May 14, 2008

കാളവണ്ടികള്‍ പിന്നെയും?


1974-ജനുവരി 26 ന് ആത്മഹത്യചെയ്ത പി സി ഗോപാലന്‍ എന്ന നന്തനാരുടെ ജീവിതത്തെ ആസ്പദമാക്കി എം ജി ശശി സംവിധാനം ചെയ്ത സിനിമയാണ് ഈവര്‍ഷം ഭൂമിമലയാളത്തിലുണ്ടായ മികച്ച ചിത്രമായി സര്‍ക്കാര്‍ പറയുന്ന ‘അടയാളങ്ങള്‍'. നന്തനാരുടെ ജീവിതം മുഴുവനില്ല സിനിമയില്‍ . പതിനെട്ടുകാരനാണ് നായകന്‍ . അതായത് കഥ നടക്കുന്നത്, നാല്‍പ്പതുകളിലെ കേരളത്തിലാണ്. തകഴിക്കഥകളെ പുരസ്കരിച്ച അടൂരിന്റെ ‘നാലുപ്പെണ്ണുങ്ങളും‘ ഏതാണ്ടിതേ കാലത്തെയാണ് അഭ്രപാളികളില്‍ പുനരാവിഷ്കരിച്ചത്. ഒരേ വര്‍ഷം, ഇങ്ങനെ ആസന്ന ഭൂതകാലത്തിലേയ്ക്ക് ഒരു പോലെ രണ്ടു ഗൌരവക്കാരായ സംവിധായകര്‍ നോക്കിയെന്നത് യാദൃച്ഛികവും അതേസമയം ആശ്ചര്യകരവുമാണ് ‍. ഇപ്പോഴുള്ള വിഷയങ്ങളൊന്നും വിഷയങ്ങളെയല്ലേ? ചരിത്രത്തിലേയ്ക്കുള്ള പിന്തിരിയലിന് കാരണങ്ങള്‍ പലതുണ്ട്. അവയിലേതാണ് ഈ സിനിമകളെ പ്രചോദിപ്പിച്ചത്? തൊട്ടടുത്ത ഭൂതകാലത്തില്‍ നിന്ന് ഈ സംവിധായകര്‍ സ്വാംശീകരിച്ച മൂലകങ്ങള്‍ എന്തൊക്കെയാണ്? അതെത്രത്തോളം അവരുടെ സിനിമകളില്‍ ആവിഷ്കാരസാഫല്യം നേടിയിട്ടുണ്ട്? ഭൂതകാലത്തില്‍ ഇറങ്ങിത്തപ്പുന്ന ഈ ആവിഷ്കാരങ്ങള്‍ക്ക് സമകാല ബൌദ്ധിക-സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുണപരമായ സ്വാധീനം/വിപ്ലവം എന്തെങ്കിലും വരുത്തുക എന്ന ഉദ്ദേശ്യം വല്ലതുമുണ്ടോ?

നമുക്ക് ‘അടയാള‘ങ്ങളിലേയ്ക്ക് വരാം. (നാലുപെണ്ണുങ്ങളെപ്പറ്റി മുന്‍പൊരിക്കല്‍ എഴുതിയതാണ്) വിശപ്പും യുദ്ധവുമാണ് സിനിമയിലെ മുഖ്യവസ്തുതകള്‍ . മൂന്നുതരം വിശപ്പുകളെയാണു താന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചതെന്നു സംവിധായകന്‍ . ഭക്ഷണത്തിനുള്ള വിശപ്പ്, സ്ത്രീയ്ക്കുവേണ്ടിയുള്ള വിശപ്പ്, സ്വത്വത്തിനുവേണ്ടിയുള്ള വിശപ്പ്. യുദ്ധത്തിന്റെ പശ്ചാത്തലഭൂമികയില്‍ നിന്ന് ആര്‍ക്കുമ്പോള്‍ ഈ വിശപ്പുകള്‍ക്ക് തീവ്രത കൂടും. അങ്ങനെ യുദ്ധം എന്തിന് എന്ന ചോദ്യം കൂടി സിനിമയ്ക്കു മുന്നില്‍ വയ്ക്കാനാവുന്നു. അത്ര വ്യക്തമല്ലെങ്കിലും സിനിമയുടെ ഘടന അറുപതുകളില്‍ നിന്ന് നാല്പതുകളിലേയ്ക്കാണ്. ഇന്തോ ചൈനായുദ്ധകാലത്തില്‍ നിന്ന് രണ്ടാം ലോകയുദ്ധകാലത്തെ പട്ടാളതെരഞ്ഞെടുപ്പുകാലത്തിലേയ്ക്ക്. നന്തനാരുടെ ജീവിതത്തിലേയ്ക്ക് സിനിമ നോക്കിയതിന്റെ അര്‍ത്ഥം അതാണ്. ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലത്തില്‍ നിന്ന് വാസനകള്‍ക്കു പിന്നാലെ ഇറങ്ങി നടന്ന് പട്ടാളത്തില്‍ ചെന്നു പറ്റി, യുദ്ധത്തിന്റെ കെടുതികളും വിഹ്വലതകളും മനസ്സില്‍ പേറി നടന്ന ഒരു വ്യക്തിത്വമാണ് നന്തനാരുടേത്. കേരളത്തിന്റെ അധികം അറിയാത്ത ഒരു ഇന്നലെയില്‍ മനസ്സുവെന്തുപോയ കുറെ ജീവിതങ്ങളെ പ്രതിനിധീകരിക്കാന്‍ നന്തനാരുടെ ജീവിതത്തിനു കഴിവുണ്ട്. അങ്ങനെയാണ് ഒരു വീണ്ടെടുപ്പ് നമ്മെ തൊടുന്നത് (തൊടേണ്ടത്).

അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു ശബ്ദവിവരണങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. (ഡോക്യുമെന്ററിയുടെ സ്വഭാവത്തെ സിനിമ ഉള്ളടക്കിയിരിക്കുകയാണ്. അത് ഇവിടുന്നു തുടങ്ങുന്നു) ആദ്യത്തേത് ഉള്ളില്‍ ചുഴലിയും മലരികളുമായി 48 വര്‍ഷം നീണ്ട നന്തനാരുടെ ജീവിതത്തിന്റെ സാമാന്യാവലോകനമാണ്. രണ്ടാമത്തേത് കഥാപാത്രത്തിന്റെ സ്വന്തം ആത്മാലാപനങ്ങളും. ദാരിദ്ര്യം, കൂട്ടുകുടുംബവ്യവസ്ഥയിലെ അന്തസംഘര്‍ഷങ്ങള്‍ , രോഗം, ദൈന്യത, കാമം, സ്വവര്‍ഗഭോഗം, ബഹുഭാര്യാത്വം, കുടുംബകലഹം (അതില്‍ ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള വഴക്കിനാണ് മുന്‍‌തൂക്കം. ജ്യേഷ്ഠന്‍ പ്രതിസ്ഥാനത്താണ്. ബാലിസുഗ്രീവ യുദ്ധത്തിന്റെ കഥകളി പശ്ചാത്തല(പരഭാഗ)ശോഭയോടെ അവതരണം തേടുന്നുണ്ട്) അങ്ങനെ സിനിമ വിഷയമാക്കുന്ന ഫ്യൂഡല്‍ തകര്‍ച്ചാകാലഘട്ടത്തിന്റെ വിഹ്വലതകള്‍ പലതാണ്. കഥാപാത്രങ്ങള്‍ എല്ലാവരും നിസ്സഹായരാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ‍. കാലത്തിനുമേല്‍ പിടി അയഞ്ഞുപോകുന്ന തരം നിസ്സഹായത. സിനിമ അവസാനിക്കുന്നത് തീവണ്ടിയുടെ വാതില്‍ ഫ്രെയിമിനുള്ളില്‍ നിഴല്‍‌രൂപമായി, നീങ്ങിപ്പോകുന്ന പച്ചപ്പുകളിലേയ്ക്കു നോക്കി നില്‍ക്കുന്ന ഗോപാലനെ കാണിച്ചുകൊണ്ടാണ്. പട്ടാളത്തിലേയ്ക്കാണ് യാത്ര. ‘ഞാന്‍ തിരിച്ചു വരും’ എന്നയാള്‍ പറയുന്നു. എങ്ങോട്ടേയ്ക്കായിരിക്കും ഈ തിരിച്ചുവരവ് എന്നാലോചിക്കാന്‍ നമുക്കു ധാരാളം വക നല്‍കിക്കൊണ്ട്.

ദാരിദ്ര്യത്തിന്റെ ആവിഷ്കാരവഴികള്‍ക്കൊപ്പം കണ്ടു മടുത്ത ക്ലീഷേകള്‍ സിനിമയില്‍ ധാരാളം. ( ജാനു ബറുവ അതൊക്കെ എങ്ങനെയറിയാനാണ്) അതിവൈകാരികമായോ, അമച്ച്വറിഷായോ എന്നു സംശയിക്കാവുന്ന ചില ഘടകങ്ങള്‍ തറഞ്ഞുകിടപ്പുണ്ട് സിനിമയില്‍ .

ഉദാഹരണങ്ങള്‍ :
തെരുവുനാടകങ്ങളില്‍ മുന്‍പ് നാം കണ്ടിരുന്നതുപോലെ, പട്ടാളക്കാരനായ ജ്യേഷ്ഠന്‍ സ്ക്രീനിന്റെ ഇടത്തേമൂലയിലെ ഒരു ടെന്റിന്റെ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന സഹപട്ടാളക്കാരുടെ അടുത്തു നിന്ന് വലത്തേ മൂലയിലേയ്ക്ക് പോയിട്ട് സലൂട്ടടിച്ച് ‘എനിക്കിവിടെ സുഖം നിങ്ങള്‍ക്കവിടെ സുഖം എന്നു വിശ്വസിക്കുന്നു‘ എന്നു പറഞ്ഞിട്ട് തിരിച്ചുപോയി കൂട്ടുകാരോടൊപ്പം കള്ളുകുടിയില്‍ ചേരുന്നത്. (വീട്ടിലേയ്ക്കുള്ള കത്തിലെ യാന്ത്രികതയാണ് തനി നാടകമട്ടില്‍ ആവിഷ്കരിച്ചിരിക്കുന്നത് !)

