December 17, 2007

നമ്മുടെ മുറ്റത്ത് ആരാണ്?



കുറച്ച് ഗൌരവമുള്ള കാര്യമാണ്.

ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്-2005 (NCF 2005) ന്റെ ചുവടു പിടിച്ച് തയാറാക്കിയ കേരളപാഠ്യപദ്ധതി ചട്ടക്കൂട് -2007 (KCF 2007) -ഉം കേരളവിദ്യാഭ്യാസനിയമ (KER)പരിഷ്കാരവും ഇതിനകം വിവാദമായി തീര്‍ന്നിട്ടുണ്ടെങ്കിലും ധര്‍ണ്ണകള്‍, പ്രതിഷേധപ്രകടനങ്ങള്‍, നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, രാജി തുടങ്ങിയവ, സര്‍ക്കാരു കാര്യം പോലെ തന്നെ മുറയ്ക്കു ഇങ്ങേവശത്തു നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി തന്നെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന അശുഭചിന്ത ഈ മേഖലയിലെ ബഹുഭൂരിപക്ഷത്തിനുമുണ്ട്. എങ്കിലുമൊന്നിനും കഴിയാത്ത അവസ്ഥ. ഇനിയും കാലാവധി നീട്ടിയില്ലെങ്കില്‍ ഡിസംബര്‍ 31-ന് സി പി നായര്‍ അദ്ധ്യക്ഷനായുള്ള കെ ഇ ആര്‍ പരിഷ്കരണ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിക്കും. പൊതുവിദ്യാഭ്യാസരംഗത്തെ ഭാവിനീക്കങ്ങള്‍ക്ക് അതോടെ തീരുമാനമാവും. സമൂല പരിഷ്കരണമാണ് ഈ രംഗത്ത് വരാന്‍ പോകുന്നത്. പ്രധാനമാറ്റങ്ങള്‍ ഇവയാണ് :

1) മൈനസ് ടു മുതല്‍ പ്ലസ് ടു വരെ ഒരു കുടക്കീഴിലാവുന്നു.അതോടെ ‘പ്രീഡിഗ്രി’ ഡിലിങ്കിംഗ് പൂര്‍ണ്ണമാവും. സ്കൂള്‍ വിദ്യാഭ്യാസം 12 വര്‍ഷം എന്നു നിജപ്പെടും. നമ്മളൊക്കെ ഓമനിച്ചു നടന്ന പത്താംക്ലാസ് പരീക്ഷ അപ്രത്യക്ഷമാവുകയും പകരം ‘12‘ പ്രാധാന്യത്തോടെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും.

2) വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും കുട്ടി പരിശീലിക്കണം. അതിന് പ്രാദേശികമായി കിട്ടുന്ന വിദഗ്ധരെ ഉപയോഗപ്പെടുത്തിയാല്‍ മതിയാകും.

3) സ്കൂള്‍ സമയം രാവിലെ ഏഴുമണിമുതലാവും. ഉച്ചവരെ പഠനം. അതു കഴിഞ്ഞ് പ്രാദേശികമായ അറിവുകള്‍ നേടല്‍, കലാകായിക പരിശീലനം, ലാബ് വര്‍ക്ക്, ഗൃഹപാഠങ്ങള്‍ ചെയ്യല്‍, തൊഴില്‍ പരിശീലനം. അങ്ങനെ സ്കൂള്‍ പാഠങ്ങള്‍ വീട്ടിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കപ്പെടും. ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹികമാറ്റങ്ങള്‍ അറിയാനും അവയുമായി ഇടപഴകാനും അവസരം ലഭിക്കും. ആറുമണിക്കൂര്‍ മാത്രം ജോലി ചെയ്ത് ഭീമമായ ശമ്പളവും പറ്റി വീട്ടിലേയ്ക്കോടുന്ന അദ്ധ്യാപ(ഹയ)കര്‍ക്ക് മറ്റു തൊഴിലാളികളെ പോലെ എട്ടു മണിക്കൂറും ജോലി ചെയ്യേണ്ടി വരും. അനാവശ്യ അവധികള്‍ കുറയും. അദ്ധ്യാപകപരിശീലനം (inservice) നിര്‍ബന്ധിതമാക്കും.

4) പഠനം മാതൃഭാഷയില്‍. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒന്നു മുതല്‍ ഇംഗ്ലീഷു പഠിപ്പിക്കാന്‍ തുടങ്ങും.

5) ഹയര്‍ സെക്കണ്ടറി തലത്തില്‍ ഭാഷാപഠനം ഒന്നു മാത്രം മലയാളം അല്ലെങ്കില്‍ ഇംഗ്ലീഷ് (ഹിന്ദി, സംസ്കൃതം, റഷ്യന്‍, അറബിക്....തുടങ്ങിയവയുടെ കാര്യം ആലോചിക്കാവുന്നതാണ്)

6) സ്കൂള്‍ കാര്യങ്ങള്‍ പ്രാദേശികഭരണസമിതികള്‍ (പഞ്ചായത്തുകള്‍ തന്നെ!) ഇടപെട്ടുതുടങ്ങും. അതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. നോക്കാനാരുമില്ലെന്ന മട്ടില്‍ പല സ്കൂളുകളും തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്ന രീതിയ്ക്ക് അറുതിയാവും. അദ്ധ്യാപകരെ ലഘുവായി ശിക്ഷിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ടാവും. ശമ്പളം, അലവന്‍സ് തുടങ്ങിയ കാര്യങ്ങളും പഞ്ചായത്തു വഴി നല്‍കാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ അദ്ധ്യാപകരുടെ അലസതയും മടിയും മാറ്റി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരാന്‍ പറ്റും. പഞ്ചായത്തുകളുടെ ഇടപെടലോടെ പ്രാദേശികമായ വിഭവശേഖരണത്തിനും സ്കൂളുകള്‍ക്ക് വഴി തുറന്നു കിട്ടും.

7) സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ വെള്ളം ചേരാത്ത അറകളിലുള്ള കൂട്ടുക്കെട്ടുകളെ പൊളിച്ച് പുതിയക്രമം ആരംഭിക്കും.

8) ആദ്യം ഇന്ത്യയ്ക്കും പിന്നെ ലോകത്തിനും മാതൃകയാവുന്ന തരത്തില്‍ പുതിയ പാഠ്യപദ്ധതിക്രമം തന്നെ കേരളത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടും.

ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല. സാക്ഷരതയൊക്കെ ഇത്ര ഉയര്‍ന്നിരിക്കുന്ന കേരളത്തില്‍ എടുത്തു പിടിച്ചുള്ള പരിഷ്കരണവും അതിനുവേണ്ടി ചെലവഴിക്കുന്ന കോടികളും ചില രഹസ്യങ്ങള്‍ പൊത്തിപ്പിടിക്കുന്നില്ലേ എന്ന് ദോഷൈകദൃക്‌കുകള്‍ക്ക് ന്യായമായും സംശയിക്കാം. കാരണം ചര്‍ച്ചകളൊക്കെ പ്രഹസനങ്ങളാണ്. അദ്ധ്യാപകസംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, പഞ്ചായത്ത്, സ്കൂള്‍ എന്നിവിടങ്ങളിലൊക്കെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ നടന്നു. എന്താണ് ചട്ടക്കൂടിലും കെ ഇ ആറിലും ഉള്ളതെന്ന് സര്‍ക്കാര്‍ പ്രതിനിധി പറയും, കേട്ടിരിക്കുന്നവര്‍ എന്തെങ്കിലുമൊക്കെ പറയും. അയാളത് എഴുതിയെടുക്കും. അത്രതന്നെ. വിശദീകരണയോഗങ്ങളില്‍ ചര്‍ച്ചയുടെ എണ്ണം അക്കമിട്ടു നിരത്താന്‍ ഇത്രയൊക്കെ മതി. കൊക്കെത്ര കുളം കണ്ടിരിക്കുന്നു!

