September 22, 2007

നിരാധാരമായ വാഴ്വിനെചൊല്ലിയുള്ള ഉത്കണ്ഠകള്‍ - ഒന്ന്

കൂകിയാര്‍ക്കുന്ന സമൂഹത്തിനിടയില്‍ തനിക്കില്ലാതായി പോകുന്ന ഒരിടം എന്നതായിരുന്നു ഇടപ്പള്ളിയുടെ പ്രശ്നം. ഒറ്റപ്പെട്ട സ്ത്രീത്വത്തിന്റെ ശരികളെയാണ്‌ രാജലക്ഷ്മി ലക്ഷ്യമാക്കിയത്‌. മരണം കൊണ്ട്‌ ജീവിതത്തെ അടയാളപ്പെടുത്തി ഇടപ്പള്ളി നേടിയെടുത്തതില്‍ നിന്നാണ്‌ രാജലക്ഷ്മി സ്വയം മായ്ച്ചു കളഞ്ഞുകൊണ്ട്‌ ഒഴിഞ്ഞുപോയതും. മരണത്തിന്‌ അഭിമുഖമായി ചരിക്കാന്‍ പ്രേരണയുള്ള ജന്മായത്തമായ സൂക്ഷ്മതാളങ്ങളുടെ നേരും നെറികേടും ചികയുകയല്ല ഇവിടെ. 'രമണനിലൂടെ' മലയാളിയുടെ ബോധത്തിലുറച്ച ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കും രാജലക്ഷ്മിയുടെ തിരോധാനത്തിനും തമ്മിലുള്ള വ്യതിയാനങ്ങള്‍ക്ക്‌ നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും സ്വകാര്യതകള്‍ക്കിടയിലെ മതില്‍ക്കെട്ടുണ്ട്‌ എന്നു പറയുകയായിരുന്നു. എങ്കിലും ഈ രണ്ടു മരണങ്ങളും വ്യത്യസ്തമായ പ്രതിബോധങ്ങളുടെ പിന്തുണയോടെ കേരളീയമായ ഒരു ദുരന്തബോധത്തിന്റെ അടിയൊഴുക്കുകളെ നിസ്സാരമല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടൂണ്ട്‌.

രാത്രി മുറുകി.
അവസാനത്തെ വാക്കും ഉച്ചരിക്കപ്പെട്ടു.
കാലം സ്തംഭിച്ച ഇടവേളയില്‍ നീതന്നെ നിന്റെ മേല്‍ വധശിക്ഷ നടപ്പാക്കി.
(ബാലചന്ദ്രന്‍ ചുള്ളിക്കാട്‌)

'എനിയ്ക്ക്‌ പാടണമെന്ന്‌ ആഗ്രഹമുണ്ട്‌, പക്ഷേ എന്റെ മുരളി തകര്‍ന്നു പോയി' എന്ന്‌ അവസാനിക്കുന്ന കണ്ണീരില്‍ നനഞ്ഞ ഒരു കടലാസ്സ്‌ എഴുതി വച്ചിട്ട്‌ 1936 ല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇടപ്പള്ളിക്ക്‌ ഇരുപത്തിയേഴു വയസ്സായിരുന്നു. പ്രതീക്ഷകളും പ്രത്യാശകളും അവസാനിച്ച ഒരു ലോകത്തില്‍ നിന്നും രക്ഷപ്പെടാന്‍ കുതറുന്ന ഒരു പാവം മനസ്സ്‌ ആ കുറിപ്പിലുണ്ട്‌. പ്രണയത്തിനു വേണ്ടിയുള്ള മരണമായിരുന്നു അതെന്നു വിശ്വസിക്കാനാണ്‌ നമുക്ക്‌ കൗതുകം. 'രമണന്റെ' പ്രണയത്തെ കുറിച്ച്‌ എല്ലാമറിയാവുന്ന നമ്മളില്‍ ഇടപ്പള്ളിയുടെ പ്രണയഭംഗത്തെ സംബന്ധിച്ചുള്ള അല്‍പ്പമാത്രമായ ജ്ഞാനം റദ്ദുചെയ്തു പോകുന്നു. ചങ്ങമ്പുഴയുടെ 'രമണന്റെ' രചനാപ്രേരണ ഇടപ്പള്ളിയുടെ മരണം മാത്രമാവണമെന്നില്ല, അതെന്തായാലും മലയാള ഭാവുകത്വം ആ പുസ്തകം കൈയിലെടുത്തപ്പോഴെല്ലാം ഇടപ്പള്ളിയുടെ ആത്മഹത്യയില്‍ ചെന്നു തൊട്ടു. അങ്ങനെ തരളമായ ഒരു കാല്‍പ്പനിക ശോഭ ആ മരണത്തില്‍ നിറയുകയും പ്രണയം ജീവിതത്തേയും മരണത്തേയും കൂട്ടിമുട്ടിക്കുന്ന മഴവില്ലാകുന്നതെങ്ങനെയെന്ന്‌ ഇടപ്പള്ളിയെ കുറിച്ച്‌ പില്‍ക്കാലത്തെഴുതിയ സര്‍ഗാത്മക കൃതികളിലെല്ലാം പലതരത്തില്‍ അന്വേഷിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

