍ പിടിച്ചിടുകയാണു വേണ്ടതെന്ന സുചിന്തിതമായ അഭിപ്രായങ്ങള്‍... മറ്റൊരു വിഭാഗം പോലീസുകാരുടെ മനുഷ്യത്വമില്ലായ്മ, അവശരോട് സമൂഹം കാണിക്കുന്ന അവഗണന, മനസ്സാക്ഷിയുടെ മരവിപ്പ് തുടങ്ങിയവ സ്വന്തം ആത്മകഥാഖണ്ഡങ്ങളില്‍ നിന്നു ചോരയോടെ ചീന്തിയെടുത്ത ഉദാഹരണങ്ങള്‍ സഹിതം നിരത്താന്‍ തുടങ്ങി.

ക്രോസ്സ് ചെയ്യാനുള്ള വണ്ടി കൂകിവിളിച്ചുകൊണ്ട് പാഞ്ഞുപോയി. നിസ്സംഗതയോടെ ഒന്നുലഞ്ഞ് ട്രെയിന്‍ പതുക്കെ ചലിച്ചു തുടങ്ങി. കൂട്ടം കൂടിയവരില്‍ ഭൂരിഭാഗവും ഓടിവന്ന് വണ്ടിയില്‍ കയറി. നോക്കുമ്പോള്‍ ഭ്രാന്തിയായ സ്ത്രീ തനിക്കു ചുറ്റും നടന്നകാര്യങ്ങള്‍ ഒന്നുമറിയാതെ അപ്പോഴും ചവറ്റുക്കുട്ടയില്‍ തിന്നാന്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്നു ആകാംക്ഷയോടെ നോക്കി അവിടെ തന്നെയുണ്ട്. പോലീസുകാരന്‍ അല്പം മാറി അസ്വസ്ഥനായി ചുറ്റും ചുഴിഞ്ഞ് നോക്കുന്നുണ്ട്. ലാത്തി അപ്പോഴും അയാളുടെ കയ്യിലുണ്ട്. ആലോചനയുടെ കാഠിന്യത്തിനിടയില്‍ മുന്‍‌വശത്തെ വായുമണ്ഡലത്തെ അബോധപൂര്‍വം അതു ശിക്ഷിക്കുന്നുണ്ട്. കണ്മുന്നില്‍ നടന്ന അവകാശലംഘനത്തില്‍ ആരുടെയും ഒത്താശകൂടാതെ ഇടപെട്ട ആ താടിക്കാരനായ മെലിഞ്ഞ മനുഷ്യനെ മാത്രം കാണാനില്ല. അയാള്‍ തിരിച്ചു വന്നില്ല. മറ്റേതെങ്കിലും കമ്പാര്‍ട്ട്മെന്റില്‍ കയറിക്കാണും. അല്ലെങ്കില്‍ പ്രതിഷേധത്തോടെ ബാക്കി യാത്ര പൊടുന്നനെ വേണ്ടെന്നു വച്ചിരിക്കും.

അനീതിയാണെന്ന് വ്യക്തമായി അറിയാവുന്ന കാര്യത്തില്‍ ഇടപെടാന്‍ നമ്മെ ആരെങ്കിലും ചുമതലപ്പെടുത്തണോ? “നീ ആരാണ് ഇതിലിടപെടാന്‍...” എന്നുള്ളത് മര്‍ദ്ദകന്റെ, അയാളോട് അനുഭാവമുള്ളവന്റെ ചിരസ്ഥായിയായ ചോദ്യമാണ്. മാറാന്‍ കൂട്ടാക്കാത്ത സാമാന്യബോധങ്ങളെ എന്നെങ്കിലും ഉത്തരങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുത്തുക സാദ്ധ്യമാണോ? എന്നിട്ടും ഒരു വിഭാഗം ജനങ്ങള്‍ -അവരുടെ എണ്ണം വളരെ കൂടുതലാണു താനും- അസ്വസ്ഥരാകുന്നത് അനീതി തനിക്കു മുന്നില്‍ നടന്നു എന്നതുകൊണ്ടല്ല. മറിച്ച് അനീതിയ്ക്കെതിരെ ഒരാള്‍ - തന്നില്‍ നിന്ന് വേറിട്ട ഒരാള്‍ - ഇറങ്ങിപുറപ്പെട്ടു എന്നു കാണുന്നതിലാണ്. ഒരു കുറ്റകൃത്യം കൂട്ടത്തോടെ കണ്ടു ആസ്വദിച്ചു നില്‍ക്കുന്ന മാരകമായ മാനസികാവസ്ഥയ്ക്ക് നിരവധി പ്രാവശ്യം നമ്മള്‍ വിധേയരായിട്ടുണ്ട്. പലപ്പോഴും നമ്മുടെ സൈക്ക് മറുകണ്ടം ചാടി കുറ്റവാളികളോട് അനുഭാവം പ്രകടിപ്പിക്കുകയും കുറ്റകൃത്യത്തെ പൌരബോധത്തോടെ തടയാന്‍ ശ്രമിച്ചവ്യക്തിയെ ശത്രുവാക്കുകയും ചെയ്യും. ‘മരിക്കാന്‍ പോകുന്നവനു വെള്ളം കൊടുക്കാന്‍ നീയാരാണ്, ദൈവമോ എന്നത്( ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം‘ ) കഥയിലെ മാത്രം ചോദ്യമല്ല. ആരുടെയോ പ്രശ്നത്തില്‍ ഇടപെടുന്ന ആരോ ഒരാള്‍ സത്യത്തില്‍ വിധിവിഹിതത്തെ ലംഘിക്കുന്ന, ദൈവമാവാന്‍ ശ്രമിക്കുന്ന, നേതാവാകാന്‍ ശ്രമിക്കുന്ന ഒരാളാണെന്നു നമുക്ക് തോന്നുന്നതാണ് അയാളെ എതിര്‍ക്കാതെ പറ്റില്ല എന്ന അവസ്ഥയില്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. താന്‍ ചെയ്യേണ്ടതു ചെയ്യുന്ന തന്റെ മുന്നില്‍ കയറി നില്‍ക്കുന്ന അങ്ങനെ തന്റെ അസ്തിത്വത്തെപ്പോലും അസ്ഥിരപ്പെടുത്തുന്ന ദൈവത്തെയാണ് തെറ്റുകളുടെ സാത്താനെക്കാളും പേടിക്കേണ്ടത്.

