June 22, 2008
കെ ജി എസ് കവിതകള്‍ 1997-2007
‘സമയം വേണ്ടുവോളമുള്ളതു കൊണ്ട് പതുക്കെ എഴുന്നേറ്റാല്‍ മതി’യെന്നു ‘കൊച്ചിയിലെ വൃക്ഷങ്ങളി‘ല്‍ എഴുതിയിട്ടതിന്റെ ബാക്കിയിലേക്കാണ് 1997 മുതല്‍ 2007 വരെയുള്ള പത്തുവര്‍ഷകാലയളവില്‍ കെ ജി എസ് എഴുതിയ കവിതകളുടെ സമാഹാരം കണ്ണയയ്ക്കുന്നത്. ‘പച്ചവിറകുകള്‍ക്കു മേല്‍ കിടന്ന് എരിപൊരികൊള്ളുന്ന ഒഴിവുകഴിവുകള്‍ക്ക്‘ ഇക്കാലം കൊണ്ട് സൂക്ഷ്മമായ ധ്വനികള്‍ വന്നുച്ചേര്‍ന്നിട്ടുണ്ട്. അയോദ്ധ്യയിലെയും ആനന്ദനിലെയും ബംഗാളിലെയും രാഷ്ട്രീയാവേശം ചുഴലികള്‍ മടക്കി, ഒച്ചയടക്കി, ആന്തരിക സംഘര്‍ഷത്താല്‍ കൂടുതല്‍ മൌനിയായിരിക്കുന്നു. (അവയുടെ ഉള്‍മുഴക്കങ്ങള്‍ മുന്നത്തേതിലും തീക്ഷ്ണമായി തന്നെ) ‘വേരിലുറച്ച് കാറ്റിലുലയുന്ന ഗതാഗതാനുഭവങ്ങള്‍’ മാത്രമായി ‘ഞാന്‍’ കുറേക്കൂടി പരിഹാസ്യനും അതുകൊണ്ടു തന്നെ ആത്മനിന്ദയാല്‍ ഉള്‍നീറ്റം അനുഭവിക്കുന്നവനുമായി ജന്മദീര്‍ഘമായി നീങ്ങുന്നു. പാരമ്പര്യത്തിന്റെ സൂക്ഷ്മധ്വനികള്‍, അവ തന്നെ പഴഞ്ചനാക്കുകയാണെന്ന പഴയ ബോധത്തില്‍ നിന്ന് വിടുതല്‍ നല്‍കി തുടങ്ങിയിരിക്കുന്നു. പ്രവാസിത, ദേശാന്തരവും ദേഹാന്തരവുമായി വ്യത്യസ്തമായ അവബോധവും അനുഭവവുമായി നിറയുന്നു. വായനയുടെ പെരുപ്പവും ഇഴയടുപ്പവും, ഇരുളും നിഴലും കൂടിക്കുഴഞ്ഞ ചിത്രമായി, കമ്പോടുകമ്പ് കഥാപാത്രങ്ങളും ബിംബങ്ങളുമായി കൂടുതല്‍ മിഴിവോടെ അവതരിക്കപ്പെടുന്നു. പുതിയൊരു പ്രതീതിയാഥാര്‍ത്ഥ്യം വര്‍ണ്ണപ്പീലികളുമായി മുന്നില്‍ വിരിഞ്ഞാടുകയാണെന്ന ബോധം രൂഢമാവുന്നു. ബദലുകളില്ലാതെ മുന്നില്‍ സന്നിഹിതമാവുകയാണ് നവമുതലാളിത്തലോകക്രമം എന്ന സംശയം ബലപ്പെടുന്നു. ഇരട്ടവരയ്ക്കുള്ളില്‍ തപ്പിയും തടഞ്ഞും നീങ്ങുന്ന ഭാഷയുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍, സാംസ്കാരിക ഉപചാരങ്ങളുടെ മിനുക്കുവച്ച മര്യാദകള്‍, ബോധത്തെ പലപ്പോഴും അപ്രസക്തമാക്കി കടന്നുവന്നുകൊണ്ടേയിരിക്കുന്ന ഭൂതം, തകരാറു പിടിച്ച സമകാലം ഇതെല്ലാം കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന (മദ്ധ്യവര്‍ഗജീവിതത്തിന്റെ) ഉള്ളിലെ ശൂന്യസ്ഥലങ്ങളും ശൂന്യകാലവുമാണ് കവിതയുടെ കാലാവസ്ഥ.