ദാരിദ്ര്യം കണ്ടു സഹിക്കാന്‍ വയ്യാതെ വിശന്നു കലങ്ങി പുറത്തിറങ്ങിപ്പോകുന്ന മകനോട് അമ്മ : “നീ എവിടെ പോകുന്നു?”
മകന്‍ : “ആത്മഹത്യ ചെയ്യാന്‍ .”
ഉടനെ പശ്ചാത്തലത്തില്‍ ഉടുക്കുകൊട്ട്.
(ഉടുക്കുകൊട്ടി വരുന്നത് ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദന്‍ . പാടുന്നത് ‘ഇടപ്പള്ളിയുടെ മണിമുഴക്കം.“ ഒരാത്മഹത്യയ്ക്കുള്ള പ്രേരണ മനസ്സില്‍ മുഴങ്ങുന്നത് ചിത്രീകരിക്കാന്‍ മിമിക്രിക്കാര്‍ പലപാട് കളിയാക്കിയ ഒരു സന്ദര്‍ഭം തന്നെ അതേപടി പകര്‍ത്തിയതിനെ ഒന്നു പ്രത്യേകം നമസ്കരിക്കാനാണു ആത്മാര്‍ത്ഥമായും തോന്നിയത് !)

പട്ടാളത്തിലേയ്ക്ക് പിറ്റേന്ന് യാത്രയാവുന്ന മകന്‍ . അമ്മയും ഇളയസഹോദരങ്ങളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു. അതിതീവ്രമാണ് മുഹൂര്‍ത്തം. മകന്‍ വേര്‍പിരിഞ്ഞു പോവുകയാണ്. യുദ്ധകാലമാണ്.
അമ്മ : “നീ പോയാലും ഞാന്‍ കരയില്ല. നീയും കരയരുത്... (സൊ സൊ..)
മകന്‍ : (കരഞ്ഞുകൊണ്ട്) ഞാന്‍ കരയില്ല.. ഞാന്‍ കരയില്ല...എന്തൊരു എരിവാണമ്മേ കറികള്‍ക്ക്...(കരഞ്ഞുകൊണ്ടിരിക്കുന്നു)
( ഈ നാടകത്തിന്റെ പരിഹാസ്യത എടുത്തു പറയണ്ടല്ലോ ! ദിനമ്പ്രതി നമ്മള്‍ കണ്ടു തള്ളുന്ന സീരിയലുകളെത്രയാണെന്ന് സംവിധായകനറിയാമോ..)

വളരെ പ്രസാദാത്മകമായ വീക്ഷണം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ എന്ന് നിരൂപകര്‍ എഴുതിയ നന്തനാരുടെ ആത്മഹത്യ തികച്ചും പ്രഹേളികാസ്വഭാവമുള്ള ഒന്നാണ്. ( മരണം നിരന്തരമായി അദ്ദേഹത്തിന്റെ ഴുത്തുകളില്‍ കടന്നു വന്നിട്ടുണ്ട്. മരണാനന്തരം ശത്രുഘ്നന്‍ എഴുതിയ കുറിപ്പില്‍ ആത്മഹത്യയെക്കുറിച്ച് അദ്ദേഹം നിരന്തരമായി പറഞ്ഞിരുന്നതിനെ അനുസ്മരിക്കുന്നു. താന്‍ മരിച്ചാല്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറുമെന്ന് വിഭാവന ചെയ്ത് ഒരു കഥ നന്തനാര്‍ എഴുതിയിട്ടുണ്ട് ‘ഞാന്‍ മരിക്കുന്നു.’ ) ഇടപ്പള്ളിയെപ്പോലെയോ രാജലക്ഷ്മിയെപ്പോലെയോ പരിവേഷവും ചര്‍ച്ചയും പരിചരണവും ഒന്നും ആ മരണത്തിനു കിട്ടാത്തതിനു കാരണം തന്നെ അതിന്റെ നിഗൂഢമായ ആഴമാണ്. സത്യം പറയാമല്ലോ, ഇങ്ങനെ കൌമാര വിഹ്വലതകളിലും ദാരിദ്ര്യത്തിലും തള്ളിയിട്ട് ഒരു എഴുത്തുകാരന്റെ ഭൂതകാലത്തെ മഞ്ഞയില്‍ പുതിക്കിപ്പണിയുന്നതിനു പകരം, മരണത്തിന്റെ ഉള്ളുകള്ളിയിലേയ്ക്ക്, ദാര്‍ശനികമായ ഒരു നോട്ടമെങ്കിലും സംവിധായകന്‍ അയച്ചിരുന്നെങ്കില്‍ , എന്നു വെറുതേ, വെറും വെറുതേ ഒന്ന് ആഗ്രഹിച്ചുപോയി. പക്ഷേ നന്തനാരുടെ ആത്മഹത്യ തന്റെ വിഷയമേയല്ല എന്നാണ് എം ജി ശശിയുടെ നിലപാട്. അതു തന്നെയായിരിക്കും ഈ സിനിമയെ സാധാരണത്വത്തില്‍ കെട്ടിയിടുന്നത് എന്നു തോന്നുന്നു, അതിനു പിന്നില്‍ വര്‍ഷങ്ങളുടെ ഹോം വര്‍ക്കുണ്ടെന്ന് സംവിധായകന്റെ സാക്ഷ്യം പറച്ചിലുണ്ടെങ്കിലും.

