February 4, 2008
പറഞ്ഞതും പറയാത്തതുമായ കഥകള്‍
ഇന്ത്യന്‍ ജനപ്രിയ ചലച്ചിത്രങ്ങളില്‍ ‘രാമായണ ഫോര്‍മുല‘ യ്ക്കൊപ്പം പ്രസക്തമായ മറ്റൊരു പ്രമേയഘടന കൂടിയുണ്ട്. അതും ഇതിഹാസ പ്രയുക്തവും പ്രാദേശികഭേദങ്ങളാല്‍ പല തരത്തിലുള്ള നിറങ്ങള്‍ പകര്‍ന്നു കിട്ടിയിട്ടുള്ളതുമായ കഥാതന്തുവാണ്. ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിയുകയെന്ന ‘കുചേലകഥ‘യിലെ ആശയത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. ദാരിദ്ര്യം മുഖ്യവിഷയമായ ഒരു ജനസമൂഹത്തിന് ഈ വിഷയം എത്രമേല്‍ പഥ്യമായിരിക്കുന്നു എന്നത് വിശദീകരിക്കാന്‍ വേറെ ഉപന്യാസങ്ങള്‍ ആവശ്യമില്ല. ഹിന്ദിയുള്‍പ്പടെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഈ പ്രമേയം പല തരത്തില്‍ ആവിഷ്കാരം നേടിയിട്ടുണ്ട്. രജനീകാന്ത് സിനിമകള്‍ക്കു പിന്നിലെ വമ്പിച്ച ജനപ്രീതിയെ ‘കുചേലവൃത്തം ഫോര്‍മുല’യെ ഒളിഞ്ഞോ തെളിഞ്ഞോ സഹായിച്ചിരിക്കുന്നതു കാണാം. നിമിഷാര്‍ദ്ധം കൊണ്ട് കുചേലനുണ്ടായതായി പറയപ്പെടുന്ന ജീവിതമാറ്റത്തെ ഫ്രീസു ചെയ്തു നിര്‍ത്തി അപഗ്രഥിച്ചുകൊണ്ട് ഗൌരവമുള്ള സിനിമകളും മറ്റൊരു തരത്തില്‍ ഈ വിഷയത്തെ സ്വാംശീകരിച്ചിട്ടുണ്ട്. രാമായണ-കുചേല കഥകള്‍ ഭാരതീയ സിനിമയില്‍ പൊതുവേയും മലയാള സിനിമയില്‍ പ്രത്യേകിച്ചും എതെല്ലാം തരത്തില്‍ ആവിഷ്കൃതമായെന്നും അതിനുണ്ടായ രാസപരിണാമങ്ങള്‍ എന്തൊക്കെയെന്നതും വിശദമായ ഒരു അന്വേഷണത്തിന്റെ മേഖലയാണ്.
അടുത്തകാലത്തിറങ്ങിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ, ‘കുചേലവൃത്തം‘ ഇതിവൃത്തത്തെ ബാഹ്യഘടനയില്‍ തന്നെ പിന്‍പറ്റുന്നുണ്ട്. ഇവിടെ കുചേലവൃത്തം എന്ന പേരു തന്നെ ഉപയോഗിച്ചതു മനഃപൂര്‍വമാണ്. രാമപുരത്തുവാര്യരുടെ കുചേലവൃത്തത്തിന്റെ രചനയ്ക്കു പിന്നിലുള്ള കഥയ്ക്ക് ‘കുചേലകഥയുമായി നമ്മുടെ വാമൊഴിപാരമ്പര്യം കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന താദാത്മ്യം അതിന്റെ ജനപ്രിയതയെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. തിരുവിതാംകൂറിന്റെ ഭരണാധിപനായ മാര്‍ത്താണ്ഡവര്‍മ്മയുടെ കാരുണ്യസ്പര്‍ശം വാര്യരുടെ ജീവിതത്തെ ഞൊടിക്കിടയില്‍ മാറ്റിമറിച്ചതാണ് അതിന്റെ കാതല്‍. സഹപാഠിയായ കൃഷ്ണന്റെ കാരുണ്യത്താല്‍ ജീവിതം മാറിമറിയുന്ന കുചേലന്റെ കഥയില്‍ വാര്യരെയും വാര്യരുടെ കഥയില്‍ നമ്മളെയും സങ്കല്‍പ്പിച്ചാണ് മറ്റേത് ആര്‍ക്കിടൈപ്പുകളെയും പോലെ ഈ പ്രമേയവും മലയാളി ‘സൈക്കി‘ല്‍ സാഫല്യം നേടുന്നത്. പത്താം നൂറ്റാണ്ടിനു തൊട്ടു മുന്‍പു വരെ അലഞ്ഞു തിരിഞ്ഞു നടക്കുകയും പിന്നെ കൃഷിയിലൂടെ വളരെ വ്യത്യസ്തമായ ജീവിതക്രമത്തിലേയ്ക്കു പ്രവേശിക്കുകയും അതിനുശേഷം പ്രവാസം ഒരു ചാരിതാര്‍ത്ഥ്യമായി ആത്മാവിലണിയുകയും തുറന്നിട്ട ചന്തകളുടെ വിലോഭനീയതയില്‍ ലയിച്ച് സ്വയം മറക്കുകയുംചെയ്യുന്ന ഒരു സമൂഹത്തിന്റെ അബോധഘടനയില്‍ മാന്ത്രികസ്പര്‍ശമുള്ള മാറ്റങ്ങള്‍ക്ക് ചുണ്ടു പിളര്‍ത്താനുള്ള അഭിനിവേശം നിഹിതമാണ്. അങ്ങനെ ചരിത്രവുമായും ഈ ത്വരയെ ബന്ധിപ്പിച്ചുകൂടായ്കയില്ല.
