February 20, 2008

നീലഞരമ്പുള്ള പുസ്തകം


ആഷാമേനോന്റെ ‘ഓഷോവിന്റെ നീലഞരമ്പ്‘ സംസ്കാരത്തിലും പാരിസ്ഥിതികാവബോധത്തിലും രാഷ്ട്രീയത്തിലും സന്നിഹിതമാവുന്ന രത്യൂര്‍ജ്ജത്തിന്റെ പ്രകാരഭേദങ്ങളെക്കുറിച്ചുള്ള ചിന്തയുടെ ഒരു വഴിമാറി നടക്കലാണ്. ലൈംഗികതയുടെ ഐന്ദ്രിയവും ഇന്ദ്രിയാതീതവുമായ അനുഭൂതിവിശേഷങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിച്ച സന്ന്യാസി എന്ന നിലയ്ക്കാണ് ഓഷോവിനെ ആഷാമേനോന്‍ ഉള്ളിലറിയുന്നത്. സംസ്കാരത്തിന്റെ വഴിത്താരകളെവിടെയോ വച്ച് വിടര്‍ച്ച നേടി പിണങ്ങി നില്‍ക്കുന്ന ഒരു സംവേദനത്വത്തെ സംസ്കൃതിയുമായി കൂട്ടിയിണക്കി സാകല്യമാര്‍ന്ന ധാരണകള്‍ സ്വരൂപിക്കാനായിരുന്നു, ഓഷോയുടെ ശ്രമം. പെണ്ണുടലിന്റെ വേലിയേറ്റങ്ങളില്‍ മാത്രം ഉടക്കിക്കിടക്കുന്ന ഗൃഹസ്ഥാശ്രമിയാകാതെ ആത്മീയതയുടെ നളിനങ്ങള്‍ പൂക്കുന്ന ഗിരിശൃംഗങ്ങളിലേയ്ക്കു നിരന്തരം യാത്ര നയിക്കുന്ന പരിവ്രാജകന്‍ കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഭൌതികാതിഭൌതികങ്ങളുടെ നീലിമയാര്‍ന്ന രസപാകം. ‘നീല’യ്ക്ക് സവിശേഷമായ ഒരു അര്‍ത്ഥവ്യാപ്തി വരുന്നത് ഈ പരിണതിയിലാണ്. ഉന്മത്തതയുടെ സമുദ്രത്തിന്റെ മാത്രം നിറമല്ലല്ലോ, ഈ നീല, ആകാശവിശാലതയുടെയും മലനിരകളുടെ സ്ഥൈര്യത്തിന്റെയും കൂടിയല്ലേ. മറ്റൊരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യത്തിന്റെയും ഉത്തുംഗതയുടെയും.

ദ്രൌപദിയെക്കുറിച്ചുള്ള ഓഷോവിന്റെ അഭിദര്‍ശനങ്ങള്‍ സ്നേഹത്തിന്റെ സീമാതീതമായ അവസ്ഥയെ ഉദാഹരിക്കുന്നതെങ്ങനെ എന്ന് ആഷാമേനോന്‍ വ്യക്തമാക്കുന്നുണ്ട്. (കദംബത്തിന്റെ ഒരിതള്‍) പങ്കുവയ്ക്കുമ്പോള്‍ കുറയുന്നതാണ് സ്നേഹമെന്നുള്ളത്, സങ്കുചിതമായ മുന്‍‌ധാരണമാത്രമാണ്. പങ്കുവയ്ക്കുംതോറും പെരുകുന്ന ഒന്നാണത്. പക്ഷേ അത്തരം സങ്കല്‍പ്പങ്ങള്‍ മനുഷ്യനെന്ന സമൂഹജീവിയെ അരാജകത്വത്തിലേയ്ക്കല്ലേ നയിക്കുകയുള്ളൂ എന്ന ചോദ്യം വരാം. ദേഹബോധത്തെ അതിവര്‍ത്തിക്കുക എന്നതാണ് അതിന് ഓഷോവിന്റെ ആദേശം. കാറ്റുപോലെ അന്തരംഗത്തില്‍ പതിക്കുന്ന (അതനുഭവിക്കുക മാത്രമേ നിവൃത്തിയുള്ളൂ) പ്രണയത്തിന്റെ നേരാണ് (sexual veracity)രാസക്രീഡയുടെയും പൊരുള്‍ (നൃത്തം ചെയ്യുന്ന ദ്വീപ്). ഈശാവാസ്യമിദം സര്‍വമെന്ന ഉപനിഷദ് വാക്യത്തിനു ഓഷോ നല്‍കിയ വിശദീകരണത്തിനിടയില്‍ പറയും പോലെ സമുദ്രത്താല്‍ ആവസിക്കപ്പെട്ട മത്സ്യത്തെപ്പോലെ സ്നേഹം നമ്മെപ്പൊതിഞ്ഞിരിക്കുന്ന ഒരവസ്ഥയെ വരികള്‍ തോറും ബോദ്ധ്യപ്പെടുത്തുകയാണ് ‘ഓഷോവിന്റെ നീലഞരമ്പ്’.

