June 27, 2008
പല പോസിലുള്ള ചവിട്ടുകള്‍
സച്ചിദാനന്ദന്റെ സമ്പൂര്‍ണ്ണകവിതാസമാഹാരം സൂക്ഷ്മതയും ഭാവുകത്വവുമുള്ള വായനക്കാരന്‍ എന്ന നിലയില്‍ ഒരു ലേഖനമായി മാധ്യമത്തില്‍ അവതരിപ്പിക്കപ്പെടുന്നിടത്തു നിന്നാണ് കെ പി നിര്‍മ്മല്‍കുമാര്‍ എന്ന (ഉത്തര)ആധുനിക കഥാകൃത്തിന്റെ ഭാഷാ സാഹിത്യ സൌന്ദര്യ പക്ഷപാതങ്ങളില്‍ ശ്രദ്ധിക്കാന്‍ ചിലതെല്ലാമുണ്ടല്ലോ എന്ന് സാമാന്യജനം ചിന്തിച്ചുവശായത്. കഥകളെ നേരത്തേ ശ്രദ്ധിച്ച് കോട്ടുവായിട്ടതാണ്. പിന്നെ കെ പി അപ്പനാണ് ആളുകളില്‍ ആശയക്കുഴപ്പം കുത്തിവച്ചത്. നിര്‍മ്മല്‍ കുമാറിനെയും മേതില്‍ രാധാകൃഷ്ണനെയും ഒരേ നുകത്തില്‍ കെട്ടി ‘അപാരമ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹം’ എന്നെഴുതി.(പേനയുടെ സമരമുഖങ്ങള്‍) ‘അര്‍ത്ഥരാഹിത്യത്തിന്റെ ഗഹനദീപ്തിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണം‘ നിര്‍മ്മലിന്റെ ‘സതി‘യെന്നെഴുതി ‘കഥ: ആഖ്യാനവും അനുഭവസത്തയും‘ എന്ന കൃതിയില്‍. (ഈ പ്രശംസാവാക്യം വ്യാജസ്തുതിയല്ലേ എന്നെനിക്കു സംശയമുണ്ട് കാരണം ട്രോസ്‌മനെ വച്ചുകൊണ്ട് അപ്പന്‍ തന്നെ പറയുന്നത്, സ്വപ്നം കാണുന്നവന്‍ വിനിമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണ് സ്വപ്നം ഒരു ചീത്ത ഫലിതമാകുന്നത് എന്നാണ്. അതവിടെ നില്‍ക്കട്ടെ)
സച്ചിദാനന്ദന്‍ എന്ന പിതൃരൂപം വാണരുളുന്ന സാഹിത്യസിംഹാസനം ഇനിയും അങ്ങനെയങ്ങ് ഏകപക്ഷീയമായി വിട്ടുകൊടുക്കുന്നതു ശരിയാണോ ഒരു സമ്പൂര്‍ണ്ണവിപ്ലവം സാഹിത്യത്തിലും വേണ്ടേ അതിനു ഇടിമുഴക്കം വരെ കാക്കണോ എന്നെല്ലാം ആലോചിച്ച് ജനം കല്ലെടുത്ത് കൈയില്‍ വച്ച് എറിയണോ വേണ്ടയോ എന്ന് സംശയിച്ചു നില്ക്കുന്ന സമയത്താണ് ആദ്യ എറ്റ്, ശ്രീ നിര്‍മ്മല്‍ കുമാറില്‍ നിന്നും വരുന്നത്. പിതൃഹത്യയും ഭ്രാതൃഹത്യയും വിപ്ലവം തന്നെ. ഇംഗ്ലീഷറിയാത്ത ആധുനികതയുടെ മലയാള സന്തതികളെ, അത് അന്ത നാളുകളില്‍ പറഞ്ഞു പഠിപ്പിച്ചതും സച്ചി തന്നെ. തന്നെ തന്നെ. എന്തൊരു വിരോധാഭാസം! നിര്‍മ്മലിന്റെ ലേഖനത്തില്‍ വ്യാജസ്തുതികളും സ്തുതിനിന്ദകളും ധാരാളം. ‘അതുതാനല്ലയോയിതെന്നു‘ സംശയിക്കാന്‍ പഴുതുകള്‍ ധാരാളം. സച്ചിദാനന്ദന്റെ ‘ചൂണ്ടിക്കാട്ടപ്പെട്ട‘ ഭാഷാവൈകല്യങ്ങളില്‍ ‘ഒരു’ വിന്റെ ആധിക്യമാണ് ഒന്നാം സ്ഥാനത്ത്. സ്ഥാനത്തും അസ്ഥാനത്തും ‘ഒരു’. (അമ്മയെ ‘ഒരു’ പാമ്പു കടിച്ചു എന്ന് ഇന്‍ഡെഫിനിറ്റ് ആര്‍ട്ടിക്കിളിനെ കൂട്ടുപിടിച്ച് മലയാളത്തില്‍ എഴുതരുതെന്ന് കെ എം ജോര്‍ജ് പണ്ടേ പറഞ്ഞിട്ടുള്ളതാകുന്നു. ഇംഗ്ലീഷ് പ്രഫസറന്മാരുണ്ടോ കെ എം ജോര്‍ജ്ജിനെ കേള്‍ക്കുന്നു?) ചില ഊഹക്കച്ചവടങ്ങളൊക്കെ നടത്തിയാല്‍ ഭാഷപോലും നേരേചൊവ്വേ എടുത്തുപിടിക്കാന്‍ അറിയാത്തവനാണ് ആധുനികതകവിതയുടെ ഇളയച്ഛനായ സച്ചി എന്നര്‍ത്ഥം കൂക്കിവിളിപോലെ തെളിഞ്ഞുവരും. ‘വാക്കുകളെ വിറപ്പിക്കുന്ന ദുര്‍ഗ്രഹത’ അവകാശമാക്കിയ എഴുത്തുകാരനായതുകൊണ്ട് ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്ര ഗൌരത്തിലെടുത്തില്ല ആളുകള്‍ എന്നു തോന്നുന്നു. കാരണം തുടര്‍ചര്‍ച്ചകളുടെ അഭാവം തന്നെ. ഇതാദ്യമൊന്നുമല്ല ആളുകളിങ്ങനെ കാര്യഗൌരവമില്ലാതെ പെരുമാറുന്നത്. സാഹിത്യേതരമായി എഴുതിയ ഒരു ഉപന്യാസത്തില്‍ കെ പി നിര്‍മ്മല്‍ കുമാര്‍ പണ്ട് ഗള്‍ഫുകാര്‍ക്കിട്ടു ഒരു താങ്ങു താങ്ങിയിട്ടുണ്ടായിരുന്നു. ഗല്‍ഫില്‍ പണിയുന്നവര്‍ക്ക് പ്രത്യേക കൊമ്പൊന്നുമില്ലാത്തതുകൊണ്ടും വിയര്‍പ്പിന്റെ നാറ്റവും അതിന്റെ തന്നെ വിലനിലവാരവും ഏകദേശം അവിടെയും ഇവിടെയും തുല്യമായതു കൊണ്ടും സര്‍ക്കാരിന്റെ നികുതി പിരിവില്‍ നിന്ന് വിദേശമലയാളികള്‍ ഒഴിവായിപ്പോകുന്നതിനെക്കുറിച്ചുള്ള കടുത്ത അനീതിയ്ക്കെതിരെയായിരുന്നു പ്രസ്തുത ലേഖനം വിരള്‍ ചൂണ്ടി പൂഴിക്കടകന്‍ പ്രയോഗിച്ചത്. ഗള്‍ഫുകാര്‍ കേരളത്തിലെ ബാങ്കുകളിലേയ്ക്കയയ്ക്കുന്ന പണത്തില്‍ നിന്നും കണിശമായി നികുതി പിരിച്ചെടുക്കേണ്ടതാകുന്നു (ഒത്താല്‍ ഇച്ചിരി കൂടുതല്‍!) എന്ന നിര്‍ണ്ണായകവും വിലപ്പെട്ടതുമായ നിര്‍ദ്ദേശം അദ്ദേഹമതില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാരാകട്ടേ പൊതുജനമാകട്ടേ ഗള്‍ഫുകാരാകട്ടേ ‘കമാ’എന്നൊരക്ഷരം അതെപ്പറ്റി മിണ്ടിയില്ല. അങ്ങനെ സാമ്പത്തികരംഗത്ത് വിപ്ലവകരമായ ഒട്ടനവധി മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമായിരുന്ന ഒരു സമതുലിത സിദ്ധാന്തം പാളി.
ഇക്കാലത്തിനിടയ്ക്ക് ‘മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍’ എന്ന കഥാസമാഹാരം പുറത്തിറങ്ങിയതും ആരും അറിഞ്ഞ മട്ടു കാണിച്ചില്ല. ചില കേന്ദ്രങ്ങള്‍ നിര്‍മ്മല്‍കുമാര്‍ കഥയാണോ ലേഖനമാണോ എഴുതുന്നത്, എന്തായാലും പറയാനുദ്ദേശിക്കുന്നത് ഗുണപാഠം അല്ലെങ്കില്‍ ഫലശ്രുതി മട്ടില്‍ തുടക്കത്തില്‍ തന്നെ ഒന്നോരണ്ടോ വരിയില്‍ എഴുതിയിട്ടാല്‍ സമയം ലാഭിക്കാമായിരുന്നു എന്നൊക്കെയുള്ള അഭിപ്രായഗതികള്‍ തട്ടിമൂളിച്ചത് സൌകര്യപൂര്‍വം അദ്ദേഹവും ഉത്തരാധുനികതയും കേട്ടില്ലെന്നു വച്ചു. എങ്കിലും കത്തുകള്‍, പ്രധാനായുധത്തിന്റെ വടിവില്‍ പുറത്തിറങ്ങുന്നുണ്ടായിരുന്നു. എപ്പോഴുമില്ല ഏറിയാല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നമട്ടില്‍ അവിടെയുമിവിടെയുമൊക്കെയായി. അതിലൊന്നു് നടേ പറഞ്ഞതിന്റെ തുടരനാണ്. അമ്പുകൊണ്ട ‘കുരു’ പിന്നെയും പാവം സച്ചിദാനന്ദന്‍ തന്നേ! കടമ്മനിട്ട അനുസ്മരണമായി മാധ്യമത്തില്‍ വന്ന സച്ചിദാനന്ദലേഖനമാണ് ആധാരം.(സ്വരനാനാത്വത്തിന്റെ സൂക്ഷ്മശ്രുതികള്‍. ലക്കം. 530) അതില്‍ അവസാനം സച്ചിദാനന്ദന്‍ തനിക്കു തന്നെ ഒരു കുണുക്ക് പണിതു വച്ചിട്ടുണ്ട്. ‘അവനവന്‍ പാര’! കടമ്മനിട്ട ഇത്തവണ കേന്ദ്ര പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്ത പുസ്തകം ‘സാക്ഷ്യങ്ങളാണത്രേ. രോഗാവസ്ഥയിലായതിനാല്‍ പുരസ്കാരനിര്‍ണ്ണയത്തിനു പോകാന്‍ കഴിയാതെ വന്നതിലുള്ള ദുഃഖം പ്രകടിപ്പിച്ച കടമ്മനോട് സച്ചി പറഞ്ഞത് ‘നീ ഇങ്ങനെയൊന്നും എന്നോട് പറയുന്നതു ശരിയല്ല’ എന്നാണ്. ആ അറിവില്‍ പോലും കേന്ദ്രസാഹിത്യ അക്കാദമിയുടെ പഴയ സെക്രട്ടറിയായ സച്ചിയ്ക്കു വല്ലാത്ത കുറ്റബോധമായിരുന്നു. പക്ഷേ, അതു പെട്ടെന്നു മാറി. അവാര്‍ഡ് സേതുവിനു പോയി. സേതുവിന് ആ അവാര്‍ഡ് കിട്ടണം കിട്ടണം എന്ന് സച്ചി എത്രകാലമായി ആലോചിക്കുന്നതാണ് ! (ആണ്ടി നല്ല അടിക്കാരനാണെന്ന് പറയുന്നത് ആണ്ടി തന്നെയാണെന്നു ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം!)
