December 20, 2007

എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല

തനിക്ക് ഒരു കാര്യം അറിയില്ല എന്നോ മനസ്സിലായില്ല എന്നോ തുറന്നു സമ്മതിക്കുന്നത് വിനയത്തിന്റെ ലക്ഷണമാണെന്നോ ഒരു മാന്യതയാണെന്നോ ഒരു വിശ്വാസം പരമ്പരാഗതമായി നമ്മെ ഭരിച്ചു വരുന്നുണ്ട്. പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞ കുട്ടികളോട് അച്ഛനമ്മമാരുടെ ഉപദേശം ‘അറിഞ്ഞൂടാത്ത കാര്യം സാറിനോട് നിനക്ക് തുറന്നു പറഞ്ഞാലെന്താ’ എന്നാണ്. കുട്ടികളാവുമ്പോള്‍ തങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞുകൂടായെന്നു സമ്മതിക്കണം എന്ന് മുതിര്‍ന്ന സമൂഹത്തിനു വാശിയുണ്ട്. എന്നാലേ അവരെ ഉപദേശിച്ച് തങ്ങള്‍ പാകപ്പെട്ട ഒരു മൂശയില്‍ അവരെയും വളച്ചൊടിച്ച് കയറ്റി തങ്കക്കമ്പികളാക്കി വാര്‍ത്തെടുക്കാന്‍ പറ്റൂ. ഏതുപദേശത്തിനുമുള്ള കാണാപ്പുറം ഇതാണ്. കുട്ടികളുടെ ഈ വിനയം തന്നെയാണൊ മുതിര്‍ന്നു പാകമായി മൂപ്പെത്തിയതിനുശേഷവും ‘എനിക്കതു മനസിലായില്ല’ എന്നു പറയുന്ന ഒരാളിന്റെ വാക്കുകള്‍ക്കു പിന്നിലുള്ളത്?

ആവാന്‍ തരമില്ല. ‘എനിക്ക് അക്കാര്യം അറിഞ്ഞുകൂടാ‘ എന്ന് വേദികളിലും അഭിമുഖങ്ങളിലും പലപ്പോഴും തുറന്നു സമ്മതിച്ചയാളാണ് ഇ എം എസ്സ്. അദ്ദേഹത്തിന്റെ ഈ ആധികാരികമായ അജ്ഞതയെപ്പറ്റി ടി ടി ശ്രീകുമാര്‍ ഒരു ലേഖനമെഴുതിയിട്ടുണ്ട് (പച്ചക്കുതിരയുടെ ഇ എം എസ് പതിപ്പ്). ദീര്‍ഘവീക്ഷണവും കുശാഗ്രബുദ്ധിയും ലാളിത്യവും ഒരു പോലെ ജീവിതത്തില്‍ വച്ചു പുലര്‍ത്തിയിരുന്ന സര്‍വസമ്മതനായ വ്യക്തി, തന്റെ ചില മേഖലയിലുള്ള തന്റെ അജ്ഞതയെ വെളിവാക്കുന്നത് ഒരു ‘പ്രതീകാത്മക മൂലധനം‘ നേടിയെടുക്കലാണ്. കുറേ ഘടകങ്ങള്‍ ഇതില്‍ ഒന്നുച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തുറന്ന് സമ്മതിക്കുന്നതിലെ വിനയമാണ് ഒന്നാമത്തേത്. അറിവുണ്ട് എന്നു പരക്കെ സമ്മതനായ ആളാണ് ഇതു പറയുന്നത്. അത് അദ്ദേഹം (വിനയമോ മറ്റോ വച്ച്) വെറുതേ പറഞ്ഞതായിരിക്കാണു സാദ്ധ്യത എന്ന പൊതുബോധം നല്‍കുന്ന ആനുകൂല്യമാണ് രണ്ടാമത്തേത്. കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍ മേക്കപ്പൊന്നുമില്ലാതെ, ഷേവു ചെയ്യാത്ത മുഖവുമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും വിലകുറഞ്ഞ പരുക്കന്‍ ഖദര്‍ ധരിച്ച് സമ്പന്നന്‍ സാമൂഹികമായ ഇടപെടലുകള്‍ നടത്തുമ്പോഴും കവി (എഴുത്തുകാരന്‍) രചന ശരിയാക്കാന്‍ ജീവിതത്തെ തെറ്റിക്കുമ്പോഴും ഇതേ മൂലധനം തന്നെയാണ് ജനസമ്മിതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. രജനീകാന്തിന്റെ ലാളിത്യവും അയ്യപ്പന്റെ അരാജകത്വവും അവരുടെ പ്രശസ്തിയ്ക്ക് അതിശക്തമായ അടിത്തറയാണ് നല്‍കുന്നതെന്നു കാണാം. ബുദ്ധിജീവികളെക്കുറിച്ച് പുസ്തകമെഴുതിയ പോള്‍ ജോണ്‍സനെ ഒരു പത്രപ്രവര്‍ത്തകന്‍ കാണാന്‍ പോയ കഥ ‘ഈ നൂറ്റാണ്ടിലെ സമാഹരിക്കപ്പെട്ട മികച്ച അഭിമുഖങ്ങള്‍‘ എന്ന പുസ്തകത്തിലുണ്ട്. ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരമില്ല. ‘അത്.. അപ്പോള്‍.. ..’ തുടങ്ങിയ സര്‍വനാമങ്ങള്‍ക്കു ശേഷം നീണ്ട മൌനം, നെടുവീര്‍പ്പ്, അര്‍ദ്ധവിരാമങ്ങള്‍, വിരാമങ്ങള്‍. എഴുതിവച്ചകാര്യങ്ങളില്‍ പോലും തികഞ്ഞ അജ്ഞത ഞാനെന്തു പറയാന്‍ എന്ന മട്ട്. അതോ മറ്റെന്തെങ്കിലുമോ...അതും മികച്ച അഭിമുഖമായി!

പ്രശസ്തരുടെ കഥയങ്ങനെ. നിത്യജീവിതത്തില്‍ നാം കണ്ടു മുട്ടുന്ന അനേകങ്ങള്‍, പ്രശസ്തരുടെ ചുവടുപിടിച്ചാണോ എന്നു വ്യക്തമല്ല, ഇപ്രകാരം ആധികാരികമായ അജ്ഞതാപ്രകടനം നടത്താറുണ്ട്. ഗള്‍ഫില്‍ പല അവാര്‍ഡുദാനച്ചടങ്ങുകളിലും മുഴങ്ങികേട്ടിട്ടുള്ള വചനഘോഷണമാണത്. നിലമ്പേരൂരാണോ, വി മധുസൂദനനാണോ മുഖ്യാതിഥി എന്നറിയാതെ രണ്ടു പേരുകളും വച്ച് അമ്മാനക്കളി കളിച്ചിട്ട് ഒടുവില്‍ അദ്ധ്യക്ഷന്‍ സമ്മതിച്ചു. “ഞാനീ പുസ്തകങ്ങളൊന്നും കണ്ടിട്ടില്ലാ...” ടി പദ്മനാഭന്‍ ഇരിക്കുന്ന വേദിയില്‍ കയറി നിന്ന് ‘ഞാനിദ്ദേഹത്തിന്റെ കഥകളൊന്നും വായിച്ചിട്ടില്ല എന്നു പറഞ്ഞാണ്‘ മുന്‍പ് ഒരാള്‍ പ്രസംഗം തുടങ്ങിയത്. ‘സക്കറിയയുടെ കൃതികളില്‍ അശ്ലീലം കൂടുതലാണെന്നു കേട്ടു.. അതൊന്നു കുറയ്ക്കണം‘ എന്ന് വേദിയിലിരിക്കുന്ന സക്കറിയയോട് ഒരു പ്രസംഗകന്റെ ആത്മാര്‍ത്ഥമായ നിര്‍ദ്ദേശം. അവാര്‍ഡുകൊടുത്തതിനു ശേഷം മാത്രം ആ പുസ്തകം വായിക്കുക എന്ന പതിവു വര്‍ഷാവര്‍ഷം അരങ്ങേറാറുണ്ട്. (പ്രധാനമായി ഗള്‍ഫില്‍ !) അവാര്‍ഡുലഭിക്കുന്നവ്യക്തിയായിരിക്കും (ആവശ്യപ്പെട്ട പ്രകാരം) പത്തോ പതിനഞ്ചോ കോപ്പി കൊണ്ടുവന്നു സംഘാടകര്‍ക്ക് കൊടുക്കുന്നത്. ഇവരെയൊക്കെ അറിഞ്ഞും മലയാളത്തിലിറങ്ങുന്ന പുസ്തകങ്ങളൊക്കെയും വായിച്ചുമേ പറ്റുകയുള്ളൂ എന്നല്ല പറഞ്ഞത്. അതൊക്കെ സ്വന്തം ഇഷ്ടം. പക്ഷേ അറിഞ്ഞുകൂടെന്ന കാര്യം മൈക്കു വച്ചു കെട്ടി പറയണോ എന്നതാണ് ചോദ്യം. അറിഞ്ഞുകൂടെന്ന അറിവ് സത്യസന്ധമാണെങ്കില്‍ അറിയാനായി എന്തുചെയ്യണമെന്നല്ലേ ആലോചിക്കേണ്ടത്. മനസിലായില്ല എന്നെഴുതിവയ്ക്കാന്‍ എന്തെങ്കിലും ആലോചന വേണോ? തനിക്ക് ആലോചനയില്ലെന്ന കാര്യം അങ്ങനെ വിളംബരപ്പെടുത്താനുള്ളതാണോ എന്നാലോചിക്കേണ്ടതല്ലേ? ധാരാളം ‘മനസിലായില്ലകള്‍’ ‘ഫ്ലഷ് ചെയ്തിട്ടും പോകാത്ത സിഗററ്റുകുറ്റികള്‍ പോലെ‘ ബ്ലോഗുകളില്‍ കമന്റുകളായി പൊങ്ങിക്കിടക്കുന്നതു കണ്ടിട്ടുണ്ട്. കൂടുതലും കവിതാബ്ലോഗുകളില്‍. ഈ അജ്ഞത ഒരു പ്രതീകാത്മക മൂലധനത്തെയും അവയുടെ കര്‍ത്താക്കള്‍ക്ക് നിര്‍മ്മിച്ചു കൊടുക്കുന്നില്ല. എന്നിട്ടും എന്തു കൊണ്ട് അവയുടെ വലിപ്പം വലുതായിക്കൊണ്ടിരിക്കുന്നു? എനിക്കു തോന്നുന്ന ചില കാരണങ്ങള്‍ ഇവയാണ് 1) സഹജീവിയുടെ ശബ്ദം സംഗീതമായി തോന്നാത്തത്..ഇവനെ/ഇവളെ ഗൌരവമായി കണക്കിലെടുക്കേണ്ടതില്ല എന്ന് മനസ്സില്‍ ആരോ മന്ത്രിക്കുന്നു.. 2) സ്വന്തം നിലപാടു തറയില്‍ നിന്ന് ഇനി ആരു വിളിച്ചാലും താഴേയ്ക്കിറങ്ങുന്ന പ്രശ്നമില്ല എന്ന അതിശക്തമായ മുന്‍‌ധാരണ. 3) താന്‍പോരിമ 4) സ്ഥാപനവത്കരിക്കപ്പെട്ടതിനിട്ടൊന്നു കൊട്ടാനുള്ള ആഗ്രഹം, കാരണമറിയാതെയുള്ള ഒരു നിഷേധത്വം