സ്നേഹത്തിന്റെയും പച്ചപ്പുള്ള തത്ത്വചിന്തയുടെയും പ്രവാചകന്മാരായിരുന്ന മഹത്തുക്കളെ ഈ പുസ്തകം മുന്നില്‍ കൊണ്ടുവരുന്നുണ്ട്. ഓഷോവിന്റെ ദര്‍ശനങ്ങളുടെ സ്ഥായിയില്‍ അവയുടെ പുനര്‍വിചിന്തനങ്ങള്‍ക്ക് പ്രത്യേക നിറശബളിമയുണ്ട്. വേട്ടക്കാരന്റേതല്ലാത്ത സത്ത മനുഷ്യനു നല്‍കിയ വികാരം അഹിംസയാണ് (അഹിംസയുടെ പച്ചരാശി). അതിനെ ഒരു രാഷ്ട്രീയപ്രയോഗമായി മാറ്റി വിജയിച്ചപ്പോഴും ഗാന്ധിജിയുടെ നിരാഹാരം ഒരു ഹിംസതന്നെയാണെന്ന് ഓഷോയോട് അനുകൂലിച്ചുകൊണ്ടു തന്നെ ആഷാമേനോന്‍ ഗാന്ധിജിയുമായൊരു താരതമ്യത്തിനു ഓഷോയെ വിധേയമാക്കുന്നത് കൌതുകകരമാണ്. ഗാന്ധിജി ഏറ്റുവാങ്ങിയ വേദനകളുടെ നൂറിലൊരംശം പോലും ഓഷോ അനുഭവിച്ചു കാണില്ല. ഗാന്ധിജിയുടേത് ചരിത്രത്തിലേയ്ക്കു നടന്നു കയറിയ ഭൂതാനുകമ്പയാണ്. ഗാന്ധിയന്‍ ലൈംഗികസംയമനങ്ങളുടെ ഏറ്റുപറച്ചിലാണ് മറ്റൊന്ന്. രണ്ടും രണ്ടു വഴികളാണെന്നു പറഞ്ഞുകൊണ്ടാണ് ആഷാമേനോന്‍ ഇവിടെ രാജിയാവുന്നത്. ഇതുപോലൊരു താരതമ്യം മസനാബുഫുക്കുവോക്കയെയും ഡാര്‍വിനെയും വച്ചും അദ്ദേഹം നടത്തുന്നുണ്ട്. അതിജീവനോപായങ്ങള്‍ പ്രകൃതിയില്‍ സംഗതമല്ലെന്നു പറഞ്ഞ ഫുക്കുവോക്കയുടെ വിചാരങ്ങളില്‍ മനുഷ്യകേന്ദ്രീകൃതമായ സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്തുണ്ട്. (ജിങ്‌കോവൃക്ഷത്തിലും സ്പന്ദിക്കുന്നത്) അതും സംഗതമാണ്.

