February 17, 2008

ചുവന്ന ചായം മാറ്റിയാല്‍ പിന്നെ......?




കോട്ടയത്തു നടന്ന സി പി ഐ എം -ന്റെ സംസ്ഥാനസമ്മേളനം അത്ര നല്ല നിലയിലൊന്നുമല്ല അവസാനിച്ചത്. രാഷ്ട്രാന്തരീയവും ദേശീയവുമായ പ്രശ്നങ്ങളുടെ തലനാരിഴകീറിയുള്ള വിശകലനത്തിനായി മണിക്കൂറുകള്‍ ചെലവിട്ട മുന്‍‌കാല കോണ്‍ഗ്രസ്സുകളെ അപേക്ഷിച്ച് എന്തെങ്കിലും മെച്ചം കോട്ടയം സമ്മേളനത്തിനുണ്ടോ എന്നാലോചിക്കുന്ന ഒരാളുടെ മുന്നില്‍ തെളിയുന്ന ചിത്രം അലങ്കോലപ്പെട്ട സമാപന സമ്മേളനത്തിന്റേതാണ്. ‘ആവേശം അല ’തല്ലി’യെന്നും ‘അടിച്ചു പിരിഞ്ഞു’ എന്നും ‘സമാപനത്തില്‍ അടി’ എന്നുമൊക്കെയാണ് കുത്തക പത്രങ്ങള്‍ മുനവച്ചെഴുതിയത്. പാര്‍ട്ടി അച്ചടക്കത്തിന്റെ അതിരും വിട്ട് വിഭാഗീയത പുറത്തേയ്ക്കൊഴുകിയതല്ലെങ്കില്‍ മറ്റെന്തായിരുന്നു അത്? വിവരങ്ങള്‍ സെല്‍ ഫോണുകള്‍ വഴി പുറത്തേയ്ക്ക് ചോരാതിരിക്കാന്‍ ജാമറുകള്‍ ഘടിപ്പിച്ച സമ്മേളന വേദി തന്നെ ഒരു സൂചകമാണ്. ആരാണ് ശത്രു എന്നറിയാതെ പരസ്പരം മുഖം നോക്കുന്ന ഒരു കറുത്ത ഫലിതം. നേതാവ് സംസാരിക്കുമ്പോള്‍ ആരോ വേദിയിലേയ്ക്ക് കുപ്പിയെറിയുന്നു. അണികളെ നേരിട്ട് ശാസിക്കേണ്ടി വരുന്നു. റെഡ് വാളന്റിയര്‍മാര്‍ സ്വന്തം സഖാക്കളെ തല്ലിയൊതുക്കുന്നു. ഇതൊക്കെ സംഭവിച്ചത് അച്ചടക്കത്തിനു പേരു കേട്ട ഒരു കേഡറ്ററി പാര്‍ട്ടിയുടെ സമ്മേളനത്തിലാണ്. കേരളം ഭരിക്കുന്ന ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയുടെ വരും കാല നയതന്ത്രരൂപീകരണ മേളയില്‍.

ഇത്തവണത്തെ കേരളാബഡ്ജറ്റ് ഒരു വകയായിരിക്കും. കാരണം, മന്ത്രി നേരത്തേ പറഞ്ഞു, പാര്‍ട്ടി സമ്മേളനം നടക്കുന്ന സമയമാണ്. ഒന്നിനും സമയമില്ല. ഭരണകൂടത്തിന്റെ കാര്യക്ഷമമായ നടത്തിപ്പും പാര്‍ട്ടിപ്രവര്‍ത്തനവും രണ്ടും രണ്ടാണ്. പാര്‍ട്ടിയ്ക്ക് അല്പം മേല്‍ക്കൈ കൊടുത്ത് രണ്ടും കൂടി നടത്തിച്ചുപോവുക എന്നതാണ് ഇടതു പക്ഷത്തിന്റെ രീതി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തിനെയൊക്കെ എതിര്‍ത്തോ അതിനെയൊക്കെ, ഭരണം കൈവന്നു കഴിഞ്ഞാല്‍ കൈമെയ്യ് മറന്ന് ആശ്ലേഷിക്കും. ദോഷം പറയരുതല്ലോ, എന്തുകൊണ്ടങ്ങനെ ചെയ്യുന്നു എന്നതിന് പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനം ചമയ്ക്കുകയും ചെയ്യും.