സത്യസന്ധതയുടെ ഒരംശം ഇതിനില്ലേ എന്നൊരു സംശയം വരാം. തനിക്കറിഞ്ഞുകൂടാത്തതു തന്നെയാണ് അറിഞ്ഞുകൂടായെന്നു പറയുന്നത് എന്നു വന്നാലോ? അല്ലെങ്കില്‍ ഒരു മുന്‍‌കൂര്‍ ജാമ്യം? അങ്ങനെയുമാകാം. എന്നാല്‍ ശരിയായ അജ്ഞത, പൊതുവായി പരസ്യപ്പെടുത്താന്‍ അഭിമാനബോധമുള്ള ഒരു മനസ്സ് സമ്മതിക്കില്ല. അപ്പോള്‍ സങ്കീര്‍ണ്ണമായ ഒരു മാനസികപ്രവര്‍ത്തനമാണ് പരസ്യപ്പെടുത്താന്‍ വെമ്പുന്ന അജ്ഞത. സ്റ്റേജിലോ, അഭിമുഖത്തിലോ പ്രശസ്തനായ ഒരു വ്യക്തിയുടെ അതേ മാനസികപശ്ചാത്തലത്തിലല്ല ബ്ലോഗുപോലെയുള്ള സ്ഥലങ്ങളില്‍ ഇതു പ്രവര്‍ത്തിക്കുന്നത്. ‘മനസിലായില്ല’ എന്ന പ്രയോഗം ഒരു പുറംകാലുകൊണ്ടുള്ള തട്ടാണ്. അറിയാനും അറിയിക്കാനുമുള്ള സംവാദത്തിന്റെ വേദിയിലെ സജ്ജീകരണങ്ങളെല്ലാം ആ തട്ടില്‍ വീണുടയും. മനസിലായില്ല എന്നെഴുതി വയ്ക്കുന്നതിനു പകരം ‘ഇങ്ങനെയല്ലേ ഉദ്ദേശിച്ചത് അല്ലെങ്കില്‍ അങ്ങനെയായാല്‍ എങ്ങനെയാണ് ശരിയാവുക‘ എന്നു ചോദിക്കാന്‍ കഴിയാത്തവരല്ല, അവര്‍. പക്ഷേ അതിനു മനസ്സിലെ ആള്‍ത്തിരക്കുവിട്ട് ഒരല്പം ഏകാന്തനായി സഞ്ചരിക്കേണ്ടി വരും. ബ്ലോഗു തുടങ്ങാനുള്ള നാലാമത്തെ സ്റ്റെപ്പായി അത് നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്. അതോടൊപ്പം മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്കു വേണ്ടിയും സഞ്ചാരം ആവശ്യമാണെന്നു വരുമ്പോള്‍ പേശികള്‍ പിണങ്ങുന്നു. അതാണ് ‘മനസിലായില്ല’യുടെ യഥാര്‍ത്ഥവും അടിസ്ഥാനവുമായ കാരണം. മറ്റുള്ളവ വെറുതെ വെണ്‍ചാമരം പിടിച്ചു നില്‍ക്കുന്നു എന്നേയുള്ളൂ.
സാരമില്ല. മനുഷ്യന്‍ സാമൂഹികജീവിയല്ലേ, അപ്പം കൊണ്ടു മാത്രം ജീവിച്ചുപോകാന്‍ പറ്റുമോ?

അനു :
“വെള്ളെഴുത്തു പറഞ്ഞതു് എനിക്കു മനസ്സിലായില്ല....“

27 comments:

  1. എനിക്കു മന്‍സ്സിലാവാത്തതു മനസ്സിലായില്ലാ എന്നു തുറന്നു പറയാനും,അതിലൂടെ മനസ്സിലായവരില്‍ നിന്നും വല്ലതും മനസ്സിലാക്കികിട്ടുവാ‍ന്‍ വല്ല വഴിയുമുണ്ടോ എന്നു ആരായുന്നതിനും എനിക്കൊരു പടച്ചൊനെയും പേടിയില്ല.
    മനസ്സിലാകാതെ ,മനസ്സിലായി എന്നു മസ്സിലു പിടിക്കാനും,വിഡ്ഡിത്തം വിളിച്ചുപറഞ്ഞു ഇതു അതല്ലെ? ഇതു അങ്ങിനെയല്ലെ എന്നു കൊഞ്ഞനം കാണിക്കാനും അടിയനു പറ്റില്ല.അതു ബൂലൊഗത്തെ എതു ജന്മിയുടെ ബ്ലൊഗിലയാലും.അനുവാചകനു,അല്ലെങ്കില്‍ വായിക്കുന്നവനു,ആസ്വദിക്കാന്‍ വേണ്ടിതന്നെയണല്ലൊ ഈ കണ്ട സ്രുഷ്ട്ടികള്‍ ഒക്കെ പിറവി ക്കൊള്ളൂന്നതു. അതു കൊണ്ടു തന്നെ വായനയിലൂടെയും,പുനര്‍ വായനയിലൂടെയും,അതു സാധിതമാകുന്നില്ല എങ്കില്‍,അനുവാചകന്‍,അതു തുറന്നു പറയുകയും,അതിന്റെ കര്‍ത്താവില്‍ നിന്നും മനസ്സിലാക്കനുള്ള സഹായത്തിനായി അഭ്യര്‍ഥിക്കുന്നതിലും എന്തെങ്കിലും അനൌചിത്യം ഉള്ളതായി എനിക്കു തോന്നുന്നില്ല.
    ഇതില്‍ വിനയത്തിനും,അതിനുമപ്പുറത്തുള്ള മറ്റ് വ്യാഖ്യാനങ്ങള്‍ക്കും എന്താണ് പ്രസക്തി?
    മറിച്ചു തീര്‍ച്ചയായും,എഴുതിയ ആള്‍ക്കു,ആ സംശയം തീര്‍ത്തു കൊടുക്കാനുള്ള ബാധ്യത യുണ്ടു എന്നും വിശ്വസിക്കുന്നവനാണ് ഞാന്‍.അതു ചെയ്യത്തിടത്തൊളം,ആര്‍ക്കും,എന്തും എങ്ങിനെയും എഴുതി,മറ്റുള്ളവരെ പൊട്ടനാക്കലോ.
    അങ്ങിനെ പൊട്ടനാവാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണു ചങ്ങാതി അറിയാത്തതു അറിയില്ലാ എന്നു ഈ പാവം പിടിച്ചവന്‍ ഒന്നു രണ്ടിടത്തു “കൊട്ടിഘോഷിച്ചതു”.
    അതുകൊണ്ടു തന്നെയാണു ഈ പോസ്റ്റു വായിച്ചപ്പോള്‍ തന്നെ ഇങ്ങിനെ ഒരു മറുപടി പോസ്റ്റുന്നതു.(അല്ലാതെ കുമ്പളങ്ങ കട്ടവന്റെ തലയില്‍ നര എന്ന ചൊല്ലിന്റെ പൊരുളറിയിക്കാനല്ല.)
    ഒരിക്കല്‍ കൂടി,
    അതിവിനയത്തിനസ്വാരസ്യമതു
    മേതുമല്ലിതു,
    ശുദ്ധനമൊരുവനജ്ഞത
    മായ്ക്കാനുരചെയ്ത
    വാക്കെന്നറിയ നീ.
    നല്ലതു വരട്ടെ.
    സ്നേഹപൂര്‍വ്വം.രാജന്‍.വെങ്ങര.