അനു:
ഒരു രംഗം ഓര്‍മ്മ വരുന്നു. മൈക്കല്‍ കണ്ണിംഗ്‌ഹാമിന്റെ പുലിത്‌സര്‍ സമ്മാനം ലഭിച്ച നോവലിനെ ആസ്പദമാക്കി ഹരോള്‍ഡ് ബെക്കര്‍ സംവിധാനം ചെയ്ത “ദി ഹവേഴ്സി“ല്‍ വെര്‍ജീനിയ വൂള്‍ഫായി അഭിനയിച്ച നിക്കോളി കിഡ്‌മാന്‍ ഓവര്‍ക്കോട്ട് കൂട്ടിപ്പിടിച്ച് പനിച്ചും വിറച്ചും പിറുപിറുത്തും വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതാണത്. സ്വയം ഓടുക്കാന്‍ നിശ്ചയിച്ചതിന്റെ മുഴുവന്‍ ആവേഗവും ഭ്രാന്തും ഒപ്പിയെടുത്തതാണ് ആ യാത്ര. അത് സിനിമ ആവര്‍ത്തിക്കുന്നുണ്ട്.
കോട്ടിന്റെ പോക്കറ്റില്‍ കല്ലെടുത്തിട്ട് ഔസ് (Ouse) നദിയില്‍ ചാടി ജീവിതമൊടുക്കുന്നതിനു മുന്‍പ് അവര്‍ വിറക്കുന്ന വിരലുകളില്‍ മഷി പറ്റിച്ച് രണ്ടു കത്തുകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. അനിയത്തിയ്ക്കും സ്വന്തം ഭര്‍ത്താവിനും. വെര്‍ജീനിയ വൂള്‍ഫ് ഫൌണ്ടേഷന്റെ പ്രസിഡന്റ് പറഞ്ഞത് സിനിമയില്‍ കാണിച്ച അക്കാര്യം യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ്. രണ്ടു കത്തുകള്‍ അവര്‍ തയാറാക്കിയിരുന്നു എന്നതു ശരിയാണ്. അതിലൊരെണ്ണം മരണത്തിനു പത്തോളം ദിവസങ്ങള്‍ക്കു മുന്‍പാണെഴുതിയത്. അതു പിന്നീടാണ് കണ്ടെടുക്കപ്പെട്ടത് എന്നു മാത്രം. ആ കത്തെഴുതിയ ദിവസം ആകെ നനഞ്ഞൊലിച്ച് അവര്‍ വീട്ടില്‍ വന്നു കയറി. ചോദിച്ചപ്പോള്‍ കാലുതെറ്റി വീണു എന്നാണ് പറഞ്ഞത്.
പക്ഷേ അത് പരാജയപ്പെട്ട ഒരു ആത്മഹത്യാശ്രമമായിരുന്നു.

18 comments:

  1. "ഒരു എഴുത്തുകാരന്റെ ഭൂതകാലത്തെ മഞ്ഞയില്‍ പുതിക്കിപ്പണിയുന്നതിനു പകരം, മരണത്തിന്റെ ഉള്ളുകള്ളിയിലേയ്ക്ക്, ദാര്‍ശനികമായ ഒരു നോട്ടമെങ്കിലും സംവിധായകന്‍ അയച്ചിരുന്നെങ്കില്‍ , എന്നു വെറുതേ, വെറും വെറുതേ ഒന്ന് ആഗ്രഹിച്ചുപോയി."

    എന്നാല്‍ ഇവിടെ സംവിധായകണ്റ്റെ കണ്ണിനെയും മനസ്സിനെയും ചിന്തയെയും വെള്ളെഴുത്ത്‌ ബാധിച്ചിരിക്കാം.അതുകൊണ്ട്‌ തന്നെ നന്തനാരുടെ ആത്മഹത്യ അദ്ദേഹത്തിന്‌ വലിയ വിഷയമായില്ല.... അങ്ങനെയും വരാമല്ലോ.. അല്ലേ... ?

    ReplyDelete
  2. മേലാക്കം ആത്മഹത്യയെ പറ്റി താനെഴുതിയാല്‍....
    ലിതു വായിച്ചിട്ട് ഒന്നു പോയി ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നിപ്പോയതാണ്.

    ഇനി ഇതിനെ പറ്റി മിണ്ടിയാല്‍.....