ഇനിയിപ്പോള്‍ അതിന്റെയും ആവശ്യമില്ല. പ്രത്യയശാസ്ത്രം, മൈ ഫുട് ! നയം മതി. തന്ത്രങ്ങള്‍ മതി. ബഡ്ജറ്റിനെപ്പോലും പരണത്തു വച്ചിട്ട് കൊണ്ടുപിടിച്ചു നടത്തപ്പെട്ട പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്ത അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളെന്തൊക്കെയാണ്? പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത മാത്രം. പുതിയ എണ്‍പത്തഞ്ച് സംസ്ഥാനകമ്മറ്റി അംഗങ്ങളില്‍ 75-ഉം ഒരു വിഭാഗത്തിന്റേതാവുമ്പോള്‍, ഒരു സഖാവ് മുന്‍‌കൂട്ടി കണ്ട് പറഞ്ഞതു പോലെ വിഭാഗീയത ‘തുടച്ചു‘ തന്നെ നീക്കപ്പെടും. വി എസ് അച്ചുതാനന്ദന്‍, പാര്‍ട്ടിയ്ക്കുണ്ടാക്കിയ നഷ്ടങ്ങളാണ് ഇപ്പോള്‍ കമ്മറ്റി വക ആരോപണങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അല്ലാതെ മന്ത്രിമാരുണ്ടാക്കി വച്ച നാണക്കേടുകളല്ല. മന്ത്രിസഭയുടെ ഇനിയുള്ള പ്രവര്‍ത്തനത്തിന് സംസ്ഥാനകമ്മറ്റി മാര്‍ഗരേഖ തയാറാക്കും. അതും കൂടി നടപ്പിലാവുമ്പോള്‍, കമ്മ്യൂണിസ്റ്റുകാരന്റെ അടിസ്ഥാനഗുണങ്ങളിലൊന്നെന്നു കണക്കാക്കി വരുന്ന ആശയ സമരങ്ങള്‍ക്കുള്ള സാദ്ധ്യതകൂടി കെട്ടിപ്പൊതിഞ്ഞെടുത്ത് തട്ടിന്‍പുറത്തു കയറ്റേണ്ടി വരും. ഡി ഐ സി, ലീഗ് ബന്ധങ്ങള്‍ ഉള്‍പ്പടെ, പലതരത്തിലുള്ള ഭൂമിയിടപാടുകളുള്‍പ്പടെ, നാളിതുവരെ ഉണ്ടായ എല്ലാ കുഴമറിച്ചിലുകളെയും മാദ്ധ്യമങ്ങള്‍, പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയതയുടെ ചെലവിലാണ് എഴുതിയിട്ടത്. അവയൊക്കെയും ആശയ സമരങ്ങളായിരുന്നു എന്ന് ഔദ്യോഗികഭാഷ്യം. പാറ്റന്‍ ടാങ്കുകളുടെ ചക്രങ്ങള്‍ക്കു ചലനം വച്ചു തുടങ്ങുമ്പോള്‍ എന്ത് ആശയസമരം ? എന്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം? ഇത്രയൊക്കെയായ സ്ഥിതിയ്ക്ക് ഘടകകക്ഷികളിലും അഴിച്ചുപണി അധികം വൈകാതെ നടന്നു കൂടെന്നില്ല. വെളിയത്തിനു പകരം കെ. ഇ. ഇസ്മായേല്‍. ബാക്കി വെടിപ്പാക്കല്‍ എളുപ്പമാണ്.

അടുത്ത സമയത്ത് തിരുവനന്തപുരത്തെ ഇഞ്ചിനീയറിംഗ് കോളേജില്‍ ഒരു ജൂനിയര്‍ കുട്ടിയെ മുതിര്‍ന്ന കുറച്ചു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് പത്രവാര്‍ത്ത വന്നിരുന്നു. മര്‍ദ്ദിച്ചവര്‍ അംഗീകൃത ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍. രണ്ടാം ദിവസം 450 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമോ പരാതിയോ തയ്യാറായി, അതായത് മര്‍ദ്ദനമേറ്റവന്‍ ഒരു റാഗിംഗ് വീരനാണെന്ന്. ഗാന്ധിയന്‍ മാതൃക അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് ‘ആണോ താനൊരു റാഗിംഗ് വീരനാണോ?’ എന്നു ചോദിക്കുക മാത്രമാണ് മുതിര്‍ന്ന പാവം വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന്..സമരം ഇപ്പോഴും തീര്‍ന്നിട്ടില്ല.

ഈ സംഭവം എടുത്തു പറയാന്‍ കാരണമുണ്ട്. മര്‍ദ്ദകരായ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ മര്‍ദ്ദനമേറ്റ ദലിതനായ ഒരു വിദ്യാര്‍ത്ഥിയെ, ഒരു വിദ്യാര്‍ത്ഥി സംഘടന കുറ്റവാളിയാക്കുന്ന രീതി ശ്രദ്ധിക്കുക. (വളഞ്ഞ വഴിയില്‍ മൂക്കു തൊടല്‍) അധികാരപ്രയോഗത്തിന്റെ നഗ്നമായ മാതൃകയാണിത്. കുറ്റം മാത്രമേയുള്ളൂ കുറ്റവാളികളില്ലെന്ന കാഫ്കേയിയന്‍ സാഹചര്യങ്ങളുടെ ആഴം തിരിച്ചറിയുന്നത് ഇതു പോലെ അര്‍ത്ഥം എത്രവേണമെങ്കിലും നീളുന്ന സംഭവങ്ങളിലാണ്. കോളേജുകളില്‍ നടന്നുവരുന്ന സംഘടനാപ്രവര്‍ത്തനം ഏതാണ്ടിതേ മാതൃകയിലൊക്കെയാണ്. 450 വിദ്യാര്‍ത്ഥികള്‍ ഒരു ദിവസം കൊണ്ട് ഒരാളെ റാഗിംഗ് വിദഗ്ദ്ധനാക്കിയെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഊര്‍ജ്ജത്തിന്റെ ചലനവേഗത്തെക്കുറിച്ച് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. അതേ ചലനനിയമങ്ങള്‍ തന്നെയാണ് ലോക്കല്‍ കമ്മറ്റികളില്‍, ജില്ലാകമ്മറ്റികളില്‍, സംസ്ഥാന കമ്മറ്റിയില്‍, പല വേഷങ്ങളില്‍ അരങ്ങിലെത്തിയത്.ഈ റിഹേഴ്സല്‍ വേദിയില്‍ നിന്ന് പുറപ്പാടു നടത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലെ അഭിനയം കൊഴുക്കുന്നത്. എതിര്‍ചേരിയെന്നത് എപ്പോഴും മറ്റുള്ളവരല്ല, സ്വന്തം അവയവങ്ങള്‍ തന്നെയാകാം എന്നിടത്ത് എത്തി നില്‍ക്കുന്നു, കാര്യങ്ങള്‍. ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ ‘പക്ഷങ്ങള്‍” കമ്മറ്റികള്‍ പിടിച്ചടക്കിയ രീതി പറഞ്ഞ് വിഷമിച്ച ഒരു സഖാവിനെ ഓര്‍ക്കുന്നു. ഇവരാണിപ്പോള്‍ നിന്നു മഴ കൊള്ളുന്നത്. കൂടെയാരുമില്ല. സമാപനവേദിയില്‍ നടന്ന കാര്യങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ‘മഴയായിരുന്നു, ഞാനൊന്നും അറിഞ്ഞില്ല’ എന്നാണ് വി എസ് പത്രലേഖകരോട് പറഞ്ഞത്.