    ReplyDelete
  2. പോസ്റ്റുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും:-

    ശരിക്കറിയാന്‍ വയ്യാത്തതോ ഒട്ടുമറിയാന്‍ വയ്യാത്തതോ മുഴുവനും അറിയാത്തതോ ആയ കാര്യങ്ങള്‍ ആധികാരികതയോടെ, കേള്‍ക്കുന്ന ആര്‍ക്കും യാതൊരു സംശയവും തോന്നാത്ത രീതിയില്‍, തിരിച്ചൊരു ചോദ്യം പോലും അങ്ങോട്ട് ചോദിക്കാനില്ലാത്തത്ര രിതിയില്‍ സംസാരിക്കുന്നത് കേട്ട് അത് അതുതന്നെയാണ്, അതുതന്നെയാണ് ശരി എന്നോര്‍ത്ത് കൊല്ലങ്ങളോളം ആ “അറിവ്”മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കി (പിന്നെ എന്റെ വായില്‍ നിന്ന് ഒന്നും ഒന്നും രണ്ടാണ് എന്ന് കേട്ട് ആണോ എന്നാരെങ്കിലും ഇങ്ങോട്ട് ചോദിച്ചാല്‍ അല്ലേ എന്ന് അങ്ങോട്ട് ചോദിക്കുന്ന രീതിയായതുകാരണം അത്രയ്ക്ക് പ്രശ്‌നമുണ്ടായിട്ടില്ല) കുളമായതുകാരണം എന്റെ റെസല്‍ ക്രോ ലൂസ്‌മോഷന്‍ അഥവാ റെസല്യൂഷന്‍ ഇക്കാര്യത്തില്‍ എന്താണെന്ന് ചോദിച്ചാല്‍:

    സ്വല്പമെങ്കിലും എനിക്ക് കണ്‍ഫ്യൂഷനുണ്ടെങ്കില്‍ കണ്‍ഫ്യൂഷനുണ്ട് എന്നോ മനസ്സിലായില്ലെങ്കില്‍ മനസ്സിലായില്ല എന്നോ തുറന്നങ്ങ് പറയാന്‍ ശ്രമിക്കുക. എന്തെങ്കിലും കാര്യം ആരോടെങ്കിലും പറയുകയാണെങ്കില്‍ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്, ഇതിങ്ങിനെതന്നെയാണോ എന്ന് നിങ്ങളും ഒന്ന് വെരിഫൈ ചെയ്തേക്കുക തുടങ്ങിയ മുന്‍‌കൂര്‍ ജാമൊക്കെ ബ്രഡ്ഡില്‍ പുരട്ടി ആദ്യമേ കൊടുത്തേക്കും. കൈയ്യുടെ അറ്റം വരെ പോയാല്‍ ഞാന്‍ പറയുന്നത് കണക്കിലെടുക്കുകയേ വേണ്ട, ചുമ്മാ ഒരു ബേസ് കിട്ടാനായി മാത്രം ഞാന്‍ പറയുന്നതിനെയെടുത്താല്‍ മതി, നിങ്ങള്‍ വേറേ എവിടെനിന്നെങ്കിലുമോ ആരോടെങ്കിലുമോ കണ്ടോ ചോദിച്ചോ ഒക്കെ അങ്ങ് മനസ്സിലാക്കിക്കോ എന്നും പറയാന്‍ നോക്കും.

    ആത്മവിശ്വാസക്കുറവ്, ഉത്തരവാദിത്തം എടുക്കാനുള്ള മടി/പേടി, ശരിയാണെന്ന് ആധികാരിച്ച് അവസാനം പൊട്ടത്തെറ്റാണെന്ന് വേറേ ആരെങ്കിലും കണ്ടുപിടിച്ചാല്‍ പോകുന്ന ഗ്ലാമര്‍ ഇതൊക്കെയാണ് ഈ ഒരു വികാരത്തിനു പിന്നില്‍.

    വെള്ളെഴുത്ത് പറഞ്ഞ- മനസ്സിലായില്ല എന്ന നിഷേധ രീതിയോട് യോജിക്കുന്നു. മനസ്സിലായില്ല എന്ന് പറയുന്നതിനോടൊപ്പം മനസ്സിലാക്കാന്‍ ശ്രമിക്കുകയും എവിടം വരെ മനസ്സിലായി എന്ന് അപ്‌ഡേറ്റ് ചെയ്യുകയും വേണം. വെറുതെയുള്ള മനസ്സിലാകാതിരിക്കല്‍ നിഷേധമാവാം ചിലപ്പോള്‍. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയുന്നതോക്കെ. പക്ഷേ അത് കഴിഞ്ഞ് നിര്‍ത്തരുത്. അതിനെപ്പറ്റി അറിയേണ്ടതാണെങ്കില്‍ അറിയാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ ആദ്യമേ തന്നെ പറയണം, എനിക്കറിയില്ല, അറിയാനൊട്ട് താത്പര്യവുമില്ല എന്ന്. അതോടെ ആ ചാപ്റ്റര്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട് റ്റീവി.

    അറിയാന്‍ വയ്യാത്ത കാര്യം അറിയില്ല എന്ന് പറയുന്നതാണോ അറിയാന്‍ വയ്യാത്തതിനെപ്പറ്റി ആധികാരിക ടോണില്‍ സംസാരിക്കുന്നതാണോ കൂടുതല്‍ ഭീകരമെന്ന് ചോദിച്ചാല്‍ രണ്ടാമത്തേതാണ് എന്നാണ് എന്റെ അഭിപ്രായം. അറിയാന്‍ വയ്യെങ്കില്‍ അറിയില്ല എന്ന് പറയുന്നതും ആ പറച്ചിലിന്റെ വിശകലനങ്ങളും ഏതാണ് വ്യക്തിപരമല്ലേ. പക്ഷേ ശരിക്കറിയാന്‍ വയ്യാത്ത ഒരു കാര്യം എല്ലാമറിയാം എന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ക്രോസ് ചെക്കിംഗിനൊക്കെ പോകാന്‍ നേരമില്ലാത്ത നല്ലൊരു ശതമാനം അതങ്ങ് വിശ്വസിക്കും. ഒരു അറിവ് സ്വീകരിക്കുന്നതിനു മുന്‍പ് അത് വെരിഫൈ ചെയ്യണമെന്നാണ് നിയമമെങ്കിലും ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് കള്‍ച്ചറില്‍ ആര്‍ക്ക് അതിനൊക്കെ സമയം... പലപ്പോഴും ദുരൈ മുരുകന്റെ അഭിമാനമാണ് അറിയില്ല എന്ന് സമ്മതിക്കാനുള്ള മടി എന്നാണ് എനിക്ക് തോന്നുന്നത്. ദുരൈയെ ദൂരെ മാറ്റി നിര്‍ത്തിയാല്‍ രക്ഷപെട്ടു. പിന്നെ അറിയാവുന്നവരെന്ന് നമ്മള്‍ കരുതുന്ന ആ ഗ്രൂപ്പിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ അറിയാവുന്നതുപോലൊക്കെ ഭാവിക്കണമല്ലോ എന്ന മത്തിയാബോധവും അറിയാവുന്നതിനെക്കാള്‍ കൂടുതല്‍ അറിയാത്തതാണ് എന്ന് സമ്മതിക്കാന്‍ സമ്മതിപ്പിക്കാതിരിക്കുന്നതിനു പിന്നിലുണ്ടെന്ന് തോന്നുന്നു.

    ബ്ലോഗിലാണെങ്കില്‍ ഒരാള്‍ മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ മനസ്സിലായില്ല. അയാള്‍ ഇതൊക്കെ മനസ്സിലാക്കാന്‍ പ്രാപ്തനാണോ എന്നൊക്കെ അന്വേഷിക്കാനും കണ്ടുപിടിക്കാനും അത്ര എളുപ്പമല്ലല്ലോ. അല്ലെങ്കില്‍ അയാളുടെ ബ്ലോഗ് ആക്റ്റിവിറ്റീസ് എല്ലാം നോക്കി അതിലും കോമ്പ്ലിക്കേറ്റഡായ (അത് പിന്നെയും ആപേക്ഷികസിദ്ധാന്തം) എന്തെങ്കിലും സംഗതിക്ക് അയാള്‍ വാഹ് വാഹ് പറഞ്ഞിട്ടുണ്ടോ എന്നൊക്കെ നോക്കിയൊക്കെ വേണം വിലയിരുത്താന്‍. അതൊക്കെ വലിയ പാടായതു കാരണം ആരെങ്കിലും മനസ്സിലായില്ല എന്നോ അറിയില്ല എന്നോ പറഞ്ഞാ‍ല്‍ അതങ്ങ് അംഗീകരിക്കുകയും നമുക്കറിയാവുന്ന രീതിയില്‍ അയാളെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുകയുമാണ് ഒന്നുകൂടി എളുപ്പവഴി എന്നും എന്റെ അഭിപ്രായം.