പുസ്തകത്തിലെ ’ഉറവെ’ന്ന രണ്ടാം ഖണ്ഡം മലയാളകൃതികളുടെ നിരൂപണമാണ്. കസാന്‍സാക്കീസിന്റെ കരച്ചിലിന്റെ (ജീവിതമാകെ ഒരു കരച്ചിലാണ്) കാതരമായ ഒരംശം വിജിതമ്പിയുടെ കവിതകളുണ്ടെന്ന ഉപദര്‍ശനമാണ് ‘ബുദ്ധന്റെ മിന്നല്‍പ്പിണര്‍‘. മിന്നല്‍ ഒരു സമാപ്തിയല്ല. കണ്ടെത്തലിനായുള്ള ഉറയൂരലാണ്. ‘ഭൂസ്പര്‍ശത്തിന്റെ വീര്യത്തില്‍’ പികവിതകളിലെ മണ്‍സ്പന്ദങ്ങളെ ഉള്‍ക്കാതറിയുന്നു. ഒരു കര്‍ഷകസംസ്കൃതിയുടെ ശീതളിമയാണ് പിയില്‍ നിന്ന് ആഷാമേനോന്‍ കണ്ടെടുക്കുന്ന തണല്. പാരിസ്ഥിതികവിവേകം ഏറ്റവും കൂടിയ അളവില്‍ ഉണ്ടായിരുന്ന കവിയാണ് കുഞ്ഞിരാമന്‍ നായര്‍. മാധവിക്കുട്ടിയുടെ രൂപകം നീര്‍മാതളമല്ല, താ‍ഴ്വാരങ്ങളില്‍ തീജ്വാലകള്‍ പോലുള്ള പൂക്കളുമായി ഉലയുന്ന ഗുല്‍മോഹറുകളാണെന്ന തിരിച്ചറിവിനാല്‍ സമ്പന്നമാണ് ‘ഗുല്‍മോഹറിന്റെ പൂക്കള്‍, ഇനിയും?’ എന്ന ലേഖനം. മാധവിക്കുട്ടിയുടെ സ്വത്വത്തെ ആവിഷ്കരിക്കാന്‍ കരുത്തുള്ളത് ഗുല്‍മോഹറിന്റെ ചടുലദീപ്തിയ്ക്കാണ്, നീര്‍മാതളത്തിന്റെ ക്ഷണികതയ്ക്കല്ല.

യൌവനതീക്ഷ്ണങ്ങളായ ആവേഗങ്ങളെ അടയാളപ്പെടുത്തിയാണ് നീല ഞരമ്പുകള്‍ തുടിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ പച്ചപ്പില്‍ നിന്ന് ദര്‍ശനങ്ങളുടെ നീലിമയിലേയ്ക്കും തിരിച്ചും ഊര്‍ജ്ജദായിനികളായി പ്രവഹിക്കുന്ന സരസ്വതികളെ പിന്തുടരുക എന്ന അനുഭവം ‘ഓഷോവിന്റെ നീലഞരമ്പ്‘ സമ്മാനിക്കുന്നുണ്ട്. രണ്ടു സന്ദര്‍ഭങ്ങളില്‍ ഒരു പുസ്തകത്തിന് സാന്ദ്രമായ ഒരു സൌന്ദര്യാനുഭവമായി മാറാം. ഇതുവരെ ആരുമുയര്‍ത്താത്ത ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, അല്ലെങ്കില്‍ ആരും ചിന്തിക്കാത്ത ചില ഉത്തരങ്ങള്‍ നല്‍കിക്കൊണ്ട്. (ഓഷോവിന്റെ നീല ഞരമ്പ്) അങ്ങനെയുള്ള ചില ഉത്തരങ്ങളെ പിന്തുടരുന്നതിന്റെ വിസ്മയങ്ങള്‍ പകര്‍ന്നു നല്‍കുന്നു എന്നിടത്താണ് ഈ രചനയും പ്രസക്തമാവുന്നത്.

15 comments:

  1. പുസ്തകം വായിച്ചിട്ടില്ല.വായിക്കണം.

    ReplyDelete
  2. പുസ്തകപരിചയം നന്നായി മാഷേ.
    :)

    ReplyDelete
  3. മാഷേ ഈ പരിചയപ്പെടുത്തലിന് നന്ദി... വായിക്കണം.

    ReplyDelete
  4. മാഷേ ഈ പരിചയപ്പെടുത്തലിന് നന്ദി... വായിക്കണം.

    ReplyDelete
  5. പരിചയപ്പെടുത്തലിനു നന്ദി,പുസ്ത്കത്തിന്റെ പ്രസാധകര്‍ ആരാണ്?

    ReplyDelete
  6. വെള്ളെഴുത്ത് വായനയെ വായിക്കുന്നത് എത്ര വിസ്‌മയകരമായിരിക്കുന്നു !