ഒന്നും അറിയാതിരിക്കുക എന്നതിന്റെ പുതിയ അര്‍ത്ഥമാണ് സമവായം. പാര്‍ട്ടിയുമായി ആദ്യവും ഭരണകൂടവുമായി പിന്നീടും ജനങ്ങള്‍ക്കും സമരസപ്പെടേണ്ടതുണ്ട്. സ്ഥിരമായ പ്രതിപക്ഷ സ്വരം സൂക്ഷിക്കുക എന്നത് ഇനിയുള്ള കാലത്ത് അപകടമാണെന്ന് അര്‍ത്ഥം. പാര്‍ട്ടിയെന്നാല്‍ എന്ത് എന്നും അതിന്റെ നയപരമായ തീരുമാനങ്ങള്‍ പാകം ചെയ്തെടുക്കാന്‍ പോകുന്ന വേവുപുരകള്‍ എവിടെയാണെന്നും അത് ഭരണീയരായ നമ്മളെ ബാധിക്കാന്‍ പോകുന്നതെങ്ങനെയെന്നും ചോദിക്കരുത്. വിമര്‍ശനം, പാര്‍ട്ടി പുറത്താക്കിയവര്‍ക്കായി വിട്ടു കൊടുത്ത് നമുക്ക് സ്വസ്ഥരായിരിക്കാം. ഇടയ്ക്ക് അതൊക്കെ വായിച്ചു രസിക്കാം. അല്ലാതെ, വെറുതേയെന്തിന് വയ്യാവേലികള്‍ !

13 comments:

  1. പാര്‍ട്ടി കോണ്‍ഗ്രസ് കോയമ്പത്തൂരില്‍ നടക്കാന്‍ പോകുന്നേ ഉള്ളൂ...തിരുത്തുമല്ലോ.

    ReplyDelete
  2. കോട്ടയം സംഭവം നിര്‍ഭാഗ്യകരം തന്നെ. പക്ഷേ അത് ആസൂത്രിതമമായ ഒരു അലമ്പ് ആയിരുന്നോ എന്നു സംശയിക്കാന്‍ ന്യായങ്ങളുണ്ട്. വി.എസ് പ്രസംഗിക്കാന്‍ വന്ന നേരം മുതല്‍ ചില്ലറ അലമ്പുകള്‍ നടക്കുന്നത് എല്ലാ ചാനലുകളും ലൈവ് ആയിത്തന്നെ കാണിക്കുന്നുണ്ടാ‍യിരുന്നു. മഴയായതോടെ ഇരിപ്പ് വിട്ട് എഴുനേറ്റ ‘പ്രവര്‍ത്തക’രില്‍ ചിലര്‍ (അതു പത്തമ്പതു പേരെ വരൂ) വേദിയുടെ ഓരത്ത് വന്നുനിന്ന് മുദ്രാവാക്യം വിളിയും ബഹളവുമായി. (ടീവിയില്‍ ഇത് കണ്ടുകൊണ്ടിരുന്നപ്പോള്‍ ആദ്യം കരുതിയത് വി.എസിനെ സംസാരിക്കാന്‍ സമ്മതിക്കാതിരിക്കാനാണ് ഈ അലമ്പെന്നായിരുന്നു) അടിച്ചു പൂസായ ചിലര്‍ ഡാന്‍സുചെയ്യുന്നുമുണ്ടായിരുന്നു. ഇതിനൊന്നും ഒരു പ്രത്യയശാസ്ത്ര/ദാര്‍ശനിക മാനവുമുണ്ടെന്നു തോന്നുന്നില്ല - എല്ലാ സമ്മേളനത്തിലും 100 രൂപയും ബിരിയാണിയും വാങ്ങി ‘പ്രകടനം’ നടത്തുന്നവരെ കാണാം. പിന്നെ മാധ്യമങ്ങള്‍ക്ക് അകത്തു നടക്കുന്ന ചര്‍ചകളുടെ ‘ചൂടന്‍’ മൊബൈല്‍ വെര്‍ഷനുകള്‍ ചോര്‍ത്തിക്കിട്ടാത്തതിന്റെ കെറുവ് സ്വാഭാവികമായും കാണുമല്ലോ. (പാര്‍ട്ടി സമ്മേളനത്തിനു ലോഗോയും പിന്നണിപ്പാട്ടും വരെ തയാറാക്കി പരസ്യവും കാത്ത് ഇരുന്ന ചാനലുകളെ ഓര്‍ക്കുക) അതിന്റെ ചൊരുക്ക് ഈ സംഭവത്തില്‍ തീര്‍ത്തു. അത്ര തന്നെ!