‘കഥ പറയുമ്പോള്‍’ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ എത്തിപ്പെട്ട സഹപാഠികളെ അഭിമുഖം നിര്‍ത്തിയാണ് പുരോഗമിക്കുന്നത്. ദാരിദ്ര്യമാണ് പശ്ചാത്തലം. ഭൂതകാലത്തില്‍ ഇന്നത്തെ താരരാജാവ് അശോക് ദാരിദ്ര്യം കൊണ്ടു വഴിമുട്ടി നിന്നവനാണ്. വര്‍ത്തമാനകാലത്തില്‍ ദാരിദ്ര്യം പിഴിയുന്നത് അന്നത്തെ രക്ഷാകര്‍ത്താവായ ബാലനെയാണ്. അശോക് രാജിന്റെ ജാതി വ്യക്തമല്ല. എന്നാല്‍ ബാലന്‍ അവര്‍ണ്ണനാണ്, ആദ്യരംഗത്തില്‍ തന്നെ അക്കാര്യം അയാള്‍ വ്യക്തമാക്കുന്നു. തമിഴ് സിനിമയിലെ പ്രഭുദേവ - അരവിന്ദസ്വാമി ദ്വന്ദ്വങ്ങളെ പഠിച്ച ഡി എം നാഗരാജിന്റെ വഴി തുടര്‍ന്ന് മമ്മൂട്ടി, ശ്രീനിവാസന്‍ എന്നീ നടന്മാരുടെ ശാരീരികചേഷ്ടകളും മാനറിസങ്ങളും കഥാപാത്രങ്ങള്‍ക്കുള്ള സ്വഭാവവിശേഷങ്ങളും അപഗ്രഥിച്ചും പ്രകടമായ ജാതി പരാമര്‍ശമില്ലെങ്കില്‍ കൂടി മേല്‍ക്കോയ്മാ-കീഴാള വാസ്തവങ്ങള്‍ സിനിമയില്‍ ആവിഷ്കാരം നേടുന്നതെങ്ങനെയെന്ന് ആലോചിക്കാവുന്നതാണ്. ബാര്‍ബറായ ബാലന്‍ ഒരു പാട് അപമാനങ്ങള്‍ സിനിമയില്‍ എറ്റുവാങ്ങുന്നുണ്ട്. അതെല്ലാം തന്റേതു മാത്രമായ തെറ്റായി സ്വയവും മറ്റുള്ളവരാലും വിലയിരുത്തപ്പെടുന്നു. അതേ സമയം തനിക്കെതിരേയുള്ള നിസ്സാര പരാമര്‍ശം പോലും താരരാജാവിനെ (രാജാവ് എന്ന പരാമര്‍ശം ശ്രദ്ധേയം!) അസ്വസ്ഥനുമാക്കുന്നതു കാണാം. ഇതെല്ലാം രാജാവും യാചകനും തമ്മിലുള്ള വ്യത്യാസങ്ങളെ പ്രകടമായി തന്നെ അടയാളപ്പെടുത്തുന്നുണ്ടെന്നു കാണാം. കുചേല കഥയിലെ ക്ഷത്രിയ - ബ്രാഹ്മണ മൂലകങ്ങള്‍ കാലാനുസാരിയായി സിനിമയില്‍ എങ്ങനെ മാറി മറിയുന്നു എന്നു വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. സുദാമാവിന്റെ അവല്‍ക്കടം ഇവിടെ പ്രാഭൃതമാണ്. കടുക്കന്‍ ഊരിവിറ്റ കാശുകൊടുത്താണ് ബാലന്‍ പ്രകാശിനെ മദിരാശിയിലേയ്ക്ക് അയയ്ക്കുന്നത്. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍ അയാള്‍ക്ക് ആഹാരം നല്‍കുന്നുണ്ട്, അച്ഛനറിയാതെ മുടി മുറിച്ചു കൊടുക്കുന്നുണ്ട്.