മര്‍ക്കടസ്യ ..സുരാപാനസ്യ.... വൃശ്ചികസ്യ......ആവശ്യത്തിനായി. മാധ്യമം 532-ആം ലക്കത്തില്‍ കെ പി നിര്‍മ്മല്‍കുമാര്‍ പൊട്ടിച്ചിരിച്ചു കൊണ്ടു പ്രത്യക്ഷപ്പെട്ടു. (അനുസ്മരണത്തിലെ സൂക്ഷ്മശ്രുതികള്‍) കാവ്യമീമാംസകന്റെ പ്രതിഭയോടെ അദ്ദേഹം, സച്ചിയുടെ വാക്കുകളിലെ അനര്‍ത്ഥവും കുനുഷ്ടും കിണ്ടി പുറത്തിട്ടു. ( അമ്പടാ, ഒരു കടമ്മന്‍ കാര്‍ഡെഴുതിയിട്ടിട്ടുവേണോ ‘സാക്ഷ്യങ്ങള്‍ക്ക്‘ ചമ്മാനം കിട്ടാന്‍! ആനക്കാര്യമായിപ്പോയി!!) പൊങ്ങച്ചങ്ങളുടെ ബലൂണുകളെ ദാര്‍ശനിക നിസ്സംഗതയോടെ കുത്തിപ്പൊട്ടിയ്ക്കാന്‍ ഇംഗ്ലീഷ് പ്രഫസറായിരുന്ന സച്ചിദാനന്ദന്, ആല്‍ബര്‍ കമ്യുവിന്റെ “പതനം” എന്ന നോവല്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു അതില്‍. പോരേ! ‘വായനകൊണ്ട് ഗുണം പിടിക്കാത്ത നിരൂപകന്‍’ എന്ന ലിസ്റ്റില്‍ അവസാനം സച്ചിദാനന്ദന്റെയും പേരെഴുതിയിട്ടാണ് പ്രതികരണ ലേഖനം അവസാനിപ്പിക്കുന്നത്. എന്തൊരപമാനമായിപ്പോയി കാണണം അദ്ദേഹത്തിന്. നിര്‍മ്മലിന്റെ ‘കൃഷ്ണഗന്ധകജ്വാലകള്‍ക്ക്’ അവതാരിക എഴുതിയ ദേഹമാണ് സച്ചി. മലയാള ചെറുകഥയുടെ സമാഹാരം ഇംഗ്ലീഷില്‍ (അണ്ടര്‍ ദ വൈല്‍ഡ് സ്കൈസ്) എഡിറ്റുചെയ്തപ്പോള്‍ ‘ഗൌതലജാറ: ഒരു തോട്ടേക്കാടന്‍ സ്മരണിക’ എന്ന കഥയുടെ പരിഭാഷ അതില്‍ പ്രത്യേകം ചേര്‍ത്തതും അദ്ദേഹമാണ്. അക്കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട് രണ്ടും ഗുരുതരമായ തെറ്റുകളാണെന്ന് കലവറയില്ലാതെ സമ്മതിച്ചുകൊണ്ട് നെഞ്ചത്തടിക്കുന്ന പ്രതികരണം ഉടനേ വന്നു. മാധ്യമം 535 ലക്കത്തില്‍. (-വരാന്തയില്‍ കേട്ടത്’)ചോദ്യോത്തരരൂപത്തിലാണ് പ്രയോഗം. വരാന്തയില്‍ നിന്ന് (എവിടെയായാല്‍ എന്ത്) ആരോ സച്ചിദാനന്ദനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ചോദിക്കുന്നയാളിന് നിര്‍മ്മല്‍ കുമാറിനോട് ഒരു താത്പര്യവുമില്ലെന്നു മാത്രമല്ല, ഇത്തിരീശെ വെറുപ്പോ നിന്ദയോ ഉണ്ടു താനും. ആ മട്ടിലാണ് സംഭാഷണത്തിന്റെ പോക്ക്. വിപരീതഭക്തി, ഒബ്സെസ്സീവ് കമ്പല്‍സിവ് ന്യുറോസിസ് എന്നൊക്കെ പറയുന്ന അസുഖമാണ് പാവം നിര്‍മ്മല്‍ കുമാറിന് എന്ന് ചര്‍ച്ച സ്ഥിരീകരിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒരാളിന്റെ പിന്നാലെ ഇങ്ങനെ കിതച്ചുകൊണ്ട് ഓടില്ല. സമകാലികരുടെ ഇടയില്‍ നിന്ന് പിന്തള്ളപ്പെട്ടതും പുതുതലമുറയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതുമാകാം ഈ ട്രോമയ്ക്കു കാരണം. സച്ചിദാനന്ദന്റെ കവിതകളെ നിര്‍മ്മല്‍ കുമാര്‍ വിലയിരുത്തിയ രീതിയും ചര്‍ച്ചയ്ക്കു വിധേയമാണ്. ഏതായാലും ഒരാള്‍ തന്റെ മാനസികവൈകൃതം ഇങ്ങനെ പുറത്തിടുന്നതു നല്ലതാണെന്നും സ്വയം ശുദ്ധീകരിക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും മൊഴിഞ്ഞ് സച്ചിദാനന്ദന്‍ സംഭാഷണം സംഗ്രഹിക്കുന്നു. (കല്‍പ്പാത്തിയില്‍ നിന്ന് ഒരു രാമചന്ദ്രന്‍ ശുദ്ധഗതിയോടെ കവിയോട് ചോദ്യങ്ങള്‍ ചോദിച്ചത് ആരെന്നറിയാന്‍ താത്പര്യമുണ്ട് എന്ന് പിന്നാലെ വന്ന ലക്കത്തില്‍ എഴുതിയ കത്തും കൂടി വയ്ക്കണം കമ്പം മുറുക്കാന്‍.)
സച്ചിദാനന്ദന്റെ കാവ്യശകലങ്ങളെടുത്തുവച്ചായിരുന്നു അതിനുള്ള കുത്ത്, നിര്‍മ്മല്‍ കുമാര്‍ വക.
സാമ്പിളുകള്‍ ഇങ്ങനെ : തലയിണപാതിരാതോറും നനഞ്ഞു കുതിരുന്നു’ എന്നു കവി. ഫിസിഷ്യനോട് പറയാനുള്ളത് വായനക്കാരോട് പറയരുത്. (എന്ന് ശ്രീ നിര്‍മ്മല്‍)
‘എനിക്ക് മറ്റുള്ളവരായാല്‍ മതി‘യെന്നു കവി. പൊയ്മുഖം നീക്കൂ എന്ന് വായനക്കാര്‍.
‘വിഷഗ്രന്ഥിനീക്കിയതുകൊണ്ട് ലോകത്തോട് പകയേ ഉണ്ടാവില്ലെന്നു ഡോക്ടര്‍‘ പറഞ്ഞതായി കവി. അതു തെറ്റി
“കോണകവാലിന്റെ നീളത്തിനാല്‍ അളന്നീടും തറവാട്ടു മേന്മകള്‍‘ എന്നു കവി. വായനക്കാരന്‍ ചൂണ്ടു വിരലുയര്‍ത്തി അതു കഴുത്തിലിട്ടാല്‍ മതി എന്നു പറഞ്ഞു. (പ്രസ്തുതത്തില്‍ വായനക്കാരും വായനക്കാരനും പല രീതിയില്‍ ഇരട്ടിച്ച നിര്‍മ്മല്‍കുമാര്‍ തന്നെ . ദശാവതാരം. അല്ലാതാര്..?)
‘വരാന്തയില്‍ കേട്ടതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം റീഡര്‍ കെ എം ഷെറീഫിന്റെ കത്തു വരുന്നത്. അത് മാധ്യമം 537-ആം ലക്കത്തില്‍. ‘ഞങ്ങള്‍ മാപ്പു പറയേണ്ടിയിരിക്കുന്നു’. നിര്‍മ്മല്‍ കുമാറിന്റെ കഥ വിവര്‍ത്തനം ചെയ്തത് ഷെറീഫാണ്. നിര്‍മ്മല്‍-സച്ചി വിവാദത്തില്‍ തനിക്കൊരു പങ്കുമില്ല, ‘അയ്യോ രാമാ’ എന്ന മട്ടില്‍ കൈ മലര്‍ത്തി കാണിച്ചിട്ട് അദ്ദേഹം എഴുതുന്നു. “തിരിഞ്ഞുനോക്കുമ്പോള്‍ നേരായ അര്‍ത്ഥത്തില്‍ നിര്‍മ്മലിന്റെ കഥയുടെ തര്‍ജ്ജമ ചേര്‍ത്തത് തെറ്റായിരുന്നു എന്നു തോന്നുന്നു. ആധുനികതയുടെ പലമുഖങ്ങളില്‍ ഒന്നിന്റെ പ്രാതിനിധ്യം എന്ന ദുര്‍ബലമായ ന്യായമേ ഈ കഥയ്ക്കുള്ളൂ. കഥ ഉള്‍ക്കൊള്ളിച്ചതുവഴി സച്ചിദാനന്ദനും വിവര്‍ത്തനം ചെയ്തതു വഴി ‘ഞാനും’ മലയാള ചെറുകഥാസാഹിത്യത്തിന്റെ ആശാസ്യല്ലാത്ത ഒരു പ്രതിച്ഛായയാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ നിര്‍മ്മിച്ചത്. അതിനു ഞങ്ങള്‍ രണ്ടുപേരും ഇന്ത്യന്‍ ഇംഗ്ലീഷ് വായനക്കാരോട് മാപ്പു പറയേണ്ടിയിരിക്കുന്നു.” (അതിനും ഒരു ശുദ്ധഗതിക്കാരന്‍ വിവര്‍ത്തകന്‍ വി ഡി കൃഷ്ണന്‍ നമ്പ്യാര്‍ വിവര്‍ത്തനം അതാണോ, ഇതല്ലേ എന്നൊക്കെ ചോദിച്ച് കത്തെഴുതിയിരുന്നു. ശരിയായ ശാഖാചംക്രമണം തന്നെ. കമ്പം മുറുകുമ്പോഴാണ് ചില പൂക്കുറ്റികളുടെ ശൂ ശൂ.. ! )
‘ബലേ ഭേഷ് ! ’ എന്നു പറഞ്ഞുപോയി ഞാന്‍. ചവിട്ടുന്നെങ്കില്‍ ഇങ്ങനെ ചവിട്ടണം. ഇടതു വശത്തുനിന്നും വലതു വശത്തു നിന്നും. ഇനിയെന്തു ചെയ്യും? ലീലാവതിയ്ക്കു നേരേ നോക്കി നോക്കി അപശബ്ദമുണ്ടാക്കും പോലെയല്ല സച്ചിദാനന്ദനെതിരെ പല്ലിളിക്കുന്നത്. പക്ഷേ കുരവപ്പൂവല്ലല്ലോ വെടിക്കെട്ടിലെ ഇടിവെട്ട് ഇനം. മാധ്യമം 541-ആം ലക്കത്തില്‍ നിര്‍മ്മല്‍ കുമാറിന്റെ വക പത്രാധിപര്‍ക്കുള്ള കത്ത് : “ ഗൌതലജാറയുടെ വിവര്‍ത്തനത്തെക്കുറിച്ചുള്ള കത്തു വായിച്ചു. വിവര്‍ത്തനം ഒരുപ്രാവശ്യം വായിച്ചു ഞാന്‍ ആന്‍ഥോളജി മാറ്റിവച്ചു. അതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടിയില്ല. അത്രമോശമായിരുന്നു മൊഴിമാറ്റം. ഒരിന്ത്യന്‍ ഇംഗ്ലീഷ്പത്രത്തിന്റെ ജില്ലാലേഖകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഭാഷാബോധം പോരാ, സാഹിത്യകൃതി പരിഭാഷപ്പെടുത്താന്‍. രാമലിംഗം പിള്ളയുടെ നിഘണ്ടുവിനെ ഓര്‍മ്മിപ്പിക്കുന്ന പ്രാചീനഭാഷയില്‍ മലയാളകൃതികള്‍ മൊഴിമാറ്റുമ്പോള്‍ ‘അരുത്’ എന്നു പറയാന്‍ ഭാഷാബോധമുള്ള ആന്‍ഥോളജി എഡിറ്റര്‍മാര്‍ ഭീരുത്വം കൊണ്ട് അറച്ചു. സ്വാഭാവിക ഇംഗ്ലീഷ് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഉപാസന- അതില്ലാതെ വന്നാല്‍ ഇത്തരം വകയ്ക്കു കൊള്ളാത്ത വിവര്‍ത്തനങ്ങളുണ്ടാവും ഇനിയും.”