    അല്ലെങ്കില്‍ നമ്പൂതിരിപ്പാടിന്റെ കാലം മുതലിന്നോളം സി.പി.എമ്മിന്റെ നയങ്ങളെയും 'so called' പഴഞ്ചന്‍ രീതിശാസ്ത്രത്തെയും വിമര്‍ശിക്കാന്‍ മാത്രം വായ തുറന്നിട്ടുള്ള കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങള്‍ എന്തിന് ഇക്കാലത്തു മാത്രം സി.പി.എമ്മിന്റെ നയവ്യതിയാനത്തെ വിമര്‍ശിക്കാനും സി.പി എമ്മിനു കമ്മ്യൂ‍ണിസറ്റ് വീര്യം പോരാ എന്ന് ആക്രോശിക്കാനും മഷിയും റീലും ചെലവാക്കണം?? (മനോരമയും മാതൃഭൂമിയുമൊക്കെ കമ്മ്യൂണിസം വിളമ്പുന്നതുകാണുമ്പോള്‍ വമനേച്ഛ !!)

    ReplyDelete
  3. ഓ ടോ:
    അടുത്ത സമയത്ത് തിരുവനന്തപുരത്തെ ഇഞ്ചിനീയറിംഗ് കോളേജില്‍ ഒരു ജൂനിയര്‍ കുട്ടിയെ മുതിര്‍ന്ന കുറച്ചു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് പത്രവാര്‍ത്ത വന്നിരുന്നു. മര്‍ദ്ദിച്ചവര്‍ അംഗീകൃത ഭരണപക്ഷ സംഘടനയുടെ നേതാക്കള്‍. രണ്ടാം ദിവസം 450 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട നിവേദനമോ പരാതിയോ തയ്യാറായി, അതായത് മര്‍ദ്ദനമേറ്റവന്‍ ഒരു റാഗിംഗ് വീരനാണെന്ന്. ഗാന്ധിയന്‍ മാതൃക അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് ‘ആണൊ താനൊരു റാഗിംഗ് വീരനാണോ?’ എന്നു ചോദിക്കുക മാത്രമാണ് മുതിര്‍ന്ന പാവം വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന്..സമരം ഇപ്പോഴും തീര്‍ന്നിട്ടില്ല.

    ഈ സംഭവം എടുത്തു പറയാന്‍ കാരണമുണ്ട്. മര്‍ദ്ദകരായ ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ മര്‍ദ്ദനമേറ്റ ദലിതനായ ഒരു വിദ്യാര്‍ത്ഥിയെ, ഒരു വിദ്യാര്‍ത്ഥി സംഘടന കുറ്റവാളിയാക്കുന്ന രീതി ശ്രദ്ധിക്കുക.


    ജൂനിയറിനെ മര്‍ദ്ദിച്ചു എന്നത് ശരി തന്നെയാണ് (എന്ന് വെച്ചാല്‍ "ഗാന്ധിയന്‍ മാതൃക അക്ഷരം പ്രതി അനുസരിച്ചുകൊണ്ട് ‘ആണൊ താനൊരു റാഗിംഗ് വീരനാണോ?’ എന്നു ചോദിക്കുക മാത്രമാണ് മുതിര്‍ന്ന പാവം വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്ന്" എന്നത് വെറുതെ എന്ന്). ജൂനിയര്‍ ദലിതന്‍ എന്നതും ശരി തന്നെയാണ്. പക്ഷെ ഈ ജൂനിയര്‍ അവിടുത്തെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും ഏകദേശം ഏഴായിരത്തോളം രൂപ പിടിച്ചു വാങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ക്ലാസ്സുകളിലും കയറാറില്ല.... ഈ ’ഇര’ ഒന്നാം വര്‍ഷം എത്ര പരീക്ഷ എഴുതിയെന്നും പാസ്സായെന്നും ആരെങ്കിലും അന്വേഷിച്ചോ?....

    ഇതിനെ പറ്റി 'authentic' ആയിട്ട്, സം സാരിക്കുവാന്‍ കഴിയുന്ന ഒരാളാണ് ഞാന്‍... (റാഗ്ഗിങ്ങിന് ഇരയായെന്ന് പറയുന്ന പുള്ളിയെ നേരിട്ടറിയില്ല എങ്കിലും)...

    ഒന്ന് കൂടി, ഞാനൊരു anti-ദളിതനല്ല ...തല്‍ക്കാലം എനിക്ക് നട്ടെല്ലുമില്ല (റാഗിങ്ങ് കേസാണ് മാഷെ.. ഈയൊരു കമന്റ് മതി ഞാന്‍ അകത്താകുവാന്‍)

    വിഷയത്തെ പറ്റി കമന്റ് ചെയ്യാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. പക്ഷെ, ഇത്തരമൊരു പരാമര്‍ശം കണ്ടപ്പോള്‍, അത് ശരിയല്ല എന്ന് എനിക്കിയുകയും ചെയ്യുന്ന സ്ഥിതിക്ക്, എനിക്ക് ഈ കമന്റ് പോസ്റ്റ് ചെയ്യാതെയിരിക്കുവാന്‍ വയ്യ... എന്നോട് ക്ഷമിക്കുക!

    ഈ പ്രശ്നത്തെ ചൊല്ലി മറ്റ് പോസ്റ്റുകള്‍ ഒന്നും കണ്ടില്ല...