സമരം രാഷ്ട്രീയപ്രവര്‍ത്തനമാണ്. അത് ആത്മീയപ്രവര്‍ത്തനവുമാണ്. അവനവനെ/അവളവളെ ബോദ്ധ്യപ്പെടുത്തലാണ് അതിന്റെ ആദ്യപടി. ഈ വാസ്തവമാണ് സാമാന്യബോധം പലപ്പോഴും മറന്നുപോകുന്ന പരിണതി. പീഡകനു മാത്രമല്ല തനിക്കുകൂടി ബോദ്ധ്യം വരാനാണ് തന്റെ സമരത്തെ ഗാന്ധി മതാനുഭവങ്ങളുമായി ചേര്‍ത്തുകെട്ടി ചിട്ടപ്പെടുത്തിയത്. തോക്കെടുത്ത് ശത്രുവിനു നേരെ ചാടുന്നവനും വിശ്വാസത്തിന്റെ ഇരയാണ്. കറുത്തബാഡ്ജുധരിച്ചും വാമൂടിക്കെട്ടിയും തുണിയഴിച്ചും പട്ടിണികിടന്നും സ്വയം ചങ്ങലയ്ക്കിട്ടും ഇന്ദ്രിയ നിഗ്രഹം ചെയ്തും വരിപ്പണം നല്‍കിയും കത്തികൊണ്ട് സ്വയം കുത്തിക്കീറിയും തീപ്പന്തമായി നിന്നെരിഞ്ഞും സമരം ചെയ്യാമെന്നു വരുന്നത് അതുകൊണ്ടാണ്. മുന്‍പ് പാളയത്ത് ആരോടും ഒന്നും മിണ്ടാതെ, നട്ടുച്ചയ്ക്ക് കോട്ടുമിട്ട് അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന ഒരു മനുഷ്യന്‍ ശരീരത്തിലാകെ കുത്തിവച്ചിരുന്ന സിഗററ്റുകൂടുകളിലെ കുത്തിവരകളിലൂടെ നടത്തിയതും സമരമാണ്. മാതൃക ഇങ്ങനെ :
വാര്‍ത്ത
“ ഇന്നു വൈകുന്നേരം 5 മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ മുഖ്യമന്ത്രി കരുണാകരന്‍ പ്രസംഗിക്കുന്നു.“
“അതിനു ഞാനെന്തോ വേണം?”