25 വര്‍ഷം മുന്‍പുള്ള ഈ പരിചയത്തെ, അസാധാരണമാം വിധം നിരാശബാധിച്ച, ആത്മവിശ്വാസം തീരെയില്ലാത്ത, ബാലന്‍ ഒരിക്കലും വെളിവാക്കുന്നില്ല എന്നിടത്താണ് സിനിമയുടെ രസനീയത കുടുക്കിയിട്ടിരിക്കുന്നത്. ഒരു പക്ഷേ ഈ കഥ തുറന്നു പറയുന്നത് പരാജിതനായ ബാലനായിരുന്നുവെങ്കില്‍ എന്നാലോചിക്കുന്നത് രസകരമാണ്. അവ്യക്തമായിട്ടാണെങ്കിലും ബാലന്‍ സൂചിപ്പിക്കുന്ന സൌഹൃദകഥ അമ്പേ പരാജയപ്പെടുന്നിടത്തു് ശ്രീനിവാസന്‍ രചിച്ച തിരക്കഥയുടെ അസാധാരണമായ വിരുത് കാണാം. അയാളുടെ ഉയര്‍ച്ചയ്ക്ക് ആക്കമുണ്ടാക്കാനാണ് ആ അപമാനങ്ങള്‍. കഥ പറയേണ്ടത് ആരാണ് എന്നതാണ് ചോദ്യം. ജീവിതത്തില്‍ വിജയിച്ച പ്രകാശോ പരാജിതനായ ബാലനോ ? എത്ര ആഴത്തിലുള്ള ബന്ധമാണ് തനിക്ക് പ്രകാശുമായിട്ടുള്ളത് എന്ന് ബാലന്‍ ഒരിക്കലും വെളിപ്പെടുത്തുന്നില്ല, ഭാര്യയോടു പോലും. പ്രകാശാണ് അതോര്‍ത്തു പറയുന്നത്, അതാണ് നിര്‍ണ്ണായകമാവുന്നതും. കുചേലവൃത്തത്തിലേയ്ക്കു പോകാം. ദ്വാരകയില്‍ താന്‍ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്കയാണ് കുചേലന്‍ വഹിക്കുന്നത്. കഥകള്‍ ഓര്‍ത്തെടുക്കുന്നത് കൃഷ്ണനാണ്. കുചേലപത്നി കൃഷ്ണനെ കാണാന്‍ പോകുന്നതിനു സുദാമാവിനു പ്രചോദനമാവുന്നതു പോലെ ഇവിടെ ബാലന്റെ ഭാര്യയുണ്ട്. ബാലനെപ്പോലെ ഉള്‍വലിയുന്ന സ്വഭാവം അവര്‍ക്കില്ല. ഭൌതികസുഖങ്ങളില്‍ (അത്ര പ്രകടമല്ലെങ്കിലും ) പ്രലോഭനീയയുമാണ്. പാത്രങ്ങള്‍ വീണുടയുന്നതിനെപ്പറ്റി ഒന്നിലധികം തവണ സിനിമയില്‍ പരാമര്‍ശമുണ്ട്. ഉത്തമഭാര്യയായ ഉപദേഷ്ടാവിന്റെ ഭാഗം നല്‍കി രചയിതാവ് അവരെ വാര്‍ണീഷ് ചെയ്തിട്ടുണ്ടെങ്കിലും അമര്‍ത്തിപ്പിടിച്ച വിദ്വേഷത്തിന്റെ അല അവരിലുണ്ട് എന്നു വ്യക്തം. നിറം പിടിപ്പിച്ച കല്‍പ്പനകളില്‍ അവര്‍ അഭിരമിക്കുന്നുണ്ട്. കള്ളം പറയുന്നുണ്ട്. അയല്‍പ്പക്കങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കുന്നുണ്ട്.