    ReplyDelete
  7. വളരെ നന്നായിരിക്കുന്നു വെള്ളെഴുത്തേ..ആ പുസ്തകത്തിനോട് കൊതി തന്നെയുണ്ടാക്കുന്നു ഈ എഴുത്ത്...

    നൃത്തം ചെയ്യുന്ന ദ്വീപ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചിരുന്നു. ജലത്തിലെ നിലാവ് എന്നൊരു ലേഖനവും വായിച്ചതോര്‍ക്കുന്നു ആഷാമേനോന്‍ തന്നെ ഓഷോയെപ്പറ്റി എഴുതിയത്..അതും പുസ്തകത്തില്‍ ഉണ്ടായിരിക്കും അല്ലേ?

    ആഷാമേനോന്റെ ഭാഷയും ആശയങ്ങളും ആവശ്യപ്പെടുന്നത് സഹൃദയത്വത്തിന്റെ തരിമ്പും കലര്‍പ്പില്ലാത്ത നിറവിനെയാണെന്ന് തോന്നിയിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോള്‍ ചിലപ്പോള്‍ ആ കൃതികളിലെ പറച്ചിലിനോട് തീരെ associate ചെയ്യാന്‍ പറ്റാതെ പരുങ്ങാറുണ്ട്. പിന്നെ ഇത്രയും തുറന്നാല്‍ മതിയോ ധ്യാനത്തിലേക്ക് നിന്റെ വായന എന്ന് പതിയെ പതിയെ ഗുണദോഷിച്ചു കൊണ്ട് അകത്തുള്ള കണ്ണുകളെ ആകാവുന്നത്ര തുറപ്പിച്ച് നിര്‍ത്താറുമുണ്ട് അവയിലെ വിശ്രാന്ത വിനിമയങ്ങള്‍. ധ്യാനം അവിടെ വാതിലും താക്കോലും അകംജ്യാമിതിയും പുറത്തേക്കു തുറക്കാവുന്ന ജാലകവുമാകുന്നു. ധ്യാനത്തെ വേറൊന്നു കൊണ്ടും അളക്കാന്‍ തുനിയാത്ത സഹൃദയത്വം അവിടെ ആവശ്യകതയായും പിന്നെ ആവിഷ്കാരമായും പ്രത്യക്ഷമാവും. മനസ്സുകൊണ്ട് ജീവിക്കാനുള്ള ഒരു വഴിയെ മുഴുവനായും മറന്നിട്ടില്ലല്ലോ എന്ന് നമ്മളെ മനുഷ്യത്വത്തിലേക്ക് ഉണര്‍ത്തും.

    ധ്യാനത്തിന്റെയും ആത്മീയതയുടേയും ചിട്ടപ്പടി പ്രകാരങ്ങളെ, അവയുടെ വൃഥാസ്ഥൂല പ്രതിഛായകളെ തലകുത്തിനിര്‍ത്തുകയും കുലുക്കിപ്പരിശോധിക്കുകയും ചെയ്ത ഓഷോവിന്റെ ആത്മീയത ആവശ്യപ്പെടുന്നതും സഹൃദയത്വത്തിന്റെ പരമാവധികള്‍ തന്നെയാണ് -ഉപാധികളും ചായ്‌വുകളും വഴക്കങ്ങളും ഊരിക്കളഞ്ഞ സ്വച്ഛവും നൈസര്‍ഗ്ഗികവുമായ തുറന്നിരിപ്പുകള്‍..അതുകൊണ്ട് തന്നെ ഈ പുസ്തകത്തില്‍ ശരിയായ ഒരാളിനെപ്പറ്റി അത്ര തന്നെ ശരിയായ വേറൊരാള്‍ എഴുതിയത് നമുക്ക് വായിക്കാം..അല്ലേ?

    ReplyDelete
  8. ആദ്യമായിണിവിടെ...

