November 21, 2007

പാടി നീട്ടാവുന്ന ലഘു

"രണ്ടു നേര്‍‌രേഖകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ദൂരമാണ് ശ്ലേഷം”

പ്രമോദിന്റെ കവിത ‘ലഘുവും’ അതിനു വായനക്കാരെഴുതിയ കമന്റുകളും ചേര്‍ന്ന് ഒരു വലക്കണ്ണി പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. കവിതയുടെ സന്ദേശം മനസിലാക്കി കവിയെ പ്രോത്സാഹിപ്പിക്കുക എന്ന നിരുപദ്രവകരമായ കാര്യം ചെയ്യുകയല്ല, വായനക്കാര്‍. (ഇവിടെ കമന്റുകള്‍) മറിച്ച് കവിതയുടെ അബോധത്തിലുള്ള ചില സംഗതികള്‍, വായനാസമൂഹത്തിന്റെ അബോധവുമായി ചേര്‍ന്ന് ചില നീക്കുപോക്കുകള്‍ നടത്തുകയാണ്. കവിതയില്‍ പ്രതിസ്ഥാനത്തുള്ള ‘ഗുരു’ ശിഷ്യനെ ശിക്ഷിച്ചതു കൊണ്ടു മാത്രമാണോ കുറ്റവാളിയാവുന്നത്? ‘എത്ര പാടി നീട്ടിയാലും ഗുരുവാക്കാന്‍ കഴിയാത്തത്ര ലഘുവാണ് അയാള്‍‘ എന്നു ശിഷ്യന്‍ പറയുന്നു. ആഖ്യാനസ്വഭാവമുള്ള ഈ കൊച്ചു കവിതയില്‍ അതിനുള്ള തെളിവൊന്നും കവി ഹാജരാക്കുന്നില്ലെങ്കില്‍ പോലും ശിഷ്യന്റെ അസ്വസ്ഥജനകമായ ചോദ്യം നമ്മെ സന്തോഷിപ്പിക്കുന്നത്, കവിതയുടെ അബോധത്തില്‍ മറ്റെന്തൊക്കെയോ പതിയിരിക്കുന്നതു കൊണ്ടാണ് . ‘ലഘു‘ ഗുരുവിന്റെ വിപരീതമാണ്. ഗുരുവിന്റെ വലിപ്പത്തിനു മുന്നില്‍ ശിഷ്യന്റെ ‘ചെറുപ്പം’. ഗൌരവത്തിനു മുന്നിലെ ലാഘവത്വം. അറിവ് ഗരിമയും അറിവില്ലായ്മ അണിമയും ആയതുകൊണ്ട് ലഘുവിന്റെ അര്‍ത്ഥം സാമ്പ്രദായിക രീതിയില്‍ ശിഷ്യനില്‍ ഉറയ്ക്കേണ്ടതാണ്. സാമാന്യബോധത്തിന്റെ ഈ കാഴ്ചയെ വട്ടംചുറ്റിപ്പിടിച്ച് കീഴ്‌മേല്‍ മറിച്ചുകൊണ്ടാണ് കവിതയുടെ നില്‍പ്പ്. പല തലത്തില്‍. ശിഷ്യനാണ് കവിതയിലെ ആഖ്യാതാവ്. അയാള്‍ ആകെ രണ്ടു വാക്യം മാത്രമാണ് ഉച്ചരിക്കുന്നത്. ആദ്യവാക്യത്തില്‍ അയാള്‍ തനിക്കു ലഭിച്ച, ഇനിയും തീരാതെ ഭാവിയിലേയ്ക്കു കൂടി നീളുന്ന ശിക്ഷകളെക്കുറിച്ചു പറയുന്നു. രണ്ടാം വാക്യത്തില്‍ അതിനുള്ള കാരണവും പറയുന്നു. ചെയ്ത കുറ്റം വളരെ ‘ലഘു‘വാണെന്ന് അയാള്‍ക്ക് ബോദ്ധ്യമുണ്ട്. ‘നിങ്ങളെയൊക്കെ എങ്ങനെ ചൊല്ലി നീട്ടിയാണ് ഗുരുവാക്കുക’ എന്ന് അയാള്‍ തന്റെ മാഷിനോട് ചോദിച്ചു. ബോധത്തില്‍ അയാളുടെ ഗുരു, ഒരു ലഘുവാണ്. അബോധത്തില്‍ എങ്ങനെ നീട്ടിയാലും ഗുരുവാകാത്തത്ര ലഘുവാണ് അയാളുടെ ഗുരു.