മദ്രസാപഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് മുസ്ലീം സംഘടനകളും പഞ്ചായത്തിന്റെ ഇടപെടല്‍ കുഴപ്പമാവും എന്നു പേടിച്ച് ചില അദ്ധ്യാപകസംഘടനകളും ന്യൂനപക്ഷാവകാശം പറഞ്ഞ് മറ്റു ചില സമുദായ സംഘടനകളും രംഗത്തെത്തി ചട്ടപ്പടി പ്രതിഷേധങ്ങളുമായി മുന്നേറുന്നുണ്ട്. അദ്ധ്യാപകവിഭാഗം പ്രബലമാണെന്ന് കണ്ട് ചില രാഷ്ട്രീയനീക്കങ്ങളും അണിയറയില്‍ നടക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം.(തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..) ‘അറിവ് സാമൂഹികമാറ്റത്തിനുള്ള ആയുധ’മാണെന്ന് മാത്രമല്ല അതിലേയ്ക്ക് കുട്ടിയെ നയിക്കുകയാണ് പുതിയ വിദ്യാഭ്യാസം ചെയ്യേണ്ടത് എന്ന് പുതിയ പാഠ്യപദ്ധതി മാര്‍ഗരേഖ പറയുന്നു. സങ്കല്പലോകത്ത് ജീവിതം സാദ്ധ്യമല്ല. അതുകൊണ്ട് തനിക്കു ചുറ്റുമുള്ള ലോകത്തെ കുട്ടി അറിയണം. അതിനെ വിശകലനം ചെയ്യണം. പരിഹാരം കണ്ടെത്തണം. അതു പ്രയോഗിക്കണം. അങ്ങനെ ലഭിച്ച അറിവു മെച്ചപ്പെടുത്തണം. അതു പ്രയോഗിക്കാന്‍ പുതിയ മേഖലകള്‍ അന്വേഷിക്കണം.

ഈ ലക്ഷ്യം സാദ്ധ്യമാക്കാന്‍ പല വിദഗ്ധന്മാര്‍ കൂടി, കേരളം ഇന്നു നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്ത്, വര്‍ഗീകരിച്ചെടുത്തിട്ടുണ്ട്.
ആരോഗ്യം,
കൃഷി,

ജലം,
തൊഴില്‍ മഹത്വം,

സാംസ്കാരികത്തനിമ,
പരിസ്ഥിതിയ്ക്ക് യോജിച്ച വ്യവസായ-നഗര നിര്‍മ്മാണം,
പാര്‍ശ്വവത്കൃതജീവിതം,

വിശ്വമാനവികത

-ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല. എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..) മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.) ‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും. സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. ക്ലാസ് മുറികള്‍ പരീക്ഷണശാലകളായി മാറും. കുട്ടികളാണ് പരീക്ഷണവസ്തുക്കള്‍. ഇതു പരീക്ഷിച്ചു നിരീക്ഷിച്ചിട്ടു വേണം ഇന്ത്യയൊട്ടാകെ ഈ ക്രമം നടപ്പില്‍ വരുത്താന്‍, പിന്നെ ലോകത്തും. കൃത്യമായൊരു അജണ്ട ഇതിനു പിന്നിലുണ്ട്. ആരെ സഹായിക്കാനാണിത് എന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്ന കാര്യത്തിലും. പതിനൊന്നാം പദ്ധതി, ദേശീയ വിദ്യാഭ്യാസനയം എന്നൊക്കെ ആളെ പേടിപ്പിക്കാന്‍ ഒച്ചയിടുന്നതാണ്. പദ്ധതി വിഹിതത്തിനു മുന്നേ ഇവിടെ അണിയറപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒഴുകി തുടങ്ങി. NCF 2005 ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ NGO കള്‍ക്ക് വ്യക്തമായും പങ്കുമുണ്ട്.

വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തെക്കുറിച്ച് ഒരുപാട് ഒച്ചപ്പാട് ഇടതുപക്ഷ സംഘങ്ങളില്‍ നിന്നാണു നാം കേട്ടത്. അവരുടെ തന്നെ നേതൃത്വത്തില്‍ നടക്കുന്നത് എന്തുവത്കരണമാണെന്നറിയാന്‍ കുറച്ചുകാത്തിരിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസം ഒരു ആഭ്യന്തരകാര്യമാണ്. എന്നിട്ടും അതില്‍ ആരോ താത്പര്യമെടുക്കുന്നു, ചുമതലപ്പെട്ടവരെ, ദല്ലാളന്മാരാക്കി കൈകഴുകിക്കുന്നു. സംഘടനകളെ കാര്യസ്ഥന്മാരാക്കി മാറ്റി നിര്‍ത്തുന്നു. കേരളത്തിന്റെ പ്രശ്നമേഖലകള്‍ തീരുമാനിച്ചത് ആരാണെന്നതാണ് കാതലായ ചോദ്യം. വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ ഈ പ്രശ്നമേഖലകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി എന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് കോടികള്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നത്. അതിനു തടസ്സമുണ്ടാവാതിരിക്കാനാണ് പഞ്ചായത്തുതല മേല്‍നോട്ടം വരുന്നത്. അങ്ങനെ നോക്കിയാല്‍ എടുത്തുപിടിച്ചുള്ള വിദ്യാഭ്യാസപരിഷ്കരണ നെട്ടോട്ടം എന്തിനെന്നു മനസ്സിലാവും. മനസ്സിലായിട്ടെന്താ എന്ന് അടുത്ത ചോദ്യം.

അനു: ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊന്നും കണ്ടില്ല. പിന്നെ ശബ്ദം എങ്ങനെ കേട്ടു.................?

18 comments:

  1. ഈ പ്രശ്നമേഖലകള്‍ മാത്രമേ ഭാഷാപഠനത്തില്‍ ഉള്ളോ, അതോ ഇവയും കൂടെ ചേര്‍ക്കുന്നു എന്നേ ഉള്ളോ?

    ReplyDelete
  2. ഭാഷാപഠനത്തില്‍ മാത്രമല്ല, മൊത്തം ഇവ മാത്രമേ പാടൂള്ളൂ എന്ന്..
    വിദ്യാഭ്യാസവിഷയകമായി മറ്റൊരു പോസ്റ്റു കൂടി
    ഇവിടെ
    യുണ്ട്.

    ReplyDelete
  3. കണക്കും, ഫിസിക്സും ഇതിലേതില്‍ കൊള്ളിക്കും?
    അതോ ഫിസിക്സും, കണക്കും ഈ പ്രശ്നമേഖലകളിലേക്കു ചുരുക്കണമെന്നാണോ? കണക്കില്‍ പിന്നെ വല്ലോം മിച്ചം വരുമോ :)

    ഇതിന്റെ ഡൊക്യുമെന്റുകള്‍ വല്ലതും ലഭ്യമാണോ?

    ReplyDelete
  4. എന്ത്‌ മാറ്റത്തേയും എതിര്‍ത്ത്‌ തോല്‍പ്പിക്കുക എന്നത്‌ മലയാളികളുടെ പ്രത്യേകതയാണോ എന്നറിയില്ല. പക്ഷെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ്‌ നമ്മുടേത്‌. അത്‌ വിദ്യാഭ്യാസ കാര്യത്തിലെങ്കില്‍ പറയുകയും വേണ്ട.

    എന്നൊക്കെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്ക്‌ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ അന്നൊക്കെ വന്‍ വിവാദങ്ങള്‍ ഇവിടെ തലപൊക്കിയിട്ടുണ്ട്‌. അതിന്റെ പിന്‍തുടര്‍ച്ചയായി പുതിയ പരിഷ്ക്കാരങ്ങളോടുള്ള എതിര്‍പ്പിനേയും കാണാം

    പുതിയ പാഠ്യപദ്ധതി DPEP എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ ആരംഭിച്ച പ്രശ്നങ്ങള്‍ നമുക്കിവിടെ ഓര്‍ക്കാം. DPEP എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്‌ ജസ്റ്റിസ്‌ കൃഷ്ണയ്യരായിരുന്നു. ലോകബാങ്കിന്റെ പണമാണ്‌ മൂപ്പരെ ഇതിന്റെ സമരമുഖത്തെക്ക്‌ ആകര്‍ഷിച്ചത്‌. നമ്മുടെ കുട്ടികളെ മണ്ടന്മാരാക്കാന്‍ ലോകബാങ്ക്‌ ആവിഷ്ക്കരിച്ച തന്ത്രമാണ്‌ ഇതെന്നും ഇവിടെ രണ്ട്‌ തരം പൌരന്മാരേ സൃഷ്ടിക്കാന്‍ മാത്രമേ ഈ പരിപാടി സഹായിക്കൂ എന്നും അവര്‍ പറഞ്ഞു.