പ്രണയം പോലെ ഉദാരമായൊരു കാരണം രാജലക്ഷ്മിയുടെ മരണത്തിനു പുറകില്‍ നമുക്ക്‌ കണ്ടെത്താനാവില്ല (അവിവാഹിതയായിരുന്നുവെങ്കിലും 'നിന്നെ ഞാന്‍ സ്നേഹിക്കുന്നു' എന്ന ഒരു കവിത കള്ളപ്പേരില്‍ അവര്‍ എഴുതിയിട്ടുണ്ടെങ്കിലും....ഈ കവിതയിലും 'ഞാന്‍ എന്ന ഭാവം' എന്ന ചെറിയ നോവലിലും ഒരാളിന്റെ കുറവുകളെ സ്നേഹിക്കുക എന്ന സങ്കല്‍പ്പത്തെ രാജലക്ഷ്മി ആശ്രയിക്കുന്നത്‌ കാണാം. ഒരര്‍ത്ഥത്തില്‍ ഇടപ്പള്ളി ആഗ്രഹിച്ചിരുന്നതും പറയാതിരുന്നതുമായ കാര്യം. തീര്‍ത്തും ഒരു ആകസ്മികത). മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'ഉച്ചവെയിലും ഇളം നിലാവും' എന്ന നോവല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട്‌ മുപ്പത്തിയഞ്ചാം വയസ്സില്‍ ജീവിതത്തിന്‌ വിരാമമിടുമ്പോള്‍ (1965 ജനുവരി 18ന്‌) അവരുടെ തന്നെ കൃതികളില്‍ അവിടവിടെ പ്രത്യക്ഷം നേടുന്ന മരണത്തിന്‌ നിരന്തരമായി അഭിമുഖമായിപോകുന്ന ചേതനയ്ക്ക്‌ അവസാനത്തേതും ഒരുപക്ഷേ വലുതുമായ ആവിഷ്കാരം നല്‍കുകയായിരുന്നു അവര്‍.