    പക്ഷേ ഒരു പുസ്തകപ്രകാശന ചടങ്ങിനു പോകുമ്പോള്‍, ആ ചടങ്ങിനെപ്പറ്റി മാസങ്ങള്‍ക്കു മുന്‍പേ അറിയുകയും ചെയ്യാമെങ്കില്‍, പ്രകാശിപ്പിക്കാന്‍ പോകുന്ന പുസ്തകത്തില്‍ ബ്രൈറ്റ് ലൈറ്റിന്റെ ടോര്‍ച്ചുവെച്ചല്ലെങ്കിലും ഒരു മെഴുകുതിരി കത്തിച്ചുവെച്ചെങ്കിലും സ്വല്പം പ്രകാശം പ്രകാശനത്തിനു മുന്‍പ് അടിപ്പിക്കുന്നതാണ് അതിന്റെയൊരു ശരി എന്നാണ് എന്റെ അഭിപ്രായം.

    (ഇത്രയും മുട്ടനാടായൊരോഫ് ക്രിസ്‌മസ് ഓഫ് തുടങ്ങിയ അന്ന് തന്നെ ഈ പോസ്റ്റില്‍ ഇട്ടതിന് വെള്ളെഴുത്ത് എന്നോട് ക്ഷമിക്കുമെന്ന് ഞാന്‍ ചുമ്മാ പ്രതീക്ഷിക്കുന്നു)

    പട്ടം താണുപിള്ളേ
    ചുമ്മാ താണുപിള്ളേ

    ReplyDelete
  3. ചിലകവിതകള്‍ കണ്ടാല്‍ അറിയാതെ പറഞ്ഞുപോകും മാഷേ... ആത്മാര്‍ത്ഥമായിട്ടു തന്നെ...

    അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച്/മനസ്സിലായില്ല എന്ന നടിക്കേണ്ട വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതികരിക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കാവുന്ന് ഭാഷാശൈലിക്ക് ഉദ്ദഹരണങ്ങള്‍:

    1. എം കെ ഹരികുമാര്‍ ബ്ലോഗ് കൃതികളെക്കുറിച്ച് പ്രതികരിക്കുന്ന ഭാഷ

    2. വക്കാരിമഷ്ടാ തനിക്ക് പ്രിയപ്പെട്ടവര്‍ ആരെങ്കിലും പൊട്ടത്തരം പോസ്റ്റ് ചെയ്താല്‍ അവിടെ അഭിപ്രായം പറയുന്ന ഭാഷ

    3. ലോ(ര്‍)ഡ് ഓഫ് ദ റിംഗ്സിലെ ബില്‍ബൊ ബാഗിന്‍സ് ജന്മദിനപ്രസംഗം നടത്തുന്ന ഭാഷ.

    ReplyDelete
  4. ഇതിനുവേണ്ടിയാണല്ലോ രാജാ, വക്കാരി, ഗുപ്താ ഞാന്‍ ഇങ്ങനെയൊരു പോസ്റ്റു പോസ്റ്റിയത്.. ഒന്നാലോചിച്ചു നോക്കിക്കേ ഇതും വായിച്ചിട്ട്, എനിക്കൊന്നും മനസിലായില്ലപ്പാ..എന്നും പറഞ്ഞു സ്വന്തം ശരീരഭാഗങ്ങളില്‍ എങ്ങാണ്ടൊക്കെയോ പൊടിയുണ്ടായിരുന്നെന്ന മട്ടില്‍ തട്ടി കളഞ്ഞൂമ്മച്ച് നിങ്ങള്‍ പോയിരുന്നെങ്കില്‍ എന്തു ബ്ലീച്ചായേനേ ഈ പാവം ഞാന്‍!!

    ReplyDelete
  5. മനസ്സിലാകാത്തത് എഴുതുന്നതാണ് സാഹിത്യമൊന്ന് ചില ബോഗ്ഗുകള്‍ വായിച്ചാല്‍ തോന്നിപ്പോകും.

    ReplyDelete
  6. കുറേക്കാര്യങ്ങളൊക്കെ എനിക്കും മനസ്സിലായി!:)

    ReplyDelete
  7. ബാജി, ആ “ചില ബ്ലോഗുകളുടെ“ പേരു പറ.. എന്നാലേ അടി വയ്ക്കാനൊക്കത്തൊള്ളൂ..
    ഗുപ്താ,
    വക്കാരിമഷ്ടാ തനിക്ക് പ്രിയപ്പെട്ടവര്‍ ആരെങ്കിലും പൊട്ടത്തരം പോസ്റ്റ് ചെയ്താല്‍ അവിടെ അഭിപ്രായം പറയുന്ന ഭാഷ
    -ഇത് എനിക്കിട്ടു താങ്ങിയതല്ലേ എന്നൊരു സംശയം.. വക്കാരി വളരെ വിശദമായിട്ട് തൊട്ടു മുന്‍പില്‍ ചിലതു പറഞ്ഞല്ലോ..
    വക്കാരിയെന്നെ പട്ടം താണുപിള്ള എന്നു വിളിക്കാന്‍ എന്താണു കാരണം? ?? ..
    പേരയ്ക്കേ.. ആകെ മൊത്തം നോക്കുമ്പോള്‍ കമന്റുകളുടെ കാര്യങ്ങള്‍ മനസിലാകാതെ പോകുന്ന ഒരാളിപ്പോള്‍ ഉറക്കം കളഞ്ഞിരിക്കുകയാണ് ...ഈ ഞാന്‍!!

    ReplyDelete
  8. ആ കമന്റിട്ടു കഴിഞ്ഞേ അങ്ങനെ ഒരു കുരുക്ക് മനസ്സിലായുള്ളൂ. ഈ പോസ്റ്റ് ലിസ്റ്റില്‍ ഇല്ലായിരുന്നു എന്ന് ചുരുക്കം....


    ബൈ ദ വേ ബില്‍ബോ ബാഗിന്‍സിന്റെ പ്രസംഗത്തിന്റെ ഒരു സാമ്പ്‌ള്‍

    I don't know half of you half as well as I should like; and I like less than half of you half as well as you deserve.

    ReplyDelete
  9. പോസ്റ്റിലെ രണ്ടാമത്ത പാരഗ്രാഫിലെ “അറിയില്ല”യും മൂന്നാമത്തേതിലെ “അറിയില്ല/വായിച്ചില്ല”യും ഒരു പോലെ കണക്കിലെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളല്ലേ?

    ഇ.എം.എസ്. അറിയില്ല എന്ന് പറഞ്ഞത് ചോദിച്ച സമയത്തെ കാര്യമായിരിക്കും. അതിനുശേഷം അദ്ദേഹം പഠിച്ചുകാണാം..സോറി..പഠിച്ചു കാണും. പാര നമ്പര്‍ മൂന്നിലെ പ്രാസംഗികര്‍ ആ തരക്കാരല്ല എന്തായാലും. രണ്ടും ചേര്‍ത്ത് വെക്കുമ്പോള്‍ എന്തോ പോലെ..ശരിക്കും അറിയാത്തതുകൊണ്ട് അറിയില്ല എന്നു പറയുന്നത് ഒരു തരം അഭിനയമാണെന്നു വെള്ളെഴുത്ത് പറയുന്നുണ്ടോ എന്നൊരു തോന്നല്‍.

    രജനീകാന്തിന്റെ കാര്യവും അതുപോലെ തന്നെയല്ലേ? “പാരുങ്കോ സിനിമാ വേറെ ജീവിതം വേറെ” എന്നു പറയുകയല്ലേ അദ്ദേഹം. അങ്ങിനെ ചെയ്യുന്നതല്ലേ അതിന്റെ ഒരു ശരി. അതോ ഇനി ഡൈ ഒക്കെ ചെയ്ത് വിഗ്ഗും വെച്ച് ചെറുപ്പക്കാരനായി പ്രത്യക്ഷപ്പെടുന്നതാണോ ശരി?

    രചന ശരിയാക്കുവാന്‍ ജീവിതത്തെ തെറ്റിക്കുകയായിരുന്നോ അയ്യപ്പന്‍? ജീവിതവും രചനയും ബന്ധമുള്ളതാവുമ്പോഴും നാം അത് വ്യഖ്യാനിച്ച് എന്തോ കുഴപ്പമുണ്ട് എന്ന് ആക്കണോ?

    അറിയാന്‍ വയ്യാത്ത കാര്യം അറിയില്ല എന്ന് പറയുന്നതാണോ അറിയാന്‍ വയ്യാത്തതിനെപ്പറ്റി ആധികാരിക ടോണില്‍ സംസാരിക്കുന്നതാണോ കൂടുതല്‍ ഭീകരമെന്ന് ചോദിച്ചാല്‍ രണ്ടാമത്തേതാണ് എന്നാണ് എന്റെ അഭിപ്രായം എന്ന വക്കാരിയന്‍ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ “ മനസ്സിലായില്ല” എന്ന് പറഞ്ഞ് രക്ഷപ്പെടുന്നതിനോടും എതിര്‍പ്പുണ്ട്...

    പക്ഷെ എല്ലാ “മനസിലായില്ല”യും ഒന്നല്ല എന്നു മാത്രം..

    ഇ.എം.എസ്റ്റിന്റെ കുശാഗ്ര ബുദ്ധിയെപ്പറ്റി എം.പി.നാരായണപിള്ള പറഞ്ഞത് ഒരു ഓഫ് ആയി കിടക്കട്ടെ..

    എന്തും രേഖകള്‍ ഉദ്ധരിച്ച് ആധികാരികമായി പറയുന്ന ആളായതു കൊണ്ട് ഇ.എം.എസ്സിനോട് പേരു ചോദിച്ചാല്‍ “ നില്‍ക്കൂ ഡയറി നോക്കിയിട്ട് പറയാം” എന്നു പറയുമത്രെ...