    ലാസ്റ്റ് വാണിംഗ്

    ReplyDelete
  3. നന്തനാര്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നത് ഇന്നും ഒരു ചോദ്യ മാണ്

    ReplyDelete
  4. നാലുപെണ്ണുങ്ങളേക്കാള്‍ തമ്മില്‍ നല്ലത് (തൊമ്മന്‍)അടയാളങ്ങളാണെന്ന് കണ്ടാകും ഇതിന്റെ മേല്‍ അവാറ്ഡ് ഏല്‍പ്പിച്ചത് അല്ലേ?

    നന്ദനാര്‍ :(

    ReplyDelete
  5. നല്ല ലേഖനം..വെള്ളെഴുത്തേ...

    സില്‍‌വിയ പ്ലാത്തിന്റെ ജീവിതം ചിത്രീകരിച്ച ‘സില്‍‌വിയ’ എന്ന ചിത്രത്തിലും കണ്ടു ഇതു പോലെ അവരുടെ ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവിന്റെ അഗമ്യഗമനവും കുടുംബപ്രശ്നങ്ങളുമാണെന്ന രീതിയില്‍ ചില തീര്‍പ്പുകള്‍.


    അതിവൈകാരികതയയും നാടകീയതയും ജാനു ബറുവയുടെ ഇഷ്ടവിഭവങ്ങളാണെന്നു തോന്നുന്നു.. ‘മേനെ ഗാന്ധി കൊ നഹി മാരാ’-യിലെ പല രംഗങ്ങളും ഓര്‍മ്മ വരുന്നു. അതു വെച്ച് നോക്കുമ്പോള്‍ പളുങ്ക് പോലൊരു കച്ചവട സിനിമയില്‍ നായകന്‍ ഗാന്ധിപ്രതിമയോട് വികാരം പ്രകടിപ്പിക്കുന്നതൊക്കെ എത്ര നിസ്സാരം.

    ലെനിന്‍ രാജേന്ദ്രന്റെ അന്യരിലും കണ്ടിരുന്നു ഇങ്ങനെ ചില സീനുകള്‍.നമ്മുടെ ഓഫ് ബീറ്റ് സിനിമകള്‍ ‘ഓഫ് ബീറ്റ്’ മാത്രമായി പോകുന്നതിന് ഒരു കാരണം ഈ അമച്വര്‍ സ്വഭാവം ആണെന്നു തോന്നുന്നു.

    ReplyDelete
  6. അപ്പോള്‍,അടയാളങ്ങള്‍ കാണാന്‍ വലിയ ശ്രമമൊന്നും നടത്തേണ്ടതില്ല എന്നു ചുരുക്കം(ഫില്‍ക്കയില്‍ കാണാന്‍ പറ്റിയില്ല).പരദേശി,നാലു പെണ്ണുങ്ങള്‍ എന്നീ ബോറന്‍ പടങ്ങളേക്കാള്‍ നന്നാകും എന്നു പ്രതീക്ഷിച്ചിരുന്നു.

    ReplyDelete
  7. ഒരു പ്രതീക്ഷയുണ്ടായിരുന്നു,അതു പോയികിട്ടി.പകരം ഞാന്‍ ‘കുരുവി’ കണ്ടോളം :)

    ഓഫ്‌,
    ഈയിടെയാണ് ‘മാര്‍ഗ്ഗം’ എന്ന സിനിമ കണ്ടത്.നല്ലൊരു സിനിമയായി തോന്നി.അലസമായ കുറേ നല്ല ഷോട്ടുകളിലൂടെ ക്യാമറയും ഗുസ്താവോയുടെ ശൈലിയിലുള്ള പശ്ചാത്തല സംഗീതവും ഒക്കെ ശരിക്കും അത്‌ഭുതപ്പെടുത്തി.അതിന്റെ സംവിധായകന് എന്തു സംഭവിച്ചു എന്നറിയോ?

    ReplyDelete
  8. ഒരേ വര്‍ഷം, ഇങ്ങനെ ആസന്ന ഭൂതകാലത്തിലേയ്ക്ക് ഒരു പോലെ രണ്ടു ഗൌരവക്കാരായ സംവിധായകര്‍ നോക്കിയെന്നത് യാദൃച്ഛികവും അതേസമയം ആശ്ചര്യകരവുമാണ് ‍. ഇപ്പോഴുള്ള വിഷയങ്ങളൊന്നും വിഷയങ്ങളെയല്ലേ?

    അല്ല വെള്ളെഴുത്തേ,നമ്മുടെ ചിന്തകരും എഴുത്തുകാരും ഒട്ടകപ്പക്ഷികൾ മണലിൽ തലപൂഴ്ത്തി രക്ഷപ്പെടുന്ന തന്ത്രം അറിഞ്ഞാവിഷ്കരിക്കുകയാണ്.പുസ്തകങ്ങളിൽ തലപൂഴ്ത്തി നിൽ‌പ്പാണവർ,പുറം ലോകത്തേക്ക് നോക്കാൻ മറന്നുപോയിക്കാണും,അല്ലെങ്കിൽ ഒളിച്ചോട്ടത്തിന്റെ ഏറ്റവും എളുപ്പവഴി അതാണെന്നതുകൊണ്ട് മനപ്പൂർവ്വം നോക്കുന്നില്ലാത്തതാകും.നമ്മളോ ആ പൃഷ്ടഭാഗം കണ്ട് ലജ്ജിപ്പൂ.