എങ്കിലും ഏറുകൊള്ളാനായി കാലാകാലം കായ്ക്കുന്ന മാവുകളെ (വിഷ്ണുപ്രസാദ്)പ്പോലെയാണ് ആക്ടിവിസ്റ്റുകള്‍. ആര്‍ക്കുവേണ്ടിയാണോ കായ്ക്കുന്നത് അവരാല്‍ ശിക്ഷിക്കപ്പെടാന്‍ വേണ്ടിയുള്ള വിചിത്രവിധി. മുത്തങ്ങയില്‍ ജാനുവിനെയും ഗീതാനന്ദനെയും നോവിച്ചുവിട്ടത് പൊലീസല്ല, നാട്ടുകാരുതന്നെയാണ്. നവാബ് രാജേന്ദ്രന്‍ ശല്യക്കാരനായ വ്യവഹാരിയായിരുന്നു. (ആര്‍ക്ക്?) നര്‍മ്മദാബച്ചാവോ ആന്ദോളനില്‍ വലിഞ്ഞു കയറിച്ചെന്ന അരുന്ധതി റോയ് വെള്ളം കയറിവന്നപ്പോള്‍ തുണിയും വലിച്ച് എഴുന്നേറ്റോടിയതും മാപ്പെഴുതികൊടുത്ത് കോടതിയലക്ഷ്യത്തിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതും ആയിരുന്നില്ലേ കൌതുക വാര്‍ത്ത? അജിതയെന്തിനാണ് പെണ്‍‌കുട്ടികള്‍ക്കു വേണ്ടി ഇങ്ങനെ ഇറങ്ങി നടക്കുന്നത്? അവരുടെ കാര്യം നോക്കാന്‍ വീട്ടുകാരില്ലേ? ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മരിച്ചുപോയ അഭയയുടെ കാര്യത്തില്‍ കുടുംബക്കാര്‍ക്കില്ലാത്ത താത്പര്യം എങ്ങനെ വന്നു? ചെങ്ങറസമരത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ മഹാശ്വേതാദേവി രാഷ്ട്രത്തിന് അപമാനമാണെന്ന് സുകുമാര്‍ അഴീക്കോട്. നമ്മളപ്പോള്‍ ആര്‍ക്കു വേണ്ടി കടയടയ്ക്കും ? മഹാശ്വേതാദേവിയ്ക്കോ സുകുമാര്‍ അഴീക്കോടിനോ? ദില്ലി, പഞ്ചാബ്, മണിപ്പൂര്‍, ഗുജറാത്ത്, മുംബായ്, നന്ദിഗ്രാം, ഖമ്മം, കോയമ്പത്തൂര്‍, പ്ലാച്ചിമട, ചെങ്ങറ .....ആര്‍ക്കൊക്കെ എവിടെയൊക്കെ ചെല്ലാമെന്നും ആരുടെയൊക്കെ കാര്യത്തില്‍ ഇടപെടാമെന്നും എങ്ങനെയായിരിക്കണം ആ ഇടപെടലുകളെന്നും തീരുമാനിക്കുന്നത് ആരാണ്?
അതല്ലേ കാതലായ പ്രശ്നം?

സത്യവാങ്‌മൂലം !
ബൂലോകത്തു അടുത്തിടെ നടന്ന പ്രതിഷേധസമരവുമായി ഈ പോസ്റ്റിന് ഒരു ബന്ധവും ഇല്ലാ.

17 comments:

  1. :)

    ‘ഇങ്ക്വിലാബ് സിന്ദാബാദ്’

    ബൂലോകത്ത് എല്ലാ പൊസ്റ്റിലും
    കമന്റുകളുടെ പെരുമഴക്കാലം!
    ഇതാ ഇവിടെ രാജാവ് നഗ്നനാണ്
    എന്നു പറഞ്ഞ ബാലനെ ഓര്‍മ്മിപ്പിക്കുന്ന
    ഒരു ബ്ലോഗ് വിജനമായ നിലയില്‍...

    ഈ തീരത്തു ഞാന്‍ അല്പനേരം നില്‍ക്കുന്നു
    വളരെ നാളുകള്‍ക്ക് ശേഷം കാമ്പുള്ള
    ഒരു സത്യം വായിച്ച ചാരിതാര്‍ത്ഥ്യത്തോടെ..

    ചവറ്റുക്കുട്ടയില്‍ തിന്നാന്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്നു ആകാംക്ഷയോടെ
    നോക്കി ...........


    “അതിനു ഞാനെന്തോ വേണം?”
    ഒരു ശരാശരി മലയാളിയുടെ ചിന്താഗതി ഇന്ന്
    ഇതാണ് .. ഒരു ദുഃഖസത്യം!!

    എനിക്ക് മുന്‍പേ ഈ പോസ്റ്റ് വായിച്ചവരുണ്ടാവും
    എന്നാലും ആദ്യ കമന്റ് എന്റെ വക ..
    ആദ്യമായിട്ടാ ഞാന്‍ ഇവിടെ .....

    അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു ..

    ReplyDelete
  2. ഇരുത്തിചിന്തിപ്പിച്ചു കളഞ്ഞു പോസ്റ്റ്‌..

    ReplyDelete
  3. അപ്പം വെള്ളെഴുത്തുണ്ടെന്ന്‌ പറഞ്ഞത്‌ വെറുതെ.
    എല്ലാം കാണുന്നു.

    ReplyDelete
  4. മുടി കറുപ്പിച്ചാല്‍ ഭംഗി കൂടും അതില്‍ യാതൊരു സംശയവുമില്ല പക്ഷെ, അത് പ്രായത്തിനനുസരിച്ചാകണം...!