    എക്സലന്റ്
    :)
    ഉപാസന

    ReplyDelete
  9. ഒരു സമയത്ത് എനിക്ക് വളരെ ഇഷ്ടമുള്ള എഴുത്തുകാരനായിരുന്നു ആഷാമേനോന്‍. യാത്രാവിവരണങ്ങളൊക്കെ വായിച്ച് വണ്ടറടിച്ച് ഇരുന്നിട്ടുണ്ട്. പിന്നെ ഇഷ്ടമല്ലാതായി. വായന നിര്‍ത്തി. ഇനി വീണ്ടും വായിച്ചു തുടങ്ങിയാല്‍ എങ്ങനെ ഉണ്ടാവും എന്നറിയില്ല.
    അദ്ദേഹത്തിന്റെ പേരില്‍ ഒരു ബ്ലോഗ് കണ്ടു. ചില കൃതികളില്‍ നിന്നും ചില വരികളൊക്കെ അതിലുണ്ട്.

    ReplyDelete
  10. http://thanumaanasi.wordpress.com/അടികുറിപ്പുകള്‍/

    ReplyDelete
  11. എല്ലാവര്‍ക്കും നന്ദി. അത്രയൊന്നും ബദ്ധപ്പെടാത്ത, ഒരു എഴുത്തായിരുന്നു ഇത്. ഒരു പത്രത്തിലെ ഗ്രന്ഥനിരൂപണ പംക്തിയിലേയ്ക്കു വേണ്ടി. വല്യമ്മായീ, ഗ്രീന്‍ ബുക്സാണ് “ഓഷോവിന്റെ നീലഞരമ്പിന്റെ’ പ്രസാധകര്. ലാപുടാ, ആഷാമേനോനെക്കുറിച്ചെഴുതുമ്പോള്‍ പേടിക്കണം, ഭാഷയും ആത്മീയതയിലേയ്ക്ക് വഴുതുന്ന ആശയങ്ങളും ‘മൃദു ഹിന്ദുത്വവും‘...മറ്റും മറ്റും ആവശ്യത്തിലധികം ശത്രുക്കളെവലിച്ചു വച്ചിട്ടുണ്ട്. മാതൃഭൂമിയിലെ രാമായണ വ്യാഖ്യാനത്തിനിടയില്‍ ആമകുംഭം എന്ന വാക്കിന് ‘ആമയുടെ തോടിനുമുകളിലുള്ള ജലം‘ എന്നെഴുതിയതിനു ചില്ലറ ചീത്തയല്ല ആക്ഷേപങ്ങളും പരാതികളും പംക്തിയില്‍ അങ്ങോര്‍ വാങ്ങിച്ചു കൂട്ടിയത്. ഒരു വര്‍ഷമെടുത്താണ് മൂപ്പര്‍ ഒരു പുസ്തകം വായിക്കുന്നത് എന്നൊക്കെ പറയുന്നത് സത്യമാണെന്നു തോന്നുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെയുണ്ടാവും ആ എഴുത്തില്‍. അതുകൊണ്ടാണ് പലപ്പോഴും ചെടിപ്പിക്കുന്ന ഭാഷയുടെ (അതങ്ങനെയാണ്, വാക്യങ്ങളുടെ ശൈലീകൃതമായ ആവര്‍ത്തനമാണ് ആ മടുപ്പിനു കാരണം) ചകിരിയ്ക്കുള്ളില്‍ കാമ്പു തേടുന്നത്. ഞാന്‍ ആഷാമേനോനെ വായിക്കാറുണ്ട്. ‘ശരിയായ ഒരാളിനെപ്പറ്റി അത്രതന്നെ ശരിയായ ആള്‍’ എന്ന പരാമര്‍ശത്തിന് പക്ഷേ എന്റെ ഒപ്പില്ല. കാരണം ഓഷോ ശരിയാണോ, ആഷാമേനോന്‍ ശരിയാണോ എന്ന് സത്യമായും എനിക്കറിയില്ല. ലാപുട പറയുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. അത് എന്റെയുള്ളിലെ ചില ചായ്‌വുകള്‍ക്ക്, എനിക്കു ബഹുമാനമുള്ള കേന്ദ്രങ്ങളില്‍ നിന്ന് ചില അടിവര കിട്ടിയതിലുള്ള സന്തോഷമാണെന്ന് എനിക്കറിയാം. അത്രമാത്രം.
    ഉപാസനേ അതെന്താ ഇത്ര വൈകിയേ...?