    ReplyDelete
  9. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്കു് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നവര്‍ക്കു് ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ സൂക്ഷ്മതയും ഒരു ദാര്‍ശനികന്റെ കുശാഗ്രബുദ്ധിയും ഉണ്ടായിരിക്കണം. പക്ഷേ, അവയില്ലാത്തവര്‍ക്കു് അവയില്ലെന്നു് അറിയാന്‍ വേണ്ടതും അവര്‍ക്കില്ലാത്ത അതേ ഉപകരണങ്ങള്‍ തന്നെ!‍

    മുന്‍‌പൊരു പോസ്റ്റില്‍ ഞാന്‍ എഴുതിയതാണു്:
    'മരിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല ആഗ്രഹിക്കുന്നതുപോലെ ജീവിക്കാന്‍ കഴിയില്ലെന്നു് വരുമ്പോഴാണു് മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നതു്'.

    സമൂഹത്തിനു് കൂട്ടുത്തരവാദിത്വമില്ലാത്ത ഒരു ആത്മഹത്യയുമില്ല. ജനങ്ങള്‍ അവരുടെ വഴിവിളക്കുകള്‍ എന്നു് ധരിച്ചുവച്ചിരിക്കുന്നവര്‍ക്കു്, സമൂഹത്തിന്റെ locomotive ആവാന്‍ കടമയും ഉത്തരവാദിത്വവുമുള്ളവര്‍ക്കു് ഈ വസ്തുത കാണാന്‍ കഴിയുന്നില്ലെങ്കില്‍ അതു് അവരുടെ മനസ്സിനെയും ചിന്തയെയും ബാധിച്ച കാഴ്ചക്കുറവു് മാത്രമേ ആവാന്‍ കഴിയൂ.

    ReplyDelete
  10. കിണ്ടി ,കോളാമ്പി , വാഴിലെ ഊണ്, പാമ്പിന്‍ തുള്ളല്‍ , ജ്യോതിര്‍മയിയുടെ കാമാതുരമായ മുഖവും പോരാത്തതിനു അത്യാവശ്യം യുദ്ധവും യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിയ്ക്കാന്‍ വേണ്ടുവോളം വകയുണ്ട്, എന്നാണ് പരസ്യം കണ്ടപ്പോള്‍ തോന്നിയത്,

    ReplyDelete
  11. ആസന്ന ഭൂതകാലത്തിലേയ്ക്ക് ഒരു പോലെ രണ്ടു ഗൌരവക്കാരായ സംവിധായകര്‍ നോക്കിയെന്നതിനെ ഒട്ടകപക്ഷി മണലില്‍ തല പൂഴ്ത്തുന്നതിനോട് ഉപമിക്കണോ സനാതനാ. കാരണം ചരിത്രത്തിലേക്കു നോക്കുന്ന സിനിമകളില്ലാത്തത് നമുക്കാണ്. മറ്റെല്ലാ നാടുകളിലും അത്തരം സിനിമകളുണ്ടാകുന്നുണ്ട്.

    ടി.വി ചന്ദ്രന്റെ ചിത്രങ്ങളും, അടൂരിന്റെ ചില സിനിമകളുമൊഴികെ മറ്റ് സിനിമാക്കാരെല്ലാം ചരിത്രം മറന്നുപോയവരല്ലേ?

    ആ ഒരര്‍ത്ഥത്തില്‍ ഈ സിനിമകളെ ഞാന്‍ പ്രതീക്ഷയോടെയാണു നോക്കുന്നത്. പക്ഷെ അതില്‍ വരുന്ന അമച്വര്‍ സ്വഭാവം ഒഴിവാക്കാനായെങ്കില്‍ നന്നായ്യിരുന്നു.

    പിന്നെ, യൂറോപ്യന്‍ മാര്‍കറ്റില്‍ വില്‍ക്കാനാകുമെങ്കിലും നല്ലതു തന്നെ. കാരണം അവരുടെ സിനിമകള്‍ നമ്മള്‍ വാങ്ങുന്നുണ്ടല്ലോ. നമ്മുടെ സിനിമകള്‍ അവിടെ വില്‍ക്കാന്‍ നമുക്കാകുമെങ്കില്‍ അതും നല്ലതു തന്നെ.(പക്ഷെ, അതിനായി ഒത്തുതീര്‍പ്പുകള്‍ എടുക്കുന്നതിനോട് വിയോജിപ്പുണ്ട്)