    തിരക്കു പിടിച്ച ജീവിതത്തില്‍ എവിടെ അല്പനേരം നില്‍ക്കാന്‍ നേരം..? ആ മെലിഞ്ഞ ആള്‍ ചെയ്ത പ്രവര്‍ത്തി അയാള്‍ക്കു മുഴവിപ്പിക്കാന്‍ കഴിഞ്ഞൊ..ഇല്ലാ അയാള്‍ക്കും അയാളുടെ കാര്യം നോക്കണം..!

    ReplyDelete
  5. വിദേശത്തേക്കു് അയക്കാന്‍ കപ്പലില്‍ കയറ്റിയ “മലയാളി ഞണ്ടുകളുടെ” പാത്രങ്ങള്‍ മൂടാതിരുന്നതിന്റെ കാരണം സായിപ്പു് ചോദിച്ചപ്പോള്‍ “ലോഡിംഗ്” കാരന്‍ പറഞ്ഞ മറുപടി കേട്ടിട്ടില്ലേ? "ഇതു് മലയാളി ഞണ്ടുകളാണു് സാര്‍! ഒരുത്തന്‍ വലിഞ്ഞുകയറി എങ്ങനെയെങ്കിലും രക്ഷപെടാന്‍ ശ്രമിച്ചാല്‍ ഉടനെ താഴെയുള്ളവ അവനെ വലിച്ചു് താഴെയിട്ടുകൊള്ളും."

    ജീവിക്കാനായി ചവറ്റുകുട്ടകള്‍ തേടേണ്ടിവരുന്നവര്‍ ലോകത്തില്‍ ഉണ്ടായിരിക്കുന്നതു് നല്ലതാണെന്നു് ചില “വിശുദ്ധര്‍” നമ്മെ പഠിപ്പിച്ചിട്ടില്ലേ? അവരെ കാണുമ്പോള്‍ "മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു് കേറ്റുന്ന" ദൈവത്തിന്റെ മഹത്വം നമുക്കു് തിരിച്ചറിയാന്‍ കഴിയുമല്ലോ! രണ്ടുനാലു് ദിനങ്ങള്‍ കഴിയുമ്പോള്‍ ദൈവം ആ ഭ്രാന്തിയെ തണ്ടിലേറ്റി നടത്തുമായിരിക്കും! ഇല്ലെന്നു് പറയാമോ?

    ReplyDelete
  6. അവസരോചിതമായി മാഷേ...


    ആ സത്യവാങ്മൂലം എനിക്കങ്ങ് ഭോധിച്ചു :))

    ReplyDelete
  7. മുടി കറുപ്പിച്ചാലും ഇല്ലെങ്കിലും നേരം വെളുക്കും വീണ്ടും കറുക്കും.. അതിനിടയിലെ വെളിച്ചത്തില്‍ ഇങ്ങിനെ കുറെ കാഴ്ചകളും. .

    അനീതിക്കെതിരെ പ്രവര്‍ത്തികൊണ്ട്‌ പ്രതികരിക്കണം .. അതിനയില്ലെങ്കില്‍ വാക്കു കൊണ്ട്‌.. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും.. ഐക്യദാര്‍ഢ്യം . അത്‌ മാനസികമായ പ്രതികരണത്തിന്റെ ഒരു രീതി തന്നെ..

    മനസ്സിലെ പ്രതികരണം വാക്കുകളാക്കിയ വെള്ളെഴുത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു.

    പിന്നെ മുകളില്‍ കൊടുത്തിരിക്കുന്ന, സുനാമിയില്‍ മരിച്ച ബന്ധുക്കളുടെ കുഴിമാടത്തിനരികില്‍ കിടന്ന് വിലപിക്കുന്ന സ്ത്രീയുടെ ചിത്രം..
    ഇത്തരം അനീതികളുമായി ബന്ധപ്പെടുത്താമോ.. ?

    ReplyDelete
  8. "അതിവേഗം വെളിയിലേയ്ക്ക് ചാടിയിറങ്ങി തല്ലുന്ന പൊലീസുകാരനും തല്ലുകൊള്ളുന്ന
    ഭ്രാന്തിയായ സ്ത്രീയ്ക്കും മദ്ധ്യത്തില്‍ നിന്ന് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു. അസാധാരണമായ മുഴക്കമുണ്ടായിരുന്നു അയാളുടെ ശബ്ദത്തിന്" ഹൗ, ദേഹമാകെ ഒരു കുളിര്‌. നല്ല ലേഖനം. ആ സത്യവാങ്ങ്‌മൂലം വേണ്ടിയിരുന്നോ എന്നൊരു ശങ്ക...