    ReplyDelete
  10. പാര 2-ലെയും 3-ലെയും ആള്‍ക്കാര്‍ക്ക് തമ്മില്‍ വ്യത്യാസമുണ്ടെന്നു തന്നെയല്ലേ പറഞ്ഞിരിക്കുന്നത്...?%^&* അയ്യപ്പന്റെയും രജനിയുടെയും ജനപ്രിയത നിലനിര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിക്കുന്ന ഘടകത്തെ പരാമര്‍ശിച്ചുപോയതാണ്.. പിന്നെ മൊത്തതില്‍ കൂട്ടുകാരേ, ഞാന്‍ കമന്റുകളെക്കുറിച്ചാണു പറഞ്ഞത്.. പോസ്റ്റുകളെപ്പറ്റിയല്ലാ‍ാ‍ാ‍ാ‍ാ....മനസ്സിലായില്ലെന്നു പറഞ്ഞ നടയടയ്ക്കുന്ന ആളോട് പോസ്റ്റിയ ആള്‍ മറുപടി പറയുമോ..തീര്‍ച്ചയായും ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്. പക്ഷേ ‘മനസിലായില്ല’ സംവാദ സാദ്ധ്യതയെ ഇല്ലാതാക്കും എന്നു തന്നെയല്ലേ ഈ പോസ്റ്റിന്റെ മൊത്തം ധ്വനി..? ഇപ്പോള്‍ കണ്‍ഫ്യൂഷനിലായതു ഞാനാണ്

    ReplyDelete
  11. %^&* എന്ന് വെള്ളെഴുത്ത് പറഞ്ഞത് തെറിയല്ലെന്നു വിചാരിക്കുന്നു..ആണെങ്കിലും കുഴപ്പമില്ല.:)

    പ്രശസ്തരുടെ കഥയങ്ങനെ. നിത്യജീവിതത്തില്‍ നാം കണ്ടു മുട്ടുന്ന അനേകങ്ങള്‍, പ്രശസ്തരുടെ ചുവടുപിടിച്ചാണോ എന്നു വ്യക്തമല്ല, ഇപ്രകാരം ആധികാരികമായ അജ്ഞതാപ്രകടനം നടത്താറുണ്ട്.

    ബോള്‍ഡാക്കിയ ഭാഗത്തോടാണ് എന്റെ വിയോജിപ്പ്. ആളുകള്‍ തമ്മില്‍ വ്യത്യാസമുണ്ട് എന്ന് പറഞ്ഞത് ശരി തന്നെ. പക്ഷെ അജ്ഞതാപ്രകടനം? രണ്ടും മൂന്നും പാരകളിലേത് ഒരേ പോലെ അല്ല. ഒരേ പോലെയാണോ എന്ന് എഴുത്ത് (പ്രകടനം എന്ന വാക്ക്)വായിച്ചാല്‍ തോന്നും.

    കൂട്ടത്തില്‍ രജനികാന്തും അയ്യപ്പനുമൊക്കെ വന്നപ്പോള്‍ ആളുകള്‍ക്ക് Straight ആവാനും വയ്യാതായില്ലേ എന്ന് തോന്നിപ്പോയി.

    ReplyDelete
  12. വെള്ളെഴുത്തേ,
    പോസ്റ്റു തന്നെ ഒരു ‘ഓഫ്’ ശൈലിയിലായതു കൊണ്ട് ഓഫ് കമന്റടിക്കുന്നതില്‍ വെള്ളെഴുത്തിനു വിരോധമില്ലെന്നു കരുതുന്നു..:)

    കാര്യം മനസ്സിലാവാതെ മനസ്സിലായി എന്ന മട്ടില്‍ ആധികാരികമായി പ്രസ്താവിക്കുന്നത് അരോചകമാണ് എന്നത് സമാന്യവിശ്വാസം. പക്ഷേ ചില സംശയങ്ങള്‍ :

    1. പ്രാസംഗികന്‍/ബ്ലോഗ്ഗര്‍ പറഞ്ഞ A-എന്ന കാര്യം മനസ്സിലാക്കാതെയാണ് എന്ന് പറയണമെങ്കില്‍, A-എന്ന കാര്യം നമുക്ക് മനസ്സിലായിട്ടുണ്ടാവണ്ടേ ?

    2.മനസ്സിലായി എന്നു പറയെപ്പെടുന്ന വസ്തുതകളുടെ സത്യാവസ്ഥ താരതമ്യപ്പെടുത്താന്‍ ഒരു നിഷ്പക്ഷവും absoluteഉമായ knowledge source വേണ്ടേ ?

    3. ഒരാള്‍ക്കു മനസ്സിലായെന്ന് അവകാശപ്പെടുന്ന കാര്യം മറ്റൊരുവനു മനസ്സിലാവാത്തത് അഭിപ്രായവ്യത്യാസത്തിന്റെ പുറത്താണെങ്കില്‍ പിന്നെ അതിന്മേല്‍ തര്‍ക്കിക്കാന്‍ എന്തു ന്യായം ?

    4. അഭിപ്രായങ്ങള്‍ പാസാക്കാനും, മുന്‍ ധാരണകളെ ഊട്ടിയുറപ്പിക്കാനും, കഴിയുമെങ്കില്‍ മറ്റുള്ളവരെക്കൊണ്ടു കൂടി അവയെ അംഗീകരിപ്പിക്കാനും മാത്രമുള്ള ഒരു മാധ്യമമാണ് എഴുത്ത് (അതു അച്ചടിയായാലും ബ്ലോഗിലായാലും) എന്നത് സാമാന്യ അനുഭവം. അങ്ങനെയുള്ളപ്പോള്‍ ബ്ലോഗില്‍ “മനസ്സിലായി”കളും “മനസ്സിലായില്ലാ”കളും വെറും അലങ്കാരവാക്കുകളല്ലേ ?

    5. തലച്ചോറിന്റെ ബയോളജി വച്ച് Absolute knowledge എന്നു നാം വിശ്വസിക്കുന്ന ചില sourceകളെ മുന്‍ നിര്‍ത്തിയാണ് മനുഷ്യന്‍ പരിസരവുമായി ഇടപെടുന്നത്. അപ്പോള്‍ ചില മുന്‍ കൂര്‍ ജാമ്യങ്ങളെടുക്കുന്നത് സ്വാഭാവികം മാത്രമല്ലേ ?

    തര്‍ക്കിക്കാനൊന്നുമല്ലാട്ടോ, വെറുതേ ഒന്നിട്ടു എന്നേയുള്ളൂ.:)

    ReplyDelete
  13. ഇതിപ്പോള്‍ കൊനഷ്ടാവുന്ന ലക്ഷണമായല്ലോ. വെള്ളെഴുത്തച്ചന്‍ ബ്ലോഗിലെ ഷാക് ദെറീദയായി മാറേണ്ടിവരും എന്ന് തോന്നുന്നു...


    അല്പം കൂടെ സിമ്പിള്‍ അല്ലേ സഗാക്കളേ (ശശിയോട് കട.) പ്രശ്നം?

    മനസ്സിലായില്ല എന്ന ചെറുകമന്റ് കൊണ്ട് ക്രിയാത്മകവായനയെ പ്രതിരോധിക്കുന്ന അലസമായ ശൈലിക്ക് ഒന്നു ചൊറിയാനേ ലേഖകന്‍ ഉദ്ദേശിച്ചുള്ളു എന്ന് എനിക്ക് തോന്നുന്നു. ആ കമന്റിന്റെ പിന്നില്‍ പലപ്പോഴും നിഷേധാത്മകമായ അലസതയോ കപടവിനയമോ ആണെന്നുള്ളത് സത്യമാണുതാനും.

    പ്രയോഗപരമായ ഈ ബ്ലോഗ്പ്രശ്നം മാത്രം മുന്‍ നിറുത്തി ഈ കുറിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൂടേ?

    (വെള്ളെഴുത്തിന്റെ രണ്ടാം കമന്റ് കണ്ടിട്ടാണ് ഈയുള്ളവന് ഈ ബോധോധയം ഉണ്ടായതെന്ന ക്ഷമാപണത്തോടെ...)