    ആ കാലഘട്ടത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഒരുപറ്റം രക്ഷിതാക്കള്‍ DPEP ക്കെതിരെ സമരവുമായി എത്തി. അവര്‍ മുന്നോട്ട്‌ വച്ച പോയന്റെ എന്തുകൊന്റ്‌ കേരളത്തിലെ അണ്‍-എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഇത്‌ നടപ്പിലാക്കുന്നത്‌ എന്നതായിരുന്നു.പണക്കാരുടെ മക്കള്‍ പഠിക്കുന്ന സിലബസ്‌ ഒന്ന് പാവപ്പെട്ടവന്റെ മക്കള്‍ പ്ഠിക്കുന്നത്‌ വേറോന്ന്. ഇവരുമായി ഞാന്‍ അന്ന് പുതിയ പാഠ്യപദ്ധതിക്ക്‌ വേണ്ട്‌ തര്‍ക്കിച്ചു. അപ്പോള്‍ അതിലൊരാള്‍ ആ വര്‍ഷം ഒരു പരീക്ഷക്ക്‌ ചോദിച്ച്‌ ചോദ്യം ഉയര്‍ത്തിക്കാട്ടി എന്നോട്‌ തട്ടിക്കയറി. 5 കത്തികളുടെ ചിത്രം കാണിച്ചിട്ട്‌ ഇതില്‍ ഇറച്ചി വെട്ടുകാരന്റെ കത്തിയേത്‌ എന്ന ചോദ്യമാണ്‌ അദ്ദേഹത്തെ ചൊടിപ്പിച്ചത്‌. കുട്ടികളെ ഇറച്ചിവെട്ടുകാരന്‍ ആക്കാന്‍ വേണ്ടിയുള്ളതാണ്‌ ഇതെന്നുപോലും അദ്ദേഹം ആരോപിച്ചു. ഇര്‍ച്ചിവെട്ടുകാരന്റെ കത്തില്‍ ഏതെന്ന് തിരിച്ചറിയുന്നതില്‍ എന്താണ്‌ തെറ്റ്‌ എന്നും അത്‌ വിദ്യാര്‍ത്ഥിയുടെ നിരീക്ഷണ പാടവം അളക്കാനുള്ള ചോദ്യമല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം 100 വീട്‌ കയറിയിട്റ്റ്‌ വരികയാണ്‌ എന്നും ഞാന്‍ മാത്രമേ ഈ ചോദ്യത്തെ ന്യായീകരിച്ചു എന്നും പറഞ്ഞു മാത്രമല്ല കുട്ടികള്‍ വീട്ടില്‍ വന്നാല്‍ പറമ്പിലേക്കും മറ്റും പോയി നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തുന്നതും മാതാപിതക്കള്‍ക്ക്‌ ഇഷ്ടപ്പെടുന്നില്ല. അവരുടെ നോട്ട്ബുക്കുകളില്‍ ചോദ്യോത്തരങ്ങള്‍ക്ക്‌ പകരം ചോദ്യങ്ങള്‍ മാത്രം കണ്ടതും സ്വയം ഉത്തരം കണ്ടെത്തണം എന്ന് കേട്ടതും ഇവരെ ചൊടിപ്പിച്ചിരുന്നു. പ്രയോഗികമായ ചില കാര്യങ്ങളെപ്പറ്റി കുര്‍ച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഇവര്‍ ബുദ്ധിമുട്ടി അപ്പോള്‍ ഞാന്‍ ഇതേ ചോദ്യങ്ങള്‍ കുട്ടികളോട്‌ ചോദിക്കൂ എന്ന് പറഞ്ഞപ്പോള്‍ ഇതൊന്നും അറിഞ്ഞിട്ട്‌ വലിയ കാര്യമില്ലാ എന്നായിരുന്നു ഇവരുടെ അഭിപ്രായം.

    DPEP പൂര്‍ണ്ണമായും ലേണര്‍ ഓറിയന്റണ്ട്‌ പ്രോഗ്രാമാണ്‌ എന്നും അതില്‍ അധ്യാപകര്‍ക്ക്‌ പ്രത്യേകിച്ച്‌ റോള്‍ ഒന്നുമില്ലാ എന്ന് അധ്യാപകരും പ്രചരിപ്പിച്ചു. ഗൈഡ്‌ നോക്കി ചോദ്യോത്തരങ്ങള്‍ എഴുതിച്ചിരുന്ന അധ്യാപകര്‍ക്ക്‌ പുത്തന്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഒരു താല്‍പര്യവും ഉണ്ടായിരുന്നില്ല. പരമാവധി ഇതിനെപ്പോളിക്കാന്‍ അധ്യാപകര്‍ തങ്ങളെക്കൊണ്ടാകുന്നത്‌ ചെയ്തു. എല്ലാവരും പഴയ പാഠ്യപദ്ധതികളുടെ ഗുണങ്ങളെക്കുറിച്ച്‌ വാചാലരായി. എന്നാല്‍ വെറും ഗൈഡ്‌ ചോദ്യോത്തര പരീക്ഷ സമ്പ്രദായം നിലനിന്നിരുന്ന പഴയ പദ്ധതിയുടെ മേന്മ എന്തായിരുന്നു എന്ന് ആരും ചിന്തിച്ചതേ ഇല്ല. ഒരു സാധാരണ വിദ്യാലയത്തില്‍ എല്ലാ വിഷയങ്ങള്‍ക്ക്‌ ജയിക്കുന്നവര്‍ 25% പോലുമില്ലായിരുന്നു. സിലബസ്‌ തീര്‍ക്കുക പഠിക്കുന്ന കുട്ടികള്‍ എന്ന ഒരു ക്രീമിന്‌ വേണ്ടി പരീക്ഷയും റാങ്കുകളും പ്രഖ്യാപിക്കുക എന്നതില്‍ കവിഞ്ഞ്‌ ഒന്നും ആ പദ്ധതിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനില്ല. ടീച്ചര്‍ പറയുന്നറ്റോ ടീച്ചര്‍ ഉപയോഗിക്കുന്ന ഗൈഡിലെ വിവരങ്ങള്‍ക്കോ അപ്രമാദിത്തം കിട്ടുന്ന ഒന്ന് മാത്രമായിരുന്നു അത്‌. അങ്ങനെ കണക്ക്‌ വരെ കാണാപാഠം പഠിച്ച്‌ 10 ക്ലാസ്‌ എന്ന ഭീകരതവരെ എത്തുന്നവരില്‍ 50% ആള്‍ക്കരെ മോഡറേഷന്‍ നല്‍കി വിജയിപ്പിച്ചിരുന്ന മഹത്തര സംഭവമായിരുന്നു പഴയ പാഠ്യപദ്ധതി. കേവലം 25% ക്രിമിന്‌ വേണ്ടിയും 25% മോഡറേഷന്‍കാര്‍ക്ക്‌ വേണ്ടിയും നടത്തപ്പെട്ട്‌ ഒന്ന്. അല്ലാതെ 10 ആം ക്ലാസോട്‌ കത്തിത്തീരുന്ന 50 ശതമാനത്തെയും പിന്നെ 210 മായി 10 കടന്നു കടന്നില്ലാ എന്ന് വരുത്തുന്ന ബാക്കി കുറേ ആള്‍ക്കാരേയും സൃഷ്ടിക്കുകയെന്നതായിരുന്നു ഇവിടെ ഇതുവരെ ചെയ്തിരുന്നത്‌.