    ReplyDelete
  9. അടികൊള്ളുമ്പോള്‍ വേദനയുടെ ലാഞ്ഛന മുഖത്തു വരുമെങ്കിലും അവള്‍ തിന്നുന്ന പ്രവൃത്തി ചിരിക്കുകയാണോ എന്നു തോന്നുന്ന മുഖഭാവത്തോടെ തുടര്‍ന്നുകൊണ്ടു തന്നെയിരുന്നു...

    ആര്‍ക്കാണ് ഭ്രാന്ത് ഇവിടെ....
    സ്ത്രീക്കോ,
    പോലിസുകാരനോ
    ആ മദ്ധ്യവയസ്കനോ...
    സമൂഹം മദ്ധ്യവയസന്റെ ഒപ്പമായിരിക്കും.. തീര്‍ച്ച..

    മൂര്‍ച്ച...

    ReplyDelete
  10. ചിതലേ…………… സമൂഹം ആ മദ്ധ്യവയസ്കനോടൊപ്പമാണോ ? ആണെങ്കില് തന്നെ അവസരത്തിനൊത്തു പ്രതികരിക്കാത്ത ഞാനും നിങ്ങളും അടങ്ങുന്നാ സമുഹം ഒപ്പം ഉണ്ടായിട്ടെന്തു കാര്യം.

    ReplyDelete
  11. വെള്ളെഴുത്തേ,
    ഇത്തവണ എന്തോ ഒരു പരത്തിപ്പറയലിന്റെ ക്ലിഷ്ടതയുണ്ട് എന്ന് തോന്നുന്നു.

    ഇനി ചില അഭിപ്രായങ്ങള്‍

    1) മെലിഞ്ഞ് ഷേവ് ചെയ്യാത്ത മുഖമുള്ള ഒരു മദ്ധ്യവയസ്കന്‍ അതിവേഗം വെളിയിലേയ്ക്ക് ചാടിയിറങ്ങി തല്ലുന്ന പൊലീസുകാരനും തല്ലുകൊള്ളുന്ന
    ഭ്രാന്തിയായ സ്ത്രീയ്ക്കും മദ്ധ്യത്തില്‍ നിന്ന് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു.

    ഇങ്ങനെ ഒരു സാഹചര്യം യഥാര്‍ത്ഥത്തില്‍ വെള്ളെഴുത്തിന്റെ ജീവിതത്തില്‍ ഉണ്ടായതാണോ അതോ ഇത്തരത്തിലൊരു ലേഖനത്തിനായി കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണോ എന്ന് അറിയില്ല. പക്ഷേ എന്തായാലും അയാളുടെ പ്രതികരണം അല്‍പ്പം കൃത്രിമത്വം നിറഞ്ഞതായി തോന്നി. ജീവിതത്തിലെ ചില സാഹചര്യങ്ങള്‍ ഓപ്പറകളേക്കാള്‍ കൃത്രിമത്വം നിറഞ്ഞതാകാമെന്നും, പിന്നേ ആ മദ്ധ്യവയസ്കന്റെ ഉദ്ദേശശുദ്ധിയാലും അത് വിട്ടുകളാവുന്നതേ ഉള്ളൂ. എങ്കിലും എന്തെങ്കിലും “ഒന്ന്‍ പറയെടോ” എന്ന് പറഞ്ഞപ്പോള്‍ “ഭാരത് മാതാ കീ ജയ്” എന്ന് വിളിക്കുന്ന ഇന്നസെന്റിനെ, അല്ലെങ്കില്‍ ഒരു കാല്‍പ്പനിക ലാറ്റിനമേരിക്കന്‍ വിപ്ലവമൂവിയെ ഓര്‍മ്മിപ്പിക്കുന്ന സീന്‍.