ശിഷ്യന്റെ ബോധവും അബോധവും ഉള്ളില്‍ തറച്ചതുകൊണ്ടാകണം ഗുരുവിന്റെ ശിക്ഷകള്‍ ഒന്നിനു പിറകേ ഒന്നായി നീളുന്നത്. ശിക്ഷയുടെ സഞ്ചാരം രസകരമാണ്. അതു വെറും ശാരീരിക പീഡനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അച്ഛനിലേയ്ക്ക് അതായത് ജനിതകത്തിലേയ്ക്ക് അതു നീളുന്നു. അച്ഛനെ കൊണ്ടു വരേണ്ടത് നാളെയായതു കൊണ്ട് അതു ഭാവിയിലേയ്ക്കും ചെല്ലുന്നു. ഒരു പക്ഷേ തന്റെ ‘ലഘു’വായ ഒരു ചോദ്യത്തിനുള്ള (തെറ്റിനുള്ള) ശിക്ഷ, കാലപരിധികളെ ലംഘിക്കുന്നു എന്നു കണ്ട ശിഷ്യന്റെ ഉത്കണ്ഠയാണ് ഈ കവിതയുടെ ഭാവാന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നതെന്നു വേണമെങ്കിലും പറയാം. കാരണം അയാളുടെ ഏറ്റു പറച്ചില്‍ വിനീതമാണ്. (...എന്നു മാത്രമല്ലേ ഞാന്‍ ചോദിച്ചുള്ളൂ..?) വൈകുന്നേരം വരെ ബഞ്ചിന്റെ മുകളില്‍ കയറി നിന്നിട്ടും അവസാനിക്കാത്ത ഗുരുവിന്റെ രോഷം തന്റെ പൈതൃകത്തിലേയ്ക്കു കൂടി നീളുന്നതു കണ്ടാണ് ഈ എറ്റുപറച്ചില്‍ അയാള്‍ ചെയ്യുന്നത് എന്നു കാണാം.

കവി പ്രകടമായും ഇവിടെ ആഖ്യാതാവായ ശിഷ്യന്റെ കൂടെയാണ്. ‘പാടി നീട്ടിയാല്‍ പോലും ഗുരുക്കളാവാന്‍ കഴിയാത്ത ലഘുക്കള്‍ ഗുരുക്കന്മാരായി’ വിലസുന്നുണ്ടെന്ന കവിയുടെ അബോധമാണ് ശിഷ്യന് ജന്മം നല്‍കിയത്. കവിയ്ക്കു പറയാനുള്ളതാണ് അയാളുടെ കഥാപാത്രം ചോദ്യമായി മുഴക്കിയത്. അയാളുടെ ഇച്ഛയാണ് ശിഷ്യനിലൂടെ പ്രവര്‍ത്തിച്ചത്. ആ നിലയ്ക്ക് ശിഷ്യന്റെ പൈതൃകമാണ് കവി കൈയാളുന്നത്. അയാള്‍ക്ക് ലഭിച്ച ശിക്ഷ സ്വാഭാവികമായും വന്നുചേരുന്നത് കവിയിലാണ്. നാളെ വിചാരണ ചെയ്യപ്പെടുക അയാളുടെ പൈതൃകമാണ്. ശിഷ്യന്‍ നാളെ വിളിച്ചു കൊണ്ടു വരേണ്ട അച്ഛന്‍ അയാളെ സൃഷ്ടിച്ച കവിയാണ്. സിംഹപ്രസവത്തിലെ കാടും കൂടും രണ്ടു ലോകമാണെന്നതു പോലെ ഇവിടെയും രണ്ടു ലോകങ്ങളുണ്ട്. ശിഷ്യന്റെ മാനസികലോകം കവിയുടെ സ്വന്തം മാനസിക ലോകമാണ് എന്നാല്‍ ശിക്ഷയുടെ ലോകം ചുറ്റും പ്രത്യേകതകളോടെ വര്‍ത്തിക്കുന്ന ബാഹ്യലോകവുമാണ്. അതയാളില്‍ നിന്ന് അന്യമായ ഒരു വിമത ലോകമാണ്. പുറം ലോകത്തില്‍ നിന്നകന്ന്, ആത്മസുഖങ്ങള്‍ നുണഞ്ഞ്, മറയത്ത് ഇരിക്കുന്നവനാണ് കവിയച്ഛന്‍. അയാളെ വിളിച്ചുകൊണ്ടു വരാനുള്ള കല്‍പ്പന വലിയ ശിക്ഷയാവുന്നത് അതുകൊണ്ടാണ്.