ആഹാ. മതി. മനസ്സു നിറഞ്ഞു. സംഗതി ഇവിടെ തീരില്ലായിരിക്കാം. എങ്കിലും ഠാവട്ടത്തിലെ ഈ ജീവിതത്തില്‍, സ്വന്തം വാലുകടിച്ചു കറങ്ങി തളരുന്നതിനിടയ്ക്ക് പൂഴിക്കുന്നാശാന്റെ ഒരു അവസരോചിത പ്രയോഗം കണ്ടാല്‍ അടുത്ത പെരുന്നാളു വരെ അതു മതി ഈയുള്ളവന് എന്നൊക്കെയല്ലേ നമുക്ക് ചിന്തിയ്ക്കാന്‍ വയ്ക്കൂ..................
ഓഫ് ടോപിക് :
വായനക്കാര്‍ അകന്നുപോയതു കൊണ്ട് സിനിക്കും, നര്‍മ്മവും ഉപശീര്‍ഷകവും മറ്റും ചേര്‍ത്തുള്ള ഉത്തര- ആധുനിക നാട്യം കൊണ്ട് മലയാളി വായനക്കാര്‍ക്ക് അസഹ്യനുമായ ‘കെ പി നിര്‍മ്മല്‍ കുമാറിന്റെ‘ ഏറ്റവും പുതിയ നോവല്‍ ‘ജനമേജയന്റെ ജിജ്ഞാസ’ മാധ്യമത്തില്‍ ! വായിക്കുക!
(വിശേഷണങ്ങളെല്ലാം സച്ചിദാനന്ദന്റെ)
June 22, 2008
കെ ജി എസ് കവിതകള്‍ 1997-2007
‘സമയം വേണ്ടുവോളമുള്ളതു കൊണ്ട് പതുക്കെ എഴുന്നേറ്റാല്‍ മതി’യെന്നു ‘കൊച്ചിയിലെ വൃക്ഷങ്ങളി‘ല്‍ എഴുതിയിട്ടതിന്റെ ബാക്കിയിലേക്കാണ് 1997 മുതല്‍ 2007 വരെയുള്ള പത്തുവര്‍ഷകാലയളവില്‍ കെ ജി എസ് എഴുതിയ കവിതകളുടെ സമാഹാരം കണ്ണയയ്ക്കുന്നത്. ‘പച്ചവിറകുകള്‍ക്കു മേല്‍ കിടന്ന് എരിപൊരികൊള്ളുന്ന ഒഴിവുകഴിവുകള്‍ക്ക്‘ ഇക്കാലം കൊണ്ട് സൂക്ഷ്മമായ ധ്വനികള്‍ വന്നുച്ചേര്‍ന്നിട്ടുണ്ട്. അയോദ്ധ്യയിലെയും ആനന്ദനിലെയും ബംഗാളിലെയും രാഷ്ട്രീയാവേശം ചുഴലികള്‍ മടക്കി, ഒച്ചയടക്കി, ആന്തരിക സംഘര്‍ഷത്താല്‍ കൂടുതല്‍ മൌനിയായിരിക്കുന്നു. (അവയുടെ ഉള്‍മുഴക്കങ്ങള്‍ മുന്നത്തേതിലും തീക്ഷ്ണമായി തന്നെ) ‘വേരിലുറച്ച് കാറ്റിലുലയുന്ന ഗതാഗതാനുഭവങ്ങള്‍’ മാത്രമായി ‘ഞാന്‍’ കുറേക്കൂടി പരിഹാസ്യനും അതുകൊണ്ടു തന്നെ ആത്മനിന്ദയാല്‍ ഉള്‍നീറ്റം അനുഭവിക്കുന്നവനുമായി ജന്മദീര്‍ഘമായി നീങ്ങുന്നു. പാരമ്പര്യത്തിന്റെ സൂക്ഷ്മധ്വനികള്‍, അവ തന്നെ പഴഞ്ചനാക്കുകയാണെന്ന പഴയ ബോധത്തില്‍ നിന്ന് വിടുതല്‍ നല്‍കി തുടങ്ങിയിരിക്കുന്നു. പ്രവാസിത, ദേശാന്തരവും ദേഹാന്തരവുമായി വ്യത്യസ്തമായ അവബോധവും അനുഭവവുമായി നിറയുന്നു. വായനയുടെ പെരുപ്പവും ഇഴയടുപ്പവും, ഇരുളും നിഴലും കൂടിക്കുഴഞ്ഞ ചിത്രമായി, കമ്പോടുകമ്പ് കഥാപാത്രങ്ങളും ബിംബങ്ങളുമായി കൂടുതല്‍ മിഴിവോടെ അവതരിക്കപ്പെടുന്നു. പുതിയൊരു പ്രതീതിയാഥാര്‍ത്ഥ്യം വര്‍ണ്ണപ്പീലികളുമായി മുന്നില്‍ വിരിഞ്ഞാടുകയാണെന്ന ബോധം രൂഢമാവുന്നു. ബദലുകളില്ലാതെ മുന്നില്‍ സന്നിഹിതമാവുകയാണ് നവമുതലാളിത്തലോകക്രമം എന്ന സംശയം ബലപ്പെടുന്നു. ഇരട്ടവരയ്ക്കുള്ളില്‍ തപ്പിയും തടഞ്ഞും നീങ്ങുന്ന ഭാഷയുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍, സാംസ്കാരിക ഉപചാരങ്ങളുടെ മിനുക്കുവച്ച മര്യാദകള്‍, ബോധത്തെ പലപ്പോഴും അപ്രസക്തമാക്കി കടന്നുവന്നുകൊണ്ടേയിരിക്കുന്ന ഭൂതം, തകരാറു പിടിച്ച സമകാലം ഇതെല്ലാം കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന (മദ്ധ്യവര്‍ഗജീവിതത്തിന്റെ) ഉള്ളിലെ ശൂന്യസ്ഥലങ്ങളും ശൂന്യകാലവുമാണ് കവിതയുടെ കാലാവസ്ഥ.
സ്വയം പരിഹാസത്തിലൂടെ, തിടം വച്ചു വലുതാവുന്ന സമൂഹത്തിന്റെ നിവൃത്തികേടുകള്‍ക്കു തന്നെയാണ് കവി നാവു വച്ചു കൊടുക്കുന്നത്. ‘ഏതു ആനന്ദത്തിലുമുണ്ട് ഇത്തിരി ബലി’ എന്നത് തന്നെതന്നെ ചികിത്സിക്കലാണ്. (മേള) ഇങ്ങനെയൊക്കെയല്ലേ സമരസപ്പെട്ടങ്ങ് പോകേണ്ടത്? ചങ്ങാത്തത്തിന്, വിവാഹത്തിന്, ഉറക്കത്തിന്, ഉണര്‍വ്വിന് ഒക്കെയും മരുന്നുണ്ട്. (വീട്ടു മരുന്ന്) അതുമതിയാവും. ഏറെ ചിരി, കരച്ചില്‍, പഠിപ്പ്, പറച്ചില്‍, കയര്‍ക്കല്‍, ക്ഷമ എല്ലാം വര്‍ജ്ജ്യം. (ആയിക്കുന്നന്‍) അതി സര്‍വത്ര വര്‍ജ്ജയേല്‍ ! കാമുകിയെപ്പോലും തൊടാനാവാത്ത പേടി ആദര്‍ശമാവുന്നത്, അതുകൊണ്ട് കിരീടം നിലനിര്‍ത്താം എന്നു കാണുമ്പോഴാണ്. (പേടി കൊണ്ട് ഒരാള്‍) പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഒന്നും ആവാതിരിക്കുക ‘മാദ്ധ്യസ്ഥ’ അവസ്ഥയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തെയും മൊയന്താക്കുന്നത്. “കുഞ്ഞമ്പുവിന്റെ വായിലെ മുറുക്കാന്‍/ നിലത്തു ചിതറിയിരുന്നു/ നുറുങ്ങിയ വെറ്റില അറ്റയ്ക്ക../ കേരളീയതയുടെ ചിഹ്നങ്ങള്‍/ പാതിപോലും മുറുകാതെ/ മുഴുചുവപ്പോ/മുഴക്കാവിയോ/ആകാതെ.(മറ്റവന്‍)പൂമാല, കുരിശുമാല, താലി, സ്തെത്ത്.. കഴുത്തിലെന്താണോ അതാണു തന്റെ ഭ്രമണപഥം (ഭ്രമണന്‍) എന്ന് ജീവിതത്തിലേയ്ക്ക് അരിച്ചരിച്ചു കയറി ഇരിപ്പായ ഇടുക്കമുണ്ട് ഇപ്പറഞ്ഞ മനോഭാവങ്ങളൊക്കെ. മറവികള്‍ പ്രിയതരമാവുന്നത്, കടമകളെയും ഉത്തരവാദിത്വങ്ങളെയും ഒഴിവുകഴിവുകളുടെ പ്രകരണങ്ങളിലേയ്ക്ക് ഭാഷാന്തരം ചെയ്യുന്ന കാലത്തിലാണ്.
കവി(ത)യില്‍, ഭൂതകാലം എതു സന്ദര്‍ഭത്തിലും തിരമാറ്റി മുന്നിലേയ്ക്കു വരാവുന്നതരത്തില്‍ വിളിപ്പുറത്ത് സന്നദ്ധമാണ്. അതു അയ്യപ്പപ്പണിക്കരെയും ആര്‍ രാമചന്ദ്രനെയും സുധീര്‍ ധറിനെയും പാത്തുമ്മയുടെ ആടുകളെയും നാറാണത്തെ ഭ്രാന്തിനെയും അലാവുദീനെയും തൊട്ട് യേശുവിലേയ്ക്കും അബുഗ്രെയ്ബിലേയ്ക്കും സംഘകാലത്തിലേയ്ക്കും ഗുഹാമുഖങ്ങളിലേയ്ക്കും പിന്നെയും പിന്നെയും പുറകോട്ടൊഴുകും. ഓര്‍മ്മ, ചരിത്രം, വായന, വാക്ക് എന്നിവയെ കവിത കൂട്ടിയിണക്കുന്ന വഴിയാണിവിടെ ‘ഭൂതം‘. സിനിമയും പുസ്തകങ്ങളും അവയിലെ ആശയങ്ങളും കഥാപാത്രങ്ങളും അനുഭവങ്ങളും ഒക്കെയായി നിരന്തരമായി പുറപ്പെട്ടുവരാന്‍ സജ്ജമായി നില്‍ക്കുന്ന ഒന്നായത് പ്രത്യക്ഷമാവുന്നു. അതെപ്പോഴും ഇരുണ്ടതല്ല. ‘ആധുനികതയും കാളയും -ഒരു സംവാദമെന്ന കവിതയില്‍ പ്രത്യക്ഷമായി തന്നെ ഈ പ്രത്യേകതയുണ്ട്. പാത്രബാക്കി (പാട്ടബാക്കി) പുരുഷപ്രബന്ധം (പൂരപ്രബന്ധം) ഭ്രമണന്‍ (രമണന്‍) ശരണനാളം (ശമനതാളം) എന്നിങ്ങനെ ഭാഷയുടെ ഭൂതാവിഷ്ടത ഒരു രചനാതന്ത്രമെന്ന നിലയില്‍ ആവിഷകരിക്കുന്നതോടൊപ്പം വരികള്‍ പാരഡികളായും അവതരിക്കുന്നുമുണ്ട്. കെ ജി എസ്സിന്റെ കവിത സ്വതവേ അവലംബിക്കുന്ന സംവാദത്തിന്റെ ഒരു സാദ്ധ്യതയാണത്.