    ReplyDelete
  14. മൂര്‍ത്തീ.. സ്നേഹത്തോടെയാണെങ്കില്‍ പോലും തെറി വിളിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത്? ഓടയുടെ വക്കില്‍ തലയിടിച്ചു വീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലനക്ഷത്ര ചിഹ്നങ്ങള്‍ തലയ്ക്കുമുകളില്‍ മിന്നി മറയില്ലേ, അതോ അപ്പോള്‍ ഇതോ എന്ന മട്ടില്‍..അതാണു സംഭവം..ടി കെ സുജിത്ത് മനസ്സുവച്ചാല്‍ അതു മൂര്‍ത്തമാക്കാമായിരുന്നു...
    മനസ്സിലായില്ല എന്ന ചെറുകമന്റ് കൊണ്ട് ക്രിയാത്മകവായനയെ പ്രതിരോധിക്കുന്ന അലസമായ ശൈലിക്ക് ഒന്നു ചൊറിയാനേ ലേഖകന്‍ ഉദ്ദേശിച്ചുള്ളു..
    എന്റെ ഗുപ്താ മെനി മെനി താങ്ക്സ്..എന്നെ കൈപിടിച്ചുയര്‍ത്തി നിര്‍ത്തിയതിന്..
    സത്യത്തില്‍ ‘സഗാക്കളെ’ ഇതിനുവേണ്ടിയാണ്‍` ഈ പോസ്,റ്റ് ആദ്യമേ തുറന്നു പറഞ്ഞതു പോലെ. എനിക്കു തോന്നിയ കാര്യം മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്നറിയാനുള്ള ശ്രമം.അതുംകൂടിച്ചേരുമ്പോഴേ ഒരാശയം പൂര്‍ത്തിയാവൂ..ഇതാണ് എന്റെ ആലോചന അതുശരിയായോ.. എന്ന ചോദ്യമമാത്രമാണ് ഓരോ പോസ്റ്റും..പക്ഷേ പലപ്പോഴും വായനക്കാര്‍ സ്വന്തം ചിന്ത പങ്കുവയ്ക്കുക എന്ന ഭാഗം ഉപേക്ഷിക്കുന്നു. വക്കാരി പരഞ്ഞ കാതലായ ഒരു പ്രശ്നമുണ്ട്.. പോസ്റ്റില്‍ ഒരാള്‍ എഴുതിയിട്ട കാര്യങ്ങള്‍ സത്യമാണോ എന്നറിയാന്‍ കഴിയാതെ പോയാല്‍ ആ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കും മറ്റു പലരിലൂടെയും എന്ന്. ഞാന്‍ അത്തരമൊരു ജാഗ്രതയ്ക്കും കൂടിയാണ് അടിവരയിട്ടത്. പത്രാധിപന്‍ എന്ന അധികാരകേന്ദ്രമല്ല, വിവിധകേന്ദ്രങ്ങള്‍ തിരുത്താനുണ്ടാവുന്നു എന്നതാണ് വെബ് സാമൂഹികതയുടെ പ്രത്യേകത. അത് അനുഭവിച്ചറിഞ്ഞ ഒരാളുകൂടിയാണു ഞാന്‍. അതു നിലനിര്‍ത്തേണ്ടതാണെന്നും അതിനു അലസവായനയ്ക്കെതിരെ ഒരു പ്രതിരോധം ഉയര്‍ത്തേണ്ടതാണെന്നും പറയാമല്ലോ. ഒരു പ്രതികരനരീതി എന്ന നിലയ്ക്ക് കണക്കിലെടുത്താല്‍ മതി. രാജനും വക്കാരിയും ഗുപ്തനും മൂര്‍ത്തിയും സൂരജും ഒരു വീക്ഷണക്കോണ്‍ മാത്രമുണ്ടായിരുന്ന ഈ പോസ്റ്റിനു നല്‍കിയ മാനങ്ങളുണ്ട്..അതാണ്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. സൂരജ്.. ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് താങ്കള്‍ക്ക് തന്നെ അറിയാവുന്ന ഉത്തരങ്ങളുണ്ട്. അത് കുറച്ച് ആഴത്തിലേയ്ക്ക് പോകുമെന്നതിനാല്‍ കൂടുതല്‍ തത്ത്വചിന്താപരമാണെന്നതിനാല്‍ ‘അജ്ഞത’യെ ക്കുറിച്ച് മറ്റൊരു പോസ്റ്റ് ആവശ്യമാണെന്നു കരുതുന്നു. (ഇവിടെ, അല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്ന മറ്റാരുടെയെങ്കിലും ബ്ലോഗില്‍) ഒറ്റവാക്യങ്ങളിലുള്ള മറുപടിയേക്കാള്‍ എന്തുകൊണ്ടും അതാണ് ഉചിതം. അതു നമുക്ക് ആവശ്യമുണ്ട്.

    ReplyDelete
  15. പറഞ്ഞതില്‍ ചില കാര്യങ്ങള്‍ വാസ്തവം. ഞാന്‍ ഇതു് ഏറെ കണ്ടിട്ടുള്ളതു് ചെസ്സ് മത്സരങ്ങളുടെ സമ്മാനദാനച്ചടങ്ങിലാണു്. ഏതെങ്കിലും രാഷ്ട്രീയക്കാരനായിരിക്കും സമ്മാനദാതാവു്. ആദ്യമേ കക്ഷി പറയും, “എനിക്കു ചെസ്സുകളി അറിയില്ല...”. പിന്നെ ചെസ്സുമായി യാതൊരു ബന്ധവുമില്ലാത്ത എന്തെങ്കിലും പറഞ്ഞു് അര മണിക്കൂര്‍ നമ്മളെ ബോറടിപ്പിക്കും.

    പക്ഷേ ഇവിടെ അയാളെയല്ല, അയാളെ ഇതിനു വിളിച്ച സംഘാടകരെയാണു ചവിട്ടാന്‍ തോന്നുക. അയാള്‍ സത്യസന്ധമായി പറഞ്ഞു. അത്രമാത്രം. അറിയാമെന്നു നടിച്ചു് എന്തെങ്കിലും വിഡ്ഢിത്തം പരയുന്നതിലും ഭേദമല്ലേ?

    പിന്നെ, അനുബന്ധമായി ഉദ്ധരിച്ച “വെള്ളെഴുത്തു പറഞ്ഞതു് എനിക്കു മനസ്സിലായില്ല....“ എന്നതു് എന്റെ വാക്യമാണു്. ഞാന്‍ എഴുതിയ ഈ കമന്റിലെ അവസാനത്തെ വാക്യം. അതിവിടെ ഉദ്ധരിച്ചതില്‍ നിന്നു് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില പരാമര്‍ശങ്ങള്‍ എനിക്കു നേരെയാണെന്നു കരുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.

    ആ പോസ്റ്റില്‍ താങ്കളിട്ട കമന്റ് എനിക്കു മനസ്സിലായില്ല എന്നു പറഞ്ഞതു മനസ്സിലാകാത്തതു കൊണ്ടു തന്നെയാണു്. അല്ലാതെ അതു് “ആധികാരികമായ അജ്ഞതാപ്രകടന”മോ താങ്കള്‍ മൂന്നാം ഖണ്ഡികയുടെ അവസാനത്തില്‍ അക്കമിട്ടു നിരത്തിയ നാലു കാര്യങ്ങളിലേതെങ്കിലും ഒന്നിന്റെ പ്രകടനമോ അല്ല. താങ്കളുടെ പോസ്റ്റുകളെല്ലാം വായിക്കുകയും മിക്കവാറും എല്ലാം തന്നെ ഇഷ്ടപ്പെടുകയും എന്റെ വായനലിസ്റ്റിലിടുകയും ചെയ്യുന്ന ഒരാളാണു ഞാന്‍. മലയാളത്തിലെ ലേഖനബ്ലോഗുകളില്‍ ഏറ്റവും മികച്ച ഒരെണ്ണമായി ഞാനതിനെ കരുതുകയും ചെയ്യുന്നു.

    ആ കമന്റില്‍ എന്നെപ്പറ്റി പറഞ്ഞതുകൊണ്ടാണു് ഞാന്‍ അങ്ങനെ എഴുതിയതു്. ഞാന്‍ ഇപ്പോഴും താങ്കളുടെ കമന്റ് ഒന്നു കൂടി വായിച്ചു. ഇപ്പോഴും വ്യക്തമായില്ല. പ്രത്യേകിച്ചു് “അദ്ഭുതകരമായ രീതിയില്‍ ഉമേഷും താന്‍ സംസാരിക്കുന്നത് അതിനെപ്പറ്റിയാണെന്ന് പിനീട് പറയുന്നു.” എന്നതു്. പരിചിതമല്ലാത്ത സങ്കേതങ്ങളാണു് എന്റെ വിരസതയ്ക്കു കാരണം എന്നു ഞാന്‍ പറഞ്ഞതിനെയായിരിക്കും താങ്കള്‍ ഉദ്ദേശിച്ചതു്, അല്ലേ? ആ കവിതയുടെ കമന്റുകളില്‍ വരെ എനിക്കു മനസ്സിലാകാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ലതീഷ് പറഞ്ഞ “ബീറ്റ് പോയട്രി”യുടെ അര്‍ത്ഥവും എനിക്കു മനസ്സിലായിരുന്നില്ല.

    എന്തായാലും താങ്കള്‍ തെറ്റിദ്ധരിക്കരുതു് എന്നേ എനിക്കു പറയാനുള്ളൂ. അറിയാന്‍ വയ്യാത്തതു ഉറക്കെ പറയാത്തതു കൊണ്ടു പല അബദ്ധത്തിലും ചാടിയിട്ടുള്ളവനാണു ഞാന്‍. (ഈയിടെ രണ്ടു പോസ്റ്റുകളും അതിനെപ്പറ്റി ഇട്ടു :)) അതുകൊണ്ടു മനഃപൂര്‍വ്വമായാണു് ഇങ്ങനെ അജ്ഞത വിളിച്ചു പറയുന്നതു്. അല്ലാതെ ആരോടുമുള്ള അനാദരവല്ല അതില്‍.

    ആശംസകള്‍!

    ReplyDelete
  16. മനസ്സിലായില്ലെന്നു പറഞ്ഞ നടയടയ്ക്കുന്ന ആളോട് പോസ്റ്റിയ ആള്‍ മറുപടി പറയുമോ..തീര്‍ച്ചയായും ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്. പക്ഷേ ‘മനസിലായില്ല’ സംവാദ സാദ്ധ്യതയെ ഇല്ലാതാക്കും എന്നു തന്നെയല്ലേ ഈ പോസ്റ്റിന്റെ മൊത്തം ധ്വനി..?