ഇതിനു മറ്റൊരു തലം കൂടിയുണ്ട്. പ്രതിനിധാന (representation) തത്ത്വം വച്ചു നോക്കിയാല്‍ കവി തന്നെയാണ് ശിഷ്യന്‍ എന്നും കാണാം. ശിഷ്യന്‍ ലഘുവിനെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നു. കവി സമക്ഷത്തു തന്റെ കവിതകള്‍ വയ്ക്കുന്നു. ഓരോ കവിതയും വഴങ്ങാത്ത എന്തിന്റെയോ പിന്നാലെയുള്ള പാച്ചിലാണ്. എറ്റുവാങ്ങാന്‍ ആളില്ലാതെ ബാക്കിയാവുന്ന ചോദ്യങ്ങളാണ്. ശിഷ്യന്റെ ചോദ്യത്തിലെന്ന പോലെ അതില്‍ മുന്നിലുള്ള ബൃഹത്തായ ലോകത്തോടുള്ള അവജ്ഞ നിഹിതമാണ്. അത് (കവിതയുടെ) പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നുണ്ട്. (എങ്ങനെ പാടിനീട്ടിയാലും ഗുരുത ലഭിക്കാത്ത....സാമൂഹിക പ്രതിബദ്ധതയില്ലാത്ത... അഴകിയ പദങ്ങളും അലങ്കാര കല്പനകളും തുന്നിപ്പിടിപ്പിച്ച...വൃത്തത്തിനൊപ്പിച്ചു കാലുമുറിച്ച..... അങ്ങനെ എത്രവേണമെങ്കിലും പാടി നീട്ടാവുന്ന പോരായ്മകളെ ) അതിനാല്‍ സാമ്പ്രദായിക ശീലങ്ങള്‍ മാത്രം ഉള്ളടക്കിയിട്ടുള്ള സമൂഹം അയാളെ ശിക്ഷിക്കും എന്ന് അയാള്‍ക്ക് നല്ല ഉറപ്പുണ്ട്. (‘കഥാകൃത്ത് കുരിശില്‍’എന്ന പോലെ താന്‍ ക്രൂശിക്കപ്പെടുന്നു എന്നത് തികച്ചും കാല്‍പ്പനികമായ സ്വപ്നമാണ്. കവിതയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന കാല്പനിക കവിമനസ്സാണ് അത്) അതിനെതിരെയുള്ള ഒരു പ്രാര്‍ത്ഥനയാണ് ലളിതഘടനയുള്ള ഈ കവിത. ഈ പ്രതിനിധാനമാണ് കവിതയുടെ അബോധത്തിന്റെ രണ്ടാമത്തെ തലം. കവിതയുടെ ലക്ഷണശാസ്ത്രത്തിലെ ഒരു വരിയെ ‘ഗുരുവിന്റെ’ ലക്ഷണയുക്തിയായി എടുത്തുപയോഗിച്ചതില്‍ തന്നെ മറ്റൊരു പ്രതിനിധാനവുമുണ്ട്.