സത്യത്തില്‍ താരരാജാവിന്റെ മാന്ത്രിക സ്പര്‍ശം വ്യത്യസ്തനും പ്രായോഗിക ജീവിതത്തില്‍ വട്ടപ്പൂജ്യവും ‘കാലഹരണപ്പെട്ട‘വനുമായ ബാലന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സിനിമ അര്‍ത്ഥഗര്‍ഭമായ മൌനത്തിലാണ്. പ്രകാശുമായി പരിചയമുണ്ടെന്ന, പ്രത്യക്ഷമായ അടിസ്ഥാനമൊന്നുമില്ലാത്ത അറിവ് നാട്ടുകാരില്‍ ഉണ്ടാക്കിയ ബഹുമാനാദരങ്ങള്‍ ‘ഇത്രയൊക്കെ‘യുണ്ടെങ്കില്‍ (അതു സിനിമയിലുണ്ട്) താരരാജാവില്‍ നിന്നു തന്നെ തെളിവു കിട്ടിയ സ്ഥിതിയ്ക്ക് അതെത്ര ഡിഗ്രിയില്‍ ഉയരും എന്ന അര്‍ത്ഥാപത്തിയിലാണ് സിനിമ അവസാനിക്കുന്നത്. അതൊരു ഊഹം മാത്രമാണ്. മാത്രമല്ല, ‘ഇനി നീയിവിടെ താമസിക്കേണ്ടെന്ന്‘ അശോക് ആജ്ഞാപിക്കുന്നു. അതായത് നാട്ടിലേയ്ക്ക് തിരിച്ചുപോവുക, വരും കാലങ്ങളില്‍ പ്രകാശിന്റെ തണലില്‍ ജീവിക്കുക. കുട്ടിക്കാലത്തെ നിസ്സാര സഹായങ്ങള്‍ക്കു പകരം സമ്പന്നമായ ഭാവി. ഒരു പിടി അവലിന് പകരം വമ്പിച്ച സമ്പത്ത്.. അങ്ങനെ.... നമ്മളിവിടെ ആലോചിക്കാന്‍ മിനക്കെടാതിരിക്കുന്ന ഒരുകാര്യമുണ്ട്. അശോക് എന്ന രക്ഷാകര്‍ത്തൃത്വത്തിന്റെ കീഴിലുള്ള വാസം ബാലന്‍ എന്ന അഭിമാനിയായ (അയാളുടെ അഭിമാനത്തെക്കുറിച്ചുള്ള പരാമര്‍ശം എത്രവേണമെങ്കിലുമുണ്ട്, സിനിമയില്‍. അത് അഭിമാനമല്ല ദുരഭിമാനമാണെന്ന് അയാളുടെ ഭാര്യയുടെ കുറ്റപ്പെടുത്തുന്നുമുണ്ട് !) മനുഷ്യന് എത്രത്തോളം അഭികാമ്യമായിരിക്കും എന്നതാണ്. അത് അഭിലഷണീയമായ ജീവിതം തന്നെയായിരിക്കുമോ? ഇത്തരം ഒരു ആശ്രിതത്വമാണോ മായാപിഞ്ഛികയുഴിഞ്ഞ് വിധി, മഹത്തായ സൌഭാഗ്യമെന്ന മട്ടില്‍ ഈ പാവത്തിനായി നീക്കി വച്ചിരുന്നത്?
ആശ്രിതത്വം ഹിതകരമാകുന്നത്, രാജവാഴ്ചയിലും ഫ്യൂഡലിസത്തിന്റെ മരത്തണലിലുമൊക്കെയാണ്. കുചേലവൃത്തത്തിലും രാമപുരത്തുവാര്യര്‍ ഐതിഹ്യത്തിലും പ്രഭുവിന്റെ പ്രീതിയല്ലാതെ രക്ഷപ്പെടാന്‍ മറ്റൊരു വഴിയില്ല. അതുകൊണ്ട് ഒരു ദരിദ്രന് യജമാനന്റെ സ്പര്‍ശം സ്വര്‍ഗതുല്യമായ അനുഗ്രഹമാകും. അവന്റെ/അവളുടെ സ്വപനങ്ങള്‍ രക്ഷാകര്‍ത്തൃത്വത്തെ ചുറ്റിയല്ലാതെ നീങ്ങുകയില്ല. എന്നാല്‍ അതു തന്നെയാണ് ജനായത്തവ്യവസ്ഥയിലെയും ഭാഗ്യം എന്നു വരുന്നത് അത്ര ആശാസ്യമായി തോന്നേണ്ട കാര്യമല്ല. എങ്കിലും നമുക്കതു തോന്നുന്നത് നമ്മുടെയുള്ളിലെ ആശ്രിതത്വം, വിധേയത്വം നമ്മുടെ തന്നെ ആത്മാഭിമാനങ്ങള്‍ക്കു മേല്‍ പിടിമുറുക്കുന്നതു കൊണ്ടാണ്. (സാമൂഹികമായ വ്യവഹാരങ്ങളിലെല്ലാം, സമ്മതിച്ചാലുമില്ലെങ്കിലും ഇതൊരു നിത്യയാഥാര്‍ത്ഥ്യമാണ് ) സമൂഹം ഒന്നിച്ചുകാണുന്ന സിനിമയെന്ന സ്വപ്നം നമുക്കുള്ളിലെ മാനസിക യാഥാര്‍ത്ഥ്യങ്ങളെ സ്വാഭാവികമായും ചെന്നു തൊടും. അല്ലാതെ അതിന് നിലനില്‍പ്പില്ല. നാടുവാഴിത്തത്തിന്റെ പ്രസാദവാത്സല്യങ്ങളില്‍ ഇനിയും പുലരാനാഗ്രഹിക്കുന്ന ശൈശവതുല്യമായ ആലസ്യം നമ്മെ ഇപ്പോഴും ഭരിക്കുന്നുണ്ടെന്ന സത്യമാണ് വാസ്തവത്തില്‍ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ പറഞ്ഞ ‘കഥ‘. അതോടൊപ്പം നമ്മളാരെയോ രക്ഷിക്കാന്‍ പോകുന്നുവെന്ന സങ്കല്പം സൃഷ്ടിക്കാനും സിനിമ സൌകര്യമൊരുക്കുന്നു. അതായത് ഇരുട്ടുമുറിയിലിരിക്കുന്ന നമ്മള്‍ കൂടുതല്‍ സമയവും നമ്മേക്കാള്‍ മെച്ചപ്പെട്ട ഒരു രക്ഷകര്‍ത്താവിനെ കൊതിക്കുകയും കുറച്ചു സമയം രക്ഷാകര്‍ത്താവായി മറ്റാരെയോ രക്ഷിച്ച് അയാളുടെ ആശ്രിതത്വം പ്രതീക്ഷിച്ച് ചാരിതാര്‍ത്ഥ്യമടയുകയും ചെയ്യുന്നു എന്ന്. അശോകും ബാലനും അങ്ങനെ ഒരേ മനസ്സിന്റെ രണ്ടു വശങ്ങളാണ്. മാറിമാറി ഇവരുമായി താദാത്മ്യം പ്രാപിക്കാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ഈ സിനിമ നമ്മളില്‍ നിന്ന് നല്ലവാക്കു പിടിച്ചു പറ്റിയത്. ആലോചിച്ചാല്‍ അതില്‍ ആശ്വസിക്കാന്‍ ഒന്നുമില്ലെങ്കിലും.
ഇതു വായിച്ചപ്പോള്‍ പടം കാണാതെ തന്നെ പടം കണ്ട പ്രതീതി. പത്മരാജന്റെ തലത്തിലുള്ള ഒരു ജീനിയസ്സാണ് ശ്രീനിവാസന്‍ എന്നു തോന്നുന്നു.
ReplyDeleteകഥപറയാന്‍ ആര്‍ക്കാണ് അവകാശം എന്ന ചോദ്യം കണ്ടപ്പോള്‍ തുടങ്ങിയതാണ് ഒന്നു കമന്റാഞ്ഞിട്ടുള്ള ഒരു ശ്വാസം മുട്ടല്‍.
ReplyDeleteസിനിമയില്‍ നിന്ന് മിക്കവാറും വിട്ടാണ് കമന്റ്. ഒരു ഓഫിന്റെ പരിഗണന തന്നാല്‍ മതി. :)
കേരളത്തിന്റെ പൈതൃകത്തില്‍ തലതിരിഞ്ഞ ഒരു ചരിത്രം ഉണ്ട് ഈ ചോദ്യത്തിന്. പാണന്മാര്‍ക്ക് കാക്കാന്മാര്‍ക്ക് അങ്ങനെ തുടങ്ങി ചാക്യാന്മാര്‍ക്കുവരെയാണ് മാഷേ അതിനുള്ള അവകാശം. അപ്പോള്‍ ക പറയാന്‍ ആര്‍ക്കാണവകാശം എന്നല്ല കഥ അംഗീകരിക്കുക ആരുടെ പ്രിവിലേജ് ആണെന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ആ പ്രിവിലേജിനു മുന്നിലാണ് കുചേലന്‍ കുഴങ്ങുന്നതും ബാലന്‍ നിശബ്ദനാകുന്നതും.
(നിരസിക്കപ്പെടുക എന്നതാണ് നരേറ്ററുടെ മുന്നിലെ ചലഞ്ച് എന്ന് തിരുത്തിപ്പറഞ്ഞാല്‍ അത് എഴുത്തുകാരന്റെ വെല്ലുവിളി കൂടി ആവും; പ്രത്യേകിച്ചും ബ്ലൊഗ് പോലെ ഒരു മാധ്യമത്തില്‍. അവിടെയാണ് മുന്‍പൊരിക്കല്‍ പറഞ്ഞ മനസ്സിലായില്ലകള്‍ വിഹരിക്കുന്ന്ത്. കുചേലനെ നോക്കി മനസ്സിലായില്ല എന്ന് ശ്രീകൃഷ്ണന്‍ പറയുന്നത് ഒന്നുസങ്കല്പിക്കൂ. മുഖ്യധാരയിലെ എഴുത്തുകാരന് പലപ്പൊഴും മുദ്രാമോതിരങ്ങള്‍ ഉണ്ട്. പാവം ബ്ലോഗന്റെ മോതിരം വിഴുങ്ങിയ മീനിനെ ആരു പിടിച്ചുകൊടുക്കും!)