    യോജിക്കാന്‍ പറ്റുന്നില്ല. “എനിക്കു മനസ്സിലായില്ല. ആരെങ്കിലും പറഞ്ഞു തരുമോ?” എന്നല്ലേ “മനസ്സിലായില്ല” എന്നതിന്റെ വിവക്ഷ? അതു കൂടുതല്‍ സംവാദം ക്ഷണിക്കുകയല്ലേ, ഇല്ലാതാക്കുകയല്ലല്ലോ.

    എനിക്കു് ഒന്നും മനസ്സിലാകുന്നില്ലെന്നു തോന്നുന്നല്ലോ. പ്ലീസ്, ആരെങ്കിലും ഒന്നു പറഞ്ഞുതരൂ :)

    ReplyDelete
  17. “അദ്ഭുതകരമായ രീതിയില്‍ ഉമേഷും താന്‍ സംസാരിക്കുന്നത് അതിനെപ്പറ്റിയാണെന്ന് പിനീട് പറയുന്നു.”

    ഇതിലെ കണ്‍ഫ്യൂഷന്‍ കണ്ടപ്പോള്‍ എനിക്ക് ആകെ കണ്‍ഫ്യൂഷന്‍. ലാപുടയുടെ - താങ്കളുടെ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ നിലനില്‍ക്കുകയില്ല എന്ന് താങ്കള്‍ പറഞ്ഞ - മൂന്നാം പോയിന്റ്. ഇതല്ലേ ഇതിലെ അത് വെള്ളെഴുത്തുമാഷേ...

    (ഓഫിനു ക്ഷമ :( )

    ReplyDelete
  18. വായിച്ചു, പോസ്റ്റും, കമന്റും, ഇനിയും പ്രത്യേകിച്ച് മനസിലാക്കിത്തരാന്‍ ഒന്നും എന്റെ കൈയ്യില്‍ ഇല്ലാത്തത് കൊണ്ട് ഒരു സ്‌മൈലി ഇട്ട് ഞാന്‍ പോകുന്നു :)

    ReplyDelete
  19. ഇതിനെപ്പറ്റിയുള്ള ഒരു കമന്റ് രണ്ടുമാസം മുമ്പ് ഒരു പോസ്റ്റായി പോസ്റ്റിയിരുന്നു. അതിതാ: സാരമില്ല, അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്നറിഞ്ഞിട്ടല്ലല്ലോ പല പ്രായത്തിലും രൂപത്തിലുമുള്ള മാങ്ങകള്‍ (വൈലോപ്പിള്ളിയുടേതു മുതല്‍ പൃഥ്വിരാജ് പാടിയ തെറിപ്പാട്ടിലേതടക്കം) ആസ്വദിച്ചത്. ചിക്കനോ ആദ്യം മുട്ടയോ ആദ്യം എന്ന് മനസ്സിലാക്കിയിട്ടല്ലല്ലോ കെഎഫ്സിയില്‍ നിന്ന് ലോണെടുത്തത്, ഓംശാന്തിഓമ്ലെറ്റു തിന്നത്, പി. പി. രാമചന്ദ്രന്റെ കവിത വായിച്ചത്, മാനിഷാദ ഒറ്റവാക്കാണെന്നു കരുതി തീയറ്റേഴ്സിനു പേരിട്ടത്. സാരമില്ല. സാരമില്ല. ഒന്നും സാരമില്ല.

    ReplyDelete
  20. അന്നങ്ങള്‍ പോയ വഴി എന്ന എന്റെയൊരു പോസ്റ്റില്‍ വെള്ളെഴുത്തും ഉമേഷും അടുത്തടുത്ത് എഴുതിയ കമന്റുകള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ രസമാണ്. അവിടെ വെള്ളെഴുത്തിനാണ് കാര്യം മനസ്സിലാകാതെ പോയത്. അപ്പോള്‍ പക്ഷേ മനസ്സിലായില്ലെന്നല്ല വെള്ളെഴുത്ത് പറഞ്ഞത്. വെള്ളെഴുത്തിന് തോന്നിയത് പറഞ്ഞു. ‘ഇവിടെ ഒരു വിധിപ്രസ്താവത്തിനൊന്നും ആരും മുതിരണ്ട’ എന്നൊരു വിധിപ്രസ്താവം പോലും പറയാന്‍ എനിക്കാഗ്രഹമില്ല. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു എന്ന് മേള എന്ന സിനിമയില്‍ ഓയെന്‍ വി എഴുതിയ പാട്ട് ഓര്‍ത്തുകൊണ്ട്:

    വെള്ളെഴുത്ത് said...
    തെറ്റീ കമ്പ്ലീറ്റ് തെറ്റി.. അത് ആ പാര്‍ക്കല്ല....പാര്‍ക്കില്‍ = Look ‘നോക്കിയാ’ല്‍.. അങ്ങനെയാണതിന്റെ അര്‍ത്ഥം..വേണമെങ്കില്‍ അനിലിന്റെ ആളില്ലാത്ത മൊബൈല്‍ ഫോണിരുന്നു അടിക്കുന്ന സിമന്റു ബെഞ്ചുള്ള പാര്‍ക്ക്’എന്നു അര്‍ത്ഥം പറഞ്ഞാലും ഏകദേശം (Only ഏകദേശം)ശരിയാവും പക്ഷേ ജുറാസിക് പാര്‍ക്കല്ല, അങ്ങനെ അര്‍ത്ഥം പറഞ്ഞുകൂടാ, പാപം കിട്ടും. എഴുത്തച്ഛന്റെ കാലത്ത് ജുറാസിക് പാര്‍ക്ക് നിര്‍മ്മിച്ചിട്ടില്ല.

    October 9, 2007 9:02 PM


    Umesh::ഉമേഷ് said...
    ഹഹഹ...

    ആ “പാര്‍ക്കില്‍” കലക്കി.

    ഓ. ടോ.: വെള്ളെഴുത്തു കൂടിയാല്‍ നര്‍മ്മം കാണാതെ പോകുമോ? :)


    പോസ്റ്റിന്റെ ലിങ്ക്: http://valippukal.blogspot.com/2007/10/blog-post_09.html

    ReplyDelete
  21. എനിയ്ക്ക്ക് മനസ്സിലായെന്ന് മനസ്സിലായിക്കാണുമല്ലോ!
    എന്നാലും ഞാന്‍ മിണ്ടില്ല :)

    ReplyDelete
  22. അപ്പോള്‍ ആ കമന്റില്‍ വെള്ളെഴുത്ത് നര്‍മ്മിച്ചതാണെങ്കിലോ ?

    വെള്ളെഴുത്തിനു നര്‍മ്മിക്കണോന്ന് തോന്ന്യാ നര്‍മ്മിച്ചൂടേ?

    (ഇനി നര്‍മ്മം അല്ലെങ്കില്‍ ഒരു പോസ്റ്റില്‍ കയറി ... തെറ്റി ഗംബ്ലീറ്റ് തെറ്റീന്നും പറഞ്ഞ് തൊടങ്ങുമോ ആരെങ്കിലും... ഞാനല്ലാതെ ?)

    ReplyDelete
  23. യ്യൊ ... എന്റെ സമയം ശരിയല്ല. ഇനി മുകളില്‍ എഴുതിയത് വായിച്ചിട്ട് ഈ വെള്ളെഴുത്തും ഗുപ്തനും ഒരാളല്ലേന്ന് ഏതെങ്കിലും ഹരികുമാറിനു തോന്നിയാല്‍... തെറ്റി..ഗംബ്ലീറ്റ് തെറ്റീട്ടാ....