സത്യത്തില്‍ കവി പ്രതിപക്ഷസ്ഥാനത്ത് ആരെയാണോ നിര്‍ത്തിയിട്ടുള്ളത്, അവരെ തന്റെ കൂടെ നിര്‍ത്താന്‍ ആ കാര്യം തന്നെ പറയുന്ന ഈ ചെറിയ കവിതകൊണ്ട് കവിയ്ക്കു കഴിഞ്ഞു എന്ന് വായനക്കാരുടെ പ്രതികരണങ്ങള്‍ വായിച്ചാല്‍ അറിയാം. അവരെല്ലാം ഒരേ സ്വരത്തില്‍ ശിഷ്യനു സ്തുതി പാടുകയാണ്. നിയമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ വലുതായ പങ്കു വഹിക്കുന്ന തങ്ങളുടെ സമൂഹമാണ് ഈ ലഘുവായ കവിതയില്‍ പ്രതിപക്ഷ സ്ഥാനത്തു നില്‍ക്കുന്നതെന്ന വീണ്ടു വിചാരം ആസ്വാദനത്തില്‍ നമുക്കു നഷ്ടപ്പെട്ടു പോകുന്നതെങ്ങനെ? ഇതിലൊരു വലിയ വൈരുദ്ധ്യമുണ്ട്. ശിഷ്യന്‍ നടത്തിയത് ഒരു നിഴല്‍ യുദ്ധമാണെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് അത്. ‘പാടി നീട്ടിയാലും ഗുരുവാകാത്ത ലഘു’ എന്ന് ഒരാള്‍ പറഞ്ഞത് മാത്രമേ നമുക്കറിയാവൂ. മാഷ് യഥാര്‍ത്ഥത്തില്‍ ലഘു തന്നെയാണോ എന്നു പരീക്ഷിച്ചറിയാന്‍ യാതൊരു തെളിവും കവിതയുടെ ആഖ്യാതാവ് നമുക്കു മുന്നിലിട്ടു തന്നിട്ടില്ല. പിന്നെ ഏതര്‍ത്ഥത്തിലാണ് നാം ശിഷ്യനെ പിന്താങ്ങുന്നത്? നാമോരുരുത്തരും ശിഷ്യനുമായി താദാത്മ്യം പ്രാപിക്കുകയും നമ്മുടെ ഉള്ളിലെ പിതൃരൂപങ്ങളെ ചോദ്യം ചെയ്യുകയുമാണെന്നു വരരുതോ? അതായത് നമ്മുടെ അബോധങ്ങളില്‍ ഗുരുത്വത്തോടെ എഴുന്നു നില്‍ക്കുന്ന രൂപങ്ങളെ “ലഘുവല്ലേ താങ്കള്‍ “എന്നു ചോദിച്ച് ചവിട്ടി താഴ്ത്തി ചാരിതാര്‍ത്ഥ്യമടയുകയാണ് നാം. അതാണു സത്യം. അങ്ങനെയാണ് കവിത പൂരിപ്പിക്കാതെയിട്ട ഇടം -മാഷന്മാര്‍ ലഘുക്കളാണെന്നതിന് തെളിവ്‌- നമ്മുടെ അബോധം കൊണ്ട് നികത്തിയെടുത്ത് നാം സന്തോഷിക്കുന്നത്.