    എന്നാല്‍ പുതിയ പാഠ്യപദ്ധതി കുറേക്കൂടി മികച്ച പ്രവര്‍ത്തനമാണ്‌ എന്റ അഭിപ്രായം. കാരണം അത്‌ കുറേക്കൂടി സാര്‍വത്രികമാണ്‌ എന്നത്‌ തന്നെ അതില്‍ പ്രധാനം. കേവലം 25% ക്രീമിന്‌ മാത്രം ലഭിച്ചിരുന്ന അധ്യാപക ശ്രദ്ധ താഴേത്തട്ടിലേക്ക്‌ കൂടി ലഭിക്കുന്നു. കേവലം ചോദ്യോത്തരത്തിന്‌ അപ്പുറം സ്വയം വളരാന്‍ കഴിയുന്ന രീതിയിലാണ്‌ ഇത്‌ ക്രമീകരിച്ചിരിക്കുന്നത്‌. വിദ്യാര്‍ത്ഥിയേ വെറും പാഠ്യ വിഷയത്തിലൊതുക്കാതെ സമഗ്രമായി വികസിപ്പിക്കാന്‍ ഈ സിസ്റ്റത്തിന്‌ കഴിയും. പ്രയോഗികമായ ഒരുപാട്‌ അറിവുകള്‍ നേടാനും ഇത്‌ സഹായിക്കും. പിന്നെ എന്താണ്‌ ഇവിടുത്തെ പ്രശ്നം. പഴയ ക്രീമിന്‌ നിഷ്‌പ്രയാസം ഉള്‍ക്കൊള്ളാവുന്ന സിലബസേ ഇവിടെ ഉള്ളൂ എന്നതാണ്‌. എന്നാല്‍ അത്‌ പരീക്ഷയിലേ random ചോദ്യങ്ങളെ പൂര്‍ണ്ണമായി നേരിടാന്‍ അവര്‍ക്ക്‌ കഴിയുന്നുമില്ല. ഡയരക്റ്റ്‌ ചോദ്യങ്ങള്‍ക്ക്‌ ഈസിയായി ഉത്തരം എഴുതാന്‍ കഴിയുമെങ്കിലും സ്വയം എഴുതേണ്ടി വരുന്ന പല ഉത്തരങ്ങളും അവരെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ബാക്കിയുള്ള 75% ത്തിന്‌ കുറേക്കൂടി അറിവുകള്‍ നേടാന്‍ സഹായിക്കുന്നു ( അവര്‍ക്ക്‌ A+ നേടുക എന്നത്‌ ലക്ഷ്യമല്ലാത്തതുകൊണ്ട്‌ വലിയ പ്രശ്നമില്ല.) എന്നത്‌ ഇതിന്റെ മെച്ചമായി പറയാം. ഈ പദ്ധതി അറിവ്‌ സ്വയം ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന ഒന്നായി കരുതണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌ പരന്ന വായനയും ഭാവന സമ്പന്നമ്മായ സമീപനങ്ങളും ഈ പാദ്ധതി വഴി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പുരോഗതിയിലേക്ക്‌ നയിക്കും എന്നാണ്‌ എന്റെ ഉറച്ച വിശ്വാസം. എന്നാല്‍ പഴയ പദ്ധതി വഴി ലഭിച്ചിരുന്ന 25% ഷുവര്‍ വിജയങ്ങള്‍ ഇവിടെ അന്യമാകും. അത്‌ ഗുണപരമാണോ ദോഷപരമാണോ എന്ന് കാലം തെളിയിക്കേണ്ടതാണ്‌.

    ReplyDelete
  5. നലന്‍, അതുതന്നെയാണു പ്രശ്നം പക്ഷേ രസതന്ത്രമുള്‍പ്പടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ ഈ പ്രശ്നമേഖലകളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് നിരവധി വര്‍ക്ക്ഷോപ്പുകളിലൂടെ എന്നു പറയപ്പെടുന്നു. അതിന്റെ ഗ്രിഡുകളും തയാറായിക്കഴിഞ്ഞു. ഡോക്യുമെന്റുകള്‍ കിട്ടണമെങ്കില്‍ കാര്യമായ അന്വേഷണം വേണം. ഈ വര്‍ഷം 5,7 ക്ലാസുകളില്‍ പുസ്തകങ്ങള്‍ മാറുകയാണ് അടുത്ത വര്‍ഷം 9, 11 ക്ലാസുകളില്‍ രണ്ടു മാസം കാത്തിരുന്നാല്‍ കാണാം ഇവ എങ്ങനെയാണ് പുസ്തങ്ങളിലായതെന്ന്..
    കിരണ്‍.. പുതിയ അദ്ധ്യയനരീതിയെ എതിര്‍ക്കുന്നയാളല്ല ഞാന്‍. ബെഹേവിയറിസ്റ്റു രീതിമാറി കണ്‍സ്ട്രക്ടീവ് രീതി വരട്ടെ. അതിനു പാകമായ അദ്ധ്യാപകരെയും കിട്ടണം. ഇന്നും ക്ലാസ് മുറി പഴയഫ്യൂഡല്‍ സങ്കല്‍പ്പങ്ങളെ പിന്തുടരുകയാണ്.. അതു മറ്റൊരു പോസ്റ്റാവട്ടെ. ഇവിടെ പറഞ്ഞത് പുതിയ ആധ്യയനരീതിമാറ്റത്തെയല്ല. സിലബസ് പരിഷ്കരണത്തെയും കെ ഇ ആര്‍ പരിഷ്കരണത്തെയും പറ്റിയാണ്..കുറഞ്ഞപക്ഷം ഈ രഹസ്യസ്വഭാവവും അതിനു വേണ്ടി ചെലവാക്കുന്ന പണത്തെയും പറ്റിയെങ്കിലും ചിന്തിക്കണം..നമ്മുടെ ഐ ടി സി, ഐ ടി ഐ, പോളിടെക്നിക്, വൊക്കേഷണല്‍ ഹൈര്‍ സെക്കണ്ടറി ഇവയൊക്കെ ഭീമമായ പരാജയമായിരുന്നിട്ടും തൊഴിലധിഷ്ഠിതവിദ്യാഭ്യാസം മുഖയ് നിര്‍ദ്ദേശമായി നടപ്പിലാവുകയാണ്.. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത്, എന്തുതരം സമൂഹത്തിനുവേണ്ടിയാണ് ഈ അടിയന്തിര തീരുമാനങ്ങള്‍, ഈ പ്രശ്നമേഖലകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു പഠിച്ചാല്‍ കേരളം ഇന്നു നേരിടുന്ന സാമൂഹികവും സാമ്പത്തികവും മനശ്ശാസ്ത്രപരവുമായ സാംസ്കാരികവുമായ പ്രതിസന്ധികള്‍ തരണം ചെയ്യപ്പെടുമോ? അതിനുവേണ്ടിയുള്ള പഠനങ്ങള്‍ വല്ലതും നടന്നിട്ടുണ്ടോ? സത്യം പരയട്ടെ, എനിക്കിതിന്റെയൊക്കെ അര്‍ത്ഥം അറിയണമെന്നേയുള്ളൂ.. നല്ലതാണെന്ന് കാര്യകാരണ സഹിതം ആരെങ്കിലും ബോദ്ധ്യപ്പെടുത്തി തരണം.. പൊതുവിദ്യാഭ്യാസം വച്ചുള്ള കളി നാം വിചാരിക്കുന്നതിനേക്കാള്‍ അപകടകരമാണ്. ഒരു തലമുറയാണ് അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത്..