ആ മരണം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഇടപ്പള്ളിയുടേതില്‍ നിന്നു വ്യത്യസ്തമായ നിലവറകളിലേയ്ക്കാണ്‌ നടന്നു കയറുന്നത്‌ എന്നു മനസ്സിലാക്കേണ്ടതുണ്ട്‌. 'മണിനാദത്തില്‍' പ്രകടമാവുന്ന അപകര്‍ഷമോ ആത്മവിശ്വാസക്കുറവോ ചിറകു തളര്‍ച്ചയോ രാജലക്ഷ്മിയുടെ കൃതികളില്‍ പരതിയാല്‍ കാണാനൊത്തെന്നു വരില്ല. അവിടെ മരണം സാന്ത്വനം പോലുമല്ല. സ്വന്തം ഉള്ളറകളെ ചികഞ്ഞു കൊണ്ടുണരുന്ന കാലവിലംഘിയായ ആശയങ്ങള്‍ പടയ്ക്കുന്ന സംഘര്‍ഷങ്ങളാണ്‌ അവയിലെമ്പാടും. അവയെ ഏറ്റുവാങ്ങി ലഘൂകരിക്കാന്‍ സമൂഹം സജ്ജമായിരുന്നില്ല എന്നതാണ്‌ രാജലക്ഷ്മി നേരിട്ട ദുരന്തം. സ്ത്രീ സ്വാതന്ത്യ്‌രത്തിന്റെ താത്വികമായ പ്രശ്നങ്ങളെ കുറിച്ച്‌ സമൂഹം അന്ന്‌ ചര്‍ച്ച തുടങ്ങിയിരുന്നില്ല. സ്ത്രീയുടെ പരമപുരുഷാര്‍ത്ഥത്തെ സംബന്ധിക്കുന്ന നിറം പിടിച്ച കല്‍പ്പനകള്‍ പുരുഷന്റെ തണല്‍പ്പറ്റി നീങ്ങികൊണ്ടിരുന്നപ്പോള്‍ വ്യത്യസ്ത സ്വരങ്ങള്‍ അലോസരങ്ങളായി.

പുരുഷന്മാരുടെ സദസ്സില്‍ നടക്കുന്ന ചൂടുപിടിച്ചവാദങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ 'ആത്മഹത്യ' എന്നകഥയിലെ ആഖ്യാതാവ്‌ സ്വഗതാഖ്യാനം നടത്തുന്നത്‌ കാണാം. ഇതു തനിക്കു ചുറ്റും വമ്പിച്ച മുന്‍ ധാരണകളുമായി വര്‍ത്തിക്കുന്ന സമൂഹത്തിനെ പ്രതി കഥാകര്‍ത്ത്രിയുടെ ആത്മഗതം കൂടിയാകുന്നു. തന്റെ സ്വരം ക്ഷീണമായി പോവുന്നു, ഈ അര്‍ഥമില്ലാത്ത ഒച്ചകളില്‍ എന്നറിഞ്ഞ രാജലക്ഷ്മി തന്നോടാണ്‌ ഗാഢമായി സംസാരിച്ചതധികവും. ഇടപ്പള്ളി മുന്നിലുള്ള സമൂഹത്തോടും. കൂകിയാര്‍ക്കുന്ന സമൂഹത്തിനിടയില്‍ തനിക്കില്ലാതായി പോകുന്ന ഒരിടം എന്നതായിരുന്നു ഇടപ്പള്ളിയുടെ പ്രശ്നം. ഒറ്റപ്പെട്ട സ്ത്രീത്വത്തിന്റെ ശരികളെയാണ്‌ രാജലക്ഷ്മി ലക്ഷ്യമാക്കിയത്‌. മരണം കൊണ്ട്‌ ജീവിതത്തെ അടയാളപ്പെടുത്തി ഇടപ്പള്ളി നേടിയെടുത്തതില്‍ നിന്നാണ്‌ രാജലക്ഷ്മി സ്വയം മായ്ച്ചു കളഞ്ഞുകൊണ്ട്‌ ഒഴിഞ്ഞുപോയതും. മരണത്തിന്‌ അഭിമുമായി ചരിക്കാന്‍ പ്രേരണയുള്ള ജന്മായത്തമായ സൂക്ഷ്മതാളങ്ങളുടെ നേരും നെറികേടും ചികയുകയല്ല ഇവിടെ. 'രമണനിലൂടെ' മലയാളിയുടെ ബോധത്തിലുറച്ച ഇടപ്പള്ളിയുടെ ആത്മഹത്യയ്ക്കും രാജലക്ഷ്മിയുടെ തിരോധാനത്തിനും തമ്മിലുള്ള വ്യതിയാനങ്ങള്‍ക്ക്‌ നിരീക്ഷണത്തിന്റെയും അനുഭവത്തിന്റെയും സ്വകാര്യതകള്‍ക്കിടയിലെ മതില്‍ക്കെട്ടുണ്ട്‌ എന്നു പറയുകയായിരുന്നു. എങ്കിലും ഈ രണ്ടു മരണങ്ങളും വ്യത്യസ്തമായ പ്രതിബോധങ്ങളുടെ പിന്തുണയോടെ കേരളീയമായ ഒരു ദുരന്തബോധത്തിന്റെ അടിയൊഴുക്കുകളെ നിസ്സാരമല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടൂണ്ട്‌.