കവിതയുടെ അബോധത്തില്‍ പരിഹരിക്കപ്പെടുന്ന ഈ അഭാവത്തിനു പുറമേ പരിഹരിക്കപ്പെടേണ്ട മറ്റൊരു അഭാവം കൂടി കവിതയിലുണ്ട്. മുന്നിലുള്ളത് ‘ലഘു’ക്കളാണെങ്കില്‍ യഥാര്‍ത്ഥ ഗുരുക്കന്മാര്‍ എവിടെ പോയി എന്നതാണ് അത്. ‘ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും’ എന്നുവച്ചാല്‍ ഓരോ സമൂഹത്തിലും ഒരു നാഥനെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നത് ചരിത്രപരമായ ഒരാവശ്യമാണ്. സാമൂഹികാവശ്യവുമാണ്. നാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യാസ്വാമി, വാഗ്ഭടാനന്ദന്‍, ശിവഗുരു, വൈകുണ്ഠസ്വാമികള്‍, അയ്യങ്കാളി, ഏ ആര്‍, കേസരി, ഗോവിന്ദന്, വിജയന്‍ മാഷ്, കെ പി അപ്പന്‍‍‍............മുന്നില്‍ വഴി വെട്ടുന്നവരില്ലെങ്കില്‍ ഓരോരുത്തരും സ്വയം വഴിവെട്ടാന്‍ തുടങ്ങും. അവനവനിസം. പുതു കവിതയുടെ രീതിയാണത്. ഉത്തരാധുനികതയുടെ ഒരു രീതി തന്നെ അങ്ങനെയാണെന്ന് നാം എവിടെല്ലാം വായിച്ചു. മാസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ലക്ഷണശാസ്ത്രങ്ങള്‍ തരിപ്പണമായിരിക്കുന്നു. അത് ഉരുവിട്ട് പഠിച്ച് ചവിട്ടി പതം വന്ന വഴിയിലൂടെ തന്നെ ചരിക്കാന്‍ ഇനി ആളെ കിട്ടില്ല. തന്നില്‍ പാരമ്പര്യത്തിന്റെ ആലഭാരങ്ങളില്ല എന്ന് പി. രാമന്‍ മുന്‍പൊരിക്കല്‍ പറഞ്ഞതിന്റെ പിന്നില്‍ അത്തരമൊരു ആഗ്രഹചിന്തയാണുള്ളത്. അതാര്‍ക്കും ആഗ്രഹിക്കാവുന്നതാണ്. അപ്പോള്‍ ഗുരുക്കന്മാരില്ല എന്നല്ല, ഉള്ള ഗുരുക്കന്മാരെ (അങ്ങനെ നടിക്കുന്നവരെ) താന്‍ ഗുരുക്കന്മാരായി അംഗീകരിക്കുന്നില്ല എന്നാണ് കവിയുടെ തന്റേടം. കാരണം അവര് എങ്ങനെ നീട്ടിയാലും ഗുരുക്കളാവില്ല. അങ്ങനെയാവില്ല എന്നുറപ്പിച്ചു പറയാന്‍ കഴിയുന്നത് ‘ഗുരു’ എന്താണെന്ന് ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടാവുമല്ലോ. ആ അറിവ് ശിഷ്യനുണ്ടെങ്കില്‍ അയാള്‍ തന്നെയാണ് ഗുരു. ആലോചിച്ചു നോക്കുക, കവി വിനീതനായി പറഞ്ഞു തുടങ്ങിയതില്‍ നിന്ന് നേരെ വ്യത്യസ്തമായി, താന്‍ ഗുരുവാണെന്നും തന്റെ മുന്നില്‍ ഗുരുവായി നടിക്കുന്നവന്‍ ലഘുവാണെന്നും ഉള്ള സത്യത്തിലാണ് കവിതയുടെ അബോധം ചെന്നു വിശ്രമിക്കുന്നത്. തമാശ തന്നെ, ശ്ലേഷത്തിന്റെ കളി. വാക്കുകളെ അവയുടെ അര്‍ത്ഥങ്ങളുമായി ഇങ്ങനെ കുത്തിമറിയാനും മറുകണ്ടം ചാടാനും ഒക്കെ അഴിച്ചു വിടുന്ന ഇമ്മാതിരിരചനകള്‍ എത്ര ‘ലഘു’വായാലും നമ്മെ വെറുതെയിരുത്തില്ല എന്നല്ലേ മൊത്തത്തില്‍ ഇതിന്റെയൊക്കെ അര്‍ത്ഥം?

13 comments:

  1. പ്രമോദിനിട്ട കമന്റ് ഇപ്പോഴാണ് പൂര്‍ണ്ണമായത്.

    ReplyDelete
  2. വളരെ നല്ല നിരീക്ഷണങ്ങള്‍.

    ReplyDelete
  3. ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ശരിയാക്കുമോ?

    എഴുതിയത്, മനസ്സിലായിടത്തോളം, നല്ല കാര്യങ്ങള്‍.

    ReplyDelete
  4. പ്രിയപ്പെട്ട വെള്ളെഴുത്തേ ഗുരുത്തപ്പെട്ട ഈ വിശകലനം തീര്‍ച്ചയായും കവിതയെ ലഘുവായിരിക്കുമ്പോഴും ഗുരുവായി മനസിലാക്കിക്കും.താങ്കളുടെ എഴുത്തിന്റെ കട്ടി ഒരല്‍പ്പം കൂടിപ്പോയി എന്നൊരു പരിഭവം ഉണ്ട്.
    കുറച്ചുകൂടി ലളിതമായി അവതരിപ്പിക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍.എന്തായാലും ഗ്രേയ്റ്റ് !