    ReplyDelete
  12. സംവിധായകന്റെ ചിന്തയെയും മനസ്സിനെയും വെള്ളെഴുത്തു ബാധിച്ചു എന്നു പറയുമ്പോള്‍ വ്യംഗ്യഭംഗിയില്‍ അതെനിക്കിട്ടൊരു തട്ടാണല്ലോ അമൃതേ..:) സങ്കൂ.. ഇനി ഞാന്‍ എഴുതില്ല.. (എന്നൊരു ഉറപ്പുമില്ല) ഉള്ളിലെ മുഴക്കത്തെ ഇല്ലാതാക്കാനല്ലയോ..ഇങ്ങനെ സംസാരിച്ചുകൊണ്ടേയിരിക്കുന്നത്! അനൂ, നന്തനാര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ കൌമാരകാലത്തെ വിഷാദങ്ങളാണ് എന്നു സിനിമയില്‍ നിന്നും വായിക്കണം. റോബി, സുജിത്തേ, തുളസീ.. ഇങ്ങനെയൊക്കെ പോസ്റ്റുന്നതിന്റെ ഒരര്‍ത്ഥം എനിക്കിതിങ്ങനെയാണു തോന്നിയത്, നിങ്ങള്‍ക്കെങ്ങനെയാണെന്നറിയണം എന്നാണ്. അങ്ങനെയേ ചക്രം പൂര്‍ത്തിയാവൂ. എന്റെ ഉദാസീനതകൊണ്ട് ഞാന്‍ കാണാതെ പോയ മൂലകങ്ങള്‍ ആരെങ്കിലും കണ്ടെടുത്തല്ലേ പറ്റൂ. നിങ്ങള്‍ക്കാര്‍ക്കും നല്ല അഭിപ്രായമില്ല എന്നിടത്തു വച്ചേ ഞാനെന്റെ അഭിപ്രായം ഉറപ്പിക്കൂ..
    ഭൂതകാലത്തിലേയ്ക്കുള്ള നോട്ടമല്ല അതെന്തിനുവേണ്ടിയാണെന്ന് നിഴല്‍ക്കുത്തോ നാലുപെണ്ണുങ്ങളോ അടയാളങ്ങളോ അടയാളപ്പെടുത്തുന്നുണ്ടോ എന്നാണ് അറിയേണ്ടത്. ഞാന്‍ നോക്കിയിട്ട് വ്യക്തമാവുന്നില്ല. ആരെങ്കിലും പറഞ്ഞു തരണം. വിജയരാഘവന് എന്തു പറ്റി?
    സി കെ, ഡിങ്കന്‍, സനാതനന്‍, നചികേതസ്സ്.. :) സങ്കുചിതന്‍ താക്കീത് തന്നസ്ഥിതിയ്ക്ക് ആത്മഹത്യയെ വീണ്ടും വലിച്ചിഴക്കുന്നില്ല!!!

    ReplyDelete
  13. രാജീവ് വിജയരാഘവന്‍(മാര്‍ഗ്ഗം ഫെയിം) പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ്

    ReplyDelete
  14. നല്ല ലേഖനം.
    ഓ.ടോ:വിജയരാഘവന് ഒന്നും പറ്റിയിട്ടില്ല.:)) ഒരു പുതിയ പടത്തിന്റെ വര്‍ക്കുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തുന്നതിനായി പുള്ളി കുറച്ചുനാള്‍ മുന്‍പ് കേരളത്തിലെത്തിയതായി ഒരു സുഹൃത്ത് പറഞ്ഞിരുന്നു.

    ReplyDelete
  15. ഒരു എഴുത്തുകാരന്റെ തീവ്ര ആത്മസംഘര്‍ഷങ്ങള്‍, ആത്മഹത്യയിലേക്കു നയിക്കത്തക്കത്, മലയാളം സിനിമയില്‍ ദൃശ്യ്‌വല്‍ക്കരിക്കാന്‍ ഇന്നത്തെ പ്രേക്ഷകര്‍ വിഘാതമാകുന്നു. സാഹിത്യത്തിലെ അനുവാചകര്‍ സിനിമകാണുമ്പോള്‍ വേറേ കണ്ണട ധരിക്കുന്നു. രാജലക്ഷ്മിയുടെ കഥ സിനിമ (അഭയം) ആക്കിയപ്പോള്‍ പ്രേമനൈരാശ്യം കൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്തത് എന്നായിപ്പോയി, എന്നാക്കി.
    മനസ്സിന്റെ വിഹ്വലതകളെ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ മലയാളി അതിനെ നിരാകരിക്കും. “പ്രേക്ഷകര്‍ വളരണം” എന്നൊക്കെ എത്ര കാല‍മായി കേള്‍ക്കുന്നു!

    വളരെ ജനസമ്മതിയാര്‍ജ്ജിച്ച നോവല്‍ സിനിമയാക്കിയപ്പോള്‍ തഴയപ്പെട്ടു. ഉറൂബിന്റെ ഉമ്മാച്ചു. ഭര്‍ത്താവിനെ കൊന്ന കാമുകനെ സ്വീകരിക്കുന്ന സ്ത്രീയെ വായനക്കാര്‍ക്ക് നെഞ്ചിലേറ്റാന്‍ പ്രയാസമുണ്ടായിരുന്നില്ല. അത് സിനിമ ആക്കിയപ്പോള്‍ ഇതെന്തു സ്ത്രീ എന്നു ചോദിച്ചു പ്രേക്ഷകര്‍.സാഹിത്യം, എഴുത്ത് വേറേ, സിനിമ വേറേ. എല്ലാവര്‍ക്കും അറിയാം. പക്ഷെ ദാരിദ്രമോ പ്രേമനൈരാശ്യമോ പോലെയുള്ളവയല്ലാത്ത കാരണങ്ങള്‍ക്കൊന്നും ആത്മഹത്യ ചെയ്യാന്‍ മലയാളി നായകന്് അവകാശമില്ല.