    ReplyDelete
  6. ഡീപ്പീയീപ്പിയൊക്കെ കൊള്ളാവുന്ന ഒരു പരിപാടിയാണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ രാം മോഹന്‍ വളിപ്പുകളില്‍ അതിനെപ്പറ്റി എഴുതിയത് കണ്ടപ്പോള്‍ കണ്‍ഫ്യൂഷനായി (ആ പോസ്റ്റ് നോക്കിയിട്ട് കാണുന്നുമില്ല്ല). ചില പഠനങ്ങളൊക്കെ നമ്മള്‍ ഇപ്പോള്‍ പഠിക്കുന്നതുപോലെ തലകുത്തി നിന്ന് കാണാതെ തന്നെ പഠിക്കണമെന്നാണ്-സിദ്ധാന്തങ്ങളും അങ്ങിനെയുള്ളവയുമൊക്കെ. അമേരിക്കന്‍ സിസ്റ്റത്തില്‍ ഇത്തരം കാണാപ്പഠനങ്ങളൊന്നുമില്ല എന്ന് തോന്നുന്നു.

    ഏതാണ് നല്ലത്, ഏതാണ് ചീത്ത എന്ന് പറയാന്‍ പറ്റുന്നില്ല. ഇപ്പോള്‍ തുടര്‍ന്നുപോകുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുള്ള തകരാറുകള്‍ എന്തൊക്കെയാണ്?- പരീക്ഷ, വിജയം ഇവയല്ലാതെ?

    കിരണ്‍ പറഞ്ഞ മോഡറേഷന്‍ വഴി ജയിച്ചവരും 210 കിട്ടിയവരും അതിനുശേഷം എന്ത് ചെയ്തു?/ചെയ്യുന്നു? ഇനി പുതിയ സമ്പ്രദായം വഴി ആ വിഭാഗം കൂടി നല്ല രീതിയില്‍ പാസ്സായാല്‍ എന്ത് ചെയ്യും അവര്‍?

    പണ്ടത്തെ മോഡറേഷന്‍ കാരും 210 കാരും ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായം വഴി നല്ല രീതിയില്‍ പഠിച്ച് പാസ്സായാല്‍ അതാവുമോ നല്ലത്? നിലവിലുള്ള വിദ്യാഭ്യാസ രീതിതന്നെ കൂടുതല്‍ കുട്ടികള്‍ക്ക് ആസ്വദിച്ച് പഠിക്കത്തക്ക രീതിയിലാക്കിയാല്‍ അതാവുമോ പുതിയ വിദ്യാഭ്യാസ രീതിയെക്കാള്‍ നല്ലത്?

    കുറച്ച് കുട്ടികളെ പാസ്സാവുന്നുള്ളൂ, മോഡറേഷന്‍ കൊടുക്കേണ്ടി വരുന്നു, അഖിലേന്ത്യാ പരീക്ഷകളില്‍ കുട്ടികള്‍ പിന്നോക്കം പോകുന്നു ഇവ മാറ്റി നിര്‍ത്തിയാലും കൊള്ളരുതാത്തതും എന്തുവന്നാലും മാറ്റേണ്ടതുമാണോ നിലവിലുള്ള വിദ്യാഭ്യാസ രീതി? അത് അതേ രീതിയില്‍ തുടര്‍ന്നുകൊണ്ട് മേല്‍‌പറഞ്ഞ പോരായ്മകള്‍ മാറ്റുക എന്നത് അസാധ്യമാണോ?

    വെള്ളെഴുത്ത്, മാരീചന്‍, സബോളയണ്ണന്‍ ഇവര്‍ മൂന്നുപേരും കൂടി എല്ലാം കണ്‍ഫ്യൂഷനാക്കി :)

    എന്തായാലും മാറ്റം വന്നേ മാറ്റം വന്നേ മാറ്റം വന്നേ എന്ന ഗാനമാലപിച്ചുകൊണ്ട് മാറ്റത്തെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നതും ചിലപ്പോള്‍ കുഴപ്പമാവും. ചില മാറ്റങ്ങള്‍ മറുനാടുകള്‍ പരീക്ഷിച്ച് കുളമാക്കിയതിനുശേഷം ഇങ്ങോട്ട് തട്ടുന്നതുമാവാം. സ്വല്പമൊന്ന് ആലോചിക്കുന്നത് നല്ലതാണ്. എന്തായാലും ഷോര്‍ട്ട് ടേമിലും ലോങ് ടേമിലും നാടിന് ഗുണം ചെയ്യുന്ന എന്ത് കാര്യത്തിനും എന്റെ പിന്തുണ. അത് ഏതൊക്കെയാണെന്ന കണ്‍ഫ്യൂഷന്‍ മാത്രം

    ReplyDelete
  7. വെള്ളെഴുത്തിനോട് യോജിക്കുന്നു. വളരെയധികം സൂക്ഷിച്ചൂം ശ്രദ്ധിച്ചും ദീര്‍ഘവീക്ഷണത്തോടെയും ഇടപെടേണ്ട മേഖലയാണ് പൊതുവിദ്യാഭ്യാസ രംഗം. അതിന് പറ്റുന്നില്ലെങ്കില്‍ ഇടപെടാതിരിക്കുക എന്ന രീതി പോലും ചിലപ്പോള്‍ മെച്ചമാവും. ഇടപെടുകയാണെങ്കില്‍ അത് അങ്ങേയറ്റത്തെ ശ്രദ്ധയോടെയാവണം. ഒരു ധൃതിയും വേണ്ട. വേണ്ടത്ര ചര്‍ച്ചകള്‍ നടത്തി പരമാവധി സുതാര്യമായിത്തന്നെ വേണം. ഒന്നോ രണ്ടോ തലമുറയെ അപ്പാടെ ബാധിക്കുന്ന കാര്യമാണ്.

    പിന്നെ ഒരു അന്ധവിശ്വാസിയായതുകൊണ്ട് എന്തൊക്കെ എങ്ങിനെയൊക്കെ ചെയ്താലും സംഭവാമി യുഗേ യുഗേ, സത്യമേവ ജയതേ എന്നീ സിനിമകളാണ് എനിക്ക് മനസമാധാനം തരുന്നത് :)

    ReplyDelete
  8. പോസ്റ്റ്‌ സിലബസിനെക്കുറിച്ചാണെങ്കിലും ഇവിടെ വന്ന ചില കമന്റുകളുടെ വെളിച്ചത്തില്‍ ചിലതു പറയട്ടെ...
    DPEP നല്ലതെന്നു തന്നെയാണ്‌ ഞാനും തുടക്കത്തില്‍ കരുതിയിരുന്നത്‌. പ്രാദേശികവും ഉപയോഗയുക്തവുമായ അറിവുകള്‍ക്കാണ്‌ DPEPയില്‍ പ്രാധാന്യം കൊടുക്കുന്നത്‌. അങ്ങനെ കര്‍മ്മശേഷിയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നു. ഈ കര്‍മ്മശേഷി ആര്‌ ഉപയോഗപ്പെടുത്തും എന്നൊരു ചോദ്യം പുറകെ വരുന്നു. നമ്മുടെ നാട്ടില്‍ എല്ലാതലങ്ങളിലും വ്യാപകമാകുവാന്‍ പോകുന്ന ബഹുരാഷ്ട്രകുത്തകകള്‍ തന്നെ. അപ്പോള്‍ അവര്‍ക്കുവേണ്ടി ഇംഗ്ലീഷ്‌ അറിയാവുന്ന, പ്രായോഗിക വിവരമുള്ള തൊഴില്‍പടയെ ഉണ്ടാക്കുന്ന ഒരു വിദ്യാഭ്യാസം. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണെന്നു പറഞ്ഞ്‌ ഭാഷാപഠനത്തെ ഒതുക്കുന്നതും, അടിസ്ഥാനഗണിതവും, അടിസ്ഥാനശാസ്ത്രവും പ്രാധാന്യം കിട്ടാതെ പോകുന്നതും തിരിച്ചറിയപ്പെടണം. ഭാഷ ചിന്തയുടെ വാഹനമാണ്‌. ശാസ്ത്രവും ഗണിതവും അറിവിന്റെ(വിവരത്തിന്റെയല്ല) അടിസ്ഥാനമാകണം. ഇതു നിഷേധിക്കുമ്പോള്‍ വിജ്ഞാനപരമായി വന്ധ്യംകരിക്കുകയാണ്‌ കുട്ടികളെ.
    കിരണ്‍,
    പഴയ വിദ്യാഭ്യാസരീതിയ്ക്കും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നു വെച്ച്‌ ആ തകരാറുകള്‍ മാത്രം എടുത്തു കാണിച്ച്‌ DPEPയെ ന്യായീകരിക്കുമ്പോള്‍ താങ്കളുടെ ഉള്ളിലെ പ്രതിലോമകത പുറത്തുവരുന്നുണ്ട്‌. പോസ്റ്റാഫീസില്‍ പോകാനും റ്റ്രെയിന്‍ ടിക്കറ്റ്‌ ബുക്കു ചെയ്യാനുമൊന്നും സ്കൂളില്‍ പഠിപ്പിക്കേണ്ടതില്ല. വിലപിടിച്ച മറ്റു പല പഠനങ്ങള്‍ക്കും വേണ്ട സമയമാണ്‌ ഇതു പോലുള്ള നിസ്സാര കാര്യങ്ങള്‍ക്കായി DPEPയില്‍ ചെലവാക്കുന്നത്‌.