    ReplyDelete
  4. മൂര്‍ത്തീ, മാതൃഭൂമി പത്രം സംസ്ഥാനസമ്മേളന വാര്‍ത്തകള്‍ക്കു നല്‍കിയ എംബ്ലെം ശ്രദ്ധിച്ചിരിക്കുമല്ലോ. അതു പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സ് എന്നെഴുതിയതാണ്. അതു ചിത്രമായി കൊടുക്കാനാണാദ്യം ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടാണ് ആദ്യവാചകം തന്നെ അങ്ങനെയെഴുതിയത്.ദേശീയസമ്മേളനത്തിനുമാത്രമേ അങ്ങനെ പറഞ്ഞുകൂടൂ എന്നുണ്ടോ? സംസ്ഥാനസമ്മേളനത്തിനങ്ങനെ പറയാന്‍ വയ്യായ്ക്ക എന്താണ്? എന്തായാലും ഞാനതു മാറ്റി.
    സൂരജ്, എന്റെ ചോദ്യം തിരിച്ചാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ നാം അനുഭവിക്കുന്ന കുറ്റബോധം എവിടുന്നു വരുന്നതാണ്? മാദ്ധ്യമങ്ങളിലൂടെയല്ലാതെ പ്രചരിക്കുന്ന കഥകളുണ്ട്. വേണമെങ്കില്‍ അതും മാദ്ധ്യമങ്ങള്‍ നിര്‍മ്മിച്ച അന്തരീക്ഷത്തിന്റേതാണെന്നു വാദിക്കാം. ഒരു സാധാരണ പാര്‍ലമെന്ററി പാര്‍ട്ടിയുടെ സ്വഭാവവും ഘടനയും മാത്രമേ പാര്‍ട്ടിയ്ക്കുള്ളൂ എന്നും അതല്ലാതെ നിവൃത്തിയില്ല എന്നും തുടക്കം മുതല്‍ ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ വിശദീകരിച്ചിട്ടുള്ള സ്ഥിതിയ്ക്ക് വലതുകക്ഷികള്‍ അര്‍ഹിക്കുന്ന വിമര്‍ശനം സമകാല ഇടതു കക്ഷികളും അര്‍ഹിക്കുന്നുണ്ട്. നമ്മുടെ മന്ത്രിമാരെ നയിക്കുന്നത് ഏതു പ്രത്യയശാസ്ത്രപരിസരമാണ്, വെറുതേ ആലോചിച്ചാല്‍ മതി. മാര്‍ക്സിസത്തിന്റെ മെറ്റാനരേഷന്‍ തത്കാലം മുഖവിലയ്ക്കെടുക്കണ്ട എന്നു സാരം. ആകെയുള്ള താങ്ങ് നഷ്ടപ്പെടാതിരിക്കുക എന്ന നിലയ്ക്ക് പോസിറ്റീവായും വിമര്‍ശനങ്ങളെയെടുക്കാം. ഇപ്പോള്‍ നേതാക്കളില്‍ അത്തരം സഹിഷ്ണുതയും സമചിത്തതയും പൊതുവേ കാണുന്നില്ലെങ്കിലും.
    ആരുമല്ല, കമന്റിനു വളരെ നന്ദി.
    പക്ഷെ ഈ ജൂനിയര്‍ അവിടുത്തെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും ഏകദേശം ഏഴായിരത്തോളം രൂപ പിടിച്ചു വാങ്ങിയിട്ടുണ്ട്. മാത്രവുമല്ല, ക്ലാസ്സുകളിലും കയറാറില്ല.... ഈ ’ഇര’ ഒന്നാം വര്‍ഷം എത്ര പരീക്ഷ എഴുതിയെന്നും പാസ്സായെന്നും ആരെങ്കിലും അന്വേഷിച്ചോ?....
    ഇങ്ങനെ ചില കാര്യങ്ങള്‍ ബ്ലോഗിലൂടെ മാത്രമേ വെളിച്ചതു വരൂ. എങ്കിലും ഇത് അവിടെ നടന്നതിനു സാധൂകരണമാവുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ കോളേജുകളില്‍ നടക്കുന്നത് അറിയാവുന്ന ഒരാളിനെ സംബന്ധിച്ഛിടത്തോളം.രാഷ്ട്രീയ പ്രയോഗത്തിന്റെ നീട്ടിയെടുക്കാവുന്ന രൂപകം എന്ന നിലയ്ക്കാണ്‍ ആ സംഭവം ഇവിടെ കുറിച്ചിട്ടത്.

    ReplyDelete
  5. The Supreme Organ of the party shall be the All India Party Congress എന്നാണവരുടെ സൈറ്റില്‍ കാണുന്നത്. മൂന്നുകൊല്ലത്തിലൊരിക്കല്‍ സാധാരണഗതിയില്‍ നടക്കുമെന്നും. സംഘടനാ രീതിയനുസരിച്ച് സംസ്ഥാന സമ്മേളനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സല്ല. മാതൃഭൂമി ഒരു പക്ഷെ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം എന്ന അര്‍ത്ഥത്തിലായിരിക്കാം അതുപയോഗിച്ചത്. എന്റെ തോന്നല്‍.

    വെള്ളെഴുത്തിന്റെ ആദ്യ പാര മാതൃഭൂമിയില്‍ നിരീക്ഷകന്‍ എഴുതിയ ലേഖനത്തിന്റെ ഒരു പ്രെസി പോലെ തോന്നി എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. ഇടത് കക്ഷികള്‍ ഒരു രീതിയിലും വിമര്‍ശനങ്ങള്‍ക്കതീതരല്ല. നന്നാക്കാന്‍ വേണ്ടിയാണെന്ന് പറയുകയും, നല്ല കാര്യങ്ങള്‍ക്കിടയിലെ ചില്ലറ ദോഷവശങ്ങള്‍ പെരുപ്പിച്ച് എഴുതുകയുമൊക്കെ ചെയ്യുന്നത് സ്ഥിരം ആകുമ്പോള്‍ എഴുതുന്ന പത്രങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിച്ചുപോവും.ഇക്കഴിഞ്ഞ സമ്മേളനങ്ങള്‍ മൊത്തം എടുത്താല്‍ ഒരുനല്ല കാര്യം പോലും ഇല്ലായിരുന്നു എന്നേ പത്രങ്ങള്‍ വായിച്ചാല്‍ തോന്നൂ. കാരാ‍ട്ടും മറ്റുമൊക്കെ ചേര്‍ന്ന് ചൂരലെടുത്തടിച്ച് എല്ലാം ഒതുക്കിത്തീര്‍ത്തു എന്ന ലൈന്‍..