യാദൃച്ഛികമായ അവസാനം കൊണ്ട്‌ ജീവിതത്തേക്കാള്‍ മികച്ച കലസൃഷ്ടിയേതെന്നു തിരക്കിയ ഒരാളെ കൂടി പറയേണ്ടതായുണ്ട്‌. പട്ടാളകഥകളുടെ കര്‍ത്താവായി അറിയപ്പെടുന്ന നന്തനാരാണത്‌. 1974 ജനുവരി 26ന്‌ അദ്ദേഹം ആത്മഹത്യ ചെയ്തു. പ്രഹേളികാസ്വഭാവമുള്ള ചില ആശ്ചര്യ ചിഹ്നങ്ങളോട് നിശ്ശബ്ദമായി പ്രതികരിക്കുക എന്ന രീതി സാര്‍വത്രികമായതാണോ എഴുപതുകളായപ്പോഴേയ്ക്കും സാഹിത്യചരിത്രത്തിലെ മരണങ്ങള്‍ അത്ര തന്ത്ര പ്രധാനമായി തോന്നാത്തതാണോ യഥാര്‍ത്ഥ കാരണം എന്നറിയില്ല നന്തനാരുടെ മരണം മറ്റു രണ്ടു തിരോധാനങ്ങളെ പോലെ മലയാളിയുടെ ബോധത്തെ പിടിച്ചുലച്ചില്ല. നന്തനാരുടെ കൃതികളുടെ ജീവചരിത്രക്കുറിപ്പില്‍ പലതിലും 48- മത്തെ വയസ്സില്‍ മരിച്ചു എന്നല്ലാതെ അത്‌ ആത്മഹത്യയായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടില്ല.

'ആയിരവല്ലി കുന്നിന്റെ താഴ്‌വരയും' 'അനുഭൂതികളുടെ ലോകവും' പോലുള്ള പ്രസാദാത്മകമായ കൃതികളുടെ കര്‍ത്താവില്‍ നിന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഒരു പരിണതിയായിരുന്നു ആ മരണം. ഇടപ്പള്ളിയില്‍ നിന്നും രാജലക്ഷ്മിയില്‍ നിന്നും വ്യത്യസ്തനായി ജീവിതത്തിലനുഭവിച്ച കടുത്ത വിഷാദത്തെ നന്തനാര്‍ കൃതികളിലിറക്കി വയ്ക്കാന്‍ ശ്രമിക്കാത്തതാണ്‌ ആ കഥകളില്‍ തെളിഞ്ഞ ഇളവെയില്‍, ഹൃദയത്തിലെ രാത്രിയില്‍ നിന്നായിരുന്നുവെന്നു നാം സംശയിക്കാത്തതിനു കാരണം. എങ്കിലും മരണത്തെ കിനാവു കാണുന്ന, ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു പട്ടാളക്കാരന്‍ കഥാപാത്രമായ 'ഞാന്‍ മരിക്കുന്നു' എന്നൊരു കഥ നന്തനാര്‍ എഴുതിയിട്ടുണ്ട്‌. 'മണിനാദവും' 'ആത്മഹത്യയും' പോലെ എഴുത്തുകാരന്റെ പ്രവചന സ്വഭാവമുള്ള ഒരു പ്രകടന പത്രിക.
Post a Comment