    കാട്ടിലെ തടി, തേവരുടെ ആന..അല്ലേ കിരണ്‍

    ReplyDelete
  9. പ്രിയ വെള്ളെഴുത്ത്
    ഈ പോസ്റ്റില്‍ ഒരല്പം കണ്‍ഫ്യൂഷനിലാണോ ?

    തുടക്കം വായിച്ചപ്പോള്‍ താങ്കള്‍ ഈ പാഠ്യപദ്ധതി പരിഷ്ക്കാരങ്ങളെ അനുകൂലിക്കുന്നതായാണ് തോന്നിയത്. എന്തായാലും തുടക്കത്തില്‍ താങ്കള്‍ ഉദ്ധരിച്ചത് മുഴുവന്‍ ഔദ്യോഗിക (സര്‍ക്കാര്‍‍) രേഖകളില്‍ നിന്നാണോ? അതാവാം ഈ തോന്നലിന് കാരണം. എന്തായാലും താങ്കളുടെ പിന്നീടുള്ള വാദങ്ങളെ സര്‍ക്കാര്‍ രേഖ ഖണ്ഡിക്കുന്നു എന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുന്നത്.

    ആ രേഖയിലൊന്നും താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന അത്രയും ഭീകരമായ സാഹിത്യ-സാംസ്ക്കാരിക വിരോധം കാണാനായില്ല. എന്നു മാത്രമല്ല, ഈ ലിങ്കില്‍ പേജ് 55 ല്‍ “കേവലമായ ആശയവിനിമയോപാധി എന്നതിനപ്പുറം ഭാഷ ഒരു ജനതയുടെ സാമൂഹികവും സാംസ്ക്കാരികവുമായ ജീവിതത്തിന്റെ പ്രതിഫലനം തന്നെയാണ് . മനുഷ്യന്‍ സ്വന്തം വികാര വിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതും സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ നടത്തുന്നതും കലാസൃഷ്ടികള്‍ ആസ്വദിക്കുന്നതും ഭാഷ ഉപയോഗപ്പെടുത്തിയാണ്. സാമൂഹിക ജീവിതത്തിന്റെ ഇഴകള്‍ നെയ്യുന്നതിനും ലോകത്തെ അറിയുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഭാഷ വേണം.” എന്നാണ് പറയുന്നത്.

    എന്തായാലും ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്ന താങ്കളുടെ പ്രസ്താവന അല്പം കടന്നു പോയില്ലേ എന്നൊരു തോന്നല്‍. അതു പോലെ തന്നെയാണ് മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥ വരും എന്നതും. മുകളില്‍കൊടുത്തിരിക്കുന്ന ലിങ്കില്‍ സാമൂഹ്യപഠനവും ശാസ്ത്രപഠനവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നു കൊടുത്തിട്ടുള്ളത് വായിക്കാനഭ്യര്‍ത്ഥിക്കുന്നു. (ഓടിച്ചു വായിച്ചതേ ഉള്ളൂ) ഈ പറഞ്ഞതിനര്‍ത്ഥം സര്‍ക്കാര്‍ രേഖയില്‍ പറഞ്ഞിട്ടുള്ളതെല്ലാം 100% ശരിയാണെന്നോ ഒന്നുമല്ല കേട്ടോ..ചര്‍ച്ചകളും അഭിപ്രായ സ്വരൂപീകരണവും ആവശ്യം തന്നെ.

    എന്തായാലും നന്ദിയുണ്ട് താങ്കളോട്, കാലികമായ ഒരു വിഷയം ശ്രദ്ധയില്‍ കൊണ്ടു വന്നതിന്.

    ReplyDelete
  10. റോബീ
    പുതിയത് തെറ്റാണ് പരാജയമാണ് എന്നൊക്കെപ്പറയുമ്പോള്‍ അതിനൊരു മാനദ്ണ്ഡം വേണമല്ലോ. പഴയത് മികച്ചത് പുതിയത് മോശം എന്ന താരതമ്യത്തില്‍ നിന്നാണ് ഇത് വന്നത്. അതുകൊണ്ട് തന്നെ എന്തായിരുന്നു പഴയത് എന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കാരണം പഴയ സിലബസില്‍ 25% ക്രിമില്‍പ്പെട്ട ഒരു മലയാളം മീഡിയം വിദ്യാര്‍ത്ഥിയായതിനാലും പഴയതും പുതിയതും പഠിപ്പിക്കുന്ന ഒരു അധ്യാപികയൌടെ മകനാകയാലും പഴയതും പുതിയതും ആയ പരീക്ഷ പേപ്പറുകളും മറ്റും നേരിട്ട് കാണുന്നതിനാലും അഭിപ്രയം പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഇന്നത്തെ സര്‍ക്കാര്‍ വിദ്യാലയങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അനുയോജ്യം പുതിയ രീതിയാണ് എന്ന് ഞാന്‍ പറയും കാരണം ഭൂരിഭാഗം ക്രീമും പ്രൈവറ്റ് വിദ്യാലയങളിലേക്കും ഇങ്ലിഷ് മീഡിയത്തിലേക്ക് മാറിയ പുതിയ സാഹചര്യത്തില്‍ പഴയ 210 കാരന്‍് അത്യാവശ്യം വിദ്യാഭ്യാസമെങ്കിലും ലഭിച്ചോട്ടേ എന്നാണ് എന്റെ അഭിപ്രയ്മ്. പിന്നെ പോസ്റ്റോഫിസില്‍ പോകാനും ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ പഠിച്ചു എന്നതുകൊണ്ട് എന്ത് പ്രശ്നമാണ് എന്ന് മനസ്സിലാകുന്നില്ല. അത് പോലും അറിയാത്തവനായി 210 മാര്‍ക്ക് മോഡറേഷനില്‍ കിട്ടി 10 കടന്നുകൂടുന്നതിലും ഭേദമല്ലെ എന്തെങ്കിലും ഒക്കെ പഠിച്ചു എന്നുള്ളതുകൊണ്ട് ലഭിക്കുന്ന്ത്.

    ReplyDelete
  11. ചര്‍ച തുടരട്ടെ. രക്ഷിതാക്കള്‍ മക്കളെ ഡോക്ടറോ എഞ്ചിനീയറോ മാത്രം ആയി ക്കാണാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നമ്മുടെ നാട്ടില്‍ ഏതു പാഠ്യപദ്ധതി വന്നിട്ടും കാര്യമില്ല.
    രാജസ്ഥാനില്‍ ബാബറിമസ്ജിത് തകര്‍ത്ത കാര്‍സേവകരുടെ പടം സ്കൂള്‍ ബുക്കില്‍ ചേര്‍ത്ത് അവരെ രാജ്യസ്നേഹികളാക്കി കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകളെ ക്കുറിച്ച് കഴിഞ്ഞയാഴ്ച എന്‍ഡിടിവിയില്‍ കണ്ടു. ആ സ്കൂളുകള്‍ക്ക് സര്‍കാര്‍ ഗ്രാന്റ് കൊടുത്ത് സഹായിക്കുന്നുവെന്നും കേട്ടു. കേരളത്തില്‍ ഒന്നുമില്ലെങ്കിലും ആ അവസ്ഥയില്ല എന്നാശ്വസിക്കാം.