    2) “നീ ആരാണ് ഇതിലിടപെടാന്‍...” എന്നുള്ളത് മര്‍ദ്ദകന്റെ, അയാളോട് അനുഭാവമുള്ളവന്റെ ചിരസ്ഥായിയായ ചോദ്യമാണ്.
    ഇത്തരം ചോദ്യം എല്ലായ്പ്പോഴും ഉയര്‍ന്നുവരാറുള്ളതാണ്. വെള്ളെഴുത്ത് എഴുതിയതു പോലെയല്ലെങ്കിലും മറ്റൊരു ഒരു സാഹചര്യത്തില്‍ ഇതേ പോലെ ഒരു കാക്കി/ലാത്തിധാരിയോട് എതിര്‍ത്ത് സംസാരിക്കാന്‍ ഇടയായിട്ടുണ്ട്. കോളേജ് വിട്ട് ബസ് കയറുന്നതിനായി ബസ്‌സ്റ്റാന്‍ഡില്‍ ചെന്നപ്പോള്‍ ഒരു പഴക്കടയ്ക്ക് മുന്നില്‍ ഒറ്റതോര്‍ത്തുമാത്രമുടുത്ത് സ്വയംഭോഗം ചെയ്യുന്ന
    ഒരു ഭ്രാന്തന്‍. മെല്ലിച്ച അയാളുടെ ശരീരം ആ പോലീസുകാരന്‍ ലാത്തിയാല്‍ തല്ലിചതയ്ക്കുന്നത് കണ്ടപ്പോള്‍ (ചോരത്തിളപ്പുകൊണ്ടാകണം) “എന്താണിത് സാറേ, തലയ്ക്ക് സ്ഥിരം ഇല്ലാഞ്ഞിട്ടല്ലേ? ഇവരെ പാര്‍പ്പിക്കുന്ന ഏതെങ്കിലും ഗവണ്മെന്റ് ഷെല്‍ട്ടറില്‍ ആക്കരുതോ?” എന്ന് ചോദിച്ചപ്പോള്‍ ആദ്യം ആ പോലീസുകാരന്‍ ചെയ്‌തത് എന്റെ തല ബലം‌പ്രയോഗിച്ച് തിരിച്ച് ഭ്രാന്തന് എതിര്‍വശത്തായി (ബസ് കാത്തുനില്‍ക്കുന്ന) ചൂളി നില്‍ക്കുന്ന പെണ്‍കുട്ടികളെ ആയിരുന്നു. “മറ്റുള്ളവരുടെ നഗ്നത കാണുമ്പോള്‍ നാം നമ്മൂടെ നഗ്നതയെ ഓര്‍ക്കുന്നു, അതിനാലാണ് ലജ്ജ തോന്നുന്നത്” എന്നുള്ള ഫ്രോയിഡീയന്‍ ചിന്താധാരയിലേക്കൊക്കെ മനസു പോകും മുന്നേ കഴുത്തിലെ പിടുത്തത്തിന്റെ ബലം കൂടി വന്നു.(പക്ഷേ ഒരിക്കലും ഞാന്‍ “ഈങ്കുലാബ് സിന്ദാബാദ്” എന്ന് വിളിച്ചിരുന്നില്ല). “ഇവന്മാരെ ഷെല്‍ട്ടറിലോ ആശുപത്രിയിലോ കൊണ്ടാക്കലല്ല ഞങ്ങളുടെ പണി” എന്നും പറഞ്ഞ് കാക്കി/ലാത്തിധാരി നടന്നുനീങ്ങി (എന്റെ കഴുത്ത് സ്വതന്ത്രമായി!).

    3)“ ഇന്നു വൈകുന്നേരം 5 മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ മുഖ്യമന്ത്രി കരുണാകരന്‍ പ്രസംഗിക്കുന്നു.“
    “അതിനു ഞാനെന്തോ വേണം?”


    എല്ലാ കാര്യങ്ങളിലും നമുക്ക് അനുകൂലമായോ,പ്രതികൂലമായോ ഒരു നിലപാട് വേണം എന്നതിലെ ശരി/രാഷ്ട്രീയം എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലപ്പോഴെങ്കിലും നിസീമമായ ഒരു മൂന്നാംകരയില്‍ അഭയം തേടുന്നതില്‍ തെറ്റുണ്ടോ?
    “ഓഹ്!കരിങ്കാലി കരുണാകരന്‍..“ എന്നോ “ഓഹ്! ലീഡര്‍ വരുന്നുണ്ടോ” എന്നുമുള്ള അഭിപ്രായപ്രകടനം പോലെ ഒരു സ്വാഭാവിക പ്രതികരണമായി “അതിനു ഞാനെന്തോ വേണം?” എന്നതിനെ പരിഗണിക്കാത്തതിലെ രാഷ്ട്രീയമെന്ത്? (ഇതേ പോലെ ഒരു തന്ത്രം തന്നെ അല്ലേ “ഒന്നുകില്‍ നിങ്ങള്‍ അമേരിക്കയുടെ കൂടെ... അല്ലെങ്കില്‍.. “ എന്ന യാങ്കിനയത്തിലും കാണെണ്ടുന്നത്? രണ്ട് ഉത്തരം മാത്രം ഓപ്ഷന്‍ നല്‍കി അനേകം ഉത്തരങ്ങള്‍ക്ക് സാധ്യതയുള്ള ചോദ്യം ആയാരുന്നതിലെ രാഷ്ട്രീയമെന്ത്? )

    4)അനീതിയാണെന്ന് വ്യക്തമായി അറിയാവുന്ന കാര്യത്തില്‍ ഇടപെടാന്‍ നമ്മെ ആരെങ്കിലും ചുമതലപ്പെടുത്തണോ?...
    ആര്‍ക്കൊക്കെ എവിടെയൊക്കെ ചെല്ലാമെന്നും ആരുടെയൊക്കെ കാര്യത്തില്‍ ഇടപെടാമെന്നും എങ്ങനെയായിരിക്കണം ആ ഇടപെടലുകളെന്നും തീരുമാനിക്കുന്നത് ആരാണ്?...