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തില്‍ പലപ്പോഴും വെല്ലുവിളിയാകുന്നത് ഇതാണ് എന്നത് കൂടുതല്‍ പ്രസക്തമായ വിഷയം. എഴുത്തിന്റെ കാനോനകള്‍ (നിയമങ്ങള്‍) ആരാണ് തീരുമാനിക്കുന്നത്? എഴുത്തുകാരന്റെ സത്യത്തിന് ആരാണ് മുദ്രചാര്‍ത്തിക്കൊടുക്കേണ്ടത്? എണ്ണം പറഞ്ഞ പെണ്ണെഴുത്തുകാര്‍ വരെ കാരണവന്മാരുടെ/മുതലാളന്മാരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട അവസ്ഥയുണ്ട് നാട്ടില്‍. കലിപ്പ് തീര്‍ക്കാന്‍ എന്തെങ്കിലും ഉഡായിപ്പ് പണികള്‍ കാണിച്ചാണ് പിടിച്ചുനില്‍ക്കുന്നത് പാവങ്ങള്‍. ഇതേ ചോദ്യമാണ് മുന്‍പ് ഇവിടെ തന്നെ വന്ന പത്രാധിപപ്രശ്നത്തിലെയും പകുതിവശം.
ചോദ്യത്തിന്റെ സോഷ്യല്‍ സിന്റാക്സ് ഒന്നു ശരിയാക്കി നോക്കിയതാണ്. ഉത്തരം....
[‘ഇരുപതുവാക്യത്തില്‍ കവിയാത്ത ഒരുപന്യാസം..’ എന്ന് നമതുവിന്റെ ഒരു കൊട്ടുകിട്ടിയിട്ട് നാലുദിവസം ആയില്ല. ഞാന്‍ നന്നാവൂല്ല :) )
കൊള്ളാം നന്നായിരിക്കുന്നു
ReplyDeleteഅഭിനന്ദനവും അസൂയയും തമ്മിലുള്ള ഒരു വടംവലി നടക്കുന്നു എന്റെ മനസില്‍ :)
ReplyDeleteഈ കൃഷ്ണ-കുചേല ത്രഡ് വച്ച് തിരക്കഥയില്‍ അവസാന സീനുകള്‍ ആദ്യം എഴുതി പുറകിലേക്ക് വര്‍ക്ക് ചെയ്ത് സിനിമയുണ്ടാക്കിയതിന്റെ എല്ലാ മുഴച്ചുനില്‍ക്കലുകളും ഈ സിനിമയില്‍ കാണാം. അതുകൊണ്ടുതന്നെയാണ് ഈ കുചേലന്റെ അഭിമാനം, വരാന്‍ പോകുന്ന സൗഭാഗ്യത്തിന്റെ സ്വഭാവം എന്താവാം എന്നിങ്ങനെ പല പഴുതുകളും ഉണ്ടാവുന്നത്.താങ്കള്‍ പറഞ്ഞതുപോലെ ഇതുപോലെ ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരും എന്ന് ദുരിതകാലത്തില്‍ തീയറ്ററിലെ ഇരുട്ടിലിരുന്ന് കാഴ്ചക്കാരന്‍ പ്രത്യാശിക്കുന്നതുകൊണ്ടാവും സിനിമ വിജയിച്ചത്. തമിഴില്‍ ഈ സിനിമ വരുമ്പോള്‍ എന്താവും സ്ഥിതി.
ReplyDeleteഇത് ഓഫാണ്.
ReplyDeleteവെള്ളെഴുത്ത് അല്പം ചിന്തിച്ചാലെന്ത് എന്ന കാപ്ഷന്‍ മാറ്റി ചിന്തിക്കാതിരുന്നാലെന്ത് എന്നാക്കിയത് കണ്ടപ്പോള്‍ മനസ്സില്‍ വന്ന ഒരു സെന്‍ കഥ.
ശിഷ്യന്‍ ഗുരുവിന്റെ അടുത്ത് ചെന്ന് പരാതി പറഞ്ഞു..ഒരു മന:സമാധാനവുമില്ല, സന്തോഷവുമില്ല..ആകെ വെറുത്തുകഴിന്നു..ഗുരു പറഞ്ഞു...അത് മാറിക്കോളും..
കുറച്ച് ദിവസം കഴിഞ്ഞ് ശിഷ്യന്‍ വീണ്ടും ചെന്നു..ഗുരോ ഇപ്പോള്‍ ഞാന്‍ നല്ല സന്തോഷവാന്‍..ആകെ മൊത്തം ഉന്മേഷം. ഗുരു പറഞ്ഞു...
അത് മാറിക്കോളും..
:)
qw_er_ty
നല്ല വിവരണം....
ReplyDeleteവിവരണം നന്നായിരിക്കുന്നു മാഷെ
ReplyDeleteഅല്ലല്ല, ഞാനിത്തിരി വൈകിപ്പോയോ? അതിനിടയ്ക്കു ഇങ്ങനേം ചിന്താവിഷ്ടനായോ? അറിഞ്ഞില്ല. ഒരു ചിന്തയ്ക്കു എന്നാലാവും വിധം ചിന്തിച്ചുത്തരമെഴുതിയിട്ടുണ്ടേ വെള്ളെഴുത്തിനുകാണാനൊരു കുഞ്ഞിക്കുറിപ്പ് കണ്ടുനോക്കൂ.