    മറുവശത്ത് സംഘടനാ തെരഞ്ഞെടുപ്പ് ഇക്കൊല്ലം ചിലപ്പോള്‍ നടന്നേക്കും എന്ന് തങ്കച്ചനോ ഹസനോ ഒരു ചോദ്യത്തിനുത്തരമായി പറയുകയുണ്ടായി. ആ വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലായ്മ ഒരു പത്രത്തിലും വെണ്ടക്കയായില്ല.

    ത്രയേ ഉള്ളൂ..

    ReplyDelete
  6. മൂര്‍ത്തീ, ശരിയാണ് നിരീക്ഷകനെ വായിച്ചിരുന്നു,ഒപ്പം വാര്‍ത്തകള്‍ വന്ന മൂന്നു പത്രങ്ങളും. നമ്മുടെ സാമൂഹിക മനശ്ശാസ്ത്രത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കുറ്റബോധങ്ങളിലൊന്ന് മാര്‍ക്സിസ്റ്റു പാര്‍ട്ടി വിമര്‍ശനമാണ്. അതു പാടില്ലെന്ന് നമുക്കെന്തുകോണ്ടോ തോന്നിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് ടി ടി ശ്രീകുമാര്‍ ഇക്കാര്യം വിശകലനം ചെയ്ത് എഴുതിയിരുന്നത് കണ്ടിരിക്കുമല്ലോ.(മാദ്ധ്യമം വാര്‍ഷികപ്പതിപ്പ്) ഏതുവിമര്‍ശനവും യുക്തിഭദ്രമായ ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്. അതിനു പകരം കോണ്‍ഗ്രസ്സ് ഇതിനേക്കാള്‍ മോശമല്ലേ എന്ന മറു ചോദ്യം,ഒരു സ്വയം സമാധാനമാണ്, എങ്കിലും അത് ജീര്‍ണ്ണിപ്പുകളെ സമ്മതിക്കുന്നതുപോലെയുമാണ്.

    ReplyDelete
  7. ഇങ്ങനെ ചില കാര്യങ്ങള്‍ ബ്ലോഗിലൂടെ മാത്രമേ വെളിച്ചതു വരൂ. എങ്കിലും ഇത് അവിടെ നടന്നതിനു സാധൂകരണമാവുന്നില്ല. പ്രത്യേകിച്ച് കേരളത്തിലെ കോളേജുകളില്‍ നടക്കുന്നത് അറിയാവുന്ന ഒരാളിനെ സംബന്ധിച്ഛിടത്തോളം.രാഷ്ട്രീയ പ്രയോഗത്തിന്റെ നീട്ടിയെടുക്കാവുന്ന രൂപകം എന്ന നിലയ്ക്കാണ്‍ ആ സംഭവം ഇവിടെ കുറിച്ചിട്ടത്.

    എസ് എഫ് ഐ എന്ന രാഷ്ട്രീയ സംഘടനയോട് എനിക്ക് വലിയ താല്‍പര്യമില്ല (പ്രത്യേകിച്ചും അവരുടെ ജാനാധിപത്യ വിരുദ്ധ നടപടികളോട്). എന്നാല്‍ ഇക്കര്യത്തില്‍ അവര്‍ ചെയ്തത് തീര്‍ത്തും ശരിയാണ്. റാഗ് ചെയ്ത ജൂനിയറിനെ ആദ്യം ഉപദേശിച്ചു നോക്കിയത്രെ, അതിന് ശേഷമാണ് കൈക്രിയ നടത്തിയത്. ഒരു പക്ഷെ കൈക്രിയ നടത്താതെ നേരെ അധികൃതരുടെ അടുത്തെത്തിച്ചിരുന്നുവെങ്കില്‍ ജൂനിയറിന്റെ ഭാവി അധോഗതി ആയിരുന്നേനെയേനെ (ഇപ്പോഴും അതു പോലൊക്കെ തന്നെ)..റാഗ്ഗിങ്ങ് നിയമം അനാവശ്യമായി strict ആണ് എന്നല്ലാതെ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.... ഇതിനെ പറ്റി ഒരു പോസ്റ്റ് ആരെങ്കിലും (എന്റെ സ്വന്തം ബ്ലോഗ്ഗില്‍ എഴുതുവാന്‍ എനിക്ക് പല പ്രശ്നങ്ങളുണ്ട്) ഇട്ടിരുന്നുവെങ്കില്‍ എനിക്കിതെല്ലാം അവിടെ പോസ്റ്റ് ചെയ്യമായിരുന്നു. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കമന്റ് എഴുതുവാന്‍ ഒരല്പം ഉളുപ്പുണ്ടെ...

    ReplyDelete
  8. കോണ്‍ഗ്രസ്സ് ഇതിനേക്കാള്‍ മോശമല്ലേ എന്നത് എന്റെ ചോദ്യമല്ല. വിമര്‍ശിക്കുന്ന പത്രങ്ങളുടെ പക്ഷപാതിത്വം ചൂണ്ടിക്കാണിച്ചെന്നെയുള്ളൂ.