    ReplyDelete
  12. സുഹൃത്തുക്കളേ,
    വിദ്യാഭ്യാസരംഗത്തെ മാറ്റത്തെപ്പറ്റി ധാരാളം ലേഖനങ്ങള്‍ മുഖ്യധാരാ പ്രസിദ്ധീകരനങ്ങളില്‍ തന്നെ ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അധികമാരും ചര്‍ച്ചചെയ്യാത്ത കാതലായ ഒരു പ്രശ്നമാണ് ഇവിടെ എഴുതിയത്. അതു ഇപ്പോള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്ന പാഠപുസ്തകപരിഷ്കരണത്തെപ്പറ്റിയുള്ളതാണ്‍. കെ ഇ ആറ് പരിഷ്കരണവും പാഠ്യപദ്ധതിച്ചട്ടക്കൂടും പുതിയ ബോധനമാര്‍ഗവുമെല്ലാം(pedagogy)പരസ്പരം ബന്ധമുള്ളതാണെങ്കിലും ഇവയെ പ്രത്യേകം പരിഗണിക്കണം വിശകലനത്തിന്. ഞാന്‍ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചത് പുതിയ പാഠപുസ്ത്കങ്ങള്‍ക്കു പിന്നിലെ താത്പര്യങ്ങളിലേയ്ക്കാണ്. വര്‍ക്കേഴ്സ് ഫോറം കൂട്ടുകാരാ, ‘കരടുരേഖ‘ പലചര്‍ച്ചകള്‍ക്കുശേഷവും കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എളുപ്പമല്ല. പിന്നെ വരാന്‍ പോകുന്ന കാര്യം താങ്കള്‍ക്ക് അറിയാം, ചില ബലതന്ത്രങ്ങള്‍ പയറ്റുമെന്നുള്ളതിനാല്‍ എയിഡഡ്, അണെയിഡഡ് മേഖലകളില്‍ മാറ്റം വലുതായിട്ടൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. മാറ്റം സര്‍ക്കാര്‍ സ്കൂളുകളിലായിരിക്കും വരിക. ഇപ്പോള്‍ തന്നെ ക്ലുസ്റ്ററുകളെയൊക്കെ അനെയിഡഡ് മേഖലാ സ്കൂളുകള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഒഴിവാക്കിയിട്ടുണ്ട്. താങ്കള്‍ക്കുള്ള സോഴ്സ് ഉപയോഗിച്ച് ഇപ്പോള്‍ പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ ഗ്രിഡോ മറ്റു കാര്യങ്ങളോ സംഘടിപ്പിച്ചാല്‍ ഒരു പക്ഷേ കാര്യം വ്യ്യക്തമായേക്കും.(പാഠ്യപദ്ധതിചട്ടക്കൂടല്ല)ഭാഷാപുസ്തകങ്ങളുടെ കാര്യം മനസിലാക്കാന്‍ അതെ വഴിയുള്ളൂ. ഇതു ഞാന്‍ കല്‍പ്പിച്ചു പറഞ്ഞതല്ല. അല്പം ശ്രമിച്ചാല്‍ പുതിയ ഭാഷാ പുസ്തകങ്ങളുടെ (രൂപപ്പെട്ടുക്കഴിഞ്ഞ)പ്രാഥമികഘടന എനിക്കു ഇവിടെ പ്രസിദ്ധീകരിക്കാന്‍ സാധിച്ചേക്കും. പക്ഷേ കൂടുതലറിവുള്ള മറ്റാരെങ്കിലും അതു ചെയ്യുമെന്നും ആഴത്തിലുള്ള വിശകലനങ്ങളുണ്ടാകും എന്നുമുള്ള പ്രതീക്ഷയിലാണു ഞാന്‍. കൂടുതല്‍ കാര്യങ്ങള്‍ താങ്കള്‍ തന്നെ എഴുതും എന്നു വിശ്വസിക്കുന്നു.
    പേരയ്ക്ക, എല്ലാവരും മെഡിസിന്‍, ആര്‍ക്കിടെക്ട് എന്നു പറഞ്ഞു തരിച്ചു നില്‍ക്കുന്ന ഒരു സമൂഹത്തെ മാറ്റാന്‍ വേണ്ടിയാണ് പുതിയ പാഠ്യപദ്ധതി ആസൂത്രണം ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. അതായത് നമ്മുടെ സോഷ്യല്‍ എഞ്ചിനീയറിംഗില്‍ വന്നുപെട്ട തെറ്റുകള്‍ തിരുത്താന്‍..അതാണീ പരിഷ്കരണത്തിന്റെ അടിയന്തിരസ്വഭാവത്തിന്റെ ഒരര്‍ത്ഥം!
    കിരണ്, ‍ വക്കാരി ഇത്തവണത്തെ പത്താംക്ലാസിലെ അദ്ഭുതകരമായ വിജയം പുതിയ പദ്ധതിയുടെ വിജയമൊന്നുമല്ല. അതു തീര്‍ത്തും തന്ത്രപരമാണ്. മോഡറേഷനില്ല, എന്നാല്‍ ആറുമാര്‍ക്ക് (സബ്‌ജക്ട് മിനിമം) ഒരു വിഷയത്തിനു വാങ്ങിച്ച ഏതു കുട്ടിയും ജയിച്ചു. മെന്റലി ചലഞ്ച്ഡ് ആയ കുട്ടികള്‍ വരെ. കണ്‍സ്ട്രക്ടീവ് മെതേഡില്‍ ഈ കുട്ടികള്‍ക്ക് ബഹുദൂരം പോകാനാവില്ല. നിര്‍മ്മാണക്ഷമത കുറവാണെന്നതു തന്നെ കാരണം.അവര്‍ക്ക് ഹയര്‍ സെക്കണ്ടറിയില്‍ എന്തു സംഭവിക്കുമെന്നാണ് ഇനി കാണേണ്ടത്. കാര്യങ്ങള്‍ ഇവിടെ കുഴഞ്ഞു മറിയുകയാണ്. എല്ലാ കുട്ടികള്‍ക്കും സമൂഹത്തില്‍ ജീവിക്കാനാവശ്യമായ വിദ്യാഭ്യാസം വേണ്ടതാണ്, എന്നാല്‍ എല്ലാവരെയും ജയിപ്പിക്കാന്‍ വേണ്ടിയുള്ള തലകുത്തി മറിയല്‍ അപകടം ക്ഷണിച്ചു വരുത്തും. കൂടുതല്‍ ആളുകള്‍ അന്വേഷിക്കട്ടെ കാര്യങ്ങള്‍..ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനിയുമുണ്ടെന്നറിയുന്നതും അറിവു തന്നെയാണല്ലൊ.

    ReplyDelete
  13. എനിക്ക്‌ ഒരഭിപ്രായം ഉണ്ട്‌.സ്ക്കൂള്‍ തലത്തില്‍ നിന്നും തന്നെ ലൈംഗിക വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കണം.ഇപ്പോഴത്തെ സമൂഹത്തിന്റെ തിന്മകളില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ അത്‌ അത്യാവശ്യമാണ്‌.