    (വായനക്കാര്‍ക്ക് : കവിതയുടെ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല ലിങ്ക് താഴെ കോടുക്കുന്നു കോപ്പി പേസ്റ്റ് ചെയ്താല്‍ മതിയാകും)

    http://pramaadam.blogspot.com/2007/12/blog-post.html

    ReplyDelete
  5. കവിതയെ കീറിമുറിക്കുന്ന ഇമ്മാതിരി മനുഷ്യന്മാരെ പേടിക്കണം.. :)
    ലഘു ഒട്ടും ലഘുവല്ലെന്ന് കാട്ടിത്തന്നതിന് നന്ദി.

    ReplyDelete
  6. ഗഹനമായ വായനയ്ക്കും കൃത്യതയാര്‍ന്ന എഴുത്തിനും അഭിനന്ദനങ്ങള്‍.

    വെള്ളെഴുത്ത് പറയുന്നത് ശരിയായിരിക്കണം. കവിതയും അതിനോടുള്ള പ്രതികരണങ്ങളും ഇഴചേര്‍ന്ന് പാഠങ്ങളുടെ ഒരു കോരുവല ഉരുവമാകുന്നുണ്ട്. കവിതയിലെ ആസൂത്രിത അഭാവങ്ങളിലേക്ക് ഉപബോധത്തിന് പ്രിയപ്പെട്ട ചില പ്രതിഷേധങ്ങളെ ചേര്‍ത്തുവെക്കുന്നതിന്റെ ആനന്ദമാവണം കവിതയിലെ പറച്ചിലിനോടുള്ള ഇഷ്ടമായി പ്രകടമാവുന്നത്. എനിക്ക് ഈ കവിത ഇഷ്ടപ്പെടാന്‍ എന്താവും കാരണമെന്ന് നിങ്ങളുടെ ലേഖനം വായിച്ചുകഴിഞ്ഞ് ആലോചിക്കുമ്പോള്‍ കിട്ടിയ ഉത്തരം ഇതു തന്നെ.

    അല്‍പ്പമൊന്ന് വേറെയായി ആലോചിക്കുമ്പോള്‍ മറ്റൊരു(?) വായനക്ക് കൂടി സാധ്യതയുണ്ടെന്നും തോന്നി. കവിതയുടെ പ്രമേയതലത്തില്‍ നിന്ന് വിട്ട് രൂപതലത്തില്‍ കാലം(tense)എങ്ങനെ പ്രയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് നോക്കുമ്പോഴാണത്.

    നൂറുവട്ടം ഏത്തമിട്ടതും [ഭൂതകാലം]
    വൈകുന്നേരം വരെ
    ബഞ്ചില്‍ക്കയറി നിന്നതും [ഭൂതകാലം]
    നുള്ളും അടിയും കൊണ്ടതും [ഭൂതകാലം]പോരാഞ്ഞ്

    നാളെ
    അച്ഛനെയും കൂട്ടി വരണമെന്നോ [ഭാവിയുടെ സൂചന- ഏതാണ്ട് ഉറപ്പായും സംഭവിക്കാന്‍ പോകുന്നത്]

    എന്റെ മാഷേ....
    എങ്ങനെ ചൊല്ലി നീ‍ട്ടിയാണ്
    നിങ്ങളെയൊക്കെ ഗുരുവാക്കുക [ഭാവിയിലെ ഒരു അസാധ്യതക്കുള്ള ന്യായം]
    എന്നു മാത്രമല്ലേ
    ഞാന്‍ ചോദിച്ചുള്ളൂ [പിന്നെയും ഭൂതകാലം]

    ഭാവിയിലെ ഒരു അസാധ്യതയെ (തെറ്റായോ ശരിയായോ)തുറന്നുപറയുന്നതിലൂടെ ഏറ്റുവാങ്ങപ്പെടുന്ന ഭാവിയുടെ ഒരു തീര്‍പ്പ് . ആ നിശ്ചിതത്വത്തോട് ഇരുതലമൂര്‍ച്ചയുള്ള വിനയം ഏറ്റുപറയുമ്പോള്‍ അതിനെ സന്തോഷത്തോടെ വായിക്കാന്‍ നിരാസത്തിന്റെ ഒരു അധോലോകം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.