    ReplyDelete
  24. എന്നെയങ്ങ് കൊല്ല് ഇന്നാ ..
    ഹെന്റെ സ്വാളോ ..
    (Only ഏകദേശം)ശരിയാവും പക്ഷേ ജുറാസിക് പാര്‍ക്കല്ല, അങ്ങനെ അര്‍ത്ഥം പറഞ്ഞുകൂടാ, പാപം കിട്ടും. എഴുത്തച്ഛന്റെ കാലത്ത് ജുറാസിക് പാര്‍ക്ക് നിര്‍മ്മിച്ചിട്ടില്ല. ഇങ്ങനെ എഴുതിയ ഈ പാവം ഞാന്, ‘പാര്‍ക്കില്‍’ അനിലിന്റെ പാര്‍ക്കിലാണ് എന്നെഴുതിയത്, വാക്കുകളെ വളച്ചും ഒടിച്ചും മനിസന്മാരെ അമ്പരപ്പിക്കുന്ന താങ്കള്‍ക്ക് മനസിലായില്ലെന്നോ? ഹെന്നെ കൊല്ല്.. ഞാനിനി ജീവിച്ചിരിക്കുന്നതെന്തിന്? തമാശയ്ക്കല്ലാതെ ഇങ്ങനെ ഞാന്‍ ‍ എഴുതിവയ്ക്കണമെങ്കില്‍ എന്റെ അസുഖം എത്ര റിക്ടര്‍ സ്കിയിലില്‍ മൂര്‍ച്ഛിച്ചതായിരിക്കണം? ഇതിനേക്കാള്‍ ഭേദം എന്നെ പൊട്ടാ ന്നോ വിഡ്ഡി ന്നോ തരം പോലെ മറ്റെന്തെങ്കിലുമൊക്കെ വിളിക്കുന്നതായിരുന്നു..(കണ്ണീരൊപ്പുന്നു) താങ്കളുടെ പോസ്റ്റില്‍ മറ്റൊരിടത്ത്, അകാല്‍പ്പനി.. അകാലത്തിലെ പനി എന്നു ഞാന്‍ വിഗ്രഹിച്ചിട്ടുണ്ട്.(വരികളിലെ അശ്ലീലവും വിവാഹം കഴിഞ്ഞവര്‍ക്ക് ഉടനെ വരുന്ന പനിയെക്കുറിച്ചുള്ള അശ്ലീലവും മനസ്സില്‍ വച്ചുകൊണ്ടാണങ്ങനെ എഴുതിയത്, താങ്കല്‍ ഉദ്ദേശിച്ചത് അകാല്‍പ്പനികതയും..). അതും എന്റെ പൊട്ടത്തരം കൊണ്ടാണെന്നു താങ്കള്‍ വിചാരിച്ചിരിക്കുമെന്നാണ് തോന്നുന്നത് (സ്വതവേ പൊട്ടനാണ് എങ്കിലും അങ്ങനെ വിളിച്ചു കേള്‍ക്കുമ്പോള്‍.. ഒരിദ്..)കാരണം ആ അര്‍ത്ഥത്തില്‍ താങ്കള്‍ ഒരു മറുപടിയെഴുതിയിരുന്നത് ഇപ്പോഴോര്‍ക്കുന്നു..ആ മറുപടി തമാശയാണെന്നു വിചാരിച്ചിരുന്നു ഇപ്പോള്‍..(ഏങ്ങുന്നു..)
    തമാശ പറഞ്ഞിട്ട് അതു തമാശയായിരുന്നു എന്നു സിഗററ്റു കൂടിലെഴുതി വച്ചു നെഞ്ചില്‍കുത്തി നടക്കേണ്ട എന്റെ ഒരു ഗതികേടേ.. നിനക്കു പലര്‍കാല വന്ദനം..
    ഉമേഷേ, രാം മോഹാ.. രണ്ടാം വട്ടം വായിച്ചിട്ടും എടുത്തെഴുതിയിട്ടും തമാശ യഥാര്‍ത്ഥത്തില്‍ മനസിലാവാതെ പോയത് വെള്ളെഴുത്തുകാരനായ എനിക്കോ.. ഒരു പ്രോബ്ലവുമില്ലാത്ത നിങ്ങള്‍ക്കോ?
    ഗുപ്താ (നിറഞ്ഞ കണ്ണുകളുമായി) മെനി മെനി താങ്കസ്.. എന്നെ താന്കളുടെ അത്രയും ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ അവള്‍ മനസിലാക്കിയിരുന്നെങ്കില്‍ ആറുവയസ്സുള്ള ഒരു സ്വന്തം മകള്‍ കാര്‍മ്മലില്‍ പഠിക്കുമായിരുന്നു..(കരച്ചില്‍ ഉച്ചത്തിലാവുന്നു..)
    പോട്ടേ.. വിധി പലപ്പൊഴും ..ക്രൂരമാണ്.. കൊടുംക്രൂരം
    ....

    ReplyDelete
  25. "എന്നെ താന്കളുടെ അത്രയും ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞുപോയ അവള്‍ മനസിലാക്കിയിരുന്നെങ്കില്‍ ആറുവയസ്സുള്ള ഒരു സ്വന്തം മകള്‍ ..."

    അപ്പം അദോണ്ടാണ് ആള്‍ക്കാര്‍ മനസ്സിലാവണില്ലാ എന്ന് കമന്റണത്.... അദ് തന്നെ വേണം....

    ReplyDelete
  26. ...ഉമേഷേ അപ്പോഴതു കണ്ടു പിടിച്ചു അല്ലേ . ഇന്നലെ മൂര്‍ത്തിയ്ക്കും സൂരജിനും ഗുപ്തനും മറുപടി പറയുന്ന സമയത്ത്, ദുര്‍ബല നിമിഷത്തില്‍ അതങ്ങ് തുറന്നു പറഞ്ഞാലോ എന്നു വിചാരിച്ചതാണ്, എങ്കില്‍ ഈ കമന്റിവിടെ ലഭിക്കുമായിരുന്നില്ലോ, എനിക്കിങ്ങനെ ചില ആത്മനൊമ്പരങ്ങള്‍ പങ്കു
    വയ്ക്കാനും കഴിയുമായിരുന്നില്ല, ആത്മനിയന്ത്രണം എത്ര നല്ലതാണ്! :) മൊത്തം ഇത് തമാശയ്ക്കെടുക്കണമെന്ന് എനിക്ക് എല്ലാ ‘സഗാക്കളോടും’ ഒരഭ്യര്‍ത്ഥനയുണ്ട്. ഭാഷാപരമായ കണിശതയില്‍ അതീവ ജാഗ്രതയുള്ള വ്യക്തി, ‘അങ്ങനെയല്ലേ ഉദ്ദേശിച്ചത്, എന്നോ ഇങ്ങനെയാവുന്നതല്ലേ കൂടുതല്‍ ശരിയെന്നോ‘ പറഞ്ഞ് ആലോചനയ്ക്കുള്ള വഴിതുറന്നിടുന്നതിനു പകരം
    ‘അതെനിക്കു മനസ്സിലായില്ല’ എന്ന് പുറംകാലുക്കൊണ്ടു തട്ടുന്നതെന്തിനെന്നായിരുന്നു എഴുതി വച്ച ആദ്യ വാക്യം. അത്രയ്ക്ക് പ്രകടമാക്കണ്ട എന്നു കരുതിയതിന്റെ ബാക്കി പത്രമാണ് അനുബന്ധത്തിലെ, കോപ്പി ചെയ്തിട്ട ആ കമന്റ്. വാക്കുകളും ചിഹ്നങ്ങളും തമ്മിലുള്ള വ്യത്യാസം അറിയാത്ത ആളല്ല താങ്കള്‍ എന്ന എന്റെ ഉറച്ച വിശ്വാസമായിരുന്നു അത്രയ്ക്ക് അതിനു പിന്‍ബലം. ഒപ്പം
    ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ

    ആദ്യകാല പോസ്റ്റുകള്‍ക്കുള്ള നിരവധി ‘മനസിലായില്ല‘ കള്‍ കൂടി നോക്കുക.
    പ്രയാസമുള്ള ഒരു വാക്കോ പ്രയോഗമോ അവിടെയില്ല. എന്നിട്ടും.......
    അപ്പോള്‍ അണ്ടിയാണോ മൂത്തത് മാങ്ങയാണോ മൂത്തത് എന്ന്‍ അറിഞ്ഞിട്ടല്ല പലപ്രായത്തിലുള്ള മാങ്ങകള്‍ ആസ്വദിച്ചത് എന്നു വരികിലും അണ്ടിയാണോ മൂത്തത് മാങ്ങയാണോ മൂത്തത് എന്ന് ആലോചിച്ച് ഇത്തിപൂരം നേരം ഇരുന്നിട്ടും പല സൈസ് മാങ്ങകള്‍ ആസ്വദിച്ചൂടേ? ഹരിച്ചും ഗുണിച്ചും നോക്കിയിട്ടും ഉത്തരം ശരിയായില്ലെങ്കില്‍ ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കിക്കൂടേയെന്ന്.........അത്രേയുള്ളൂ...

    ReplyDelete
  27. അയ്യോ, ഒരെത്തും പിടിയും കിട്ടാന്‍ വൈകിപ്പോയി. പ്രായശ്ചിത്തമായി ഞാനും ചാവന്‍ തീരുമാനിച്ചിട്ടുണ്ട്. മരിക്കട്ടെ, അപ്പോള്‍.

    ഗൌരവമായി എഴുതുന്നവര്‍ നമ്മുടെ സ്റ്റൈലില്‍ വന്ന് കമന്റുന്നതിന്റെ കുഴപ്പം. ബ്ലോഗിനനുസരിച്ചാണ് കമന്റ് ശൈലിയും എന്ന് ഇനി മേല്‍ മനസ്സിലാക്കിക്കോളാം. ഇതിന്റെയെല്ലാം അങ്ങേയറ്റം നമ്മളാണെന്ന് വിചാരിച്ചല്ലേ നടപ്പ് - നിങ്ങളെ അണ്ടറെസ്റ്റിമേസ്റ്റ് ചെയ്ത് പോയിക്കാണാനും മതി.

    എന്തായാലും ഇങ്ങനെ വല്ലോം നിങ്ങളാ പെങ്കൊച്ചിനോടും കമ്മുണിക്കേറ്റ് ചെയ്തുകാണും. അവള്‍ക്കത് നേരെ ഓപ്പൊസിറ്റ് തിരിഞ്ഞും കാണും. ബാക്കി ചരിത്രം.

    സി. വി. രാമന്‍പിള്ളയുടെ നാട്ടുകാര്‍ ഇത്രയ്ക്കങ്ങോട്ട് മാറുമെന്ന് ആര് കരുതി?

    ആദ്യം ആ സ്ലോഗന്‍ മാറ്റണം. ‘സ്വല്പം കടന്ന് ചിന്തിച്ചാലെന്ത്’ എന്നാക്കണം.

    എന്തായാലും ഈ പോസ്റ്റിന്റെ ചുറ്റും വെഞ്ചാമരം വീശാന്‍ ഞാനുണ്ട്. വിനയത്തിന്റെ പോസ്റ്റ് മോഡേണ്‍ വായന വേണ്ടിയിരുന്നതു തന്നെ.

    ReplyDelete