    ReplyDelete
  9. സമ്മേളനത്തെക്കുറിച്ചുളള വെള്ളെഴുത്തിന്റെ ചില നിരീക്ഷണങ്ങളോട് യോജിപ്പുണ്ട്. വിശേഷിച്ചും നമ്മുടെ പൊതുസമൂഹത്തെക്കുറിച്ചും അതിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന പലവിധ ശക്തികളെക്കുറിച്ചും ആഴത്തിലുളള ചര്‍ച്ചയും വിശകലനങ്ങളും സിപിഎം സമ്മേളനങ്ങളില്‍ നടക്കുമെന്ന് നാം (തെറ്റി)ധരിക്കുന്നുണ്ട്. ആ വിധമേതെങ്കിലും ചര്‍ച്ചയോ വിശകലനങ്ങളോ ഈ സമ്മേളനത്തില്‍ നടന്നുവെന്ന് കരുതുക വയ്യ. വിഭാഗീയതയുടെ വേരറുക്കണമെന്നായിരുന്നു ഈ സമ്മേളനത്തിലെ അജണ്ട. അതിനുളള വെട്ടിരുമ്പുമായാണ് പലരും സമ്മേളനത്തിനെത്തിയത്. ആകയാല്‍, മറ്റു വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ സഖാക്കള്‍ക്ക് സമയം കിട്ടിയില്ല.

    വിയോജിപ്പുളളത് ബജറ്റിന്റെ കാര്യത്തിലാണ്. ബജറ്റ് പരണത്തു വെയ്ക്കപ്പെട്ടോ? ഇല്ലെന്നാണ് തോന്നുന്നത്. (പത്രം വായിച്ചുളള അറിവാണേ)

    ധനമന്ത്രി ജനുവരി 21 പറഞ്ഞ കാര്യം പിറ്റേന്ന് പത്രങ്ങളില്‍ വന്നത് ഇങ്ങനെയാണ്.

    പ്രത്യയശാസ്ത്രത്തില്‍ നിര്‍ബന്ധമുളള മാധ്യമത്തിന്റെ തലക്കെട്ട് ഇങ്ങനെ. "ബജറ്റ് ധനമന്ത്രിയുടെ പ്രഖ്യാപനം പാഴായി".

    ബജറ്റ് മാറ്റിവെച്ചുവെന്നോ തട്ടിന്‍പുറത്ത് കയറ്റിയെന്നോ ഒന്നുമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ!

    വാര്‍ത്തയുടെ അവസാനത്തേതിന് തൊട്ടടുമുന്നേയുളള ഖണ്ഡികയില്‍ ദാ ഇങ്ങനെ കാര്യം പറയുന്നു. "പതിവുപോലെ ബജറ്റ് മാര്‍ച്ച് മാസത്തില്‍ അവതരിപ്പിക്കുകയും നാലുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം പാസാക്കാനുമാണ് ഇത്തവണത്തെ തീരുമാനം. ജൂണില്‍ വീണ്ടും സഭ ചേര്‍ന്ന് വകുപ്പ് തിരിച്ചു ചര്‍ച്ച നടത്തി സമ്പൂര്‍ണമായി പാസാക്കും"

    പണ്ടും അങ്ങനെയാണോ നടന്നത്? കേരളത്തിലെ ഏറ്റവും വലിയ ബജറ്റ് വിദഗ്ധനായ കെ എം മാണിയുടെ പ്രസ്താവന ജനുവരി 22ലെ മനോരമയിലുണ്ട്. മാണിച്ചായന്റെ രാഷ്ട്രീയ കസര്‍ത്തുകള്‍ കഴിഞ്ഞാല്‍, അവസാന ഖണ്ഡികയില്‍, ദേ ഇങ്ങനെയൊരു കാര്യം അതിയാന്‍ പറഞ്ഞിട്ടുണ്ട്.

    "1995-96ല്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥനകള്‍ പാസാക്കി സമ്പൂര്‍ണ ബജറ്റിന് അംഗീകാരം വാങ്ങിയിരുന്നു".

    അതായത് എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കാലത്ത് സമ്പൂര്‍ണ ബജറ്റ് എന്നൊരു പ്രതിഭാസം ബജറ്റ് സമ്മേളനത്തില്‍ നടന്നത് 1995-96ല്‍ മാത്രമാണ്.

    അപ്പോള്‍ ഇപ്പോ സംഭവിച്ചതോ? കഴിഞ്ഞ ഇക്കുറി താനും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ വീരവാദം പറഞ്ഞിരുന്നു. അത് നടക്കില്ല, എല്ലാം പഴയ പടിയേ ഇപ്പോഴും നടക്കൂ എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അതിനൊരു കാരണവും പറഞ്ഞു.

    ഐസക്കിന്റെ വാദം ഇങ്ങനെ." സമ്പൂര്‍ണ ബജറ്റിന് മുമ്പ് ആറാഴ്ചയിലധികം സബ്‍ജക്ട് കമ്മിറ്റി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. ഈ മാസങ്ങളില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടത്ര സമയം കിട്ടിയില്ല. ആയതിനാല്‍ ധനവിനിയോഗബില്‍ (വോട്ട് ഓണ്‍ അക്കൗണ്ട്) ആകും നിയമസഭയില്‍ അവതരിപ്പിക്കുക.