ReplyDeleteഅപ്പൊ സിനിമയൊക്കെ കാണാറുണ്ടല്ലേ, ഞാനറിഞ്ഞില്ല(എനിയ്ക്കറിയില്ലായിരുന്നു).
ഇവിടെ പരസ്യം പതിയ്ക്കരുതെന്നു പറഞ്ഞിട്ടില്ലല്ലോ ല്ലേ? നന്ദി :)
ഈ പോസ്റ്റ് വായിച്ചു. കുചേലകഥയേയും മറ്റു പല പുരാണകഥകളേയും പലതലത്തില്‍ നിന്നും നോക്കിക്കാണാവുന്നതാണ്. എങ്ങനെകണ്ടാലാണോ കൂടുതല്‍ പ്രയോജനം, മനസ്സിനു വികാസം എന്നിവ കിട്ടുക, ആ രീതിയില്‍ കാണുകയാണു നല്ലത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കാവ്യമായും കഥയായും, തത്ത്വമായും ഒക്കെ എങ്ങനെ വേണോ അങ്ങനെ വിളമ്പാം, വിഭവം കയ്യിലുണ്ടല്ലോ.
നന്ദി :)
സിമീ എന്നു വച്ച് സിനിമ കാണാതിരിക്കരുത്..ഓരോരുത്തര് ഓരോന്നാണ് കാണുന്നത്. ഗുപ്താ.. ഞാനെന്തു പറയാനാണ്..പക്ഷേ ഞാന്‍ നന്നാവൂലാ മട്ടിലുള്ള ആത്മോപാലംഭങ്ങളുടെ ആവശ്യമില്ലെന്ന കാര്യം മാത്രം ഉറപ്പിച്ചു പറയാം.. അതു മാത്രം ഉറപ്പിച്ച് ! സാക്ഷരാ..വഡോസ്കി ഇന്നു തമിഴിലെ പുതിയ ന്യൂസിറങ്ങി കണ്ടില്ലേ.. കമലാഹാസനും അഭിനയിക്കുന്നുണ്ട് ‘കുചേല’യില്‍. സനാതനാ ലാ അഭി‘കു‘ന്ദനത്തിനുശേഷം പറഞ്ഞ ‘സാതനം ‘ എന്തിനാണു താങ്കള്‍ക്ക്? ആ ‘അറുവാണി’ കണ്ടുവോ?
ReplyDeleteമൂര്‍ത്തി അതു ശേലായി. ആ കഥ വച്ച് അങ്ങനെയൊരു കുത്തു കുത്താമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചിരുന്നില്ല.
ശിവാ, സജീ .. നന്ദി..
ജ്യോതിര്‍മയീ.. സിനിമയല്ലാതെ എനിക്കു മറ്റെന്താണു ജീവിതം..‘പരസ്യം പതിക്കരുതെന്ന്’ ബ്ലോഗിലെ പുതിയ നമ്പരാണെന്നു തോന്നുന്നു.. തേങ്ങാക്കാര്യം പോലെ.. മറ്റൊരിടത്തും സമാനമായ വാക്യം കണ്ടു.. എന്താണാവോ..കുറിപ്പിന് ഞാനവിടെ ചിലത് എഴുതിയിരുന്നു. വ്യാകരണകാര്യങ്ങളില്‍ ചര്‍ച്ച വേണം. സ്കൂല്‍-കോളേജ് തലങ്ങളില്‍ ഭാഷാപഠനം പുതിയ രൂപം കൈവരിക്കുകയാണ്. വ്യാകരണം ഇല്ല.ഭാഷാപരമായ പ്രത്യേകതകളൊന്നും തന്നെയില്ല. ആശയം മാത്രം!!!
I read your blog last day and today i read about a tamil filim staring RAJANI.I really appreciate your farsight.keep on writing
ReplyDeleteവെള്ളെഴുത്തേ..ഞാന്‍ 100% തമാശ പറഞ്ഞതാണേ..കുത്തായി തോന്നിയെങ്കില്‍ സോറി..
ReplyDeleteqw_er_ty
അയ്യേ മൂര്‍ത്തി.. എല്ലാവരും എന്താ ഇത്ര സോഫ്റ്റ്? ഞാന്‍ ചിരിച്ചു പോയി സെന്‍ കഥ കണ്ടപ്പോള്‍..കുത്തെന്നു ഞാന്‍ വെറുതേ പറഞ്ഞതല്ലേ..
ReplyDeleteചിത്രം കണ്ടിരുന്നു. അതു കൊണ്ട് ഇതു വളരെ നന്നായി ഉള്‍ക്കൊള്ളാനായി. ഈ പറഞ്ഞതിനോട് യോജിയ്ക്കുന്നു.
ReplyDelete:)
ചിത്രം ഞാനും കണ്ടിരുന്നു.മേല്‍പ്പറഞ്ഞ ചിന്താഗതി എന്നെയും സ്പര്‍ശിച്ചിരുന്നു.പക്ഷെ അവസാനം ബാലന്‍ എന്ന കരുത്തുറ്റ(ഒരര്‍ത്ഥത്തില്‍) കഥാപാത്രം അശോക് എന്ന സങ്കല്‍പ്പത്തിനും മുന്നില്‍ തോറ്റ് പോകുന്നത് പോലെ തോന്നി.അങ്ങനെ ഒരു അന്ത്യം തന്നെ നമ്മെ ഇരുത്തി ചിന്തിപ്പിക്കാനായിരിക്കാം (ടി വി ചന്ദ്രന്റെ കഥാവശേഷനില്‍ ഉണ്ടായിരുന്നത് പോലെ).
ReplyDeleteഅവസാനത്തെ സീനില്‍ തന്നെ ബാക്കി കഥയുടെ നല്ലൊരു സൂചന കിട്ടുന്നുണ്ട്.
ബാലനെ എടുത്ത് പോക്കുന്ന ജനം,ഭാര്യ പറയുന്ന ഒരു ചെറിയ ഡയലോഗ്,കുട്ടികളുടെ സന്തോഷം,എല്ലാത്തിന്റെയും നടുവിലകപ്പെട്ട ബാലന്റെ മുഖത്തെ പരിഭ്രമം എല്ലാം കൂടിയൊന്ന് ചേര്‍ത്ത് വായിച്ച് നോക്കു
ഒരു ശരാശരി സ്വതന്ത്രനായ മനുഷ്യന്റെ കീഴടങ്ങള്‍ കാണാം
അഭിനന്ദനങ്ങള്‍
ReplyDeleteശ്രീ, ദ്രൌപദീ നന്ദി. ദീപു അയാള്‍ കീഴടങ്ങുകയാണെന്നത് ശ്രദ്ധിച്ചില്ല.. അതു കൊള്ളാം ആ കാഴ്ച.
ReplyDeleteവൈകി ഇതുകാണാന്‍.രണ്ടുദിവസം മുന്‍പാണീ സിനിമകണ്ടതു.കണ്ടുകൊണ്ടിരിയ്ക്കുമ്പോള്‍,
ReplyDeleteഎവിടെയൊക്കെയോ ‘പോര പോര’എന്നു തോന്നി.സംഭാഷണത്തിനു ശ്രീനിവാസന്റെ പതിവുമൂര്‍ച്ചയില്ലാതെ ഒരു മീഡിയോക്രിറ്റി തോന്നിച്ചു.
അവസാന രംഗം-സ്കൂളിലെ പ്രത്യേകിച്ചും-തൊണ്ടയില്‍ ഒരു പിടിത്തമുണ്ടാക്കി
എന്നതു മറയ്ക്കുന്നില്ല.:)(അതിന്റെ ക്രെഡിറ്റ് മമ്മൂട്ടിയ്ക്കു)
പിന്നെ വീട്ടില്‍ വന്നാലോചിച്ചപ്പോള്‍,കുറേക്കൂടി ഇഷ്ട്ടം തോന്നി-ഇന്നത്തെ ശരാശരി മലയാളസിനിമയുമായി താരതമ്യപ്പെടുത്തുമ്പോള്‍,നീറ്റായി എടുത്തിട്ടുണ്ടല്ലൊ എന്നൊക്കെ...
ശ്രീനിവാസന്റെ പാത്രസൃഷ്ട്ടി നന്നായി-നന്മയുടെയും മാന്യതയുടെയുമൊക്കെ
അംശങ്ങള്‍,അസ്വഭാവികത തോന്നാത്തവിധത്തില്, മുന്തിനില്‍ക്കുന്ന ഒരുമനുഷ്യനെ സിനിമയിലൊക്കെ കണ്ടകാലം മറന്നു.
മീനയുടെ മെയ്ക്കപ്പ് വല്ലാതെ കല്ലുകടിച്ചു.
പൊതുവെ,മലയാളസിനിമയുടെ ശനിദശാകാലമായതുകൊണ്ട്,
ഇങ്ങിനത്തെ വ്യതസ്ഥമായസിനിമകള്‍ വരുന്നതിലും ഓടി നല്ലൊരു ഹിറ്റായി എന്നതും, സന്തോഷം-
ഇതില്‍ക്കൂടുതലൊന്നും ചിന്തിച്ചില്ല എന്നുപറഞ്ഞുവരികയായിരുന്നു..
വെള്ളെഴുത്തിന്റെ ഈക്കുറിപ്പാണുപിന്നെ കൂടുതല്‍
ആലോചിപ്പിച്ചതു.
സിനിമകള്‍ പറയാതെ പറയുന്ന കഥകള്‍ക്കു
പ്രസക്തിയേറുമല്ലൊ.
നന്ദി വെള്ളെഴുത്തെ.