‘ഇത്തിരിശ്ശെ സ്വയം പോറ്റാന്‍ ഇത്തിരിശ്ശെ സ്വയം കൊല്ലേണ്ടതിന്റെ ആവശ്യകത’ കവി ചര്‍ച്ച ചെയ്യുന്നുണ്ട് ‘അശനം‘ എന്ന കവിതയില്‍. ‘മാനം വേവിച്ച് കാച്ചിയ നുണകൂട്ടി തിന്നുക’ എന്ന തീര്‍പ്പിലാണ് അവസാനം കവിതയിലെ സംവാദം എത്തിച്ചേരുന്നത്. സ്വാതന്ത്ര്യത്തെ ഭരണം കൊണ്ടും വ്യക്തിയെ ബിംബം കൊണ്ടും ധൈര്യത്തെ ഡാവുകൊണ്ടും കൊല്ലാം. (കൊന്നു, അത്രതന്നെ) കൊല്ലാനാവാത്തത് ഭക്തിപുതച്ച ഓര്‍മ്മക്കാവുകളായ അമ്മമാരെയാണെന്ന് മറ്റൊരു കവിതയില്‍. (കൊല്ലാം/വയ്യ) പക്ഷേ അതുകൊണ്ടും വളരുകയാണ് പലമക്കള്‍, സ്ഥലത്തെ ദിവ്യന്മാര്‍ എന്നിടത്ത് കാലികമായ കൊലപാതക രാഷ്ട്രീയത്തിന്റെ നേര്‍ക്ക് തുറക്കുന്ന മൂന്നാം കണ്ണുണ്ട്. പ്രണയത്തെപ്പറ്റി പരാമര്‍ശിക്കുന്ന കവിതകളിലെല്ലാം വൈരുദ്ധ്യങ്ങളുടെ പുറപ്പാടു കാണാം. അവയുടെ എണ്ണം ചെറുതല്ല. ഏതിരുട്ടിലും തെളിയുന്ന പ്രണയതിരിവെട്ടം (പോംവഴി) മറ്റൊരിടത്ത് ‘പ്രേമമില്ലാത്ത ഇടയന്‍ പ്രേമമില്ലാത്ത പെണ്ണിനെ പിടിച്ച് വലിച്ചുകൊണ്ടുപോകുന്ന‘ (മുജ്ജന്മങ്ങളെ തൊട്ട്) പോക്കില്‍ ചത്തുമലച്ച വെളിച്ചത്തിന്റെ ജഢമായും വരും. പ്രണയം മരണം പോലെയാണെന്ന് ചോദിക്കുന്നത് ജീവിതം മുഴുവനുമാണെന്നും ‘കല്ലഹല്യ’യില്‍. ആ അറിവു തന്നെയാവണം മാറിയ കാലത്തില്‍, സൂസനും രാമനും തമ്മിലുള്ള കത്തെഴുത്തില്‍ (പ്ലാവും പോപ്ലാറും) സുനില്‍ സ്വാമിയുടെ ആത്മഗതത്തില്‍ (രമണയാമം കഴിഞ്ഞ്) ചോദ്യക്കൊമ്പുരസ്സി ഇണയുടെ കിനാക്കണ്ണു മുറിയ്ക്കുന്നിടത്ത് (പ്രേമമെന്നെന്തിനെ നാം വിളിക്കുന്നു) ഇത്ര വരള്‍ച്ച ഇപ്പൊഴേ വേണ്ടെന്നു ബൈ പറയുന്ന ക്യാമ്പസ്സിലും (ത്രിമാനലോകത്തിനപ്പുറം) എല്ലാം അതിപ്രായോഗികത, ഇരട്ടനാവുകള്‍ ചുഴറ്റി നില്‍ക്കാനുള്ള കാരണം.
ലോകം ഇങ്ങനെയൊക്കെയായതുകൊണ്ടാണ് കവിയ്ക്ക് പെട്ടെന്നു മുറിവുകളേല്‍ക്കുന്നത്. (ബാന്‍ഡേജ്) പ്രായമേറുംതോറും കൂടുതല്‍ കൂടുതല്‍ വായ തുറക്കുന്ന മുറിവുകളല്ലേ കവിതയെന്ന വേദനയുടെ കാതല്‍. നോവുകള്‍ മുട്ടുന്ന മുറിവുകളുമായി കൂടുതല്‍ കൂടുതല്‍ നിശിതമായി വരുന്ന കാലത്തിനും ലോകത്തിനും മുന്നില്‍, തമ്മില്‍ തൊടാത്ത നാഗരിക നോട്ടങ്ങളില്‍ സ്വയം മറവു ചെയ്യാന്‍ യാത്രയാവുകയല്ലാതെ മറ്റെന്തു നിവൃത്തി ?
----------------------------------------------------
കെ ജി എസ് കവിതകള്‍ 1997-2007
കെ ജി ശങ്കരപ്പിള്ള
ഡി സി ബുക്സ്
June 17, 2008
മുടികറുപ്പിച്ചതു കൊണ്ട് നേരം വെളുക്കുമോ?
കോഴിക്കോട്ടെയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ട്രെയിന്‍ ക്രോസ്സിംഗിനു വേണ്ടി നിര്‍ത്തിയിട്ടിരിക്കേയുള്ള ഒരു കാഴ്ചയാണ്. ഒരു ഭ്രാന്തി തൊട്ടടുത്തുള്ള ചവറ്റുക്കുട്ടയില്‍ നിന്ന് എന്തോ എടുത്തു കടിച്ച് കാരുന്നു. പെട്ടെന്ന് എവിടുന്നോ ഒരു പോലീസുകാരന്‍ പ്രത്യക്ഷപ്പെട്ട് ലാത്തികൊണ്ട് ഉന്തിതള്ളി ചീത്തപറഞ്ഞ് അവളെ അവിടെ നിന്ന് ഓടിക്കാന്‍ ഒരു പാഴ്‌ശ്രമം നടത്തി. അവള്‍ ലവലേശം കൂസാതെ നില്‍ക്കുന്നതു കണ്ടതോടെ അയാള്‍ക്ക് കലികയറി. ലാത്തികൊണ്ട് സാമാന്യം ശക്തമായി അടിച്ചുകൊണ്ട് അവളോട് അവിടെനിന്ന് പോകാന്‍ പറഞ്ഞു. ഉറക്കെ. അടികൊള്ളുമ്പോള്‍ വേദനയുടെ ലാഞ്ഛന മുഖത്തു വരുമെങ്കിലും അവള്‍ തിന്നുന്ന പ്രവൃത്തി ചിരിക്കുകയാണോ എന്നു തോന്നുന്ന മുഖഭാവത്തോടെ തുടര്‍ന്നുകൊണ്ടു തന്നെയിരുന്നു. ദേഹത്തേല്‍ക്കുന്ന അടിയുടെ വേദനപോലും തിരിച്ചറിയാനാവാത്തവിധം അസുഖമാണവള്‍ക്ക് എന്നു വ്യക്തം. പോലീസുകാരുണ്ടോ, എപ്പോഴെങ്കിലും മനുഷ്യമനസ്സുകളെ മനസ്സിലാക്കിയിട്ട്? ഓങ്ങിയ ലാത്തികൊണ്ടുള്ള ഒരടി കഷ്ടിച്ച് മുഖത്തില്‍ കൊള്ളാതെ രക്ഷപ്പെട്ട് അവളുടെ തോളെല്ലില്‍ തട്ടിയ ശബ്ദം, തീവണ്ടിയിലിരുന്നു ജനാലവഴി കാഴ്ച കണ്ട് മൂടനങ്ങാന്‍ വയ്യാതിരിക്കുന്ന അനങ്ങാപ്പാറകളെല്ലാം അതു കേട്ടു നെറ്റി ചുളിച്ചു.
അത്രയുമായപ്പോള്‍ അതുവരെ വായനയില്‍ മുഴുകിയിരിക്കുകയായിരുന്നു എന്നു തോന്നിച്ച മെലിഞ്ഞ് ഷേവ് ചെയ്യാത്ത മുഖമുള്ള ഒരു മദ്ധ്യവയസ്കന്‍ അതിവേഗം വെളിയിലേയ്ക്ക് ചാടിയിറങ്ങി തല്ലുന്ന പൊലീസുകാരനും തല്ലുകൊള്ളുന്ന
ഭ്രാന്തിയായ സ്ത്രീയ്ക്കും മദ്ധ്യത്തില്‍ നിന്ന് ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു. അസാധാരണമായ മുഴക്കമുണ്ടായിരുന്നു അയാളുടെ ശബ്ദത്തിന്. വണ്ടിയില്‍ ഒതുങ്ങിക്കൂടി ഒരറ്റത്ത് ഇരുന്നിരുന്നപ്പോള്‍ കാണാത്ത ഊര്‍ജ്ജസ്വലത ശാരീരിക ചലനങ്ങള്‍ക്ക്. പെട്ടെന്ന് ആളുകൂടി. നഗ്നമായ മനുഷ്യാവകാശലംഘനം കണ്‍മുന്നില്‍ തന്നെ നടന്നതിനെപ്പറ്റിയോ പൌരാവകാശത്തെപ്പറ്റിയോ വളരെ ചുരുങ്ങിയ വാക്കുകളില്‍ അയാള്‍ എന്തോ പറഞ്ഞു. പോലീസുകാരന്‍ ആദ്യം അയാളോട് തട്ടിക്കയറാന്‍ ഒരു ശ്രമം നടത്തി. ‘നീയാരാണ് ജനപ്രതിനിധിയോ മറ്റോ ആണോ വല്ലവരുടെയും കാര്യങ്ങളിലിടപെടാന്‍, നീ മാത്രമേയുള്ളോ ഇവിടെ പൌരനായിട്ട്.. “ പോലീസിനുസഹജമായ മട്ടില്‍ ആക്രോശങ്ങള്‍ അയാളില്‍ നിന്നുയര്‍ന്നു. പിന്നെ അയാളുടെ സ്വരം ദുര്‍ബലമായി. കൂടിയ ജനം രണ്ടു തട്ടിലായി പരസ്പരം തിരിഞ്ഞു നിന്ന് സംസാരിക്കാന്‍ തുടങ്ങി. പിച്ചകാരുടെ വൃത്തിഹീനത, രോഗങ്ങള്‍ പരത്തുന്നതിലുള്ള പങ്ക്... അടികൊടുക്കുകയല്ല, ഇവറ്റകളെ ജയിലില്‍ പിടിച്ചിടുകയാണു വേണ്ടതെന്ന സുചിന്തിതമായ അഭിപ്രായങ്ങള്‍... മറ്റൊരു വിഭാഗം പോലീസുകാരുടെ മനുഷ്യത്വമില്ലായ്മ, അവശരോട് സമൂഹം കാണിക്കുന്ന അവഗണന, മനസ്സാക്ഷിയുടെ മരവിപ്പ് തുടങ്ങിയവ സ്വന്തം ആത്മകഥാഖണ്ഡങ്ങളില്‍ നിന്നു ചോരയോടെ ചീന്തിയെടുത്ത ഉദാഹരണങ്ങള്‍ സഹിതം നിരത്താന്‍ തുടങ്ങി.
ക്രോസ്സ് ചെയ്യാനുള്ള വണ്ടി കൂകിവിളിച്ചുകൊണ്ട് പാഞ്ഞുപോയി. നിസ്സംഗതയോടെ ഒന്നുലഞ്ഞ് ട്രെയിന്‍ പതുക്കെ ചലിച്ചു തുടങ്ങി. കൂട്ടം കൂടിയവരില്‍ ഭൂരിഭാഗവും ഓടിവന്ന് വണ്ടിയില്‍ കയറി. നോക്കുമ്പോള്‍ ഭ്രാന്തിയായ സ്ത്രീ തനിക്കു ചുറ്റും നടന്നകാര്യങ്ങള്‍ ഒന്നുമറിയാതെ അപ്പോഴും ചവറ്റുക്കുട്ടയില്‍ തിന്നാന്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്നു ആകാംക്ഷയോടെ നോക്കി അവിടെ തന്നെയുണ്ട്. പോലീസുകാരന്‍ അല്പം മാറി അസ്വസ്ഥനായി ചുറ്റും ചുഴിഞ്ഞ് നോക്കുന്നുണ്ട്. ലാത്തി അപ്പോഴും അയാളുടെ കയ്യിലുണ്ട്. ആലോചനയുടെ കാഠിന്യത്തിനിടയില്‍ മുന്‍വശത്തെ വായുമണ്ഡലത്തെ അബോധപൂര്‍വം അതു ശിക്ഷിക്കുന്നുണ്ട്. കണ്മുന്നില്‍ നടന്ന അവകാശലംഘനത്തില്‍ ആരുടെയും ഒത്താശകൂടാതെ ഇടപെട്ട ആ താടിക്കാരനായ മെലിഞ്ഞ മനുഷ്യനെ മാത്രം കാണാനില്ല. അയാള്‍ തിരിച്ചു വന്നില്ല. മറ്റേതെങ്കിലും കമ്പാര്‍ട്ട്മെന്റില്‍ കയറിക്കാണും. അല്ലെങ്കില്‍ പ്രതിഷേധത്തോടെ ബാക്കി യാത്ര പൊടുന്നനെ വേണ്ടെന്നു വച്ചിരിക്കും.
അനീതിയാണെന്ന് വ്യക്തമായി അറിയാവുന്ന കാര്യത്തില്‍ ഇടപെടാന്‍ നമ്മെ ആരെങ്കിലും ചുമതലപ്പെടുത്തണോ? “നീ ആരാണ് ഇതിലിടപെടാന്‍...” എന്നുള്ളത് മര്‍ദ്ദകന്റെ, അയാളോട് അനുഭാവമുള്ളവന്റെ ചിരസ്ഥായിയായ ചോദ്യമാണ്. മാറാന്‍ കൂട്ടാക്കാത്ത സാമാന്യബോധങ്ങളെ എന്നെങ്കിലും ഉത്തരങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുത്തുക സാദ്ധ്യമാണോ? എന്നിട്ടും ഒരു വിഭാഗം ജനങ്ങള്‍ -അവരുടെ എണ്ണം വളരെ കൂടുതലാണു താനും- അസ്വസ്ഥരാകുന്നത് അനീതി തനിക്കു മുന്നില്‍ നടന്നു എന്നതുകൊണ്ടല്ല. മറിച്ച് അനീതിയ്ക്കെതിരെ ഒരാള്‍ - തന്നില്‍ നിന്ന് വേറിട്ട ഒരാള്‍ - ഇറങ്ങിപുറപ്പെട്ടു എന്നു കാണുന്നതിലാണ്. ഒരു കുറ്റകൃത്യം കൂട്ടത്തോടെ കണ്ടു ആസ്വദിച്ചു നില്‍ക്കുന്ന മാരകമായ മാനസികാവസ്ഥയ്ക്ക് നിരവധി പ്രാവശ്യം നമ്മള്‍ വിധേയരായിട്ടുണ്ട്. പലപ്പോഴും നമ്മുടെ സൈക്ക് മറുകണ്ടം ചാടി കുറ്റവാളികളോട് അനുഭാവം പ്രകടിപ്പിക്കുകയും കുറ്റകൃത്യത്തെ പൌരബോധത്തോടെ തടയാന്‍ ശ്രമിച്ചവ്യക്തിയെ ശത്രുവാക്കുകയും ചെയ്യും. ‘മരിക്കാന്‍ പോകുന്നവനു വെള്ളം കൊടുക്കാന്‍ നീയാരാണ്, ദൈവമോ എന്നത്( ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം‘ ) കഥയിലെ മാത്രം ചോദ്യമല്ല. ആരുടെയോ പ്രശ്നത്തില്‍ ഇടപെടുന്ന ആരോ ഒരാള്‍ സത്യത്തില്‍ വിധിവിഹിതത്തെ ലംഘിക്കുന്ന, ദൈവമാവാന്‍ ശ്രമിക്കുന്ന, നേതാവാകാന്‍ ശ്രമിക്കുന്ന ഒരാളാണെന്നു നമുക്ക് തോന്നുന്നതാണ് അയാളെ എതിര്‍ക്കാതെ പറ്റില്ല എന്ന അവസ്ഥയില്‍ നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നത്. താന്‍ ചെയ്യേണ്ടതു ചെയ്യുന്ന തന്റെ മുന്നില്‍ കയറി നില്‍ക്കുന്ന അങ്ങനെ തന്റെ അസ്തിത്വത്തെപ്പോലും അസ്ഥിരപ്പെടുത്തുന്ന ദൈവത്തെയാണ് തെറ്റുകളുടെ സാത്താനെക്കാളും പേടിക്കേണ്ടത്.
സമരം രാഷ്ട്രീയപ്രവര്‍ത്തനമാണ്. അത് ആത്മീയപ്രവര്‍ത്തനവുമാണ്. അവനവനെ/അവളവളെ ബോദ്ധ്യപ്പെടുത്തലാണ് അതിന്റെ ആദ്യപടി. ഈ വാസ്തവമാണ് സാമാന്യബോധം പലപ്പോഴും മറന്നുപോകുന്ന പരിണതി. പീഡകനു മാത്രമല്ല തനിക്കുകൂടി ബോദ്ധ്യം വരാനാണ് തന്റെ സമരത്തെ ഗാന്ധി മതാനുഭവങ്ങളുമായി ചേര്‍ത്തുകെട്ടി ചിട്ടപ്പെടുത്തിയത്. തോക്കെടുത്ത് ശത്രുവിനു നേരെ ചാടുന്നവനും വിശ്വാസത്തിന്റെ ഇരയാണ്. കറുത്തബാഡ്ജുധരിച്ചും വാമൂടിക്കെട്ടിയും തുണിയഴിച്ചും പട്ടിണികിടന്നും സ്വയം ചങ്ങലയ്ക്കിട്ടും ഇന്ദ്രിയ നിഗ്രഹം ചെയ്തും വരിപ്പണം നല്‍കിയും കത്തികൊണ്ട് സ്വയം കുത്തിക്കീറിയും തീപ്പന്തമായി നിന്നെരിഞ്ഞും സമരം ചെയ്യാമെന്നു വരുന്നത് അതുകൊണ്ടാണ്. മുന്‍പ് പാളയത്ത് ആരോടും ഒന്നും മിണ്ടാതെ, നട്ടുച്ചയ്ക്ക് കോട്ടുമിട്ട് അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന ഒരു മനുഷ്യന്‍ ശരീരത്തിലാകെ കുത്തിവച്ചിരുന്ന സിഗററ്റുകൂടുകളിലെ കുത്തിവരകളിലൂടെ നടത്തിയതും സമരമാണ്. മാതൃക ഇങ്ങനെ :
വാര്‍ത്ത
“ ഇന്നു വൈകുന്നേരം 5 മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ മുഖ്യമന്ത്രി കരുണാകരന്‍ പ്രസംഗിക്കുന്നു.“
“അതിനു ഞാനെന്തോ വേണം?”
എങ്കിലും ഏറുകൊള്ളാനായി കാലാകാലം കായ്ക്കുന്ന മാവുകളെ (വിഷ്ണുപ്രസാദ്)പ്പോലെയാണ് ആക്ടിവിസ്റ്റുകള്‍. ആര്‍ക്കുവേണ്ടിയാണോ കായ്ക്കുന്നത് അവരാല്‍ ശിക്ഷിക്കപ്പെടാന്‍ വേണ്ടിയുള്ള വിചിത്രവിധി. മുത്തങ്ങയില്‍ ജാനുവിനെയും ഗീതാനന്ദനെയും നോവിച്ചുവിട്ടത് പൊലീസല്ല, നാട്ടുകാരുതന്നെയാണ്. നവാബ് രാജേന്ദ്രന്‍ ശല്യക്കാരനായ വ്യവഹാരിയായിരുന്നു. (ആര്‍ക്ക്?) നര്‍മ്മദാബച്ചാവോ ആന്ദോളനില്‍ വലിഞ്ഞു കയറിച്ചെന്ന അരുന്ധതി റോയ് വെള്ളം കയറിവന്നപ്പോള്‍ തുണിയും വലിച്ച് എഴുന്നേറ്റോടിയതും മാപ്പെഴുതികൊടുത്ത് കോടതിയലക്ഷ്യത്തിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതും ആയിരുന്നില്ലേ കൌതുക വാര്‍ത്ത? അജിതയെന്തിനാണ് പെണ്‍കുട്ടികള്‍ക്കു വേണ്ടി ഇങ്ങനെ ഇറങ്ങി നടക്കുന്നത്? അവരുടെ കാര്യം നോക്കാന്‍ വീട്ടുകാരില്ലേ? ജോമോന്‍ പുത്തന്‍പുരയ്ക്കലിന് മരിച്ചുപോയ അഭയയുടെ കാര്യത്തില്‍ കുടുംബക്കാര്‍ക്കില്ലാത്ത താത്പര്യം എങ്ങനെ വന്നു? ചെങ്ങറസമരത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ മഹാശ്വേതാദേവി രാഷ്ട്രത്തിന് അപമാനമാണെന്ന് സുകുമാര്‍ അഴീക്കോട്. നമ്മളപ്പോള്‍ ആര്‍ക്കു വേണ്ടി കടയടയ്ക്കും ? മഹാശ്വേതാദേവിയ്ക്കോ സുകുമാര്‍ അഴീക്കോടിനോ? ദില്ലി, പഞ്ചാബ്, മണിപ്പൂര്‍, ഗുജറാത്ത്, മുംബായ്, നന്ദിഗ്രാം, ഖമ്മം, കോയമ്പത്തൂര്‍, പ്ലാച്ചിമട, ചെങ്ങറ .....ആര്‍ക്കൊക്കെ എവിടെയൊക്കെ ചെല്ലാമെന്നും ആരുടെയൊക്കെ കാര്യത്തില്‍ ഇടപെടാമെന്നും എങ്ങനെയായിരിക്കണം ആ ഇടപെടലുകളെന്നും തീരുമാനിക്കുന്നത് ആരാണ്?
അതല്ലേ കാതലായ പ്രശ്നം?
സത്യവാങ്‌മൂലം !
ബൂലോകത്തു അടുത്തിടെ നടന്ന പ്രതിഷേധസമരവുമായി ഈ പോസ്റ്റിന് ഒരു ബന്ധവും ഇല്ലാ.
June 11, 2008
നേപ്പാളില്‍ നിന്നു വാര്‍ത്തകളില്ല
ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മാതൃഭൂമി തെങ്ങുകളിലെ മണ്ഡരിരോഗത്തെപ്പറ്റിയാണ് എഡിറ്റോറിയലെഴുതിയത്. മറ്റൊരു പത്രം തുകല്‍ വ്യവസായത്തിന്റെ ഭാവിയെപ്പറ്റിയും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പിന്നെന്തു ചെയ്യാനാവുമായിരുന്നു, അനുഭവസമ്പത്തുള്ള ഒരു പത്രത്തിന്? ‘ഇന്ദിര ഫാസിസം ആരംഭിച്ചു’ എന്ന് വെണ്ടയ്ക്ക നിരത്താന്‍ ധൈര്യം കാണിച്ച സമാന്തരപത്രവും അന്നുണ്ടായിരുന്നു എന്നതാണ് ഓര്‍ത്തുനോക്കുമ്പോള്‍ പുളകം തോന്നിക്കുന്ന ഒരു കാര്യം. അതും ചെയ്തു കഴിഞ്ഞ് പ്രസാധകന്‍ ഓടിയ ഓട്ടത്തെക്കുറിച്ചും നിലം തൊടാതെ താണ്ടിയ വഴികളെക്കുറിച്ചും 30 വര്‍ഷങ്ങള്‍ക്കു ശേഷം മാധ്യമം ഫീച്ചറെഴുതുമ്പോള്‍ ആക്ഷന്‍ ത്രില്ലര്‍ കാണുന്ന സുഖമൊക്കെയുണ്ട് ക്ഷുഭിതവും അല്ലാത്തതുമൊക്കെയായിരുന്ന ഇന്നത്തെ മദ്ധ്യവയസ്സുകള്‍ക്ക്.
പക്ഷേ അത് വേറിട്ട കഥയാണ്. അതു വായിച്ചു പുളകം കൊള്ളുന്നത്, സമരതീക്ഷ്ണമായ ഇന്നലെകളുടെ പൈതൃകത്തിനുള്ള മൈലേജിനെക്കുറിച്ച് തിരിച്ചറിയാവുന്ന മദ്ധ്യവര്‍ഗവും. തീയാളുന്നത് കാണാന്‍ ചന്തമൊക്കെയുണ്ട്, പക്ഷേ അതില്‍ തൊട്ടൊരു കളിയില്ല. ആ ഡാവാണ് മുഖ്യധാരാ പത്രങ്ങള്‍ പയറ്റിയത്. യഥാപ്രജാ തഥാ പത്രസ്ഥാപനം! ‘നാവടക്കലിന്റെ കാലത്തെ ഓര്‍ക്കുമ്പോള്‍ ’ അന്നത്തെ പോരാളികളില്‍ ചിലര്‍ കുത്തകപത്രങ്ങളുടെ പഴയ വാലാട്ടലുകളെ ഓര്‍ത്തുപോകുന്നത് സ്വാഭാവികമെന്നേ പറയാവൂ. പറഞ്ഞുവരുമ്പോള്‍ ഇതു മാസം ജൂണാണ് ! അതുകൊണ്ടുമാത്രമല്ല. നമ്മുടെ തൊട്ടയല്പക്കത്തു നിന്ന് ഇടയ്ക്കിടെ ‘അടിയന്തിരാവസ്ഥ‘ എന്നു കേള്‍ക്കുന്നതു കൊണ്ടുകൂടിയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കൈയേറ്റങ്ങളും ഭീഷണികളും ഏറ്റവുമധികം അനുഭവിച്ചു വന്ന രാജ്യമാണ് നേപ്പാള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പത്ര സെന്‍സര്‍ഷിപ്പും ഏറ്റവും കൂടുതല്‍ നേപ്പാളിലായിരുന്നെന്ന് വാര്‍ത്തകളുണ്ട്. 15 വര്‍ഷം പഴക്കമുള്ള ജനാദേശ് വാരികയുടെ എഡിറ്റര്‍ കൃഷ്ണസെന്നിനെ സൈന്യം മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ജ്ഞാനേന്ദ്രയുടെ അടിച്ചമര്‍ത്തല്‍ നയം മാത്രമല്ല, അധികാരത്തിലെത്തുന്നതുവരെയുള്ള കാലയളവില്‍ മാവൊയിസ്റ്റുകളും തരം പോലെ പത്രപ്രവര്‍ത്തകരെ വേട്ടയാടി. വാര്‍ത്താവിനിമയ സൌകര്യങ്ങളെ വ്യാപകമായി നശിപ്പിക്കുന്നതില്‍ വല്ലാത്ത ഊര്‍ജ്ജസ്വലത മാവോയിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈനികര്‍ പത്രപ്രവര്‍ത്തകരെ ജയിലിടും. പീഡിപ്പിച്ചു കൊല്ലും. ഒളിപ്പോരാളികള്‍ അവരെ തട്ടിക്കൊണ്ടുപോകും. മരത്തില്‍ കെട്ടിവച്ച് മര്‍ദ്ദിക്കും. നേപ്പാളില്‍ 2005 ഫെബ്രുവരി ഒന്നിന് നിലവിലുണ്ടായിരുന്ന ജനകീയസര്‍ക്കാരിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തിട്ട് ജ്ഞാനേന്ദ്ര ആദ്യം ചെയ്ത കാര്യം മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ നിയന്ത്രണമാണ്. തുടര്‍ന്ന് മണ്ഡരിയ്ക്കു സമാനമായ വാര്‍ത്തകള്‍ കൊണ്ട് അന്ന് ‘റേഡിയോ സാഗര്‍മാത’ പൊലിച്ചു. ഔദ്യോഗിക വാര്‍ത്താവിതരണ മാദ്ധ്യമമാണ് ‘സാഗര്‍മാത’. സംശയമുള്ള മാധ്യമപ്രവര്‍ത്തകരെയൊക്കെ സൈനികര്‍ പൊക്കി. കഠിനമായ ഉപദ്രവങ്ങളാണ് അവര്‍ക്കേല്‍ക്കേണ്ടി വന്നത്. നേപ്പാളീസ് ജേണലിസ്റ്റ് ഫെഡറേഷന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും സൈന്യം തടവിലടച്ചു.
പീഡനപര്‍വങ്ങളെ അതിജീവിച്ച് തലയുയര്‍ത്തിപ്പിടിച്ച് നിന്ന കുറച്ച് അച്ചടിമാദ്ധ്യമങ്ങളെങ്കിലുമുണ്ടായിരുന്നു അന്ന്. നേപ്പാളില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപ്പത്രം ‘കാഠ്മണ്ഡു പോസ്റ്റ്’ ദ്വാരമില്ലാത്ത സോക്സുകള്‍ എങ്ങനെ നേപ്പാളിന്റെ അന്തസ്സുയര്‍ത്തുന്നു എന്നു വിവരിച്ചുകൊണ്ടാണ് ഒരു മുഖപ്രസംഗം എഴുതിയത്. വിഷയം ‘സോക്സും സമൂഹവും’. വൃക്ഷങ്ങള്‍ അങ്ങനെ വെട്ടി നശിപ്പിക്കാന്‍ പാടില്ലെന്ന ആശയസന്ദേശവുമായാണ് നേപ്പാളി ടൈംസ് വാരികയുടെ ഒരു എഡിഷന്‍ അക്കാലത്ത് പുറത്തിറങ്ങിയത്. സെന്‍സര്‍ ചെയ്ത സ്ഥലങ്ങളില്‍ മറ്റൊരു വാര്‍ത്തയും ചേര്‍ക്കാതെ ശൂന്യമായിട്ടിട്ടുകൊണ്ട് ചില പത്രങ്ങള്‍ പുറത്തിറങ്ങി. ചിലര്‍ മുഖപ്രസംഗഭാഗങ്ങള്‍ തന്നെ ശൂന്യമാക്കിയിട്ടു. ഭരണകൂടം അത്ര ബുദ്ധിശൂന്യരല്ലല്ലോ. അവര്‍ പത്രത്തിലെ സ്ഥലങ്ങള്‍ വെളുപ്പിച്ചിടാന്‍ ഇടാന്‍ പാടില്ലെന്ന് ഇണ്ടാസിറക്കി. നേപ്പാളി ടൈംസ് അതിനോട് പ്രതികരിച്ചത്, അലറിക്കരയുന്ന ഒരു കുഞ്ഞിന്റെ പടം കൊടുത്തുകൊണ്ടാണ്. ജനിച്ചത് ഫെബ്രുവരി ഒന്നിന്. “പത്തുദിവസം പ്രായം” എന്ന് അടിക്കുറിപ്പ്. ഒരു പത്രാധിപര്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ സ്ഥാനത്തു നിന്നും തന്റെ പേരു നീക്കി. ‘വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്ന പട്ടാളക്കാരാണ് യഥാര്‍ത്ഥപ്രസാധകര്‍. അവര്‍ പേരു തന്നാല്‍ ചേര്‍ക്കാം‘ എന്ന് അവിടെ എഴുതി വയ്ക്കുകയും ചെയ്തു. വെറും സോക്സിനെക്കുറിച്ചല്ലായിരുന്നു പത്രത്തിനു പറയാനുണ്ടായിരുന്നതെന്ന് യാസീന്‍ അശ്‌റഫ്(മീഡിയാസ്കാന്‍) ദ്വാരം വീണ സോക്സ് നേപ്പാളിന്റെ അന്തസ്സു കെടുത്തുന്ന സ്വേച്ഛാധിപത്യം തന്നെ. കുത്തഴിഞ്ഞുപോയ ഭരണക്രമത്തിനുപയുക്തമായ അന്യാപദേശകം. നേപ്പാളീ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളെ കൂട്ടമായി അറസ്റ്റുചെയ്യുന്നതിനെയാണ് വനശീകരണപ്രവണതയ്ക്കെതിരേ മുഖപ്രസംഗമെഴുതുമ്പോള്‍ നേപ്പാളി ടൈംസ് അര്‍ത്ഥമാക്കിയതെന്നും വരാം. വൃക്ഷം കോണ്‍ഗ്രസ്സിന്റെ ചിഹ്നമാണ്. അങ്ങനെയെങ്കില്‍ ഇവിടത്തെ, മണ്ഡരിയ്ക്കെതിരേയുള്ള എഴുത്തും കട്ടിയുള്ള തോലുകളെക്കുറിച്ചുള്ള എഡിറ്റോറിയലും അത്ര നിരുപദ്രവകരമായിരിക്കാന്‍ സാദ്ധ്യതയില്ലല്ലോ !
“ബഹുകക്ഷിജനാധിപത്യമെന്നത് തന്ത്രപരവും ആശയശാസ്ത്രപരവുമായി വികസിച്ച നിലപാടാണെന്നും ബഹുകക്ഷി ജനാധിപത്യത്തില്‍ ജനാധിപത്യ റിപ്പബ്ലിക് അടങ്ങിയിട്ടുണ്ടെന്നും‘ പറഞ്ഞാണ് നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ, നേപ്പാളില്‍ സമാധാനത്തിന്റെ സോഫ്ട് ലാന്‍ഡിംഗ് സാദ്ധ്യമാക്കിയത്. 2006-ല്‍. പത്തുവര്‍ഷത്തെ സായുധസമരത്തിനു ശേഷം, ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറുകളിലൂടെ മാവൊയിസ്റ്റുകള്‍ നയരൂപീകരണത്തിലും അധികാരത്തിലും. രാജാധികാരവും ഉദ്യോഗസ്ഥ അഴിമതിയും സാമൂഹികമായ അസ്ഥിരതയും പ്രക്ഷോഭങ്ങളും കുട്ടിച്ചോറാക്കിയ, 71% ജനങ്ങളും നിത്യദാരിദ്ര്യത്തിലായ ഒരു രാജ്യത്തിന് വീണ്ടും സ്വപ്നം കണ്ടു തുടങ്ങാന്‍ അത്രയും മതി. നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് പ്രചണ്ഡ പ്രിയങ്കരനാവാനും. (മാദ്ധ്യമങ്ങള്‍ക്കു മാത്രമോ മന്‍മോഹന്‍ സിംഗിനും പ്രണാബ് മുഖര്‍ജിയ്ക്കും പോലും!) പക്ഷേ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. നേപ്പാള്‍, ഫെഡറല്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വഴിയ്ക്കാണോ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിന്റെ വഴിയ്ക്കാണോ ഇപ്പോള്‍? ഭരണഘടനയുടെയും മന്ത്രിസഭയുടെയും അമരത്ത് തങ്ങള്‍ തന്നെ വേണമെന്ന മാവോയിസ്റ്റുകളുടെ കടുംപിടിത്തം സഖ്യകക്ഷികളെ ഒരരുക്കാക്കിയിട്ടുണ്ട്. ഒപ്പം വീണ്ടും ബഹുജനസമരത്തെയും രണ്ടാം ഒക്ടോബര്‍ വിപ്ലവത്തെയും കുറിച്ചുള്ള പ്രചണ്ഡയുടെ മുന്നറിയിപ്പും. എങ്ങനെ പോകും കാര്യങ്ങള്‍?
യഥാര്‍ത്ഥപ്രശ്നം പുഷ്പാ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ, പത്രമാദ്ധ്യമങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയ അന്നു തന്നെ 12 പത്രങ്ങള്‍ പൂട്ടിപ്പോയി എന്നുള്ളതാണ്. 2005 ഫെബ്രുവരി ഒന്നിന്റെ ആവര്‍ത്തനം. രാജഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഭരണഘടനാ അസംബ്ലിയുടെ സമാപന സമ്മേളനം ‘നാവറുക്കല്‍ കാലത്തിന്‘ വീണ്ടും തുടക്കമിട്ടു എന്നത് യാദൃച്ഛികമാവാന്‍ വഴിയില്ല. വാര്‍ത്ത വന്നത് ജൂണ്‍ ഒന്നിന്. മൂന്നുദിവസത്തിനകം പ്രധാനമന്ത്രി രാജിവച്ചൊഴിയേണ്ടതായിരുന്നു. പുതിയ രാഷ്ട്രതലവനും ഭരണതലവനും അധികാരത്തിലെത്തേണ്ടതായിരുന്നു. ദിവസം പത്തു കഴിഞ്ഞു.
നേപ്പാളില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളൊന്നുമില്ല.
June 8, 2008
ഐക്യദാര്‍ഢ്യം !
കേരള്‍ കോമിന്റെ തരവഴികള്‍ക്കെതിരെ,
ഇഞ്ചിയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട്,
രാജില്‍ നിന്ന് പ്രചോദിതനായി,
രാമോഹന്റെ അഭ്യര്‍ത്ഥന മാനിച്ച്,
അഞ്ചല്‍ക്കാരന്‍, സജി, മയൂര, കണ്ണൂസ്, വല്യമ്മായി, അഗ്രജന്‍, സിബു, തുളസി, ഡാലി, പ്രമോദ് കെ എം, രേഷ്മ, ഏവൂരാന്‍, പി ആര്‍, വക്കാരിമഷ്ട, തൊമ്മന്‍, കുഞ്ഞന്‍, സന്തോഷ്, കേരളാഫാര്‍മര്‍, ആമ്പല്‍, തറവാടി, കരീം മാഷ്, MASIJEEVI , A world of my own, COPY WRITE VOILATIONS, DEBASHIS, PR@TZ, DINU, ബ്ലോഗാര്‍ത്ഥി, സതീഷ് മാക്കോത്ത്, സാറാ, നേഹാ വിശ്വനാഥന്‍, കമ്പ്ലൈന്‍സ് ബോഡ്, സിറില്‍ ഗുപ്ത, അമ്മൂമ്മ, താഹിറബ്ദു, സപ്തവര്‍ണ്ണങ്ങള്‍, രേവതി, ശേഖര്‍,മെര്‍ക്കുഷിയോ, ജയരാജന്‍, നളന്‍സ്...................
തുടങ്ങിയവരുടെ കൈകള്‍ കോര്‍ത്തു പിടിച്ച്കൊണ്ട്
ഞാനും പ്രതിഷേധിക്കുന്നു!
June 6, 2008
പടക്കോപ്പുകള്‍ - ബംഗ്ലാദേശി കവിത
നഗരത്തിലെ
പോലീസ് സ്റ്റേഷനില്‍
ആളുകള്‍ കൂടി നില്‍ക്കുന്നു.
സംശയാത്മാക്കളായ സൈനികള്‍
ജനങ്ങളില്‍ നിന്നും പടക്കോപ്പുകള്‍1 ശേഖരിക്കുകയാണ്.
പേടിച്ചരണ്ട മനുഷ്യര്‍
പട്ടാളക്കാരുടെ ആജ്ഞയ്ക്കു മുന്നില്‍,
കൂട്ടിയിട്ടിരിക്കുന്നൂ,
കൈത്തോക്കുകള്‍, വെറും തോക്കുകള്‍, വെടിയുണ്ടകള്‍...
വിശുദ്ധദേവാലയത്തിലെ
പുണ്യവാളന്റെ കൈക്കുമ്പിളില്‍
നേര്‍ച്ചയിട്ട പൂക്കള്‍ പോലെ,
മേശയില്‍ വഴിപാടുകള്‍.
ഞാന്‍ മാത്രം
പട്ടാളക്കാരെ വകവയ്ക്കാതെ
മൃദുവായ ഒരു അരാജകവാദിയായി
എന്റെ മുറിയിലേയ്ക്കു പോന്നു.
ഏറ്റവും അപകടകരമായ പടക്കോപ്പ്
അപ്പോഴുമുണ്ട്, ഉള്ളില്‍.
എന്റെ ഹൃദയം.
1. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ സൈന്യം അക്രമം അഴിച്ചുവിട്ട ദിനങ്ങളാണ് സൂചന. എല്ലാ ബംഗാളികളും അവരുടെ ആയുധങ്ങള്‍ അടിയറ വയ്ക്കാന്‍ പട്ടാളം ആജ്ഞാപിച്ചിരുന്നു. 9 മാസം നീണ്ടു നിന്ന ബംഗ്ലാസ്വാതന്ത്ര്യസമരത്തില്‍ മൊത്തം 3 കോടി ആളുകള്‍ മരിച്ചു എന്നാണ് കണക്ക്.
നിര്‍മ്മലേന്ദു ഗൂന്‍ (Nirmalendu Goon)
1945-ല്‍ ജനനം. കവി, പത്രപ്രവര്‍ത്തകന്‍, ചെറുകഥാകൃത്ത്. ഹുമയൂണ്‍ കബീര്‍ സമ്മാനം, ബംഗ്ലാ അക്കാദമി പുര്‍സ്കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
June 2, 2008
‘ഇന്നലെകള്‍ ഇതുവഴിയേ പോയീ.......’
‘പെരിപ്ലസ് : എറിത്രിയന്‍ കടലിലൂടെ ഒരു കപ്പല്‍യാത്ര‘(PERIPLUS OF ERYTHRAEN SEA) . നാലാം ക്ലാസിലെ പരശുരാമാധിഷ്ഠിതമായ കേരളോത്പത്തി പഠനത്തിനു ശേഷം അത്രതന്നെ രസത്തോടെ കേരളചരിത്രം ബി എയ്ക്ക് വായിക്കുമ്പോള്‍ പല പ്രാവശ്യം കയറിവന്ന് രോമാഞ്ചം കൊള്ളിച്ചിട്ടുള്ള ഒരു പേരാണിത്. ഒരു ബുക്ക് ഫെയറില്‍ ആകസ്മികമായി ഈ പുസ്തകം അടുത്തിടെ കണ്ടപ്പോള്‍ അതേ രോമാഞ്ചം വന്നെന്നെ തൊട്ടു. ശ്രീധരമേനോന്റെ, പദ്മനാഭമേനോന്റെ, കേസരിയുടെ, ഇളംകുളത്തിന്റെ, പി കെ ബാലകൃഷ്ണന്റെ ഉദ്ധരണികളിലല്ലാതെ മുഴുരൂപത്തില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള ശിശുവിനെ ഞാനാദ്യം കാണുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളം കണ്ടു പോയ കണ്ണുകളുടെ സംവേദനങ്ങള്‍ അഴുകാതെ ഇപ്പൊഴും തൊട്ടു മുന്നില്‍! രോമാഞ്ചം ഇല്ലാതിരിക്കുന്നതെങ്ങനെ? ചരിത്രം പോലെ തന്നെ ചരിത്രോപാദാനങ്ങളും. ആളൊഴിഞ്ഞ ഇടവഴി. നിഗൂഢമായ നക്ഷത്രവെളിച്ചം മാത്രം. ഓരോ കാല്‍വയ്പ്പിലും ഉള്ളിലെ കല്ലറകളില്‍ ഏതൊക്കെയോ തുറക്കുന്നു. അല്ല, നമുക്ക് പുനര്‍ജ്ജന്മം ഉണ്ടോ?
ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകങ്ങളിലെ കേരളം (കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ തുറമുഖങ്ങള്‍) ഈ പുസ്തകത്തിന്റെ 53 മുതല്‍ 58 വരെയുള്ള ഖണ്ഡികകളില്‍ അങ്ങനെ വിരാജിക്കുന്നതു കാണാം. എന്തൊരു കേരളം! സ്ഥലങ്ങളുടെ പേരുള്‍പ്പടെ വിവരിക്കുന്നതെല്ലാം നമുക്ക് -സോ കോള്‍ഡ് കേരളീയര്‍ക്ക് , തദ്ദേശവാസികള്‍ക്ക്- തീര്‍ത്തും അപരിചിതം. എഴുതിയ ആള്‍ പുസ്തകത്തില്‍ പേരുവച്ചിട്ടില്ല. (ഒരു നാടന്‍ പെണ്‍കിടാവിന്റെ ലണ്ടന്‍ യാത്ര എന്ന പഴയമലയാള പുസ്തകത്തെക്കുറിച്ച് പച്ചക്കുതിരയില്‍ വന്ന കുറിപ്പ് ഓര്‍ക്കുന്നു. എസ് കെ പൊറ്റക്കാടിന്റെ ആ സ്ത്രീ മുന്‍ഗാമി അന്നത്തെ കാലത്ത് അത്ര ഭയങ്കരമായ ഒരു യാത്ര നടത്തിയിട്ട്, അത്ര തന്നെ ഹൃദയാവര്‍ജ്ജകമായി എഴുതിയിട്ട്, ഗ്രന്ഥത്തിലൊരിടത്തും തന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. യാത്ര തന്നെ ന്യാസം. എന്തൊരാത്മീയത!! പുസ്തകം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള പഴയ സ്ഥാപനം ‘ശ്രീ ചിത്തിരതിരുന്നാള്‍ ഗ്രന്ഥശാല’യിലുണ്ട്) ബ്രഹ്മാണ്ഡമായ ഒരു യാത്ര അത്രയ്ക്കു ചെറുതാക്കിക്കളഞ്ഞിരിക്കും ആ മനുഷ്യനെ. ജീവിതം തനി തനിയായി കണ്ടാല്‍ പിന്നെ ‘ഞാന്‍’ ആര്? “ഒന്നു തന്നല്ലയോ ഞാനുമീക്കാടുമീയണ്ഡകടാഹവും...”
ഏതൊരു ചരിത്ര പുസ്തകത്തിനുമെന്നപോലെ പെരിപ്ലസിന്റെ രചനകാലത്തെപ്പറ്റിയുമുണ്ട് തര്‍ക്കങ്ങള്‍. എ ഡി 131-ല്‍ കപ്പഡോഷ്യയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന ഏരിയന്റെ ഗ്രന്ഥങ്ങളോടൊപ്പം കൈയെഴുത്തുപ്രതി സൂക്ഷിച്ചിരുന്നതുകൊണ്ട് ഇതിന്റെ രചനാകാരനും എരിയന്‍ തന്നെയാണെന്ന് ഒരു വാദമുണ്ട്. അതു തെറ്റാണ്. രണ്ടാം നൂറ്റാണ്ടിലെ ഏരിയനേക്കാള്‍ പ്രാചീനനാണ് പെരിപ്ലസുകാരന്‍. ഏ ഡി 47-ല്‍ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന ഹിപ്പാലസ്സിന്റെ യാത്രയെക്കുറിച്ച് പെരിപ്ലസില്‍ പറയുന്നുണ്ട്. അപ്പോള്‍ അതിനു ശേഷമാവണം ഇതിന്റെ രചന. ഏ ഡി 64-ല്‍ കത്തിയെരിഞ്ഞ റോമിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്തതിനാല്‍ (ഒപ്പം നീറോ ചക്രവര്‍ത്തി ഏ ഡി 67-ല്‍ നശിപ്പിച്ച ‘മെറൊ’ നഗരത്തെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍) അതിനും മുന്‍പാകണം ഇതു രചിച്ചതെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇവയും മറ്റു തെളിവുകളും കണക്കിലെടുത്ത് ഈ പുസ്തകത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ഇംഗ്ലീഷ് വിവര്‍ത്തനം തയാറാക്കുകയും ചെയ്ത വില്‍ഫ്രഡ് എച്ച് ഷോഫ് രചനാകാലം ഏ ഡി 60-ലാണെന്ന് (അല്ലെങ്കില്‍ അതിനടുത്ത്) നിജപ്പെടുത്തിയിട്ടുണ്ട്.