    ഗുരു ദത്ത് “പ്യാസ” എന്ന സിനിമ വഴി ഹിന്ദി സിനിമയെ ലേശം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചിരുന്നു. ദേവാനന്ദ്, രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍ എന്നിവര്‍ അതിന്റെ എല്ലാ സാധ്യതകളും പൂര്‍ണ്ണമായും ഇല്ലാതാക്കി.

    നന്തനാരുടെ മനസ്സ് തൊടുന്ന മലയാളം സിനിമ ഉണ്ടാകുന്ന കാലത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം-ഇതാണ് ഏറ്റവും ലളിതമായ പ്രസ്താവന.

    ReplyDelete
  16. എതിരന്‍ പറഞ്ഞതിനോട് 101 വട്ടം യോജിക്കുന്നു.

    കേരളത്തിലായിരുന്നപ്പോള്‍ ഡീസിയിലും കറന്റ് ബുക്സിലും ഒക്കെ പോകുമ്പോള്‍ ഏതു പുസ്തകമാണ്/എഴുത്തുകാരനാണ് മലയാളത്തില്‍ ഏറ്റവും വില്പനയുള്ളത് എന്ന് ചോദിക്കാറുണ്ടായിരുന്നു...ഒരു കൌതുകത്തിന്.

    school libraryകളിലേക്കുള്ള bulk purchase ഒഴിവാക്കിയാല്‍ പൊതുവായി ആനന്ദും മുകുന്ദനും, കൃതികളില്‍ അടുത്തകാലത്ത് വിഭജനങ്ങള്‍ ആണെന്നായിരുന്നു മിക്കവാറും മറുപടി.

    ആനന്ദിനെയൊക്കെ വായിക്കുന്ന മലയാളി ‘മാത്യു മറ്റത്തിന്റെ നിലയിലുള്ള’ സിനിമകള്‍ കണ്ട് തൃപ്തിയടയുന്നു.

    ReplyDelete
  17. എതിരവാ, പ്രേക്ഷകര്‍ക്കുവേണ്ടുന്ന സിനിമയാണെടുക്കുന്നത് എന്നത് ഉത്തരവാദിത്വം സ്വന്തം തലയില്‍ നിന്ന് മറ്റൊരുത്തന്റെ തലയിലേയ്ക്ക് കെട്ടി വയ്ക്കാനുള്ള ഏര്‍പ്പാടാണ്. പിള്ളാര്‍ക്കു സ്റ്റഫ്ഫ് കുറവാണെന്നു പറയുന്ന സ്റ്റഫ്ഫു കുറഞ്ഞ ടീച്ചര്‍മാരെ നാട്ടിലുടനീളം കാണാം. അതുപോലെയാണിത്. ആത്മഹത്യയുടെ അതിസൂക്ഷ്മമായ തലങ്ങളെ ഇഴപിരിക്കാനും അതു കലാത്മകമായി ജനമന്‍സ്സില്‍ എത്തിക്കാനും കഴിയുന്ന എത്ര സംവിധായകരുണ്ടെന്ന് എന്നു നമുക്ക് സ്വയം ചോദിക്കാം. റോബി പറഞ്ഞതില്‍ ഉത്തരമുണ്ട്, നമ്മുടെ വായനയെ ബഹുദൂരം നടത്താന്‍ വിരലിലെണ്ണാവുന്ന എഴുത്തുകാരെ കിട്ടിയതുകൊണ്ട് ആനന്ദിനെ ഇഷ്ടപ്പെടാം. എന്നാല്‍ ബാഹ്യജാഡകള്‍ക്കപ്പുറത്ത് നമ്മുടെ ചലച്ചിത്രാവബോധത്തെ അനുക്രമമായി നവീകരിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍, അത്തരം കലാസൃഷ്ടികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള കലാകാരന്മാരുടെ അഭാവത്താല്‍ തീര്‍ത്തും ഉണ്ടായില്ല. സൂപ്പര്‍സ്റ്റാറുകളെയോ ജനങ്ങളുടെ അഭിരുചിയെയോ കുറ്റം പറഞ്ഞ് നമ്മള്‍ നമ്മളെ തന്നെ വഞ്ചിക്കുകയാണ്. തമിഴില്‍ അടുത്തകാലത്തുണ്ടായ കുതിപ്പ് ശ്രദ്ധിച്ചാല്‍, ഇറാന്‍ സിനിമകളെ ശ്രദ്ധിച്ചാല്‍ തിരിച്ചറിയാം ഇക്കാര്യം.

    ReplyDelete
  18. I think you are right. Blaming the viewers or superstars is escapist mentality.

    What could be the reasons for the stalemate? Lack of daring youngsters? Overpowering clicks?
    Absence of imaginative/artistic prowess may not be.

    ReplyDelete