സ്വയം പരിഹാസത്തിലൂടെ, തിടം വച്ചു വലുതാവുന്ന സമൂഹത്തിന്റെ നിവൃത്തികേടുകള്‍ക്കു തന്നെയാണ് കവി നാവു വച്ചു കൊടുക്കുന്നത്. ‘ഏതു ആനന്ദത്തിലുമുണ്ട് ഇത്തിരി ബലി’ എന്നത് തന്നെതന്നെ ചികിത്സിക്കലാണ്. (മേള) ഇങ്ങനെയൊക്കെയല്ലേ സമരസപ്പെട്ടങ്ങ് പോകേണ്ടത്? ചങ്ങാത്തത്തിന്, വിവാഹത്തിന്, ഉറക്കത്തിന്, ഉണര്‍വ്വിന് ഒക്കെയും മരുന്നുണ്ട്. (വീട്ടു മരുന്ന്) അതുമതിയാവും. ഏറെ ചിരി, കരച്ചില്‍, പഠിപ്പ്, പറച്ചില്‍, കയര്‍ക്കല്‍, ക്ഷമ എല്ലാം വര്‍ജ്ജ്യം. (ആയിക്കുന്നന്‍) അതി സര്‍വത്ര വര്‍ജ്ജയേല്‍ ! കാമുകിയെപ്പോലും തൊടാനാവാത്ത പേടി ആദര്‍ശമാവുന്നത്, അതുകൊണ്ട് കിരീടം നിലനിര്‍ത്താം എന്നു കാണുമ്പോഴാണ്. (പേടി കൊണ്ട് ഒരാള്‍) പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒന്നും ആവാതിരിക്കുക ‘മാദ്ധ്യസ്ഥ’ അവസ്ഥയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തെയും മൊയന്താക്കുന്നത്. “കുഞ്ഞമ്പുവിന്റെ വായിലെ മുറുക്കാന്‍/ നിലത്തു ചിതറിയിരുന്നു/ നുറുങ്ങിയ വെറ്റില അറ്റയ്ക്ക../ കേരളീയതയുടെ ചിഹ്നങ്ങള്‍/ പാതിപോലും മുറുകാതെ/ മുഴുചുവപ്പോ/മുഴക്കാവിയോ/ആകാതെ.(മറ്റവന്‍)പൂമാല, കുരിശുമാല, താലി, സ്തെത്ത്.. കഴുത്തിലെന്താണോ അതാണു തന്റെ ഭ്രമണപഥം (ഭ്രമണന്‍) എന്ന് ജീവിതത്തിലേയ്ക്ക് അരിച്ചരിച്ചു കയറി ഇരിപ്പായ ഇടുക്കമുണ്ട് ഇപ്പറഞ്ഞ മനോഭാവങ്ങളൊക്കെ. മറവികള്‍ പ്രിയതരമാവുന്നത്, കടമകളെയും ഉത്തരവാദിത്വങ്ങളെയും ഒഴിവുകഴിവുകളുടെ പ്രകരണങ്ങളിലേയ്ക്ക് ഭാഷാന്തരം ചെയ്യുന്ന കാലത്തിലാണ്.