    ReplyDelete
  7. അധികം വായനക്കാരുണ്ടാവില്ലെന്നറിയാമെങ്കിലും വായനയെ പുതിയ വഴിയിലേയ്ക്കു നയിക്കുന്ന കമന്റുകളുണ്ടാവും എന്നു വിചാരിച്ചു തന്നെയാണ് ഇതു പോസ്റ്റിയത്... സനാതനാ.. ശരിയായിരിക്കും.. ഡള്ളായ എഴുത്തായിരിക്കും.. അതങ്ങനെ വന്നു പോകുന്നതാ‍ണ്.. ്..ഇതേ ലിങ്ക് തന്നെയാണ് ഞാനും കൊടുത്തത്...സൂ .. അതു മാറ്റി പ്രമാദം.ബ്ലോഗ്‌സ്പോട്ട് എന്നാക്കാം.
    ലാപുടാ... ഇതിനു വേണ്ടിയായിരുന്നു ഇങ്ങനെയൊരു പോസ്റ്റ്.. കവിതയിലെ കാലം. അതിന്റെ ആദ്യഭാഗം വരെ എന്റെ ചിന്തയെത്തിയതാണ്..(ഒരു വരിയില്‍ അതു സൂചിപ്പിച്ചിട്ടുണ്ട്) രണ്ടാംഭാഗം -ചോദിച്ച ഒരു ചോദ്യത്തില്‍ ഭാവിയിലെ ഒരു സാദ്ധ്യതയാണുള്ളതെന്ന കാര്യം‌ - ആലോചിച്ചിരുന്നേയില്ല. ഇങ്ങനെയാണ് സംവാദങ്ങള്‍ ആസ്വാദനത്തിന്റെ മേഖലയെ വിപുലമാക്കുക.. സാധാരന കവിതയെഴുതുന്നവര്‍ ഒട്ടൊരു പുച്ഛത്തോടെയാണ് നിരൂപണത്തെക്കുറിച്ചു സംസാരിക്കുക. കവിതയിലെ അരിക്കണക്ക് എന്നു പറഞ്ഞ്.. അവര്‍ക്ക് വികാരമാണല്ലോ ജീവിതം. താങ്കള്‍ വ്യത്യസ്തവഴിയില്‍ നടക്കുന്നതില്‍ സന്തോഷമുണ്ട്. :)
    പെരിംഗ്, വല്യമ്മായി, വെയില് ....നന്ദി...

    ReplyDelete
  8. ഈ വായനക്ക് നന്ദി:)അവിടെ, കവിതക്കിട്ട ലഘുവായ ഒരു കമന്റുകണ്ടപ്പോള്‍ അതിങ്ങനെ ചൊല്ലി നീട്ടി ഗുരുവാക്കുമെന്ന് ഒട്ടും വിചാ‍രിച്ചതല്ല:)

    ReplyDelete
  9. വെള്ളെഴുത്തേ ഒരിക്കലും ഡള്‍ ആയ എഴുത്തെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.പാറപോലെ കട്ടിയുള്ള എഴുത്താണ് താങ്കളുടെത്.ആ പാറക്കനം എനിക്കിഷ്ടവുമാണ്.
    പക്ഷേ കവിതയെ കുനിച്ചു നിര്‍ത്തി കവിയുടെ കൂമ്പിനിട്ട് ഇടിക്കുന്നതരത്തിലുള്ള പൈങ്കിളി നിരൂപകന്മാര്‍ ഇറങ്ങിനടക്കുന്ന കാലമായതുകൊണ്ട് കഴമ്പുള്ള ഇത്തരം എഴുത്തുകള്‍ ആളുകള്‍ വായിക്കാതെ പോകുമോ എന്നൊരു പേടി മാത്രം.എന്തായാലും വീണ്ടും വീണ്ടും വീണ്ടും പറയുന്നു.ഇത് ഗ്രേയ്റ്റ്.‍

    ReplyDelete
  10. കവിതയെ കുറിച്ചൊ താങ്കളുടെ അഭിപ്രായത്തെ കുറിച്ചോ ഒന്നും പറയുന്നില്ല. പക്ഷേ, ഒരു കവിതയെ നന്നായി പഠിച്ച് എങ്ങിനെ ഒരു നല്ല നിരൂപണം എഴുതാം എന്നുള്ളതിന്റെ ഒരുത്തമ മാതൃകയാണ് ഈ പോസ്റ്റ്

    ReplyDelete
  11. ഗുരുവും ലഘുവും തിരിച്ചപ്പോള്‍ പുതിയ വൃത്തം രൂപപ്പെട്ടപോലെ.