    ചെറിയ ഒരു സംഗതി ചോദിച്ചുകൊള്ളട്ടെ, മാസ്‌സൈക്കിയുടെ(അത് പോസറ്റീവ് ആണെങ്കില്‍ കൂടെ) ഒരു ഇടപെടല്‍ ഇതില്‍ വരുന്നില്ലേ? ഇറാക്ക് കുവൈത്തിന്റെ ആക്രമിച്ചപ്പോല്‍ അത് രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും; മറിച്ച് അമേരിക്ക ഇറാക്ക് ആക്രമിച്ചപ്പോള്‍ അത് അധിനിവേശവും ആകുന്നത് ?... കശ്മീര്‍ ആഭ്യന്തര പ്രശ്നവും, തിബത്ത് അന്താരാഷ്ട്രപ്രശ്നവും ആകുന്നത് ?...

    “ആരാണ് ഇടപെടുന്നത്?” എന്നത് നവലിബറല്‍/നവകൊളോണിയല്‍ കാലഘട്ടത്തില്‍ ശക്തമായ ഒരു ചോദ്യം തന്നെയാണ്. അതിന്റെ അത്ര ലഘുതരമാക്കി അവഗണിക്കാനാകില്ല തന്നെ. “ഹിഡന്‍ അജണ്ട” എന്ന ഉമ്മാക്കി ഈയിടെ സ്ഥാനത്തും അസ്ഥാനത്തും പ്രകടിപ്പിക്കുന്ന ഒന്നാണെങ്കിലും ദീര്‍ഘവീക്ഷണം നേരിടേണ്ടുന്ന ഒരു കാര്യത്തില്‍ അത് പ്രസക്തവുമാണ്. മരുഭൂമില്‍ തണല്‍ തരുന്ന വൃക്ഷങ്ങള്‍ക്ക് ഒറ്റുകാരന്റെ റോള്‍ നിശ്ചയിക്കപ്പെടുന്ന ഏലികോഹ്ലാന്‍ സിംബലായിമാറാന്‍ ഒരു വൃധിക്ഷയകാലം പോലും വേണ്ടാ എന്നതു തന്നെയാണതിന്റെ കാരണവും.

    തല്‍ക്കാലം നിര്‍ത്തുന്നു.
    സസ്നേഹം...

    ReplyDelete
  12. മാണിക്യം, അനോണിമാഷിന്റെ ‘ഒരു കമന്ററ’ പോസ്റ്റാണ് ഓര്‍മ്മവന്നത്. ഇവിടെ അങ്ങനെയല്ലല്ലോ. ഇത്രയൊക്കെ തന്നെ ധാരാളം. പാമരാ, കുഞ്ഞാ, ഉഗാണ്ട, അഭയാര്‍ത്ഥീ, വെള്ളെഴുത്തുണ്ട്.. അക്കാര്യത്തില്‍ എനിക്കു സംശയമില്ല.. :)
    ഗുപ്താ അതായിരുന്നില്ലേ പോസ്റ്റ്..ബഷീറേ, അതിന് മറ്റൊരര്‍ത്ഥമില്ലേ? നിസ്സഹായമായ ഒരു പ്രതിഷേധത്തിന്റെ? ഡിങ്കാ.. പരത്തിപ്പറയല്‍ ഈ പോസ്റ്റിന്റെയല്ല, ഇവിടുള്ള മറ്റെല്ലാ പോസ്റ്റിന്റെയും ഒരു ദുര്‍ഗുണമാണ്. ഇവിടത്തെ അതിവാചാലത കാരണം ബൂലോകത്തിലെ രണ്ടു പ്രധാന കക്ഷികള്‍ ഇപ്പോള്‍ എന്റെ ബ്ലോഗുപേക്ഷിച്ച് പോയിട്ടുണ്ട്!! :(
    1. ഇങ്ങനെയൊരു സംഭവം ഭാവനചെയ്യാനുള്ള കോപ്പൊന്നും എനിക്കില്ലെന്ന് നേരിട്ട് കണ്ടപ്പോള്‍ തന്നെ മനസ്സിലാക്കി കാണുമല്ലോ. ഇതു കല്‍പ്പിച്ചുകൂട്ടിയതല്ല. നാടകീയതയുണ്ട്. പക്ഷേ കൃത്രിമത്വം ഇല്ല. സംഭവം ഇങ്ങനെ അവതരിപ്പിച്ചതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ആ താടിക്കാരന്‍ അറിയാന്‍ വയ്യാത്ത ആളുമല്ല. (അത്രയും ഇപ്പോള്‍) ഒരിക്കല്‍ വാറംഗലില്‍ വച്ചും ഇതുപോലൊരു രംഗത്തിനു നേരിട്ട് സാക്ഷിയായിട്ടുണ്ട്.. തെലുങ്കിലാണവര്‍ സംസാരിച്ചത്.. വിളിച്ചത് ഇങ്കുലാബ് എന്നു തന്നെ.
    2. ഇതുപോലൊരു സംഭവത്തില്‍ താങ്കള്‍ തന്നെ ഭാഗഭാക്കായിരുന്ന സ്ഥിതിയ്ക്ക് ഞാന്‍ പറഞ്ഞ സംഭവത്തിന്റെ ‘പതിര്‘ (അതു കൂടുതലാണെങ്കിലും) ചേറ്റിക്കൊഴിക്കാവുന്നതെയുള്ളൂ...
    3. പാളയത്ത് അലഞ്ഞു തിരിഞ്ഞിരുന്ന ആ മനുഷ്യനെപ്പറ്റി ഡി വിനയചന്ദ്രനും ലെനിന്‍ രാജേന്ദ്രനും എഴുതിയിട്ടുണ്ട്. അവ നോക്കിയിട്ട് കണ്ടില്ല. അയാള്‍ കോട്ടു നിറയെ കുത്തിവച്ചിരുന്നു സിഗരറ്റു കൂടുകള്‍ അതില്‍ പ്രത്യേക രാഷ്ട്രീയം ഇല്ല. ഞാന്‍ എടുത്തെഴുതിയതിലാണ് കുഴപ്പം. മുഖ്യമന്ത്രി എന്നതിനു ഊന്നല്‍ നല്‍കിയാല്‍ തീരുന്നപ്രശ്നമെയുള്ളൂ അതിനുള്ളില്‍. ഏതാണ്ട് ആ വഴിയ്ക്കായിരുന്നു അയാളുടെ കമന്റുകള്‍ എന്നാണ് ഓര്‍മ്മ. നയനാരെക്കുറിച്ചോ മറ്റെതെങ്കിലും മന്ത്രി/നേതാവിനെക്കുറിച്ചോ ഇതുതന്നെ അയാള്‍ എഴുതി വച്ചിരുന്നിരിക്കും. ഇതൊന്നുമല്ലാതെ മറ്റേതെങ്കിലും പ്രശ്നത്തെക്കുറിച്ചും കുറിപ്പുകള്‍ ഉണ്ടായിരുന്നിരിക്കും.. അതെല്ലാം ഇനി എങ്ങനെ തിരഞ്ഞ് അറിയാനാണ്. ഇങ്ങനെയൊന്നുണ്ടായിരുന്നു എന്നേ പറയാന്‍ വയ്ക്കൂ. അന്ന് അഭിമുഖമായി കടന്നുപോയ മനുഷ്യനെ ഒരിക്കലും ‘വക’ വച്ചിരുന്നില്ല. ഇന്നു തിരിഞ്ഞു നോക്കുമ്പോഴാണ്...
    4. സത്യത്തില്‍ എനിക്കറിയില്ല. ഇടപെറ്റലുകള്‍ ഏതുകോണില്‍ നിന്നാണെന്ന് പകയ്ക്കാനേ പറ്റുന്നുള്ളൂ..മനസ്സറിയാതെ ഗൂഢമായ താത്പര്യങ്ങള്‍, അതു കുടുംബപ്രശ്നത്തിലായാലും ചന്തമുക്കിലെ വഴക്കിലായാലും കേരളരാഷ്ട്രീയത്തിലായാലും തിബറ്റ് ഇറാക്ക് പ്രശ്നത്തിലായാലും വെളിപ്പെട്ട് പോകാറുണ്ട്. അതിന്റെ നാണക്കേടിനാണ് ജീവിതംഎന്ന പേര്.
    സി കെ, ജയരാജന്‍, ചിതല്‍, ചെങ്ങമനാടന്‍ എല്ലാവര്‍ക്കും പ്രത്യേക നന്ദി. (ഇങ്ങനെയാണോ വേണ്ടതെന്ന ചമ്മലോടെ)

    ReplyDelete
  13. സോറി ഒരു ഓഫ്
    സോറി Chengamanadan ...
    ഞാന്‍ പറഞ്ഞത് ഭ്രാന്ത് ആണ്.. സമൂഹം പറയും അയാള്‍ക്കാണ് ഭ്രാന്ത് എന്ന്.. അല്ലാതെ ഇങ്ങനെയുള്ള കാര്യത്തില്‍ സമൂഹം ഇടപെടേ....

    ReplyDelete
  14. നല്ല പോസ്റ്റ്‌!

    ReplyDelete
  15. പ്രതികരിക്കുന്നവരുന്ദ് എന്നത് വലിയ ആശ്വാസം തന്നെ.

    ReplyDelete
  16. കാണാറുണ്ട്; ഇടയ്ക്ക് അടിച്ചു മാറ്റാറും ഉണ്ട്;) ഇഷ്ടം കൊണ്ടാണ്, കേട്ടോ.

    ReplyDelete