പരിപ്ലവം എന്ന സംസ്കൃതവാക്കിന്റെ ഗ്രീക്ക് തത്ഭവമാണ് പെരിപ്ലസ് എന്നു പി കെ പദ്മനാഭന്‍ നായര്‍. പേരാണെങ്കില്‍ (സംജ്ഞാനാമം) സംസ്കൃതത്തില്‍ നിന്ന് ഗ്രീക്കിലേയ്ക്കു വരുമ്പോള്‍ ഒരു ‘സ്’ കൂടിച്ചേരും. മുസിരി, മുസിരിസും പുരു, പോറസ്സുമായതുപോലെ പരിപ്ലവം പെരിപ്ലസ് ആയി. പാരാവാരത്തില്‍ പ്ലവമായത്’ എന്നാണതിന്റെ അര്‍ത്ഥം. തുറമുഖങ്ങള്‍ തൊട്ടുള്ള യാത്രയായതുകൊണ്ടാണത്രേ ഈ പേര്. ‘എറിത്ര‘യ്ക്കുമുണ്ട് സംസ്കൃത സംബന്ധം. ‘ആരക്ത’യാണ് എറിത്ര. ചെങ്കടലില്‍ നിന്നാണ് യാത്രയുടെ തുടക്കം. ചെങ്കടലിന്റെ ഭാഗങ്ങളാണ് കപ്പല്‍ കടന്നുപോയ കടലുകളെല്ലാം എന്നു ചിന്തിക്കാന്‍ പഴയ യവനര്‍ക്ക് അവകാശമില്ലേ? പോരെങ്കില്‍ എറിത്രാസ് രാജാവിന്റെ സമുദ്രമാണ് ചെങ്കടല്‍ എന്നൊരു പഴങ്കഥയുമുണ്ട്.
ഒരു ശ്വേതദ്വീപിനെ(പീജിയന്‍ തുരുത്തുകള്‍) പരാമര്‍ശിച്ചിട്ട് അതു കഴിഞ്ഞാല്‍ ദമരികയിലെ ആദ്യത്തെ വിപണനകേന്ദ്രങ്ങളായ നൌറയും തിണ്ടിസുമാണെന്ന് പറഞ്ഞുകൊണ്ടാണ് പെരിപ്ലസുകാരന്റെ കപ്പല്‍ കേരളമണ്ണിലേയ്ക്ക് നോട്ടമയയ്ക്കുന്നത്. ‘കേരബത്രോരാജ്യം‘ (കേരളപുത്രന്റെ/ ചേരപുത്രന്റെ രാജ്യം) എന്നാണ് ഗ്രീക്കുച്ചുവയോടേ ഇന്നത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്‘ അന്ന് വിളിക്കപ്പെട്ടത്. ‘തമിഴക’മാണ് ദമിരിക. ഏഴിമലയെന്നും കണ്ണൂരെന്നും പറഞ്ഞ് തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ലാത്ത ‘നൌറ’യും പൊന്നാനിയാണോ കടലുണ്ടിയാണോ പന്തലായിനിയാണോ എന്നു തിരിച്ചറിയാന്‍ വയ്യാത്ത ‘തിണ്ടിസും’ വിശാലതമിഴകത്തിന്റെ ഭാഗമായിരുന്നു എന്ന് ഈ വരിയിലൂടെ തെളിയില്ലേ? അനേകം അറബി-യവനക്കപ്പലുകള്‍ കിടക്കുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍. ഇപ്പോള്‍ ‘പട്ടണം‘ എന്ന പട്ടണമാണെന്നും വാദമുണ്ട്. ചിലപ്പതികാരത്തില്‍ മുചിരിയെന്നു പേര്‍) നദീ തീരത്താണെന്നും തിണ്ടിസ്സില്‍ നിന്ന് 500 സ്റ്റേഡിയ അകലെയാണെന്നും പറയുന്നുണ്ട്. വീണ്ടും നദിമാര്‍ഗം 500 സ്റ്റേഡിയ പോയാല്‍ നെല്‍ക്കിണ്ടയായി. നെല്‍ക്കിണ്ടയ്ക്ക് നീലകണ്ഠനുമായി ബന്ധമുണ്ട്. അതു തിരുനക്കര മഹാദേവനല്ലേ? (എന്നു ഫാബ്രിക്കസ്) അങ്ങനെയാണ് നിരുക്തിയെങ്കില്‍ അതു പമ്പാനദീതീരത്തെ ചെങ്ങനൂര്‍ മഹാദേവനുമാകാം. ഇതൊന്നുമല്ല, ഇതു കല്ലടയാണെന്ന് കെ പി പദ്മനാഭമേനോന്‍. ‘ബകരെ’ (പുറക്കാട്) എന്നൊരു സ്ഥലത്തെപ്പറ്റിയാണ് പിന്നെയുള്ള വിശദമായ വര്‍ണ്ണന. ഇവിടങ്ങളില്‍ രക്തനിറമുള്ള കണ്ണുകളുള്ള നീളം കുറഞ്ഞ കറുത്ത കടല്‍പ്പാമ്പുകള്‍ നിങ്ങള്‍ക്കു നേരെ വരും എന്നു പറഞ്ഞ് ഇച്ചിരി പേടിപ്പിക്കുന്നുണ്ട് പെരിപ്ലസുകാരന്‍. ആ പാമ്പുകള്‍ ഇന്നെവിടെ?
നാണയങ്ങള്‍, വൈഡൂര്യം, നേര്യത് തുടങ്ങിയ ചരക്കുകള്‍ നമുക്കറിയാവുന്നതു തന്നെ. പക്ഷേ കപ്പലുകള്‍ കയറ്റി പോകുന്ന മാലബത്രം എന്നൊരു സാധനമുണ്ട്, കൂട്ടത്തില്‍. വയമ്പാണോ വെറ്റിലയാണോ? കൊട്ടനാര എന്ന ജില്ലയില്‍ നിന്നാണ് കുരുമുളകു വരുന്നത്. കോലത്തുനാടാണോ കടത്തനാടാണോ കുട്ടനാടാണോ ഈ കൊട്ടനാര? ‘കൊട്ടാനരികെ’ എന്ന ഗ്രീക്കുച്ചാരണം വച്ച് ‘കൊട്ടാരക്കരയാവാനാണു സാദ്ധ്യതയെന്ന് പദ്മനാഭന്‍ നായര്‍. ബകാരെ (പുറക്കാടു തന്നെ) കഴിഞ്ഞു കപ്പല്‍ നീങ്ങിയാല്‍ കാണാവുന്ന കടുംചുവപ്പുമലയുണ്ട് വിവരണത്തില്‍. ‘പിര്‍ഹോണ്‍’ എന്നാണ് യവന പദം. വര്‍ക്കലമുതല്‍ അഞ്ചുതെങ്ങുവരെയുള്ള പ്രദേശം നീങ്ങുന്ന കപ്പലില്‍ നിന്നു കണ്ട കാഴ്ചയാണീ കടുംചുവപ്പു മല. അവിടുന്നു തെക്കോട്ടാണ് പറളിയാ ജില്ല. പുരളി എന്നു പേരുണ്ടായിരുന്ന പറളിയ തന്നെയാണിത്. പഴയ തിരുവിതാംകൂര്‍. പറുളി എന്നൊരു പഴയ നദി സംഘകാലത്തിനുമുന്‍പ് കന്യാകുമാരിയ്ക്കടുത്ത് ഒഴുകിയിരുന്നു. ഇവിടത്തെ ആദ്യസ്ഥലമാണ് ‘ബലിത’. കടല്‍ത്തീരഗ്രാമമാണിത്. നല്ലൊരു തുറമുഖവും. ഇളംകുളം കുഞ്ഞന്‍ പിള്ള, വര്‍ക്കലയാണെന്നു പറഞ്ഞ സ്ഥലമാണിത്. വിഴിഞ്ഞവുമാകാം. ആയ് തലസ്ഥാനമായിരുന്നു വിഴിഞ്ഞം. (ഇപ്പോള്‍ ചരിത്രത്തെ പുനഃസൃഷ്ടിക്കാനായി വിഴിഞ്ഞം തുറമുഖ നഗരമായി പിന്നെയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്) അഞ്ചുതെങ്ങിനു വടക്കുള്ള മാമ്പള്ളി ഗ്രാമമാണെന്നും വാദമുണ്ട്. അതും കഴിഞ്ഞ് പണ്ട് ഒരു ദേവത കുളിച്ചു താമസിച്ച കുമരിമുനമ്പിലൂടെ പെരിപ്ലസിന്റെ കപ്പല്‍ കേരളം വിട്ട് കൊല്‍ച്ചി വഴി കുമാര, പൊതുക്ക, പലാശിമൊണ്ട്, കിര്‍ഹാദെ, മസാലിയ, ദൊസറിന്‍, ക്രൈസ്, തിസ്, ബസാട്ടെ..........
ഒടുവില്‍ ചെന്നു പറ്റാന്‍ പ്രയാസമായ ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിശൈത്യപ്രദേശത്തെപ്പറ്റി പറഞ്ഞ് വിവരണം അവസാനിക്കുന്നു.
തുറമുഖം ചുറ്റിയുള്ള ശരിയായ ഓട്ടം തന്നെ. വിഹഗവീക്ഷണമെന്നു പറയുന്നത് ഇതിനെയാണ്. ഒന്നിന്റെയും ഉള്ളിലേയ്ക്ക് പെരിപ്ലസുകാരന്‍ തലപൂഴ്ത്തിയില്ല. കണ്ടതു മാത്രം പറഞ്ഞു. സ്ഥലദൂരങ്ങളെപ്പറ്റിയുള്ളതെല്ലാം ഊഹക്കണക്ക്. (പിന്നീട് ചരിത്രകാരന്മാര്‍ക്ക് അടിവയ്ക്കാന്‍!) സ്വന്തം പേരുപോലും പറയാന്‍ മറന്ന് തിരിച്ചുപോയി. എങ്ങോട്ട്?
അനു:
2008-ല്‍, ഈ പണപ്പെരുപ്പത്തിന്റെ കാലത്തു്, ആദ്യകൈയായി ഈ പുസ്തകം എനിക്കു കിട്ടിയത് എത്ര രൂപയ്ക്കാണെന്നോ? വെറും രണ്ടു രൂപയ്ക്ക്. പഴയവിലയ്ക്കല്ല. ഏഴുരൂപ വിലയുള്ള പുസ്തകം 75% ഡിസ്ക്കൌണ്ടും കഴിച്ച് അത്രേ വന്നുള്ളൂ. ശരിക്കും ആളൊഴിഞ്ഞ വഴി തന്നെ.
പുസ്തകം
എറിത്രിയന്‍ കടല്‍ത്തീരത്തിലൂടെ ഒരു കപ്പല്‍ യാത്ര (പെരിപ്ലസ്)
ഇംഗ്ലീഷ് പരിഭാഷ
വില്‍ഫ്രഡ് ഷോഫ്
മലയാള പരിഭാഷ
പി കെ പദ്മനാഭന്‍ നായര്‍