    ReplyDelete
  12. വെള്ളെഴുത്തെ ,വളരെ നന്ദി..കൊതിപിടിപ്പിച്ച്‌ കളഞ്ഞു

    ReplyDelete
  13. വെള്ളെഴുത്തേ, ആത്യന്തികമായ ശരിതെറ്റുകള്‍ തീരുമാനിക്കുന്നതിനെ ലാക്കാക്കുന്ന ഒന്നും തന്നെ ഉദ്ദേശിച്ചിരുന്നില്ല.ആത്മീയതയെ അസാമാന്യമായ തലത്തില്‍ സ്വീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന ആഷാമേനോന്‍ ആത്മീയതയുടെ സാമ്പ്രദായികതകളെ അട്ടിമറിച്ചിട്ടുള്ള ഓഷോയെപ്പറ്റി എഴുതുമ്പോള്‍ അതില്‍ എഴുതുന്നയാളും എഴുതപ്പെടുന്നയാളും തമ്മിലുള്ള കോമ്പിനേഷന്‍ തീര്‍ത്തും ശരിയായിരിക്കുന്നു എന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഒറ്റ വാചകത്തില്‍ എഴുതിയപ്പോള്‍ അത് വേറെ എന്തോ ആയിപ്പോയി. എന്റെ പിഴ..:(

    ReplyDelete
  14. മൂര്‍ത്തീ, ഞാനാ പടമെടുത്തതവിടെ നിന്നായിരുന്നു. പക്ഷേ അതു ബ്ലോഗാണെന്ന കാര്യം ശ്രദ്ധിച്ചില്ല. എഴുത്തുകാരന്റെ സൈറ്റ് ആണെന്നാണ് വിചാരിച്ചിരുന്നത്. എന്തായാലും നന്ദി, അദ്ദേഹത്തിന്റെ പുസ്തകം അന്വേഷിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയാവും, മറ്റൊന്നും അവിടെയില്ലെങ്കിലും.
    ലാപുടാ,
    ആത്മീയതയെ അസാമാന്യമായ തലത്തില്‍ സ്വീകരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന ആഷാമേനോന്‍ ആത്മീയതയുടെ സാമ്പ്രദായികതകളെ അട്ടിമറിച്ചിട്ടുള്ള ഓഷോയെപ്പറ്റി എഴുതുമ്പോള്‍ അതില്‍ എഴുതുന്നയാളും എഴുതപ്പെടുന്നയാളും തമ്മിലുള്ള കോമ്പിനേഷന്‍ തീര്‍ത്തും ശരിയായിരിക്കുന്നു എന്നായിരുന്നു മനസ്സിലുണ്ടായിരുന്നത്.
    അത് നന്നായി വിശദീകരിച്ചു :)

    ReplyDelete
  15. ഓഷോയെപ്പറ്റി അടുത്തറിയാന്‍ ശ്രമിച്ചിട്ടില്ല. കാശുള്ളവര്‍ക്കു മാത്രമെ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ എത്തിപ്പെടാന്‍ പറ്റുകയുള്ളു എന്നൊരു തോന്നലുണ്ടായിരുന്നു.അതു തിരുത്താന്‍ തക്ക അറിവുകളൊന്നും കിട്ടിയുമില്ല. പര്‍വീണ്‍ ബാബി, വിനോദ് ഖന്ന തുടങ്ങിയ വമ്പന്മാരുടെ, കാശിന്റെ ധാരാളിത്തത്തില്‍ പുതിയ അനുഭവങ്ങള്‍ തേടിയിറങ്ങുന്ന സായിപ്പിന്റെ, മറ്റൊരു ‘സ്പിരിച്വല്‍’ താവളം.‘നീല’യുടെ അതിപ്രസരമുള്ള, അതിശയോക്തി പകരുന്ന കഥകള്‍ നിറഞ്ഞ ഒഴിവാക്കപ്പെടേണ്ട മറ്റൊരിടം. ആഢംബരത്തിന്റെ അകമ്പടിയോടെ എന്നും ജീവിച്ച ഓഷോയുടെ ചരിത്രം വേറിട്ടൊരു ചിത്രം തരുന്നുണ്ടൊ?

    ഏതായാലും ഓഷൊയിലേക്കുള്ള ഒരു കവാടമെന്നു തോന്നിക്കുന്ന ആശാമേനോന്റെ പുസ്തകത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete