February 1, 2008
മഞ്ഞച്ചായം
ഒരു പട്ടണത്തില്‍ മഞ്ഞച്ചായം വില്‍ക്കുന്ന ഒരു വൈദ്യന്‍ ജീവിച്ചിരുന്നു. തല മുതല്‍ ഉപ്പൂറ്റി വരെ ആ ചായം തേയ്ക്കുന്ന ആളിന് അപകടങ്ങളില്‍ നിന്നും, പാപത്തിന്‍റ കെട്ടുപാടില്‍ നിന്നും, മരണഭയത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി രക്ഷപ്പെടാം എന്നൊരു പ്രത്യേകത അതിനുണ്ടായിരുന്നു. വൈദ്യന്‍ അക്കാര്യം തന്‍റ പരസ്യക്കുറിപ്പില്‍ പ്രത്യേകമെഴുതിയിരുന്ന കാരണം പട്ടണത്തില്‍ എല്ലാവരും അതിനെക്കുറിച്ചുമാത്രം സംസാരിച്ചു. ശരീരത്തില്‍ കൃത്യമായി അതു പൂശുക എന്നതിനേക്കാള്‍ വലിയ മറ്റൊരത്യാവശ്യവും ആളുകള്‍ക്ക് ഇല്ലാതായി. മറ്റുള്ളവരെ ചായം പൂശിയവരായി കാണുക എന്നതായിത്തീര്‍ന്നു അവരുടെ വലിയ സന്തോഷം.
നല്ല കുടുംബത്തില്‍ ജനിച്ചവനെങ്കിലും ലക്ഷ്യമില്ലാത്ത ജീവിതം നയിക്കുന്ന, യുവത്വത്തിലേയ്ക്കു കാലൂന്നിയ ഒരുത്തന്‍ അതേ പട്ടണത്തിലുണ്ടായിരുന്നു. അവന് ചായത്തോടു പ്രത്യേക മതിപ്പൊന്നും തോന്നിയിരുന്നില്ല.
“നാളെ വളരെ അടുത്തായിപ്പോയി. മറ്റന്നാളാവട്ടെ...” അവന്‍ സ്വയം പറഞ്ഞു. പിറ്റേന്നും അതിന്‍റ പിറ്റേന്നും അവന്‍ അതു തന്നെ പറഞ്ഞുക്കൊണ്ടിരുന്നു. അവന്‍ ആ ആത്മഗതവും അലസതയും മരണം വരെ തുടരുമായിരുന്നു. പക്ഷേ അവന്‍റെ അതേ പ്രായവും പെരുമാറ്റ രീതികളുമുള്ള, ഒരു തുള്ളിപോലും ചായം ശരീരത്തില് പുരട്ടാതെ നടന്ന, അവന്‍റെ സുഹൃത്ത് പൊതുനിരത്തിലെ നടത്തത്തിനിടയ്ക്ക്, വെള്ളം കൊണ്ടു വരുന്ന വണ്ടിയിടിച്ച് പരലോകം പൂകി. ഇതു മറ്റേയാളിന്‍റ ആത്മാവിനെ വല്ലാതെ പിടിച്ചുകുലുക്കി. അതോടെ തന്‍റെ ശരീരത്തില്‍ ചായം തേയ്ക്കാന്‍ വെറും തീരുമാനമല്ല, ദൃഢമായ നിശ്ചയം തന്നെ അവന്‍ എടുത്തു. അന്നു വൈകുന്നേരം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍, സംഗീതത്തിന്‍റ മന്ദ്രമായ ലയഭംഗിയില്‍, ഉറക്കെ വിങ്ങിക്കരഞ്ഞുകൊണ്ട് അവന്‍ ശരീരത്തില്‍ ഒന്നിനു പുറകെ ഒന്നായി മൂന്നുപ്രാവശ്യം ചായം തേച്ച്, മുകളില്‍ വാര്‍ണിഷ് ഇട്ടു. വൈദ്യന്‍ (അയാളും കണ്ണീരണിഞ്ഞിരുന്നു) ഇത്രമാത്രം പരിപൂര്‍ണ്ണമായി ഈ പണി താനൊരിക്കലുംചെയ്തിട്ടില്ല എന്നു പിന്നീട് ഏറ്റു പറഞ്ഞു.
ഏകദേശം രണ്ടു മാസങ്ങള്‍ക്കു ശേഷം ഒരു സ്റ്റ്റെച്ചറില്‍ കിടത്തിയ നിലയില്‍ അവനെ വൈദ്യന്‍റ അടുക്കലേയ്ക്കു കൊണ്ടു വന്നു. “എന്താണ് ഇതിന്‍റയൊക്കെ അര്‍ത്ഥം?” മുറിതുറന്നയുടന്‍ അവന്‍ ഉറക്കെ ചോദിച്ചു. “ജീവിതത്തിലെ എല്ലാ അപകടങ്ങളില്‍ നിന്നും ഞാന്‍ മുക്തനാണെന്നാണ് വയ്പ്പ്. ഇവിടെ ഇതാ ഞാന്‍ പഴയ അതേ വെള്ളം വണ്ടി ഇടിച്ച് തരിപ്പണമായിരിക്കുന്നു. എന്‍റെ കാലൊടിഞ്ഞു !”
“കഷ്ടമായിപ്പോയി !” വൈദ്യന്‍ മൊഴിഞ്ഞു. “ എങ്കിലും എന്‍റെ ചായം പ്രവര്‍ത്തിക്കുന്ന രീതി ഞാനിപ്പോള്‍ നിനക്ക് വിശദീകരിച്ചു തരേണ്ടതാണെന്നു തോന്നുന്നു. എല്ലു പൊട്ടുക... അത് ഏറ്റവും മോശപ്പെട്ട അവസ്ഥയാണ്, എങ്കിലും ഏറ്റവും നിസ്സാരമായ കാര്യവുമാണ്. സുഹൃത്തേ, എന്‍റെ ചായത്തിന് ഒന്നും ചെയ്യാനാകാത്ത വിഭാഗത്തില്‍പ്പെട്ട ഒരു അപകടമുണ്ട്. അതാണ് പാപം! പാപമാണ് ബുദ്ധിയുള്ള മനുഷ്യനെ പിടികൂടിയിരിക്കുന്ന ഏറ്റവും വലിയ ആപത്ത്. അതിനെതിരെയാണ് ഞാന്‍ നിന്നെ സജ്ജനാക്കിയത്. നീ പ്രലോഭിതനായപ്പോള്‍, ആ പാപത്തിനെതിരെ എന്‍റെ ചായം നിനക്കു മുന്നറിയിപ്പു നല്‍കി.”
“എനിക്കതറിയില്ലായിരുന്നു..” യുവാവ് സങ്കോചത്തോടെ പറഞ്ഞു. “ വിഷമമുണ്ടെങ്കിലും, ഇതെല്ലാം നല്ലതിനാണെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ ഒരു സംശയവുമില്ല. ഒടിഞ്ഞ എന്‍റെ ഈ കാല്‍ ശരിയാക്കിത്തന്നാല്‍ താങ്കളോട് എനിക്കു കൂടുതല്‍ കടപ്പാടുണ്ടാവും.”
‘അതെന്‍റെ വിഷയം അല്ല.” വൈദ്യന്‍ പറഞ്ഞു. “നിന്നെ താങ്ങിക്കൊണ്ടു വന്നവര്‍ തെരുവിന്‍റെ മറ്റേയറ്റം വരെ പോകാന്‍ തയ്യാറാണെങ്കില്‍ അവിടെ ഒരു ശസ്ത്രക്രിയാ വിദഗ്ദനുണ്ട്. അയാള്‍ക്ക് നിന്‍റെ കാല്‍ എളുപ്പം നേരെയാക്കിത്തരാന്‍ കഴിയും.”
മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം യുവാവ് ഓടിക്കിതച്ച് വൈദ്യന്‍റെ അടുക്കലെത്തി. അയാള്‍ തീര്‍ത്തും പരിഭ്രാന്തനായിരുന്നു. “എന്താണ് ഇതിന്‍റെയൊക്കെ അര്‍ത്ഥം?” അവന്‍ നിലവിളിച്ചു. “ഞാന്‍ ഇവിടെ വച്ച് എല്ലാ പാപങ്ങളില്‍ നിന്നും മുക്തനായതാണ്. പക്ഷേ അതേ ഞാന്‍ കൊലയും കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരിക്കുന്നു !” അയാല്‍ നിന്നു കിതച്ചു.
“ഉം.....പ്രശ്നം ഗൌരവമുള്ളതാണ്.” വൈദ്യന്‍ പറഞ്ഞു. “വേഗം നിന്‍റെ വസ്ത്രങ്ങള്‍ മാറ്റുക.” അയാള്‍, അവനെ തല മുതല്‍ കാലു വരെ സസൂക്ഷ്മം പരിശോധിച്ചു. “ഭാഗ്യം!” ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടുകൊണ്ട് വൈദ്യന്‍ ആശ്വസിപ്പിച്ചു. “സന്തോഷവാനായിരിക്കുക .. ലവലേശം ചായം എങ്ങും ഇളകിപ്പോയിട്ടില്ല. നിന്‍റെ ശരീരത്തിലെ ചായം പുതിയതു പോലെ തന്നെയുണ്ട്.”
“ഈശ്വരാ...” അവന്‍ കരയും പോലെയായി. “ പക്ഷേ അതുകൊണ്ടെന്താണ് പ്രയോജനം?”
“എന്താണൊന്നോ?” വൈദ്യന്‍ നെറ്റിചുളിച്ചു. “ ഉം.......എന്‍റെ ചായത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവം ഞാന്‍ നിനക്കു വിശദീകരിച്ചു തരേണ്ടതുണ്ടെന്നു തോന്നുന്നു. സത്യത്തില്‍ പാപത്തെ ചെറുക്കുകയല്ല ചായം ചെയ്യുന്നത്. പകരം പാപത്തിന്‍റെ ഫലമായ, വേദന നിറഞ്ഞ അനുഭവങ്ങളെ മയപ്പെടുത്തുകയാണ്. ഈ ലോകത്തിലും അതെ. പരലോകത്തിലും അതെ. ജീവിതത്തിന് എതിരായി ഉള്ളതല്ല ഇത് . ചുരുക്കത്തില്‍, മരണത്തിനെതിരെയാണ് ഞാന്‍ നിന്നെ സജ്ജനാക്കിയത്. നീ മരണത്തോടടുത്തപ്പോള്‍ നിനക്ക് എന്‍റെ ചായം മുന്നറിയിപ്പ് നല്‍കി.“
“എനിക്കതറിയില്ലായിരുന്നു.” യുവാവ് പറഞ്ഞു. “ഞാനിപ്പോള്‍ അല്പം കൂടി വിഷാദവാനാണ്. എങ്കിലും നിഷ്കളങ്കരായ ആളുകള്‍ക്കെതിരെ ഞാന്‍ ചെയ്ത പാതകങ്ങള്‍ അകറ്റാന്‍ താങ്കള്‍ എന്നെ സഹായിച്ചാല്‍ തീര്‍ച്ചയായും എനിക്കു കൂടുതല്‍ കടപ്പാട് അങ്ങയോടുണ്ടാകും.”
“അതെന്‍റെ ജോലിയല്ല.” വൈദ്യന്‍ അറിയിച്ചു. “ തെരുവിന്‍റ മറ്റേയറ്റത്തുള്ള പോലീസു് സ്റ്റേഷനില്‍ ചെന്നാല്‍ നിനക്കാവശ്യമായ പരിഹാരവും മനസ്സമാധാനവും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
ആറാഴ്ചകള്‍ക്കു ശേഷം വൈദ്യന് പട്ടണത്തിലെ ജയിലിലേയ്ക്ക് പോകേണ്ടിവന്നു.
“എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?” അയാളെ കണ്ടപാടെ പഴയ യുവാവ് ചോദിച്ചു. “നിങ്ങളുടെ ചായം അക്ഷരാര്‍ത്ഥത്തില്‍ എന്നെ മൊരിച്ചിരിക്കുകയാണ്. എന്‍റെ കാലൊടിഞ്ഞു, ചെയ്യരുതാത്ത, എല്ലാ തെറ്റുകളും ചെയ്തു. നാളെ എന്നെ തൂക്കിക്കൊല്ലാന്‍ പോകുകയാണ്. എനിക്കു പറയാനുള്ളതൊക്കെ പറയാന്‍ വാക്കുകള്‍ക്കു കഴിയുമോ എന്ന ഭയത്തിലുമാണ് ഞാന്‍.”
“സ്നേഹിതാ...” വൈദ്യന്‍ വിളിച്ചു. “ആശ്ചര്യം നിറഞ്ഞതാണ് നിന്‍റെ കഥ. ഒരു പക്ഷേ, നീ ശരീരത്തില്‍ ചായം പൂശിയില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇതിലും വഷളായേനേ....”
സ്കോട്ടിഷ് കവിയും എഴുത്തുകാരനും സഞ്ചാരിയുമൊക്കെയായ റോബെര്‍ട്ട് ലൂയിസ് സ്റ്റീവെന്‍സണ്‍ (1850-1894)-ന്റെ The Yellow Paint എന്ന കഥയുടെ വിവര്‍ത്തനം.
കഥയ്ക്കു നന്ദി വെള്ളെഴുത്തേ, ആര്‍.എല്‍. സ്റ്റീവന്‍സന്റെ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളേ മുന്‍പ് വായിച്ചിരുന്നുള്ളൂ.
ReplyDeleteIt is a nice and interesting story...thanks a lot...I expect more such things from you... thanks again...
ReplyDeleteമൂന്നാമിടത്തിലോ മറ്റോ ആണോ എന്തോ ഞാനീ വിവര്‍ത്തന കഥ നേരത്തേ വായിച്ചിട്ടുണ്ട്.
ReplyDeleteഇപ്പോള്‍ ലിങ്ക് നോക്കിയിട്ടു കിട്ടുന്നില്ല.
(നല്ല കഥ)
സിമി, ശിവകുമാര്‍.. :) ജ്യോനവന്‍ ഊഹിച്ചതു ശരി തന്നെമൂന്നാമിടത്തില്‍ പക്ഷേ കുറച്ചുമാറ്റങ്ങള്‍ വരുത്തി. മൂന്നാമിടം നിന്നു പോയി, അതുകൊണ്ടാണ് വീണ്ടും ഇവിടെ എടുത്തിട്ടത്
ReplyDeleteഊഹം ശരിവച്ചതിനു നന്ദി.
ReplyDeleteവളരെ നന്ദി :)
ReplyDelete