കവി(ത)യില്‍, ഭൂതകാലം എതു സന്ദര്‍ഭത്തിലും തിരമാറ്റി മുന്നിലേയ്ക്കു വരാവുന്നതരത്തില്‍ വിളിപ്പുറത്ത് സന്നദ്ധമാണ്. അതു അയ്യപ്പപ്പണിക്കരെയും ആര്‍ രാമചന്ദ്രനെയും സുധീര്‍ ധറിനെയും പാത്തുമ്മയുടെ ആടുകളെയും നാറാണത്തെ ഭ്രാന്തിനെയും അലാവുദീനെയും തൊട്ട് യേശുവിലേയ്ക്കും അബുഗ്രെയ്ബിലേയ്ക്കും സംഘകാലത്തിലേയ്ക്കും ഗുഹാമുഖങ്ങളിലേയ്ക്കും പിന്നെയും പിന്നെയും പുറകോട്ടൊഴുകും. ഓര്‍മ്മ, ചരിത്രം, വായന, വാക്ക് എന്നിവയെ കവിത കൂട്ടിയിണക്കുന്ന വഴിയാണിവിടെ ‘ഭൂതം‘. സിനിമയും പുസ്തകങ്ങളും അവയിലെ ആശയങ്ങളും കഥാപാത്രങ്ങളും അനുഭവങ്ങളും ഒക്കെയായി നിരന്തരമായി പുറപ്പെട്ടുവരാന്‍ സജ്ജമായി നില്‍ക്കുന്ന ഒന്നായത് പ്രത്യക്ഷമാവുന്നു. അതെപ്പോഴും ഇരുണ്ടതല്ല. ‘ആധുനികതയും കാളയും -ഒരു സംവാദമെന്ന കവിതയില്‍ പ്രത്യക്ഷമായി തന്നെ ഈ പ്രത്യേകതയുണ്ട്. പാത്രബാക്കി (പാട്ടബാക്കി) പുരുഷപ്രബന്ധം (പൂരപ്രബന്ധം) ഭ്രമണന്‍ (രമണന്‍) ശരണനാളം (ശമനതാളം) എന്നിങ്ങനെ ഭാഷയുടെ ഭൂതാവിഷ്ടത ഒരു രചനാതന്ത്രമെന്ന നിലയില്‍ ആവിഷകരിക്കുന്നതോടൊപ്പം വരികള്‍ പാരഡികളായും അവതരിക്കുന്നുമുണ്ട്. കെ ജി എസ്സിന്റെ കവിത സ്വതവേ അവലംബിക്കുന്ന സംവാദത്തിന്റെ ഒരു സാദ്ധ്യതയാണത്.
‘ഇത്തിരിശ്ശെ സ്വയം പോറ്റാന്‍ ഇത്തിരിശ്ശെ സ്വയം കൊല്ലേണ്ടതിന്റെ ആവശ്യകത’ കവി ചര്‍ച്ച ചെയ്യുന്നുണ്ട് ‘അശനം‘ എന്ന കവിതയില്‍. ‘മാനം വേവിച്ച് കാച്ചിയ നുണകൂട്ടി തിന്നുക’ എന്ന തീര്‍പ്പിലാണ് അവസാനം കവിതയിലെ സംവാദം എത്തിച്ചേരുന്നത്. സ്വാതന്ത്ര്യത്തെ ഭരണം കൊണ്ടും വ്യക്തിയെ ബിംബം കൊണ്ടും ധൈര്യത്തെ ഡാവുകൊണ്ടും കൊല്ലാം. (കൊന്നു, അത്രതന്നെ) കൊല്ലാനാവാത്തത് ഭക്തിപുതച്ച ഓര്‍മ്മക്കാവുകളായ അമ്മമാരെയാണെന്ന് മറ്റൊരു കവിതയില്‍. (കൊല്ലാം/വയ്യ) പക്ഷേ അതുകൊണ്ടും വളരുകയാണ് പലമക്കള്‍, സ്ഥലത്തെ ദിവ്യന്മാര്‍ എന്നിടത്ത് കാലികമായ കൊലപാതക രാഷ്ട്രീയത്തിന്റെ നേര്‍ക്ക് തുറക്കുന്ന മൂന്നാം കണ്ണുണ്ട്. പ്രണയത്തെപ്പറ്റി പരാമര്‍ശിക്കുന്ന കവിതകളിലെല്ലാം വൈരുദ്ധ്യങ്ങളുടെ പുറപ്പാടു കാണാം. അവയുടെ എണ്ണം ചെറുതല്ല. ഏതിരുട്ടിലും തെളിയുന്ന പ്രണയതിരിവെട്ടം (പോംവഴി) മറ്റൊരിടത്ത് ‘പ്രേമമില്ലാത്ത ഇടയന്‍ പ്രേമമില്ലാത്ത പെണ്ണിനെ പിടിച്ച് വലിച്ചുകൊണ്ടുപോകുന്ന‘ (മുജ്ജന്മങ്ങളെ തൊട്ട്) പോക്കില്‍ ചത്തുമലച്ച വെളിച്ചത്തിന്റെ ജഢമായും വരും. പ്രണയം മരണം പോലെയാണെന്ന് ചോദിക്കുന്നത് ജീവിതം മുഴുവനുമാണെന്നും ‘കല്ലഹല്യ’യില്‍. ആ അറിവു തന്നെയാവണം മാറിയ കാലത്തില്‍, സൂസനും രാമനും തമ്മിലുള്ള കത്തെഴുത്തില്‍ (പ്ലാവും പോപ്ലാറും) സുനില്‍ സ്വാമിയുടെ ആത്മഗതത്തില്‍ (രമണയാമം കഴിഞ്ഞ്) ചോദ്യക്കൊമ്പുരസ്സി ഇണയുടെ കിനാക്കണ്ണു മുറിയ്ക്കുന്നിടത്ത് (പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു) ഇത്ര വരള്‍ച്ച ഇപ്പൊഴേ വേണ്ടെന്നു ബൈ പറയുന്ന ക്യാമ്പസ്സിലും (ത്രിമാനലോകത്തിനപ്പുറം) എല്ലാം അതിപ്രായോഗികത, ഇരട്ടനാവുകള്‍ ചുഴറ്റി നില്‍ക്കാനുള്ള കാരണം.
ലോകം ഇങ്ങനെയൊക്കെയായതുകൊണ്ടാണ് കവിയ്ക്ക് പെട്ടെന്നു മുറിവുകളേല്‍ക്കുന്നത്. (ബാന്‍ഡേജ്) പ്രായമേറുംതോറും കൂടുതല്‍ കൂടുതല്‍ വായ തുറക്കുന്ന മുറിവുകളല്ലേ കവിതയെന്ന വേദനയുടെ കാതല്‍. നോവുകള്‍ മുട്ടുന്ന മുറിവുകളുമായി കൂടുതല്‍ കൂടുതല്‍ നിശിതമായി വരുന്ന കാലത്തിനും ലോകത്തിനും മുന്നില്‍, തമ്മില്‍ തൊടാത്ത നാഗരിക നോട്ടങ്ങളില്‍ സ്വയം മറവു ചെയ്യാന്‍ യാത്രയാവുകയല്ലാതെ മറ്റെന്തു നിവൃത്തി ?
----------------------------------------------------
കെ ജി എസ് കവിതകള്‍ 1997-2007
കെ ജി ശങ്കരപ്പിള്ള
ഡി സി ബുക്സ്
“പ്രായമേറുംതോറും കൂടുതല്‍ കൂടുതല്‍ വായ തുറക്കുന്ന മുറിവുകളല്ലേ കവിതയെന്ന വേദനയുടെ കാതല്‍.” വായനക്കവിത!
ReplyDeleteകൂടുതൽ വായനയിലേക്ക് വഴികാട്ടുന്ന നല്ല പരിചയപ്പെടുത്തൽ
ReplyDeleteലേഖനത്തിന് നന്ദി.
ReplyDeleteപുസ്തകത്തെ പരിചയപ്പെടുത്തുക എന്ന സദുദ്ദേശത്തില്‍ ഒരു വാരാന്തപ്പതിപ്പിനുവേണ്ടി എഴുതിയതാണ്. മനസ്സറിയാതെ ചില താത്പ്പര്യങ്ങള്‍ കലര്‍ന്നു പോയി. ശ്രീ (വേറൊരു ശ്രീകൂടി ബൂലോകത്തുള്ളതിനാല്‍ പേരു മാറ്റുന്നതിനെക്കുറിച്ച ഗഹനമായി ആലോചിക്കുക) കുട്ടനാടന്‍, പ്രമോദ് വളരെ നന്ദി. യഥാര്‍ത്ഥ പുസ്തകം വായിക്കണേ, ലേഖനം വായിച്ചതിന്റെ ദുസ്സ്വാദ് മാറാന്‍ വേറെ മരുന്നില്ല. :)
ReplyDelete