    ReplyDelete
  14. കിരണ്‍,
    താങ്കള്‍ പറഞ്ഞതില്‍ ശരിയുണ്ട്‌...DPEPയില്‍ പഠനനിലവാരത്തില്‍ ശരാശരിയില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ മെച്ചമുണ്ടാകും. പക്ഷേ സാമ്പത്തികമായി താഴേക്കിടയിലുള്ള, ബുദ്ധിമാന്മാരായ കുട്ടികളും ഇതു തന്നെ പഠിക്കേണ്ടി വരുന്നു. അത്‌ അവരുടെ സാധ്യതകളെ നശിപ്പിക്കുകയല്ലേ. ഭൂരിപക്ഷം കുട്ടികളും ഇംഗ്ലീഷ്‌ മീഡിയത്തില്‍ പോയി എന്നു പറഞ്ഞ്‌ ബാക്കിയുള്ളവര്‍ക്ക്‌ എന്തുമായിക്കോട്ടെ എന്നാണോ. എന്തുകൊണ്ട്‌ ഭൂരി പക്ഷവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും മാറിപ്പോയി എന്നു ചിന്തിക്കട്ടെ. 210കാരല്ല പണമില്ലാത്തതിന്റെ പേരില്‍ 210കാരാവേണ്ടിവരുന്നവരാണ്‌ എന്റെ ചിന്തയില്‍.
    തഴയപ്പെട്ടവര്‍ക്ക്‌ ആര്‍ക്കും വേണ്ടാത്ത ചരക്കെടുത്തു കൊടുക്കാം എന്ന അവസ്ഥ വിദ്യാഭ്യാസത്തില്‍ ശോഭനീയമല്ല.
    തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഇടതുപക്ഷം കൊണ്ടു വന്ന ഈ പരിഷ്കാരം കൊണ്ട്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇടതു പക്ഷത്തിനു ദോഷമേ വരൂ എന്നൊരു വിരോധാഭാസം കൂടിയുണ്ട്‌.

    ദീപു പറഞ്ഞതിനോടും യോജിക്കുന്നു.

    ReplyDelete
  15. yes, vellezhuthu. athe namukku otteRe web magazine undu. Thats y i posted this here, u can add more and more webmagazine as comments or as a special post. so that we can prepare a new post after a couple of weeks. or in other way, blog can be used to collect maximum information on a special topic. here it s web magazine thats all.
    puzha.com
    jayakeralam.com
    harithakam.com
    Unma
    Chintha
    ayanam
    thanal online
    indulekaha
    moonnamidam
    nilaav
    thiNa
    jyothis
    indian kavitha


    i think you can add more in this list.last but not the least, how many of these magazines are updating their work atleast once in a month. they had started it with a special interest, but after that .....no updating and editing. that needs a change and attention.

    ReplyDelete
  16. റോബി പറയുന്നു
    “210കാരല്ല പണമില്ലാത്തതിന്റെ പേരില്‍ 210കാരാവേണ്ടിവരുന്നവരാണ്‌ എന്റെ ചിന്തയില്‍. “

    ഇത് വ്യക്തമല്ല പഴയ വിദ്യാഭ്യാസ രീതിയനുസ്സരിച്ച് പണമുള്ളവനും ഇല്ലാത്തവനും ഒരേ വിദ്യഭ്യാസം തന്നെയാണ് ലഭിച്ചത്. എന്നാല്‍ സിലബസ് തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ടിരുന്ന ഒന്നായിരുന്നു അത്. അതിനാല്‍ത്തന്നെ കൂടുതല്‍ കഴിവുള്ളവര്‍ മാത്രം വിജയക്കുന്ന ഒന്നായിത്തീര്‍ന്നു അത്. 75% ആള്‍ക്കാര്‍ക്കും പിന്‍‌ചെല്ലാന്‍ പറ്റാത്ത ഒന്ന്. അപ്പോള്‍ അതില്‍ ഒരു മാറ്റം വേണമല്ലോ ആ അര്‍ത്ഥത്തില്‍ പുതിയ പദ്ധതി വിജയമാണ് എന്ന് പറയേണ്ടി വരും

    ഇനി പുതിയ പദ്ധതിയില്‍ പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പാവപ്പെട്ട് വീട്റ്റിലെ മിടുക്കന്മാരുടെ കാര്യം. പുതിയ പാഠ്യപദ്ധതിയുടെ പുസ്തകങ്ങളും വര്‍ക്ക് ബുക്കുകളുമൊക്കെ കാണാനും പരിശോധിക്കാനുമൊക്കെക്കഴിഞിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഒരു ബുദ്ധിമാനേ മണ്ടനാല്ക്കുനുള്ളതൊന്നും ആ ബുക്കുകളില്‍ ഇല്ല. പിന്നേ ട്യൂട്ടര്‍ ഓറിയന്റണ്ടായ മറ്റ് രീതിയില്‍ നിന്നും വ്യത്യസ്ഥമായി ലേണര്‍ ഓറിയന്റണ്ടായ ഈ സിസ്റ്റത്തില്‍ പഠിച്ചുവരുന്ന ഒരാള്‍ക്ക് നിഷ്‌പ്രയാസം പഠിക്കാനുള്ളതെ ഉന്നതെ വിദ്യാഭ്യാസ മേഖലയില്‍ ഉള്ളൂ എന്നാണ് എന്റ വിലയിരുത്തല്‍. കാരണം കട്ടികൂടിയ സിലബസ് പഠിച്ചാല്‍ മാത്രമേ ഉന്നത് വിദ്യാഭ്യാസം നേടാന്‍ കഴിയൂ എന്ന ചിന്ത അസ്ഥാനത്താണ്. അതിന് തെളിവായി എനിക്ക് പറയനുള്ളത് പഴ്യ സിസ്റ്റം അനുസ്സരിച്ച് 500 ഇല്‍ മാര്‍ക്ക് 10 ആം ക്ലാസില്‍ മേടിച്ച കുട്ടികള്‍പ്പോലും കോചിങ്ങ് ഇല്ലെങ്കില്‍ എണ്ട്രസ് ടെസ്റ്റ് കടക്കില്ല എന്നത് ഇവിടെ ഓര്‍ക്കുക. എന്നാല്‍ വളരെ ബുദ്ധിമാന്മാരായ വിദ്യാര്‍ത്ഥികള്‍ ഒരു കോചിങും ഇല്ലാതെയും ഇത് കടന്നു കൂടുന്നു. അപ്പോള്‍ എല്ലാം നിര്‍ണ്ണയിക്കുന്നത് താല്പര്യമാണ്. അതുണ്ടെങ്കില്‍ നേടാവുന്നതെ ഉള്ളൂ എല്ലാം. പിന്നെ പുതിയ വിദ്യാഭ്യാസ പദ്ധതി മണ്ടന്മാരെ സൃഷ്ടിക്കുന്ന ഒന്നാണ് എന്ന മുന്‍‌വിധിയോടെയാണ് സമീപിക്കുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല. എന്റ വിലയിരുത്തല്‍ അങ്ങനെ അല്ലാ എന്നേ ഞാന്‍ പറയൂ. അതിന് എനിക്ക് എന്റേതായ കാരണങ്ങള്‍ അനുഭവങ്ങള്‍ ഉണ്ട്. മലയാളം കോമ്പോസിഷന്‍ പോലും ബൈഹാര്‍ട്ട് പഠിച്ച് എഴുതിയിരുന്ന എനിക്ക് ഇന്ന് സ്വന്തം നിലയില്‍ അത് ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് അസൂയ ഉണ്ട്. എന്നേപ്പോലെ പരീക്ഷക്ക് വേണ്ടി തല്ലിപ്പഴുപ്പിക്കപ്പെട്ട ഒരു തലമുറയുടെ വീക്ഷണ കോണില്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ സ്വ്യം വിലയിരുത്തല്‍ നടത്തുന്ന വിദ്യാര്‍ത്ഥി അത്ഭുതമാണ്. ടീച്ചര്‍ എഴുതിത്തന്ന അലെങ്കില്‍ ഗൈഡില്‍ നിന്ന് പഠിച്ച ഉത്തരങ്ങള്‍ ശര്‍ദ്ദിക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായവ പത്രങ്ങളില്‍ കണ്ടപ്പോള്‍ ആഗ്രഹിച്ചുപ്പോയി ഈ രീതിയില്‍ പഠിക്കാന്‍.

    ReplyDelete
  17. അവസാനം സാറന്മരുടെ മാസപ്പടിയില്‍ ...എത്തി നിന്നു മറ്റേഏതും പോലെ

    ReplyDelete