    ReplyDelete
  12. ചിന്തിപ്പിച്ചുവെന്നു മാത്രം പറഞ്ഞാല്‍ മതിയല്ലോ.

    രണ്ടു കാര്യങ്ങള്‍.
    1. ശിക്ഷയുടെ മാനസിക ലോകം, അത് അന്യമായ വിമതലോകമാനെന്നതെങ്ങനെയാണ്? വിമതലോകങ്ങളെല്ലാം അന്യമാണെന്നാണോ? അങ്ങിനെ തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ എല്ലാ കവിതകളും പുറം ലോകത്തുനിന്നകന്ന് അന്യം നില്‍ക്കുന്നവയാണെന്നു പറയേണ്ടി വരില്ലേ?

    2. നീട്ടി വലിച്ച് ഗുരുവാക്കിയതിനോടു കുറഞ്ഞപക്ഷം ഈ കവിതയിലെങ്കിലും യോജിക്കുന്നു. എന്നിരുന്നാലും പൊതുവില്‍ (അവസാനത്തെ ഖണ്ടികയില്‍) ഗുരുക്കന്മാരെ അംഗീകരിക്കുന്നോ ഇല്ലയോ എന്നതല്ലല്ലോ പ്രശ്നം, അവര്‍ പറഞ്ഞതിനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നതല്ലേ. താങ്കള്‍ പറഞ്ഞതു പോലെ കവിതയിലേയും കുഴപ്പം ഇതു തന്നെയന്നാണു എന്നാണു തോന്നുന്നത്.

    ReplyDelete
  13. ശിക്ഷയുടെ മാന്‍സികലോകം എന്നു ഞാന്‍ പറഞ്ഞോ? പരസ്പരം കണ്ണാടി പിടിച്ചപോലെ, നലന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ വാദങ്ങള്‍ കുഴമറിയും എന്നു തോന്നുന്നു. ശിഷ്യന്‍ കവിയെ പ്രതിനിധീകരിക്കുന്നതെങ്ങനെ എന്നാണ് വിശദീകരിച്ചത്, അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ പറയുന്നത് എങ്ങനെയാണ് ഭീകരശിക്ഷയാവുന്നത്? സ്വന്തം ആന്തരിക ലോകത്തെ ആവിഷ്കരിച്ച് ആത്മരതി അനുഭവിച്ച് ദന്തഗോപുരവാസിയായി കഴിയുന്ന കവിയ്ക്ക്, (ഇത് സൌകര്യത്തിനു വേണ്ടിയെടുത്ത സങ്കല്‍പം മാത്രമാണ്) താന്‍ എന്താണെന്നതാണ് (അച്ഛന്‍!)നാളെ വെളിപ്പെടുത്തേണ്ടത്. കവികളെ അടയാളപ്പെടുത്താന്‍ പൊതുസമൂഹം ഉപയോഗിക്കുന്ന ടൂളുകള്‍ കഴിഞ്ഞുപോയ കാലത്തിന്റേതായിരിക്കും.അതറിയാവുന്നതു കൊണ്ട് തന്റെമാത്രമായ ലോകം, അതില്‍ നിന്ന് ഭിന്നമായ അച്ഛന്‍ വന്ന് സാക്ഷ്യം പറയേണ്ട, വിധിതീര്‍പ്പുകള്‍ പ്രവര്‍ത്തിക്കുന്ന പുറം ലോകം എന്ന് രണ്ടു ലോകങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നില്ലേ?
    ക്രിയാംശമല്ലേ ഗുരുക്കന്മാരെ നിശ്ചയിക്കുന്നത്? സാമൂഹിക സാഹചര്യങ്ങളില്‍ ‘ഗുരു ‘പ്രവണതയും മനോഭാവവുമൊക്കെയാവാം. എന്തായാലും അതിനൊരു കര്‍ത്തൃസ്ഥാനമുണ്ട്..പ്രതികരണങ്ങളും പ്രതിഷേധങ്ങളും (വിധേയത്വവും)അതിന്റെ മുന്നിലേ വയ്ക്കൂ..അല്ലാത്തതിനുദാഹരണം ആലോചിച്ചെടുക്കാന്‍ പറ്റുന്നില്ല.

    ReplyDelete