    ഫെബ്രുവരിയില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ മാര്‍ച്ചിലാവും ബജറ്റ് ചര്‍ച്ചകള്‍ക്കായി നിയമസഭ സമ്മേളിക്കുക".

    ഉളളത് ഉളളതുപോലെ തുറന്നു പറഞ്ഞു എന്നതൊഴിച്ചാല്‍ ഇതിലെവിടെയാണ് ജനാധിപത്യത്തെ വെല്ലുവിളിക്കല്‍. തന്റെ വാഗ്ദാനം നടപ്പാക്കാനാവില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. അല്ലാതെ ബജറ്റ് മാറ്റിവെയ്ക്കുമെന്നാണോ? 2002, 2003, 2007 വര്‍ഷങ്ങളിലെ ബജറ്റ് മാര്‍ച്ച് മാസങ്ങളിലാണ് അവതരിപ്പിച്ചത്. 2001ല്‍ രണ്ട് ബജറ്റ്. ആദ്യം ഫെബ്രുവരി 23നും യുഡിഎഫിന്റെ ബജറ്റ് ജൂലായ് 13നും അവതരിപ്പിച്ചു. 2006ല്‍ ഇടക്കാല ബജറ്റാണ് വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ചത്. സമ്പൂര്‍ണ ബജറ്റ് 2006 ജൂണ്‍ 23നാണ് അവതരിപ്പിച്ചത്. എന്നിട്ടൊന്നും കേരളം അറബിക്കടലില്‍ മുങ്ങിപ്പോയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇല്ല.

    വസ്തുത ഇതായിരിക്കെ ബജറ്റ് പരണത്ത് വെച്ചുവെന്നൊക്കെ വെള്ളെഴുത്തിനെപ്പോലൊരാള്‍ പറയുമ്പോള്‍................. എന്തോ ഒരിത്.............................!

    ReplyDelete
  10. സിപിഎമ്മില്‍ ഇനിയും പ്രതീക്ഷവെച്ചുപുലര്‍ത്തുന്നതുകൊണ്ടു് കാര്യമുണ്ടോ എന്നു് ആലോചിക്കാറായി.താഴെത്തട്ടില്‍ നടന്ന സമ്മേളനങ്ങളിലായിരുന്നു പ്രതീക്ഷയുണ്ടായിരുന്നതു്.എന്നാല്‍ അവിടെയും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വശംവദരായവരെയാണു് കണ്ടതു്.അതുകൊണ്ടുതന്നെ മേല്‍ത്തട്ടില്‍ ഒരു തിരുത്തല്‍ നടക്കുമെന്നു കരുതാന്‍ വയ്യ.അവിടെ ന്യൂനാധിപത്യം (oligarchy) കാര്യങ്ങള്‍ നിയന്ത്രിക്കും.അതുകൊണ്ടു് മറ്റുപാര്‍ട്ടികളില്‍ നടക്കുന്നതുപോലത്തെ കാര്യങ്ങള്‍, മുകളില്‍നിന്നുള്ള കെട്ടിയിറക്കല്‍ ഈ പാര്‍ട്ടിയിലും നടക്കും.

    ReplyDelete
  11. ഇടത് ഇന്നു തിരിച്ചറിയുന്നു, നമ്മള്‍ എന്തു ചെയ്താലും അടുത്ത 5 വര്‍ഷം ജനം വലതിനു കൊടുക്കും. പിന്നെ 5 വര്‍ഷം നമ്മുക്ക്. ഇതിടയില്‍ പുതിയ ഒരാള്‍ വരാതിരിക്കന്‍ അവരു ഒരുമിച്ചു ശ്രമ്മിക്കും, പിന്നെ പരമാവധി സ്വന്തം പോക്കറ്റില്‍ ആക്കാനും

    ReplyDelete
  12. ചുവപ്പ് ഒരു നിറം മാത്രമാകുമോ?

    ReplyDelete
  13. ആരുമല്ല, ധൈര്യമായിട്ടെഴുതാം, കുറച്ചുകൂടി കാര്യങ്ങളറിയാവുന്ന ആരെങ്കിലും സംഭവം എഴുതിയിരുന്നെങ്കില്‍ ഈ പോസ്റ്റ് തന്നെ ഉണ്ടാവുമായിരുന്നില്ല. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണിതെന്നു വിശ്വസിക്കുന്നതു കൊണ്ട് കമന്റുകളാണ് മുഖ്യം പോസ്റ്റുകളല്ല. വിഷയമൊരു പ്രശ്നമാക്കേണ്ട. എന്റെ സുഹൃത്ത് അവിടെ പഠിക്കുന്നുണ്ട്. അവന്‍ പറഞ്ഞത് വേറെ കാര്യമാണ്, ഷാജര്‍ഖാന്‍ പറഞ്ഞതു മറ്റൊന്നും. സത്യം പലത്.. !
    മാരീചാ നന്ദി. ‘പരണത്തു വയ്ക്കുക’ എന്നൊക്കെയുള്ളത് ആലങ്കാരികപ്രയോഗമാണ്.മനസ്സിലാവുമല്ലോ. ഞാനതു പിന്‍ വലിക്കാന്‍ തയാറാണ്, താങ്കളുടെ വിശദമായ കുറിപ്പു വായിച്ച ശേഷം, പ്രത്യേകിച്ചും. ഇങ്ങനെയൊക്കെയായിട്ടും സമ്മേളനം തന്നതെന്താണെന്നതാണ്‍ കാതലായ ചോദ്യം !
    സുരലോഗ്, ശല്യക്കാരാ, രാം.. ചുവപ്പൊരു നിറം മാത്രമാകുമോ?

    ReplyDelete